Error message

India On Television: Nalin Mehta, Harper Collins (2008)

മലയാളത്തില്‍ വാര്‍ത്താടെലിവിഷന്‍ ഒരു ദശകം പിന്നിടുകയാണ്. 2003 ജൂലൈ 14 നാണ് ഇന്ത്യാവിഷന്‍ ആദ്യ മലയാള വാര്‍ത്താചാനലായി സംപ്രേഷണമാരംഭിച്ചത്. 1998 മുതല്‍ സ്റ്റാര്‍ന്യൂസ് വാര്‍ത്താചാനലായി രംഗത്തുണ്ടായിരുന്നുവെങ്കിലും ആദ്യ ഇന്ത്യന്‍ ഇംഗ്ലീഷ് വാര്‍ത്താചാനലായി എന്‍.ഡി.ടി.വി 24 ഃ 7 സംപ്രേഷണമാരംഭിക്കുന്നതും 2003ല്‍തന്നെയാണ്. തൊട്ടുമുന്‍പ് സീ, ആജ്തക്ക് എന്നീ ഹിന്ദി വാര്‍ത്താചാനലുകള്‍ നിലവില്‍ വന്നിരുന്നു. വാര്‍ത്താചാനല്‍രംഗത്തെ മലയാളത്തിന്റെ ഈ മേല്‍ക്കൈ ഉപഗ്രഹചാനല്‍ രംഗത്തും പ്രകടമായിരുന്നു. 1992ല്‍ ഇന്ത്യയില്‍ ആദ്യം നിലവില്‍ വന്ന രണ്ട് ഉപഗ്രഹചാനലുകളില്‍ ഒന്ന് മലയാളത്തിലെ ഏഷ്യാനെറ്റായിരുന്നു. എന്തായാലും അച്ചടിമാധ്യമരംഗത്തെന്ന പോലെ ദൃശ്യമാധ്യമരംഗത്തും മലയാളം ഇന്ത്യന്‍ ഭാഷകളില്‍ ഏറെ മുന്നില്‍ തന്നെയാണ്.ടെലിവിഷന്‍ ചാനലുകളുടെയും പ്രേക്ഷകരുടെയും എണ്ണത്തിലും പരസ്യവരുമാനത്തിലും പക്ഷെ ഹിന്ദി, തമിഴ്, തെലുഗു, കന്നട ഭാഷകളാണ് മുന്നില്‍ - ജനസംഖ്യാപരമായും അതങ്ങനെയാണല്ലോ. സിനിമയുടെ കാര്യവും ഇങ്ങനെ തന്നെയായിരുന്നു. ഇന്ത്യയിലെ മൊത്തം തീയറ്ററുകളുടെയും സിനിമകളുടെയും പ്രേക്ഷകരുടെയും എണ്ണത്തില്‍ ഏതാണ്ട് അറുപതുശതമാനം നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു.എന്തായാലും ഇന്ത്യയില്‍ വാര്‍ത്താടെലിവിഷന്‍ ഒന്നര ദശകം പിന്നിടുന്ന സാഹചര്യത്തില്‍ ഈ മേഖലയെക്കുറിച്ചുണ്ടായ ഒരു ഡോക്ടറല്‍ തീസിസ് ശ്രദ്ധേയമായ ഒരുപാട് വസ്തുതകളും നിരീക്ഷണങ്ങളും മുന്നോട്ടുവച്ചുകൊണ്ട് നമ്മുടെ വാര്‍ത്താചാനല്‍ സംസ്‌കാരത്തിന്റെ ഗൗരവതരമായ പഠനം നിര്‍വഹിക്കുന്നുണ്ട്. (നളിന്‍ മേത്തയുടെ ഈ ഗ്രന്ഥത്തെക്കുറിച്ച് മുന്‍പ് ചെറിയ ഒരവലോകനം ഈ ലേഖകന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നു സൂചിപ്പിക്കട്ടെ.)ഇന്ത്യയില്‍ ടെലിവിഷനെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ടാകുന്നുണ്ട്. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായവ ഇംഗ്ലീഷിലാണെഴുതപ്പെടുന്നത്. മാധ്യമപഠിതാക്കളാകട്ടെ മിക്കവരും ഇന്ത്യക്കു വെളിയിലുളളവരുമാണ്. ഉപഗ്രഹസാങ്കേതികത സൃഷ്ടിച്ച ടെലിവിഷന്‍ വിപ്ലവം (ഡേവിഡ് പേജ്, വില്യം ക്രോളി), ടെലിവിഷനുള്‍പ്പെടെയുളള മാധ്യമവ്യവസായം (വനിതാകോഹ്‌ലി ഖാണ്‌ഡേക്കര്‍), സാമൂഹ്യ മാധ്യമമെന്ന നിലയില്‍ ടെലിവിഷന്‍ (റോബിന്‍ ജഫ്രി, ഒപ്പം ശശികുമാറിന്റെ ലേഖനങ്ങളും), ബഹുജന മാധ്യമമെന്ന നിലയില്‍ ടെലിവിഷന്‍ (സേവന്തി നൈനാന്‍), പരമ്പരകള്‍ മുന്‍നിര്‍ത്തിയുളള ടെലിവിഷന്‍ രാഷ്ട്രീയം (അരവിന്ദ് രാജഗോപാല്‍, പൂര്‍ണിമ മങ്കേക്കര്‍) 
എന്നിങ്ങനെ നിരവധി വിഷയമേഖകളില്‍ കേന്ദ്രീകരിക്കുന്ന പഠനങ്ങള്‍ ഉദാഹരണമാണ്. നളിന്‍ മേത്തയുടെ ഗ്രന്ഥം വ്യത്യസ്തമാകുന്നത് ഇന്ത്യന്‍ വാര്‍ത്താചാനലുകളെക്കുറിച്ചുളള സൂക്ഷ്മവും സവിശേഷവുമായ ഗവേഷണപഠനമാണ് ഇത് എന്നതുകൊണ്ടാണ്. ഓസ്‌ട്രേലിയയിലെ ലാ-ട്രോബ് സര്‍വകലാശാലയില്‍ റോബിന്‍ ജഫ്രിയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ നടത്തിയ ഗവേഷണമാണ് നളിന്റെ ഈ ഗ്രന്ഥം.വാര്‍ത്താടെലിവിഷന്‍ ദൃശ്യമാധ്യമരംഗത്തു സൃഷ്ടിച്ച വിപ്ലവം, പത്രം ആധുനികതയില്‍ സൃഷ്ടിച്ച വാര്‍ത്താവിപ്ലവത്തിനു സമാനമാണ്. നിശ്ചയമായും അതിനെക്കാള്‍ പ്രകടവും ജനപ്രിയവും വ്യാപകവും. ദേശരാഷ്ട്രങ്ങളുടെ രൂപീകരണവും ജനാധിപത്യ, പൊതുമണ്ഡലങ്ങളുടെ ആവിര്‍ഭവവും ഭാഷാദേശീയതകളുടെ വ്യാപനവും മറ്റുമായി ബന്ധപ്പെട്ടാണ് പത്രത്തിന്റെ പ്രചാരവും സംസ്‌കാരവും ഓരോ സമൂഹത്തിലും സംഭവിച്ചിട്ടുളളത്. ആധുനികതയുടെ അന്ത്യമെന്നതുപോലെ ദേശരാഷ്ട്രങ്ങളുടെയും ഭാഷാദേശീയതകളുടെയും പൊതുമണ്ഡലത്തിന്റെ തന്നെയും അന്ത്യമായി കാണാവുന്ന ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ വാര്‍ത്താജിഹ്വയായാണ് വാര്‍ത്താടെലിവിഷന്‍ നിലവില്‍ വന്നിട്ടുളളത്. വിശേഷിച്ചും രണ്ടാംലോകത്തിന്റെ അസ്തമയത്തിന്റെ പശ്ചാത്തലത്തില്‍. മുതലാളിത്ത വിപണി, മുന്‍പുതന്നെ ശിഥിലീകരിച്ചുകളഞ്ഞ പൊതുമണ്ഡലത്തിന്റെ പുനര്‍നിര്‍മ്മിതി സാധ്യമാക്കി, വാര്‍ത്താടെലിവിഷന്‍ എന്നൊരു വീക്ഷണവും ഇല്ലാതില്ല. എന്തായാലും ഇന്ത്യന്‍, ദേശീയ, രാഷ്ട്രീയ, സാമൂഹിക ചരിത്രത്തില്‍ ആധുനികതയുടെ വിച്ഛേദം സാധ്യമാക്കിയ ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും മൂര്‍ത്തമായ ഫലങ്ങളിലൊന്നായാണ് 1998ല്‍ ആഗോള മാധ്യമ കുത്തകയായ ന്യൂസ് കോര്‍പ്പറേഷന്‍ സ്റ്റാര്‍ന്യൂസ് എന്നപേരില്‍ യാഥാര്‍ഥ്യമാക്കിയ ആദ്യ 24 ഃ 7 വാര്‍ത്താചാനലിനെ കാണേണ്ടത്. അഞ്ചുവര്‍ഷത്തെ സംപ്രേഷണത്തിനുശേഷം സ്റ്റാര്‍ന്യൂസ് പിന്‍വാങ്ങി; ഇന്ത്യന്‍ വാര്‍ത്താചാനലുകള്‍ നിലവില്‍ വന്നു. 1959-91 കാലത്തെ ദൂരദര്‍ശന്‍ പ്രഭാവവും 1992-മുതലുളള സ്വകാര്യ, ഉപഗ്രഹ ടെലിവിഷന്‍ പ്രഭാവവും 1998 മുതലുളള വാര്‍ത്താടെലിവിഷന്‍ പ്രഭാവവുമാണ് നാളിതുവരെയുളള ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ മൂന്നുഘട്ടങ്ങള്‍. ഇതില്‍ മൂന്നാംഘട്ടത്തിന്റെ ആദ്യ ഒരു ദശകത്തിന്റെ പഠനമായാണ് നളിന്‍മേത്ത തന്റെ ഗവേഷണം ആസൂത്രണം ചെയ്തിരിക്കുന്നത്. സീ, എന്‍.ഡി.ടി.വി, ഇന്ത്യാ ടുഡെ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുമുണ്ട് മേത്ത.1959-91 കാലത്തെ ഇന്ത്യന്‍ ടെലിവിഷന്‍ സംസ്‌കാരമാണ് ഒന്നാമധ്യായത്തിലെ ചര്‍ച്ചാവിഷയം. ഇന്ത്യന്‍ ദേശീയതയുടെ ഇന്ദിരാ-രാജീവ് യുഗത്തിന്റെ രൂപകമെന്ന നിലയില്‍ ഭരണകൂടമാധ്യമമായി റേഡിയോയ്‌ക്കൊപ്പം ടെലിവിഷനും നിലനിന്ന കാലം. ശ്രാവ്യ, ദൃശ്യ മാധ്യമങ്ങളുടെ ദേശസാല്‍ക്കരണമവസാനിച്ചു തുടങ്ങുന്നത് അടിയന്തരാവസ്ഥക്കുശേഷം ബി.ജി. വര്‍ഗീസിന്റെ നേതൃത്വത്തിലുണ്ടായ സമിതി ആകാശവാണിക്കും ദൂരദര്‍ശനും സ്വയംഭരണം നിര്‍ദ്ദേശിക്കുന്നതോടെയാണ്. എങ്കിലും രാജീവ്ഗാന്ധിയാണ് ഇന്ത്യന്‍ ടെലിവിഷന്റെ ചരിത്രം വഴിതിരിച്ചുവിട്ടത്. രാമായണം, മഹാഭാരതം പരമ്പരകളിലൂടെ എണ്‍പതുകളുടെ ഒടുവില്‍ ടെലിവിഷന്‍ ഇന്ത്യന്‍ ജനതയുടെ വിനോദ മാധ്യമമായി മാറുകയും ചെയ്തു. ആഗോളവല്‍ക്കരണം തുടര്‍ന്നുളള മാറ്റങ്ങളുടെ ഗതി നിര്‍ണ്ണയിച്ചു.1959 മുതലുളള ഒരു ദശകത്തില്‍ ഇന്ത്യയില്‍ ഇരുപത്തയ്യായിരം ടി.വി.സെറ്റുകളാണുണ്ടായിരുന്നതെങ്കില്‍ 1982 ആകുമ്പോഴേക്കും അത് ഇരുപതുലക്ഷമായി. ഏഷ്യന്‍ ഗെയിംസ്, ക്രിക്കറ്റ് വേള്‍ഡ് കപ്പ് വിജയം എന്നിവ ഇന്ത്യന്‍ ടെലിവിഷന്റെ വിധി മാറ്റിവരച്ചു. രണ്ടുവര്‍ഷം കൊണ്ട് ടെലിവിഷന്റെ എണ്ണം പത്തുലക്ഷം വര്‍ധിച്ചു. പിന്നീടൊരു ദശകംകൊണ്ട് ആഗോളവല്‍ക്കരണത്തിനും ഉപഗ്രഹടെലിവിഷന്‍ സാങ്കേതികവിദ്യക്കും തുടക്കമിടുമ്പോഴേക്കും ഇന്ത്യയിലെ ടി.വി.സെറ്റുകളുടെ എണ്ണം മൂന്നുകോടിയായി വളര്‍ന്നിരുന്നു. പക്ഷെ അപ്പോഴും ഒരൊറ്റ ടെലിവിഷന്‍ ചാനലേ ഇന്ത്യയിലുണ്ടായിരുന്നുളളൂ. രണ്ടുപതിറ്റാണ്ടിനുളളില്‍ എഴുനൂറിലധികം ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണമാരംഭിച്ചു. ശരാശരി ആഴ്ചയില്‍ ഒരു പുതിയ ചാനല്‍ എന്നനിലയില്‍. ടി.വി.സെറ്റുകളുടെ എണ്ണമാകട്ടെ ഏതാണ്ട് ഇരുപതുകോടിയായും വര്‍ധിച്ചു.ആഗോളവല്‍ക്കരണം, സാങ്കേതികവിദ്യ എന്നീ ഘടകങ്ങള്‍ മുന്‍നിര്‍ത്തി ടെലിവിഷന്‍രംഗം പൊതുവിലും വാര്‍ത്താടെലിവിഷന്‍രംഗം വിശേഷിച്ചും കൈവരിച്ച മാറ്റങ്ങളുടെ വിപണി സമ്പദ്ശാസ്ത്രമാണ് രണ്ടാമധ്യായത്തില്‍ മേത്ത ചര്‍ച്ചചെയ്യുന്നത്. 1991 മുതല്‍ 2007 വരെയുളള വാര്‍ത്താചാനല്‍ സംസ്‌കാരത്തിന്റെ സാമ്പത്തികശാസ്ത്രം. സി.എന്‍.എന്‍. പോലുളള ബഹുരാഷ്ട്ര കുത്തകകള്‍ തുടക്കമിട്ട ടെലിവിഷന്‍ വാര്‍ത്താസംസ്‌കാരം, സ്റ്റാര്‍ ഇന്ത്യയില്‍ നടപ്പാക്കിയ 24 ഃ 7 വാര്‍ത്താടെലിവിഷന്‍സംസ്‌കാരം, വന്‍തോതില്‍ വര്‍ധിച്ച ടെലിവിഷന്‍ ഉപഭോഗം, ടെലിവിഷന്‍ മുന്‍നിര്‍ത്തി രൂപംകൊണ്ട പരസ്യവ്യവസായം, സീ, ഏഷ്യാനെറ്റ്, ആജ്തക്ക് എന്നീ ചാനലുകളുടെ വിശദമായ ചരിത്രം, ദൂരദര്‍ശന്റെ പരിമിതികളും സാധ്യതകളും എന്നിങ്ങനെ നിരവധി വിഷയങ്ങളും വസ്തുതകളും ഈയധ്യായം വിശകലനം ചെയ്യുന്നു.ഭരണകൂടം, മാധ്യമനിയമങ്ങള്‍, ബഹുരാഷ്ട്ര മാധ്യമങ്ങളുടെ കടന്നുവരവും വേരുറപ്പിക്കലും, ഇന്ത്യന്‍ മാധ്യമങ്ങളോരോന്നും ബഹുരാഷ്ട്ര കുത്തകകളുമായി കരാറുണ്ടാക്കിയ അവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് മൂന്നാമധ്യായത്തിലെ പഠനവിഷയം. 
ഇന്ത്യന്‍, ഇംഗ്ലീഷ് വാര്‍ത്താടെലിവിഷന്റെ ഏറ്റവും മൗലികമായ സ്വഭാവങ്ങളിലൊന്നാണ് ആഗോളബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ ഭാഗമായി മാത്രമേ അവയക്കു നിലനില്‍ക്കാനാകൂ എന്നത്. ഇംഗ്ലീഷ് വാര്‍ത്താചാനലുകളുടെ ഈ പ്രശ്‌നം പക്ഷെ ഹിന്ദി ഉള്‍പ്പെടെയുളള പല ഇന്ത്യന്‍ ഭാഷകള്‍ക്കുമില്ല.നാലുമുതല്‍ ഏഴുവരെയുളള അധ്യായങ്ങളില്‍ ഇന്ത്യന്‍ വാര്‍ത്താചാനലുകള്‍ പ്രതിനിധാനം ചെയ്യുന്ന 
ഇന്ത്യയെക്കുറിച്ച് മേത്ത അവതരിപ്പിക്കുന്ന നിരീക്ഷണങ്ങളാണുളളത്. പത്രവും ദേശീയതയും തമ്മിലുളള ബന്ധം ആഗോളതലത്തില്‍ തന്നെ വിപുലമായി പഠിക്കപ്പെട്ടിട്ടുളള വിഷയമാണ്. അതിന്റെ തുടര്‍ച്ചയായി വാര്‍ത്താടെലിവിഷന്‍ നിര്‍മ്മിക്കുന്ന ദേശരാഷ്ട്ര സ്വരൂപത്തിന്റെ വിശകലനമായി മാറുന്നു മേത്തയുടെ ഗവേഷണം.പരസ്യവിപണിയും വാര്‍ത്താടെലിവിഷനും, ക്രിക്കറ്റും വാര്‍ത്താചാനലുകളും, ചാനല്‍ സംവാദങ്ങളും ഇന്ത്യന്‍ ജനാധിപത്യവും, 2002ലെ ഗുജറാത്ത് കലാപവും ടെലിവിഷന്‍ രാഷ്ട്രീയവും എന്നീ നാലുമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ പഠനം പുരോഗമിക്കുന്നത്.2005ല്‍, ഒരു ഹിന്ദി സിനിമയുടെ റിലീസിംഗിനു തലേന്ന് ആ സിനിമയിലെ നായികാനായകന്മാരായ റാണി മുഖര്‍ജിയും അഭിഷേക്ബച്ചനും തങ്ങളുടെ കഥാപാത്രങ്ങളായി എന്‍.ഡി.ടി.വിയില്‍ വാര്‍ത്ത അവതരിപ്പിച്ച സന്ദര്‍ഭം മുതല്‍, പരസ്യവിപണി ഇന്ത്യന്‍ വാര്‍ത്താചാനലുകളില്‍ നടത്തുന്ന നാനാതരം അധിനിവേശങ്ങളുടെ വിപുലമായ ചര്‍ച്ചയാണ് നാലാമധ്യായത്തിന്റെ ഉളളടക്കം. വാര്‍ത്തക്ക് പരസ്യങ്ങളില്‍ നിന്ന് നാളതുവരെയുണ്ടായിരുന്ന വ്യത്യാസങ്ങള്‍ ഓരോന്നായി നഷ്ടമാകുന്ന കാലമാണ് വാര്‍ത്താചാനലുകളുടേത്. മാധ്യമങ്ങള്‍ വന്‍ വ്യവസായ സ്ഥാപനങ്ങളുടെ ഭാഗമായി മാത്രം നിലനില്‍ക്കുന്ന അവസ്ഥ സംജാതമാ
യതും അടുത്തകാലത്താണ്. ആഗോളമാധ്യമ കുത്തകകളെക്കുറിച്ച് ചോംസ്‌കിയും ഹെര്‍മനും മക്‌ചെസ്‌നിയും ബാഗ്ഡികിയനുമൊക്കെ നടത്തിയ പഠനങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ മാധ്യമരംഗത്തെ  കുത്തകവല്‍ക്കരണത്തിന്റെകൂടി കാലമായി വാര്‍ത്താചാനല്‍ കാലത്തെ മേത്ത വിശദീകരിക്കുന്നു. 1980കളില്‍ ഇന്ത്യന്‍ ടെലിവിഷനിലുണ്ടായ പരസ്യവിപ്ലവം ഇന്ത്യന്‍ വിപണിയെ മാറ്റിമറിച്ചതിന്റെ ചരിത്രം പലരുമെഴുതിയിട്ടുളളതാണ്. നളിന്‍ അവിടെനിന്നു മുന്നോട്ടുപോയി ആഗോളവല്‍ക്കരണ കാലത്തെ ഇന്ത്യന്‍ മാധ്യമ-വിപണി സഖ്യത്തിന്റെ അകം പുറങ്ങള്‍ വെളിപ്പെടുത്തുന്നു. 1990ല്‍ പോലും ആകെ പരസ്യവരുമാനത്തിന്റെ എഴുപതുശതമാനവും അച്ചടിമാധ്യമങ്ങള്‍ക്കാണു ലഭിച്ചിരുന്നതെങ്കില്‍ 2005 ആകുമ്പോഴേക്കും ഇത് നാല്പത്തേഴുശതമാനമായി കുറയുന്നു. 1990ല്‍ പതിനാറ് ശതമാനമായിരുന്ന ടെലിവിഷന്റെ പരസ്യവിഹിതം 2005ല്‍ നാല്പത്തിരണ്ട് ശതമാനമായി വര്‍ധിക്കുന്നു. ഈ കണക്കുകളുടെ സാമൂഹ്യശാസ്ത്രം നളിന്‍ പഠിക്കുന്നു. 'റേറ്റിംഗ്' എന്ന മന്ത്രം  ടെലിവിഷന്റെ സമ്പദ്ഘടനയെ അടിമുടി നിയന്ത്രിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താചാനലുകള്‍ തങ്ങളുടെ നിലനില്‍പ്പിനായി വിപണിയെ ഏതെല്ലാംതരത്തില്‍ ആശ്രയിക്കുന്നുവെന്നതിന്റെ വിശകലനമായി ഈ ഭാഗം മാറുന്നു. വാര്‍ത്തകള്‍ തന്നെയും വിനോദവും വിപണി തന്ത്രവുമായി മാറുന്നതിന്റെ ഏറ്റവും കുപ്രസിദ്ധമായ ഉദാഹരണമായി 2004ല്‍ സീ ടി.വി നടത്തിയ ഗുഡിയാ കേസ്‌റിപ്പോര്‍ട്ടിംഗും തുടര്‍നാടകങ്ങളും നളിന്‍ വിവരിക്കുന്നു.
ഇന്ത്യയുടെ രണ്ടാം ദേശീയത എന്നു വിളിപ്പേരു വീണ ക്രിക്കറ്റ്, വാര്‍ത്താചാനലുകളുടെ അടിസ്ഥാന സമവാക്യങ്ങളിലൊന്നായി മാറുന്നതിന്റെ വിശകലനമാണ് അഞ്ചാമധ്യായം. ക്രിക്കറ്റ്, സിനിമ, ക്രൈം എന്ന മൂന്നു മേഖലകളാണ് ഇന്ത്യന്‍ ടെലിവിഷന്റെ ജീവനാഡികളെന്നത് പ്രസിദ്ധമായ 
ഒരു നിരീക്ഷണമാണ്. ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു കളിയും വ്യവസായവും മതവും രാഷ്ട്രീയവും മറ്റെന്തെങ്കിലുമൊക്കെയുമാണ്. ജ്യോതിബസുവും ബുദ്ധദേവ് ഭട്ടാചാര്യയും തമ്മില്‍ നിലനിന്ന രാഷ്ട്രീയ വൈരാഗ്യത്തിനു പിന്നിലെ മുഖ്യഘടകംപോലും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണമായിരുന്നുവെന്ന് നളിന്‍ ചൂണ്ടിക്കാണിക്കുന്നു. ബസുവിന്റെ ആളായിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയക്കെതിരെ ഭട്ടാചാര്യ കൊല്‍ക്കത്തയിലെ പോലീസ് കമ്മീഷണറെ രംഗത്തിറക്കി. ഇന്ത്യന്‍ വാര്‍ത്താചാനലുകളുടെ 'ക്രിക്കറ്റൈസേഷനെ' നളിന്‍ കാണുന്നത് അവയുടെ ഭാരതീയവല്‍ക്കരണത്തിന്റെ ഭാഗമായാണ്. ബി.ബി.സി.യെ മാതൃകയാക്കിയാണ് ഇന്ത്യയില്‍ വാര്‍ത്താചാനലുകള്‍ വാര്‍ത്താബുളളറ്റിന്റെ അവസാന സ്ലോട്ട് സ്‌പോര്‍ട്‌സിനു നീക്കിവച്ചുതുടങ്ങിയത്. ക്രമേണ ക്രിക്കറ്റ് ഇന്ത്യന്‍ ടെലിവിഷനില്‍ വിശേഷിച്ച് വാര്‍ത്താടെലിവിഷനില്‍ നിര്‍ണ്ണായകമായ ഉളളടക്കമായി മാറി. ഹിന്ദുത്വത്തോടും ഇന്ത്യയോടുതന്നെയും സമീകരിക്കപ്പെട്ട ഒരു ദേശീയ സ്വത്വം ക്രിക്കറ്റിനു വളരെവേഗം കൈവന്നു. അഥവാ വാര്‍ത്താചാനലുകള്‍ അത്തരമൊരു സ്വത്വനിര്‍മ്മിതി തങ്ങളുടെ അജണ്ടതന്നെയാക്കി മാറ്റി. ഒന്‍പതു വാര്‍ത്താചാനലുകള്‍ ക്രിക്കറ്റിനു നല്‍കിയ പ്രാതിനിധ്യത്തിന്റെ സൂക്ഷ്മ വിശകലനത്തിലൂടെ നളിന്‍ ഈ ആശയം സ്ഥാപിച്ചെടുക്കുന്നു. തങ്ങള്‍ക്കുവേണ്ടി ക്രിക്കറ്റ് മത്സരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാ
നോ വിശകലനം ചെയ്യാനോ വന്‍തുക പ്രതിഫലം നല്‍കി വാര്‍ത്താചാനലുകള്‍ പ്രമുഖ കളിക്കാരുമായി കരാറുണ്ടാക്കി. സ്‌പോര്‍ട്‌സ് ചാനലുകളോടു മത്സരിച്ച് പ്രേക്ഷകരെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുകയായിരുന്നു ഈ തന്ത്രത്തിന്റെ ലക്ഷ്യം. 2005-06 വര്‍ഷം ഇന്ത്യന്‍ ടീമിന്റെ കോച്ച് എന്ന നിലയില്‍ ഗ്രെഗ്ചാപ്പലിനു ലഭിച്ചതിനെക്കാള്‍ വരുമാനം എന്‍.ഡി.ടി.വിയുമായുണ്ടാക്കിയ 'കമന്ററി കരാറി'ല്‍ നിന്ന് സിദ്ദുവിനു ലഭിച്ചു. ബോളിവുഡിനെപ്പോലും മറികടന്ന ജനപ്രിയ മാധ്യമസംസ്‌കാരമായി മാറി ക്രിക്കറ്റ്. പ്രാധാന്യമുളള രാഷ്ട്രീയ വാര്‍ത്തകള്‍ കഴിഞ്ഞാല്‍ വാര്‍ത്താചാനലുകളുടെ പരിഗണന ലഭിച്ചത് ക്രിക്കറ്റിനാണ്. (ഐ.പി.എല്‍. വിവാദത്തെത്തുടര്‍ന്ന് ഈ വര്‍ഷം മെയ് 16 മുതല്‍ ജൂണ്‍ അഞ്ചിന് ഈ ലേഖനം തയ്യാറാക്കുന്ന ദിവസംവരെയും ഇംഗ്ലീഷ് വാര്‍ത്താചാനലുകള്‍ ക്രിക്കറ്റ് അല്ലാതെ മറ്റൊരു വിഷയവും ചര്‍ച്ചചെയ്തിട്ടില്ല എന്ന് ഓര്‍മ്മിക്കുക) പരസ്യങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഏറ്റവുമധികം ഇണങ്ങുന്ന കളിയെന്നനിലയില്‍ ഇന്ത്യയില്‍ ക്രിക്കറ്റ് സംസ്‌കാരത്തെ ടെലിവിഷന്‍ മാറ്റി മറിച്ചതിനെക്കുറിച്ച് അര്‍ജുന്‍ അപ്പാദുരെ ഉള്‍പ്പെടെയുളളവരുന്നയിച്ച നിരീക്ഷണങ്ങള്‍ നളിന്‍ ആധാരമാക്കുന്നു.    
ആറാമധ്യായം ഇന്ത്യന്‍ വാര്‍ത്താചാനലുകളിലെ രാഷ്ട്രീയ സംവാദങ്ങളെക്കുറിച്ചാണ്. പൊതുമണ്ഡലം, ജനാധിപത്യം, സംവാദാത്മകത തുടങ്ങിയ സങ്കല്പനങ്ങളെ ടെലിവിഷനോടിണക്കി ചര്‍ച്ച ചെയ്യാവുന്ന ഏക മണ്ഡലമെന്നനിലയില്‍ ചാനലുകളിലെ വാര്‍ത്താചര്‍ച്ചകളെ കാണാം. 'താര്‍ക്കികനായ ഇന്ത്യക്കാരന്‍' (The Argumentative Indian) എന്ന അമര്‍ത്യാസെന്നിന്റെ വിഖ്യാതമായ സാമൂഹ്യ ചരിത്രപഠനം മാതൃകയാക്കി, ഇന്ത്യന്‍ താര്‍ക്കികപാരമ്പര്യത്തിന്റെ ടെലിവിഷന്‍ കാലത്തെ രൂപമായി നളിന്‍ വാര്‍ത്താചാനല്‍ സംവാദങ്ങളെ സമീപിക്കുന്നു. അതേസമയംതന്നെ രാഷ്ട്രീയ, ജനാധിപത്യ മണ്ഡലങ്ങളില്‍ ടെലിവിഷന്‍ സംവാദങ്ങള്‍ സവിശേഷമായി ആസൂത്രണം ചെയ്യപ്പെടുന്നതി
ന്റെയും അജണ്ടകള്‍ സെറ്റുചെയ്യുന്നതിന്റെയും അവയിലൂടെ നഗര, മധ്യവര്‍ഗ, മാധ്യമസംസ്‌കാരത്തിനു മേല്‍ക്കോയ്മ കൈവരുന്നതിന്റെയും കാഴ്ചകള്‍ നളിന്‍ കാണാതെ പോകുന്നുമില്ല. ജോണ്‍ എല്ലിസ് ടെലിവിഷനെ വിളിക്കുന്നതുതന്നെ 'ദേശരാഷ്ട്രത്തിന്റെ സ്വകാര്യജീവിതം' (The private life of the Nation State) എന്നാണ്.ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വേരുകള്‍ അമര്‍ത്യാസെന്‍ കണ്ടെത്തുന്നത് മേല്പറഞ്ഞ താര്‍ക്കികതയിലാണെന്നും, സുദീര്‍ഘവും ജനകീയവുമായ ആ പാരമ്പര്യത്തെ ഏറ്റെടുക്കുന്നതുവഴിയാണ് വാര്‍ത്താചാനല്‍ സംവാദങ്ങള്‍ ഇന്ത്യയില്‍ ജനാധിപത്യ രാഷ്ട്രീയ ക്രമത്തെ സജീവമാക്കി നിര്‍ത്തുന്നതെന്നും നളിന്‍ വാദിക്കുന്നു.  വാര്‍ത്താബുളളറ്റിനുകളില്‍ മാത്രമല്ല ടോക് ഷോകളില്‍, അഭിമുഖങ്ങളില്‍, സ്റ്റുഡിയോയിലും പുറത്തുമുളള ചര്‍ച്ചകളില്‍ - ഒക്കെ നിരന്തരമാവര്‍ത്തിക്കുന്നത് ഈ സംവാദപരതയാണ്. പുതിയ ഒരു പൊതുമണ്ഡലംതന്നെ സൃഷ്ടിക്കുന്നു വാര്‍ത്താചാനലുകള്‍. സമൂഹത്തെ സംബന്ധിക്കുന്ന ഏതു വിഷയവും തുറന്നു ചര്‍ച്ചചെയ്യാനുളള ഒരു വേദിയായി വാര്‍ത്താചാനല്‍ മാറുന്നു. 'മാധ്യമം തന്നെയാണ് സന്ദേശം' എന്ന മക്‌ലൂഹന്റെ വാക്കുകള്‍ ഇത്രമേല്‍ ശരിവയ്ക്കുന്ന മറ്റൊരു മാധ്യമ മണ്ഡലമില്ല എന്നു നളിന്‍. ഇന്ത്യയില്‍ നടന്ന നിരവധി ടെലിവിഷന്‍ പഠനങ്ങള്‍ ചൂണ്ടിക്കാണിച്ച് തന്റെ നിരീക്ഷണങ്ങള്‍ സമര്‍ഥിക്കാന്‍ നളിനു കഴിയുന്നു. അരുണ്‍ ജയ്റ്റ്‌ലിയെപ്പോലുളള ടെലിവിഷന്‍ രാഷ്ട്രീയക്കാരുടെ ഒരു തലമുറയെ മുന്‍നിര്‍ത്തി വാര്‍ത്താചാനലുകളുടെ മറ്റൊരു ഇടപെടല്‍ മേഖലയും നളിന്‍ വിശദീകരിക്കുന്നുണ്ട്.
വാര്‍ത്താചാനലുകള്‍ സമകാല ഇന്ത്യയെ നിര്‍മ്മിച്ചെടുക്കുന്നതിന്റെ ഒരു 'കേസ് സ്റ്റഡി' എന്ന നിലയില്‍ 2002ലെ ഗുജറാത്ത് കലാപത്തിന്റെ ടെലിവിഷന്‍ രാഷ്ട്രീയം 'മോദി ആന്‍ഡ് ദ കാമറ' എന്ന അധ്യായത്തില്‍ നളിന്‍ വിശദീകരിക്കുന്നു. ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ട് ഒരു ദശകം പിന്നിടുന്ന സന്ദര്‍ഭത്തിലാണ് ഗുജറാത്ത് കലാപം നടന്നത്. സ്റ്റാര്‍ന്യൂസ് മാത്രമാണ് ഇംഗ്ലീഷ് വാര്‍ത്താചാനലായി നിലവിലുണ്ടായിരുന്നത്. സീ, ആജ്തക്ക് എന്നീ ഹിന്ദി വാര്‍ത്താചാനലുകളും. എന്‍.ഡി.ടി.വിയുടെ ബര്‍ക്കാദത്ത്, രാജ്ദീപ് സര്‍ദേശായി എന്നിവരാണ് മുഖ്യമായും ഗുജറാത്ത് കലാപം ലോകത്തിനു മുന്നിലെത്തിച്ച ദൃശ്യമാധ്യമപ്രവര്‍ത്തകര്‍. സിഖ് കൂട്ടക്കൊലയ്‌ക്കോ ബാബറിമസ്ജിദ് തകര്‍ക്കലിനോ ലഭിക്കാത്ത 'ലൈവ് കവറേജ്' ഗുജറാത്ത് കലാപത്തിനു ലഭിച്ചു. നരേന്ദ്രമോദി ലോകത്തിനു മുന്നില്‍ കുറ്റവാളിയായി മാറിയത് മുഖ്യമായും ഇതിലൂടെയാണ്. 1950ലെ അമേരിക്കന്‍ പൗരാവകാശ പ്രക്ഷോഭങ്ങള്‍ക്കു ലഭിച്ച ടെലിവിഷന്‍ പ്രതിനിധാനവുമായി താരതമ്യം ചെയ്ത് നളിന്‍ ഈ വിഷയം പഠിക്കുന്നു. തുടക്കത്തില്‍, പത്രങ്ങളുടെ രീതിയില്‍ മതങ്ങളുടെ പേരുവെളിപ്പെടുത്താതെ ഗോധ്രകലാപം റിപ്പോര്‍ട്ടു ചെയ്ത ചാനലുകള്‍ പിന്നീട് ആ രീതി മാറ്റി. എന്‍.ഡി.ടി.വി, മുസ്ലിങ്ങള്‍ ഗുജറാത്തില്‍ വേട്ടയാടപ്പെടുകയാണ് എന്നുതന്നെ റിപ്പോര്‍ട്ടു ചെയ്തു. 'അതായിരുന്നല്ലോ വാര്‍ത്ത', ബര്‍ക്ക ചൂണ്ടിക്കാണിക്കുന്നു. ആജ്തക്ക് ചാനല്‍ പക്ഷെ 'മുസ്ലിം' എന്ന 
വാക്ക് ഉപയോഗിച്ചതേയില്ല. കേന്ദ്രനിയമമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മുതല്‍ നരേന്ദ്രമോദി വരെയുളളവര്‍ എന്‍.ഡി.ടി.വിക്കെതിരെ തിരിഞ്ഞു. മാര്‍ച്ച് രണ്ടിന് ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാനത്ത് എന്‍.ഡി.ടി.വിയുടെ സംപ്രേഷണം തടഞ്ഞു. കലാപം പടരുന്നതിനു മുഖ്യകാരണം അവയെക്കുറിച്ചുളള ടെലിവിഷന്‍ ദൃശ്യങ്ങളാണെന്ന് സര്‍ക്കാര്‍ വാദിച്ചു. 9/11 സംഭവം അമേരിക്കന്‍ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്ത രീതി മാതൃകയാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അദ്വാനി എന്‍.ഡി.ടി.വിയെ ഉപദേശിച്ചു. എന്നാല്‍ ടെലിവിഷന്‍ ഉള്‍പ്പെടെയുളള മാധ്യമങ്ങള്‍ ഗുജറാത്തില്‍ നടക്കുന്നത് മുസ്ലിം വംശഹത്യയാണെന്ന് തുറന്നടിച്ചതുകൊണ്ടു മാത്രമാണ് ഹിന്ദുത്വശക്തികള്‍ അവരുടെ നരവേട്ട അവസാനിപ്പിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്നു, സിദ്ധാര്‍ഥ് വരദരാജന്‍. റോഡ്‌നികിംഗ് റിപ്പോര്‍ട്ട് ഉദാഹരിച്ച് രാജ്ദീപും ഇതേ വാദം ഉന്നയിക്കുന്നു. 2004ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കേന്ദ്രത്തില്‍ ഭരണം നഷ്ടമായി.ചുരുക്കത്തില്‍, ആഗോളവല്‍ക്കരണകാലത്തെ ഇന്ത്യന്‍ വാര്‍ത്താചാനലുകളുടെ നിലനില്‍പ്പു സാധ്യമാക്കുന്ന വിശുദ്ധത്രിത്വമായി പരസ്യം, ക്രിക്കറ്റ്, രാഷ്ട്രീയം എന്നിവ മുന്നോട്ടു വയ്ക്കുകയും അതുവഴി നിര്‍മ്മിക്കപ്പെടുന്ന ടെലിവിഷന്‍ ദേശീയതയുടെ ഇന്ത്യന്‍ മുഖം അനാവരണം ചെയ്യുകയുമാണ് ഈ പഠനം.