Error message

News Culture: Stuart Allen - Open University Press

മാധ്യമപഠനരംഗത്തു താല്‍പര്യമുളള മലയാളി നേരിടുന്ന അടിസ്ഥാനപരമായ രണ്ടു വെല്ലുവിളികളുണ്ട്. ഒന്ന്, മാധ്യമപ്രവര്‍ത്തനത്തിന്റെ സാമാന്യമായ ചരിത്രവും സാങ്കേതികവശങ്ങളും മാത്രം വിശദീകരിച്ചും പഠിപ്പിച്ചും മുന്നേറുന്ന ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ കോഴ്‌സുകളാണ് ഇന്നും നമ്മുടെ അക്കാദമിക, മാധ്യമ പഠനസ്ഥാപനങ്ങളിലുളളത് എന്നതാണ്. ഏറ്റവുമൊടുവില്‍ നിലവില്‍വന്ന മലയാളസര്‍വകലാശാലയില്‍പോലും സ്ഥിതി ഭിന്നമല്ല. മാധ്യമങ്ങളെ കേന്ദ്രീകരിക്കുന്ന സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ അപഗ്രഥൃനവും മാധ്യമ മണ്ഡലങ്ങളുടെ സൈദ്ധാന്തിക ചര്‍ച്ചയും മാധ്യമരൂപങ്ങളുടെയും വ്യവഹാരങ്ങളുടെയും ചരിത്രപരിണാമങ്ങളുടെ വിശകലനവുമാണ് ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ മാധ്യമപഠനം. പക്ഷെ ഇത്തരമൊരു മേഖല മേല്പറഞ്ഞ സ്ഥാപനങ്ങള്‍ക്കും കോഴ്‌സുകള്‍ക്കും തീര്‍ത്തും അന്യമാണ്. അതുകൊണ്ടുതന്നെ മികച്ച മാധ്യമപ്രവര്‍ത്തകര്‍ എന്ന് ഇന്നും കരുതപ്പെടുന്നത് സാങ്കേതികമായി ചിട്ടയൊപ്പിച്ച് ദൈനംദിന മാധ്യമപ്രവര്‍ത്തനം നടത്തുന്നവരാണ്. ചുരുക്കം ചിലര്‍ തങ്ങളുടെ വ്യക്തിപരമായ താല്‍പര്യവും തൊഴില്‍പരമായ പ്രതിബദ്ധതയും മുന്‍നിര്‍ത്തി ഈ രംഗത്തുനിന്ന് മാധ്യമപഠനത്തിന്റെ മണ്ഡലത്തിലേക്കു കടന്നുപോകുന്നു എന്നുമാത്രം. അങ്ങനെയാണ് മലയാളത്തിലെ വിരലിലെണ്ണാവുന്ന മാധ്യമപ്രവര്‍ത്തകരില്‍നിന്ന് സൂക്ഷ്മവും നിശിതവുമായ മാധ്യമപഠനഗ്രന്ഥങ്ങളും ലേഖനങ്ങളും വിശകലനങ്ങളും ഇടയ്‌ക്കെങ്കിലും ലഭിക്കുന്നത്. ദൈനംദിന മാധ്യമപ്രവര്‍ത്തനത്തിലോ തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലോ ഇത്തരം ധാരണകള്‍ നടപ്പാക്കാന്‍ ഇവര്‍ക്കുപോലും കഴിയുന്നില്ല എന്നതാണ് വസ്തുത. ഇതിനെക്കാള്‍ പ്രധാനമാണ് കേരളത്തിലെ മാധ്യമ പഠനസ്ഥാപനങ്ങളിലെ അക്കാദമിക പണ്ഡിതര്‍ ഒന്നടങ്കം സാങ്കേതിക മാധ്യമപ്രവര്‍ത്തനത്തിന്റെ മാത്രം വക്താക്കളാണെന്നത്. മലയാളമാധ്യമപഠനരംഗത്ത് സക്രിയമായി ഇടപെടാന്‍ ഇന്നുവരെ ഇവര്‍ക്കു കഴിഞ്ഞിട്ടില്ല.മാധ്യമപഠനത്തില്‍ ശ്രദ്ധിക്കുന്ന മലയാളിക്കു മുന്നിലെ രണ്ടാമത്തെ വെല്ലുവിളി, മാധ്യമപഠനരംഗത്തെ അമേരിക്കന്‍ കുത്തകയാണ് - ഇംഗ്ലീഷ് കുത്തക എന്നു വേണമെങ്കിലും പറയാം. ഇന്ത്യന്‍ മാധ്യമരംഗത്തെക്കുറിച്ചുളള മികച്ച പഠനങ്ങള്‍ ഒന്നൊഴിയാതെ നമുക്കു ലഭ്യമാകുന്നത് ഇന്ത്യക്കു വെളിയില്‍ നിന്നുളള മാധ്യമപഠിതാക്കള്‍ ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്നവയാണ്. ബന്ധഭാഷയെന്ന നിലയില്‍ ഇംഗ്ലീഷിലൂടെയല്ലാതെ അറിവും ജ്ഞാനപദ്ധതികളും ഒരുരംഗത്തും മലയാളിയിലേക്കെത്തുന്നില്ല. ഭാഷാപരമായ ഈ കുത്തക മുന്‍പുതന്നെയുളളതാണ്. അതിലും പ്രധാനമാണ്, മാധ്യമരംഗത്തും മാധ്യമപഠനരംഗത്തുമുളള സാങ്കേതികവും സാംസ്‌കാരികവുമായ അമേരിക്കന്‍ കുത്തക.ആഗോളമാധ്യമസംസ്‌കാരത്തിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും അമേരിക്കയുടെ അജണ്ടകളാണ് ഏറ്റവും നിര്‍ണായകം. മാധ്യമരംഗത്തു നിലനില്‍ക്കുന്ന അമേരിക്കനൈസേഷന്‍ പോലെതന്നെ പ്രകടമാണ് മാധ്യമപഠനരംഗത്തെയും അമേരിക്കന്‍ സ്വാധീനം. ബ്രിട്ടനും ആസ്‌ട്രേലിയയുമൊഴിച്ചാല്‍ തെക്കെഅമേരിക്കന്‍, യൂറോപ്യന്‍, ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള മാധ്യമസംസ്‌കാരങ്ങളും പഠനങ്ങളും നമുക്കു പൊതുവില്‍ അന്യമാണ്. (സിനിമയുടെ രംഗത്ത്, മുന്‍പ് ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട്, ഹംഗറി, ചെക്കോസ്ലവാക്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുണ്ടായിരുന്ന സ്വാധീനം ഇപ്പോള്‍ അമേരിക്കയില്‍നിന്നു മാത്രമായതുപോലെ. ആകെയുളള അപവാദം കൊറിയയും ഇറാനുമാണല്ലോ). മാധ്യമങ്ങളുടെ സാങ്കേതികത, ചരിത്രം, മാധ്യമങ്ങള്‍ക്കുമേല്‍ കമ്യൂണിസം മുന്‍പു പുലര്‍ത്തിയിരുന്നതും മതം ഇന്നു പുലര്‍ത്തുന്നതുമായ ആധിപത്യം, അമേരിക്കന്‍ ഭരണകൂടത്തിന്റെ മാധ്യമ അജണ്ടകള്‍, ഉളളടക്കപരമായി ലോകമാധ്യമങ്ങളെ ഏതാണ്ടൊന്നടങ്കം അമേരിക്കന്‍ രീതികള്‍ കീഴടക്കുന്നത്, സാംസ്‌കാരിക സാമ്രാജ്യത്തവും അമേരിക്കന്‍ മാധ്യമങ്ങളും, ഇസ്ലാമിക, മാര്‍ക്‌സിസ്റ്റ്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുണ്ടാകുന്ന പ്രതിരോധങ്ങള്‍, അമേരിക്കയില്‍ തന്നെ രൂപംകൊളളുന്ന ബദല്‍ മാധ്യമസംസ്‌കാരം, ആഗോളമാധ്യമ കുത്തകകള്‍, അവയുടെ കോര്‍പ്പറേറ്റ് സംസ്‌കാരം, അവ ലോകമെങ്ങും നടപ്പാക്കുന്ന സാംസ്‌കാരിക രാഷ്ട്രീയത്തിനെതിരെയുളള വിമര്‍ശനങ്ങള്‍ എന്നിങ്ങനെ ഓരോ മണ്ഡലത്തെക്കുറിച്ചുമുളള പഠനങ്ങള്‍ ഉണ്ടാകുന്നതും അമേരിക്കയില്‍ തന്നെയാണ് എന്നതാണ് ഏറ്റവും കൗതുകകരമായ യാഥാര്‍ഥ്യം. എന്നുവച്ചാല്‍, മാധ്യമരംഗത്തെയും മാധ്യമപഠനരംഗത്തെയും അമേരിക്കനൈസേഷനും അതിന്റെ വിമര്‍ശനവും ഒരേപോലെ സാധ്യമാകുന്നത് അമേരിക്കയില്‍ നിന്നുതന്നെയാണ് എന്നര്‍ഥം. ആഗോളമാധ്യമ സംസ്‌കാരം മാത്രമല്ല, മാധ്യമപഠനസംസ്‌കാരവും അമേരിക്കനൈസ് ചെയ്യപ്പെട്ടതാണ് എന്നും പറയാം. കഴിഞ്ഞ പല ലക്കങ്ങളിലുമെന്ന പോലെ ഈ ലക്കത്തിലും 'വായന' പരിചയപ്പെടുത്തുന്ന മാധ്യമപഠനഗ്രന്ഥത്തിന്റെ സ്വരൂപവും സ്വഭാവവും മുന്‍നിര്‍ത്തി ഇത്രയും കാര്യങ്ങള്‍ പശ്ചാത്തലമായി പറഞ്ഞുവെന്നേയുളളു.സ്റ്റുവര്‍ട്ട് അലന്‍ 1999 ല്‍ എഴുതിയ 'ന്യൂസ്‌കള്‍ച്ചറിന്' 2004 ലുണ്ടായ പരിഷ്‌ക്കരിച്ച പതിപ്പ് നിരവധി ഭാഗങ്ങളും വസ്തുതകളും ചില അധ്യായങ്ങള്‍തന്നെയും പുതുതായി കൂട്ടിച്ചേര്‍ത്തതിലൂടെ ഏറെ കാലികത കൈവന്നിട്ടുണ്ട്. ഈ ഗ്രന്ഥത്തിലെ ഒന്‍പതധ്യായങ്ങളുടെ സൂക്ഷ്മവായന, ഒരു മാധ്യമരൂപമെന്നതിനപ്പുറത്ത് സ്വയം ഒരു സ്ഥാപനം തന്നെയായി മാറിയ 'വാര്‍ത്ത'യുടെ സമീപകാല സാംസ്‌കാരിക സാധ്യതകളും രാഷ്ട്രീയ ചരിത്രവും മനസ്സിലാക്കാന്‍ സഹായകമാണ്. മാധ്യമസ്ഥാപനങ്ങള്‍, പാഠരൂപങ്ങള്‍, പ്രയോഗങ്ങള്‍, ഉപഭോക്താക്കള്‍ എന്നീ നാലുതലങ്ങള്‍ കേന്ദ്രീകരിച്ച് മാധ്യമങ്ങളും സമൂഹവും തമ്മിലുളള ബന്ധങ്ങളെ പ്രശ്‌നവല്‍ക്കരിക്കുകയാണ് തന്റെ പഠനത്തിന്റെ ലക്ഷ്യം എന്ന് അലന്‍ ആമുഖമായി സൂചിപ്പിക്കുന്നുണ്ട്. ഇതിനായി മൂന്നു വഴികളിലുളള വിശകലനങ്ങളാണ് അലന്‍ നടത്തുന്നത്. ഒന്ന്, നയരൂപീകരണത്തിനുളള ഉപാധികളിലൊന്നായി വാര്‍ത്ത മാറുന്നതിന്റെ വിശകലനം. ഭരണകൂട നിയന്ത്രണങ്ങള്‍, മാധ്യമനിയമങ്ങള്‍ തുടങ്ങിയവയാണ് ഈ രംഗത്തെ പ്രമുഖ ഇടപെടല്‍ മേഖലകള്‍. രണ്ട്, ചരക്കുവല്‍ക്കരണത്തിനുളള ഒരുപാധിയായി വാര്‍ത്ത മാറുന്നതിന്റെ വിശകലനം. വിപണിയുടെ മേല്‍ക്കൈ നിശ്ചയിക്കുന്ന മാധ്യമ അജണ്ടകളാണ് ഇവിടെ മുഖ്യം. മൂന്ന്, വാര്‍ത്തയെ ബഹുജനാഭിപ്രായത്തിന്റെ ഉപാധിയായി കണ്ടുകൊണ്ടുളള വിശകലനം. പൊതുമണ്ഡലത്തില്‍ വാര്‍ത്ത സൃഷ്ടിക്കുന്ന മൗലിക സ്വാധീനങ്ങളും ജനാധിപത്യത്തിന്റെ ജീവനാഡിയെന്ന നിലയില്‍ അതിനുളള പ്രാധാന്യവും ഈ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നു. അച്ചടി, ശ്രാവ്യ, ദൃശ്യ, നവ മാധ്യമങ്ങളിലെ വാര്‍ത്താ സംസ്‌കാരങ്ങളെ സൂക്ഷ്മമായ ചരിത്രബോധത്തോടും നിശിതമായ രാഷ്ട്രീയബോധത്തോടും കൂടി സമീപിക്കുന്നു, അലന്‍. മാധ്യമപഠനം (Media Studies) സാംസ്‌കാരികപഠനമായി (Cultural Studies) മാറുന്നതിന്റെ മികച്ച മാതൃക.'വസ്തുനിഷ്ഠമായ' പത്രവാര്‍ത്തയുടെ ഉത്ഭവത്തെക്കുറിച്ചാണ് ഒന്നാമധ്യായം. ആശയവിനിമയത്തിന്റെ സംഘടിതചരിത്രമെന്ന നിലയില്‍ ബി. സി. 3500 നും മുന്‍പ് സുമേറിയന്മാര്‍ മണ്‍ഫലകങ്ങളിലാവിഷ്‌ക്കരിച്ച 'പിക്‌റ്റോഗ്രാഫുകള്‍' തൊട്ടാരംഭിച്ച് ഈജിപ്ത്, ചൈന, കൊറിയ എന്നിവിടങ്ങളിലൂടെ പതിനഞ്ചാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ഗുട്ടന്‍ബര്‍ഗിന്റെ അച്ചടിയിലെത്തുന്ന അതിദീര്‍ഘമായ ഒരു പൂര്‍വകാലവും പശ്ചാത്തലവും വാര്‍ത്തയ്ക്കും മാധ്യമങ്ങള്‍ക്കുമുണ്ട്. പൊതുജനാഭിപ്രായം (Public opinion) എന്നത് പ്രത്യയശാസ്ത്രം തന്നെയാക്കി ആധുനികപത്രപ്രവര്‍ത്തനം പതിനെട്ടാം നൂറ്റാണ്ടില്‍ നിലവില്‍ വന്നതുമുതല്‍ ഇരുപതാം നൂറ്റാണ്ടിലുടനീളം ഈ രംഗത്തുണ്ടായ മാറ്റങ്ങള്‍വരെ ചര്‍ച്ചചെയ്യുന്നു ഈയധ്യായം. പതിനെട്ടാം നൂറ്റാണ്ടിലെ മാധ്യമവിപ്ലവം പത്രമായിരുന്നുവെങ്കില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ അത് ടെലഗ്രാഫും വാര്‍ത്താ ഏജന്‍സികളുമായിരുന്നു. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടയിലാണ് ആധുനിക മാധ്യമ ചരിത്രത്തിന്റെ നാഴികക്കല്ലുകള്‍ പലതും നിലവില്‍ വന്നത്. വിപുലമായ അര്‍ഥത്തില്‍ പത്രങ്ങളും റേഡിയോ, ടെലിവിഷന്‍, ആനുകാലികങ്ങള്‍ എന്നിങ്ങനെ. അമേരിക്കയിലും യൂറോപ്പിലും 18, 19, 20 നൂറ്റാണ്ടുകളില്‍ മുഖ്യമായും പത്രങ്ങള്‍ സൃഷ്ടിച്ച വാര്‍ത്താരാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ വിശകലനവും ചരിത്രാവലോകനവും ഈയധ്യായത്തിലുണ്ട്. പത്രവ്യവസായം, വാര്‍ത്താമൂല്യങ്ങള്‍, രാഷ്ട്രീയ സ്വാധീനം, ജനകീയത, പൊതുമണ്ഡല രൂപീകരണം, ദേശീയത, യുദ്ധങ്ങള്‍ എന്നിങ്ങനെ നിരവധി രാഷ്ട്രീയ, സാംസ്‌കാരികാനുഭവങ്ങള്‍ക്ക് പത്രങ്ങളുമായുളള ബന്ധം അലന്‍ ചര്‍ച്ച ചെയ്യുന്നു. ഇവയില്‍ ഏറ്റവും പ്രമുഖമായിരുന്നു,  വസ്തുനിഷ്ഠവും ഉത്തരവാദിത്തവുമുളള നിഷ്പക്ഷ പത്രപ്രവര്‍ത്തനത്തിന്റെ വ്യവസ്ഥാപനം. ഫ്രാന്‍സിലും ജര്‍മ്മനിയിലും ഇംഗ്ലണ്ടിലും പിന്നീട് അമേരിക്കയിലും നിലവില്‍ വന്ന ഈ പത്രസംസ്‌കാരം വാര്‍ത്തയ്ക്കു സൃഷ്ടിച്ചുകൊടുത്ത ഉറച്ച അസ്തിവാരം അലന്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടാമധ്യായം, റേഡിയോ, ടെലിവിഷന്‍ വാര്‍ത്തകളുടെ ആദ്യകാല സ്വഭാവങ്ങള്‍ വിശകലനം ചെയ്യുന്നു. പത്രങ്ങളുമായി ഏറ്റുമുട്ടിത്തളര്‍ന്ന ഒരു കാലം ബി.ബി.സി.ക്കുണ്ടായിരുന്നു. 1922-26 കാലത്ത് പത്രവില്‍പ്പനയെ ബാധിക്കാതിരിക്കാന്‍ വൈകുന്നേരം ഏഴുമണിക്കുശേഷമേ ബി.ബി.സി.ക്ക് വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ അനുമതിയുണ്ടായിരുന്നുളളു. 1926ലെ പൊതുപണിമുടക്കില്‍ മിക്ക പത്രങ്ങളുടെയും പ്രസിദ്ധീകരണം നിലച്ചപ്പോഴാണ് സര്‍ക്കാര്‍ സമരം അടിച്ചമര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ മുഴുവന്‍ സമയത്തും വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ ബി.ബി.സി.യെ അനുവദിച്ചത്. രണ്ടാംലോകയുദ്ധം ബി.ബി.സി.യെ പാശ്ചാത്യലോകത്തിന്റെ ജിഹ്വതന്നെയാക്കി മാറ്റി. ബി.ബി.സി.യുടെ ചരിത്രം ദീര്‍ഘമായി വിവരിക്കുന്ന അലന്‍ അസാധാരണമായ വിശ്വാസ്യത കൈവരിച്ച ഒരു മാധ്യമത്തിന്റെയും വാര്‍ത്താവതാരകരുടെയും കഥകൂടിയാണ് പറഞ്ഞുപോകുന്നത്. അമേരിക്കയിലാകട്ടെ, 1932ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റൂസ്‌വെല്‍റ്റ് റേഡിയോയിലൂടെ അമേരിക്കക്കാരുടെ വീട്ടകങ്ങളിലെത്തി. പത്രങ്ങള്‍ റേഡിയോയെ ഭയപ്പെട്ടു തുടങ്ങി. അവര്‍ സംഘടിതരായി റേഡിയോക്കെതിരെ തിരിഞ്ഞു. ഈ മാധ്യമയുദ്ധം പക്ഷെ ഏറെനാള്‍ നീണ്ടുനിന്നില്ല. '32ല്‍ തന്നെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബ്രിട്ടനില്‍ ടെലിവിഷന്‍ സംപ്രേഷണമാരംഭിച്ചതും. ദൃശ്യങ്ങളില്ലാതെയാണെങ്കിലും 1938 ല്‍ ടെലിവിഷന്‍ അതിന്റെ ആദ്യ വാര്‍ത്താബുളളറ്റിന്‍ സംപ്രേഷണം ചെയ്തു. 54 ലാണ് പ്രതിദിനവാര്‍ത്ത ടെലിവിഷനില്‍ യാഥാര്‍ഥ്യമായത്. 'News reel' എന്നായിരുന്നു സിനിമയെ മാതൃകയാക്കി അന്ന് ടെലിവിഷന്‍ വാര്‍ത്തയെ വിളിച്ചിരുന്നത്. ബി.ബി.സി.ക്കു ബദലായി 1955 ല്‍ ഇന്‍ഡിപെന്‍ഡന്റ് ടെലിവിഷന്‍ ന്യൂസ് (ഐ.ടി.എന്‍) നിലവില്‍ വന്നതോടെ, ടെലിവിഷനും ടെലിവിഷന്‍ വാര്‍ത്തയും കൂടുതല്‍ ജനകീയമായി. 1950 കളില്‍തന്നെയാണ് അമേരിക്കയിലും ടെലിവിഷന്‍ ജനപ്രിയമാകുന്നത്. സി.ബി.എസ്. ചാനലിലെ എഡ്വേര്‍ഡ് എസ്. മറോയെപ്പോലുളള വാര്‍ത്താവതാരകര്‍ താരപദവി കൈവരിച്ചു. സാമൂഹ്യ വിഷയങ്ങളില്‍ പത്രങ്ങളെയും റേഡിയോയെയുംകാള്‍ ജനാധിപത്യപരമായ ബഹുജന അജണ്ടകള്‍ നടപ്പാക്കുന്നത് ടെലിവിഷനാണ് എന്ന ധാരണ 1960 കളില്‍തന്നെ ബലപ്പെട്ടു. ഇതോടെ ആ രണ്ടു മാധ്യമങ്ങളെയും പിന്തളളി ടെലിവിഷന്റെ ജനപ്രീതി കുത്തനെ ഉയരുകയും ചെയ്തു.വാര്‍ത്തയുടെ പ്രത്യയശാസ്ത്രവും ജനാധിപത്യ സമൂഹങ്ങളില്‍ വാര്‍ത്താമാധ്യമങ്ങള്‍ക്കുളള ഉത്തരവാദിത്തവുമന്വേഷിക്കുന്നു, മൂന്നാമധ്യായം. പൊതുമണ്ഡലത്തില്‍ വാര്‍ത്താമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന സംവാദങ്ങളുടെ രാഷ്ട്രീയമാണ് ഇവിടത്തെ മുഖ്യ അന്വേഷണ മേഖല. വാര്‍ത്താമാധ്യമരംഗത്ത് അഞ്ചു ഭൂഖണ്ഡങ്ങളിലുമുളള ബഹുരാഷ്ട്ര കുത്തകകളുടെ സാന്നിധ്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കാള്‍മാര്‍ക്‌സ് മുതല്‍ ചോംസ്‌കിയും ഹെര്‍മനും വരെയുളളവരുടെ മാധ്യമ നിരീക്ഷണങ്ങള്‍ സംഗ്രഹിക്കുന്ന അവലോകനം അലന്‍ നടത്തുന്നത്. തുടര്‍ന്ന് നിരവധിയായ സമീപകാല മാധ്യമപഠനങ്ങളുടെ പശ്ചാത്തലത്തില്‍, വാര്‍ത്താമാധ്യമങ്ങള്‍ സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകളുടെ ബലതന്ത്രങ്ങള്‍ വിശകലനം ചെയ്യുന്നു. ജെ.ഹാര്‍ട്ട്‌ലിയുടെ മാധ്യമമണ്ഡലം (Media sphere) എന്ന പരികല്പന ഈ ചര്‍ച്ചകള്‍ക്കടിത്തറയാക്കാനും അലന്‍ ശ്രദ്ധിക്കുന്നു.നാലാമധ്യായം, പത്രം, റേഡിയോ, ടെലിവിഷന്‍ എന്നീ മാധ്യമങ്ങളിലെ വാര്‍ത്തയെന്ന വ്യവഹാരത്തിന്റെ പാഠസ്വരൂപം വിശകലനം ചെയ്യുന്നു. ആധുനിക കാലത്തിന്റെ കഥപറച്ചിലുകാരാണ് മാധ്യമപ്രവര്‍ത്തകര്‍. വാര്‍ത്തയുടെ ഭാഷ, ശബ്ദ-ദൃശ്യ ചിഹ്നങ്ങള്‍, വേഗം,  പ്രാതിനിധ്യം, തുടര്‍ച്ച എന്നിങ്ങനെയുളള പാഠസ്വഭാവങ്ങളോരോന്നും യാഥാര്‍ഥ്യത്തിന്റെ ഭിന്നരീതിയിലുളള പുനഃസൃഷ്ടികളായി മാറുന്നതെങ്ങനെ എന്നാണ് ഇവിടെ അന്വേഷിക്കുന്നത്. മേല്‍ക്കോയ്മ/അധീശത്വം (hegemony) എന്ന ഗ്രാംഷിയന്‍ പരികല്പനയാണ് അലന്‍ ആധാരതത്വമാക്കുന്നത്. ആശയങ്ങളുടെയും സ്ഥാപനങ്ങളുടെ
യും ഭിന്ന രീതികളിലുളള അധീശത്വമാണ് പലപ്പോഴും വാര്‍ത്തയുടെ സ്വരൂപംതന്നെ നിര്‍ണയിക്കുക. വാര്‍ത്തയെ സവിശേഷഘടനയിലുളള ഒരു വ്യവഹാരമാക്കി മാറ്റുന്നത് നിരവധിയായ പ്രത്യയശാസ്ത്ര താല്‍പര്യങ്ങളാണ്. ‘Above all, the known facts of a situation must be translated into intelligible audio - visual signs, organised as a discourse’ എന്ന് സ്റ്റുവര്‍ട്ട് ഹാള്‍. പത്രം, റേഡിയോ, ടെലിവിഷന്‍ എന്നീ മൂന്നു വാര്‍ത്താമാധ്യമങ്ങളുടെയും സാങ്കേതിക, ഉളളടക്ക, ഗണ, വിനിമയ സ്വഭാവങ്ങളൊന്നടങ്കം മുന്‍നിര്‍ത്തി വാര്‍ത്തയെന്ന വ്യവഹാരത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നു, അലന്‍.വാര്‍ത്താമാധ്യമങ്ങളുടെ ഉപഭോക്താക്കളെയും ദൈനംദിന ജീവിതത്തെയും കുറിച്ചാണ് അടുത്ത അധ്യായം. വായനക്കാര്‍, ശ്രോതാക്കള്‍, പ്രേക്ഷകര്‍ എന്നിങ്ങനെ പരമ്പരാഗത, ആധുനിക മാധ്യമങ്ങളുടെ ഉപഭോക്താക്കളുടെ താരതമ്യേന ഉദാസീനമായ അവസ്ഥയല്ല നവമാധ്യമങ്ങളുടെ ഉപഭോക്താക്കളുടേത് എന്ന് നമുക്കറിയാം. എങ്കില്‍പോലും വാര്‍ത്താസമൂഹം എന്ന നിലയില്‍ അവരുടെ പ്രതികരണങ്ങളും വാര്‍ത്തക്ക് അവരുടെ ജീവിതത്തിലുളള സ്ഥാനവും മനസ്സിലാക്കുക എന്നത് മാധ്യമപഠനത്തില്‍ പ്രധാനമാണ്. സ്റ്റുവര്‍ട്ട്ഹാള്‍ അവതരിപ്പിച്ച സാങ്കേതന - വിസങ്കേതന (encoding-decoding) തത്വമാണ് ഇവിടെ അലന്‍ രീതിശാസ്ത്രമായി സ്വീകരിച്ചിരിക്കുന്നത്. ടാബ്ലോയ്ഡ് പത്രങ്ങള്‍, ഗൗരവമുളള പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍ വാര്‍ത്തകളുടെ ഡികോഡിംഗ് നടക്കുന്നതിന്റെ രാഷ്ട്രീയം, മൂന്നു ഘട്ടങ്ങളിലായി ഈ തത്വം വിവരിക്കുന്ന സ്റ്റുവര്‍ട്ട്ഹാളിന്റെ സമീപനം പിന്തുടര്‍ന്ന് അലന്‍ വിശദീകരിക്കുന്നു. ലണ്ടനിലുളള പഞ്ചാബി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രതികരണം മുന്‍നിര്‍ത്തി എം.ഗില്ലെപ്‌സി നടത്തുന്ന പഠനമുള്‍പ്പെടെയുളളവ അലന്‍ ഉദ്ധരിക്കുന്നു.തുടര്‍ന്നുളള രണ്ടാമധ്യായങ്ങള്‍ വാര്‍ത്താമാധ്യമങ്ങളിലും മാധ്യമവാര്‍ത്തകളിലും ഒരുപോലെ പ്രകടമാകുന്ന ലിംഗ, വംശ രാഷ്ട്രീയങ്ങളുടെ അപഗ്രഥനമാണ്. അച്ചടി, ശ്രാവ്യ, ദൃശ്യ മാധ്യമസ്ഥാപനങ്ങളിലെ സ്ത്രീസാന്നിധ്യം, അവിടങ്ങളില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം, സ്ത്രീമാധ്യമപ്രവര്‍ത്തകരോടുളള ലിംഗാധിഷ്ഠിത സമീപനം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നു ആറാമധ്യായം. ഒപ്പം വാര്‍ത്തകളിലെ സ്ത്രീവിരുദ്ധതയും സ്ത്രീയുടെ വസ്തു-ചരക്കുവല്‍ക്കരണവും. വാര്‍ത്ത പൊതുവില്‍ ഒരു പുരുഷാധിപത്യ മേഖലയാണെന്നും മാധ്യമസ്ഥാപനത്തിലെ ഉയര്‍ന്ന തസ്തികകളില്‍ പ്രായേണ സ്ത്രീകള്‍ അദൃശ്യരാണെന്നും തുല്യജോലിക്കാണെങ്കില്‍ പോലും അവര്‍ക്കു കുറഞ്ഞ വേതനമാണു ലഭിക്കുന്നതെന്നുമൊക്കെ 1980 കള്‍ തൊട്ടുളള പഠനങ്ങള്‍ തെളിയിക്കുന്നു. മികച്ച മാധ്യമപ്രവര്‍ത്തകരായാല്‍ മാത്രം പോരാ, 'യാഥാര്‍ഥ' സ്ത്രീയുമാകേണ്ടിയിരിക്കുന്നു അവര്‍ക്ക്. ഈ ഇരട്ട ഉത്തരവാദിത്തം സമൂഹം സ്ത്രീമാധ്യമപ്രവര്‍ത്തകരില്‍ നിന്നാവശ്യപ്പെടുന്നുവെന്ന് വാന്‍ സൂനന്‍ (Van Zoonan) ചൂണ്ടിക്കാണിക്കുന്നു.പാശ്ചാത്യ വാര്‍ത്താമാധ്യമങ്ങളിലെ വംശരാഷ്ട്രീയമാണ് ഏഴാമധ്യായത്തിലെ വിഷയം. സ്ത്രീ പ്രതിനിധാനങ്ങളെക്കുറിച്ചു പറഞ്ഞതുപോലെ, വംശപ്രാതിനിധ്യവും മാധ്യമസ്ഥാപനങ്ങളിലും വാര്‍ത്തയുടെ ഉളളടക്കത്തിലും ഒരുപോലെ പ്രധാനമാണ്. 'നമ്മളും അവരും' (us and them) എന്ന ദ്വന്ദ്വകര്‍തൃപദവി സൃഷ്ടിച്ചുകൊണ്ടാണ് പാശ്ചാത്യ വാര്‍ത്താമാധ്യമങ്ങള്‍ വാര്‍ത്തയിലും മാധ്യമങ്ങളിലും വംശീയ ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തുന്നതുതന്നെ. ഇന്ത്യയില്‍ മാധ്യമങ്ങളിലെ വരേണ്യ, അധീശ അജണ്ടയും സാന്നിധ്യവും ജാതി നിര്‍ണയിക്കുന്നതുപോലെയാണ് പാശ്ചാത്യലോകത്ത് വംശം സന്നിഹിതമാകുന്നത്. വാര്‍ത്താമാധ്യമങ്ങളിലെ പാഠരൂപങ്ങളില്‍ പ്രകടമാകുന്ന വംശീയതയുടെ പദകോശവും വ്യാകരണവും ചിഹ്നവ്യവസ്ഥയും സ്റ്റുവര്‍ട്ട്ഹാള്‍ ഉള്‍പ്പെടെയുളളവര്‍ ചര്‍ച്ചചെയ്യുന്നുണ്ട്. കറുത്തവരോടുളള വര്‍ണവെറിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കില്‍ ഗള്‍ഫ് യുദ്ധാനന്തരമാണ് ഇസ്ലാമോഫോബിയ പാശ്ചാത്യമാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു പിടിക്കുന്നത്. അല്‍-ജസീറയുടെ വാര്‍ത്താരാഷ്ട്രീയം മുന്‍നിര്‍ത്തി ഇസ്ലാമിക വിരുദ്ധതയുടെ മാനങ്ങള്‍ അലന്‍ ചര്‍ച്ചചെയ്യുന്നു.സെപ്തംബര്‍ 11 ഉം ഇറാഖ് യുദ്ധവും പശ്ചാത്തലമാക്കി നവമാധ്യമങ്ങളിലെ വാര്‍ത്താരാഷ്ട്രീയം വിശകലനം ചെയ്യുന്നു, അടുത്ത അധ്യായം. മാധ്യമങ്ങള്‍ ജനാധിപത്യ സാമൂഹ്യക്രമം നിലനിര്‍ത്തുന്നതിന്റെ ആധുനികാനന്തര ഘട്ടമെന്ന നിലയിലാണ് നവമാധ്യമങ്ങളിലെ ഇടപെടല്‍ സാധ്യതകള്‍ ചൂണ്ടിക്കാണിക്കപ്പെടാറുളളത്. പങ്കാളിത്ത ജനാധിപത്യമെന്ന നിലയിലേക്ക്, മുന്‍പൊരിക്കലുമില്ലാത്തവിധം മാധ്യമവാര്‍ത്തകളുടെ രാഷ്ട്രീയധര്‍മം മാറിവരുന്നു. മാനുവല്‍ കാസ്സല്‍സ് ശൃംഖലാസമൂഹം (network socie-ty) എന്നു വിളിച്ച കാലത്തിന്റെയും അവസ്ഥയുടെയും രാഷ്ട്രീയമാണിത്. വാര്‍ത്താമാധ്യമമെന്ന നിലയില്‍ പത്രം, റേഡിയോ, ടെലിവിഷന്‍ എന്നിവക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി ഇന്റര്‍നെറ്റ് നിലവില്‍ വന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളായാണ് അലന്‍ 9/11 ഉം ഇറാഖ് യുദ്ധവും മുന്നോട്ടുവയ്ക്കുന്നത്. 1995 ല്‍ തന്നെ ഓക്‌ലഹാമാ സ്‌ഫോടനപരമ്പര വാര്‍ത്താമാധ്യമമെന്ന നിലയില്‍ ഇന്റര്‍നെറ്റിനുളള അനന്തസാധ്യതകള്‍ വെളിപ്പെടുത്തിയിരുന്നു. മേല്പറഞ്ഞ മൂന്നു സന്ദര്‍ഭങ്ങളിലും വാര്‍ത്താനിര്‍മ്മിതിയിലെ പൗരസമൂഹ ഇടപെടല്‍ എന്ന നിലയിലും ടെലിവിഷനെക്കാള്‍ വേഗത്തിലും വൈവിധ്യത്തിലും വാര്‍ത്താപ്രചരണം നടക്കുന്നു എന്ന നിലയിലുമാണ് ഇന്റര്‍നെറ്റിന്റെ വാര്‍ത്താമാധ്യമ സ്വഭാവം ശ്രദ്ധേയമായത്. മുഖ്യധാരാമാധ്യമങ്ങളുടെ ഭരണകൂടവിധേയത്വം ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ നിഷ്പ്രയാസം മറികടന്നു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ പോള്‍ ആന്‍ഡ്രൂസ് പറഞ്ഞതുപോലെ, 'വളരെവേഗം അവ വ്യവസ്ഥാപിത മാധ്യമസ്ഥാപനങ്ങളെക്കാള്‍ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്തു'.ഈ ഗ്രന്ഥത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണ് അവസാന അധ്യായം 'Good Journalism is popu-lar Culture'. വാട്ടര്‍ഗേറ്റ് റിപ്പോര്‍ട്ടര്‍മാരിലൊരാളായ കാള്‍ ബേണ്‍സ്റ്റീന്‍ 'ദ ന്യൂറിപ്പബ്ലിക്' മാസികയിലെഴുതിയ 'ദ ഇഡിയറ്റ് കള്‍ച്ചര്‍' എന്ന ലേഖനം സമൃദ്ധമായുദ്ധരിച്ചുകൊണ്ടാണ് അലന്‍ ഈയധ്യായം രചിച്ചിട്ടുളളത്. മികച്ച മാധ്യമപ്രവര്‍ത്തനം എപ്പോഴും ജനപക്ഷത്തോടു ചേര്‍ന്ന് ജനപ്രിയമായി നിലനില്‍ക്കും. പക്ഷെ അത് ഇക്കിളിയും പരദൂഷണവും നിറച്ച അപവാദവ്യവസായമല്ല. സമീപകാലത്തായി പക്ഷെ വാര്‍ത്താമാധ്യമസംസ്‌കാരം അതിന്റെ എല്ലാനിലവാരവും തകര്‍ത്ത് ഓടസാഹിത്യം പോലെയായിരിക്കുന്നു. അലന്‍, ബേണ്‍സ്റ്റിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നു: “increasingly the America rendered today in the American media is illusionary and delusionary-dis figured, unreal, disconnected from the true context of our lives. In covering actually existing American life, the media - weekly, daily, hourly - break new ground in getting  it wrong. The coverage is distorted by celebrity and the worship of celebrity; by the reduction of news to gossip, which is the lowest form of news; by sensationalism, which is always a turning away from a society’s real condition; and by a political and social discourse that we - the pre-ss, the media, the politicians, and the people- are turning into a sewer”. ഈ വാക്കുകളിലെ വിമര്‍ശനസ്വരം, പത്രം, റേഡിയോ, ടെലിവിഷന്‍ മാധ്യമങ്ങളിലേക്കു വ്യാപിപ്പിക്കുകയാണ് അലന്‍. സെന്‍സേഷണലിസത്തിനുവേണ്ടി എന്തും എഴുതിനിറയ്ക്കുന്ന പത്രങ്ങളുടെയും 1976 ല്‍ പുറത്തുവന്ന, നാല് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ 'Network' എന്ന സിനിമയിലേതുപോലെ, റേറ്റിംഗിനായി ഏതറ്റംവരെയും പോകുന്ന ടെലിവിഷന്‍ ചാനലുകളുടെയും കാലമാണിത്. സെലിബ്രിറ്റികള്‍, ടാബ്ലോയ്‌ഡൈസേഷന്‍, ഇന്‍ഫൊട്ടെയ്ന്‍മെന്റ് എന്നീ സമവാക്യങ്ങളിലൂടെ ജനപ്രിയമാകാന്‍ ശ്രമിക്കുന്ന വാര്‍ത്താമാധ്യമസംസ്‌കാരത്തിന്റെ വര്‍ത്തമാനം അലന്‍ സമഗ്രമായവലോകനം ചെയ്യുന്നു. ഇതല്ല, ബേണ്‍സ്റ്റീന്‍ പറയുന്ന ജനപ്രിയത എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.അക്കാദമിക ഗവേഷണവും സൈദ്ധാന്തിക സങ്കല്പനങ്ങളും കൂട്ടിയിണക്കി, അച്ചടി, ശ്രവ്യ, ദൃശ്യ, നവമാധ്യമങ്ങളിലെ വാര്‍ത്താരാഷ്ട്രീയത്തെ സമഗ്രമായപഗ്രഥിക്കുന്ന ശ്രദ്ധേയമായൊരു ഗ്രന്ഥമാണ് സ്റ്റുവര്‍ട്ട് അലന്റെ 'ന്യൂസ് കള്‍ച്ചര്‍'. മുതലാളിത്ത, സാമ്രാജ്യത്ത മാധ്യമ താല്‍പര്യങ്ങളുടെ  നേര്‍ക്കു കൈക്കൊളളുന്ന വിമര്‍ശനാത്മക നിലപാടും ഇടതുപക്ഷ, പ്രത്യയശാസ്ത്ര മാധ്യമവിശകലനങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ പ്രതിബദ്ധതയും മാധ്യമരംഗത്തെ ലിംഗ, വംശ മേല്‍ക്കോയ്മകളോടുളള നിശിതമായ വിയോജിപ്പും സാങ്കേതിക, സാംസ്‌കാരിക വ്യവഹാരമണ്ഡലങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുളള മാധ്യമവിമര്‍ശനത്തിന്റെ ഭദ്രതയും ഈ പഠനത്തെ ഈടുറ്റതാക്കുന്നു. വാര്‍ത്തയുടെ സാംസ്‌കാരികപഠനത്തില്‍ താല്‍പര്യമുളളവര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട ഗ്രന്ഥം.