Error message

സ്റ്റിങ്ങ് ഓപറേഷന്‍ നിയമവിരുദ്ധമോ?

മാധ്യമപ്രവര്‍ത്തനത്തെ ബാധിക്കുന്ന കാര്യമായിട്ടും, എന്തുകൊണ്ടോ ഏപ്രില്‍ 24ന് ഉണ്ടായ സുപ്രീം കോടതിവിധി വലുതായൊന്നും വാര്‍ത്താമാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചില്ല. ചീഫ് ജസ്റ്റിസ് പി.സദാശിവത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് സ്റ്റിങ്ങ് ഓപറേഷന്‍ നിയമവിരുദ്ധമാണ് എന്ന്  പ്രഖ്യാപിച്ചിരിക്കയാണ്. സ്റ്റിങ്ങ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആരായിരുന്നാലും അവര്‍ അത് സ്വന്തം ഉത്തരവാദിത്തത്തില്‍ ചെയ്യേണ്ടിവരുമെന്നും അതിന്റെ നിയമപരമായ എല്ലാ പ്രത്യാഘാതങ്ങളും അനുഭവിക്കേണ്ടി വരുമെന്നുമാണ് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയത്. 
യഥാര്‍ത്ഥത്തില്‍, മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന സ്റ്റിങ്ങ് അല്ല കോടതി പരിഗണിച്ചത്. പോലീസ് ആണല്ലോ സ്റ്റിങ്ങ് ഓപറേഷന്‍ തുടങ്ങിവെച്ചതുതന്നെ. ഇപ്പോഴും നിയമപരമായ പിന്‍ബലത്തോടെ ലോകമെങ്ങും അതു നടത്തുന്നതും പോലീസ് ആണ്. ഒരു പ്രത്യേക കേസ്സില്‍ പോലീസ് പൊതുതാല്പര്യാര്‍ത്ഥം നടത്തിയ സ്റ്റിങ്ങ് നടപടിയെ ശരിവച്ചുകൊണ്ടുതന്നെ സുപ്രീം കോടതി, അത് എല്ലാ കേസ്സിലും സ്റ്റിങ്ങ് നടത്താനുള്ള അംഗീകാരമായി കണ്ടുകൂടാ എന്ന് വ്യക്തമാക്കുകയുണ്ടായി.
'ക്രിമിനലുകളെ പിടികൂടാനുള്ള  ഒരു രഹസ്യപ്രവര്‍ത്തനമെന്ന നിലയില്‍, സ്റ്റിങ്ങ് ഓപറേഷന്‍ ഒരുപാട് ധാര്‍മിക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അപരാധം ചെയ്തിട്ടില്ലാത്ത ഒരാളെ അത് ചെയ്യാന്‍ പ്രേരിപ്പിക്കലാണ് സ്റ്റിങ്ങ് പ്രവര്‍ത്തനം. പ്രേരണ ഇല്ലായിരുന്നുവെങ്കില്‍ അയാള്‍ ആ കുറ്റകൃത്യം ചെയ്യുമായിരുന്നില്ല. എങ്ങനെയാണ് ഇത് ഒരു നിയമവിധേയ നടപടിയാകുക?' ഇതാണ് സുപ്രീം കോടതി ഉയര്‍ത്തിയ ചോദ്യം. കുറ്റകൃത്യം കണ്ടുപിടിക്കാന്‍ മറ്റൊരു കുറ്റകൃത്യം നടത്തുന്നത് എങ്ങനെ ധാര്‍മികമായി ന്യായീകരിക്കാനാവും എന്ന ചോദ്യവും കോടതി ഉന്നയിച്ചു. അമേരിക്ക ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ ഇത്തരം നടപടികള്‍ക്ക് നിയമപരമായ നിര്‍വചനവും അംഗീകാരവും നല്‍കുന്നുണ്ടെങ്കിലും ഇന്ത്യയിലെ സ്ഥിതി അതല്ല. ഒരു സ്വകാര്യവ്യക്തി, വലിയ കുറ്റവാളിയെ കുടുക്കാന്‍ സ്വയം ഒരു കുറ്റകൃത്യം  ചെയ്താല്‍ എങ്ങനെയാണ് നിയമം അതിനെ കൈകാര്യം ചെയ്യുക എന്നും കോടതി ചോദിച്ചു. വ്യക്തിയുടെ സ്വകാര്യതയാണ് പ്രധാനമെന്നും സാമൂഹ്യതിന്മകളെ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് ഇത് ലംഘിക്കുന്നത് ന്യായീകരിക്കാനാവില്ല എന്നും കോടതി നിരീക്ഷിച്ചു. 
മാധ്യമങ്ങള്‍ നടത്തുന്ന സ്റ്റിങ്ങിനെ അപ്പടി നിരോധിക്കുക അല്ല കോടതി ചെയ്തിരിക്കുന്നത്. സ്റ്റിങ്ങ് ഓപറേഷനെ അതിന് ഇരയാകുന്ന ആളുകള്‍ക്ക്  കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഇതുവരെ പ്രയാസമുണ്ടായിരുന്നു. കാരണം 2010ല്‍ ഒരു വിധിയില്‍ ദല്‍ഹി ഹൈക്കോടതി സ്റ്റിങ്ങ് ഓപറേഷന്റെ പേരില്‍ രണ്ട് പത്രപ്രവര്‍ത്തകര്‍ക്ക്  എതിരെയുള്ള കേസ് തള്ളിയത് സ്റ്റിങ്ങ് ഓപറേഷന് നിയമപരമായ പിന്‍ബലം നല്‍കിക്കൊണ്ടാണ്. ഒരു ഭരണഘടനാവ്യവസ്ഥയുടെ വ്യാഖ്യാനത്തിലൂടെയാണ് കോടതി ഇങ്ങനെ ചെയ്തത്. ഭരണഘടനയുടെ 51 അ(യ) വകുപ്പില്‍ പൗരന്മാരുടെ ഉത്തരവാദിത്തങ്ങള്‍ നിരത്തിയ കൂട്ടത്തില്‍ 'സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായ മഹത്തായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക' എന്ന് പറഞ്ഞിട്ടുണ്ട്. സ്റ്റിങ്ങ് ഓപറേഷന്‍ നടത്തിയ പത്രപ്രവര്‍ത്തകര്‍ ഇതാണ് ചെയ്തത് എന്നാണ് കോടതി വ്യാഖ്യാനിച്ചത്. തീര്‍ച്ചയായും സ്റ്റിങ്ങ് ഓപറേഷന്‍ തീര്‍ത്തും നിയമവിരുദ്ധമാണ് എന്ന് പ്രഖ്യാപിക്കുന്നതിനേക്കാള്‍ നാം സ്വാഗതം ചെയ്യുക അതിന് നിയമപ്രാബല്യമുണ്ട് എന്ന് കോടതി അംഗീകരിക്കുമ്പോഴാണ്. എങ്കിലും കോടതിയുടെ ഈ വ്യാഖ്യാനം തീര്‍ത്തും നിയമപരമോ സ്വീകാര്യമോ ആണ് എന്ന് വാദിക്കാന്‍ നിയമജ്ഞര്‍ക്ക് പ്രയാസം കാണും. പത്രപ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ ആത്മനിഷ്ഠ വ്യാഖ്യാനങ്ങള്‍ നടത്തുന്നവരാണ് നിയമജ്ഞര്‍. സ്റ്റിങ്ങ് പ്രവര്‍ത്തനം ഭരണഘടനയുടെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയുള്ളതാണ് എന്ന വ്യാഖ്യാനം തീര്‍ത്തും ആത്മനിഷ്ഠമാണ്. സ്റ്റിങ്ങ് പ്രവര്‍ത്തനം നടത്തിയ മാധ്യമപ്രവര്‍ത്തകര്‍തന്നെ അത്രയും ഉദ്ദേശിച്ചുകാണില്ല. എന്തായാലും ആ വിധി കുറച്ചുകാലത്തേക്കെങ്കിലും സ്റ്റിങ്ങ് പ്രവര്‍ത്തനത്തിന് നിയമ പിന്‍ബലം നല്‍കിയിരുന്നു. അതാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. 
ആധുനിക കാലത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ ഒഴിവാക്കാവുന്ന ഒന്നല്ല സ്റ്റിങ്ങ് ഓപറേഷന്‍. പുതിയ സാങ്കേതികവിദ്യ, ആര്‍ക്കും സ്റ്റിങ്ങ് നടത്താം എന്ന നില സംജാതമാക്കിയിരിക്കുന്നു. ആരുടെ കൈയിലുമുണ്ടാകാം ഒരു രഹസ്യക്യാമറ. ദിവസവും ടെലിവിഷനില്‍ ഒരിടത്തെങ്കിലും സ്റ്റിങ്ങ് ഓപറേഷന്‍ വാര്‍ത്ത കാണാം. ബഹുഭൂരിപക്ഷത്തിലും ഭരണഘടനയുടെ ആദര്‍ശങ്ങള്‍ പോകട്ടെ, പത്രപ്രവര്‍ത്തനത്തിന്റെ സമാന്യമര്യാദകള്‍ പോലും ഉയര്‍ത്തിപ്പിടിക്കുന്നില്ല. വ്യക്തിയുടെ സ്വകാര്യത, മാധ്യമധാര്‍മികത, സമാന്യമര്യാദ തുടങ്ങിയ ഭരണഘടനയും മാന്യമായ സാമൂഹ്യജീവിതവും അനുശാസിക്കുന്ന എല്ലാ പ്രാഥമിക തത്ത്വങ്ങളുടെയും ലംഘനം ഇവയില്‍ കാണാം.  
ഇത്തരം നടപടികള്‍ ഇനി പെരുകുകയേ ഉള്ളൂ. വ്യക്തിവിരോധം തീര്‍ക്കാന്‍, ടാം റെയ്റ്റിങ്ങ് ഉയര്‍ത്താന്‍, രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാന്‍ - ഇവയ്‌ക്കെല്ലാമായി ഇനി വര്‍ദ്ധിച്ച  തോതില്‍ സ്റ്റിങ്ങ് ദുരുപയോഗപ്പെടുത്തപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. നിയമപരമായി ഭാഗികവും ബലമുള്ള അടിത്തറ ഇല്ലാത്തതുമായ ചില കോടതി വിധികളുടെ ബലത്തില്‍ തപ്പിത്തടഞ്ഞ് പോകേണ്ട ഒന്നല്ല മാരകശക്തിയുള്ള ഈ മാധ്യമായുധം. പൊതുസമൂഹത്തിന്റെ താല്പര്യം ഇതിലൂടെ സംരക്ഷിക്കപ്പെടില്ല, ചിലപ്പോള്‍ തകര്‍ക്കപ്പെടുകയും ചെയ്യാം. ഫ്രാങ്കൈന്‍സ്റ്റീന്റെ കഥ പോലെ, വിനാശകാരിയുമായേക്കാം. ഒരു പരിഹാരമേ ഉള്ളൂ. കുറ്റാന്വേഷണത്തിലെയും വാര്‍ത്താന്വേഷണത്തിലെയും സ്റ്റിങ്ങ് സംബന്ധിച്ച് പരമാവധി കൃത്യതയോടെയുള്ള ഒരു നിയമനിര്‍മാണത്തിന് തയ്യാറാവുക.
അതിലെ വ്യവസ്ഥകള്‍ എന്തെല്ലാമായിരിക്കണം എന്ന് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. എല്ലാതരം സ്റ്റിങ്ങ് പ്രവര്‍ത്തനത്തെയും ശരിവെക്കുന്നതിനെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉപമിച്ചത് അമേരിക്കയിലെ തോക്കുനിയമത്തോടാണ്. ആര്‍ക്കും തോക്ക് കൈവശം വെക്കാം, അത് ആത്മരക്ഷക്കുള്ള മൗലികാവകാശമാണ് എന്ന കാഴ്ചപ്പാട് ജീവന്‍ രക്ഷിക്കുന്നതില്ല, ലക്ഷക്കണക്കിന് നിരപരാധികളുടെ ജീവന്‍ നശിപ്പിക്കുന്നതിലാണ് കലാശിച്ചത്. തിരിച്ചുപോകാന്‍ കഴിയാത്ത അത്ര വിനാശകരമായ ഒരു അഗാധഗര്‍ത്തത്തിലാണ് അമേരിക്കന്‍ സമൂഹത്തെ ഇത് എത്തിച്ചിരിക്കുന്നത്. അതായിക്കൂടാ നമ്മുടെ രീതി. അപകടസാധ്യതയും സമൂഹതാല്പര്യസംരക്ഷണസാധ്യതയും  ഒരുപോലെയുള്ള ഈ ഇരുതല മൂര്‍ച്ചയുള്ള ആയുധത്തെ മുന്‍കരുതലോടും ദീര്‍ഘവീക്ഷണത്തോടും ഉള്ള നിയമനിര്‍മാണത്തിലൂടെയല്ലാതെ നമുക്ക് കൈകാര്യം ചെയ്യാനാവില്ല. മാധ്യമങ്ങളും ഇന്ത്യന്‍ പ്രസ്  കൗണ്‍സിലും രാഷ്ട്രീയപാര്‍ട്ടികളും ഈ വിഷയം അത് ആവശ്യപ്പെടുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാന്‍ ഇനിയും വൈകിക്കൂടാ.

 

Issue: 

August, 2014