Error message

Cellphone Nation: Robin Jeffrey and Assa Doron- Hachette India, 2013

ആശയവിനിമയരംഗത്ത് നാളിതുവരെ നടന്നിട്ടുള്ള ഏറ്റവും വിപ്ലവകരമായ മാധ്യമ മുന്നേറ്റമായി തിരിച്ചറിയപ്പെടുന്നത് മൊബൈല്‍ ഫോണിന്റെ സാങ്കേതികതയും പ്രചാരവുമാണ്. ലോക ജനസംഖ്യയ്ക്കു തുല്യമാകും, ഈ വര്‍ഷമവസാനത്തോടെ സിമ്മുകളുടെ എണ്ണം എന്നാണ് അടുത്തിടെ ബാര്‍സലോണയില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത് (ദ ഹിന്ദു, 13-3-13) എഴുന്നൂറുകോടി മൊബൈല്‍ഫോണ്‍ കണക്ഷനുകളാണ് ലോകമൊട്ടാകെ ഇപ്പോഴുള്ളത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇത് ആയിരം കോടിയാകും. ഇതിനര്‍ത്ഥം മുഴുവനാളുകളും മൊബൈല്‍ ഫോണ്‍ ഉടമകളാകും എന്നല്ല. മുന്നൂറ്റി ഇരുപതുകോടി ആളുകളാണ് ലോകമൊട്ടാകെ മൊബൈല്‍ ഫോണ്‍ ഉടമകളായി ഇപ്പോഴുള്ളത് (ശരാശരി ഒരാള്‍ക്ക് രണ്ടു സിം) 2018 ഓടെ ഇത് നാനൂറുകോടിയാകും. മുഴുവന്‍ വാര്‍ത്താ, വിനോദ വിനിമയ മാധ്യമങ്ങളുടെയും സാധ്യതകളുറപ്പാക്കുന്ന സാങ്കേതികത, വിലക്കുറവ് എന്നിവയാണ് മൊബൈല്‍ ഫോണ്‍ പ്രചാരത്തിന്റെ അടിസ്ഥാനകാരണങ്ങള്‍. അലാറം ക്ലോക്ക് മുതല്‍ ഇന്റര്‍നെറ്റ് വരെ ഏതു സൗകര്യവും ലഭ്യമാക്കുന്ന, ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ സംലയിത മാധ്യമം (Converged Medium) മൊബൈല്‍ഫോണ്‍ ആണ്.
1990കളുടെ ഒടുവില്‍ തുടക്കമിട്ട ഇന്ത്യയിലെ മൊബൈല്‍ഫോണ്‍ പ്രചാരം 2012 ല്‍ തൊണ്ണൂറുകോടിയായി. നഗര, പട്ടണ പ്രദേശങ്ങളില്‍ വ്യാപനം താരതമ്യേന കൂടുതലാണെങ്കിലും വിദൂരഗ്രാമങ്ങളില്‍ പോലും നിരക്ഷരത, ദാരിദ്ര്യം, ജാതി-മത-ലിംഗ-വര്‍ഗ വ്യത്യാസങ്ങള്‍ എന്നിവയെല്ലാം മറികടന്ന് മൊബൈല്‍ ഫോണ്‍ ഏറ്റവും ജനപ്രിയമായ സാങ്കേതികതയും മാധ്യമവുമായി മാറിക്കഴിഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍പോലും ഭരണകൂടാവശ്യങ്ങള്‍ക്കു മാത്രമുള്ള ഉപകരണമായിരുന്നു ഇന്ത്യയില്‍ ടെലിഫോണ്‍. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഈ സ്ഥിതി മാറിയത്. 1947 ല്‍ ഇന്ത്യയില്‍ ആകെയുണ്ടായിരുന്ന ഒരു ലക്ഷം ഫോണ്‍ കണക്ഷനില്‍  ബഹുഭൂരിഭാഗവും സര്‍ക്കാര്‍ ഓഫീസുകളിലായിരുന്നു.1 984 ല്‍ ഇരുപത്തഞ്ചുലക്ഷമായി ഉയര്‍ന്ന ടെലിഫോണ്‍ കണക്ഷന്‍ 1991 ല്‍ 50 ലക്ഷമായി. തൊണ്ണൂറുകളുടെ ഒടുവില്‍ ഇന്ത്യയിലാരംഭിച്ച മൊബൈല്‍ ഫോണ്‍ വിപ്ലവം ഒന്നരപ്പതിറ്റാണ്ടിനുള്ളില്‍ തൊണ്ണൂറുകോടിയായി. ഇന്നും ഇന്ത്യയില്‍ ലാന്‍ഡ്‌ഫോണ്‍ കണക്ഷന്‍ വെറും മൂന്നുകോടിയില്‍ താഴെ മാത്രമേയുള്ളൂ. അത്രമേല്‍ പരിതാപകരമാണ് ആ രംഗം. എന്നാല്‍ 2000 ല്‍ ഇരുപതു ലക്ഷം മാത്രമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കണക്ഷന്‍ 2010 ല്‍ അന്‍പതുകോടിയായും പിന്നീട് ഒറ്റവര്‍ഷം കൊണ്ട് എണ്‍പതു കോടിയായും 2012 ല്‍ തൊണ്ണൂറുകോടിയായും വളര്‍ന്നു (മുപ്പതുശതമാനം ഇന്ത്യക്കാര്‍ നിരക്ഷരരാണെന്നതും അന്‍പതുശതമാനം ഇന്ത്യക്കാര്‍ക്ക് കക്കൂസില്ല എന്നതും ഇതോടു ചേര്‍ത്തു വായിക്കുക)
ചരിത്രത്തില്‍ മറ്റൊരു മാധ്യമത്തിനും സാങ്കേതികവിദ്യക്കും കഴിയാത്തവിധം (റോബിന്‍ ജെഫ്രിയുടെ വാക്കുകളില്‍, ചെരുപ്പിനുശേഷം) മനുഷ്യജീവിതത്തെ കീഴ്‌മേല്‍ മാറ്റിമറിക്കാന്‍ കഴിയുന്നു, മൊബൈല്‍ഫോണിന്. വിശേഷിച്ചും, കണ്ണടച്ചുതുറക്കുന്ന കാലവേഗത്തില്‍.   
ഇന്ത്യയില്‍ നടന്ന ഈ മൊബൈല്‍ ഫോണ്‍ വിപ്ലവത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനവും ഈ മാധ്യമം സൃഷ്ടിച്ച സാമൂഹ്യമാറ്റങ്ങളെക്കുറിച്ചുള്ള വിശകലനവുമാണ് റോബിന്‍ ജെഫ്രിയും അസാ ദൊറോണും ചേര്‍ന്നെഴുതിയ '‘Cellphone Nation’ എന്നഗ്രന്ഥത്തിന്റെ ഉളളടക്കം.
Controlling, Connecting, Consuming ങ്ങളാണ് ഈ പഠനത്തിലുളളത്. ഒന്നാംഭാഗം വാര്‍ത്താവിനിമയരംഗത്തെ സാങ്കേതികതക്കും ജനകീയതക്കും മേല്‍ ഭരണകൂടം സൃഷ്ടിച്ചിരുന്ന നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ചരിത്രം പറയുന്നു. രണ്ടാംഭാഗം ഇന്ത്യയിലെ മൊബൈല്‍ഫോണ്‍ വ്യാപനത്തിന്റെ കഥയും. ഗ്രന്ഥത്തിന്റെ മൂന്നാംഭാഗം മുഖ്യമായും സാമ്പത്തികരംഗം, രാഷ്ട്രീയം, ഗാര്‍ഹികജീവിതം, അധോസംസ്‌കാരം എന്നീ തലങ്ങളില്‍ മൊബൈല്‍ഫോണ്‍ ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിച്ച മാറ്റങ്ങളുടെ ചരിത്രമായി മാറുന്നു. സെല്‍ഫോണ്‍ സാങ്കേതികതയുടെ ലളിതവിവരണം, ഫോണ്‍സാന്ദ്രതയുടെ കണക്കുകള്‍, വിവിധ മേഖലകളില്‍ നിന്നുളളവരുടെ അഭിപ്രായങ്ങള്‍, അടിക്കുറിപ്പുകള്‍, റഫറന്‍സുകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ സമൃദ്ധമായി ഉപയോഗപ്പെടുത്തിയും ചരിത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും മാത്രമല്ല, മാധ്യമപഠനത്തിന്റെയും ജനപ്രിയസംസ്‌കാരപഠനത്തിന്റെയും രീതിശാസ്ത്രപദ്ധതികള്‍ പിന്‍പറ്റിയുമാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്.        
കുട്ടികളുടെ കളിപ്പാട്ടം മുതല്‍ അധോലോകനായകരുടെ ആയുധംവരെ; കുറ്റാന്വേഷകരുടെ ഉപകരണം മുതല്‍ പോണോഗ്രാഫിയുടെ ജനപ്രിയ മാധ്യമംവരെ - കടല്‍ മധ്യത്തിലെ മുക്കുവരുടെ മുതല്‍ മഹാനഗരത്തിലെ കോര്‍പ്പറേറ്റ് തലവന്മാരുടെവരെ ശരീരത്തിന്റെ ഭാഗമായിക്കഴിഞ്ഞ സെല്‍ഫോണ്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മാധ്യമവും സാങ്കേതികതയും സംസ്‌കാരവുമാണ്. ഇന്ത്യയില്‍ സെല്‍ഫോണ്‍ പ്രചാരം നടന്ന ഒരു ദശകത്തിന്റെ കഥ ആധുനികതയെ പിന്തളളി ഒരു ജനതയും രാഷ്ട്രവും മുന്നോട്ടു സഞ്ചരിച്ചതിന്റെ സാംസ്‌കാരികചരിത്രമായി വിശദീകരിക്കുകയാണ് ജഫ്രിയും ദൊറോണും.
ആഗോളവല്‍കൃത ഇന്ത്യയില്‍ ടെലികമ്യൂണിക്കേഷന്‍ വിപ്ലവം ആരംഭിച്ചതുമുതല്‍ (1993) ഈ വകുപ്പ് ഭരിച്ച പത്തു കേന്ദ്രമന്ത്രിമാരുടെ കൗതുകകരമായ ഒരു ചിത്രം ഗ്രന്ഥം അവതരിപ്പിക്കുന്നുണ്ട്. ഇവരിലൊരാള്‍ അഴിമതിക്കേസില്‍ ജയിലിലായി. മറ്റൊരാള്‍ അഴിമതിയാരോപണത്തെത്തുടര്‍ന്ന് രാജിവച്ചു. മൂന്നാമതൊരാള്‍ അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്നു. ഇനിയുമൊരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് അപ്രതീക്ഷിതമായി വകുപ്പു നഷ്ടപ്പെട്ടു. ഒരാള്‍ ഇപ്പോഴും ജയിലിലാണ്. ഇനിയുമൊരാള്‍ക്കുനോരെ അഴിമതിയന്വേഷണം തുടങ്ങിക്കഴിഞ്ഞു. സുഖ്‌റാം മുതല്‍ എ.രാജവരെയുളളവരുടെ കഥയാണ് സൂചിതം. യൂറോപ്പിലും അമേരിക്കയിലും ഒന്നാം ലോകയുദ്ധാനന്തരം ഓട്ടോമൊബീല്‍ വ്യവസായത്തിനുണ്ടായതുപോലെ (ഇന്ത്യയില്‍ തന്നെ1990 കളില്‍ ഐ.ടി. മേഖലയിലുണ്ടായതുപോലെയും) ഭരണകൂടത്തെ മറികടന്ന സ്വകാര്യമൂലധനനിക്ഷേപം, തൊഴില്‍സാധ്യതകള്‍, ഉല്പന്നത്തിന്റെ വ്യാപകമായ പ്രചാരം, അതുമാറ്റിമറിച്ച ജനജീവിത സംസ്‌കാരം എന്നീ തലങ്ങളില്‍ ഈ നൂറ്റാണ്ടില്‍ സെല്‍ഫോണ്‍ വിപ്ലവകരമായി ഇടപെട്ടു. ഗാര്‍ഹികത (Domestication), പ്രകടനപരത (Performativity), വിനിമയപരത, സ്വകാര്യത, ലൈംഗികത, മതാത്മകത എന്നിങ്ങനെ എത്രയോ തലങ്ങളില്‍ നടത്തുന്ന ഇടപെടലുകളിലൂടെയാണ് 'ഇസ്ലലാമിക് സെല്‍ഫോണ്‍' മുതല്‍ 'സെക്‌സ്‌ഫോണ്‍' വരെയുളളവ ജനപ്രിയമായി മാറുന്നത്. മുന്‍പ് മാര്‍ഷല്‍ മക്‌ലൂഹന്‍ മുഖ്യമായും ടെലിവിഷന്‍ മുന്‍നിര്‍ത്തി ആഗോളഗ്രാമത്തെക്കുറിച്ചു പ്രവചിച്ചതു പോലെ 1990 കളുടെ തുടക്കത്തില്‍ മാനുവല്‍ കാസ്റ്റല്ലസ് 'ശൃംഖലാസമൂഹം' (network society) എന്ന സങ്കല്പനം ചര്‍ച്ചചെയ്യുന്നതിന്റെ മുഖ്യ ഉപാധികളിലൊന്ന് സെല്‍ഫോണ്‍ ആണ്.
സാക്ഷരതയും വിവരലഭ്യതയും നല്‍കുന്ന അറിവിന്റെ ജനാധിപത്യവല്‍ക്കരണത്തെ സെല്‍ഫോണ്‍ വിപ്ലവകരമായി മുന്നോട്ടുകുതിപ്പിച്ചപ്പോള്‍ തന്നെ ഭരണകൂടം (രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും) ഈയൊരു ജനാധിപത്യപ്രക്രിയയെ ഭയപ്പെടുകയും നിയന്ത്രിക്കുകയും ചെയ്തതിന്റെ ചരിത്രമാണ് ഇീിൃേീഹഹശിഴ എന്ന ഒന്നാംഭാഗം. അറിവും വിവരവും നിയന്ത്രിച്ചുനിര്‍ത്തിയിരുന്ന പ്രാചീന ഇന്ത്യന്‍ ജാതിഘടനയില്‍ തുടങ്ങി മുഗള്‍ കാലഘട്ടം പിന്നിട്ട്, കൊളോണിയല്‍ കാലത്ത് അച്ചടി രൂപപ്പെടുത്തിയ പൊതുമണ്ഡലത്തിന്റെ ജനാധിപത്യപ്രക്രിയയിലെത്തി, ആധുനിക-ആധുനികാനന്തര വാര്‍ത്താവിനിമയ സാങ്കേതികതകളിലേക്കു സഞ്ചരിക്കുന്ന ഗ്രന്ഥം, ഈ ഓരോ ഘട്ടത്തിലും നിലനിന്ന അധീശ ശക്തികളുടെ അറിവുനിയന്ത്രണ തന്ത്രങ്ങളുടെ ചര്‍ച്ചയിലാണ് ഊന്നുന്നത്.
അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ 1876 ലാണ് ടെലിഫോണ്‍ രൂപകല്പന ചെയ്യുന്നത്. 1878 ല്‍ തന്നെ തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ ടെലിഫോണ്‍ സ്ഥാപിതമായി. മൂന്നുവര്‍ഷത്തിനുളളില്‍ ചെന്നൈയിലും മുംബയിലും കല്‍ക്കത്തയിലും സ്വകാര്യടെലഫോണ്‍ കമ്പനികള്‍ നിലവില്‍വന്നു. പക്ഷെ സര്‍ക്കാര്‍ സൗകര്യങ്ങള്‍ക്കുമാത്രമാണ് ഫോണ്‍ അനുവദിക്കപ്പെട്ടത്. യന്ത്രനാഗരികത യെയും വാണിജ്യോന്മുഖമായ ആധുനികമാധ്യമങ്ങളെയും (പത്രം, റേഡിയോ, സിനിമ...) അടിമുടി എതിര്‍ത്ത മഹാത്മാഗാന്ധിക്ക് 
ടെലിഫോണ്‍ പ്രിയപ്പെട്ടതായിരുന്നുവെന്ന് ജഫ്രി രേഖപ്പെടുത്തുന്നു. സ്വതന്ത്ര ഇന്ത്യയിലും റേഡിയോ, ഫോണ്‍ തുടങ്ങിയവയ്ക്കുമേല്‍ ഭരണകൂടം പുലര്‍ത്തിപ്പോന്ന അധികാര, ഉടമസ്ഥതാകുത്തകയുടെ ചരിത്രം ആഗോളവല്‍ക്കരണമാരംഭിച്ചതോടെയാണ് ഇല്ലാതായത്. രാജീവ്ഗാന്ധിയും സാംപിത്രോഡയും ചേര്‍ന്നു തുടക്കമിട്ട ഇന്ത്യന്‍ ടെലികാം വിപ്ലവത്തിന്റെ രണ്ടാംഘട്ടമാണ് 1999 ലാരംഭിക്കുന്ന സെല്‍ഫോണ്‍ വ്യാപനം. 2000-ല്‍ ബി.എസ്.എന്‍.എല്‍. സ്ഥാപിതമായി. സമാന്തരമായി സ്വകാര്യടെലികോം ഓപ്പറേറ്റര്‍മാരും രംഗത്തെത്തി. തുടര്‍ന്നുളളതു ചരിത്രമാണ്. അരനൂറ്റാണ്ടിന്റെ ബാക്കിപത്രമായി രണ്ടരകോടി (അതില്‍ രണ്ടുകോടിയും 91-98 കാലത്തിന്റേതാണ്!) ലാന്‍ഡ്‌ഫോണ്‍ കണക്ഷനുകളില്‍ നിന്ന് തൊണ്ണൂറുകോടിയായി വളര്‍ന്നു, പന്ത്രണ്ടുവര്‍ഷംകൊണ്ട് ഇന്ത്യയിലെ ഫോണ്‍ പ്രചാരം. ലോകത്തെതന്നെ ഏറ്റവും വലിയ അഴിമതികളിലൊന്നായി കരുതപ്പെ ടുന്ന ടുജിസ്‌പെക്ട്രം കേസിന്റെ വിപുലമായ ചര്‍ച്ചയോടെ ഈ ഭാഗം അവസാനിക്കുന്നു.
രണ്ടാംഭാഗമായ 'Connecting‑’, ഇന്ത്യയില്‍ നടന്ന സെല്‍ഫോണ്‍ വ്യാപനത്തിന്റെ ചരിത്രമാണ്. സര്‍ക്കാര്‍, മൊബൈല്‍ഫോണ്‍ സേവനദാതാക്കള്‍, ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കള്‍, സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍, പരസ്യങ്ങള്‍, റീടെയില്‍ വ്യാപാരികള്‍, മെക്കാനിക്കുകള്‍, മൊബൈല്‍ ടവറുകള്‍... സെല്‍ഫോണ്‍ വ്യവസായത്തിന്റെ വിവിധ മണ്ഡലങ്ങള്‍ മുന്‍നിര്‍ത്തി ജഫ്രിയും ദൊറോണും ഈ ചരിത്രം അനാവരണം ചെയ്യുന്നു. 1995 ല്‍ എയര്‍ടെല്‍ ഇന്ത്യയിലെത്തിയെങ്കിലും 2001 ല്‍ പോലും ആകെ മൊബൈല്‍ഫോണ്‍ നാല്‍പ്പതുലക്ഷം മാത്രമായിരുന്നു. സാധാരണ ഹാന്‍ഡ് സെറ്റിനുപോലും ഇരുപതിനായിരത്തിലധികം രൂപ വിലയുണ്ടായിരുന്നു. ഒരു മിനിറ്റ് സംസാരിക്കാനുളള കുറഞ്ഞ താരിഫ് നിരക്ക് 16 രൂപയും. 2002-ല്‍ സ്ഥിതിമാറി. താരിഫ് രണ്ടുരൂപയായി. ഹാന്‍ഡ് സെറ്റുകളുടെ വിലകുറഞ്ഞു തുടങ്ങി. പരസ്യങ്ങളുടെ മലവെളളപ്പാച്ചിലില്‍ മുഴുവന്‍ മാധ്യമങ്ങളും സമ്പന്നരായി. ഹച്ച് മാത്രം 2002-2006 കാലത്ത് ഒന്നരകോടി വരിക്കാരെ നേടി. ഹച്ചിന്റെ ഓഹരികള്‍ 2007 ല്‍ വോഡഫോണ്‍ വാങ്ങി. 2010 ആയപ്പോഴേക്കും പത്തുകോടിവരിക്കാര്‍ വോഡഫോണിനുണ്ടായി. പന്ത്രണ്ടുലക്ഷം കടകളില്‍ വോഡഫോണ്‍ ലഭ്യമായി. ഏറെക്കുറെ സമാനമാണ് എയര്‍ടെല്‍, റിലയന്‍സ്, ഐഡിയ തുടങ്ങിയ മറ്റു പല സെല്‍ഫോണ്‍ കമ്പനികളുടെയും കഥ. ഹാന്‍ഡ് സെറ്റ് ഉല്പാദനരംഗത്തും സമാന്തരമായ ചരിത്രങ്ങളരങ്ങേറി. ആയിരക്കണക്കിനു തൊഴിലാളികളെ മുന്‍നിര്‍ത്തി ആഗോളവല്‍ക്കരണ
കാലത്ത് ഇന്ത്യയിലെത്തിയ വിദേശകാര്‍കമ്പനികളുടേതുപോലെ, വിശാലമായ പ്രത്യേകസാമ്പത്തികമേഖലകള്‍ കയ്യടക്കി, നോക്കിയ പോലുളള കമ്പനികള്‍ രംഗത്തുവന്നു. എല്‍.ജി, 
സാംസംഗ്, സോണി തുടങ്ങിയവ വേറെയും.  ഓരോന്നും ആഗോളകുത്തകകള്‍. സമാന്തരമായി വിലകുറഞ്ഞ ചൈനാ മൊബൈലിന്റെ ലോകവും.
റീടെയില്‍ കടകളുടെ ചരിത്രം പോലും വിസ്മയകരമാണ്. 2000 ല്‍ ചെന്നൈയില്‍ 'യൂണിവേര്‍ സെല്‍' എന്ന കട തുടങ്ങിയ സതീശ് ബാബുവിന്റെ ജീവിതം ജഫ്രി ഉദാഹരിക്കുന്നു. 2007 ല്‍ ഏഴുകടയായി ബാബുവിന്. 2010 ല്‍ ദക്ഷിണേന്ത്യയിലെമ്പാടും മുംബയിലും ദല്‍ഹിയിലുമായി മുന്നൂറുകടകള്‍. പ്രതിവര്‍ഷം ഇരുപത്തഞ്ചു ലക്ഷം ഹാന്‍ഡ് സെറ്റുകളുടെ വില്‍പ്പന. ആയിരത്തഞ്ഞൂറുജീവനക്കാര്‍. 600കോടിയുടെ വിറ്റുവരവ്.
മൊബൈല്‍ ടവറുകളാണ് മറ്റൊരു മേഖല. നാലുലക്ഷം ടവറുകളുണ്ട് ഇന്ത്യയില്‍. ഇവ നേരിട്ട് തൊഴില്‍ നല്‍കുന്നത് ഒരു ലക്ഷം പേര്‍ക്ക്. ഓരോ ടവറിന്റെയും പ്രതിമാസ വാടക, അയ്യായിരം മുതല്‍ മുപ്പതിനായിരംവരെ, വരുമാനം നല്‍കുന്നത് നാലുലക്ഷം കുടുംബങ്ങള്‍ക്കും. മാധ്യമങ്ങളും പരസ്യങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച മൊബൈല്‍ സംസ്‌കാരത്തിന്റെ ലോകം മറ്റൊന്നാണ്.
ഗ്രന്ഥത്തിന്റെ പകുതിവരുന്ന മൂന്നാംഭാഗത്ത് പ്രധാനമായും നാല് ജീവിതമേഖലകളില്‍ സെല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രഭാവം വിശകലനം ചെയ്യുന്നു. സമൂഹത്തിലെ വിവിധസാമ്പത്തിക മണ്ഡലങ്ങളില്‍ സെല്‍ഫോണ്‍ വരുത്തിയ മാറ്റങ്ങളാണ് ഒരു വിഷയം. കൃഷി മുതല്‍ മത്സ്യബന്ധനംവരെ; ചെറുകിടവ്യാപാരം മുതല്‍ ബാങ്കിംഗ് വരെ - ഓരോന്നിലും അവിശ്വസനീയമായ മാറ്റങ്ങളാണ് സെല്‍ഫോണ്‍ വരുത്തിയിട്ടുളളത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കഥ ഗ്രന്ഥം വിവരിക്കുന്നു. 2001 ല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ സരിതാറായ് എഴുതിയ ഫീച്ചറില്‍, കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ സെല്‍ഫോണ്‍ വഴി കൈവരിച്ച ജീവിതമാറ്റത്തിന്റെ കഥ വിവരിക്കപ്പെട്ടു. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കെവിന്‍ സളളിവന്‍, കൂടുതല്‍ വില കിട്ടുന്ന വിപണിയില്‍ വളളമടുപ്പിക്കാന്‍ മുക്കുവര്‍ക്കു കഴിഞ്ഞതോടെ മുക്കുവരുടെ ജീവിതത്തിനുണ്ടായ മാറ്റം വിവരിച്ചു. 'ചെമ്മീന്‍ സിനിമയില്‍ നാം കണ്ടതു പോലെ, ഇടനിലക്കാരുടെ ചൂഷണത്തിന് ഇനിമേല്‍ മുക്കുവര്‍ ഇരകളാകേണ്ടിവരില്ല' - ജഫ്രി എഴുതുന്നു.
രാഷ്ട്രീയരംഗത്ത് സെല്‍ഫോണ്‍ സൃഷ്ടിച്ച വിപ്ലവമാണ് മറ്റൊരു വിഷയം. വേറൊരു മാധ്യമത്തിനും കഴിയാത്തവിധം പ്രാന്തവല്‍കൃതവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയാവകാശങ്ങളും അധികാരങ്ങളും സംബന്ധിച്ച അറിവു പകര്‍ന്നുകൊടുത്തു, സെല്‍ഫോണ്‍. 2007-ലെ യു.പി.തെരഞ്ഞെടുപ്പില്‍ ബി.എസ്.പി. സൃഷ്ടിച്ച മൊബൈല്‍ഫോണ്‍ പ്രചാരണതരംഗം ജഫ്രിയും ദൊറോണും വിശദമായി പഠിക്കുന്നു. 2012 ല്‍ ഇതേ തന്ത്രം പയറ്റി എസ്.പി. വിജയം കൊയ്തു. രാഷ്ട്രീയപ്രക്ഷോഭങ്ങള്‍ രൂപം കൊളളുന്നതിനു പിന്നില്‍ മറ്റേതു മാധ്യമത്തെക്കാള്‍ പങ്ക് സെല്‍ഫോണിനുണ്ട് എന്നതിന്റെ തെളിവുകള്‍ ഈ നൂറ്റാണ്ടിലുടനീളം ലോകമെങ്ങും നിന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. 2001 ല്‍ ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് എസ്ട്രാഡക്കെതിരെ നടന്ന കലാപം മുതല്‍ അറബ് വസന്തവും അണ്ണാഹസാരെ പ്രസ്ഥാനവും വരെ ഉദാഹരണം.
ഗാര്‍ഹികജീവിതത്തില്‍, വിശേഷിച്ച് സ്ത്രീകളുടെ ജീവിതത്തില്‍ സെല്‍ഫോണ്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് മറ്റൊരു വിഷയം. ഇന്ത്യന്‍ ജാതിസമൂഹങ്ങളും മതമൗലികവാദികളും സ്ത്രീസ്വാതന്ത്ര്യം നിയന്ത്രിക്കാനുളള ഒരുപാധിയായി സെല്‍ഫോണ്‍ നിരോധനത്തെ കാണുന്നു. സെല്‍ഫോണില്‍ സംസാരിച്ചതിന് മകളെ കൊന്ന പിതാവും, സ്ത്രീകള്‍ക്ക് സെല്‍ഫോണ്‍ വിലക്കുന്ന പഞ്ചായത്തുകളും നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. പ്രണയം മുതല്‍ ദാമ്പത്യം വരെയും മതാത്മകത മുതല്‍ വിവാഹേതരബന്ധങ്ങള്‍ വരെയുമുളള നിരവധി രംഗങ്ങളില്‍ സെല്‍ഫോണ്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ സൃഷ്ടിക്കുന്ന പുതിയ ലോകങ്ങള്‍ ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യതയുടെ പുതിയ തുരുത്തുകള്‍ സെല്‍ഫോണ്‍ വഴി നിര്‍മ്മിക്കപ്പെടുന്നു. സ്ത്രീകള്‍ ഈ മാധ്യമത്തെ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുന്നു. പലപ്പോഴും സംശയദൃഷ്ടിയോടെ സ്ത്രീയെ കാണാന്‍ പുരുഷാധിപത്യസമൂഹം താല്‍പര്യം കാണിക്കുന്നത് വസ്ത്രധാരണത്തിലും സെല്‍ഫോണ്‍ ഉപയോഗത്തിലും സ്ത്രീക്കുളള സ്വാതന്ത്ര്യം മുന്‍നിര്‍ത്തിയാണ്.
സെല്‍ഫോണ്‍ സംസ്‌കാരത്തിന്റെ മറ്റൊരു ഇന്ത്യന്‍ സ്വഭാവമായി ജഫ്രി ചര്‍ച്ചചെയ്യുന്നത് (മറ്റെവിടെയുമെന്നപോലെ) അധോസംസ്‌കാരത്തിന്റെ ഭാഗമായി ഈ ഉപകരണത്തിനു കൈവരുന്ന സ്വഭാവങ്ങളാണ്. സ്ത്രീകളെ ശല്യം ചെയ്യുന്ന മെസ്സേജുകളും മിസ്‌കോളുകളുംതൊട്ട് രാജ്യാന്തര കുറ്റവാളികളുടെ ഇടപെടലുകള്‍വരെ. പോണോഗ്രഫി മുതല്‍ വ്യാജലോട്ടറികള്‍വരെ. 'സൈബര്‍ ക്രൈം' എന്ന ഒരു മണ്ഡലം തന്നെ രൂപംകൊണ്ടിരിക്കുന്നു, ഇന്റര്‍നെറ്റ് മുതല്‍ സെല്‍ഫോണ്‍ വരെയുളള മാധ്യമങ്ങളുടെ ദുരുപയോഗംവഴി. ഓരോ മേഖലയെയും കുറിച്ചുളള വിശദമായ ചര്‍ച്ച ഈ ഗ്രന്ഥത്തിലുണ്ട്.
'ഉപസംഹാര'ത്തില്‍, സെല്‍ഫോണ്‍ സംസ്‌കാരം സൃഷ്ടിക്കുന്ന ആരോഗ്യ, മാലിന്യപ്രശ്‌നങ്ങള്‍ മുതല്‍ സ്വകാര്യതയിലേക്കുളള കടന്നുകയറ്റംവരെ ചര്‍ച്ചചെയ്യപ്പെടുന്നു. ആള്‍ക്കൂട്ടത്തില്‍ തനിയെ ജീവിക്കാനുളള മനുഷ്യന്റെ ആഗ്രഹത്തെ ഇത്രയെങ്കിലും സഫലമാക്കിയ മറ്റൊരു കണ്ടുപിടുത്തമില്ല. സൈബര്‍ ജനാധിപത്യത്തിന്റെ കൊടിയടയാളമായി മാറുമ്പോള്‍ തന്നെ സെല്‍ഫോണ്‍ വിപണി അധിനിവേശത്തിന്റെ മാധ്യമമായും മാറുന്നു. ഇന്ത്യന്‍, കേരളീയ സാമൂഹ്യ, മാധ്യമ സംസ്‌കാരപഠനങ്ങളില്‍ ഏറ്റവും ക്രിയാത്മകമായി ഇടപെടുന്ന റോബിന്‍ ജഫ്രിയുടെ ഏറ്റവും പുതിയ ഗ്രന്ഥമെന്ന നിലയില്‍ സാമൂഹ്യപഠിതാക്കളും മാധ്യമപഠിതാക്കളും ശ്രദ്ധിക്കേണ്ടതാണ് 'സെല്‍ഫോണ്‍ നേഷന്‍'. വിശേഷിച്ചും മറ്റൊരു പഠനം ഈ രംഗത്ത് ഇല്ലാത്ത സാഹചര്യത്തില്‍.