Error message

The Arab Spring: Rebellion, revolution, and a new world order : Editor - Toby Manhire - Guardian Books 2012

മാധ്യമങ്ങളും ചരിത്രവും തമ്മിലുള്ള ബന്ധം കൗതുകകരങ്ങളായ ഒട്ടേറെ തലങ്ങളിലേക്കു വളര്‍ന്നുപടരുന്ന കാലമാണ് നമ്മുടേത്. അച്ചടിയാണ് വലിയൊരളവോളം ജ്ഞാനോദയം, നവീകരണം, ആധുനികത തുടങ്ങിയവയുടെയൊക്കെ ചരിത്രപശ്ചാത്തലമൊരുക്കിയത് എന്നുപറയാറുണ്ട്. ശ്രാവ്യ, ദൃശ്യ, നവമാധ്യമങ്ങളോരോന്നും നിരന്തരമെന്നോണം ചരിത്രത്തിന്റെ സ്രോതസ്സും മാധ്യമംതന്നെയുമായി കരുതപ്പെട്ടുപോരുന്നു. വസ്തുതയാകട്ടെ, ഭാവനയാകട്ടെ ചരിത്രവിജ്ഞാനീയത്തിന്റെ മാറിയധാരണകളനുസരിച്ച് ഒരു ആഖ്യാനവും ചരിത്രത്തിനു വെളിയിലല്ല. എന്നുമാത്രമല്ല പലപ്പോഴും ചരിത്രത്തിന്റെ ആധാരങ്ങളിലൊന്നുതന്നെയുമാണ്. രാഷ്ട്രീയം, സാമൂഹികജീവിതം, ഭരണമാറ്റങ്ങള്‍, സാങ്കേതികപുരോഗതി, യുദ്ധങ്ങള്‍, കലാപങ്ങള്‍, സമ്പദ്ഘടന, സാംസ്‌കാരികമണ്ഡലങ്ങള്‍, യാതൊന്നും മാധ്യമകേന്ദ്രിതമല്ലാതെ സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത കാലവുമാണ് നമ്മുടേത്.
ഇതിന്റെ മറ്റൊരുവശമാണ് ദൃശ്യമാധ്യമരംഗത്ത് ചരിത്രത്തിനുവേണ്ടി മാത്രം രൂപംകൊണ്ട ചാനലുകള്‍. എന്തും ചരിത്രമാണ് എന്ന ആധുനികാനന്തര ചരിത്രവിജ്ഞാനീയത്തിന്റെ ഭാഗമാണ് ഹിസ്റ്ററി ചാനല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍. മാധ്യമങ്ങളിലെന്നപോലെ, മാധ്യമങ്ങളില്‍നിന്നും ചരിത്രം നിര്‍മ്മിക്കുന്ന രീതി കേരളത്തില്‍പ്പോലും നടപ്പായിട്ടുണ്ട്. റോബിന്‍ജഫ്രിയുടെ സാമൂഹ്യരാഷ്ട്രീയ പഠനങ്ങള്‍ക്ക് മുഖ്യസ്രോതസ്സുകളിലൊന്ന് മാധ്യമങ്ങളാണ്. ഒരുകാലത്തിന്റെയോ സംഭവത്തിന്റെയോ ഒക്കെ ചരിത്രം കാലാനുക്രമം മാധ്യമശാഖകളില്‍നിന്നു നിര്‍മ്മിച്ചെടുക്കുന്ന രീതി ഇന്നു വ്യാപകമാണ്.
2011ല്‍ മധ്യേഷ്യയിലും ഉത്തര ആഫ്രിക്കയിലും നടന്ന രാഷ്ട്രീയപ്രക്ഷോഭങ്ങളുടെ ചരിത്രം ഗാര്‍ഡിയന്‍ പത്രത്തിന്റെ മിഡില്‍ ഈസ്റ്റ് ലൈവ് എന്ന ബ്ലോഗില്‍ നിന്നു നിര്‍മ്മിച്ചെടുക്കുന്ന ഈ ഗ്രന്ഥത്തിന്റെ രീതിയും മറ്റൊന്നല്ല. ടോബി മാന്‍ഹൈര്‍ എഡിറ്റു ചെയ്ത ഈ ഗ്രന്ഥത്തിന്റെ സ്വരൂപം ഇങ്ങനെയാണ്: 2011ല്‍ ഉടനീളം ഗാര്‍ഡിയന്‍ പത്രത്തിന്റെ ബ്ലോഗില്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനിരീക്ഷകരും എഴുത്തുകാരും സാധാരണക്കാരായ മനുഷ്യരും രേഖപ്പെടുത്തിയ ദശലക്ഷക്കണക്കിനു വാക്കുകള്‍വരുന്ന മുല്ലപ്പൂവിപ്ലവക്കുറിപ്പുകള്‍ മുപ്പതിലൊന്നായി ചുരുക്കിയെടുത്തിരിക്കുന്നു എഡിറ്റര്‍. ബ്ലോഗ് നിലവിലില്ലാത്ത ചുരുക്കം ദിവസങ്ങളുടെ ചരിത്രം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടുകളില്‍നിന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഇതാണ് ഗ്രന്ഥത്തിന്റെ ഒന്നാംഭാഗം.
രണ്ടാംഭാഗത്ത് ഗാര്‍ഡിയന്‍, ഒബ്‌സര്‍വര്‍ എന്നീ പത്രങ്ങളില്‍ നേരിട്ടു പ്രസിദ്ധീകരിച്ചവയോ അവയുടെ ബ്ലോഗില്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചവയോ ആയ മുപ്പത്തിമൂന്നു ലേഖനങ്ങളാണുള്ളത്. പ്രശസ്തരും രാഷ്ട്രീയ കാര്യവിദഗ്ധരുമായ പത്രപ്രവര്‍ത്തകരും കോളമിസ്റ്റുകളും എഴുത്തുകാരുമാണ് ഇവയില്‍ മിക്കതും എഴുതിയിട്ടുള്ളത്. താരിഖ് അലി, ബ്രയാന്‍ വിറ്റേക്കര്‍, ഇയാന്‍ ബ്ലാക്ക്, ജേസണ്‍ബര്‍ക്ക്, പങ്കജ് മിശ്ര എന്നിങ്ങനെ നമുക്കു പരിചിതരായ പത്രപ്രവര്‍ത്തകരും എഴുത്തുകാരും ഉള്‍പ്പെടുന്നു ഇക്കൂട്ടത്തില്‍.
കിരാതമെന്നുതന്നെ വിളിക്കാവുന്ന ഏകാധിപത്യ ഭരണകൂടങ്ങള്‍ നിലനിന്ന ടുണീഷ്യ. ഈജിപിത്, ലിബിയ, സിറിയ, യെമന്‍, അള്‍ജീരിയ, ബഹറിന്‍ എന്നീ രാജ്യങ്ങളില്‍ നടന്ന അറബ് വസന്തം, മുല്ലപ്പൂവിപ്ലവം എന്നീ വിളിപ്പേരുകള്‍ വീണ ജനകീയ രാഷ്ട്രീയപ്രക്ഷോഭങ്ങളുടെ ദൈനംദിന (മിനിട്ടുകളുടെ പോലും സൂക്ഷ്മതയുള്ള) ചരിത്രമായി ഈ ബ്ലോഗുകളും ലേഖനങ്ങളും മാറുന്നു. ഒരു പത്രം അതിന്റെ രാഷ്ട്രീയറിപ്പോര്‍ട്ടിംഗില്‍ പുലര്‍ത്തുന്ന നിതാന്തജാഗ്രതയും വിമര്‍ശനാത്മകമായ ഉള്‍ക്കാഴ്ചയും വസ്തുതാപരമായ സൂക്ഷ്മതയും വെളിപ്പെടുത്തുന്ന രചനകള്‍. അറബ് വസന്തത്തിന്റെ രാഷ്ട്രീയവും സമ്പദ്ശാസ്ത്രവും മതാത്മകതയും അതുവഴി സംഭവിച്ച മധ്യേഷ്യന്‍ രാഷ്ട്രീയഭൂമിശാസ്ത്രത്തിന്റെ പുനര്‍ധ്രുവീകരണവും മാത്രമല്ല പടിഞ്ഞാറിന്റെ ഇടപെടലും മാധ്യമങ്ങളുടെ സ്വാധീനവുമൊക്കെ മറനീക്കിക്കാണിക്കുന്ന ചരിത്രരേഖകളായി ഇവമാറുന്നു.
2010 ഡിസംബര്‍ 30ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ ബ്രയാന്‍ വിറ്റേക്കര്‍ എഴുതിയ ബ്ലോഗിലാണ് തുടക്കം. 'ഈയാഴ്ചയിലെന്നല്ല ഈ വര്‍ഷത്തില്‍തന്നെ മധ്യേഷ്യയില്‍നിന്നുണ്ടായ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വാര്‍ത്ത' എന്ന നിലയില്‍ ബ്രയാന്‍, ടുണീഷ്യയില്‍ തുടക്കമിട്ട രാഷ്ട്രീയ പ്രക്ഷോഭത്തെ അവതരിപ്പിച്ചു. ബെന്‍അലിയുടെ ഏകാധിപത്യഭരണത്തിനെതിരെ രണ്ടാഴ്ചയായി രാജ്യത്തുടനീളം നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ തുടക്കം ബ്രയാന്‍ കണ്ടെത്തുന്നു. സിഡിബൗസിദ് പട്ടണത്തിലെ ബിരുദധാരിയും തൊഴില്‍രഹിതനുമായ മുഹമ്മദ് ബവാസിസി എന്ന ഇരുപത്താറുകാരന്‍ ജീവിതച്ചെലവുകണ്ടെത്താനായി തെരുവില്‍ പഴങ്ങളും പച്ചക്കറികളും വില്‍ക്കാനെത്തി. മുഹമ്മദിന് കച്ചവടം ചെയ്യാന്‍ ലൈസന്‍സുണ്ടായിരുന്നില്ല എന്ന കാരണം പറഞ്ഞ് പോലീസ് അയാളെ പിടികൂടി. പഴങ്ങളും പച്ചക്കറികളും പിടിച്ചെടുത്തു. നിരാശനും രോഷാകുലനുമായ മുഹമ്മദ് സ്വയം തീകൊളുത്തി മരിച്ചു. അതേത്തുടര്‍ന്ന് പട്ടണത്തില്‍ കലാപമാരംഭിച്ചു.  'തൊഴിലില്ലായ്മയും ദാരിദ്ര്യവും തനിക്കു മടുത്തു' എന്നുവിളിച്ചുപറഞ്ഞുകൊണ്ട് മറ്റൊരു ചെറുപ്പക്കാരന്‍ ഇലക്ട്രിക് ടവറില്‍ കയറി വൈദ്യുതാഘാതമേല്‍പ്പിച്ച് ആത്മഹത്യചെയ്തു. ജനങ്ങള്‍ പോലീസ് വാഹനങ്ങളും പോലീസ് സ്റ്റേഷനും ഭരണകക്ഷിയുടെ ഓഫീസുമൊക്കെ തീയിട്ടു. പോലീസ് വെടിവയ്പില്‍ ആദ്യദിവസം ഒരാളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇരുപതുപേരും കൊല്ലപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ തലസ്ഥാനമായ ട്യൂണിസിലേക്ക് കലാപം പടര്‍ന്നു. 89.6 ശതമാനം വോട്ടു നേടി(അസംബന്ധഭൂരിപക്ഷം-അയൗെറ ാമഷീൃശ്യേ എന്നാണ് ഗാര്‍ഡിയന്‍ പത്രം ഈ ശതമാനത്തെ വിളിക്കുന്നത്) അധികാരത്തിലെത്തിയ ബെന്‍ അലിക്കെതിരെ ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി, സര്‍വാധിപത്യം തുടങ്ങിയവകൊണ്ടു പൊറുതിമുട്ടിയ ജനങ്ങള്‍ നടത്തിയ വിപ്ലവമായി ടുണിഷ്യന്‍ കലാപം മാറി. തുടര്‍ന്നങ്ങോട്ട് ട്വിറ്ററിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും ആഫ്രിക്കന്‍, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും സാധാരണക്കാരും നിരന്തരമയച്ച സന്ദേശങ്ങളില്‍ നിന്ന് അറബ്‌വസന്തത്തിന്റെ ഡയറിക്കുറിപ്പുകള്‍ പോലുളള ചരിത്രം നിര്‍മ്മിച്ചെടുക്കുകയാണ് ടോബി മാന്‍ഹൈര്‍. 2010 ഡിസംബര്‍ 30 ന് ടുണിഷ്യയില്‍ നിന്നു തുടങ്ങുന്ന ഈ ചരിത്രം 2011 ഡിസംബര്‍ 19 ന് സിറിയയില്‍ അവസാനിക്കുന്നു. നവമാധ്യമങ്ങളുടെ സാമൂഹ്യ ഇടപെടല്‍ ശേഷി മുന്‍നിര്‍ത്തി ട്വിറ്റര്‍ വിപ്ലവം, ഫേസ്ബുക്ക് വിപ്ലവം, വിക്കിലീക്‌സ് വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു, അറബ്‌വസന്തം. അല്‍ജസീറ ടെലിവിഷനാണ് സാമൂഹ്യമാധ്യമങ്ങളെപ്പോലെതന്നെ ക്രിയാത്മകവും സമഗ്രവും വിപുലവുമായി മുല്ലപ്പൂ വിപ്ലവത്തിന്റെ ഗതി നിര്‍ണ്ണയിച്ച മറ്റൊരു മാധ്യമം. രണ്ടാം ഭാഗത്തുളള ലേഖനങ്ങള്‍ മിക്കതും അറബ്‌വസന്തത്തിന്റെ സൂക്ഷ്മ രാഷ്ട്രീയങ്ങള്‍ മറനീക്കിക്കാണിക്കുന്നവയാണ്. ടുണിഷ്യന്‍ കലാപം രാജ്യതലസ്ഥാനത്തേക്കു വ്യാപിച്ച ആദ്യദിവസങ്ങളില്‍ തന്നെ(ജനുവരി 13 ന്) ഗാര്‍ഡിയന്‍ വെബ്‌സൈറ്റ് സമിബെന്‍ ഹാസിനിന്റെ ലേഖനം പ്രസിദ്ധീകരിച്ചു. മുല്ലപ്പൂ വിപ്ലവത്തിലേക്ക് താനുള്‍പ്പെടെയുളള ടുണിഷ്യക്കാര്‍ എന്തുകൊണ്ടു വഴിതിരിഞ്ഞുവെന്നതിന്റെ ആത്മകഥനം. ലിബിയന്‍ നോവലിസ്റ്റായ ഹിഷാം മാതര്‍ ടുണിഷ്യ ലിബിയന്‍ ജനതക്കു മാര്‍ഗദര്‍ശകമായി എന്നെഴുതുന്നു, ജനുവരി 22 ന്. ഗാര്‍ഡിയന്റെ വിദേശപ്രതിനിധി ജൊനാഥാന്‍ സ്റ്റീല്‍, കെയ്‌റോ പ്രതിനിധി ജാക്ക് ഷെങ്കര്‍ തുടങ്ങിയവരുടെ വിശകലനങ്ങള്‍ തുടര്‍ന്നുവരുന്നു. എഴുത്തുകാരും രാഷ്ട്രീയ നിരീക്ഷകരുമായ പങ്കജ് മിശ്ര, മാറിനഹൈഡ്, താരിഖ് അലി, ഗാര്‍ഡിയന്‍ പ്രതിനിധികളോ കോളമെഴുത്തുകാരോ ആയ അലന്‍ വിറ്റേക്കര്‍, സീമസ് മില്‍നെ, ജോര്‍ജ് കോണ്‍ബിയോട്ട്, ഇയാന്‍ ബ്ലാക്ക്, ജേസണ്‍ ബര്‍ക്ക്, ന്യൂസ്റ്റേറ്റ്‌സ്മന്‍ എഡിറ്റര്‍ മെഹ്ദിഹസന്‍, നോബല്‍ സമ്മാനം നേടിയ യെമനി പത്രപ്രവര്‍ത്തക തവക്കുല്‍ കര്‍മന്‍ എന്നിങ്ങനെ നിരവധി പേരുടെ വിശകലനങ്ങള്‍ ഈ ഭാഗത്തുണ്ട്. സര്‍വാധിപത്യ ഭരണങ്ങള്‍ മുതല്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ വരെ; ഇസ്ലാമിക മതമൗലികവാദം മുതല്‍ മാധ്യമ ഇടപെടലുകള്‍ വരെ; തകര്‍ന്ന സമ്പദ്ഘടന മുതല്‍ തൊഴില്‍ സമരങ്ങള്‍ വരെ-അറബ്‌വസന്തത്തിന്റെ രാഷ്ട്രീയാപഗ്രഥനമായി മാറുന്നു, ഓരോ ലേഖനവും. രണ്ടെണ്ണം മാത്രം സൂചിപ്പിക്കാം. എറിക്‌ലീ, ബെന്‍ യമിന്‍ വിന്‍താള്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ  'തൊഴിലാളി സംഘടനകള്‍: യഥാര്‍ഥ വിപ്ലവ സാമൂഹ്യ മാധ്യമങ്ങള്‍' എന്ന ലേഖനമാണ് ഒന്ന്. ടുണിഷ്യ മുതല്‍ ഈജിപ്ത് വരെയുളള രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ ചാലകശക്തി തൊഴിലാളിപ്രസ്ഥാനങ്ങളായിരുന്നുവെന്ന് ലേഖകര്‍ കണ്ടെത്തുന്നു. ട്വിറ്ററും ഫേസ്ബുക്കുമുള്‍പ്പെടെയുളള സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനശക്തിയെക്കുറിച്ചു വാചാലരാകുന്ന മാധ്യമങ്ങള്‍, തൊഴിലാളി സംഘടനകള്‍ ഇരുരാജ്യങ്ങളിലും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കു സൃഷ്ടിച്ചു നല്‍കിയ അന്തരീക്ഷം കാണാതെ പോയി. 2004 മുതലുളള നാലുവര്‍ഷം മാത്രം ഈജിപ്തില്‍ 17 ലക്ഷം തൊഴിലാളികള്‍ പങ്കെടുത്ത 1900 ലധികം പണിമുടക്കു സമരങ്ങളുണ്ടായി.  'തൊഴിലാളികള്‍ മനുഷ്യരാണ് എന്ന തിരിച്ചറിവുണ്ടാക്കാനാണ് തങ്ങള്‍ പണിമുടക്കുന്നത്' എന്ന ഒരു തൊഴിലാളിയുടെ വാക്കുകള്‍ ലേഖകര്‍ ഉദ്ധരിക്കുന്നു. തുണിമില്ലുകള്‍, നിര്‍മാണ, ഗതാഗത, ഭക്ഷ്യസംസ്‌കരണ മേഖലകള്‍ തുടങ്ങി കെയ്‌റോ മെട്രൊവരെ ഏതു രംഗത്തും തൊഴിലാളികള്‍ തങ്ങളുടെ ജീവിതനിലവാരത്തിന്റെ തകര്‍ച്ച ചൂണ്ടിക്കാട്ടി സമരം നടത്തി. ഈ സമരങ്ങള്‍ തുടക്കത്തില്‍ അടിച്ചമര്‍ത്തിയ ബെന്‍അലിയുടെയും മുബാറക്കിന്റെയും ഭരണകൂടങ്ങള്‍ക്ക് ലക്ഷക്കണക്കിന് തൊഴിലാളികളുടെ സംഘടിത പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. ഭരണകൂടത്തിനെതിരെ മാത്രമല്ല, രാഷ്ട്രീയ ഇസ്ലാമിനെതിരെയും അണിനിരക്കേണ്ടി വന്നു ഇവിടങ്ങളിലെ തൊഴിലാളി സംഘടനകള്‍ക്ക്. 1979-80 കാലത്ത് പോളണ്ടില്‍ നടന്ന സോളിഡാരിറ്റി മുന്നേറ്റത്തിനു സമാനമാണ് പലതലങ്ങളിലും ഈ പ്രസ്ഥാനമെന്നും ലേഖകര്‍ നിരീക്ഷിക്കുന്നു. അല്‍ജസീറ ഇംഗ്ലീഷ് ചാനലിനെക്കുറിച്ചാണ് ജോണ്‍ പ്ലങ്കറ്റും ജോഷ് ഹാളിഡേയും എഴുതുന്നത്. 1996-ല്‍ അറബിക് ഭാഷയില്‍ ആരംഭിച്ച അല്‍ജസീറ, 2006 ല്‍ ആരംഭിച്ച അല്‍-ജസീറ ഇംഗ്ലീഷ് എന്നീ ചാനലുകള്‍ ലോകമാധ്യമ രംഗത്തെ അമേരിക്കന്‍ ഭരണകൂട-കോര്‍പ്പറേറ്റ് കുത്തകക്കെതിരെ നാളിതുവരെ ഉയര്‍ന്നുവന്ന ഏറ്റവും പ്രസിദ്ധമായ ബദല്‍ മാധ്യമസംസ്‌കാരമായാണ് കരുതപ്പെടുന്നത്. അമേരിക്കയുള്‍പ്പെടെ നൂറു രാജ്യങ്ങളിലെ ഇരുപത്തിരണ്ടു കോടി വീടുകളില്‍ അല്‍-ജസീറ ഇംഗ്ലീഷ് ചാനല്‍  ലഭിക്കുന്നു. ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ സി.എന്‍.എന്‍ നിര്‍മിച്ച അമേരിക്കന്‍ അനുകൂല വാര്‍ത്താരാഷ്ട്രീയം രണ്ടാം ഗള്‍ഫ് യുദ്ധത്തില്‍ അല്‍-ജസീറ അട്ടിമറിച്ചു. ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളിലും ഈ ചരിത്രം ആവര്‍ത്തിച്ചതോടെ അമേരിക്കയുടെ ഒന്നാംനമ്പര്‍ ശത്രുക്കളിലൊന്നായി അല്‍-ജസീറ മാറി. അറബ്‌വസന്തത്തിലും വഹിച്ചു ഈ ചാനല്‍ ചരിത്രപരമായ ദൗത്യങ്ങള്‍. ഖത്തര്‍ ഭരണകൂടത്തിന്റെ രഹസ്യപിന്തുണ അല്‍-ജസീറക്കുണ്ടെന്ന കഥകള്‍ ചാനല്‍ നിഷേധിക്കുന്നു. ഈ ഗ്രന്ഥത്തിന് ഇയാന്‍ ബ്ലാക്ക് എഴുതിയ അവതാരികയില്‍ പറയുന്നതുപോലെ, സ്വന്തം സ്വപ്നങ്ങള്‍ മാത്രം ആയുധമാക്കി സ്വാതന്ത്ര്യം മോഹിച്ച ജനങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യം മുന്നോട്ടുവച്ച് ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ നടത്തിയ വിപ്ലവമായിരുന്നു മിക്കവാറും രാജ്യങ്ങളില്‍ നടന്നത്; ചിലേടങ്ങളിലെങ്കിലും രാഷ്ട്രീയ ഇസ്ലാമിന്റെ കൈകളിലേക്ക് വിപ്ലവാനന്തര രാഷ്ട്രീയം എത്തിപ്പെട്ടിട്ടുണ്ടെങ്കിലും. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകരാഷ്ട്രീയ ഭൂപടം മാറ്റിവരച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ ചരിത്ര രേഖകളെന്ന നിലയിലേക്ക് ഒരു പത്രത്തിന്റെ ബ്ലോഗ് പരിണമിച്ചെത്തുന്നതിന്റെ ഗംഭീര മാതൃകയാണ് ഈ ഗ്രന്ഥം. മലയാളപത്രങ്ങള്‍ക്ക് ഇത്തരമൊരു നേട്ടം സ്വപ്നം കാണാന്‍ കഴിയുമെങ്കില്‍ അതുതന്നെ വലിയ നേട്ടമായിരിക്കും.