The Global Media: the new missionaries of Corporate Capitalism Edward S. Herman, Robert W. McChesney Continuum, 1997

1940 കള്‍ തൊട്ടുതന്നെ മാധ്യമപഠനങ്ങള്‍ പ്രകടമായും രണ്ടു വഴികളിലാണ് മുന്നേറിയിരുന്നത്. ലിബറല്‍ ഡമോക്രാറ്റിക് രീതി പിന്തുടര്‍ന്നിരുന്ന യൂറോ-അമേരിക്കന്‍ അക്കാദമിക പഠനങ്ങളുടെ വഴിയായിരുന്നു, ഒന്ന്. കനേഡിയന്‍ മീഡിയാസ്‌കൂളില്‍ തുടക്കമിട്ട് അക്കാദമികളില്‍ ഇന്നും തുടരുന്ന നിരവധി സമീപനങ്ങള്‍ ഈ വഴിയിലുണ്ട്. ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂള്‍ ചിന്തകരിലാരംഭിച്ച മാര്‍ക്‌സിസ്റ്റ് മാധ്യമപഠനങ്ങളുടേതാണ് രണ്ടാമത്തെ വഴി. വാള്‍ട്ടര്‍ ബന്‍യമിനില്‍ തുടങ്ങി പല കൈവഴികളിലൂടെ വളര്‍ന്ന ഈ സമീപനങ്ങളില്‍ ഏറ്റവും പ്രമുഖമാണ് നോംചോംസ്‌കിയിലൂടെയും മറ്റും പ്രസിദ്ധമായ, സാമ്രാജ്യത്ത-മുതലാളിത്ത മാധ്യമസംസ്‌കാരത്തിന്റെ വിമര്‍ശനങ്ങള്‍. നിശിതമായ മാര്‍ക്‌സിസ്റ്റ് സ്വഭാവം ഈ ധാരണയ്ക്കുണ്ടെന്നല്ല പറയുന്നത്. പക്ഷെ അടിസ്ഥാനപരമായി മാര്‍ക്‌സിയന്‍ ലോകബോധവും രാഷ്ട്രീയ-സമ്പദ്ഘടനാ ധാരണയും പ്രത്യയശാസ്ത്ര വിശകലനവും മുതലാളിത്ത-സാമ്രാജ്യത്ത വിമര്‍ശനവും ഈ ധാരയ്ക്കുണ്ട്. ശീതയുദ്ധാനന്തരം, ആഗോളവല്‍ക്കരണം യാഥാര്‍ത്ഥ്യമായിത്തീര്‍ന്ന ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ പശ്ചാത്തലത്തിലും അമേരിക്കന്‍ പ്രാമാണ്യത്തിന്റെ പരിസരത്തിലും ഈ ധാരയ്ക്കു കൈവന്ന പ്രാധാന്യം വലുതാണ്.മറ്റു മിക്ക സാമൂഹ്യമണ്ഡലങ്ങളെയുമെന്നപോലെ, ഇക്കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്ത് മാധ്യമപഠനങ്ങളെയും ഏറ്റവുമധികം സ്വാധീനിക്കുന്ന സങ്കല്പനമായി ആഗോളവല്‍ക്കരണം മാറിക്കഴിഞ്ഞിരിക്കുന്നു. എഡ്വേര്‍ഡ്. എസ്. ഹെര്‍മനും റോബര്‍ട്ട് ഡബ്ള്‍യു. മക്‌ചെസ്‌നിയും ചേര്‍ന്നെഴുതിയ 'ആഗോളമാധ്യമങ്ങള്‍: ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ കാലത്തെ മിഷനറിമാര്‍' എന്ന ഗ്രന്ഥ(1997)ത്തിന്റെ പശ്ചാത്തലവും ഇതാണ്. എന്നു മാത്രമല്ല, ഈ വിഷയത്തെക്കുറിച്ച് ഇക്കാലയളവിലുണ്ടായ എണ്ണമറ്റ മാധ്യമപഠനങ്ങളെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു ഗ്രന്ഥമില്ല എന്നുകൂടി പറയേണ്ടിയിരിക്കുന്നു. ബന്‍യമിന്റെയും അഡോണോയുടെയും രചനകള്‍ 1940-60 കാലത്തും മക്‌ലൂഹന്റെയും വില്യംസിന്റെയും രചനകള്‍ 1960-80 കാലത്തും സൃഷ്ടിച്ച പ്രഭാവം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞ മാധ്യമപഠനങ്ങളില്‍ പ്രമുഖമാണ് 'ആഗോളമാധ്യമങ്ങള്‍'. ആഗോളവല്‍ക്കരണകാലത്തെ മാധ്യമസംസ്‌കാരത്തെ ബഹുരാഷ്ട്ര, കുത്തക മുതലാളിത്തത്തിന്റെ പ്രഭാവങ്ങളോടിണക്കി ചര്‍ച്ചചെയ്യുന്ന പ്രമാണഗ്രന്ഥമെന്ന പദവി കൈവന്ന രചന. 1988ല്‍ ചോംസ്‌കിയോടൊപ്പം ചേര്‍ന്ന് ഹെര്‍മന്‍ രചിച്ച 'സമ്മതിനിര്‍മ്മാണം: ബഹുജനമാധ്യമങ്ങളുടെ രാഷ്ട്രീയ സമ്പദ്ഘടന' എന്ന ഗ്രന്ഥത്തിന്റെയും 1992ല്‍ ബെന്‍ബാഗ് ഡികിയന്‍ രചിച്ച 'മാധ്യമകുത്തക' എന്ന ഗ്രന്ഥത്തിന്റെയും തുടര്‍ച്ചയായും കാണാം ഹെര്‍മന്റെയും മക്‌ചെസ്‌നിയുടെയും ഈ സംയുക്തരചനയെ.
ഏഴധ്യായങ്ങളുണ്ട് ഈ ഗ്രന്ഥത്തില്‍.
1. ആഗോളമാധ്യമങ്ങളുടെ ഉദയം.
2. 1990കളുടെ അന്ത്യത്തില്‍ ആഗോളമാധ്യമങ്ങള്‍.
3. ആഗോളമാധ്യമരംഗത്തെ മുഖ്യതാരങ്ങള്‍.
4. ആഗോളമാധ്യമങ്ങള്‍ - ഇന്റര്‍നെറ്റ് - ഡിജിറ്റല്‍ വിപ്ലവം.
5. മാധ്യമ ആഗോളവല്‍ക്കരണം - അമേരിക്കന്‍ അനുഭവവും പ്രഭാവവും.
6. മാധ്യമ ആഗോളവല്‍ക്കരണം - അമേരിക്കക്കു വെളിയില്‍.
7. ബദലുകളുടെ സാധ്യത.
എഡ്വേര്‍ഡോ ഗലീനോയുടെ ഈ വാക്കുകള്‍ ഹെര്‍മനും മക്‌ചെസ്‌നിയും തങ്ങളുടെ ഗ്രന്ഥത്തിന്റെ മുഖവുരയായി ഉദ്ധരിച്ചു ചേര്‍ക്കുന്നുണ്ട്: ‘The communication media are monopolized by the few that can reach everyone. Never have so many been held incommunicado by so few. More and more have the right to hear and see, but fewer and fewer have the privilege of informing, giving their opinion and creating. The dictatorship of the single word and the single image, much more devastating than that of the single party, is imposing a life whose exemplary citizen is a docile consumer and passive spectator built on the assembly line following the North American model of commercial television’.ഹെര്‍മന്റെയും മക്‌ചെസ്‌നിയുടെയും ഗ്രന്ഥം ഈയൊരവസ്ഥയുടെ സ്ഥിതിവിവരക്കണക്കുകളും സാമൂഹ്യവിശകലനവും രാഷ്ട്രീയ വിമര്‍ശനവുമാണ് എന്നുവേണമെങ്കില്‍ പറയാം.1980കളിലാരംഭിക്കുന്ന നവമാധ്യമസംസ്‌കാരത്തിന്റെ വ്യാപനം മുഖ്യമായും രണ്ടു തലങ്ങളിലാണ് ലോകമെങ്ങും പ്രകടമാകുന്നതെന്നു ചൂണ്ടിക്കാണിക്കുന്നു, ഗ്രന്ഥകര്‍ത്താക്കള്‍. മൂന്നോ നാലോ ഡസന്‍ ബഹുരാഷ്ട്ര വ്യവസായസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കുന്ന ആഗോളമാധ്യമ ക്രമത്തിനുളളില്‍ അഞ്ചോ ആറോ അമേരിക്കന്‍ മാധ്യമഭീമന്മാര്‍ക്കു കൈവന്ന മേല്‍ക്കോയ്മ സൃഷ്ടിച്ച മാധ്യമാധികാരത്തിന്റെ കേന്ദ്രീകരണവും വര്‍ധിച്ച വാണിജ്യവല്‍ക്കരണവുമാണ് ഒന്നാമത്തേത്. സമാന്തരമായി തകര്‍ന്നു തരിപ്പണമായ 'പബ്ലിക് ബ്രോഡ്കാസ്റ്റിംഗ്' സംസ്‌കാരവും അത് ജനാധിപത്യത്തിനു സൃഷ്ടിച്ച പ്രതിസന്ധികളുമാണ് രണ്ടാമത്തേത്. ഈയവസ്ഥകളുടെ രാഷ്ട്രീയവും സാമ്പത്തികവും സാങ്കേതികവുമായ വിശകലനമാണ് ഹെര്‍മനും മക്‌ചെസ്‌നിയും നടത്തുന്നത്.ഭരണകൂടത്തില്‍നിന്നും സമ്പദ്ശക്തികളില്‍നിന്നും മുക്തമായി സമൂഹത്തില്‍ ഒരു ജനാധിപത്യ പൊതുമണ്ഡലം സൃഷ്ടിക്കുന്നതില്‍ ബഹുജനമാധ്യമങ്ങള്‍ക്കുളള പങ്കിനെക്കുറിച്ച് പഠിക്കുന്ന ജൂര്‍ഗന്‍ ഹേബര്‍മാസിന്റെ വിഖ്യാതമായ സങ്കല്പനം മുന്‍നിര്‍ത്തിയാണ് ഹെര്‍മനും മക്‌ചെസ്‌നിയും തങ്ങളുടെ പഠനം ആരംഭിക്കുന്നത്. പൊതുമണ്ഡലത്തിനു ഭീഷണിയാകുന്ന രണ്ടു ഘടകങ്ങളെക്കുറിച്ച് (ഭരണകൂടനിയന്ത്രണവും സെന്‍സറിംഗും, സ്വകാര്യകുത്തക മുതലാളിത്തം എന്നിവ) ഹേബര്‍മാസ് നടത്തുന്ന നിരീക്ഷണങ്ങളെ വിശദമായി അവതരിപ്പിച്ചുകൊണ്ടാണ് തങ്ങളുടെ പഠനത്തിന്റെ പശ്ചാത്തലം ഇവര്‍ രൂപപ്പെടുത്തുന്നത്. ഈയര്‍ഥത്തില്‍, ആഗോളവല്‍ക്കരണകാലത്തെ ബഹുരാഷ്ട്ര മാധ്യമ മുതലാളിത്തത്തെക്കുറിച്ചുളള ഒരു ഹേബര്‍മാസിയന്‍ അപഗ്രഥനമായും ഈ ഗ്രന്ഥത്തെ കാണാം.'ആഗോളമാധ്യമങ്ങളുടെ ഉദയം' എന്ന ഒന്നാമധ്യായം, പ്രാദേശിക - ദേശീയ മാധ്യമങ്ങളില്‍ നിന്നു ഭിന്നമായ ഒരു ചരിത്രാനുഭവവും രാഷ്ട്രീയ സമ്പദ്ഘടനയും സാംസ്‌കാരിക വ്യവസ്ഥയുമായി ആഗോളമാധ്യമങ്ങളെ വിലയിരുത്തുന്നു. വ്യവസായാധുനികതയില്‍, മുതലാളിത്തത്തിന്റെ ഉദയത്തിനൊപ്പമാണ് ബഹുജനമാധ്യമങ്ങളുടെയും ഉദയം. പതിനാറാം നൂറ്റാണ്ടിന്റെ മധ്യംതൊട്ടാരംഭിക്കുന്ന ഈ പാശ്ചാത്യ ബഹുജന മാധ്യമസംസ്‌കാരം ബഹുരാഷ്ട്ര മുതലാളിത്തം സുശക്തമാകുന്ന ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ തൊട്ടാണ് 'ആഗോളമാധ്യമ'മെന്ന സങ്ക
ല്പനത്തിലേക്കു വഴിമാറുന്നത്. ശീതയുദ്ധത്തിന്റെ അന്ത്യം, ആഗോളവല്‍ക്കരണത്തിന്റെ വ്യാപനം, ഇലക്ട്രോണിക് മാധ്യമസാങ്കേതികതയുടെ പ്രഭാവം, അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളുടെ പ്രാമാണ്യം തുടങ്ങിയ നിരവധി ഘടകങ്ങള്‍ മുന്‍നിര്‍ത്തി 1980കളുടെ അന്ത്യംതൊട്ട് മൂര്‍ത്തമായിത്തീര്‍ന്ന ഒരു ചരിത്രസന്ധിയാകുന്നു,
അതുവഴി, 'ആഗോളമാധ്യമ'മെന്ന സങ്കല്പനം.റേഡിയോ, സിനിമ എന്നിവ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംതൊട്ടുതന്നെ മാധ്യമങ്ങളുടെ ആഗോളവ്യാപനം യാഥാര്‍ഥ്യമാക്കിയിരുന്നു. രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ പത്രങ്ങളെയും രാജ്യാന്തരമാക്കിയിരുന്നു. എങ്കിലും 1990കളോടെ നടപ്പായ മാറ്റം അവയെയെല്ലാം കടത്തിവെട്ടി. ഉപഗ്രഹ ടെലിവിഷന്റെ വരവാണ് യഥാര്‍ഥത്തില്‍ ഈ മാറ്റത്തിനു ചുക്കാന്‍ പിടിച്ചത്. ആഗോള സമ്പദ്‌വിപണിയാണ് ആഗോളമാധ്യമങ്ങളുടെ പോറ്റമ്മ. മക്‌ബ്രൈഡ് കമ്മീഷന്‍ ഉള്‍പ്പെടെയുളളവ നിര്‍ദ്ദേശിച്ച മാധ്യമരംഗത്തെ ദിശാവ്യതിയാനങ്ങള്‍ മുതല്‍ ഗാട്ട്കരാറും നാഫ്ത കരാറും ഉള്‍പ്പെടെയുളളവ സൃഷ്ടിച്ച സ്വാധീനംവരെ ഹെര്‍മനും മക്‌ചെസ്‌നിയും ചൂണ്ടിക്കാണിക്കുന്നു.1990കളില്‍ യാഥാര്‍ഥ്യമായ ആഗോളമാധ്യമ കുത്തകകളുടെ പ്രഭാവമാണ് രണ്ടാമധ്യായത്തിലെ ചര്‍ച്ചാവിഷയം. സിനിമ, സംഗീതം, പുസ്തകപ്രസാധനം തുടങ്ങിയ മേഖലകളോരോന്നും അഭൂതപൂര്‍വമാംവിധം വളര്‍ന്നും പടര്‍ന്നും പന്തലിച്ചു. ടെലിവിഷന്‍ ഈ മാറ്റത്തിന്റെ പതാകവാഹകനായി. പരമ്പരാഗത മാധ്യമസ്ഥാപനങ്ങളെ ഒന്നടങ്കം പിന്തളളി പുതിയ മാധ്യമക്കമ്പനികള്‍ നിലവില്‍ വന്നു. പരസ്യവിപണി മുന്‍പൊരിക്കലുമില്ലാത്തവിധം മാധ്യമങ്ങളുടെ സമ്പദ്ഘടനയും ജനപ്രീതിയും നവീകരിച്ചു. ഡിജിറ്റല്‍ സാങ്കേതികത പുതിയ നൂറ്റാണ്ടിന്റെ മാധ്യമവിപ്ലവത്തിനു ചുക്കാന്‍ പിടിച്ചു. ആഗോളമാധ്യമഭീമന്മാരുടെ സാംസ്‌കാരിക അധിനിവേശം ചുരുക്കം ചില രാജ്യങ്ങളിലൊഴികെ ലോകമെങ്ങും നടപ്പായി.ന്യൂസ് കോര്‍പ്പറേഷന്‍, ടൈം വാര്‍ണര്‍, ഡിസ്‌നി, ബര്‍ട്ടല്‍സ്മന്‍, വയാകോം, ടി.സി.ഐ. എന്നീ ആറ് മാധ്യമസ്ഥാപനങ്ങള്‍ മാധ്യമഭീമന്മാരായി അറിയപ്പെട്ടു തുടങ്ങി. ഇവയ്ക്കു പിന്നാലെ പോളിഗ്രാം, എന്‍.ബി.സി, യൂണിവേഴ്‌സല്‍, സോണി എന്നീ നാലുസ്ഥാപനങ്ങളും (ഇവയില്‍ മൂന്നെണ്ണം ഇലക്ട്രോണിക് കമ്പനികള്‍ തന്നെയാണ്) വന്‍ സാന്നിധ്യമായി. മാധ്യമപ്രവര്‍ത്തനത്തില്‍നിന്നു മുന്നോട്ടുപോയി രാജ്യാന്തര വാണിജ്യ, നയതന്ത്ര, രാഷ്ട്രീയ ബന്ധങ്ങളെ നിയന്ത്രിക്കുക, ആഗോള വിനോദവിപണിയില്‍ കുത്തക സ്ഥാപിക്കുക, മാധ്യമവ്യവസായത്തിന്റെ ഭിന്നമണ്ഡലങ്ങളില്‍ (ഉളളടക്കം മുതല്‍ സാങ്കേതികതവരെ) ഒരേസമയം അധീശത്വം നേടുക എന്നിങ്ങനെ ഈ ആഗോളമാധ്യമഭീമന്മാര്‍ കൈവരിച്ച 'നേട്ട'ങ്ങള്‍ ഹെര്‍മനും മക്‌ചെസ്‌നിയും മറനീക്കിക്കാണിക്കുന്നു.
മൂന്നാമധ്യായം മേല്പറഞ്ഞ പത്തു സ്ഥാപനങ്ങള്‍ക്കു കീഴില്‍ വരുന്ന എണ്ണമറ്റ മാധ്യമങ്ങളുടെയും അവയുടെ സമ്പദ്ഘടനയുടെയും വിശദാംശങ്ങളാണ്. ഒപ്പം, അമേരിക്കന്‍, യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ വന്‍തോതില്‍ സ്വാധീനം കൈവരിച്ച രണ്ടും മൂന്നും നിര മാധ്യമസ്ഥാപനങ്ങളുടെ വിവരങ്ങളും. അവിശ്വസനീയമാംവിധം വൈവിധ്യവല്‍ക്കരണം നടത്തുകയും അതുവഴി സാമ്പത്തിക വളര്‍ച്ച നേടുകയും ചെയ്ത മാധ്യമഭീമന്മാരുടെ വിജയഗാഥ, മറ്റു വ്യവസായമണ്ഡലങ്ങളില്‍ പോലുമുണ്ടാകാത്ത ഒന്നാണെന്ന് ഹെര്‍മനും മക്‌ചെസ്‌നിയും തെളിയിക്കുന്നു.നാലാമധ്യായം ഇന്റര്‍നെറ്റിന്റെയും ഡിജിറ്റൈസേഷന്റെയും പിന്‍ബലത്തില്‍ ആഗോളമാധ്യമങ്ങള്‍ രാജ്യാന്തരമണ്ഡലത്തില്‍ സൃഷ്ടിച്ചെടുത്ത കുത്തകയുടെ കഥ പറയുന്നു. ഭരണകൂടനിയന്ത്രണങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞുപോകുകയും സ്വകാര്യവല്‍ക്കരണവും വിപണി മുതലാളിത്തവും അഭൂതപൂര്‍വമാംവിധം പിടിമുറുക്കുകയും ചെയ്ത ഒന്നായി മാധ്യമരംഗം മാറുന്നു. 1996ലെ 'അമേരിക്കന്‍ ടെലികമ്യൂണിക്കേഷന്‍ ആക്ട്', തുറന്നുവിട്ട ടെലികമ്യൂണിക്കേഷന്‍ ഭൂതമാണ് ഇന്നു ലോകം സാക്ഷ്യംവഹിക്കുന്ന മാധ്യമാന്തരീക്ഷത്തിന്റെ മുഖ്യ സ്രഷ്ടാവ്. പൊതുമേഖലാമാധ്യമങ്ങള്‍ ഒന്നൊന്നായി തിരോഭവിക്കുകയും സ്വകാര്യമാധ്യമങ്ങള്‍ വന്‍ മുന്നേറ്റം നടത്തുകയും ചെയ്യുന്ന കാലത്തിന്റെ മാഗ്നാകാര്‍ട്ടയാണ് ഈ ആക്ട്. ഇന്റര്‍നെറ്റ് തുറന്നുവിട്ട 'ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേ'യുടെ പശ്ചാത്തലവും മറ്റൊന്നല്ല. സാങ്കേതികത, വ്യവസായം, മാധ്യമം എന്നീ മൂന്നു തലങ്ങളില്‍ ഇന്റര്‍നെറ്റ് കയ്യടക്കിയ ആഗോളവിപണിയുടെ വിശദാംശങ്ങള്‍ ഹെര്‍മനും മക്‌ചെസ്‌നിയും വിവരിക്കുന്നു.അഞ്ചും ആറും അധ്യായങ്ങള്‍ യഥാക്രമം അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമുളള ആഗോളമാധ്യമസംസ്‌കാരത്തിന്റെ രാഷ്ട്രീയ - സമ്പദ്ഘടന കലനം ചെയ്യുന്നു. ആഗോളവല്‍ക്കരണ കാലത്ത് ലോകമെമ്പാടുമുളള മാധ്യമസംസ്‌കാരത്തിന്റെ സാമ്പത്തികവും സാങ്കേതികവും രാഷ്ട്രീയവുമായ അടിത്തറ അമേരിക്കയുടേതാണ് എന്ന നിലപാടില്‍ നിന്നാണ് ഈ വിശകലനങ്ങള്‍ രൂപംകൊളളുന്നത്. 'സംസ്‌കാരവ്യവസായ'മെന്ന സങ്കല്പനം 1940കളില്‍ രൂപപ്പെടുത്തുമ്പോള്‍ അഡോണോയും ഹോക്മീറും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു എന്നോര്‍ക്കുക. ഒരുവശത്ത് പൊതുമേഖലാ മാധ്യമങ്ങളുടെ തകര്‍ച്ച. മറുവശത്ത് സ്വകാര്യ മാധ്യമങ്ങളുടെ വളര്‍ച്ച; ഒരുവശത്ത് പൊതുമണ്ഡലത്തിന്റെ ശിഥിലീകരണം. മറുവശത്ത് വിനോദവ്യവസായത്തിന്റെയും വിപണി മുതലാളിത്തത്തിന്റെയും ശാക്തീകരണം - അമേരിക്കന്‍ മാധ്യമസംസ്‌കാരത്തിന് ആഗോളവല്‍ക്കരണ കാലത്തുണ്ടായ പരിണാമങ്ങളെ ഹെര്‍മനും മക്‌ചെസ്‌നിയും ഇങ്ങനെ സംഗ്രഹിക്കുന്നു.അമേരിക്കക്കു വെളിയില്‍ കാനഡ, ബ്രസീല്‍, ബ്രിട്ടന്‍, ഇറ്റലി, കരീബിയന്‍ ദ്വീപുകള്‍, ന്യൂസിലാന്‍ഡ്, ഇന്ത്യ എന്നിങ്ങനെ ഭിന്ന ഭൂഖണ്ഡങ്ങളിലെ മാധ്യമസംസ്‌കാരങ്ങളെ പ്രതിനിധാനപരമായി അവലോകനം ചെയ്യുന്നു, ആറാമധ്യായം. അമേരിക്കന്‍ കുത്തക ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ മാത്രമാണ് നാമമാത്രമായെങ്കിലും ചെറുക്കുന്നതെന്നും ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളിലെ മാധ്യമസംസ്‌കാരം അമേരിക്കന്‍ കുത്തകകള്‍ക്കു കീഴടങ്ങിക്കഴിഞ്ഞുവെന്നും ഗ്രന്ഥം സൂചിപ്പിക്കുന്നു.ആഗോള മുതലാളിത്ത മാധ്യമവിപണിക്കും വിനോദസംസ്‌കാരത്തിനും ബദല്‍ സൃഷ്ടിക്കുന്നതിന്റെ സാധ്യതകളാരായുന്ന അവസാന അധ്യായം, ജനക്ഷേമതാല്‍പര്യങ്ങള്‍ കൈവിട്ട പൊതുമേഖലാ മാധ്യമങ്ങളും വാണിജ്യതാല്‍പര്യങ്ങള്‍ മാത്രം സൂക്ഷിക്കുന്ന സ്വകാര്യ മാധ്യമങ്ങളും ചേര്‍ന്ന് റദ്ദുചെയ്യുന്ന ജനാധിപത്യ പൊതുമണ്ഡലങ്ങളുടെ അപഗ്രഥനമാണ് നടത്തുന്നത്. ആഗോളവല്‍ക്കരണ - വിപണിവല്‍ക്കരണ നയങ്ങളുടെ ഗുണപരവും ഋണപരവുമായ സ്വഭാവങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് ഈ അപഗ്രഥനം മുന്നേറുന്നത്. വിപണിയുടെ സ്വാതന്ത്ര്യം, പ്രൊഫഷണലിസവും വസ്തുനിഷ്ഠതയും, സജീവപ്രേക്ഷകര്‍, പുതിയ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍, ബ്യൂറോക്രസിയുടെ തിരോഭാവം എന്നിങ്ങനെ ആഗോളവല്‍ക്കരണത്തിന്റെ ഗുണവശങ്ങളായി പൊതുവെ കരുതപ്പെടുന്ന ഘടകങ്ങള്‍ ഗ്രന്ഥകര്‍ത്താക്കള്‍ സൂക്ഷ്മമായി മൂല്യനിര്‍ണയം ചെയ്യുന്നു. ആഗോളവല്‍ക്കരണത്തിന് ബദലുകളില്ല എന്ന വിശ്വാസത്തിനെതിരെ രംഗത്തുവരാത്ത കാലത്തോളം ഈയവസ്ഥക്കു മാറ്റമുണ്ടാകില്ല എന്ന ചോംസ്‌കിയുടെ വിഖ്യാതമായ നിരീക്ഷണം (“If you act like there’s no possibility for change you guaranteethat there will be no change”) ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹെര്‍മനും മക്‌ചെസ്‌നിയും ഗ്രന്ഥമവസാനിപ്പിക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം ഇന്ത്യയിലുള്‍പ്പെടെ നടക്കുന്ന ഇടതുപക്ഷ മാധ്യമപഠനങ്ങള്‍ക്ക് ഇത്രമേല്‍ ആശയ, വസ്തുതാപിന്തുണ നല്‍കുന്ന മറ്റൊരു ഗ്രന്ഥമില്ല. റോബിന്‍ ജഫ്രി മുതല്‍ ശശികുമാര്‍ വരെയുളളവരുടെ പഠനങ്ങള്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം.