Error message

Media and Cultural Studies

കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ തുടക്കമിടുകയും 1970 കളോടെ വ്യാപകമാകുകയും ചെയ്ത അക്കാദമിക, മാധ്യമപഠനങ്ങള്‍ പല കൈവഴികളിലൂടെയാണ് മുന്നോട്ടു പോന്നിട്ടുളളത്. മാര്‍ക്‌സിയന്‍ പരിപ്രേക്ഷ്യത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂള്‍ ചിന്തകരായ അഡോണോവും മറ്റും അവതരിപ്പിച്ച സംസ്‌കാരവ്യവസായസങ്കല്പനത്തിന്റെ ഭാഗമായി വിപണിമുതലാളിത്തം നിര്‍ണ്ണയിക്കുന്ന മാധ്യമസംസ്‌കാരത്തെക്കുറിച്ചുളള വിമര്‍ശനാത്മക പഠനങ്ങളാണ് ഒരു വിഭാഗം. ഇതേ പരിപ്രേക്ഷ്യത്തില്‍തന്നെ വാള്‍ട്ടര്‍ ബന്‍യമിന്‍ അവതരിപ്പിച്ച (എന്നാല്‍ പാടേ ഭിന്നമായ) ജനപ്രിയസംസ്‌കാര സാധ്യതകളെ പിന്‍പറ്റുന്നവയാണ് മറ്റൊരു സമീപനം. സാംസ്‌കാരികപഠനം (Cultural Studies) എന്ന പുതിയ പഠനമേഖല 1960 കളില്‍ രൂപം കൊടുത്ത ബഹുവിജ്ഞാനീയപരവും അന്തര്‍വിജ്ഞാനീയപരവുമായ (Multidisciplinary and Interdisciplinary) മാധ്യമവിശകലനങ്ങളുടേതാണ് മൂന്നാമത്തെ വിഭാഗം. ആശയ/വാര്‍ത്താവിനിമയ (Communication) പഠനങ്ങളെന്ന നിലയില്‍ സാങ്കേതികതക്ക് ഊന്നല്‍ നല്‍കുന്നവയാണ് നാലാമതൊരു സമീപനം. പൊതുമണ്ഡലമെന്ന ഹേബര്‍മാസിയന്‍ സങ്കല്പനത്തില്‍ ഊന്നുന്ന ലിബറല്‍, അക്കാദമികപഠനങ്ങളും മാധ്യമങ്ങളുടെ ചരിത്രം, ഗണം, രൂപം, ആഖ്യാനം, സാമൂഹിക പ്രതിനിധാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുളള പഠനങ്ങളുമൊക്കെയാണ് ഇനിയും ചിലത്. മേല്പറഞ്ഞ ഏതെങ്കിലും ഒരു പഠനമാര്‍ഗം പിന്തുടരുന്ന ഒറ്റകൃതികളും ഭിന്നമാര്‍ഗങ്ങളിലെഴുതപ്പെട്ട പഠനങ്ങളോ മാധ്യമപഠനസിദ്ധാന്തങ്ങളോ അവതരിപ്പിക്കുന്ന സമാഹാരങ്ങളും വിപണിയില്‍ സുലഭമാണ്. നിരവധിയായ സൈദ്ധാന്തിക നിലപാടുകളിലും രീതിശാസ്ത്രങ്ങളിലും ശ്രദ്ധയൂന്നുന്നവയാണ് ഇത്തരം സമാഹാരങ്ങളും മാധ്യമപഠനങ്ങളും. യൂറോ-അമേരിക്കന്‍ മാധ്യമപഠനങ്ങള്‍ക്ക് തുടക്കത്തിലുണ്ടായിരുന്ന മേല്‍ക്കൈ ഇന്നിപ്പോള്‍ നിരന്തരം പുറത്തുവരുന്ന ഏഷ്യന്‍ മാധ്യമപഠനങ്ങള്‍ക്കു മുന്നില്‍ അല്പമൊന്ന് കുറഞ്ഞിട്ടുണ്ടെങ്കിലും ആഗോളവല്‍ക്കരണകാലത്ത് മൂന്നുലോകങ്ങളും ഏറ്റവും കൂടുതല്‍ ഏകീഭവിക്കുന്ന സാംസ്‌കാരിക മണ്ഡലങ്ങളിലൊന്നാണ് വിപണിയെന്നപോലെ മാധ്യമങ്ങളും എന്നതിനാല്‍ ഏതു സമീപനവും ഏതൊരിടത്തും പ്രായോഗികമാണ്. കാരണം, മാധ്യമസംസ്‌കാരമെന്നത് അത്രമേല്‍ ആഗോളവല്‍കൃതമായിക്കഴിഞ്ഞു. മാധ്യമപഠനതത്വങ്ങളുടെ രംഗത്ത് കഴിഞ്ഞ പതിറ്റാണ്ടില്‍ പുറത്തുവന്ന ശ്രദ്ധേയമായ സമാഹാരങ്ങളില്‍ ചിലത് ഇവയാണ്. ഡഗ്ലസ് എം.കെല്‍നര്‍, മീനാക്ഷി ദുര്‍ഹം എന്നിവര്‍ എഡിറ്റുചെയ്ത ’Media and Cultural Studies’ (Blackwell, 2001), ഡേവിഡ് ക്രോച്യു, വില്യംസ് ഹൊയ്ന്‍സ് എന്നിവര്‍ എഡിറ്റുചെയ്ത ’Media Society’ (Pineforge press, 2003), പോള്‍മാരിസ്, സൂതോണാം എന്നിവര്‍ എഡിറ്റുചെയ്ത ’Media Studies’ (Edinburgh, 2005), ജെയിംസ് കുറാന്‍, ഡേവിഡ്‌മോര്‍ലി എന്നിവര്‍ എഡിറ്റുചെയ്ത ’Media and Cultural Theory’ (Routledge, 2006), ഡേവിഡ് ഹെസ്മന്താള്‍, ജേസണ്‍ ടോയ്ന്‍ബി എന്നിവര്‍ എഡിറ്റുചെയ്ത ‘The Media and Social Theory’ (Routledge, 2008). ഇവയില്‍ ആദ്യഗ്രന്ഥമാണ് വായന ഈ ലക്കത്തില്‍ പരിചയപ്പെടുത്തുന്നത്. (മറ്റുളളവ തുടര്‍ന്നുളള ലക്കങ്ങളില്‍ പരിചയപ്പെടുത്തുന്നതാണ്).
സംസ്‌കാരത്തെക്കുറിച്ചുളള ഏതുപഠനത്തെയും വിളിക്കുന്ന പേരല്ല സാംസ്‌കാരികപഠനമെന്നത്. സവിശേഷമായ രാഷ്ട്രീയ, പ്രത്യയശാസ്ത്ര സമീപനങ്ങള്‍ പിന്തുടരുന്ന ഒന്നാണത്. കഴിഞ്ഞ നാലുദശകങ്ങളായി യൂറോ-അമേരിക്കന്‍ അക്കാദമികളിലും രണ്ടുദശകമായി ഏഷ്യന്‍ അക്കാദമികളിലും നടന്നുകൊണ്ടിരിക്കുന്ന സാംസ്‌കാരിക പഠനങ്ങളില്‍ പ്രമുഖമായ ഒരു മണ്ഡലം മാധ്യമങ്ങളുടേതാണ്. മാര്‍ക്‌സിസ്റ്റ്, ലിബറല്‍ സമീപനങ്ങളില്‍ ആധുനികാനന്തര, ഫെമിനിസ്റ്റ്, കോളനിയനന്തര, ചിഹ്നവിജ്ഞാനീയ, കീഴാളസിദ്ധാന്തങ്ങളും രീതിശാസ്ത്രങ്ങളും പിന്‍പറ്റുന്ന മാധ്യമപഠനതത്വങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന മുപ്പതുരചനകളുടെ സമാഹാരമാണ് മീനാക്ഷിയും കെല്‍നറും എഡിറ്റുചെയ്ത ഈ ഗ്രന്ഥം. സംസ്‌കാരം, പ്രത്യയശാസ്ത്രം, അധീശത്വം; സാമൂഹ്യജീവിതവും സാംസ്‌കാരികപഠനവും; രാഷ്ട്രീയ, സമ്പദ്ഘടന; പ്രതിനിധാനത്തിന്റെ രാഷ്ട്രീയം; ആധുനികാനന്തര വ്യതിയാനവും നവമാധ്യമങ്ങളും എന്നിങ്ങനെ അഞ്ചുഭാഗങ്ങള്‍. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ സാമൂഹ്യശാസ്ത്രം, രാഷ്ട്രീയം, സമ്പദ്ഘടന തുടങ്ങിയ പശ്ചാത്തലങ്ങളില്‍ രൂപംകൊളളുന്ന മാധ്യമപ്രതിനിധാനങ്ങളുടെ പ്രത്യയശാസ്ത്ര വിശകലനത്തെയാണ് മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം സാംസ്‌കാരികപഠനങ്ങള്‍ എന്നു വിളിക്കാന്‍ കഴിയുന്നത്. ഇത്തരം പഠനങ്ങള്‍ക്ക് അരങ്ങൊരുക്കുന്ന തത്വങ്ങളുടെയും അവ മുന്‍നിര്‍ത്തിയുണ്ടായ പ്രശസ്തങ്ങളായ ചില പഠനങ്ങളുടെയും സങ്കല്പനങ്ങളുടെയും മാതൃകകളാണ് ഈ ഗ്രന്ഥത്തിലുളളത്. 1950 വരെയുളള കാലത്തെഴുതപ്പെട്ടവയാണ് ഒന്നാംഭാഗത്തെ അഞ്ചുരചനകളില്‍ നാലെണ്ണവും. കാള്‍മാര്‍ക്‌സും ഫ്രെഡറിക് എംഗല്‍സും ചേര്‍ന്നെഴുതിയ, ഭരണവര്‍ഗത്തെയും അവരുടെ ആശയങ്ങള്‍ക്കുളള മേല്‍ക്കോയ്മയെയും സംബന്ധിച്ച കാഴ്ചപ്പാടുകളവതരിപ്പിക്കുന്നു, ആദ്യരചന. പ്രഖ്യാതമായ ഈ വാക്യത്തിലാണ് തുടക്കം: “The ideas of the ruling class are in every epoch the ruling ideas; ie, the class which is the ruling material force of society is at the same time its ruling intellectual force”. അന്തോണിയോഗ്രാംഷിയുടെ കീഴാള, പ്രത്യയശാസ്ത്ര സങ്കല്പനങ്ങള്‍ വ്യക്തമാക്കുന്ന ഭാഗങ്ങളാണ് രണ്ടാമത്തെ രചനയുടെ ഉളളടക്കം. മാര്‍ക്‌സും എംഗല്‍സും ആവിഷ്‌ക്കരിച്ച വര്‍ഗ-വിപ്ലവ-പ്രത്യയശാസ്ത്ര-ഭരണകൂട തത്വങ്ങളുടെ ഏറ്റവും ജനകീയമായ പില്‍ക്കാല വ്യാഖ്യാനമെന്ന നിലയില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ലോകത്തെവിടെയും മാര്‍ക്‌സിയന്‍ സാംസ്‌കാരിക വിശകലനങ്ങളെ നിര്‍ണ്ണായകമായി സ്വാധീനിച്ച നിരീക്ഷണങ്ങള്‍ ഗ്രാംഷിയുടേതാണല്ലോ. പൗരസമൂഹം (civil society), ജൈവബുദ്ധിജീവി (organic intellectual), കീഴാളത (subalternity), അധീശത്വം (hegemony) തുടങ്ങിയവ മുന്‍നിര്‍ത്തി ഗ്രാംഷി വികസിപ്പിച്ചെടുത്ത സമീപനങ്ങള്‍ സാംസ്‌കാരികപഠനത്തെ വഴിതിരിച്ചുവിട്ടവയാണ്. തുടര്‍ന്നുളളത് മാധ്യമപഠനരംഗത്തെ ഏറ്റവും പ്രഖ്യാതവും നിലപാടുകളില്‍ പരസ്പരവിരുദ്ധവുമായ രണ്ടു മാര്‍ക്‌സിസ്റ്റ് പ്രബന്ധങ്ങളാണ്. വാള്‍ട്ടര്‍ ബന്‍യമിന്‍ 1930 കളിലെഴുതിയ, 'യാന്ത്രിക പുനരുല്പാദനം സാധ്യമാകുന്ന കാലത്തെ കലയുടെ അവസ്ഥ'യും ഇതിലെ നിരീക്ഷണങ്ങളോടു വിയോജിച്ചുകൊണ്ട് 1940 കളുടെ തുടക്കത്തില്‍ അഡോണോയും മാക്‌സ് ഹോക്മീറും ചേര്‍ന്നെഴുതിയ 'സംസ്‌കാരവ്യവസായം: ആള്‍ക്കൂട്ടവഞ്ചനയായി മാറുന്ന ജ്ഞാനോദയ'വും. 
മാധ്യമപഠനരംഗത്തും ജനപ്രിയസംസ്‌കാര പഠനരംഗത്തും മറ്റും 1940 കള്‍തൊട്ടുണ്ടായ മിക്കവാറും സമീപനങ്ങള്‍ക്കാധാരം ഈ രണ്ടു പ്രബന്ധങ്ങളില്‍ ഏതെങ്കിലുമൊന്നാണ് എന്നുതന്നെ പറയാം. ജനപ്രിയമാകുക മാത്രമാണ് കലയ്ക്ക് ജനാധിപത്യവല്‍ക്കരിക്കപ്പെടാനുളള വഴിയെന്നും കലയെ സംബന്ധിക്കുന്ന മുഴുവന്‍ വരേണ്യ, ഗൂഢാത്മക സങ്കല്പങ്ങളും അതിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ തകര്‍ന്നടിയുമെന്നും ബന്‍യമിന്‍ വാദിച്ചപ്പോള്‍ ഈ ജനപ്രിയവല്‍ക്കരണമെന്നത് സംസ്‌കാരത്തെ വ്യവസായവല്‍ക്കരിക്കുന്ന വിപണി മുതലാളിത്തത്തിന്റെ വ്യാജ ജനാധിപത്യമാണെന്ന് അഡോണോയും ഹോക്മീറും വാദിച്ചു. രണ്ടുവാദങ്ങളും ശരിയാണെന്നാണ് കാലം തെളിയിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂള്‍ചിന്തകരിലെ രണ്ടാം തലമുറയില്‍പെട്ട ജുര്‍ഗന്‍ ഹേബര്‍മാസ് 1962-ലവതരിപ്പിച്ച 'പൊതുമണ്ഡല' (public sphere)ത്തെക്കുറിച്ചുളള കാഴ്ചപ്പാടുകള്‍ സംഗ്രഹിക്കുന്ന ഒരു പില്‍ക്കാല രചനയാണ് ഒന്നാം ഭാഗത്തെ അവസാന ലേഖനം. കഴിഞ്ഞ അരനൂറ്റാണ്ടായി മാധ്യമപഠനരംഗത്ത് 'പൊതുമണ്ഡല'ത്തെക്കാള്‍ പ്രഭാവം ചെലുത്തിയ പരികല്പനകള്‍ മറ്റധികമില്ല എന്നുപോലും പറയാം.
1950-70 കാലത്തെഴുതപ്പെട്ട എട്ടു രചനകളുണ്ട് രണ്ടാം ഭാഗത്ത്. റൊളാങ് ബാര്‍ത്ത്, മാര്‍ഷല്‍ മക്‌ലൂഹന്‍, ഗൈ ദ ബോര്‍ഡ്, റെയ്മണ്ട് വില്യംസ്, സ്റ്റുവര്‍ട്ട്ഹാള്‍, ഇയാന്‍ ആംഗ് തുടങ്ങിയവരുടേതാണ് ഈ രചനകള്‍. സാംസ്‌കാരികപഠനരംഗത്തും മാധ്യമപഠനരംഗത്തും ഏറ്റവും പ്രശസ്തരായ അക്കാദമിക പണ്ഡിതര്‍ കൂടിയാണ് ഇവര്‍. പ്രത്യയശാസ്ത്രം എന്നുതന്നെ ബാര്‍ത്ത് വിളിക്കുന്ന മിത്തിനെയും പാരമ്പര്യത്തെയും കേന്ദ്രീകരിച്ചാണ് ആദ്യലേഖനങ്ങള്‍. ചിഹ്നവിജ്ഞാനീയമെന്ന രീതിശാസ്ത്രത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച ബാര്‍ത്തിന്റെ 'ങ്യവേീഹീഴശല'െ എന്ന ഗ്രന്ഥത്തിലെ സംസ്‌കാരപഠന സമ്പ്രദായങ്ങളാണ് മേല്പറഞ്ഞവ. ലിബറല്‍ മാധ്യമപഠനത്തിന്റെ മിശിഹാ എന്നറിയപ്പെടുന്ന മക്‌ലൂഹന്റെ 'മാധ്യമമാണ് സന്ദേശം' എന്ന പ്രഖ്യാതമായ രചന അദ്ദേഹത്തിന്റെ 'മാധ്യമങ്ങളെ മനസ്സിലാക്കല്‍' (Understanding Media) എന്ന ഗ്രന്ഥത്തില്‍ നിന്നാണ്. 'ഗുട്ടന്‍ബര്‍ഗ്' സംസ്‌കാരത്തില്‍നിന്ന് ഭിന്നമായി 'ഇലക്ട്രിക്' മാധ്യമങ്ങളായ റേഡിയോയും ടെലിവിഷനുമൊക്കെ സൃഷ്ടിക്കുന്ന സാങ്കേതികതയുടെ വിപ്ലവങ്ങളാണ് മക്‌ലൂഹന്റെ വിഷയം. മാധ്യമങ്ങള്‍ തന്നെയാണ്, അവയുടെ ഉളളടക്കമല്ല യഥാര്‍ഥ സന്ദേശം എന്ന് മക്‌ലൂഹന്‍ സ്ഥാപിക്കുന്നു. ബാര്‍ത്തിന്റെ സമകാലികനും ഫ്രഞ്ച് സൈദ്ധാന്തികനുമായ ഗൈ ദ ബോര്‍ഡ്, 'ദൃശ്യവിസ്മയത്തിന്റെ സമൂഹം' (The Society of the spectacle) എന്ന സമീപനമാണ് മുന്നോട്ടുവയ്ക്കുന്നത്. ഉല്പന്നങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍വരെ എന്തും ഏതും ആരും ദൃശ്യവിസ്മയങ്ങളായവതരിപ്പിക്കപ്പെടുന്ന മാധ്യമസംസ്‌കാരം യഥാര്‍ഥ ജീവിതത്തെ അയഥാര്‍ഥവും പകിട്ടു കുറഞ്ഞതും വിരസവുമാക്കി മാറ്റുന്നു; അവയുടെ മാധ്യമീകൃത രൂപങ്ങളാണ് കൂടുതല്‍ യഥാര്‍ഥം എന്ന ധാരണ പ്രബലമാകുകയും ചെയ്യുന്നു. 
അഡോണോയും ഹോക്മീറും സംസ്‌കാരവ്യവസായമെന്ന സംജ്ഞ രൂപീകരിക്കാന്‍ വഴിയൊരുക്കിയ വാള്‍ട്ട്ഡിസ്‌നി കാര്‍ട്ടൂണുകള്‍ എന്ന പ്രതിഭാസത്തെ ലാറ്റിനമേരിക്കന്‍ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു, ഏറിയല്‍ ഡോര്‍ഫ്മാനും അര്‍മണ്ട് മറ്റലാര്‍ട്ടും. സാംസ്‌കാരികപഠനത്തിന്റെ ഏറ്റവും പ്രമുഖരായ രണ്ടു വക്താക്കളുടേതാണ് തുടര്‍ന്നുളള രണ്ടു ലേഖനങ്ങള്‍. റെയ്മണ്ട് വില്യംസിന്റേതും സ്റ്റുവര്‍ട്ട് ഹാളിന്റേതും. വില്യംസ്, മാര്‍ക്‌സിസ്റ്റ് സംസ്‌കാരസിദ്ധാന്തത്തിലെ അടിത്തറ-മേല്‍പ്പുര സങ്കല്പം വ്യാഖ്യാനിക്കുന്നു. സംസ്‌കാരവും സമൂഹവും തമ്മിലുളള ബന്ധം ചര്‍ച്ച ചെയ്യുന്ന വില്യംസ് സംസ്‌കാരത്തെ പുതിയരീതിയില്‍ നിര്‍വചിക്കുക മാത്രമല്ല, അതിലെ വരേണ്യ-അധമ വിഭജനംപോലുളള സമീപനങ്ങളെ നിരാകരിക്കുകയും ചെയ്യുന്നു. ബാര്‍ത്തിന്റെയും ഉംബര്‍ട്ടോ എക്കോയുടെയും മറ്റും ചിഹ്നവിജ്ഞാനീയസമീപനം പിന്‍പറ്റി, മാധ്യമസന്ദേശങ്ങളുടെ സങ്കേതന-വിസങ്കേതന സങ്കല്പനം (encoding-decoding) അവതരിപ്പിക്കുകയാണ് ഹാള്‍. വായനയുടെ സ്വാതന്ത്ര്യവും വ്യാഖ്യാനത്തിന്റെ സാധ്യതകളും മുന്‍നിര്‍ത്തിയുളള മാധ്യമപഠനത്തിലെ ഏറ്റവും പ്രമുഖമായ രീതിശാസ്ത്രമായി മാറി, ഇതു പിന്നീട്.  പ്രേക്ഷകരെ കേന്ദ്രീകരിച്ചു നടത്തുന്ന സര്‍വേയിലൂടെ മാധ്യമപാഠങ്ങളുടെ സാംസ്‌കാരിക വിശകലനം നടത്തുന്നതില്‍ ഇയാന്‍ ആംഗിനോളം പ്രശസ്തി മറ്റാര്‍ക്കുമില്ല. 'ഡളളാസ്' എന്ന ടെലിവിഷന്‍പരമ്പര മുന്‍നിര്‍ത്തി ആംഗ് നടത്തിയ പഠനം ഈ രംഗത്തെ ക്ലാസിക്കാണ്.
1980-90 കാലഘട്ടത്തെ മുന്‍നിര്‍ത്തിയെഴുതപ്പെട്ട 'മാധ്യമങ്ങളും രാഷ്ട്രീയ സമ്പദ്ഘടനയും' എന്ന മൂന്നാംഭാഗത്ത് ആറു രചനകളുണ്ട്. വാര്‍ത്താവിനിമയത്തിന്റെ സാങ്കേതികത മുതല്‍ ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ നവകൊളോണിയല്‍ അജണ്ടകള്‍വരെ ഇവയില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. യൂറോപ്പിലും വടക്ക് - തെക്ക് അമേരിക്കകളിലും നിന്നുളളവയാണ് പഠനലേഖനങ്ങള്‍. അടിത്തറ-മേല്പുരവാദത്തിന്റെ പുനര്‍വായനയിലൂടെ സമകാല മുതലാളിത്തവും മാധ്യമങ്ങളും തമ്മിലുളള ബന്ധം വിശകലനം ചെയ്യുന്നു, നിക്കൊളസ് ഗര്‍ണാം. മാധ്യമ ഉപഭോഗത്തിന്റെ സമ്പദ്ഘടന അവലോകനം ചെയ്യുന്നു, ഡളളാസ് സ്‌മൈത്ത്. എഡ്വേര്‍ഡ് എസ്. ഹെര്‍മനും നോംചോംസ്‌കിയും തങ്ങളുടെ വിഖ്യാതമായ പഠനത്തില്‍ വിപണി മുതലാളിത്തവും മാധ്യമ ഉളളടക്കവും തമ്മിലുളള ബന്ധങ്ങള്‍ വിശകലനം ചെയ്യുന്നു. അഞ്ച് അരിപ്പ (filters)കളിലൂടെ (മാധ്യമ ഉടമസ്ഥത, പരസ്യം, വിദഗ്ദ്ധരുടെ സാന്നിദ്ധ്യം, ഭരണകൂട നിയമങ്ങള്‍, കമ്യൂണിസ്റ്റ് വിരുദ്ധത) നടപ്പാക്കപ്പെടുന്ന പ്രൊപ്പഗണ്ടാരാഷ്ട്രീയത്തിന്റെ മുതലാളിത്തമുഖം അനാവരണം ചെയ്യുന്നു, 'സമ്മതി നിര്‍മ്മാണ'മെന്ന തങ്ങളുടെ സങ്കല്പനത്തിലൂടെ ഹെര്‍മനും ചോംസ്‌കിയും. ഹെര്‍ബര്‍ട്ട് ഷില്ലറുടെ പഠനം കോര്‍പ്പറേറ്റ് കുത്തകകള്‍ ബഹുജനാഭിപ്രായം ഹൈജാക്ക് ചെയ്യുന്നതിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നു. ആള്‍ക്കൂട്ട സംസ്‌കാരവും അതിന്റെ ദൈനംദിന ജീവിതബന്ധവും മുന്‍നിര്‍ത്തുന്ന സൂസന്‍ വില്ലിസിന്റെയും ആഗോളവല്‍ക്കരണകാലത്തെ ലാറ്റിനമേരിക്കന്‍ മാധ്യമസംസ്‌കാരങ്ങള്‍ (സിനിമ, സര്‍ക്കസ്, റേഡിയോ, പത്രം, സംഗീതം...) പഠിക്കുന്ന മാര്‍ട്ടിന്‍ ബാര്‍ബെറോയുടെയും രചനകള്‍ തുടര്‍ന്നു വരുന്നു.
1975 മുതലുളള കാലത്തു രചിക്കപ്പെട്ട ശ്രദ്ധേയങ്ങളായ ആറു മാധ്യമപഠന മാതൃകകളാണ് നാലാം ഭാഗത്തുളളത്. 'പ്രതിനിധാനത്തിന്റെ രാഷ്ട്രീയം' എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഇവയോരോന്നും സിനിമ, ടെലിവിഷന്‍ തുടങ്ങിയ ബഹുജനമാധ്യമങ്ങളിലെ ലിംഗ, ന്യൂനപക്ഷ, ദേശീയ സംസ്‌കാരങ്ങളുടെ രാഷ്ട്രീയമാണ് മുഖ്യമായും അന്വേഷിക്കുന്നത്. ’Visual pleasure and Narrative Cinema’ എന്ന ലോറാമള്‍വിയുടെ ഏറെ പ്രശസ്തമായ ചലച്ചിത്രപഠനത്തിലാണ് തുടക്കം. സ്ത്രീയുടെ ചലച്ചിത്രപ്രതിനിധാനങ്ങളെക്കുറിച്ചുണ്ടായിട്ടുളള ഏറ്റവും ശ്രദ്ധേയമായ അന്വേഷണമാണ് മള്‍വിയുടെ ഈ പഠനം. മനോവിജ്ഞാനീയവും സ്ത്രീവാദവും സമര്‍ഥമായി കൂട്ടിയിണക്കുന്ന ചലച്ചിത്ര, മാധ്യമപഠനം. ലാറിഗ്രോസിന്റെ രചനയിലാകട്ടെ, ബഹുജനമാധ്യമങ്ങളിലെ ലൈംഗിക ന്യൂനപക്ഷ പ്രതിനിധാനങ്ങളെക്കുറിച്ചുളള പഠനമാണ്. മാധ്യമങ്ങള്‍ പ്രതീകാത്മക ഉന്മൂലനം (Symbolic annihilation) നടത്തുന്ന ലൈംഗികന്യൂനപക്ഷങ്ങളാണ് ഗ്രോസിന്റെ വിഷയം. ആഫ്രിക്കന്‍-അമേരിക്കന്‍ സ്ത്രീവാദ മാധ്യമ നിരൂപകരില്‍ പ്രമുഖരായ ബെല്‍ഹൂക്‌സ്, ഹെര്‍മന്‍ ഗ്രേ എന്നിവര്‍ മുന്നോട്ടുവയ്ക്കുന്നത് മാധ്യമങ്ങളിലെ കറുത്തവരുടെ പ്രതിനിധാന രാഷ്ട്രീയമാണ്. മേല്പറഞ്ഞ രചനകളിലെ ലിംഗ, വംശ പ്രതിനിധാനങ്ങള്‍ പോലെതന്നെ ശ്രദ്ധേയമാണ് തുടര്‍ന്നുളള രണ്ടു ലേഖനങ്ങളിലെയും കോളനിയനന്തര വിമര്‍ശനങ്ങള്‍. മൂന്നാംലോക സ്ത്രീരാഷ്ട്രീയത്തിന്റെ ചര്‍ച്ച ചന്ദ്രമൊഹന്തിയും ആധുനികാനന്തര ദേശീയതാനന്തര ലാറ്റിനമേരിക്കന്‍ സാംസ്‌കാരിക സാമ്രാജ്യത്താനുഭവത്തിന്റെ രാഷ്ട്രീയം ഗാര്‍സിയാ കാണ്‍ക്ലിനിയും നടത്തുന്നു.
1980 കള്‍ മുതല്‍ സംഭവിക്കുന്ന ആധുനികാനന്തരതയിലേക്കുളള വ്യതിയാനവും നവമാധ്യമങ്ങളുമാണ് അഞ്ചാം ഭാഗത്തെ അഞ്ചുരചനകള്‍ക്കാധാരം. ആധുനികാനന്തരതയെക്കുറിച്ചുളള പ്രഖ്യാതമായ സിദ്ധാന്തങ്ങളാവിഷ്‌ക്കരിച്ച ജീന്‍ബോദിലാദും ഫ്രഡറിക് ജയിംസണും ഉള്‍പ്പെടെയുളളവരുടേതാണ് ഈ രചനകള്‍. ആധുനികാനന്തരതയെക്കുറിച്ചെന്നപോലെതന്നെ മാധ്യമസംസ്‌കാരത്തെക്കുറിച്ചും തികച്ചും ഭിന്നമായ സൈദ്ധാന്തിക നിലപാടുകള്‍ പുലര്‍ത്തുന്നവരാണ് ബോദിലാദും ജയിംസണും. സാങ്കേതികത, പ്രത്യയശാസ്ത്രം, വിപണി, ഉപഭോഗം, മുതലാളിത്തം തുടങ്ങി ഏതുമണ്ഡലത്തെക്കുറിച്ചും ആധുനികാനന്തരത മുന്നോട്ടുവയ്ക്കുന്ന വീക്ഷണബഹുലതയുടെ പ്രത്യക്ഷോദാഹരണങ്ങള്‍. ഉല്പാദനത്തെ കേന്ദ്രീകരിച്ചാണ് ആധുനികത രൂപംകൊണ്ടതെങ്കില്‍ വ്യജചിഹ്നങ്ങ (simulations)ളാണ് ആധുനികാനന്തരതയുടെ മുഖം എന്ന് ബോദിലാദ്. യഥാര്‍ഥവും അതിന്റെ പകര്‍പ്പും തമ്മില്‍ അന്തരമില്ലാതാകുന്നതാണ് ആധുനികാനന്തരതയുടെ മുഖമുദ്ര. മാധ്യമങ്ങളും വിപണിയും ജനപ്രിയസംസ്‌കാരവുമാണ് ഇതിന്റെ മുഖ്യ മണ്ഡലങ്ങള്‍. ഡിസ്‌നിലാന്‍ഡ് പോലുളളവയെ 'സിമുലാക്രം' എന്നുതന്നെ ബോദിലാദ് വിളിക്കുന്നു. കാരണം, യാഥാര്‍ഥ്യത്തെക്കാള്‍ വലിയ യാഥാര്‍ഥ്യമാണ് അത്തരം പകര്‍പ്പുകള്‍. ഇതാണ് അതിയാഥാര്‍ഥ്യം (hyper-reality). 'ബഹുരാഷ്ട്രമുതലാളിത്തത്തിന്റെ സാംസ്‌കാരികയുക്തി'യാണ് ആധുനികാനന്തരതയെന്ന് ജയിംസണ്‍. ആധുനികാനന്തര സംസ്‌കാരങ്ങളുടെ അടിസ്ഥാന സ്വഭാവം അതിന്റെ ഉപരിപ്ലവതയാണ്. ആഴക്കുറവ്. മക്‌ലൂഹനെയും മറ്റുംപോലെ സാങ്കേതികതയിലാണ് ബോദിലാദിന്റെ ഊന്നലെങ്കില്‍ മാര്‍ക്‌സിയന്‍/പ്രത്യയശാസ്ത്ര നിലപാടുകളിലൂന്നി ആഗോളമുതലാളിത്തത്തിന്റെ സാമ്പത്തിക സാംസ്‌കാരിക യുക്തികളെയാണ് ജയിംസണ്‍ പഠിക്കുന്നത്. രണ്ടും ഒരേപോലെ സമകാല സാംസ്‌കാരികപഠനങ്ങളില്‍ പ്രസക്തവും പ്രായോഗികവുമാണ്.
ആധുനികാനന്തര മാധ്യമപഠനത്തിന്റെ അനന്തമായ വൈവിധ്യത്തെക്കുറിച്ചാണ് സെലസ്റ്റെ ഒലാല്‍ ക്വിഗയുടെ ലേഖനം ചര്‍ച്ചചെയ്യുന്നത്. ആധുനികാനന്തരത മോശപ്പെട്ട ആള്‍ക്കൂട്ടസംസ്‌കാരത്തെ (kitsch) യാണ് ആഘോഷിക്കുന്നതെന്ന് സെലസ്റ്റെ. ആധുനികാനന്തരതയെക്കുറിച്ചുളള ശ്രദ്ധേയമായ ഫെമിനിസ്റ്റ് നിരീക്ഷണമാണ് ജനപ്രിയസംസ്‌കാരപഠനരംഗത്ത് ഏറെ പ്രശസ്തയായ ഏഞ്ചലാ മക്‌റോബിയുടേത്. ആധുനികാനന്തരതയെ ഏകപക്ഷീയമായി നിരാകരിക്കുകയോ ആഘോഷിക്കുകയോ അല്ല വേണ്ടത്, വിമര്‍ശനാത്മകമായി ഉള്‍ക്കൊളളുകയാണ് - ഏഞ്ചലോ പറയുന്നു. ആധുനികത പാര്‍ശ്വവല്‍കൃതരുടെയും അധഃകൃതരുടെയും സ്വരങ്ങള്‍ അടിച്ചമര്‍ത്തിയെങ്കില്‍ ആധുനികാനന്തരത അവയ്ക്ക് നാവും കാതും നല്‍കി.
നവമാധ്യമപഠിതാക്കളില്‍ ഏറെ പ്രശസ്തനാണ് മാര്‍ക്‌പോസ്റ്റര്‍. അച്ചടിയുടെ കാലത്ത് പുസ്തകം യുക്തിസഹമായ വൈയക്തിക കര്‍തൃത്വങ്ങള്‍ക്കു രൂപം നല്‍കിയെങ്കില്‍ സൈബര്‍മാധ്യമ കാലത്ത് ഭിന്നങ്ങളായ സാംസ്‌കാരിക സ്വത്വങ്ങള്‍ രൂപംകൊളളുന്നു. ബോദിലാദിനെപ്പോലെ, സാങ്കേതികതയ്ക്കാണ്, സാംസ്‌കാരികതക്കല്ല പോസ്റ്ററും പ്രാധാന്യം കല്പിക്കുന്നത്. പഴയ സാമ്പത്തിക നിര്‍ണയവാദം രൂപംകൊളളുന്നതിന് പിന്നില്‍ മക്‌ലൂഹന്റെയും ബോദിലാദിന്റെയുമൊക്കെ സംഭാവന വലുതാണെന്ന് പരക്കെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പോസ്റ്റര്‍ ഈ പാരമ്പര്യത്തിന്റെ വക്താവാണ്.
മാധ്യമങ്ങളെ മുന്‍നിര്‍ത്തി ആഗോളസംസ്‌കാരത്തിന്റെ ഭിന്നമാനങ്ങള്‍ പഠിക്കുന്നതിന്റെ വൈവിധ്യം മാത്രമല്ല, ഇത്തരം പഠനങ്ങള്‍ക്കുളള ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ സാധ്യതകളും ചൂണ്ടിക്കാണിക്കുന്നു ഈ ഗ്രന്ഥം. അക്കാദമിക മാധ്യമപഠനരംഗത്ത് ഏറ്റവും സഹായകമാണ് ഇത്തരം സമാഹാരങ്ങള്‍. മാര്‍ക്‌സ് മുതല്‍ മാര്‍ക്‌പോസ്റ്റര്‍ വരെ, ഒന്നര നൂറ്റാണ്ടിന്റെ സാംസ്‌കാരികപഠനരംഗത്തിന്റെ പരിഛേദമായി മാറുന്നുമുണ്ട്, ഈ ഗ്രന്ഥം.