When Media Goes to War Anthony Dimaggio Aakar Books, 2012

1898- ലാണ്. സ്പാനിഷ് -അമേരിക്കന്‍ യുദ്ധം റിപ്പോര്‍ട്ടു ചെയ്യാന്‍ തന്റെ പത്രത്തിന്റെ ലേഖകരെ ക്യൂബയിലേക്കയച്ച ന്യൂയോര്‍ക്ക് മോര്‍ണിംഗ് ജേണലിന്റെ പത്രാധിപര്‍ വില്യം റാന്‍ഡോള്‍ഫ് ഹെര്‍സ്റ്റ്, പത്രത്തിന്റെ പ്രചാരം കൂട്ടാന്‍ മറ്റൊരു തന്ത്രം കൂടി ആലോചിച്ചു. യുദ്ധത്തിന്റെ ദൃശ്യങ്ങള്‍ ചിത്രത്തിലാക്കി പത്രത്തിനയക്കാന്‍ പ്രശസ്ത ചിത്രകാരനായ ഫ്രെഡറിക് റെമിംഗ്ടനെയും ക്യൂബയിലേക്കയച്ചു. ക്യൂബയിലെത്തിയ റെമിംഗ്ടണ്‍ ഹെര്‍സ്റ്റിന് ഇങ്ങനെ ഒരു ടെലഗ്രാമയച്ചു: 'Everything is quiet. There is no trouble here. There will be no war. I wish to return''- Remington. ഒട്ടും വൈകിയില്ല. പത്രാധിപരുടെ ടെലഗ്രാം ചിത്രകാരനെ തേടിയെത്തി. 'Please remain. You furnish the pictures and I will furnish the war''- W.R Hearst.  യുദ്ധവും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ എക്കാലത്തെയും രാഷ്ട്രീയമാണ് ലോക പ്രശസ്തനായ പത്രാധിപര്‍ ഹെര്‍സ്റ്റിന്റെ വാക്കുകള്‍ വെളിപ്പെടുത്തിയത്. മാധ്യമങ്ങള്‍ യുദ്ധം റിപ്പോര്‍ട്ടുചെയ്യുകയല്ല, സൃഷ്ടിക്കുക തന്നെയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി മാധ്യമങ്ങള്‍ ഈ രാഷ്ട്രീയം മാറ്റമില്ലാതെ തുടര്‍ന്നു പോരുന്നു. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ മാത്രമല്ല, അഞ്ചു ഭൂഖണ്ഡങ്ങളിലും നിന്നുള്ള ചെറുതും വലുതുമായ ആഭ്യന്തര യുദ്ധങ്ങള്‍ പോലും മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഒരോ യുദ്ധവും മാധ്യമങ്ങളുടെ പ്രചാരം കൂട്ടി. സാഹിത്യം മുതല്‍ കലകള്‍ വരെയും ചരിത്രം മുതല്‍ കായിക വിനോദങ്ങള്‍ വരെയും എന്തും ഏതും യുദ്ധങ്ങളെ അനുകരിച്ചോ യുദ്ധങ്ങള്‍ക്കു പകരമുള്ള ആഖ്യാനങ്ങളായോ മനുഷ്യന്‍ സൃഷ്ടിച്ചതാണെന്ന ഒരു നിരീക്ഷണം തന്നെയുണ്ട്. എങ്കിലും യുദ്ധം മാധ്യമങ്ങളുടെ സ്വന്തം ആഖ്യാനങ്ങളായി മാറുന്നത് ടെലിവിഷന്റെ വരവോടെയാണ്. വിപുലമായ ടെലിവിഷന്‍ കവറേജ് ലഭിച്ച ആദ്യയുദ്ധം വിയറ്റ്‌നാമിലേതായിരുന്നു (1957-75). 'First living room war' എന്ന് ചരിത്രകാരന്മാര്‍ വിയറ്റ്‌നാം യുദ്ധത്തെ വിളിച്ചതിനു കാരണമിതാണ്. ഫോട്ടോഗ്രഫി, സിനിമയ്ക്കു വഴിമാറിയതു പോലെയാണ് യുദ്ധത്തെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനു വഴിമാറിയെതന്നു ചൂണ്ടിക്കാണിക്കുന്നു, യുദ്ധവും ടെലിവിഷനും എന്ന പ്രഖ്യാത ഗ്രന്ഥമെഴുതിയ ബ്രൂസ് കമിംഗ്‌സ്. ടെലിവിഷന്റെ ചരിത്രത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ച മൂന്നു സംഭവങ്ങളുടെ ദശകം കൂടിയായിരുന്നു 1960കള്‍. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ 1960ലെ കെന്നഡി- നിക്‌സണ്‍ സംവാദമായിരുന്നു ഒന്ന്. ടെലിവിഷന്‍ ഒരു ജനതയെ വൈകാരികമായി ഒന്നിപ്പിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി ഇന്നും ചൂണ്ടിക്കാണിക്കപ്പെടുന്ന കെന്നഡിവധമായിരുന്നു രണ്ടാമത്തേത്. മുന്‍പൊരിക്കലുമില്ലാത്ത വിധം ഒരു ജനത തങ്ങളുടെ രാഷ്ട്രം നടത്തുന്ന യുദ്ധത്തിനെതിരെ തെരുവിലിറങ്ങാന്‍ കാരണമായ വിയറ്റ്‌നാം യുദ്ധത്തിന്റെ ടെലിവിഷന്‍ കവറേജായിരുന്നു മൂന്നാമത്തെ സംഭവം.യുദ്ധങ്ങളുടെ റിപ്പോര്‍ട്ടിംഗില്‍ മാത്രമല്ല, ആസൂത്രണം, തയ്യാറെടുപ്പ്, നീതീകരിക്കല്‍, നടപ്പാക്കല്‍, ജനപിന്തുണയുറപ്പാക്കല്‍ എന്നിങ്ങനെ ഒരോ കാര്യത്തിലും മാധ്യമങ്ങള്‍ വന്‍ സ്വാധീനം ചെലുത്തുന്ന രീതി നടപ്പാകുന്നത് 60കളിലാണ്- വിയറ്റ്‌നാം യുദ്ധത്തില്‍. വിജയം അടുത്തെത്തി എന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും വിയറ്റ്‌നാമില്‍ കൊല്ലപ്പെട്ടുകൊണ്ടേയിരുന്ന അമേരിക്കന്‍ സൈനികരുടെ മൃതദേഹങ്ങളും യുദ്ധത്തിനെതിരെ അമേരിക്കയില്‍ നടന്ന ജനകീയ പ്രതിഷേധങ്ങളും ടെലിവിഷനില്‍ നിറഞ്ഞുനിന്നു. നിയന്ത്രണമില്ലാത്ത മാധ്യമസ്വാതന്ത്ര്യമാണ്  ഈ യുദ്ധത്തില്‍ അമേരിക്കയെ പരാജയപ്പെടുത്തിയത് എന്നു കരുതുന്നവരുണ്ട്. പ്രസിഡന്റ് നിക്‌സണ്‍ തന്നെ പറഞ്ഞത്, അമേരിക്കയെ തോല്പിച്ചത് വിയറ്റ്‌നാമല്ല, അമേരിക്കന്‍ മാധ്യമങ്ങളാണ് എന്നായിരുന്നു. പക്ഷെ  സൈന്യത്തിന്റെ വിശ്വാസ്യത നഷ്ടമായിരുന്നുവെന്നും മാധ്യമങ്ങളോടും ജനങ്ങളോടും അവര്‍ നുണ പറഞ്ഞുവെന്നും മാധ്യമങ്ങള്‍ തിരിച്ചടിച്ചു. അതേസമയം വിയറ്റ്‌നാം യുദ്ധത്തിന്റ റിപ്പോര്‍ട്ടിംഗ് അമേരിക്കന്‍ മാധ്യമങ്ങളുടെ ഭരണകൂട വിധേയത്വം ഉറപ്പിച്ചെടുത്തുവെന്ന വാദവും നിലവിലുണ്ട്. ഭരണകൂടയുക്തികള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും  നാവു നല്‍കുക മാത്രമാണ് മാധ്യമങ്ങള്‍  ചെയ്തതെന്നും യുദ്ധത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും നടന്ന നിരവധിയായ പ്രതിഷേധങ്ങള്‍ അവ തമസ്‌കരിച്ചുവെന്നും ഹെര്‍മനും മക്‌ചെസ്‌നിയും ചൂണ്ടിക്കാണിക്കുന്നു. ആഗോളവല്‍ക്കരണകാലത്തെ ടെലിവിഷനും പത്രവുമുള്‍പ്പെടെയുളള മാധ്യമങ്ങളെ മുന്‍നിര്‍ത്തി, യുദ്ധങ്ങളുടെ നാനാതരം രാഷ്ട്രീയങ്ങള്‍ വിശകലനം ചെയ്യുന്ന ശ്രദ്ധേയമായ പഠനമാണ് ആന്തണി ഡിമാഗ്ഗിയോവിന്റെ 'When Media Goes to War' 1990-2008 കാലത്തെ മധ്യേഷ്യന്‍ യുദ്ധരാഷ്ട്രീയമാണ് ഗ്രന്ഥത്തിന്റെ പ്രധാന പശ്ചാത്തലമെങ്കിലും വിയറ്റ്‌നാം യുദ്ധം മുതല്‍ അഫ്ഗാന്‍ യുദ്ധം വരെയുളളവയില്‍ അമേരിക്കന്‍ ജനതയും ഭരണകൂടവും മാധ്യമങ്ങളും യുദ്ധമെന്ന വിഷയത്തോടെടുത്ത നാനാതരം സമീപനങ്ങളുടെ വിശകലനമായി മാറുന്നു,  ഈ പഠനം. സാമൂഹ്യപഠനം, രാഷ്ട്രീയപഠനം, നയതന്ത്രപഠനം, മാധ്യമപഠനം എന്നിങ്ങനെ വിവിധ വൈജ്ഞാനികമണ്ഡലങ്ങളെ കൂട്ടിയിണക്കുന്ന ഡിമാഗ്ഗിയോവിന്റെ സമീപനം അമേരിക്കയുടെ സാമ്രാജ്യത്ത താല്‍പര്യങ്ങള്‍ മുതല്‍ മധ്യേഷ്യന്‍ സാമ്പത്തിക ഘടന വരെയും യുദ്ധങ്ങളുടെ സാമൂഹ്യ മനഃശാസ്ത്രം മുതല്‍ മാധ്യമങ്ങളുടെ യുദ്ധക്കച്ചവടം വരെയുമുളള വിഷയങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുന്നു. അതുവഴി മാധ്യമപഠനത്തിന്റെ അക്കാദമികമായ സാധ്യതകള്‍ക്ക് ഒന്നാന്തരം ഒരു മാതൃക സൃഷ്ടിക്കുകയാണ് ഡിമാഗ്ഗിയോ.നോം ചോംസ്‌കിയും എഡ്വേര്‍ഡ്. എസ്. ഹെര്‍മനും ചേര്‍ന്നെഴുതിയ വിഖ്യാതമായ മാധ്യമപഠനത്തില്‍ നിന്നാണ് ഡിമാഗ്ഗിയോ തുടങ്ങുന്നത്. 'സമ്മതിനിര്‍മ്മാണം' (Manufacturing consent) എന്ന അവരുടെ സങ്കല്പനത്തിന്റെ അടിത്തറയായ 'പ്രചാരണ രാഷ്ട്രീയ' (Propaganda politics) ത്തെ അമേരിക്കന്‍ മാധ്യമങ്ങളുടെ യുദ്ധസമീപനങ്ങളില്‍ കണ്ടെത്തുകയാണ് ഈ പഠനം. ഒപ്പം അന്തോണിയോ ഗ്രാംഷി മുതല്‍ക്കുളള മാര്‍ക്‌സിസ്റ്റ് സാമൂഹ്യപഠിതാക്കളെയും റോബര്‍ട്ട് മക്‌ചെസ്‌നി ഉള്‍പ്പെടെയുളള നിരവധിയായ മാധ്യമപഠിതാക്കളെയും ഈ വിഷയത്തിന്റെ വിശകലനത്തിന് ഡിമാഗ്ഗിയോ ആശ്രയിക്കുകയും ചെയ്യുന്നു. പൊതുവില്‍ ടെലിവിഷന്‍ കേന്ദ്രീകരിച്ചു നടക്കുന്ന ആഗോളവല്‍ക്കരണ കാലത്തെ യുദ്ധപഠനങ്ങളില്‍ നിന്ന് ഈ കൃതിക്കുളള കാതലായ വ്യത്യാസം പത്രങ്ങളെക്കൂടി സവിസ്തരം അവതരിപ്പിക്കുന്നുവെന്നതാണ്.ഒന്‍പത് അധ്യായങ്ങളും ബറാക് ഒബാമയുടെ കാലത്തെ മാധ്യമരാഷ്ട്രീയത്തെക്കുറിച്ചുളള ഒരു പിന്‍കുറിപ്പുമുള്‍പ്പെടുന്നതാണ് ഗ്രന്ഥം. ധാരാളം സ്ഥിതിവിവരക്കണക്കുകളും പട്ടികകളും ഗ്രാഫുകളും കൊണ്ട് അസാധാരണമായ അക്കാദമിക സൂക്ഷ്മതയും മികവും കൈവന്നിട്ടുമുണ്ട് ഈ പഠനത്തിന്.ഒന്നാമധ്യായം ഇറാക്കില്‍ നിന്നുളള അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തെ രാഷ്ട്രീയമായി വിശകലനം ചെയ്യുന്നു. അമേരിക്കന്‍ പത്രങ്ങളായ ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവയും ബ്രിട്ടീഷ് പത്രങ്ങളായ ടൈംസ്, ഇന്‍ഡിപെന്‍ഡന്റ് എന്നിവയും എന്‍.ബി.സി, എ.ബി.സി, സി.ബി.എസ്, ബി.എന്‍.എന്‍. എന്നീ ചാനലുകളും മുന്‍നിര്‍ത്തിയാണ് ഡിമാഗ്ഗിയോ ഈ അപഗ്രഥനം നടത്തുന്നത്. അമേരിക്കന്‍ മാധ്യമങ്ങളെക്കാള്‍ വാര്‍ത്താ വൈവിധ്യവും സംവാദാത്മക നിലപാടുകളും സ്വതന്ത്ര സമീപനങ്ങളും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കുണ്ടെന്ന് ഈ വിശകലനം തെളിയിക്കുന്നു. അമേരിക്കന്‍ മാധ്യമങ്ങളിലെ ബഹുഭൂരിപക്ഷം യുദ്ധവാര്‍ത്തകളുടെയും ഉറവിടം ഭരണകൂടവും സൈനികവൃത്തങ്ങളുമാകുമ്പോള്‍ ഇന്‍ഡിപെന്‍ഡന്റ് ഉള്‍പ്പെടെയുളള പത്രങ്ങളുടെ നിലപാട് വ്യത്യസ്തമാണ്. അതിസൂക്ഷ്മമായ താരതമ്യപഠനങ്ങളിലൂടെ ഡിമാഗ്ഗിയോ മാധ്യമങ്ങളുടെ യുദ്ധരാഷ്ട്രീയം മറനീക്കിക്കാണിക്കുന്നു. സി.എന്‍.എന്‍. ചാനലിലെ യുദ്ധവാര്‍ത്തകളുടെ വിപുലമായ അപഗ്രഥനമാണ് ഈയധ്യായത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം.രണ്ടാമധ്യായം, അമേരിക്കന്‍ മാധ്യമങ്ങള്‍ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കു നല്‍കിയ പ്രതിനിധാനത്തിന്റെ വിശകലനമാണ്. ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുളള പത്രങ്ങളും ടൈം ഉള്‍പ്പെടെയുളള വാരികകളും സി.എന്‍.എന്‍. ഉള്‍പ്പെടെയുളള ചാനലുകളും മുന്‍നിര്‍ത്തി ഇറാക്ക് അധിനിവേശത്തിനെതിരെ അമേരിക്കയില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളെ മാധ്യമങ്ങള്‍ എങ്ങനെ തമസ്‌കരിച്ചുവെന്ന് ഈ പഠനം തെളിയിക്കുന്നു. മാധ്യമങ്ങളുടെ യുദ്ധരാഷ്ട്രീയത്തില്‍ ഏറ്റവും പ്രാധാന്യമുളള മേഖലകളിലൊന്നാണ് യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളുടെ തമസ്‌കരണം. യുദ്ധത്തിനനുകൂലമാണ് മുതലാളിത്ത മാധ്യമങ്ങള്‍ ഏതാണ്ടൊന്നടങ്കം എന്ന വസ്തുതയുടെ ഏറ്റവും വലിയ തെളിവാണ് ഈ സമീപനം.മൂന്നാമധ്യായം, യുദ്ധത്തിലും അമേരിക്കയുടെ വിദേശനയത്തിലും പ്രകടമാകുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ മറനീക്കുന്നു. ചരിത്രത്തിന്റെ ഇരകളെ സാമ്രാജ്യത്തിന്റെ വേട്ടക്കാര്‍ കാണാതെ പോകുന്നു. ഇറാക്കില്‍ നടന്ന കൂട്ടക്കുരുതികള്‍, എണ്ണക്കുവേണ്ടിയുളള ഗൂഢതന്ത്രങ്ങള്‍, മധ്യപൂര്‍വേഷ്യയിലെ മാധ്യമ ഇടപെടലുകളുടെ പരിമിതികള്‍, പിശാചവല്‍ക്കരിക്കപ്പെട്ട ഇസ്ലാമികലോകം എന്നിങ്ങനെ നിരവധി വിഷയങ്ങളിലേക്ക് ഈയധ്യായം വിരല്‍ ചൂണ്ടുന്നു.നാലാമധ്യായം ഇറാക്കും ഭീകരതക്കെതിരായ യുദ്ധ (War on Terror)വും തമ്മിലുളള ബന്ധം വിശദീകരിക്കുന്നു. മാധ്യമങ്ങളിലെ വാര്‍ത്താനിര്‍മ്മാണത്തിന്റെ സൂക്ഷ്മരാഷ്ട്രീയങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് അമേരിക്കന്‍-ബ്രിട്ടീഷ് മാധ്യമങ്ങള്‍ താരതമ്യം ചെയ്ത് അവയുടെ സമീപന വൈരുധ്യങ്ങള്‍ തുറന്നുകാണിക്കുന്നു ഈയധ്യായം. ഗാര്‍ഡിയന്‍, ഇന്‍ഡിപെന്‍ഡന്റ്, ന്യൂസ്റ്റേറ്റ്‌സ്മന്‍ എന്നീ പത്രങ്ങള്‍ മുന്‍നിര്‍ത്തിയാണ് അമേരിക്കന്‍ സാമ്രാജ്യത്ത-ഭരണകൂട-മുതലാളിത്ത താല്‍പര്യങ്ങളില്‍ നിന്നും ഭിന്നമായി തൂലിക ചലിപ്പിക്കുന്ന ബ്രിട്ടീഷ് മാധ്യമങ്ങളുടെ നയസമീപനങ്ങള്‍ ഡിമാഗ്ഗിയോ ചൂണ്ടിക്കാണിക്കുന്നത്.ഇറാനിലെ ആണവ പരിപാടികളെച്ചൊല്ലി രൂപംകൊണ്ട ആഗോളരാഷ്ട്രീയ മാധ്യമയുദ്ധമാണ് അഞ്ചാമധ്യായത്തിലെ ചര്‍ച്ചാവിഷയം. ആണവഭീതിയുടെ രാഷ്ട്രീയം സൃഷ്ടിച്ചുകൊണ്ട് ഇറാന്റെ മേല്‍ അമേരിക്ക ചെലുത്തിയ സമ്മര്‍ദ്ദതന്ത്രങ്ങളുടെ മാധ്യമരൂപങ്ങള്‍ തുറന്നുകാട്ടപ്പെടുന്നു, ഇവിടെ. നേരത്തേ സൂചിപ്പിച്ച പത്രങ്ങള്‍ക്കും വാരികകള്‍ക്കും പുറമെ ചിക്കാഗോ ട്രിബ്യൂണ്‍ ഉള്‍പ്പെടെയുളള അമേരിക്കന്‍ മാധ്യമങ്ങളും ഇക്കണോമിസ്റ്റ് ഉള്‍പ്പെടെയുളള ബ്രിട്ടീഷ് മാധ്യമങ്ങളും ചരിത്രം സൃഷ്ടിച്ച ഈ വിവാദത്തില്‍ പങ്കെടുത്തതിന്റെ രാഷ്ട്രീയം ഡിമാഗ്ഗിയോ വിശദീകരിക്കുന്നു.ആറാമധ്യായം, അമേരിക്കന്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കുവെളിയില്‍, ആഗോള മാധ്യമങ്ങള്‍ ഇറാക്ക് യുദ്ധത്തെക്കുറിച്ചു സൃഷ്ടിച്ച പ്രതീതികളും വ്യാഖ്യാനങ്ങളും വിശകലനം ചെയ്യുന്നു. ആഗോളവല്‍ക്കരണ കാലത്തെ നവ കൊളോണിയല്‍ മാധ്യമരാഷ്ട്രീയത്തിന്റെ ഒന്നാന്തരം മാതൃകകളിലൊന്നായി മാറുന്നു, ഈയധ്യായത്തിലെ ചര്‍ച്ച. പാശ്ചാത്യ-മുതലാളിത്ത ലോകക്രമം, ഇസ്ലാമിക, എണ്ണ രാഷ്ട്രങ്ങളോടു കൈക്കൊളളുന്ന പൊതുനയങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ സമീപനങ്ങളുടെയും അവയ്ക്ക് പാശ്ചാത്യ - ലിബറല്‍ മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയുടെയും അപഗ്രഥനമായി മാറുന്നു ഈയധ്യായം. പതിമൂന്നു രാഷ്ട്രങ്ങളില്‍ നിന്നുളള ഇംഗ്ലീഷ്, സ്പാനിഷ് പത്രങ്ങളുടെ അവലോകനം ഇവിടെയുണ്ട്.പൊതുജനാഭിപ്രായം (Public opinion) എന്ന സങ്കല്പനത്തിന്റെയും അത് മാധ്യമപഠനത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെയും ചര്‍ച്ചയിലൂടെ ഇറാക്ക് യുദ്ധത്തിന്റെ മാധ്യമരാഷ്ട്രീയത്തെയും യുദ്ധവിരുദ്ധതയുടെ തമസ്‌കരണത്തെയും സയുക്തികമായ പൊതുജനാഭിപ്രായത്തിന്റെ അഭാവത്തെയുമൊക്കെ തുറന്നുകാണിക്കുന്നു, ഏഴാമധ്യായം.പൊതുജനാഭിപ്രായവും പ്രചാരണ രാഷ്ട്രീയവും തമ്മിലുളള സംഘര്‍ഷം യുദ്ധവാര്‍ത്തകള്‍ മുന്‍നിര്‍ത്തി വിശകലനം ചെയ്യുന്ന എട്ടാമധ്യായം ഇതിന്റെ തുടര്‍ച്ചയായി കാണാം. ഇറാന്‍, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളുടെ നേര്‍ക്ക് അമേരിക്കന്‍ ഭരണകൂടവും മാധ്യമങ്ങളും കൈക്കൊണ്ട സമീപനങ്ങള്‍ സെപ്തംബര്‍ 11ന് മുന്‍പും പിന്‍പും എന്ന നിലയില്‍ രണ്ടായി വിഭജിച്ചു വിശദീകരിക്കാനുളള ശ്രമവുമുണ്ട്, ഈ ഭാഗത്ത്.യുദ്ധം മുന്‍നിര്‍ത്തി സമ്മതിനിര്‍മ്മാണത്തിലും പ്രചാരണരാഷ്ട്രീയത്തിലും അജണ്ടാസെറ്റിംഗിലുമൊക്കെ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിന്റെ ചരിത്രപരവും സൈദ്ധാന്തികവുമായ ചര്‍ച്ചയാണ് അവസാന അധ്യായം. ഗള്‍ഫ് യുദ്ധം മുന്‍നിര്‍ത്തിയെഴുതപ്പെട്ട അസംഖ്യം മാധ്യമപഠനങ്ങളുടെ രംഗത്ത് ഡിമാഗ്ഗിയോവിന്റെ ഗ്രന്ഥം വേറിട്ടുനില്‍ക്കുന്നത് ഈ ചരിത്രപരതയും സൈദ്ധാന്തിക ഭദ്രതയും കൊണ്ടുതന്നെയാണ്. ജനാധിപത്യരാജ്യങ്ങളില്‍ പോലും മാധ്യമങ്ങള്‍ ഭരണകൂടതാല്‍പര്യങ്ങള്‍ക്കൊപ്പം നിലകൊളളുന്നതിന്റെ ഭീതിദമായ വിശകലനമായി മാറുന്നു, അതുവഴി ഈ പഠനം.ഒബാമയുടെ കാലത്തും അമേരിക്കന്‍ ഭരണകൂടം കാതലായ മാറ്റമൊന്നും യുദ്ധരാഷ്ട്രീയത്തില്‍ വരുത്തിയില്ല; മാധ്യമങ്ങളും. റിപ്പബ്ലിക്കന്‍, ഡമോക്രാറ്റ് പാര്‍ട്ടികളില്‍ ഏത് അധികാരത്തില്‍ വന്നാലും അമേരിക്കയുടെ വിദേശനയവും സാമ്പത്തിക നയവും മാധ്യമനയവുമൊക്കെ ഏതാണ്ടൊന്നു തന്നെയായിരിക്കും.ചുരുക്കത്തില്‍, ഒരു രാഷ്ട്രത്തിന്റെയും ജനതയുടെയും ഏറ്റവും കാതലായ രാഷ്ട്രീയ നയങ്ങളിലൊന്നിനോട് ആ രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ അതിസൂക്ഷ്മമായ അക്കാദമിക വിശകലനമെന്ന നിലയില്‍ ഡിമാഗ്ഗിയോവിന്റെ ഈ ഗ്രന്ഥം ശ്രദ്ധേയമായ ഒരു മാധ്യമപഠന മാതൃകയാണ് മുന്നോട്ടുവയ്ക്കുന്നത്.