Media Studies: A Reader'

അച്ചടി, ദൃശ്യമാധ്യമങ്ങളെക്കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ അക്കാദമിക-സൈദ്ധാന്തികപഠനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ അറുപത്തഞ്ച് രചനകളുടെ സമാഹാരമാണ് പോള്‍മാരിസ്, സൂ തോണാം എന്നിവര്‍ ചേര്‍ന്ന് എഡിറ്റുചെയ്ത 'Media Studies: A Reader' എന്ന ഈ ഗ്രന്ഥം. ബ്രിട്ടീഷ് കാഴ്ചപ്പാടില്‍ നിന്നാണ് ഈ സമാഹാരത്തിന്റെ പിറവിയെങ്കിലും യൂറോ-അമേരിക്കന്‍ മാധ്യമപഠനങ്ങളുടെ പ്രാതിനിധ്യം ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ഇതിലുണ്ട് - നിശ്ചയമായും ഇംഗ്ലീഷിലൂടെ അക്കാദമിക അംഗീകാരം നേടുക എന്നത് ഇത്തരം ഗ്രന്ഥങ്ങളുടെ ഒരു മുന്‍ഉപാധിതന്നെയാണുതാനും.
സിദ്ധാന്തം, പ്രയോഗം എന്ന രണ്ടുഖണ്ഡങ്ങളിലായി നാലുഭാഗങ്ങള്‍ വീതമുളള എട്ട് ശീര്‍ഷകങ്ങള്‍ക്കു കീഴിലാണ് ഈ സമാഹാരത്തിലെ പഠനലേഖനങ്ങള്‍ ക്രമീകരിച്ചിട്ടുളളത്. ഓരോ ഭാഗത്തിനും വിപുലമായ ആമുഖം, അധികവായനക്കുളള വിശദമായ സൂചിക എന്നിവ ഏറെ ശ്രദ്ധേയമാണ്.
ഒന്നാംഖണ്ഡത്തില്‍ മാധ്യമപഠനസിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്ന നാല്‍പത്തിനാല് പ്രബന്ധങ്ങള്‍ നാലുഭാഗങ്ങളിലായി നല്‍കിയിരിക്കുന്നു. ഈ ഭാഗങ്ങള്‍ പലതിനും ഉപവിഭാഗങ്ങളുമുണ്ട്.
മാധ്യമങ്ങളും സാമൂഹ്യാധികാരവും (Media and Social Power), ഉല്പാദനം (Production), പാഠം (Text), സ്വീകരണം (Reception) എന്നിവയാണ് ആദ്യഖണ്ഡത്തിലെ നാലുഭാഗങ്ങള്‍. ഇതില്‍ മൂന്നാംഭാഗമായ 'പാഠ' ത്തിന് പാഠഘടനകള്‍ (TextualStructures), പ്രത്യയശാസ്ത്രവും വ്യവഹാരവും (Ideology and Discourse), സ്ത്രീവാദ വായനകള്‍ (Feminist Readings), ആധുനികാനന്തര മാധ്യമങ്ങള്‍ (Post modern Media) എന്നീ നാല് ഉപവിഭാഗങ്ങളുണ്ട്. നാലാംഭാഗമായ 'സ്വീകരണ'ത്തിനാകട്ടെ, 'പ്രതീതികള്‍തൊട്ട് പ്രയോജനങ്ങള്‍വരെ' (From Effects to Uses), വായനയുടെ രാഷ്ട്രീയം (The Politics of Reading), 
അധീശത്വത്തിനപ്പുറം (Beyond Hegemony) എന്നിങ്ങനെ മൂന്ന് ഉപവിഭാഗങ്ങളും. ഇവയിലൊന്നടങ്കം വ്യാപിച്ചു നില്‍ക്കുന്ന മാധ്യമപഠനതത്വങ്ങള്‍, അച്ചടി, ദൃശ്യമാധ്യമരംഗത്ത് കഴിഞ്ഞ നൂറ്റാണ്ടിലുടനീളമുണ്ടായ സിദ്ധാന്തങ്ങളുടെ മികച്ച ഒരു പരിഛേദമായി മാറുന്നു.
രണ്ടാംഖണ്ഡം ഘടനയില്‍ അല്പം വ്യത്യസ്തമാണ്. പരമ്പരകള്‍ (Soap Opera), വാര്‍ത്ത (News), പരസ്യം (Advertising), നവമാധ്യമങ്ങള്‍ (New Media) എന്ന നാലുഭാഗങ്ങളിലായി ഏറ്റവും പ്രചാരമുളള നാലു മാധ്യമ മണ്ഡലങ്ങളുടെ അപഗ്രഥനമാണ് ഇവിടെയുളളത്. ഒട്ടാകെ ഇരുപത്തൊന്നു പ്രബന്ധങ്ങള്‍. മാധ്യമപഠനരംഗത്തെ 'ക്ലാസിക്കുകള്‍' എന്നു വിളിക്കാവുന്നവയാണ് ഒന്നാം ഖണ്ഡത്തിലെ ആദ്യഭാഗത്തെ മിക്ക രചനകളും. 1940 കളില്‍ അമേരിക്കയിലും യൂറോപ്പിലും വികസിച്ചുവന്ന, തമ്മില്‍ ഭിന്നങ്ങളായ സൈദ്ധാന്തിക-രീതിശാസ്ത്ര പദ്ധതികള്‍ പിന്തുടര്‍ന്ന മാധ്യമപഠനങ്ങള്‍ മുതല്‍ 1960 കളില്‍ മക്‌ലൂഹനും വില്യംസും (അതേ ഭിന്നതകളോടെ തന്നെ) നേതൃത്വം നല്‍കിയ മാധ്യമപഠനങ്ങള്‍വരെ ഇതിലുള്‍പ്പെടുന്നു.
1923 ല്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിതമാകുകയും ഫാഷിസത്തിന്റെയും നാസിസത്തിന്റെയും നിയന്ത്രണം ഭയന്ന് അമേരിക്കയില്‍ ചേക്കേറിയ പണ്ഡിതര്‍ അവിടേക്കു പറിച്ചുനടുകയും ചെയ്ത ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂളിന്റെ ചിന്തകളാണ് മാധ്യമപഠനത്തില്‍ ഏറ്റവും ദൂരവ്യാപകമായ ഫലമുളവാക്കിയ ആദ്യ സംഘടിത ഇടപെടല്‍. നാല്പതുകളിലും അന്‍പതുകളിലുമുണ്ടായ മാധ്യമപഠനങ്ങളില്‍ ഏറ്റവും പ്രഖ്യാതം മാക്‌സ്‌ഹൊഖ്മീറും തിയൊഡൊര്‍ അഡോണോവും ചേര്‍ന്നാവിഷ്‌ക്കരിച്ച സംസ്‌കാരവ്യവസായ (-Culture Industry-) സങ്കല്പനമാണ്. (ഇതുപോലെതന്നെ പ്രസിദ്ധമായ വാള്‍ട്ടര്‍ബന്‍യമിന്റെ പഠനം പക്ഷെ ഈ സമാഹാരത്തിലില്ല). മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍ ലോകമാധ്യമപഠനരംഗത്തുണ്ടായ ഏറ്റവും സ്വീകാര്യമായ നിലപാടും രീതിശാസ്ത്രവുമായി ഇന്നും നിലനില്‍ക്കുന്ന ഒന്നാണ് സംസ്‌കാരവ്യവസായസങ്കല്പം. 1964 ല്‍ പുറത്തുവന്ന 'മാധ്യമങ്ങളെ മനസ്സിലാക്കല്‍' എന്ന ഗ്രന്ഥത്തോടെ മാര്‍ഷല്‍ മക്‌ലൂഹന്‍ യൂറോ-അമേരിക്കന്‍ മാധ്യമപഠനരംഗത്തെ താരമായി മാറി. മാധ്യമങ്ങളുടെ ഉളളടക്കംപോലെയോ അതിലധികമോ പ്രാധാന്യം മാധ്യമ സാങ്കേതികതക്കുണ്ടെന്ന നിരീക്ഷണമാണ് മക്‌ലൂഹന്റെ മൗലിക സംഭാവന. വ്യവസായാനന്തരത, ഉദാത്ത-ജനപ്രിയ സംസ്‌കാര വൈരുധ്യത്തിന്റെ തിരോഭാവം, രേഖീയയുക്തിയുടെ വികാസം, വിവരസാങ്കേതിക വിപ്ലവം, സ്ഥലകാലങ്ങളുടെ ചുരുങ്ങല്‍ എന്നിവയെക്കുറിച്ചൊക്കെയുളള മക്‌ലൂഹന്റെ നിലപാടുകള്‍ ബോദിലാദ് ഉള്‍പ്പെടെയുളള ആധുനികാനന്തര മാധ്യമപഠിതാക്കള്‍ക്കു പ്രചോദകമായി.
ബ്രിട്ടനില്‍ 1960 കളില്‍ രൂപംകൊണ്ട സാംസ്‌കാരികപഠനങ്ങളോടു ബന്ധപ്പെട്ടുണ്ടായ മാധ്യമസിദ്ധാന്തങ്ങളും സമീപനങ്ങളുമാണ് മറ്റൊരു മേഖല. റെയ്മണ്ട് വില്യംസ്, സ്റ്റുവര്‍ട്ട് ഹാള്‍ എന്നിവരാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധര്‍. സമാന്തരമായി ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂളില്‍ അഡോണോവിന്റെ പിന്‍ഗാമിയായെത്തിയ ഹേബര്‍മാസും. സംസ്‌കാര, ചരിത്രവാദങ്ങളുടെ മണ്ഡലത്തില്‍ വില്യംസ് നടത്തിയ ഇടപെടലിനു സമാനമാണ് ഘടനാവാദ, ചിഹ്നവിജ്ഞാനീയങ്ങളുടെ മണ്ഡലത്തില്‍ ഹാള്‍ നടത്തിയ ഇടപെടലുകള്‍. 'പൊതുമണ്ഡല' (Public Sphere)മെന്ന പരികല്പനയാണ് ഹേബര്‍മാസിന്റെ സിദ്ധാന്തഭൂമികയൊരുക്കിയത്. മാധ്യമങ്ങളും ജനാധിപത്യവും തമ്മിലുളള ബന്ധത്തെ ചരിത്രവത്കരിക്കുന്നതിലും സാമൂഹ്യവല്‍ക്കരിക്കുന്നതിലും 'പൊതുമണ്ഡല'ത്തെക്കാള്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുളള മറ്റൊരു പഠനസങ്കേതമോ രീതിശാസ്ത്രമോ ഇല്ല.
മേല്പറഞ്ഞ മുഴുവന്‍ 'സ്‌കൂളു'കളില്‍നിന്നും ഭിന്നനാണ് ഴാങ് ബോദിലാദ്. പ്രതീതിയാഥാര്‍ഥ്യം, വ്യാജചിഹ്നങ്ങള്‍ തുടങ്ങിയ സങ്കല്പങ്ങളിലൂടെ നവമാധ്യമപഠനരംഗത്ത് ബോദിലാദ് സൃഷ്ടിച്ച വിപ്ലവകരമായ കുതിപ്പുകള്‍ പ്രസിദ്ധമാണ്. 'ഉപഭോഗസംസ്‌കാര'വിശകലനം മുതല്‍ ഗള്‍ഫ് യുദ്ധത്തിന്റെ ടെലിവിഷന്‍ വ്യവഹാരംവരെ.
മാധ്യമസിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്ന ആദ്യഖണ്ഡത്തിലെ ഒന്നാംഭാഗത്ത് ഈ സമാഹാരം ഉള്‍പ്പെടുത്തിയിട്ടുളള രചനകള്‍ മേല്പറഞ്ഞ നിലപാടുകള്‍ പലതലങ്ങളില്‍ ആവിഷ്‌ക്കരിക്കുന്നവയാണ്. ബഹുജനമാധ്യമങ്ങളെയും അവ നിര്‍വഹിക്കുന്ന സാമൂഹ്യധര്‍മങ്ങളെയും കുറിച്ചുളള ആദ്യലേഖനം ഈ ഭാഗത്തിന് ഒരാമുഖം പോലെ വര്‍ത്തിക്കുന്നു. അഡോണോ ('സംസ്‌കാരവ്യവസായത്തിന്റെ പുനര്‍വിചിന്തനം'), മക്‌ലൂഹന്‍ ('മാധ്യമമാണ് സന്ദേശം'), വില്യംസ് ('ബഹുജനസംവേദനവും ന്യൂനപക്ഷ സംസ്‌കാരവും'), സ്റ്റുവര്‍ട്ട് ഹാള്‍ ('സങ്കേതനം-വിസങ്കേതനം'), ഹാന്‍സ് മാഗ്നസ് എന്‍സെന്‍ ബര്‍ഗര്‍ ('ഒരു മാധ്യമസിദ്ധാന്തത്തിന്റെ ഘടകങ്ങള്‍'), ഹേബര്‍മാസ് ('പൊതുമണ്ഡലം'), ബോദിലാദ് ('മാധ്യമങ്ങളിലേക്കു പൊട്ടിച്ചുരുങ്ങുന്ന സമൂഹം') എന്നിവരുടെ പ്രഖ്യാതങ്ങളായ മാധ്യമപഠനങ്ങള്‍ തുടര്‍ന്നുവരുന്നു.
ഈ ഖണ്ഡത്തിലെ രണ്ടാംഭാഗം 'ഉല്പാദന'മെന്നതാണ്. മാധ്യമസ്ഥാപനം, രൂപം, ഗണം തുടങ്ങിയ ഘടകങ്ങള്‍ നിശ്ചയിക്കുന്ന ഉല്പാദനവ്യവസ്ഥയുടെ രാഷ്ട്രീയം ഓരോ മാധ്യമത്തെയും നിര്‍ണ്ണയിക്കുന്നതിന്റെ അപഗ്രഥനങ്ങളാണ് ഈ ഭാഗത്തെ ലേഖനങ്ങള്‍. സംസ്‌കാര വ്യവസായങ്ങളെ കേന്ദ്രീകരിച്ചുളള മാര്‍ക്‌സിയന്‍ സമീപനങ്ങളാണ് ഇവയില്‍ പലതും. പൊതു-സ്വകാര്യ മേഖലകള്‍; ആഗോളമാധ്യമ കുത്തകകള്‍; മാധ്യമസാമ്രാജ്യത്തം; സാങ്കേതികത മുതല്‍ സമ്പദ്ഘടനവരെയുളള ഘടകങ്ങള്‍ എന്നിവയെല്ലാം ഈ ഭാഗത്തു ചര്‍ച്ചചെയ്യപ്പെടുന്നു. പാഡി സ്‌കാനല്‍, നിക്കൊളാസ് ഗര്‍നാം, ഗ്രഹാം മര്‍ദോക്‌സ്, ജെറമി ടണ്‍ സ്റ്റാള്‍ തുടങ്ങിയവരുടെ രചനകള്‍.
മൂന്നാംഭാഗം 'മാധ്യമപാഠ'ങ്ങളെക്കുറിച്ചാണ്. നാല് ഉപവിഭാഗങ്ങളിലായി പതിനേഴ് ലേഖനങ്ങളുണ്ട് ഇവിടെ. അഥവാ മാധ്യമസിദ്ധാന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്ന മേഖലകളിലൊന്നായി ഈ മാധ്യമപാഠങ്ങളെ മുന്നോട്ടു വയ്ക്കുകയാണ് ഗ്രന്ഥം. ജോണ്‍ ഫിസ്‌കെയുടെ 'ടെലിവിഷന്‍ കോഡുകള്‍', റെയ്മണ്ട് വില്യംസിന്റെ 'ഫ്‌ളോ തത്വവും ടെലിവിഷനും', ജോണ്‍ എല്ലിസിന്റെ 'ബ്രോഡ്കാസ്റ്റ് ടെലിവിഷന്റെ ആഖ്യാനം', സ്റ്റുവര്‍ട്ട് ഹാളിന്റെ 'മാധ്യമങ്ങളും വംശീയ പ്രത്യയശാസ്ത്രവും', നോര്‍മന്‍ ഫെയര്‍ക്ലോവന്റെ 'മാധ്യമവ്യവഹാരത്തിന്റെ വിമര്‍ശനാത്മക വിശകലനം', ജാനിസ് വിന്‍ഷിപ്പിന്റെ 'വനിതാമാസികാപഠനം', കോറിന്‍ സ്‌ക്വയറിന്റെ 'ഓപ്‌റാ വിന്‍ഫ്രി ഷോ പഠനം', ജിംകോളിന്‍സിന്റെ 'ടെലിവിഷനും ആധുനികാനന്തരതയും', ഏഞ്ചലോ മക്‌റോബിയുടെ 'ആധുനികാനന്തരതയും ജനപ്രിയസംസ്‌കാരവും' തുടങ്ങിയ രചനകള്‍ മാധ്യമപഠനരംഗത്ത് ഏറെ പ്രസിദ്ധങ്ങളായ സംരംഭങ്ങളാണ്.
മാധ്യമപാഠങ്ങള്‍ ഉല്പാദിപ്പിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളുടെ (വംശീയ, ലിംഗവാദപര, സാമൂഹ്യ, സാങ്കേതിക...) അപഗ്രഥനമാണ് ഇവ നടത്തുന്നത്. ഊന്നല്‍ മാധ്യമപാഠങ്ങളിലാണ് എന്നുമാത്രം.
നാലാംഭാഗത്ത് ഊന്നല്‍ ഉപഭോക്താക്കളിലേക്കു മാറുന്നു. ഡെനിസ് മക്വയ്‌ലിന്റെ പ്രസിദ്ധമായ പ്രേക്ഷകപഠനം മുതല്‍ ഡേവിഡ്‌മോര്‍ലി, ഇയാന്‍ ആംഗ്, ജാനിസ് റാഡ്‌വേ, ജോണ്‍ഫിസ്‌കെ തുടങ്ങിയവരുടെ ക്ലാസിക്കുകളായിത്തീര്‍ന്ന പ്രേക്ഷകപഠനങ്ങള്‍വരെ ഈ ഭാഗത്തുണ്ട്. മുന്‍കാലങ്ങളില്‍നിന്നു ഭിന്നമായി മാധ്യമപഠനങ്ങളില്‍ ശ്രോതാക്കള്‍, വായനക്കാര്‍, പ്രേക്ഷകര്‍, പങ്കാളികള്‍ എന്നീ നിലകളില്‍ മാധ്യമ ഉപഭോക്താക്കള്‍ക്കു കൈവരുന്ന പ്രാധാന്യം അവരുടെ കര്‍തൃത്വ നിര്‍മിതിയുമായി ബന്ധപ്പെട്ടു മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രതീതികളെ കേന്ദ്രീകരിക്കുന്നു. സങ്കല്പനപരമായ മുന്‍വിധികളോ പൂര്‍വധാരണകളോ കൂടാതെ ഉപഭോക്താക്കളുടെ മാധ്യമാനുഭവത്തെ കേന്ദ്രീകരിക്കുന്ന ഇത്തരം പഠനങ്ങള്‍ 'ജനപ്രിയ' മാധ്യമപഠനത്തിന്റെ ഏറ്റവും മികച്ച മാതൃകകളാണ്.
ഗ്രന്ഥത്തിന്റെ രണ്ടാംഖണ്ഡം, മുന്‍പു സൂചിപ്പിച്ചതുപോലെ പരമ്പരകള്‍, വാര്‍ത്ത, പരസ്യം എന്ന മൂന്ന് വിഖ്യാത മാധ്യമരൂപങ്ങളെയും നവമാധ്യമങ്ങളെയും കുറിച്ചുളള പഠനങ്ങള്‍ ഉള്‍ക്കൊളളുന്നു. ഇതില്‍ പരസ്യപഠനങ്ങള്‍ മാത്രമാണ് അച്ചടിമാധ്യമങ്ങള്‍ക്കു വലിയ പ്രാതിനിധ്യം നല്‍കുന്നത്. പരമ്പര പൂര്‍ണമായും ടെലിവിഷനെ കേന്ദ്രീകരിക്കുന്നു; വാര്‍ത്ത ഭാഗികമായും.
ടാനിയമോഡ്‌ലെസ്‌കി, ഇയാന്‍ ആംഗ്, ഷാര്‍ലറ്റ് ബ്രന്‍ഡ്‌സണ്‍ എന്നിങ്ങനെ ടെലിവിഷന്‍ പരമ്പരകളുടെ പഠനത്തില്‍ ലോകത്തുതന്നെ ഏറ്റവും മികച്ച മാതൃകകളവതരിപ്പിച്ചവരാണ് ഒന്നാംഭാഗത്തുളളത്. പലനിലകളില്‍, പലതലങ്ങളില്‍ സമൂഹത്തില്‍ പരമ്പരകള്‍ സൃഷ്ടിക്കുന്ന പ്രഭാവങ്ങളും പ്രാതിനിധ്യങ്ങളും ഇവ വിശകലനം ചെയ്യുന്നു. സ്റ്റുവര്‍ട്ട് ഹാളും ജോണ്‍ ഹാള്‍ട്ട്‌ലിയുമുള്‍പ്പെടെയുളളവരാണ് വാര്‍ത്ത എന്ന രൂപത്തെ പഠിക്കുന്നത്. മാധ്യമസ്ഥാപനത്തിന്റെ വാര്‍ത്താ, നിര്‍മാണ താല്‍പര്യങ്ങള്‍ മുതല്‍ വാര്‍ത്തയുടെ സമൂഹികതയും സമ്പദ്ഘടനയും ലിംഗപദവീപരതയും പ്രേക്ഷകകേന്ദ്രിതത്വവും ആഗോളവല്‍ക്കരണകാലത്തെ സവിശേഷഘടനകളും വരെ ഈ പഠനങ്ങള്‍ ചര്‍ച്ചചെയ്യുന്നു. പ്രശസ്തങ്ങളും ആധികാരികങ്ങളുമായ മാധ്യമപഠനസിദ്ധാന്തങ്ങളുടെ പ്രയോഗം പരമ്പരകളെക്കുറിച്ചെന്നപോലെ വാര്‍ത്തയെക്കുറിച്ചുമുളള പഠനത്തില്‍ കാണാം.
പരസ്യപഠനം, അച്ചടി, ദൃശ്യമാധ്യമങ്ങളെ ഒരുപോലെ കേന്ദ്രീകരിക്കുന്നു. പരസ്യപഠനത്തിന്റെ 'ഉല്പത്തിപുസ്തക'മായ റെയ്മണ്ട് വില്യംസിന്റെ ലേഖനം (Advertising : The Magic system) മുതല്‍ ജെയിംസ് കുറാന്‍, ജാനിസ് വിന്‍ഷിപ്പ് തുടങ്ങിയവരുടെ പഠനങ്ങള്‍വരെ. മാധ്യമങ്ങളുടെ സാമ്പത്തിക വരുമാനം നിര്‍ണയിക്കുന്ന വെറുമൊരു പാഠരൂപം മാത്രമല്ല പരസ്യങ്ങള്‍. അവ ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്ന മുഴുവന്‍ അധികാരബന്ധങ്ങളുടെയും മേല്‍ക്കോയ്മാവ്യവസ്ഥകളുടെയും മൂര്‍ത്തമായ ആവിഷ്‌കാരങ്ങള്‍ തന്നെയാണ്. വംശം, ജാതി, മതം, ലിംഗം, വര്‍ഗം തുടങ്ങിയ മുഴുവന്‍ സാമൂഹ്യാധികാര യുക്തികളും ഏറ്റവും സമര്‍ഥമായി സന്നിവേശിപ്പിക്കപ്പെടുന്ന മാധ്യമ ഉളളടക്കം.
നവമാധ്യമങ്ങളെക്കുറിച്ചുളള പഠനങ്ങള്‍ കുറെക്കൂടി സാങ്കേതികബന്ധവും സമകാലികവുമാണ്. ബ്രയാന്‍ വിന്‍സ്റ്റണ്‍, പീറ്റര്‍ഗോള്‍ഡിംഗ് തുടങ്ങിയവര്‍ ആഗോളമാധ്യമ ചരിത്രത്തിന്റെ പരിണാമദശയില്‍ ഒന്ന് എന്ന നിലയില്‍ നവമാധ്യമങ്ങളെ അവതരിപ്പിക്കുമ്പോള്‍ എറിക്‌ഹെര്‍ഷ്, സേഡീപ്ലാന്റ് എന്നിവര്‍ നവമാധ്യമരൂപങ്ങള്‍ സൃഷ്ടിക്കുന്ന പ്രതീതികളുടെ വിശകലനം നടത്തുന്നു.
അഞ്ചുഭൂഖണ്ഡങ്ങളിലും അക്കാദമിക തലത്തില്‍ നടക്കുന്ന മാധ്യമപഠനങ്ങളെ വന്‍തോതില്‍ സ്വാധീനിക്കുന്ന യൂറോ-അമേരിക്കന്‍ മാധ്യമസിദ്ധാന്തങ്ങളും അവയെ രീതിശാസ്ത്രമാക്കുന്ന വിഖ്യാതമായ മാധ്യമപഠനങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉളളടക്കം. നിശ്ചയമായും മറ്റു ഭൂഖണ്ഡങ്ങളിലും മാധ്യമപഠനസിദ്ധാന്തങ്ങളും മാതൃകകളും ധാരാളമുണ്ടാകുന്നുണ്ട്. ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ രൂപംകൊളളുന്ന ബദല്‍, പ്രതിരോധ മാധ്യമപഠനങ്ങളുള്‍പ്പെടെ. പക്ഷെ അവയുടെപോലും പ്രത്യയശാസ്ത്ര പിന്‍ബലം നവമാര്‍ക്‌സിസ്റ്റ്, കോളനിയനന്തര, സ്ത്രീവാദ രാഷ്ട്രീയങ്ങളാണ്. യൂറോ-അമേരിക്കന്‍ മാധ്യമസിദ്ധാന്തങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും അപരിചിതമല്ല ഇവയൊന്നുംതന്നെ. ലാറ്റിനമേരിക്കന്‍-ഏഷ്യന്‍ മാധ്യമപഠനരംഗത്ത് തനതായി രൂപംകൊളളുന്ന യൂറോ-അമേരിക്കന്‍ മാധ്യമസംസ്‌കാരങ്ങളോടുളള വിമര്‍ശനത്തില്‍പോലും മേല്പറഞ്ഞ സിദ്ധാന്തങ്ങളുടെ സ്വാധീനം പ്രകടമാണ്. എന്നുവച്ചാല്‍ നിലവിലുളള ലോകമാധ്യമപഠനമണ്ഡലത്തിന്റെ തന്നെ വലിയൊരു പരിച്ഛേദമാണ് ഈ ഗ്രന്ഥം എന്നര്‍ഥം

ഷാജി ജേക്കബ്