Error message

Losing the news: Alex S. Jones - Oxford Uty Press

1970 കളില്‍ പത്രങ്ങളിലൂടെ പുറത്തുവന്ന പെന്റഗണ്‍, വാട്ടര്‍ഗേറ്റ് വിവാദങ്ങള്‍ അമേരിക്കന്‍  ആഭ്യന്തര രാഷ്ട്രീയത്തെയാണ് തലകീഴ് മറിച്ചതെങ്കില്‍ ലോകവ്യാപകമായി അമേരിക്കന്‍ ഭരണകൂടത്തെ പ്രതികൂട്ടിലാക്കുന്നവയാണ് രണ്ടുവര്‍ഷം മുന്‍പ് ജൂലിയന്‍ അസാഞ്ചെ തുറുന്നുവിട്ട വിക്കിലീക്‌സ് രേഖകളും ഇപ്പോള്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുകൊണ്ടുവന്ന വാര്‍ത്തകളും. 'മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യനിരീക്ഷണപദ്ധതി' തുറന്നു കാണിക്കുന്നവയെന്ന് സ്‌നോഡന്‍ വിളിക്കുന്ന തന്റെ വാര്‍ത്തകള്‍, ഗൂഗിള്‍ മുതല്‍ ഫേസ്ബുക്ക് വരെയുള്ള മുഴുവന്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളിലും നിന്ന് ലോകത്ത് ആരുടെയും വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ, സുരക്ഷാ ഏജന്‍സികള്‍ ചോര്‍ത്തിക്കൊണ്ടേയിരിക്കുന്നുവെന്ന വസ്തുതയാണ് പുറത്ത് വിട്ടത്. അമേരിക്കന്‍ ഭരണകൂടം ലോകത്തിന്റെ ചാരനായി മാറുന്ന അത്യന്തം ഹീനമായ ഈ വിവരം ലോകത്തെയറിയിച്ച സ്‌നോഡനെ അമേരിക്ക രാജ്യസുരക്ഷയും ജന താല്പര്യവും മുന്‍നിര്‍ത്തി രാജ്യശത്രുവും ജനവിരുദ്ധനുമായി പ്രഖ്യാപിച്ചുകഴിഞ്ഞു. അങ്ങനെ അസാഞ്ചെക്കു പിന്നാലെ സ്‌നോഡനും സൈബര്‍ ലോകത്തെന്നപോലെ യഥാര്‍ഥലോകത്തും അഭയാര്‍ഥിയും പലായിയുമായി മാറിയിരിക്കുന്നു.അസാഞ്ചെ - സ്‌നോഡന്‍ ഘട്ടം പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും അമേരിക്കന്‍ മാധ്യമ ലോകം ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി വാര്‍ത്തകളിലൂ
ടെ നടത്തിയ ഇടപെടലുകളുടെ സംഘര്‍ഷാത്മകമായ സ്വത്വപരിണാമ ചരിത്രം വിവരിക്കുന്ന ശ്രദ്ധേയമായ ഒരു ഗ്രന്ഥമാണ് പ്രശസ്ത മാധ്യ പ്രവര്‍ത്തകനും മാധ്യമപഠിതമാവുമായ അലക്‌സ് എസ് ജോണ്‍സ് എഴുതിയ 'Losing the News' പുലിറ്റ്‌സര്‍ സമ്മാനജേതാവും അമേരിക്കയിലെ ഒരു ചെറുകിട പത്രത്തിന്റെ ഉടമയും ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള നിരവധി പത്രങ്ങളുടെ മുന്‍ലേഖകനും മാത്രമല്ല അലക്‌സ്. മിക്കവാറും എല്ലാത്തരം മാധ്യമ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ഇടപെട്ടിട്ടുണ്ട്. റേഡിയോ, ടെലിവിഷന്‍,  ഗ്രന്ഥരചന, ആനുകാലികരംഗം, വെബ് ജേണലിസം, സര്‍വകലാശാലാ തലത്തിലെ മാധ്യമപഠനം എന്നിങ്ങനെ.വാര്‍ത്ത, അമേരിക്കന്‍ ജനതയുടെ ജീവിതത്തെ സ്വാധീനിച്ചതുപോലെ മറ്റൊരു ജനതയെയും ബാധിച്ചിട്ടില്ല എന്നു പൊതുവെ പറയാറുണ്ട്. അമേരിക്കന്‍ ഭരണഘടനയെക്കാള്‍ വിഖ്യാതമായ അതിന്റെ ഒന്നാം ഭേദഗതി മുതല്‍, നാളിതുവരെയുള്ള അമേരിക്കന്‍ ജനതയുടെയും ഭരണകൂടത്തിന്റെയും ചരിത്രം വാര്‍ത്താരാഷ്ട്രീയത്തോടെന്നതുപോലെ മറ്റൊന്നിനോടും ഇത്രമേല്‍ കെട്ടുപിണഞ്ഞിട്ടില്ല; ഗുണപരമായാലും ഋണപരമായാലും. അമേരിക്കയില്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പും വാര്‍ത്തയുടെ രാഷ്ട്രീയവും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ വിശകലനമാണ് ഈ ഗ്രന്ഥം. ആ അര്‍ഥത്തില്‍ ലോകത്തെവിടെയും  വാര്‍ത്താമാധ്യമങ്ങളും ജനാധിപത്യ പ്രക്രിയയും തമ്മിലുള്ള ബന്ധത്തിന്റെ സംഘര്‍ഷാത്മകമായ സമകാല സ്വഭാവങ്ങളുടെ വിശകലനത്തിനുള്ള ഒരു പ്രവേശകമായി ഇത് മാറുകയും ചെയ്യുന്നു. വിക്കിലീക്‌സ് മുതല്‍ സ്‌നോഡന്‍ സംഭവം വരെയുള്ള വിഷയങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം  ലോകത്തിന്റെ മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍, വിശേഷിച്ചും.ഒന്‍പത് അധ്യായങ്ങളായാണ് ഗ്രന്ഥത്തിന്റെ സംവിധാനം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അമേരിക്കന്‍ പത്രങ്ങള്‍ പുലര്‍ത്തിയ വാര്‍ത്താസമീപനത്തില്‍ രണ്ടാം പകുതിയിലും അവസാന ദശകങ്ങളിലുമായി സംഭവിച്ച വന്‍വീഴ്ചകളുടെ സൂചനയാണ് ഒന്നാമധ്യത്തിലുള്ളത്. ഗൗരവമുള്ള വാര്‍ത്തകള്‍ അന്തസ്സാരശൂന്യമായ വാര്‍ത്തകള്‍ക്കുവഴിമാറി. അറിവിനെക്കാള്‍, വിനോദമായി, വാര്‍ത്തകളുടെ മാര്‍ഗവും ലക്ഷ്യവും. പരസ്യവിപണിയായി ഏറ്റവും നിര്‍ണായകമായ ഘടകം. മാധ്യമ പ്രവര്‍ത്തനം തന്നെയും വിപണിസേവനമായി മാറി. ജനാധിപത്യത്തിന്റെ അകത്തളങ്ങളില്‍ നിന്ന് വാര്‍ത്താമാധ്യമങ്ങള്‍ വിപണിയുടെ നടുത്തളത്തിലേക്കു ചുവടുമാറ്റിത്തുടങ്ങി. ഉത്തരവാദിത്തമുള്ള വാര്‍ത്ത (Acountability News) എന്ന വാക്കാണ് ഇവിടെ അലക്‌സ് ഉപയോഗിക്കുന്നത്. മുന്‍പ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ഭരണകൂടത്തോടും വിപണിയോടുമായിരുന്നില്ല, ജനങ്ങളോടായിരുന്നു ഉത്തരവാദിത്തമുണ്ടായിരുന്നത്. അതായിരുന്നു ജനാധിപത്യവ്യവസ്ഥയുടെ അടിത്തറയും. ഭരണകൂടത്തെയും അധികാര സ്ഥാപനങ്ങളെയും  ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരായിരിക്കാന്‍ നിരന്തരം ഓര്‍മ്മിപ്പിച്ചു പത്രങ്ങളെങ്കില്‍ ടെലിവിഷനും ഇന്റര്‍നെറ്റും ഈ വാര്‍ത്താ സംസ്‌കാരത്തെ അട്ടിമറിച്ചു. ക്ലാസിഫൈഡ് പരസ്യമേഖല ഇന്റര്‍നെറ്റ് കയ്യടക്കിയത് 2006 മുതല്‍ പത്രങ്ങളുടെ നിലനില്‍പ്പിനെതന്നെ പ്രതിസന്ധിയിലാക്കി. പഴയകാല പ്രതാപം എല്ലാ അര്‍ഥത്തിലും പത്രങ്ങള്‍ക്ക് നഷ്ടമായി. 2006 ല്‍, അമേരിക്കന്‍ പത്രാധിപന്മാരുടെ ദേശീയ സമിതിയുടെ സമ്മേളനത്തില്‍ ലോസ് ഏഞ്ചലസ് ടൈംസ് പത്രാധിപര്‍ ജോണ്‍ കരോള്‍ തന്റെ പ്രസംഗമവസാനിപ്പിച്ചത് ഇങ്ങനെയാണ്. 'Our newspapers are shrinking and so is our confidence'വാട്ടര്‍ഗേറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാണിച്ച്, പത്രങ്ങള്‍ പുലര്‍ത്തിയിരുന്ന ഗൗരവവും ഉത്തരവാദിത്തവും സമര്‍പ്പണബുദ്ധിയുമുള്ള വാര്‍ത്താമാധ്യമ പ്രവര്‍ത്തനത്തിന്റെ രീതികള്‍ അലക്‌സ് വിശദീകരിക്കുന്നു. ലോസ് ഏഞ്ചലസ് ടൈംസിന്റെ 1881 മുതലുള്ള ഘടനാപരമായ പരിണാമങ്ങളും വാര്‍ത്താസമീപനങ്ങളും വിവരിച്ച് തന്റെ നിലപാട് സമര്‍ഥിക്കാനും അലക്‌സിനു കഴിയുന്നു.രണ്ടാമധ്യായം 'മാധ്യമങ്ങളും ജനാധിപത്യവും' എന്നതാണ്. ഈ ഗ്രന്ഥത്തിന്റെ ഊന്നല്‍ തന്നെയും 'ജനാധിപത്യത്തെ നിലനിര്‍ത്തുന്ന വാര്‍ത്തയുടെ ഭാവി' എന്നതിലാണ്. ഒന്നാം അധ്യായത്തില്‍ സൂചിതമായ  ഉത്തരവാദിത്തമുള്ള വാര്‍ത്ത ഇവിടെ ഈ ഗ്രന്ഥത്തിന്റെ തന്നെ താക്കോല്‍വാക്കായി മാറുന്നു. 
ന്യൂയോര്‍ക്ക് ടൈംസ് പെന്റഗണ്‍ പേപ്പറുകള്‍ പ്രസിദ്ധീകരിച്ച സന്ദര്‍ഭം ചൂണ്ടിക്കാട്ടി അമേരിക്കന്‍ പത്രങ്ങള്‍ വിധേയത്വത്തില്‍ നിന്ന് ചെറുത്തുനില്‍പ്പിലേക്കു മാറിയതിന്റെ കഥ അലക്‌സ് വിവരിക്കുന്നു. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കന്‍ ഭരണകൂടം പുലര്‍ത്തിയ കൊടും വ്യാജങ്ങള്‍ തുറന്നുകാട്ടി, ന്യൂയോര്‍ക്ക് ടൈംസ്. 1971 ജൂണ്‍ 13ന് പത്രം പെന്റഗണ്‍ രേഖകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. മുന്‍പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സന്റെ നടപടികളുടെ വിമര്‍ശനത്തില്‍ തുടങ്ങിയ രേഖകള്‍ തല്‍ക്കാലം പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സനെ അലട്ടിയില്ല. പക്ഷേ കാര്യങ്ങള്‍ പെട്ടെന്നു തകിടം മറിഞ്ഞു. സര്‍ക്കാര്‍ പത്രത്തിനെതിരെ നിയമയുദ്ധം പ്രഖ്യാപിച്ചു. വിലക്കുകള്‍ ഏര്‍പ്പെടുത്തി. പെന്റഗണ്‍ റിപ്പോര്‍ട്ടിംഗ് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം ഏറ്റെടുത്തു. തുടര്‍ന്ന് മറ്റു പത്രങ്ങളും. ഒടുവില്‍ കോടതി വിധി ടൈംസിനനുകൂലമായി. ഭരണകൂടം മുട്ടുകുത്തി. പത്രം മുഴുവന്‍ പെന്റഗണ്‍ രേഖകളും പ്രസിദ്ധീകരിച്ചു. വാട്ടര്‍ഗേറ്റ് വിവാദത്തിലേക്കു വഴിതുറന്നതുപോലും പെന്റഗണ്‍ രേഖകളാണെന്ന് അലക്‌സ് ചൂണ്ടിക്കാണിക്കുന്നു. നിക്‌സണ്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായി. പത്രങ്ങള്‍ ജനാധിപത്യത്തിന്റെ നെറുകയിലും.യുദ്ധങ്ങള്‍, നിയമനിര്‍മാണങ്ങള്‍, ഭരണകൂടവിമര്‍ശനം, വ്യവസായലോബികളോടുള്ള സമീപനം തുടങ്ങിയവ പരാമാര്‍ശിക്കുന്ന അലക്‌സ് സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിനെ ച്ചൊല്ലി അമേരിക്കയില്‍ നടന്ന ദീര്‍ഘമായ മാധ്യമസംവാദങ്ങളുടെ കഥ വിവരിക്കുന്നു. ടാബ്ലോയ്ഡ് പത്രങ്ങളെക്കുറിച്ചുള്ള വിശകലനമാണ് മറ്റൊരു വിഷയം രാഷ്ട്രീയ ബോധമില്ലാത്ത ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാര്‍, വിനോദപരത മേല്‍ക്കൈ നേടുന്ന വാര്‍ത്താ റിപ്പോര്‍ട്ടിംഗ്, പല നിലകളില്‍ സിനിമാറ്റിക് ആകുന്ന വാര്‍ത്തകള്‍ എന്നിങ്ങനെ  ഒരോ മേഖലയും അലക്‌സ് വിശകലനം ചെയ്യുന്നു. കൃത്യത, സന്തുലനം, ഉത്തരവാദിത്തം, സ്വാതന്ത്ര്യം, ലാഭക്കൊതിയുടെ നിയന്ത്രണം എന്നീ അഞ്ചു ഘടകങ്ങളാണ് വാര്‍ത്തയുടെ മൂല്യം നിലനിര്‍ത്തുന്നവയായി അലക്‌സ് ചൂണ്ടിക്കാണിക്കുന്നത്.അമേരിക്കന്‍ ഭരണഘടനയുടെ പ്രസിദ്ധമായ ഒന്നാം ഭേദഗതിയെക്കുറിച്ചുള്ള ചര്‍ച്ചയാണ് മൂന്നാമധ്യയാം. 1791- മുതല്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന മാധ്യമ- ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വേദവാക്യമാണ് മേല്പറഞ്ഞ ഒന്നാം ഭേദഗതിയെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. എന്നാല്‍ 1931 -ലെ സുപ്രീംകോടതിവിധി തൊട്ടാണ് അമേരിക്കയില്‍ ഫ്രീപ്രസ് യാഥാര്‍ത്ഥ്യമായതെന്നു ചൂണ്ടിക്കാണിക്കുന്നു അലക്‌സ്. തുടര്‍ന്ന് അമേരിക്കയിലെ പത്ര സ്വാതന്ത്ര്യത്തിന് 1734 മുതല്‍ തുടങ്ങുന്ന ഭരണകൂട - മാധ്യമസംഘര്‍ഷങ്ങളുടെ ചരിത്രം വിവരിക്കുന്നു അദ്ദേഹം. നിരവധി സന്ദര്‍ഭങ്ങളില്‍ നിരവധി പത്രങ്ങളും പത്രാധിപന്മാരും പത്ര പ്രവര്‍ത്തകരും ഭരണകൂട നിയന്ത്രണത്തിനെതിരെ കോടതി കയറിയ ചരിത്രം. യുദ്ധങ്ങളില്‍ അമേരിക്കയില്‍ ദേശാഭിമാനം തീപോലെ പടര്‍ന്നുപിടിക്കും. അപ്പോള്‍ മാധ്യമങ്ങള്‍ക്കുമേല്‍ ഭരണകൂടം ജനപിന്തുണയോടെ കൂച്ചുവിലങ്ങിടും. ഒന്നാം ലോക യുദ്ധത്തിനു മുന്‍പും പിന്‍പും രാജ്യസുരക്ഷയെന്നവാക്കിനു മേല്‍ അമേരിക്കയില്‍ മാധ്യമ- ആവിഷ്‌കാര സ്വാതന്ത്ര്യം വേട്ടയാടപ്പെട്ട നിരവധി ഉദാഹരണങ്ങളുണ്ട്. 9/11 നു ശേഷമുണ്ടായ 'ഭീകരതക്കെതിരായ യുദ്ധ' സന്നാഹങ്ങളുടെ  മാധ്യമരാഷ്ട്രീയം വരെയുള്ളവ ചര്‍ച്ച ചെയ്യുന്നു, ഇവിടെ.നാലാമധ്യായം 'വസ്തുനിഷ്ഠത' യെന്ന വാര്‍ത്താമൂല്യത്തെക്കുറിച്ചാണ് നിഷ്പക്ഷത, കൃത്യത, വസ്തുനിഷ്ഠത തുടങ്ങിയവയുടെ സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്ന അലക്‌സ്, ചിക്കാഗോ ട്രിബ്യൂണിന്റെ  പത്രാധിപരായിരുന്ന ജെഫ് ജാര്‍ഡിസിനെ ഉദ്ധരിക്കുന്നു. ''സത്യം പുറത്തുകൊണ്ടുവരലല്ല നമ്മുടെ പണി. സത്യമെന്തെന്നു തീരുമാനിക്കാന്‍ ജനങ്ങളെ സഹായിക്കലാണ്''. വസ്തുനിഷ്ഠതയുടെ ഹിംസ നടന്ന മാധ്യ പ്രവര്‍ത്തന തന്ത്രങ്ങളുടെ ഏറ്റവും കുപ്രസിദ്ധമായ ഉദാഹരണമായി 1950 കളില്‍ നടപ്പായ മക്കാര്‍ത്തിയിസത്തെ അലക്‌സ് അവതരിപ്പിക്കുന്നു.അഞ്ചാമധ്യായം മാധ്യമ ധാര്‍മ്മിക
തയെക്കുറിച്ചാണ്. മാധ്യമ പ്രവര്‍ത്തകര്‍ വ്യക്തിപരമായി വരുത്തുന്ന തെറ്റുകള്‍ മുതല്‍ മാധ്യമസ്ഥാപത്തിന്റെ  ആസൂത്രിത നീക്കങ്ങള്‍വരെയുള്ളവ സൃഷ്ടിക്കുന്ന ധാര്‍മ്മികതാ നഷ്ടത്തിന്റെ വലിയൊരു ചരിത്രം തന്നെയുണ്ട്  അമേരിക്കന്‍ വാര്‍ത്താ മാധ്യമരംഗത്ത്. ഇരുപതാം നൂറ്റാണ്ടുവരെ പണം വാങ്ങി എന്തും എഴുതുന്ന പത്രപ്രവര്‍ത്തകര്‍ അമേരിക്കയില്‍ സുലഭമായിരുന്നുവത്രെ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ടാണ് ഈ രീതിക്കുമാറ്റം വന്നത്. 1909 ലുണ്ടായ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയാണ് ഈ മാറ്റത്തിന് നേതൃത്വം നല്‍കിയത്. ഒരു ധാര്‍മ്മിക സംഹിത രൂപപ്പെടുത്തി മാധ്യമ പ്രവര്‍ത്തനത്തിന് ഇവര്‍ പുതിയൊരു ദിശാബോധമുണ്ടാക്കിക്കൊടുത്തു. വിവരങ്ങളുടെ കൃത്യതയും വാര്‍ത്താ സ്രോതസ്സിന്റെ വിശ്വാസ്യതയും റിപ്പോര്‍ട്ടിംഗും പക്ഷം പിടിക്കലും തമ്മിലുള്ള വ്യത്യാസവുമൊക്കെ ധാര്‍മ്മകതയുടെ ഭാഗമായി മാറി. ഏറ്റവും പ്രധാനപ്പെട്ട മൂന്നു ധാര്‍മ്മിക മര്യാദകള്‍ അലക്‌സ് ചൂണ്ടിക്കാണിക്കുന്നത് ഇവയാണ്. സത്യത്തോടുള്ള പ്രതിബദ്ധത, ജനങ്ങളോടുളള കൂറ്, നല്‍കുന്ന വാര്‍ത്തകള്‍ ശരിയാണെന്നുറപ്പുവരുത്തല്‍.വാട്ടര്‍ഗേറ്റ് റിപ്പോര്‍ട്ടില്‍, മുപ്പതുവര്‍ഷത്തിലധികം തങ്ങളുടെ സ്രോതസ്സ് രഹസ്യമായി സൂക്ഷിച്ച കാള്‍ബേണ്‍സ്റ്റീന്‍, ബോബ് വുഡ്‌വാര്‍ഡ് എന്നിവരെ അലക്‌സ് ഉദാഹരിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും അവര്‍ തങ്ങളുടെ വാര്‍ത്താസ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല. ''കോടതി അതാവശ്യപ്പെട്ടാലും ഞങ്ങള്‍ ചെയ്യില്ല. പകരം ജയിലില്‍ പോകും, അത്ര തന്നെ'', അവര്‍ അലക്‌സിനോടു പറഞ്ഞു. മോണിക്കാ ലെവിന്‍സ്‌കി വിഷയത്തില്‍ മാറ്റ് ഡ്രഡ്ജ് തുറന്നുവിട്ട ഭൂതം ന്യൂസ്‌വീക്കിനെ മുട്ടുകുത്തിച്ച കഥയും മറ്റു നിരവധി സംഭവങ്ങളും അലക്‌സ് വിവരിക്കുന്നു.ആറാമധ്യായം വാര്‍ത്തയുടെ തന്നെ കഥയാണ്. ന്യൂയോര്‍ക്ക് ടൈംസിന്റെ ചരിത്രത്തിനൊപ്പം അമേരിക്കയില്‍ വാര്‍ത്താ സംസ്‌കാരത്തിനുണ്ടായ പരിണാമങ്ങളാണ്  ഇവിടെ കേന്ദ്രവിഷയം. ഗുട്ടന്‍ബര്‍ഗിന്റെ കാലം മുതല്‍ അച്ചടിക്കുണ്ടായ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ മുന്‍നിര്‍ത്തി അലക്‌സ് വാര്‍ത്തയുടെ ചരിത്രം വിശദീകരിക്കുന്നു. മുഖ്യമായും, മൈക്കള്‍ ഷുഡ്‌സണ്‍ എഴുതിയ അച്ചടിയുടെ ചരിത്രം മുന്‍നിര്‍ത്തിയാണ് അലക്‌സ് തന്റെ വാര്‍ത്താ മാധ്യമ ചരിത്രാവതരണം നടത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടിലാരംഭിച്ച് പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ വന്‍ വളര്‍ച്ച നേടിയ അമേരിക്കന്‍ പത്രങ്ങളുടെയും ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തില്‍ തന്നെ പ്രചാരം നേടിയ റേഡിയോയുടെയും നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ജനപ്രിയമായ ടെലിവിഷന്റെയും വാര്‍ത്താ സ്വഭാവങ്ങള്‍ ഇവിടെ വിവരിക്കപ്പെടുന്നു. ഒരു പക്ഷേ  ഈ ഗ്രന്ഥത്തിന്റെ ആദ്യ അധ്യായമായി നല്‍കാമായിരുന്ന പഠനം.ഏഴാമധ്യായം പത്രങ്ങളുടെ 'മരണ'ത്തെക്കുറിച്ചാണ് അമേരിക്കയില്‍ കേബിള്‍ ടെലിവിഷനും (1980കള്‍) ഇന്റര്‍നെറ്റിനും (1990 മുതല്‍) മുന്നില്‍ പത്രങ്ങള്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമാണ്. 2008ലെ സാമ്പത്തിക മാന്ദ്യം ഈ പ്രതിസന്ധി ഇരട്ടിയാക്കി. വാഷിംഗ്ടന്‍ പോസ്റ്റിന്റെ സ്റ്റോക്ക് മൂല്യം അറുപത്തിമൂന്നുശതമാനം ന്യൂയോര്‍ക്ക് ടൈംസിന്റേത് അന്‍പത്തെട്ടു ശതമാനവും ഇടിഞ്ഞു. പത്രങ്ങളുടെ കോപ്പികളും പരസ്യവരുമാനവും വന്‍തോതില്‍ കുറഞ്ഞു. ചെറുകിട പത്രങ്ങള്‍ പലതും പൂട്ടി. 1960കള്‍ തൊട്ടുതന്നെ ഒരു നഗരത്തിന് ഒരു പത്രം എന്ന രീതി അമേരിക്കയില്‍ വ്യാപകമായിരുന്നു. 1990കള്‍ തൊട്ട് പത്രപ്രചാരം കുത്തനെതാണു. 1990ല്‍ 62 മില്യണ്‍ ആയിരുന്ന പത്ര പ്രചാരം 2000ല്‍ 56 മില്യണായി. (ഇന്ത്യയിലും കേരളത്തിലും നേരെ തിരിച്ചാണല്ലോ സ്ഥിതി).വാര്‍ത്താചരിത്രത്തിലെ നാലാം യുഗമായ ഇന്റര്‍നെറ്റിന്റെ സാധ്യതകളാണ്. ഏട്ടാമധ്യായത്തിലെ വിഷയം. നവമാധ്യമങ്ങള്‍ സ്വയം സൃഷ്ടിച്ച വാര്‍ത്താസംസ്‌കാരം ഒരു വശത്ത്. പരമ്പരാഗത മാധ്യമങ്ങള്‍ (പത്രം മുതല്‍ ടിവി വരെ) നവമാധ്യമങ്ങളുടെ സഹായത്തോടെ  സൃഷ്ടിച്ച വാര്‍ത്താസംസ്‌കാരം മറ്റൊരുവശത്ത്. പത്രങ്ങള്‍ പുലര്‍ത്തിയിരുന്ന ഗൗരവമുള്ള വാര്‍ത്താസമീപനം ജനപ്രിയ, സെന്‍സേഷണന്‍, നാടകീയ വാര്‍ത്താ സമീപനങ്ങള്‍ക്കുവഴിമാറി എന്ന് പലരും നിരീക്ഷിച്ചു. 1970കളില്‍ ടെലിവിഷനിലെ രാത്രി വാര്‍ത്തകള്‍ അമേരിക്കന്‍ ജനതയെ കീഴടക്കിയിരുന്നുവെങ്കില്‍ 1980കളില്‍ സി എന്‍ എന്‍ ഉള്‍പ്പെടെയുള്ള കേബിള്‍ ന്യൂസ് ചാനലുകള്‍ ഇരുപത്തിനാലുമണിക്കൂറും വാര്‍ത്തകള്‍ നല്‍കിത്തുടങ്ങിയതോടെ രാത്രി വാര്‍ത്തകള്‍ക്ക് പ്രേക്ഷകര്‍ പകുതി കണ്ടു കുറഞ്ഞു. ഇന്റര്‍നെറ്റിന്റെ വരവോടെ പത്രത്തിനും ടെലിവിഷനുമുണ്ടായ മാറ്റവും സമാനമാണ്. സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസഫ് ഷുംപീറ്റര്‍ ഈ മാറ്റത്തെ വിളിക്കുന്നത് സര്‍ഗാത്മകസംഹാരം (creative destruction) എന്നാണ്. പത്രങ്ങളുടെയും ചാനലുകളുടെയും സൈറ്റുകള്‍ ഏറെ ജനപ്രീതിയുള്ള വാര്‍ത്താമാധ്യമങ്ങളായി മാറി. (സി. എന്‍.എന്‍., ന്യൂയോര്‍ക്ക് ടൈംസ് എന്നിവയുടെ സൈറ്റുകളാണ്  ഇക്കാര്യത്തില്‍ മുന്നില്‍) ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങള്‍ സൗജന്യമായതോടെ പത്രങ്ങള്‍ക്കു പ്രചാരം വീണ്ടും കുറഞ്ഞു. സിറ്റിസണ്‍ ജേണലിസമുള്‍പ്പെടെയുള്ള നവമാധ്യമ വാര്‍ത്താ സാധ്യതകള്‍ അലക്‌സ് ചര്‍ച്ച ചെയ്യുന്നുണ്ട്.'വാര്‍ത്തയെ രക്ഷിക്കാന്‍' എന്ന അവസാന അധ്യായം മാധ്യമം ഏതായാലും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുവേണ്ടത് ഉത്തരവാദിത്തമുള്ള റിപ്പോര്‍ട്ടിംഗാണ് എന്ന ആശയം മുന്നോട്ടുവയ്ക്കുന്നു. പ്രൊഫണല്‍ രംഗത്തെ സാങ്കേതിക നവീനതകള്‍, മത്സരങ്ങള്‍, വെല്ലുവിളികള്‍, വിപണി താല്‍പര്യങ്ങള്‍, അനിശ്ചിതമായ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍- പത്രങ്ങളും വാര്‍ത്തയും നേരിടുന്ന പ്രതിസന്ധികള്‍ അലക്‌സ് ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ ജനാധിപത്യത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം വാര്‍ത്താമാധ്യമങ്ങള്‍ക്കുണ്ട് എന്ന് അലക്‌സ് എഴുതുന്നു. അമേരിക്കന്‍ വാര്‍ത്താമാധ്യമങ്ങളുടെ സ്ഥിതിയല്ല ഇന്ത്യയില്‍ എന്ന് നമുക്കറിയാം. എങ്കിലും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പോലും ഏറെ പ്രസക്തവും പ്രായോഗികവുമായ നിരീക്ഷണങ്ങളാണ് അലക്‌സ് ജോണിന്റേത്. ജനാധിപത്യ രാഷ്ട്രീയ ക്രമത്തിലും ഭരണസംവിധാനത്തിലും വാര്‍ത്താമാധ്യമങ്ങള്‍ക്കുള്ള സ്ഥാനം മാത്രമല്ല വാര്‍ത്തയെന്ന വ്യവഹാരത്തിനുള്ള പ്രാധാന്യവുമാണ്  അലക്‌സ് ചൂണ്ടിക്കാണിക്കുന്നത്. അതിന്റെ നാനാതരം തകര്‍ച്ചകള്‍ ജനാധിപത്യത്തിനു സൃഷ്ടിക്കാവുന്ന നഷ്ടത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പുകള്‍ അമേരിക്കക്കെന്ന പോലെ ഇന്ത്യയ്ക്കും ബാധകമാണ്.