Understanting Global Media: Terry Flew Palgrave, 2007

മൂന്നുതലങ്ങളില്‍ 'മാധ്യമം' എന്ന സങ്കല്പനത്തെ നിര്‍വചിച്ചു കൊണ്ടാണ് ടെറിഫ്‌ളൂ തന്റെ പഠനമാരംഭിക്കുന്നത്. ഒന്ന്, ആശയ - വാര്‍ത്താവിനിമയം സാധ്യമാകുന്ന സാങ്കേതിക സൗകര്യങ്ങള്‍ മുന്‍നിര്‍ത്തി. അച്ചുകൂടം മുതല്‍ ഉപഗ്രഹ ടെലിവിഷനും ഇന്റര്‍നെറ്റും വരെ. രണ്ട്, മാധ്യമ ഉളളടക്കങ്ങളുടെ നിര്‍മാണവും വിതരണവും നടക്കുന്ന സ്ഥാപനപരവും ഘടനാപരവുമായ തലങ്ങള്‍ മുന്‍നിര്‍ത്തി. മാധ്യമവ്യവസായമെന്ന പരികല്പനയാണ് ഇവിടെ സൂചിതം. മൂന്ന്, വായനക്കാരും പ്രേക്ഷകരുമായ മാധ്യമ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്ന വിവര, വിനോദ, പരസ്യ രൂപങ്ങള്‍. സാധാരണ രീതിയില്‍ 'മാധ്യമം' എന്നതുകൊണ്ടര്‍ഥമാക്കുന്നത് ഈ മാധ്യമരൂപങ്ങളെയാണല്ലോ. ഇവയുടെ തന്നെ മറ്റൊരു ഭാഗമായി ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്ന മൂന്ന് മാധ്യമസാധ്യതകള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്. മാധ്യമ അധികാരം (Me-dia Power), മാധ്യമവിപണി (Media Market), മാധ്യമങ്ങളും സംസ്‌കാരവും (Media and Culture) എന്നിവ. ഇവയോടൊപ്പം രണ്ടു മേഖലകള്‍ കൂടി ചേര്‍ന്നാണ് ഈ ഗ്രന്ഥത്തിന്റെതന്നെ സ്വരൂപം ടെറിഫ്‌ളൂ നിര്‍ണ്ണയിക്കുന്നത്. മാധ്യമസ്ഥാപനങ്ങളും നയങ്ങളും (Media institutions and policy), നവമാധ്യമ സാങ്കേതികതകള്‍ (New Media technologies) എന്നിവയാണ് അവ. ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ മേല്പറഞ്ഞ അഞ്ചു മേഖലകളെക്കുറിച്ചു നടത്തുന്ന ശ്രദ്ധേയവും സൂക്ഷ്മവുമായ വിശകലനമാണ് ഈ ഗ്രന്ഥം. 'ആഗോളമാധ്യമം' എന്ന സങ്കല്പനത്തെ അതിന്റെ ചരിത്രപരവും സൈദ്ധാന്തികവുമായ ചട്ടക്കൂടില്‍ അപഗ്രഥിച്ചുകൊണ്ടാണ് ഒന്നാമധ്യായത്തില്‍ ഈ വിശകലനം ടെറിഫ്‌ളൂ നടത്തുന്നത്. വിമര്‍ശനാത്മക രാഷ്ട്രീയ സമ്പദ്ശാസ്ത്രം (Critical politi-cal economy), സാംസ്‌കാരികപഠനങ്ങള്‍ (Cultural Studies), സാംസ്‌കാരിക, സാമ്പത്തിക ഭൂമിശാസ്ത്രം (Cultural and economic geography), ആഗോളവല്‍ക്കരണ സിദ്ധാന്തങ്ങള്‍ (Strong globalization theories) തുടങ്ങിയ പഠനപദ്ധതികളെ പിന്‍പറ്റുന്ന നിരവധി തത്വങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് 'മാധ്യമങ്ങളുടെ ആഗോളവല്‍ക്കരണം' എന്ന വിഷയത്തെയും ആഗോളമാധ്യമത്തെക്കുറിച്ചുളള സിദ്ധാന്തങ്ങളെയും രണ്ടാമധ്യായത്തില്‍ ഈ ഗ്രന്ഥം സമീപിക്കുന്നത്. ഹെര്‍ബര്‍ട്ട് ഷില്ലര്‍, നോംചോംസ്‌കി, എഡ്വേര്‍ഡ് എസ്. ഹെര്‍മന്‍, പീറ്റര്‍ഗോള്‍ഡിംഗ്, ഗ്രഹാം മര്‍ദോക്ക്, ജയിംസ് കുറാന്‍, റോബര്‍ട്ട് മക്‌ചെസ്‌നി, നിക്കൊളാസ് ഗര്‍ണാം, റെയ്മണ്ട് വില്യംസ്, സ്റ്റുവര്‍ട്ട് ഹാള്‍, ജോണ്‍ ഫിസ്‌കെ, ഡേവിഡ് മോര്‍ലി, ഇയാന്‍ ആംഗ്, അര്‍ജുന്‍ അപ്പാദുരെ, ഡേവിഡ് ഹെസ്മുണ്ടള്‍ഫ്, ഡഗ്ലസ് കെല്‍നര്‍, ടോണി ബന്നറ്റ്, ആന്റണി ഡിമാഗിയോ, മാനുവല്‍ കാസ്റ്റലസ്, അന്തോണിയോ നെഗ്രി, സമീര്‍ അമിന്‍... എന്നിങ്ങനെ ആഗോളവല്‍ക്കരണത്തെയും മാധ്യമ സംസ്‌കാരത്തെയും ഭിന്ന സൈദ്ധാന്തിക പദ്ധതികളില്‍ വിശകലനം ചെയ്യുന്ന നിരവധി പഠിതാക്കളുടെ സങ്കല്പനങ്ങള്‍ ക്രോഡീകരിക്കുന്നു, ടെറിഫ്‌ളൂ.മൂന്നാമധ്യായം 'ആഗോളവല്‍ക്കരണവും ആഗോളമാധ്യമ കുത്തകകളും' എന്നതാണ്. ആഗോളവല്‍ക്കരണമെന്ന സങ്കല്പനത്തിന്റെ നാനാമണ്ഡലങ്ങളെയും അവയുടെ പൊതുസ്വഭാവങ്ങളെയും സമര്‍ഥമായി സംഗ്രഹിച്ചുകൊണ്ടും ആഗോളമാധ്യമ കുത്തകകളുടെ സമ്പദ്ശാസ്ത്രവും ഘടനയും സൂക്ഷ്മമായി വിവരിച്ചുകൊണ്ടും സാംസ്‌കാരിക സാമ്രാജ്യത്തം (Cultural Imperia-lsim) എന്ന നിലയില്‍ ഇവ സൃഷ്ടിക്കുന്ന മാധ്യമ - സാംസ്‌കാരിക പ്രഭാവങ്ങളെ ഈയധ്യായം വിശകലനം ചെയ്യുന്നു. 1990കള്‍ തൊട്ടുളള കാലത്ത്, മാറിയ സാങ്കേതിക - സാമ്പത്തിക - സാംസ്‌കാരിക സമീപനങ്ങളില്‍ ബഹുരാഷ്ട്ര മാധ്യമകുത്തകകള്‍ സൃഷ്ടിക്കുന്ന ആഗോളസംസ്‌കാരത്തിന്റെ വിശകലനം തന്നെയാണിത്. പത്രം, റേഡിയോ എന്നിവയെക്കാള്‍ ടെലിവിഷന്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ഉടമകളായ ആഗോളമാധ്യമ ഭീമന്മാരുടെ കാലംതന്നെയാണിത്. റൂപര്‍ട്ട് മര്‍ദോക്കിന്റെ ന്യൂസ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ സൂക്ഷ്മാവലോകനവും ഈ അധ്യായത്തിലുണ്ട്.'ആഗോളമാധ്യമം, ജ്ഞാനസമ്പദ്ഘടന, പുതിയ മത്സരങ്ങള്‍' എന്ന നാലാമധ്യായം, ഇരുപത്തൊന്നാം  നൂറ്റാണ്ടില്‍ ആഗോളമാധ്യമരംഗത്തു നടക്കുന്ന വിപണിമത്സരത്തിന്റെ പുതിയൊരു മുഖം അനാവരണം ചെയ്യുന്നു. വ്യവസായസമ്പദ്ഘടന (Industr-ial economy)യില്‍ നിന്ന് ജ്ഞാനസമ്പദ്ഘടന (Knowledge economy)യിലേക്കുളള മാറ്റമാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ സംഭവിച്ച പ്രവണതകളിലൊന്ന്. ഭൗതികസ്വത്തുക്കളെക്കാള്‍ ആശയസ്വത്തുക്കള്‍ക്കു പുതിയ സാമ്പത്തിക വ്യവസ്ഥയില്‍ പ്രാമുഖ്യം കൈവരുന്ന അവസ്ഥയാണ് ജ്ഞാനസമ്പദ്ഘടന. അറിവിന്റെ നിര്‍മാണത്തിലും വിതരണത്തിലും ഉപയോഗത്തിലുമുണ്ടായ വന്‍കുതിപ്പാണ് ഇതിനടിസ്ഥാനം. ശൃംഖലാസമൂഹം (network society) എന്ന മാനുവല്‍ കാസ്റ്റലസിന്റെ സങ്കല്പനം ഇവിടെ വിപുലമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പരമ്പരകളും റിയാലിറ്റിഷോകളും പോലുളള ടെലിവിഷന്‍ പരിപാടികളുള്‍പ്പെടെയുളളവ സൃഷ്ടിക്കുന്ന സാംസ്‌കാരിക സാമ്രാജ്യത്തത്തെക്കുറിച്ചുളള ചര്‍ച്ചയും ഇവിടെയുണ്ട്.അഞ്ചാമധ്യായം, 'ആഗോളമാധ്യമസംസ്‌കാരങ്ങള്‍' എന്നതാണ്. സംസ്‌കാരത്തെക്കുറിച്ചുളള റെയ്മണ്ട് വില്യംസിന്റെയും സ്റ്റുവര്‍ട്ട് ഹാളിന്റെയും ജോര്‍ജ് യുഡിസിന്റെയും  മറ്റും ധാരണകളെ പ്രമാണവല്‍ക്കരിച്ചുകൊണ്ടാണ് ടെറിഫ്‌ളൂ ഈയധ്യായത്തില്‍ ആഗോളമാധ്യമങ്ങളോട് അതിനെ ഇണക്കുന്നത്. മാധ്യമീകൃതം (Mediated) എന്ന സംസ്‌കാരത്തിന്റെ അടിസ്ഥാനസ്വഭാവത്തെ വിശദമായി ചര്‍ച്ചചെയ്യുന്നു ഈ അധ്യായം. ഡഗ്ലസ് കെല്‍നര്‍, ജീന്‍ ബോദിലാദ്, മാര്‍ക്ക് പോസ്റ്റര്‍, ജെ.ബി. തോംപ്‌സണ്‍, ഇയാന്‍ ആംഗ്, ജോണ്‍ തോംലിന്‍സണ്‍ എന്നിങ്ങനെ നിരവധിപേരെ ആശ്രയിക്കുന്നു ഇവിടെ ഗ്രന്ഥകാരന്‍. ദേശരാഷ്ട്രങ്ങള്‍ക്കു പ്രാമുഖ്യമുണ്ടായിരുന്ന ആധുനികതയില്‍ നിന്നു ഭിന്നമായി അതിര്‍ത്തി നിര്‍മാര്‍ജനം (deterritorialisation) മുഖ്യ അജണ്ടയായി മാറുകയും പൗരത്വം, സംസ്‌കാരം, സ്വത്വം തുടങ്ങിയവ പ്രശ്‌നവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. നാല് സമീപനങ്ങളില്‍ സംസ്‌കാരത്തെ പഠിക്കുന്നു, ഈ അധ്യായം. സജീവവും പങ്കുവയ്ക്കപ്പെടുന്നതുമായ അനുഭവങ്ങള്‍, മാധ്യമീകരിക്കപ്പെടുന്ന പ്രതീകാത്മക വിനിമയങ്ങള്‍, സ്രോതസ്, നയവ്യവഹാരം എന്നീ സമീപനങ്ങളില്‍.'പരമാധികാരത്തില്‍ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്: ആഗോളമാധ്യമകാലത്തെ ദേശീയമാധ്യമനയങ്ങള്‍' എന്ന ആറാമധ്യായം ആഗോളമാധ്യമകാലത്ത് ദേശീയസംസ്‌കാരത്തെ ആഗോളസംസ്‌കാരം മറികടക്കുന്നതെങ്ങനെ എന്നതാണ് ചര്‍ച്ചചെയ്യുന്നത്. അച്ചടി, ശ്രാവ്യ, ദൃശ്യ മാധ്യമങ്ങളില്‍ ദേശരാഷ്ട്രങ്ങള്‍ക്കുണ്ടായിരുന്ന നയപരവും ഭരണപരവുമായ അധികാരം അസ്തമിക്കുകയും ആഗോളവല്‍ക്കരണത്തിന്റെ സാമ്പത്തിക, വിപണി, ഭരണകൂട നയങ്ങള്‍ മാധ്യമങ്ങളുടെ രംഗത്ത് ദേശരാഷ്ട്രത്തിന്റെ മുഴുവന്‍ നിയന്ത്രണങ്ങളും അവതരിപ്പിക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. സാംസ്‌കാരിക നയങ്ങളെന്നത് സാമ്പത്തിക നയങ്ങള്‍ കൂടിയായി മാറുന്നു. അല്‍ - ജസീറ ടെലിവിഷന്‍ ഉദാഹരണമാക്കി, വന്‍കിട രാഷ്ട്രങ്ങളില്‍നിന്നു തന്നെയാവണമെന്നില്ല ആഗോളമാധ്യമങ്ങളുടെ വരവ് എന്ന നിരീക്ഷണം സമര്‍ഥിക്കുന്നു ഇവിടെ ഗ്രന്ഥകാരന്‍. മധ്യപൂര്‍വേഷ്യയില്‍നിന്ന് ജനാധിപത്യത്തിന്റെ താരസ്വരംപോലെ രൂപംകൊണ്ട ഈ മാധ്യമം സൗദി അറേബ്യയോടുളള ഖത്തര്‍ ഭരണാധികാരിയുടെ നയപരമായ അകലം മുതല്‍ സാമ്രാജ്യത്ത ടെലിവിഷന്റെ അധിനിവേശത്തോടുളള എതിര്‍പ്പുവരെ നിരവധി രാഷ്ട്രീയങ്ങളെ ഒരേസമയം സാക്ഷാത്കരിക്കുന്നു. 1997ല്‍ ദോഹയില്‍ നിന്നാരംഭിച്ച അറബിചാനലും 2006ല്‍ ആരംഭിച്ച ഇംഗ്ലീഷ്ചാനലും ആഗോളവല്‍ക്കരണ കാലത്ത് ലോകത്തുണ്ടായ ഏറ്റവും പ്രധാനപ്പെട്ട സാമ്രാജ്യത്തവിരുദ്ധ മാധ്യമവിപ്ലവമാണ്.ദീര്‍ഘമായ ഗ്രന്ഥസൂചിയും ആഗോളവല്‍ക്കരണകാലത്തെ മാധ്യമങ്ങളെക്കുറിച്ചുളള ചില പുനര്‍ചിന്തകളും ഈ പഠനത്തിലുണ്ട്. ക്രിസ് ബാര്‍ക്കര്‍ രചിച്ച 'ആഗോള ടെലിവിഷന്‍' എന്ന ഗ്രന്ഥം കഴിഞ്ഞാല്‍ ആഗോളമാധ്യമസംസ്‌കാരത്തെക്കുറിച്ചുണ്ടായ ശ്രദ്ധേയമായ ഒരുദ്യമം തന്നെയാണ് ടെറിഫ്‌ളൂവിന്റെ ഈ പഠനം.