Media Perspectives for the 21 Century

‘Hello information, goodbye News!'
രണ്ടായിരത്തി പതിനൊന്നില്‍ പ്രസിദ്ധീകൃതമായ ഈ ഗ്രന്ഥത്തില്‍ രണ്ടു ഭാഗങ്ങളിലായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാധ്യമസംസ്‌കാരത്തെക്കുറിച്ചുളള പതിമൂന്നു പഠനലേഖനങ്ങള്‍ ഉള്‍ക്കൊളളുന്നു. 'സമകാലമാധ്യമങ്ങള്‍' എന്ന ഒന്നാംഭാഗത്ത് പൊതുവില്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന സാംസ്‌കാരികാനുഭവങ്ങളെക്കുറിച്ചുളള ആറും 'ഡിജിറ്റല്‍ കാലത്തെ ആശയവിനിമയം' എന്ന രണ്ടാംഭാഗത്ത് നവമാധ്യമങ്ങളെ കേന്ദ്രീകരിക്കുന്ന ഏഴും രചനകള്‍. വടക്കേ അമേരിക്കന്‍, യൂറോപ്യന്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെടുന്ന സാധാരണ മാധ്യമപഠനങ്ങളില്‍ നിന്നു ഭിന്നമായി വടക്കും തെക്കും അമേരിക്കന്‍, യൂറോപ്യന്‍, ഏഷ്യന്‍ മാധ്യമണ്ഡലങ്ങളെ സ്പര്‍ശിക്കുന്നവയാണ് ഈ ഗ്രന്ഥത്തിലെ രചനകള്‍.
ആഗോളവല്‍ക്കരണം സൃഷ്ടിച്ച ഏറ്റവും പ്രകടമായ മാറ്റങ്ങളിലൊന്ന് മാധ്യമരംഗത്തെ സാങ്കേതികവും സംവേദനപരവുമായ കുതിപ്പാണ്. ഏതാണ്ടെല്ലാ ഭൂഖണ്ഡങ്ങളിലെയും മിക്കവാറും രാജ്യങ്ങള്‍ ഒരേതോതില്‍ തന്നെ മാധ്യമീകരണത്തിന്റെയും വിപണികേന്ദ്രിത-നവ-ഉദാരവല്‍കൃത സാമ്പത്തിക നയങ്ങളുടെയും വഴികളിലൂടെ കടന്നുപോകുകയുണ്ടായി, ഇക്കഴിഞ്ഞ ദശകത്തില്‍. അച്ചടിമാധ്യമസംസ്‌കാരത്തെ ഏതാണ്ടു പൂര്‍ണമായിത്തന്നെ നിഷ്പ്രഭമാക്കിക്കൊണ്ട് ദൃശ്യ-ശ്രവ്യമാധ്യമസംസ്‌കാരം മേല്‍ക്കൈ മേടുകയുണ്ടായി ഇക്കാലത്ത്. പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഈ ദൃശ്യ-ശ്രവ്യമാധ്യമസംസ്‌കാരം തന്നെയും ഡിജിറ്റൈസേഷനും ബഹുമാധ്യമീകരണത്തിനും വിധേയമാവുകയും ചെയ്തു. ഇന്റര്‍നെറ്റ്, മൊബൈല്‍, ഓണ്‍ലൈന്‍ സാങ്കേതിക മാധ്യമങ്ങള്‍ തുടങ്ങിയവ സ്വന്തം നിലയിലും അച്ചടി-ദൃശ്യ-ശ്രവ്യമാധ്യമങ്ങള്‍ക്കു മേലും സൃഷ്ടിക്കുന്ന പ്രഭാവമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാധ്യമസംസ്‌കാരത്തിന്റെ അടിത്തറ. മാധ്യമ ഉളളടക്കത്തിന്റെ നിര്‍മാണ-വിതരണ-ഉപഭോഗ തലങ്ങളിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളിലൊന്ന് മാധ്യമങ്ങളും അവയുടെ പ്രേക്ഷകരും തമ്മിലുളള ബന്ധത്തില്‍ വന്നതാണ്. ഉപയോക്താക്കള്‍ (users), ഉപഭോക്താക്കള്‍ (consumers) എന്നീ ഭിന്നപദവികളിലേക്കു മാറിയ പ്രേക്ഷകര്‍ (audience) അച്ചടി ഉള്‍പ്പെടെയുളള പരമ്പരാഗത മാധ്യമങ്ങളെ പുതിയ രീതിയില്‍ നിര്‍വചിക്കുക തന്നെ ചെയ്തു. ഇടപെടല്‍ (interactive) സാധ്യതകള്‍ മുന്‍നിര്‍ത്തി നവമാധ്യമങ്ങള്‍ സ്വയവും ആധുനിക മാധ്യമങ്ങളിലൂടെയും നിര്‍വചിക്കുന്ന സാമൂഹിക ദൗത്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങള്‍ (social media) ഉള്‍പ്പെടെയുളള ഗണങ്ങളിലേക്ക് അവയ്ക്കു വ്യാപനം നല്‍കിയിട്ടുളളത്. ഡിജിറ്റല്‍ സാങ്കേതികത മാധ്യമങ്ങളിലും മാധ്യമപഠനത്തിലും സൃഷ്ടിച്ച വ്യതിയാനമാണ് ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ഈ ഗ്രന്ഥത്തിന്റെ സ്വഭാവവും സ്വരുപവും. മുഖ്യമായും മാധ്യമസംലയനം (Media convergence) എന്ന പ്രക്രിയയിലൂടെ ബഹുജനമാധ്യമ (Mass Media) സ്വഭാവം കൈവരിച്ച ആധുനികാനന്തര-നവ ഡിജിറ്റല്‍ മാധ്യമങ്ങളുടെ സാമൂഹിക പ്രഭാവങ്ങളാണ് ഈ ഗ്രന്ഥത്തിലെ പഠനലേഖനങ്ങള്‍ പൊതുവില്‍ ചര്‍ച്ചചെയ്യുന്നത് എന്നും പറയാം. ചരിത്രം, രാഷ്ട്രതന്ത്രം, സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം, നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, സാഹിത്യം തുടങ്ങിയ വിജ്ഞാനമേഖലകളില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ച് മാധ്യമ-വിനിമയ പഠനങ്ങള്‍ രൂപംകൊളളുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിലാണെങ്കിലും അതിന് വന്‍തോതിലുളള അക്കാദമിക-സൈദ്ധാന്തിക വ്യാപ്തി കൈവരുന്നത് രണ്ടാം പകുതിയിലാണ്. വിശേഷിച്ചും ടെലിവിഷന്റെ പ്രചാരത്തിനൊപ്പം. അതുവരെ മാധ്യമങ്ങളുടെ ചരിത്രം മാത്രം പഠിച്ചിരുന്ന അക്കാദമികപണ്ഡിതര്‍ സാംസ്‌കാരികപഠനം, ജനപ്രിയസംസ്‌കാരപഠനം, ചലച്ചിത്രപഠനം, മാധ്യമപ്രവര്‍ത്തനപരിശീലനം, വാര്‍ത്താവിനിമയപഠനം, സ്ത്രീവാദം തുടങ്ങിയ പഠനപദ്ധതികളിലൂടെ മാധ്യമപഠനങ്ങളെ മുന്നോട്ടു കൊണ്ടുപോയി. എങ്കിലും ബഹുവിജ്ഞാനപരം(Multidisciplinary) എന്നതിനെക്കാള്‍ അന്തര്‍വിജ്ഞാനപരം (Interdisciplinary) എന്ന നിലയിലാണ് ഇന്ന് മാധ്യമപഠനങ്ങള്‍ നിലനില്‍ക്കുന്നത്.കെ. നോര്‍ഡന്‍ സ്‌ട്രെംഗ് മുന്നോട്ടുവയ്ക്കുന്ന ഒരു നിരീക്ഷണം 1950കള്‍ തൊട്ടുളള പാശ്ചാത്യ മാധ്യമപഠനസമ്പ്രദായങ്ങളെ ആറു ദശകങ്ങളിലെ ആറു ഘട്ടങ്ങളായി ക്രോഡീകരിക്കുന്നുണ്ട്. 1950കള്‍ യൂറോ-അമേരിക്കന്‍ മാധ്യമപഠനങ്ങളുടെ വ്യവസ്ഥാപനഘട്ടമാണ്. 1960 കളില്‍ സാമൂഹ്യ-രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ സാമൂഹ്യ-മാനവിക വിജ്ഞാനങ്ങളിലും വാര്‍ത്താവിനിമയ മണ്ഡലങ്ങളിലും സൃഷ്ടിച്ച പ്രഭാവം മാധ്യമപഠനങ്ങളെ നിര്‍ണയിച്ചു. 1970 കളില്‍ മാധ്യമകുത്തകകള്‍ക്കും അക്കാദമിക വരേണ്യവാദങ്ങള്‍ക്കുമെതിരെ ഇടതുപക്ഷ മാധ്യമപഠനങ്ങള്‍ മേല്‍ക്കൈ നേടി. 1980 കളില്‍ ഇടതുപക്ഷപഠനങ്ങളെക്കാള്‍ സ്വീകാര്യത നേടിയ പുതിയ രീതിശാസ്ത്രങ്ങളില്‍ ജനപ്രിയസംഗീതം, ഫാഷന്‍, പരസ്യം, സ്‌പോര്‍ട്‌സ് തുടങ്ങിയവ വിശകലനം ചെയ്യപ്പെട്ടു. 1990 കളില്‍ മാധ്യമപഠനമണ്ഡലം നവലിബറല്‍ രാഷ്ട്രീയത്തിന്റെയും കമ്യൂണിക്കേഷന്‍ വിപ്ലവത്തിന്റെയും സ്വാധീനത്തിലായി. 2000 മുതലുളള ദശകത്തിലാകട്ടെ, മുഖ്യമായും ആഗോളവല്‍ക്കരണത്തിന്റെ വൈരുദ്ധ്യങ്ങളുടെ തുറന്നുകാണിക്കലുകളും വിമര്‍ശനങ്ങളുമായി മാറി, മാധ്യമപഠനങ്ങള്‍.മേല്പറഞ്ഞ ഘട്ടങ്ങളില്‍ അവസാനത്തെ രണ്ടെണ്ണം (1990കള്‍ തൊട്ട്) സൃഷ്ടിച്ച പ്രതീതികളുടെ വിശകലനമാണ് അടിസ്ഥാനപരമായി ഈ ഗ്രന്ഥം മുന്നോട്ടു വയ്ക്കുന്ന പഠനങ്ങളുടെ സ്വഭാവം. യൂറോ-അമേരിക്കന്‍ പശ്ചാത്തലങ്ങളില്‍ നിന്നെന്നപോലെ ഏഷ്യന്‍-ആഫ്രിക്കന്‍ പശ്ചാത്തലങ്ങളില്‍ നിന്നും ഈ ഘട്ടത്തില്‍ ധാരാളം മാധ്യമപഠനങ്ങള്‍ രൂപംകൊളളുന്നു. എഡിറ്റര്‍ സൂചിപ്പിക്കുന്നതുപോലെ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ഇരുപത്തഞ്ചു വര്‍ഷങ്ങളില്‍ മാധ്യമപഠനരംഗത്തുണ്ടാകേണ്ട ഗവേഷണ കാര്യപരിപാടിയുടെ രൂപരേഖയെന്ന നിലയില്‍ കൂടി കാണണം ഈ രചനകളെ.ഒന്നാംഭാഗത്തെ ആദ്യലേഖനം വിവരമാധ്യമങ്ങളുടെ പ്രചരണത്തിനു സമാന്തരമായി 'സോഷ്യല്‍ ഡമോക്രസി' ദുര്‍ബ്ബലമാകുന്നതിനെക്കുറിച്ചാണ്. ജനാധിപത്യത്തിന്റെ രൂപീകരണത്തിനും നിലനില്‍പ്പിനും പിന്നിലെ സുപ്രധാനഘടകം മാധ്യമങ്ങളുടെ സാന്നിധ്യവും ഇടപെടലുമാണ്. ഭരണകൂടം നിയന്ത്രിക്കുന്ന പൊതുമേഖലാ മാധ്യമങ്ങളുടെ സക്രിയമായ പങ്കാളിത്തമാണ് ജനാധിപത്യ വ്യവസ്ഥ സാധ്യമാക്കിയത് എന്നു പറയാറുണ്ട്. ബി.ബി.സി. ഉള്‍പ്പെടെയുളളവയെ മുന്‍നിര്‍ത്തി ഫ്രാങ്ക് വെബ്സ്റ്റര്‍ ചര്‍ച്ചചെയ്യുന്നത് ഈയവസ്ഥക്കുണ്ടായ തകര്‍ച്ചയെക്കുറിച്ചാണ്. പൊതുമണ്ഡല സങ്കല്പനത്തിനു ലഭിക്കുന്ന അമിത പ്രാധാന്യം റദ്ദുചെയ്യപ്പെടേണ്ടതാണെന്ന നിലപാടും വെബ്സ്റ്റര്‍ക്കുണ്ട്.ഡിജിറ്റല്‍ മാധ്യമകാലത്ത് രാഷ്ട്രീയ മാധ്യമപ്രവര്‍ത്തനത്തിനു സംഭവിച്ച പരിണാമങ്ങളാണ് രണ്ടാമത്തെ ലേഖനത്തിന്റെ വിഷയം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആഗോള രാഷ്ട്രീയ മാറ്റങ്ങള്‍ക്കു പിന്നിലെ മാധ്യമപ്രഭാവം, 2008 ലെ ഒബാമയുടെ തെരഞ്ഞെടുപ്പ് .ഉള്‍പ്പെടെയുളളവ മുന്‍നിര്‍ത്തി വെബ്സ്റ്റര്‍ നടത്തുന്ന വിശകലനത്തിന്റെ തുടര്‍ച്ചയെന്നോണം അവതരിപ്പിക്കുന്നു, ഈ ലേഖനം. ആധുനിക മാധ്യമങ്ങള്‍ നവമാധ്യമങ്ങളെ ഉള്‍ക്കൊളളുന്നതിലൂടെ പുതിയൊരു രാഷ്ട്രീയ, മാധ്യമസംസ്‌കാരത്തിനു തുടക്കമിട്ടതിനെക്കുറിച്ചാണ് ഇതില്‍ ചര്‍ച്ചചെയ്യുന്നത്. പാര്‍ട്ടി മാധ്യമങ്ങള്‍ വിട്ട് പൊതുമാധ്യമങ്ങളില്‍ ചേക്കേറുന്ന രാഷ്ട്രീയനേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ജനങ്ങളിലേക്ക് ഏകപക്ഷീയമായി നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും വിക്ഷേപിക്കുന്നതിനു പകരം, അവരെ വിശ്വാസത്തിലെടുക്കുന്ന നിലയില്‍ ചര്‍ച്ചകളും പ്രതികരണങ്ങളും ക്ഷണിക്കുന്ന രാഷ്ട്രീയ-മാധ്യമസംസ്‌കാരം രൂപപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഈ പഠനം വിശദീകരിക്കുന്നത്. പാര്‍ട്ടിയംഗങ്ങളോടെന്നതിനെക്കാള്‍ പൊതുജനങ്ങളോട് സംവദിക്കാനുളള വേദി എന്ന നിലയിലാണ് പല നേതാക്കളും നവമാധ്യമങ്ങളെ കാണുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയ-മാധ്യമബന്ധങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ശ്രദ്ധേയമായ പഠനമാണ് ഈ ലേഖനം.വാര്‍ത്ത എന്ന മാധ്യമരൂപത്തിന് നവമാധ്യമകാലത്തു കൈവന്ന മാറ്റങ്ങളാണ് ശാന്തോ അയ്യങ്കാര്‍ വിവരിക്കുന്നത്. ഇ-മെയ്ല്‍ തൊട്ട് സാമൂഹ്യമാധ്യമങ്ങള്‍ വരെയുളളവയിലൂടെ പ്രചരിക്കുന്ന ആയിരക്കണക്കിനു വാര്‍ത്തകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമിടയില്‍ ആധുനിക മാധ്യമങ്ങളുടെ വാര്‍ത്താസംസ്‌കാരം എങ്ങനെ നിലനില്‍ക്കുമെന്നാണ് ഇവിടെ അന്വേഷിക്കപ്പെടുന്നത്. രണ്ടു മാറ്റങ്ങളാണ് പരമ്പരാഗത മാധ്യമങ്ങളെ ഭയപ്പെടുത്തുന്നത്. ഒന്ന്, പുതിയ തലമുറ, വാര്‍ത്തകള്‍ക്കായി നവമാധ്യമങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നു. രണ്ട്, നവമാധ്യമങ്ങളെ വാര്‍ത്തകള്‍ക്കാശ്രയിക്കുന്നവര്‍ താരതമ്യേന ഇടപെടല്‍ (Interactive) സാധ്യതകള്‍ കൂടുതലുപയോഗപ്പെടുത്തുകയും അതുവഴി തങ്ങള്‍ക്കുകൂടി വാര്‍ത്തകളുടെ നിര്‍മിതിയിലും വ്യാപനത്തിലും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു. നാലാമത്തെ ലേഖനം, ആഗോളവല്‍ക്കരണത്തിന്റെ പ്രത്യയശാസ്ത്രം ഏറ്റെടുക്കുന്ന 'ഇന്‍ഫൊട്ടെയ്ന്‍മെന്റ്' സംസ്‌കാരത്തെക്കുറിച്ചാണ്. മുഖ്യമായും ഇന്ത്യന്‍ വാര്‍ത്താടെലിവിഷനെ കേന്ദ്രീകരിക്കുന്ന സ്വകാര്യ,  ഡിജിറ്റല്‍, വിപണി മാധ്യമസംസ്‌കാരമാണ് ഇവിടെ വിഷയം. സാമൂഹ്യ അജണ്ടകളില്‍ നിന്ന് ഇന്‍ഫൊട്ടെയ്ന്‍മെന്റ് അജണ്ടകളിലേക്കുളള ചുവടുമാറ്റമാണ് ഇതിന്റെ അടിത്തറ. ബോളിവുഡും ക്രിക്കറ്റും മേല്‍ക്കോയ്മ നേടുന്ന ഇന്ത്യന്‍ വാര്‍ത്താചാനലുകളുടെ ഒരവലോകനമാണ് ഈ രചന.അത്രമേല്‍ സാധാരണമല്ലാത്ത ഒരു മാധ്യമപഠനസമീപനമാണ് മാധ്യമീകരിക്കപ്പെടുന്ന വികാരങ്ങളെക്കുറിച്ചുളള അടുത്തപഠനം. വൈകാരികതയുടെ വിപണി, വാണിജ്യ കേന്ദ്രങ്ങളായി മാറുന്ന വിനോദ-വാര്‍ത്താമാധ്യമങ്ങളുടെ സാമൂഹ്യശാസ്ത്രപരമായ അപഗ്രഥനം. ഭയം, വിശ്വാസം, ആവേശം, ആനന്ദം, വിസ്മയം, സ്‌നേഹം, ആഗ്രഹം, സഹാനുഭൂതി, ക്രോധം, പശ്ചാത്താപം, നിരാശ... മാധ്യമരൂപങ്ങള്‍ സൃഷ്ടിക്കുന്ന മാനവികാനുഭൂതികളുടെ പഠനമായി മാറുന്നു ഈ രചന. ഒന്നാം ഭാഗത്തെ അവസാന ലേഖനം 'മാധ്യമങ്ങളും കുടിയേറ്റവും' എന്നതാണ്. പ്രവാസ സമൂഹങ്ങളില്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ദേശീയ, വംശീയ, മതാത്മക ഗൃഹാതുരതകള്‍ മുതല്‍ വിനോദവ്യവസായം വരെയുളളവയുടെ വിശകലനം. ദേശീയസംസ്‌കാരവും ദേശീയസ്വത്വവും രാജ്യാന്തര-ആഗോളസംസ്‌കാരത്തോടും സ്വത്വത്തോടും സംഘര്‍ഷാത്മകമായി ഇടപെടുന്ന ജീവിത മേഖലകളുടെ മാധ്യമപ്രതിനിധാനങ്ങള്‍ ഉള്‍പ്പെടെയുളളവ ഇവിടെ പഠിക്കപ്പെടുന്നു. ജയിംസ് ക്ലിഫോര്‍ഡ്, അര്‍ജുന്‍ അപ്പാദുരൈ തുടങ്ങിയവരുടെ സിദ്ധാന്തങ്ങളിലാണ് ഈ പഠനത്തിന്റെ ഊന്നല്‍. ഹിന്ദി സിനിമയിലൂടെ നിലനിര്‍ത്തപ്പെടുന്ന പഞ്ചാബി പ്രവാസിസ്വത്വങ്ങളെക്കുറിച്ച് മേരി ഗില്ലസ്പി നടത്തുന്ന പഠനമുള്‍പ്പെടെയുളളവ ഇവിടെ സൂചിതമാകുന്നു. 'വിദൂരദേശീയത' (distance nationalism) എന്നാണ് ബനഡിക്ട് ആന്‍ഡേഴ്‌സണ്‍ ഇത്തരം പ്രവാസ, സങ്കരദേശീയതാഭാവനയെ വിളിക്കുന്നത്.രണ്ടാംഭാഗം, ഡിജിറ്റല്‍ യുഗത്തിലെ ആശയവിനിമയ മാധ്യമസംസ്‌കാരത്തെക്കുറിച്ചാണ്. ബഹുജന (Mass) മാധ്യമങ്ങളില്‍ നിന്ന് ശൃംഖലാ(network) മാധ്യമങ്ങളിലേക്ക് എന്ന ഒന്നാമത്തെ പഠനം (Gustavo Cardoso എന്ന പോര്‍ച്ചുഗീസ് മാധ്യമനിരൂപകന്റേത്) മാധ്യമസാങ്കേതികതയെയും ഉളളടക്കത്തെയും മാനുവല്‍ കാസ്റ്റലസിന്റെ പ്രസിദ്ധമായ ശൃംഖലാസമൂഹ(network society)സങ്കല്പനവുമായി ചേര്‍ത്തുനിര്‍ത്തി വ്യാഖ്യാനിക്കുകയാണ് ഇവിടെ. ടെലിവിഷന്‍, ഇന്റര്‍നെറ്റ് എന്നീ രണ്ടു മാധ്യമങ്ങള്‍ക്കു കൈവന്ന പ്രാമാണ്യവും മേല്‍ക്കോയ്മയുമാണ് ശൃംഖലാപരവും ഡിജിറ്റല്‍പരവുമായ നവമാധ്യമകാലത്തെ ഏറ്റവും പ്രധാന മാറ്റമെന്ന് ചൂണ്ടിക്കാണിക്കുന്നു, കാര്‍ഡോസോ. ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ പഠനമിതാണ്.'മാധ്യമജീവിതം' എന്ന അടുത്ത ലേഖനം, മാധ്യമങ്ങള്‍ മനുഷ്യജീവിതത്തില്‍ നേടിയ അപൂര്‍വമായ നിര്‍ണായകത്വങ്ങള്‍ വിശകലനം ചെയ്യുന്നു. സൈബര്‍ സ്‌പേസിന്റെ നരവംശശാസ്ത്രം (Anthropology of Cyberspace) എന്ന് അന്തോണിയോ നെഗ്രിയും മറ്റും വിളിക്കുന്ന ഒരവസ്ഥയില്‍ 'മാധ്യമങ്ങള്‍ക്കൊപ്പം' (with media) എന്നതിനെക്കാള്‍ 'മാധ്യമങ്ങളില്‍' (In Media) ജീവിക്കുകയാണ് നാം. അതാണ് മാധ്യമജീവിതം-മാര്‍ക്ക് ഡ്യൂസ് എഴുതുന്നു (p. 138) മാര്‍ഷല്‍ മക്‌ലൂഹന്‍ മുതല്‍ മാനുവല്‍ കാസ്റ്റലസ് വരെയുളളവരുടെ സിദ്ധാന്തങ്ങള്‍ മുന്‍നിര്‍ത്തി ഡ്യൂസ് ഈ വിഷയം ചര്‍ച്ചചെയ്യുന്നു.ഡിജിറ്റല്‍ കാലത്തെ ചരക്കുഭക്തി (Commodity fetishism) യെക്കുറിച്ചാണ് 'ഉപഭോഗസംസ്‌കാരവും നവമാധ്യമങ്ങളും' എന്ന അടുത്ത ലേഖനം വിശദീകരിക്കുന്നത്. ഫ്രാങ്ക് ഫര്‍ട്ട് സ്‌കൂള്‍ ചിന്തകരുടെ സംസ്‌കാര, വ്യവസായ ചര്‍ച്ച മുതല്‍ തുടങ്ങുന്ന മാധ്യമ-വിപണിയുടെ സമകാല പരിണാമങ്ങള്‍ ഈ രചന വിശകലനം ചെയ്യുന്നു. മാധ്യമങ്ങളിലെ പരസ്യ-വിപണി സംസ്‌കാരത്തിന്റെ അധീശത്വമാണ് നമ്മുടെ കാലത്തിന്റെ ഭക്തിപ്രസ്ഥാനം.ആധുനിക മാധ്യമങ്ങളില്‍ ഗവേഷണാത്മകമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നതില്‍ ഇന്റര്‍നെറ്റിനുളള പങ്കന്വേഷിക്കുന്നു, അടുത്ത രചന. പൊതുമാധ്യമ പ്രവര്‍ത്തനവും പൗരമാധ്യമപ്രവര്‍ത്തനവും (Public Journalism and Citizen Journalism) തമ്മിലുളള ബന്ധത്തെക്കുറിച്ചു പഠിക്കുന്നു, അടുത്ത ലേഖനം. നവമാധ്യമ സാങ്കേതികത, നവമാധ്യമസമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രഭാവങ്ങളിലൊന്നായാണ് പൗരമാധ്യമ പ്രവര്‍ത്തനം വിലയിരുത്തപ്പെടുന്നത്. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകര്‍ മുന്‍പ് നിര്‍വഹിച്ചിരുന്നതിനെക്കാള്‍ ജനാധിപത്യപരമായി ഈ രീതിക്ക് മാധ്യമങ്ങളില്‍ ഇടപെടാന്‍ കഴിയുന്നു.ഫേസ്ബുക്കില്‍ സൃഷ്ടിക്കപ്പെടുന്ന സാമൂഹ്യ മൂലധനം (Social Capital) എന്ന ആശയത്തെ മുന്‍നിര്‍ത്തിയുളള പഠനമാണ് തുടര്‍ന്നു വരുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും ജനപ്രിയവും ഫലപ്രദവുമായ ഫേസ്ബുക്കിന്റെ മാധ്യമ സാംസ്‌കാരിക സാധ്യതകള്‍ വിശകലനം ചെയ്യപ്പെടുന്ന രചന. ഡിജിറ്റല്‍ അസമത്വമെന്ന വിഷയത്തെക്കുറിച്ചാണ് അവസാന ലേഖനം. ഇന്റര്‍നെറ്റിന്റെ രാഷ്ട്രീയ പ്രതീതികളെന്താണ്? നവ/ഡിജിറ്റല്‍ മാധ്യമങ്ങള്‍ പൊതുമണ്ഡലത്തെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുന്നുണ്ടോ? എന്നിങ്ങനെയുളള ചോദ്യങ്ങള്‍ക്കുളള ഉത്തരം, ഇത്തരം മാധ്യമങ്ങളുടെ പ്രാപ്യത, പ്രചാരം, അവയിലെ ബഹുജന സാക്ഷരത തുടങ്ങിയ നിരവധി ഘടകങ്ങളെയാണ് മുഖ്യമായും ആശ്രയിച്ചിരിക്കുന്നത്.ചുരുക്കത്തില്‍, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നവ/ഡിജിറ്റല്‍ മാധ്യമസംസ്‌കാരത്തിന്റെ സൂക്ഷ്മവും വ്യാപകവുമായ സാമൂഹ്യ-രാഷ്ട്രീയ പ്രതീതികള്‍ സൈദ്ധാന്തികവും ചരിത്രപരവും സാങ്കേതികവുമായി വിശകലനം ചെയ്തവതരിപ്പിക്കുന്നവയാണ് ഈ പഠനങ്ങള്‍ ഒന്നടങ്കം. സമകാല മാധ്യമപഠനത്തില്‍ ഏറെ പ്രയോജനകരമായി ഉപയോഗപ്പെടുത്താവുന്ന ഒരു ഗ്രന്ഥം.

 

ഷാജി ജേക്കബ്