Media/Society (2003)

ഡേവിഡ് ക്രോച്യു, വില്യം ഹൊയ്‌നസ് എന്നിവര്‍ ചേര്‍ന്നെഴുതിയ Media/Society (2003) എന്ന ഗ്രന്ഥം അക്കാദമിക, ഇടതുപക്ഷ, സാമൂഹ്യശാസ്ത്രനിഷ്ഠ, മാധ്യമപഠനത്തിന്റെ മികച്ച മാതൃകകളിലൊന്നാണ്. അഞ്ചുഭാഗങ്ങളായി ക്രമീകരിച്ചിട്ടുളള ഈ പഠനം അമേരിക്കന്‍ മാധ്യമരംഗം കേന്ദ്രീകരിച്ച്, ആഗോള മാധ്യമരംഗത്തെ ബഹുരാഷ്ട്രകുത്തകകളുടെ സമ്പദ്ഘടന മുതല്‍ നവമാധ്യമങ്ങളുടെ സാമൂഹ്യ നിര്‍മ്മിതിവരെയുളള നിരവധി മേഖലകള്‍ ചര്‍ച്ചക്കെടുക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകമാധ്യമരംഗം എത്തിനില്‍ക്കുന്ന സാംസ്‌കാരിക സന്ദര്‍ഭങ്ങളുടെ വിശകലനമെന്നനിലയില്‍ 'മാധ്യമസമൂഹം', ആധുനികാനന്തരമാധ്യമ പഠനരംഗത്തുണ്ടായ ശ്രദ്ധേയമായ ഒരു സംരംഭം തന്നെയാണ്.'മാധ്യമം/ സമൂഹം' എന്ന ഒന്നാംഭാഗം അച്ചടി, ദൃശ്യ, ശ്രാവ്യ, നവമാധ്യമങ്ങളും അവ രൂപംകൊടുത്ത സമൂഹക്രമങ്ങളും തമ്മിലുളള ബന്ധം സാമൂഹ്യശാസ്ത്രവിജ്ഞാനീയത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു. ('സാമൂഹ്യലോകം' (Social World) എന്ന സാമൂഹ്യശാസ്ത്രസംജ്ഞ ഈ ഗ്രന്ഥത്തിലെ താക്കോല്‍ വാക്കുകളിലൊന്നാണ്) 'മാധ്യമവ്യവസായവും സാമൂഹ്യലോകക്രമവും' എന്ന രണ്ടാംഭാഗം മാധ്യമസമ്പദ്ഘടനയും ബഹുരാഷ്ട്രകുത്തകകള്‍ വാര്‍ത്ത മുതല്‍ പരസ്യംവരെയുളള മണ്ഡലങ്ങളില്‍ പുലര്‍ത്തുന്ന ആധിപത്യവും ചര്‍ച്ചചെയ്യുന്നു. മാധ്യമങ്ങളുടെ മേലുളള രാഷ്ട്രീയസ്വാധീനവും, ഭരണകൂടനിയന്ത്രണങ്ങളും ഇതര മാധ്യമനിയമങ്ങളും, മാധ്യമസ്ഥാപനങ്ങളും പ്രൊഫഷണലുകളും എന്നീ വിഷയങ്ങളും ഈ ഭാഗത്തു വിശദീകരിക്കപ്പെടുന്നുണ്ട്. മൂന്നാം ഭാഗമായ 'മാധ്യമപ്രതിനിധാനങ്ങളും സാമൂഹ്യക്രമവും' മാധ്യമങ്ങളും പ്രത്യയശാസ്ത്രവും, മാധ്യമപ്രതിനിധാനം എന്ന രണ്ട് മുഖ്യവിഷയങ്ങളുടെ അപഗ്രഥനമാണ്. സംഗീതം മുതല്‍ പരസ്യംവരെയും വംശീയത മുതല്‍ ലൈംഗികതവരെയും പഠിക്കപ്പെടുന്നു, ഇവിടെ. നാലാംഭാഗം 'പ്രേക്ഷകരെ'ക്കുറിച്ചാണ്. വിവിധ ബഹുജനമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യപ്രതീതികള്‍ക്കു പിന്നില്‍ മാധ്യമ ഉപഭോക്താക്കള്‍ക്കുളള പ്രാധാന്യം അന്വേഷിക്കുന്ന ഗ്രന്ഥകാരന്മാര്‍, വാര്‍ത്ത മുതല്‍ ജനപ്രിയനോവല്‍വരെയും ആനന്ദാനുഭവം മുതല്‍ പ്രതിരോധരാഷ്ട്രീയം വരെയും ഈ കാഴ്ചപ്പാടില്‍ പഠിക്കുന്നു. മാധ്യമസാങ്കേതികതയെക്കുറിച്ചുളള ഒരു ചര്‍ച്ചയും ഈ ഭാഗത്തുണ്ട്. അഞ്ചാംഭാഗം, 'ആഗോളവല്‍ക്കരണവും മാധ്യമഭാവിയും' എന്നതാണ്. സാംസ്‌കാരിക സാമ്രാജ്യത്തത്തിന്റെ രാഷ്ട്രീയസൂചകങ്ങളെന്ന നിലയില്‍ ആഗോളമാധ്യമവ്യവസായം മുന്നോട്ടുവയ്ക്കുന്ന ഘടകങ്ങളാണ് ഈ ഭാഗത്തെ മുഖ്യ വിശകലനവിഷയം.അച്ചടി, ദൃശ്യ, ശ്രാവ്യ, നവമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന സാംസ്‌കാരികപ്രഭാവങ്ങളെ സാമൂഹ്യശാസ്ത്രദൃഷ്ടിയില്‍ സമീപിക്കുന്ന ഈ പഠനഗ്രന്ഥം, ചരിത്രാത്മകമെന്നപോലെതന്നെ സാങ്കേതികവും സാമ്പത്തികമെന്നപോലെതന്നെ പ്രത്യയശാസ്ത്രപരവുമായ വിശകലനപദ്ധതികളാണ് ഉടനീളം പിന്തുടരുന്നത്. മാധ്യമങ്ങളോടു ബന്ധപ്പെടുത്തി പൊതുവെ ചര്‍ച്ചചെയ്യാറുളള പ്രധാന സങ്കല്പനങ്ങളും പരികല്പനകളും ആഴത്തില്‍ പഠിക്കപ്പെടുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. സമ്പദ്ഘടന, ഭരണകൂടനിയന്ത്രണം, സാങ്കേതികത, പ്രേക്ഷകര്‍, ഉളളടക്കം, സാമൂഹികത എന്നിവ നിര്‍ണയിക്കുന്ന മാധ്യമസാംസ്‌കാരികതയുടെ വിശകലനമെന്ന നിലയില്‍ നിശിതമായ രാഷ്ട്രീയസ്വഭാവം ഉടനീളം പാലിക്കുന്ന മാധ്യമപഠനമായി മാറുന്നു, 'മാധ്യമസമൂഹം'. 'തൊഴിലാളി, മധ്യവര്‍ഗങ്ങളും ഇടതുപക്ഷവും' പോലുളള ഗ്രന്ഥങ്ങളെഴുതിയ ക്രോച്യുവും 'ടെലിവിഷനും പൊതുമണ്ഡലവും' പോലുളള ഗ്രന്ഥങ്ങളെഴുതിയ ഹൊയ്‌നസും ഒന്നിച്ച് രചിച്ച ഇതര ഗ്രന്ഥങ്ങളെപ്പോലെ (രാഷ്ട്രീയസംവാദങ്ങളുടെ പരിമിതി മാധ്യമങ്ങളില്‍(1994), ബഹുരാഷ്ട്ര മാധ്യമങ്ങളും ബഹുജനതാല്‍പര്യങ്ങളും (2001)) തന്നെ, സൂക്ഷ്മമായ സാമൂഹികാവബോധവും രാഷ്ട്രീയധാരണയും പ്രത്യയശാസ്ത്രബദ്ധതയും പിന്തുടരുന്നുണ്ട് ഈ പഠനവും.'The media surround us.....They are like the air we breathe, ever present yet rarely considered' എന്ന ഖണ്ഡികയിലാരംഭിക്കുന്ന ഒന്നാംഭാഗത്ത് ക്രോച്യുവും ഹൊയ്‌നസും പത്രം, മാസികകള്‍, സിനിമ, റേഡിയോ, ടെലിവിഷന്‍, നവമാധ്യമങ്ങള്‍ എന്നിങ്ങനെ ബഹുജനമാധ്യമമെന്നു കരുതിപ്പോരുന്ന ആറ് പ്രമുഖ മണ്ഡലങ്ങളുടെ ഉത്ഭവ, വികാസചരിത്രവും സമൂഹഘടനയില്‍ അവയ്ക്കുളള പ്രഭാവവും സാമൂഹ്യമാറ്റങ്ങളില്‍ അവ വഹിച്ച പങ്കും മറ്റും സംക്ഷിപ്തമായി വിവരിക്കുന്നു. ഈ പഠനഗ്രന്ഥത്തിന്റെ രീതിശാസ്ത്രമെന്ന നിലയില്‍ സാമൂഹ്യശാസ്ത്ര (Sociology) നിഷ്ഠമായ മാധ്യമ വിശകലനത്തിന്റെ ഭൂമിക കൂടി രേഖപ്പെടുത്തുന്നുണ്ട് ഈ ഭാഗം. അതിന്റെ വെളിച്ചത്തില്‍ സമകാല മാധ്യമപഠനങ്ങള്‍ ഉന്നയിക്കേണ്ട അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍/പ്രശ്‌നങ്ങള്‍ ഇവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
* മാധ്യമങ്ങളുടെ ഉടമകളാരാണ്?
* മാധ്യമസൃഷ്ടികള്‍/പാഠങ്ങള്‍ രൂപപ്പെടുന്നതെങ്ങനെയാണ്?
* മാധ്യമങ്ങള്‍ക്കുമേല്‍ ഭരണകൂടത്തിനുള്ള നിയന്ത്രണോപാധികളേതൊക്കെയാണ്?
* മാധ്യമങ്ങളില്‍ എന്തുകൊണ്ടാണ് ചില സംഗതികള്‍ പ്രാധാന്യം നേടുന്നതും മറ്റു ചിലവ പ്രാധാന്യം നേടാത്തതും?
* മാധ്യമവളര്‍ച്ചയും രാഷ്ട്രീയപ്രക്രിയയും തമ്മിലുള്ള ബന്ധമെന്താണ്?
* മാധ്യമങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന പ്രഭാവമെന്താണ് ?
* മാധ്യമങ്ങളെ ജനങ്ങള്‍ ഉപയോഗിക്കുന്നതും വ്യാഖ്യാനിക്കുന്നതുമെങ്ങനെയാണ്?
* നവമാധ്യമസാങ്കേതികതകള്‍ വികസിച്ചതെങ്ങനെ, അവയുടെ പ്രാധാന്യമെന്ത്?
* മാധ്യമങ്ങളുടെ ആഗോളവല്‍ക്കരണത്തിന്റെ സവിശേഷപ്രാധാന്യമെന്താണ്?
ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരംതേടലോ പ്രശ്‌നങ്ങളുടെ വ്യാഖ്യാനമോ ആണ് ഈ പഠനഗ്രന്ഥം എന്നുതന്നെ പറയാം. സമീപകാലത്ത് രൂപംകൊണ്ടിട്ടുളള ശ്രദ്ധേയങ്ങളായ മാധ്യമപഠനങ്ങള്‍ മിക്കതും വിരല്‍ ചൂണ്ടുന്നതും ഇത്തരം മേഖലകളിലേക്കാണ് എന്നും ഓര്‍ക്കുക. 195060 കാലത്തുനടന്ന അമേരിക്കന്‍ പൗരാവകാശ പ്രക്ഷോഭങ്ങളില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക്, ഒരു മാതൃകയെന്ന നിലയില്‍ ഈ ഭാഗത്ത് ഗ്രന്ഥകാരന്മാര്‍ അവതരിപ്പിച്ചു വിശദീകരിക്കുകയും ചെയ്യുന്നു.മാധ്യമങ്ങളുടെ ഉല്പാദനം, ഉളളടക്കം, ഉപഭോഗം എന്നിവയെക്കുറിച്ചുളള ചര്‍ച്ചയാണ് ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ തുടര്‍ന്നുളള മൂന്നു ഭാഗങ്ങള്‍  അഥവാ ഗ്രന്ഥത്തിന്റെ കാതല്‍. അതിനു വേണ്ടി താഴെകൊടുത്തിരിക്കുന്ന രീതിയിലുളള ഒരു പഠനസമീപനപദ്ധതി ഗ്രന്ഥകാരന്മാര്‍ സൂചിപ്പിക്കുകയും അത് ഗ്രന്ഥത്തിലുടനീളം പിന്തുടരുകയും ചെയ്യുന്നു.രണ്ടാംഭാഗമായ മാധ്യമവ്യവസായത്തില്‍ സമ്പദ്ഘടനയും ഭരണകൂടനിയന്ത്രണങ്ങളും ഉള്‍പ്പെടുന്നു. മാധ്യമസന്ദേശങ്ങള്‍/ഉല്പന്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന മൂന്നാം ഭാഗത്ത് മാധ്യമങ്ങളും പ്രത്യയ ശാസ്ത്രവും, മാധ്യമപ്രതിനിധാനങ്ങളും സമൂഹവും എന്നീ വിഷയങ്ങളാണുളളത്. നാലാംഭാഗത്ത് പ്രേക്ഷകരെ കേന്ദ്രീകരിച്ച് മാധ്യമങ്ങളുടെ സാമൂഹ്യപ്രഭാവത്തിന്റെ വിശകലനം നടക്കുന്നു. സാങ്കേതികതയുടെ ചര്‍ച്ചയും ഈ ഭാഗത്ത് ഉള്‍ക്കൊളളിച്ചിരിക്കുന്നു. അവസാനഭാഗമാകട്ടെ ആഗോളവല്‍കൃതകാലത്ത് ഈ മാധ്യമങ്ങള്‍ക്കു കൈവരുന്ന പുതിയ സാമൂഹ്യപ്രസക്തിയുടെ ഭാവിയെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു.'മാധ്യമവ്യവസായ'മെന്ന രണ്ടാംഭാഗത്ത് സാമൂഹ്യശക്തികള്‍, സാമ്പത്തികശക്തികള്‍, രാഷ്ട്രീയനിയന്ത്രണങ്ങള്‍ എന്നിങ്ങനെ മൂന്നു തലങ്ങളിലുളള ഇടപെടലുകളും സ്വാധീനവുമാണ് മാധ്യമവ്യവസായത്തിന്റെ ഘടന നിര്‍ണയിക്കുന്നത് എന്നു ചൂണ്ടിക്കാണിക്കുന്നു.  'ഉല്പാദന'മണ്ഡലമെന്ന നിലയില്‍ മേല്പറഞ്ഞ ഘടനയ്ക്കുളളില്‍ നിലനില്‍ക്കുന്ന നിരവധിയായ ബന്ധങ്ങളുടെ സാമൂഹ്യശാസ്ത്രം അഴിച്ചെടുക്കുന്നു ഗ്രന്ഥകര്‍ത്താക്കള്‍. ആഗോളമാധ്യമരംഗത്തെ, വിശേഷിച്ചും അമേരിക്കന്‍ നിയന്ത്രണത്തിലുളള ബഹുരാഷ്ട്രമാധ്യമരംഗത്തെ സാമ്പത്തികസാങ്കേതികഉളളടക്ക കുത്തകയെക്കുറിച്ച് നിരവധിപഠനങ്ങള്‍ മുന്‍പും പുറത്തുവന്നിട്ടുണ്ട്. നോംചോംസ്‌കിയും എഡ്വാര്‍ഡ് എസ് ഹെര്‍മനും ബെന്‍ ബാഗ്ഡികിയനും റോബര്‍ട്ട് മക്‌ചെസ്‌നിയും മറ്റും ഒറ്റയ്ക്കും കൂട്ടായും എഴുതിയ പ്രശസ്തങ്ങളായ മാധ്യമപഠനങ്ങള്‍ പലതും ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ്.  Manufacturing Consent, Global Media, The Media Monopoly തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഉദാഹരണം. ഈ പഠനങ്ങളിലുളളതിനെക്കാള്‍ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ടാണ് ക്രോച്യുവും ഹൊയ്‌നസും അമേരിക്കന്‍ പത്രം, മാസിക, പുസ്തകം, സിനിമ, ടെലിവിഷന്‍, സംഗീതം, മള്‍ട്ടിമീഡിയ തുടങ്ങിയ രംഗങ്ങളുടെ സമ്പദ്ഘടന വിശകലനം ചെയ്യുന്നത്. നാനാരംഗങ്ങളില്‍ ഈ കുത്തകവല്‍ക്കരണം സൃഷ്ടിക്കുന്ന പ്രഭാവം ചര്‍ച്ചചെയ്യുന്ന ഗ്രന്ഥം 'പരസ്യ'ങ്ങളെക്കുറിച്ചുളള വിശദമായ പഠനവും ഈ ഭാഗത്തു നടത്തുന്നു. മാധ്യമസമ്പദ്ഘടനയുടെ അടിത്തറയായി മാറിക്കഴിഞ്ഞിട്ടുളള മറ്റൊരു സമാന്തര മാധ്യമമേഖല തന്നെയായ പരസ്യമണ്ഡലം സൃഷ്ടിക്കുന്ന സാമൂഹ്യപ്രഭാവങ്ങളുടെ സുദീര്‍ഘമായ വിശകലനം തന്നെയാണിത്. സമാനമാണ്, രാഷ്ട്രീയരംഗം മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ ചര്‍ച്ചനടക്കുന്ന അടുത്തഭാഗവും. ഉടമസ്ഥത, ഉളളടക്കം, വിതരണം, പരസ്യം എന്നീ നാലു രംഗങ്ങളെ കേന്ദ്രീകരിച്ചാണ് ഈ വിശകലനം നടക്കുന്നത്. മാധ്യമങ്ങളുടെ പ്രൊഫഷണല്‍ നിലപാടുകളുടെ ചര്‍ച്ച നടക്കുന്ന ഈ ഭാഗത്തെ അവസാന അധ്യായം, മാധ്യമങ്ങളും സമൂഹവും തമ്മിലുളള ബന്ധത്തിന്റെ സൂക്ഷ്മവും നയപരവുമായ വിശകലനവുമാണ്. മാധ്യമധര്‍മങ്ങള്‍ എന്നു പൊതുവെ കരുതപ്പെടുന്ന ഘടകങ്ങള്‍ നടപ്പാക്കപ്പെടുന്നതിന്റെ സാധ്യതകളും പരിമിതികളും വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു ഇവിടെ.മൂന്നാംഭാഗം മാധ്യമ ഉളളടക്കത്തെക്കുറിച്ചാണ്. പ്രത്യയശാസ്ത്രം, പ്രതിനിധാനം എന്ന രണ്ടു പരികല്പനകളിലൂന്നി മാധ്യമ ഉളളടക്കത്തിന്റെ രാഷ്ട്രീയം അവലോകനം ചെയ്യപ്പെടുന്നു, ഈ ഭാഗത്ത്. അടിസ്ഥാനപരമായി ഗ്രന്ഥകര്‍ത്താക്കള്‍ പുലര്‍ത്തുന്ന മാധ്യമപഠനസമീപനത്തിന്റെ രാഷ്ട്രീയം തന്നെയാണ് ഇവിടെ പ്രകടമാകുന്നത്. 'അധീശപ്രത്യയശാസ്ത്രവും സാംസ്‌കാരിക വൈരുധ്യങ്ങളും' എന്ന വീക്ഷണം മുന്നോട്ടുവച്ച് 'സാംസ്‌കാരികയുദ്ധ'ങ്ങളെക്കുറിച്ചുളള ഡേവിഡ്ഹണ്ടറുടെയും മറ്റും നിരീക്ഷണങ്ങള്‍ ആധാരമാക്കി മുന്നേറുന്നു, ആദ്യഘട്ടം. തുടര്‍ന്ന് മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്ര ചര്‍ച്ചകളുടെ ക്രോഡീകരണവും വിയറ്റ്‌നാം സിനിമകള്‍, റാപ്‌സംഗീതം, ടെലിവിഷന്‍വാര്‍ത്ത, പരസ്യങ്ങള്‍, ആഗോളവല്‍ക്കരണം തുടങ്ങിയ രംഗങ്ങള്‍ മുന്‍നിര്‍ത്തിയുളള വിശകലനവും. വിപണിമത്സരവും മേല്‍ക്കോയ്മക്കായുളള ശ്രമങ്ങളും മാധ്യമങ്ങളെ അവയുടെ ഉളളടക്കത്തില്‍ വെളളം ചേര്‍ക്കാന്‍ നിര്‍ബ്ബന്ധിക്കുന്നതിന്റെ സൂക്ഷ്മവിശകലനമാണ് ഇവിടെയുളളത്. 'സാമൂഹ്യഅസമത്വങ്ങളും മാധ്യമപ്രതിനിധാനങ്ങളും' എന്ന വിഷയത്തിന്റെ ചര്‍ച്ചയിലാകട്ടെ വാര്‍ത്താ, വിനോദ മാധ്യമങ്ങള്‍ മുന്‍നിര്‍ത്തിയുളള, കുറെക്കൂടി വസ്തുതാപരമായ സമീപനമാണുളളത്. അമേരിക്കന്‍ മാധ്യമങ്ങളിലെ വംശീയ വിവേചനത്തിന്റെയും ലിംഗവിവേചനത്തിന്റെയും വര്‍ഗവിവേചനത്തിന്റെയും സൂക്ഷ്മവിശകലനങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങളുടെ മാധ്യമപ്രതിനിധാനം എന്നിങ്ങനെ നാലുവിഷയങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.     പ്രേക്ഷകരെ/ ഉപഭോഗത്തെ കേന്ദ്രീകരിക്കുന്ന നാലാം ഭാഗത്ത് പ്രധാനമായും മൂന്നു വിഷയങ്ങളുടെ ചര്‍ച്ചയാണുളളത്. രാഷ്ട്രീയരംഗത്ത് മാധ്യമങ്ങള്‍ ചെലുത്തുന്ന പ്രഭാവവും വരുത്തിയ മാറ്റങ്ങളും നടത്തിക്കൊണ്ടേയിരിക്കുന്ന ഇടപെടലുകളുമാണ് ആദ്യത്തേത്. തെരഞ്ഞെടുപ്പു രാഷ്ട്രീയമാണ് ഇവിടെ സ്വീകരിക്കുന്ന പഠനസന്ദര്‍ഭവും മാതൃകയും. മക്കാര്‍ത്തിഘട്ടം മുതല്‍ ക്ലിന്റണ്‍ ഇംപീച്ച്‌മെന്റ് വരെയുളളവ ഉദാഹരിച്ചാണ് ഈ ചര്‍ച്ച നടക്കുന്നത്. വാര്‍ത്താ, വിനോദ മാധ്യമങ്ങള്‍ നിര്‍മ്മിക്കുന്ന രാഷ്ട്രീയമണ്ഡലത്തിന്റെ പ്രതിനിധാനങ്ങളും പ്രത്യയശാസ്ത്രവും തന്നെയാണ് ഈ ചര്‍ച്ചയിലുള്‍പ്പെടുന്നത്. അടുത്തവിഷയം, നിസംഗ (passive) പ്രേക്ഷകരില്‍ നിന്നു ഭിന്നമായി ക്രിയാത്മക (active) പ്രേക്ഷകര്‍ മാധ്യമസന്ദേശങ്ങള്‍ക്കും പാഠങ്ങള്‍ക്കും നല്‍കുന്ന അര്‍ഥനിര്‍മിതിയുടെ രാഷ്ട്രീയമാണ്. ഡേവിഡ് മോര്‍ലി മുതല്‍ സ്റ്റുവര്‍ട്ട് ഹാള്‍ വരെയുളളവര്‍ അവതരിപ്പിച്ച ഭിന്ന സമീപനങ്ങള്‍ ഇവിടെ ഗ്രന്ഥകര്‍ത്താക്കള്‍ ചര്‍ച്ചക്കുപയോഗിച്ചിരിക്കുന്നു. ഒപ്പം ജാനിസ്‌റാഡ്‌വേ (ജനപ്രിയനോവല്‍ വായനയും സ്ത്രീയും) ഇയാന്‍ ആംഗ് (ടെലിവിഷന്‍പരമ്പര) തുടങ്ങിയവരുടെ പ്രഖ്യാതപഠനങ്ങളുടെ സംഗ്രഹവും നല്‍കുന്നു. 'മാധ്യമസാങ്കേതികതയും സാമൂഹ്യമാറ്റവും' എന്ന മൂന്നാമത്തെ വിഷയം, അച്ചടി മുതല്‍ ഇന്റര്‍നെറ്റ് വരെയുളള സാങ്കേതികതകള്‍ മാധ്യമസംസ്‌കാരത്തെയും സാമൂഹികതയെയും നിര്‍വചിക്കുന്നതിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നു. മക്‌ലൂഹന്റെയും മറ്റും സാങ്കേതികനിര്‍ണയവാദം മുതല്‍ റസല്‍ന്യൂമാന്റെയും മറ്റും നവമാധ്യമ സാങ്കേതികതാചര്‍ച്ചകള്‍ വരെയുളളവ അവതരിപ്പിക്കപ്പെടുന്നു, ഇവിടെ. സാങ്കേതികതയെ നിയന്ത്രിച്ച് ഉളളടക്കത്തെ നിയന്ത്രിക്കാനുളള കോര്‍പ്പറേറ്റ് തന്ത്രങ്ങളുടെ മറനീക്കലുമുണ്ട് ഈയധ്യായത്തില്‍.അവസാനഭാഗം, 'ആഗോളവല്‍ക്കരണവും ഭാവിയും' എന്നതാണ്. ആഗോളവല്‍ക്കരണം, ആഗോളമാധ്യമങ്ങള്‍, അവയുടെ ഉളളടക്കം, സാംസ്‌കാരിക സാമ്രാജ്യത്തം, വിവരപ്രവാഹം, പ്രാദേശികപ്രതിരോധ മാധ്യമസംസ്‌കാരം എന്നിങ്ങനെയുളള വിഷയങ്ങളാണ് ഈ ഭാഗത്തു ചര്‍ച്ചചെയ്യപ്പെടുന്നത്. മാധ്യമപഠനങ്ങളായി പൊതുവില്‍ നടക്കുന്ന മാധ്യമഉളളടക്കത്തിന്റെ മാത്രചര്‍ച്ചകള്‍, മാധ്യമങ്ങളുടെ സാമൂഹികപ്രഭാവം മനസ്സിലാക്കാന്‍ സഹായകമാവില്ല എന്ന നിലപാടാണ് ഗ്രന്ഥകര്‍ത്താക്കള്‍ ആദ്യന്തം മുന്നോട്ടുവയ്ക്കുന്നത്. മാധ്യമവ്യവസായം, സാങ്കേതികത, സന്ദേശങ്ങള്‍, പ്രേക്ഷകര്‍ തുടങ്ങിയ ഘടകങ്ങളുടെയൊക്കെ വിശകലനത്തിലൂടെയേ അതുസാധ്യമാകൂ എന്ന് ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.