വ്യാപം അഴിമതിയുടെ പര്‍വതാകാരം

Author: 

ആബേ ജേക്കബ്

ആരോപണവിധേയരായവരുടെ എണ്ണവും, അവരുടെ വ്യക്തിത്വങ്ങളുടെ വലിപ്പവും, ആ കൈകളിലൂടെ മറിഞ്ഞ തുകയുടെ പെരുപ്പവും വച്ചു നോക്കുമ്പോള്‍ കാലിത്തീറ്റ കുംഭകോണത്തെയും വെല്ലുന്ന അഴിമതിയാണ് വ്യാപം. പക്ഷെ, അതൊന്നുമല്ല വ്യാപത്തിന്റെ പ്രാധാന്യം. ഈ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട 45 പേരെ ഒന്നൊന്നായി കൊന്നു തള്ളിക്കൊണ്ട് അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനെ തടയാനുള്ള ശ്രമമാണ് കേസിനെ പ്രമാദമാക്കിയത്. കൊല്ലപ്പെട്ടവരില്‍ അക്ഷയ്‌സിങ് എന്ന ദൃശ്യ മാധ്യമ പ്രവര്‍ത്തകനും ഉണ്ട് എന്നത് വെറും യാദൃശ്ചികതയല്ല.  അടിസ്ഥാന യോഗ്യതയില്ലാത്ത കുറെ ഡോക്ടര്‍മാര്‍ നടത്തിയ അബദ്ധ ചികിത്സമൂലം സ്വന്തം അമ്മയെ നഷ്ടമായ ആശിഷ് കുമാര്‍ ചതുര്‍വേദി എന്ന ഒരു 26 കാരന്റെ നിശ്ചയദാര്‍ഢ്യമാണ് ഇന്ത്യാ മഹാരാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ വ്യാപം അഴിമതിയുടെ ചുരുളുകള്‍ അഴിച്ചത്.  അതുയര്‍ത്തിയ കൊടുങ്കാറ്റില്‍ അധികാര ഗോപുരങ്ങള്‍ ആടിയുലഞ്ഞു ... രാഷ്ട്രീയ സിംഹാസനങ്ങള്‍ വിറപൂണ്ടു ... ഉദ്യോഗസ്ഥ  ദുഷ്പ്രഭുത്വം ഞെട്ടിത്തരിച്ചു.
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ 45 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. വന്‍ നേതാക്കളുടെ നിര തന്നെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നു. മുഖ്യമന്ത്രിയും ഭാര്യയും വരെ ആരോപണത്തിന്റെ നിഴലിലാണ്. മുതിര്‍ന്ന രാഷ്ട്രീയക്കാരും ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരുമൊക്കെ അഴിമതിക്ക് കൂട്ടുനിന്നു. അഴിമതി ആരോപണം നേരിട്ടവരും, സാക്ഷികളും, സംഭവം റിപ്പോര്‍ട്ടു ചെയ്ത മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടതാണ് ഈ അഴിമതിയുടെ പിന്നിലെ വലക്കണ്ണികള്‍ 
എത്രശക്തരാണ് എന്നതിന്റെ തെളിവ്. 
ചതുര്‍വേദിയുടെ നിയോഗം
അമ്മയുടെ ചികിത്സാര്‍ത്ഥം ഗ്വാളിയറിലെ ഒരു ആശുപത്രിയിലെത്തിയ ചതുര്‍വേദിയെ, 
അവിടുത്തെ ചില ഡോക്ടര്‍മാരുടെ അറിവില്ലായ്മ അദ്ഭുതപ്പെടുത്തി. അര്‍ബുദ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ട അമ്മ 2009 ല്‍  മരിച്ചു. പക്ഷെ, സര്‍ക്കാര്‍ ആശുപത്രിയിലെ പല ഡോക്ടര്‍മാര്‍ക്കും രോഗവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരം പോലും ഇല്ല എന്ന് അമ്മയുടെ ചികിത്സക്കിടയില്‍ തന്നെ ചതുര്‍വേദി മനസിലാക്കി. അത് ആ ചെറുപ്പക്കാരനെ ഇരുത്തി ചിന്തിപ്പിച്ചു.  
ആശുപത്രികളില്‍ എത്തുന്ന രോഗികളെ ചികിത്സിക്കാന്‍ തലതിരിഞ്ഞ മാര്‍ഗങ്ങളാണ് ഈ മണ്ടന്‍ 
ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നത് എന്ന് തിരിച്ചറിവില്‍ നിന്ന്  ചതുര്‍വേദി സ്വന്തം നിലയില്‍ ഒരു അന്വേഷണം ആരംഭിക്കുകയായിരുന്നു. അനധികൃത മാര്‍ഗത്തിലൂടെ 2010 ല്‍  മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ ബ്രിജേന്ദ്ര രഘുവംശി എന്ന വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയെ കണ്ടുമുട്ടിയതാണ് ചതുര്‍വേദിയുടെ അന്വേഷണത്തില്‍ വഴിത്തിരിവായത്. എങ്ങനെയാണ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കള്ളത്തരങ്ങള്‍ 
നടക്കുന്നത് എന്ന് രഘുവംശി, ചതുര്‍വേദിയോട് വിവരിച്ചു.  കൈക്കൂലികള്‍ വന്നു പോകുന്ന വഴികളെക്കുറിച്ചും രഘുവംശിയില്‍ നിന്ന് വിവരം ലഭിച്ചു. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ച് പണക്കാരായ മണ്ടന്മാരെ മെഡിക്കല്‍ എന്‍ട്രന്‍സ്എന്ന കടമ്പ കടത്തിവിടുന്ന കഥകളും രഘുവംശി പറഞ്ഞു. പരീക്ഷ നടക്കുമ്പോള്‍ യഥാര്‍ത്ഥ പരീക്ഷാര്‍ത്ഥികള്‍ സമീപത്തെ തിയറ്ററുകളില്‍ സിനിമ കാണുകയാണ് എന്ന അറിവ് ഞെട്ടിപ്പിക്കുന്നതായിരുന്നു. 
പരീക്ഷ എഴുതി ജയിക്കേണ്ട സമയത്ത് സിനിമ കണ്ടിരുന്നവര്‍ പിന്നീട് പൊതുജനത്തിന്റെ ജീവന്‍ വച്ച് കളിക്കുന്നത് കണ്ടു നില്ക്കാന്‍ കഴിയാതെ വന്ന സന്ദര്‍ഭത്തിലാണ് താന്‍ പ്രതികരിച്ചത് എന്ന് ചതുര്‍വേദി പറയുന്നു. മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ കള്ളത്തരങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് ബിജേന്ദ്ര രഘുപതിക്കൊപ്പം ഒരു സ്വകാര്യ സ്ഥാപനത്തിലെ കൗണ്‍സിലിങ്ങിലും ചതുര്‍വേദി പങ്കെടുക്കുകയുണ്ടായി.  
 വൈകാതെ, മധ്യപ്രദേശില്‍ 2003 മുതല്‍ വൈദ്യശാസ്ത്ര പഠനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ യോഗ്യതകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ടു ചതുര്‍വേദി സുപ്രീംകോടതിയെ സമീപിച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ കോടതിയുടെ മുമ്പിലെത്തിയ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതോടെ ഇയാളെ കൊലപ്പെടുത്താനുള്ള നീക്കങ്ങളുണ്ടായി. മൂന്ന് തവണ ചതുര്‍വേദിക്കു നേരെ വധശ്രമം നടന്നു. തുടര്‍ന്ന് ഇയാള്‍ക്ക് ആജീവനാന്ത പോലീസ് സംരക്ഷണം നല്കാന്‍ ഗ്വാളിയറിലെ പ്രത്യേക കോടതി ഉത്തരവിട്ടു. പോലീസ് സുരക്ഷയുണ്ടായിട്ടും തന്റെ ജീവന്‍ തുലാസിലാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് 
ആശിഷ് കുമാര്‍ ചതുര്‍വേദിയുടെ പോരാട്ടം. ആരെയെങ്കിലും സംശയകരമായി തോന്നിയാല്‍ അറിയാക്കാനാണ് പോലീസ് നല്കിയിരിക്കുന്ന നിര്‍ദേശം. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ ബന്ധുക്കളാണ് ഈ തീവെട്ടിക്കൊള്ളകളുടെ മുഖ്യസംഘാടകര്‍ എന്ന് ആദ്യം ആക്ഷേപം ഉന്നയിച്ചത് ചതുര്‍വേദി തന്നെയായിരുന്നു. എനിക്ക്  ആരുടെയും സഹായം ലഭിച്ചില്ല, നാളെ ജീവിച്ചിരിക്കുമെന്നു പോലും എനിക്ക് ഉറപ്പില്ല - അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ ചതുര്‍വേദി 
പറയുന്നു.  എന്നെ വെട്ടി നുറുക്കി തെരുവില്‍ തള്ളുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച ഭീഷണി. എന്നിട്ടും ഇപ്പോഴും 24 മണിക്കൂര്‍ സംരക്ഷണം നല്കാന്‍ മധ്യപ്രദേശ് പോലീസ് തയാറായിട്ടില്ല.  അഴിമതിക്കെതിരായ പ്രതിരോധം ശക്തമായപ്പോള്‍ അത്തരക്കാരെ കൊന്നു തള്ളി തെളിവുകള്‍ ഇല്ലാതാക്കുക എന്ന ഫാസിസ്റ്റ് 
പ്രശ്‌ന നിര്‍ദ്ധാരണ രീതി ഒരു മറയുമില്ലാതെ നടപ്പിലാക്കാന്‍ തുടങ്ങിയതോടെയാണ് വിഷയം മാധ്യമശ്രദ്ധയില്‍ വരുന്നത്.
അഴിമതി വന്ന വഴി
മധ്യപ്രദേശിലെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കും സര്‍ക്കാര്‍ തസ്ഥികകളിലേക്കും പ്രവേശനത്തിനും നിയമനത്തിനും യോഗ്യത നല്കുന്ന പരീക്ഷകള്‍ നടത്താന്‍  ചുമതലപ്പെടുത്തിയിട്ടുള്ള മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍ (മധ്യപ്രദേശ് പ്രഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ്) എന്നതിന്റെ ഹിന്ദി ഭാഷയിലെ ചുരുക്കപ്പേരാണ് വ്യാപം (വ്യാവസായിക് പരീക്ഷാ മണ്ഡല്‍).  പബഌക് സര്‍വീസ് കമ്മീഷന്‍ വഴി നികത്താത്ത സംസ്ഥാനത്തെ വിവിധ പോസ്റ്റുകളിലേക്ക് വ്യാപം നടത്തുന്ന പരീക്ഷകള്‍ വഴിയാണ് നിയമനം നടത്തി വരുന്നത്. 2013 ല്‍ വ്യാപം നടത്തിയ പ്രീമെഡിക്കല്‍ ടെസ്റ്റ് പാസാകാന്‍ ഒരു ഡോക്ടറുടെ നേതൃത്വത്തിലുള്ള റാക്കറ്റ് നിരവധി രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സഹായത്തോടെ നടത്തിയതാണ് ഈ അഴിമതി.  2009 വരെ ഈ അഴിമതിയുടെ സംഘടിത സ്വഭാവം പുറത്തായിരുന്നില്ല.  2013 ലാണ് ഇന്‍ഡോറില്‍ നിന്നുള്ള ഡോ.ആനന്ദ റായ് വ്യാപം നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ക്രമക്കേടുകള്‍ 
ഉണ്ട് എന്ന ആരോപണവുമായി രംഗത്ത് എത്തിയത്. 
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ രാഷ്ട്രീയ  ഉന്നത ഉദ്യോഗസ്ഥരെയും വെളിച്ചത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡോ. റായ്  മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. ഈ ആരോപണം വന്‍മാധ്യമ ശ്രദ്ധ നേടിയതോടെ  ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. അന്വേഷണം പുരോഗമിക്കും തോറും വ്യാപത്തിന്റെ വ്യാപ്തി സമുദ്രത്തിലെ മഞ്ഞുമല പോലെ ഭീമാകാരമാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ബോധ്യപ്പെട്ടു.
2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഏകദേശം 1,40,000 പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനര്‍ഹമായ പ്രവേശനം ലഭിച്ചു. ഉദ്യോഗാര്‍ത്ഥികളെയും വിദ്യാര്‍ഥികളെയും കണ്ടെത്തി കൈക്കൂലി വാങ്ങുന്നതാണ് തട്ടിപ്പ് രീതി. ലക്ഷങ്ങള്‍ നല്‍കുന്നവര്‍ക്ക്  ചോദ്യപേപ്പര്‍ മുന്‍കൂട്ടി എത്തിച്ചു നല്‍കുന്ന സംവിധാനം.  അത് സാധിക്കാത്തിടത്ത്, അറിയുന്ന ഉത്തരം മാത്രം കൃത്യമായി എഴുതി ബാക്കിഭാഗം ഒന്നുെമഴുതാതെ ഉത്തരക്കടലാസ് തിരിച്ചു നല്‍കും. പിന്നീട് ഉദ്യോഗാര്‍ത്ഥിയെ വിളിച്ച് ശൂന്യ ഭാഗങ്ങളില്‍ യഥാര്‍ത്ഥ ഉത്തരം എഴുതി മുഴുവന്‍ മാര്‍ക്കും നല്‍കി റാങ്ക് പട്ടികയില്‍ മുകളിലെത്തിക്കും. ഇത് മറ്റൊരു രീതി.  ഇതിനും കഴിയാത്തിടത്ത് ഉത്തരകടലാസ് തന്നെ പൂര്‍ണമായി മാറ്റി എഴുതി പകരം വെയ്ക്കും.  മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഇരിക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി  ഡോക്ടര്‍മാര്‍ വരെ എഴുത്തുപിള്ളമാരായി.  കോടികളുടെ അഴിമതിയാണ് ഇതിനു പിന്നില്‍ നടന്നത്. പ്രധാനമായും ഇടനിലക്കാരിലൂടെയായിരുന്നു ഈ തട്ടിപ്പുകള്‍ അരങ്ങേറിയത്. 
 2003 മുതല്‍ വ്യാപം നടത്തിയ പ്രവേശന പരീക്ഷകളില്‍ ചെറിയ തിരിമറികളാണ് നടന്നത്. 2009 മുതല്‍ ക്രമക്കേടുകള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് വ്യാപകമായി. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം നല്കുന്നവര്‍ മാത്രമെ ആ കാലയളവില്‍ സര്‍ക്കാര്‍ പ്രവേശന പരീക്ഷകളില്‍ വിജയിച്ചിരുന്നുള്ളു. അങ്ങനെ അയോഗ്യരായ അയിരക്കണക്കിന് യുവതീ യുവാക്കള്‍ക്ക്് പല സര്‍ക്കാര്‍ തസ്തികകളിലും നിയമനം കിട്ടി. വിവരാവകാശ നിയമം ഉപയോഗിച്ച് ചതുര്‍വേദി ഇവരുടെ 
വിദ്യാഭ്യാസ യോഗ്യത കണ്ടുപിടിച്ചു. 2003 മുതലുള്ള മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു. 
മരണങ്ങള്‍....പിന്നെയും പിന്നെയും
 അഴിമതി പുറത്തായതോടെ ആരോപണം നേരിട്ടവരും, അതിന്റെ ആനുകൂല്യങ്ങള്‍ അനുഭവിച്ചവരുമൊക്കെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു തുടങ്ങി. 
ട്രെയിനിനു  മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത നിലയിലും, തൂങ്ങി മരിച്ച നിലയിലുമൊക്കെ ഇവരില്‍ പലരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. എം.ജി.എം. മെഡിക്കല്‍  കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്ന നമ്രദ ദാമറെ 2012 ജനുവരിയിലാണ് റെയില്‍പ്പാളത്തില്‍ വണ്ടികയറി മരിച്ചനിലയില്‍ കണ്ടത്. അതെക്കുറിച്ച് അന്വേഷിച്ചു പോയ ഹിന്ദി ചാനല്‍ ടിവി ടുഡെയുടെ റിപ്പോര്‍ട്ടര്‍ അക്ഷയ്‌സിങ്  കുഴഞ്ഞുവീണ് മരിച്ചു. വ്യാപം നിയമനതട്ടിപ്പ് അന്വേഷിച്ച പ്രത്യേക ദൗത്യസംഘത്തെ സഹായിച്ച ജെബല്‍പ്പൂര്‍ മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. അരുണ്‍ ശര്‍മ്മ, മധ്യപ്രദേശ് ഗവര്‍ണറുടെ മകന്‍ ശൈലേഷ് യാദവ് തുടങ്ങിയവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 
അക്ഷയ് സിങ് എന്ന ഇര 
ഇന്ത്യാ ടുഡെ ഗ്രൂപ്പിന്റെ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദി വാര്‍ത്താ ചാനലായ ആജ് തക്കിന്റെ റിപ്പോര്‍ട്ടര്‍ അക്ഷയ് സിങ് 2015  ജൂലായ് 
നാലിനാണ്  മരിക്കുന്നത്.  ഹൃദയാഘാതമാണ് കാരണമെന്ന് മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. ഉജ്ജൈന്‍ ജില്ലയിലെ റയില്‍വേ ട്രാക്കിനു സമീപം ദുരൂഹമായ 
സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്‍ഡോര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയും കേസില്‍ സാക്ഷിയുമായിരുന്ന നമ്രദ ദാമറിന്റെ മാതാപിതാക്കളുമായി സംസാരിച്ചശേഷം ആ വീട്ടില്‍ നിന്നിറങ്ങിയ ഉടനെയാണ് ആജ് തക്കിന്റെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗമായ അക്ഷയ്‌സിങിന് ഹൃദയാഘാതമുണ്ടായത്. ഫോണില്‍ വിളിച്ച ശേഷം അന്ന് ഉച്ചക്കാണ് അക്ഷയും, ക്യാമറാമാന്‍ കിഷന്‍ കുമാറും മറ്റൊരു 
സഹായിയും നമ്രദയുടെ വീട്ടിലെത്തിയത്. ജബുവ പട്ടണത്തിലെ മേഘ്‌നഗറിലെ വീട്ടില്‍ അഭിമുഖം കഴിഞ്ഞയുടനെ വായില്‍ നിന്ന് നുരയും പതയും വന്ന് കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്ഷയ് സിങിന് ആരോഗ്യ പ്രശ്‌നങ്ങള്‍  ഒന്നുമുണ്ടായിരുന്നില്ല. നമ്രദയുടെ വീട്ടിലെത്തിയ അക്ഷയ് അഭിമുഖത്തിനു ശേഷം ചില രേഖകളുടെ ഫോട്ടോകോപ്പിയെടുക്കാനായി സഹായികളില്‍ ഒരാളെ പറഞ്ഞയച്ചു. ദാമറിന്റെ വീടിനു പുറത്തു കാത്തിരുന്ന 
ഇയാളുടെ വായില്‍ നിന്നു പെട്ടെന്നു നുരയും പതയും വരികയായിരുന്നു. ഉടന്‍ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കും, ഇവിടെ നിന്നു ദഹോതിലുള്ള ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്ഷയിന്റേത് സ്വാഭാവിക മരണമാണെന്ന വാദം തള്ളിക്കളഞ്ഞ വീട്ടുകാര്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. സിങിന്റെ മരണ കാരണം 
കണ്ടത്തെണമെന്ന് ടുഡെ ഗ്രൂപ്പ്, മുഖ്യമന്ത്രി ചൗഹാനെ കണ്ട് ആവശ്യപ്പെട്ടു. ഇക്കാര്യം അംഗീകരിച്ച ചൗഹാന്‍, അക്ഷയ് സിങിന്റെ ആന്തരിക അവയവ പരിശോധന എയിംസില്‍ നടത്തുമെന്ന് ഉറപ്പു നല്‍കി.  ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തിറങ്ങി. കോണ്‍ഗ്രസ്, സി.പി.ഐ, ആം ആദ്മി പാര്‍ട്ടികളാണ് ഈ ആവശ്യമുന്നയിച്ചത്. പത്രപ്രവര്‍ത്തകന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങും രംഗത്തത്തെി. ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് പോകുന്നതിനുമുമ്പ് അക്ഷയ് സിങ് തന്നെ കണ്ടിരുന്നുവെന്നും സൂക്ഷിക്കണമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയതായും ദിഗ്‌വിജയ് സിങ് അവകാശപ്പെട്ടു.
അക്ഷയ്‌സിങ് മരിച്ചതിനു പിന്നാലെയാണ് ജെബല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. അരുണ്‍ ശര്‍മയെ ഡല്‍ഹിയില്‍  മരിച്ചനിലയില്‍ കെണ്ടത്തിയത്. ഡല്‍ഹിയിലെത്തി ഹോട്ടലില്‍  മുറിയെടുത്ത ഡോ. ശര്‍മയെ പിറ്റേദിവസം രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. അകത്തുനിന്ന് പൂട്ടിയ മുറിയില്‍  ശര്‍മ കിടന്ന ബെഡില്‍ നിന്ന് വിസ്‌കിയും ചില മരുന്നുകളും കണ്ടെടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.  മറ്റൊരു പ്രതിയും ജെബല്‍പൂര്‍  മെഡിക്കല്‍ കോളേജ് ആശുപത്രി ഡീനുമായ ഡോ. ഡി.കെ. സാകല്ലി പൊള്ളലേറ്റു മരിക്കുകയായിരുന്നു.  തുടര്‍ന്നാണ് ഡോ. ശര്‍മ രണ്ടുമാസം മുമ്പ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ചുമതലയേറ്റത്. കേസുമായി ബന്ധപ്പെട്ട ഡോ. രാജേന്ദ്ര ആചാര്യ, മൃഗഡോക്ടറായ നരേന്ദ്ര സിങ് തോമര്‍ എന്നിവരും മരിച്ചിരുന്നു. മറ്റൊരു പ്രതി വിജയ് സിങിനെ മരിച്ചനിലയില്‍ 
ഛത്തീസ്ഗഡ്ഡിലെ കങ്കേര്‍ ജില്ലയില്‍ ഏപ്രില്‍ 28-നും കണ്ടെത്തി. ഫാര്‍മസിസ്റ്റായ ഇയാളുടെ മൃതദേഹം ബി.ജെ.പി. എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലാണ് കണ്ടത്.
മധ്യപ്രദേശ് ഗവര്‍ണറും കേസിലെ പ്രതിയുമായ രാംനരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിന്റെ (50) മരണമായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ രാംനരേഷിന്റെ വസതിയില്‍ 2015 മാര്‍ച്ച് 25 നാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം മസ്തിഷ്‌ക രക്തസ്രാവം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ഗ്രേഡ് 3 അധ്യാപക നിയമനത്തിലേക്ക് 10 പേരുടെ ലിസ്റ്റ് നല്‍കി മൂന്ന് ലക്ഷം രൂപ വാങ്ങി എന്ന ആരോപണം അദ്ദേഹത്തിനെതിരെയുണ്ടായിരുന്നു. 
വ്യാപത്തിന്റെ വ്യാപ്തി
ഒരു കാര്യം തീര്‍ച്ച. പുറത്ത് വന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരംശം മാത്രമാണ്. സമുദ്രത്തിനടിയില്‍ മറഞ്ഞിരിക്കുന്നത് ഭീമാകാരമായ അഴിമതിയുടെ പര്‍വ്വതമായിരിക്കും. പക്ഷേ അത് ഇനി അത് പുറംലോകം അറിയാനിടയില്ല. ഗവര്‍ണറുടെ മകനാണെങ്കിലും ശൈലേഷ് യാദവിന് ഇനി വെളിപ്പെടുത്തലുകള്‍ സാദ്ധ്യമല്ല. അന്വേഷണ സംഘത്തിന് അദ്ദേഹത്തെ ചോദ്യം ചെയ്യാനുമാവില്ല.  
കാരണം അദ്ദേഹം ഇനി ഇല്ല. തലച്ചോറിലെ രക്തസ്രാവം മൂലം മരിച്ചു. രക്തസ്രാവം എങ്ങിനെയുണ്ടായി? തനിയേ വന്നതോ, അതോ ആരെങ്കിലും ഉണ്ടാക്കിയതോ? ഇതിനൊക്കെ ഉത്തരമന്വേഷിച്ച് ഉദ്യോഗസ്ഥര്‍ വിയര്‍ക്കേണ്ട കാര്യമൊന്നുമില്ല. ദുരൂഹമരണങ്ങളുടെ അറ്റമില്ലാത്ത പട്ടികയിലെ ഇങ്ങേയറ്റത്തെ ഒരാളായി ശൈലേഷ് യാദവിന്റെ പേരെഴുതി ചേര്‍ക്കുന്നതോടെ എല്ലാം ശുഭം. കാരണം സംഭവത്തില്‍ ഗവര്‍ണറും ഭരണത്തലവനുമായ രാംനരേഷ് യാദവിനു പരാതിയൊന്നുമില്ല. മകന്‍ മരിച്ചതില്‍ രാംനരേഷ് യാദവിന്റെ ഭാര്യയോ, സഹോദരനോ, സഹോദരിയോ അസ്വാഭാവികമായി ഒന്നും കാണുന്നുമില്ല. 
'വ്യാപം' അഴിമതിയുമായി ബന്ധപ്പെട്ട് 45 അസ്വാഭാവിക മരണങ്ങളുണ്ടായി എന്നാണ് പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ മുന്‍ കേന്ദ്ര നിയമ മന്ത്രി കപില്‍ സിബല്‍  കോടതിയില്‍ ബോധിപ്പിച്ചത്. 25 - 30 വയസ്സ് പ്രായമുള്ളവരാണ് മരിച്ചവരിലേറെയും. ഇവരെല്ലാം തന്നെ പ്രതികളോ സാക്ഷികളോ 
അന്വേഷകരോ ആണ്. പക്ഷേ, കുടുംബക്കാരാരും പരാതിയുമായി വന്നിട്ടില്ല.  'വ്യാപം' അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ മരണങ്ങളും പ്രത്യേകമായി അന്വേഷിക്കുമെന്നു മുഖ്യമന്ത്രി ചൗഹാന്‍ വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പിനെകുറിച്ച് അന്വേഷിക്കാന്‍ ആദ്യം ആവശ്യപ്പെട്ടത് താനാണ്. ഇതുപോലെ ആഴത്തില്‍ മറ്റൊരു കേസും അന്വേഷിച്ചിട്ടില്ല. തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി തള്ളിയതാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ചൗഹാന്‍ അവകാശപ്പെട്ടു.
അഴിമതി മറച്ചു വയ്ക്കാന്‍ കുറ്റക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നു മെനഞ്ഞ ചെകുത്താന്‍ തന്ത്രമാണ് ബന്ധപ്പെട്ട കൊലപാതകങ്ങള്‍. 
അന്യായമായി സമ്പാദിച്ച പണവും പദവിയും നിലനിര്‍ത്താന്‍ ഏതറ്റം വരെ പോകാനും ഈ കാപാലികര്‍ക്ക് 
മടിയില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. വ്യാപം അഴിമതി കുത്തിപ്പൊക്കുന്നവരെ ഏതോ വിഷം ഉപയോഗിച്ച് കൊലപ്പെടുത്തി, തെളിവ് നശിപ്പിച്ച്, മരണം ആത്മഹത്യയാക്കി മാറ്റുകയാണെന്ന ആരോപണങ്ങളും ഉയര്‍ന്നു. 
സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ 2004 ല്‍ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്.ഐ.ടി.) രൂപം നല്‍കിയതാണെങ്കിലും ഇനിയും ദുരൂഹതകള്‍ 
നീങ്ങുന്നില്ല. ഇന്ത്യയില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതികളായ അഴിമതിയാണിത്. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്‍പ്പെടെ 3000ല്‍ പരം പേര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 2003 മുതല്‍ വ്യാപം പരീക്ഷാ ക്രമക്കേട് തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. കേസ് അന്വേഷണം കാല്‍ഭാഗമായപ്പോഴേക്കും 2000 പ്രതികളെ കസ്റ്റഡിയിലെടുത്ത കേസില്‍ 300 അറസ്റ്റാണ് നടന്നത്. പലരും യുവതി യുവാക്കളാണ്.  
രക്ഷിതാക്കള്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നവരും ഉണ്ട്. 400 പ്രതികള്‍ ഒളിവിലാണ്. മുന്‍വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശര്‍മയും മുതിര്‍ന്ന ഉദ്യോഗസ്ഥരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. 
വലിയ വലിയ അഴിമതികളും അപവാദങ്ങളുമൊക്കെ ഈ രാജ്യത്തുണ്ടായിട്ടുണ്ട്. പക്ഷേ, സാമാന്യമര്യാദയുടെ എല്ലാ സീമകളെയും ലംഘിച്ച് ഒരു ഉളുപ്പുമില്ലാതെ വര്‍ഷങ്ങളായി തുടരുന്ന അഴിമതി മധ്യപ്രദേശിലെ വ്യാപത്തിനു സമാനമായി മറ്റൊന്നുണ്ട് എന്നു തോന്നുന്നില്ല. ബിഹാറിലെ കാലിത്തീറ്റ കുംഭകോണം പോലെ പഴയ കോണ്‍ഗ്രസ് ഭരണകാലം തൊട്ടേ തുടരുന്നതാണ് വ്യാപം അഴിമതിയും. അന്നൊക്കെ ചെറിയ തോതിലുള്ള കൈക്കൂലിയിലോ ചില സൗജന്യങ്ങളിലോ അത് ഒതുങ്ങി നിന്നിരുന്നു. 2000-ത്തിനു ശേഷമാണ് ഈ അഴിമതിയുടെ വ്യാപ്തി നാണം കെടുത്തുന്നവിധം എല്ലാ സീമകളും ലംഘിച്ചത്.  പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശനപരീക്ഷകളിലും സര്‍ക്കാരുദ്യോഗങ്ങള്‍ക്കുള്ള ടെസ്റ്റുകളിലും ഒരു സങ്കോചവുമില്ലാതെ മുകളില്‍ നിന്നുള്ള ഇടപെടലുകളുണ്ടായി.  ഇതിന് കുടപിടിച്ചവര്‍ ആരൊക്കെ എന്നറിയുമ്പോഴാണ് ഭരണ സംവിധാനം ഇത്രയും ദുഷിച്ചുപോകുമോ എന്ന് പൊതുസമൂഹം ലജ്ജിച്ചു തലതാഴ്ത്തുന്നത്. ഗവര്‍ണര്‍, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, അദ്ദേഹത്തിന്റെ ഭാര്യ, മുന്‍ വിദ്യാഭ്യാസമന്ത്രി, കോണ്‍ഗ്രസ് എം.എല്‍.എ. ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി ഉന്നതര്‍ വ്യാപം അഴിമതിയില്‍ ആരോപണം നേരിടുന്നെങ്കിലും ആര്‍ക്കുമെതിരെ വ്യക്തമായ തെളിവുകളില്ല.
കോടതി ഇടപെടുന്നു
വ്യാപം സംബന്ധിച്ച പരാതി 2015 ജൂലായ് 9 ന് സുപ്രീംകോടതി കേള്‍ക്കാനിരിക്കെയാണ് അതുവരെ മടിച്ചുനിന്ന മധ്യപ്രദേശ് സര്‍ക്കാര്‍ കേസന്വേഷണം സി.ബി.ഐ.ക്ക് വിടാന്‍ ഹൈക്കോടതിയില്‍  അഭ്യര്‍ഥന നടത്തിയത്. അതിനു മൂന്നുദിവസം മുമ്പ് ആജ്തക് റിപ്പോര്‍ട്ടര്‍ അക്ഷയ്‌സിങ് സംശയകരമായ സാഹചര്യത്തില്‍ മരിച്ചപ്പോഴും കേസ് സി.ബി.ഐ.ക്ക് വിടുന്നതിനെ മുഖ്യമന്ത്രി ചൗഹാന്‍ അനുകൂലിച്ചിരുന്നില്ല. കേസന്വേഷണം ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടി. അന്വേഷിക്കവേ അതിനുമുകളില്‍ സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമെങ്കില്‍ ഹൈക്കോടതി തീരുമാനിക്കണം എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കേസ് സി.ബി.ഐ. അന്വേഷണത്തിന് വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു.
വ്യാപം അഴിമതിയുമായുള്ള ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ ബന്ധം സംബന്ധിച്ച് നിയമ നടപടി സ്വീകരിക്കണമെന്ന അഭ്യര്‍ഥനയിന്മേല്‍ ഗവര്‍ണര്‍ക്ക് നോട്ടീസ് അയയ്ക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. അഴിമതിയില്‍ ചൗഹാന്‍ സര്‍ക്കാരിനോടൊപ്പം ഗവര്‍ണറുമുണ്ട് എന്ന ആരോപണത്തിന്മേലാണ് ഈ നടപടി. ഗവര്‍ണര്‍ക്ക് ഭരണഘടനാ സംരക്ഷണം നല്‍കിക്കൊണ്ട് ഹൈക്കോടതി നിയമ നടപടി തടഞ്ഞിരുന്നു. ഗവര്‍ണറെ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചപ്പോള്‍ അദ്ദേഹത്തെ ഭോപ്പാലില്‍ സംരക്ഷിച്ചുനിര്‍ത്തിയത് ശിവരാജ് സിങ് ചൗഹാനാണ്. യു.പി.എ. നിയമിച്ച എല്ലാ ഗവര്‍ണര്‍മാരെയും മാറ്റിയപ്പോഴും ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സുകാരനുമായ രാം നരേഷിന് മാത്രം എങ്ങനെ സംരക്ഷണം ലഭിക്കുന്നു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. രാംനരേഷ് യാദവിനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ്സും പിന്നീട് ആവശ്യപ്പെടുകയുണ്ടായി.
വ്യാപം അഴിമതിയെ കൈകാര്യം ചെയ്ത രീതി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രതിച്ഛായ തകര്‍ക്കുക തന്നെ ചെയ്തു. കേന്ദ്രസര്‍ക്കാര്‍ എതിരായിട്ടും രാംനരേഷ് യാദവിനെ ഗവര്‍ണറായി നിലനിര്‍ത്താനുള്ള ചൗഹാന്റെ താല്‍പര്യം, അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കാനുള്ള വിമുഖത, അഴിമതിയുമായി ബന്ധപ്പെട്ടവരുടെ  ദുരൂഹമരണങ്ങള്‍ എന്നിവ ചൗഹാനെ ബലഹീനനാക്കിയിട്ടുണ്ട്. 
മധ്യപ്രദേശ് സര്‍ക്കാരിനെ പിടിച്ചുലച്ച അഴിമതിയിലെ പ്രതികളും സാക്ഷികളും ജയിലിലും പുറത്തും മരിച്ചുവീഴുന്നതിനിടയിലാണ് കേസ് അന്വേഷിച്ചവരിലേക്കും ദുരൂഹമരണങ്ങളുടെ നീരാളിക്കൈകള്‍ നീളുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുന്‍ ഗവര്‍ണര്‍ രാംനരേഷ് യാദവ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നതോടെയാണ് വ്യാപം കുംഭകോണം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. കുംഭകോണം പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രശാന്ത് പാണ്ഡെ പുറത്തുവിട്ട രേഖകള്‍പ്രകാരം കൃത്രിമരേഖകളുണ്ടാക്കിയ 48 പരീക്ഷാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ശിപാര്‍ശപ്രകാരവും നിയമനം നല്‍കിയിട്ടുണ്ട്. ഏഴു പേരെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്ര ജലവിഭവമന്ത്രിയുമായ ഉമാഭാരതിയും  ഒരാളെ ഗവര്‍ണറും 21 പേരെ മറ്റു മന്ത്രിമാരുമാണ് ശിപാര്‍ശ ചെയ്തിട്ടുള്ളത്. മാര്‍ക്ക് ലിസ്റ്റുകള്‍ തിരുത്തി പരീക്ഷാര്‍ഥികളെ പാസാക്കുകയായിരുന്നു റാക്കറ്റ് ചെയ്തിരുന്നത്. അന്വേഷണം നീണ്ടതോടെ വ്യവസായികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ പുറത്തുവരാന്‍ തുടങ്ങി. വ്യാപം അസിസ്റ്റന്റ് പ്രോഗ്രാമര്‍ സി.കെ. മിശ്ര, സിസ്റ്റം അനലിസ്റ്റ് നിതിന്‍ മഹീന്ദ്ര, കൂട്ടാളി അജയ് സെന്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. തുടര്‍ന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശര്‍മ, ബി.ജെ.പി അനുയായിയും ഖനന വ്യവസായിയുമായ സുധീര്‍ ശര്‍മ എന്നിവരും അറസ്റ്റിലായി. മകന്റെ പേര് പരാമര്‍ശിക്കപ്പെട്ടതോടെ ഗവര്‍ണര്‍ രാംനരേഷ് യാദവ് രാജിവെച്ചു. തുടര്‍ന്ന് മകന്‍ ശൈലേഷ് യാദവ് പ്രതിപ്പട്ടികയില്‍ വരികയും, ഗവര്‍ണര്‍ക്കെതിരെ അന്വേഷണം തുടങ്ങുകയും ചെയ്തു. അതിനിടെ ശൈലേഷ് ദുരൂഹനിലയില്‍ മരിച്ചു. 
2015 ജൂലൈ നാലിനാണ്  പത്രപ്രവര്‍ത്തകനും ഇന്ത്യ ടുഡെ ഗ്രൂപ്പിന്റെ ആജ് തക്ക് ചാനല്‍ റിപ്പോര്‍ട്ടറുമായ അക്ഷയ് സിങ് ഹൃദയാഘാതം മൂലം മരിക്കുന്നത്. ഔദ്യോഗിക രേഖകളില്‍ സ്വാഭാവിക മരണം. നമുക്കിപ്പോള്‍ ഇതിലെന്ത് ചെയ്യാന്‍ കഴിയും? ഒരാള്‍ ഹൃദയാഘാതം മൂലം മരിക്കുമ്പോള്‍; മരിക്കേണ്ടതില്ല എന്ന് നാം പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ? ഏതായാലും അദ്ദേഹം മരിച്ചു കഴിഞ്ഞു. പക്ഷേ ഒന്നുണ്ട്. വ്യാപം അഴിമതിക്കു പിന്നിലെ വമ്പന്മാരെ വെളിച്ചത്തു കൊണ്ടുവരാനുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം. വ്യാപം കേസുമായി ബന്ധപ്പെട്ട് മരണമടഞ്ഞ എല്ലാവരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച അക്ഷയ് അവ സമഗ്രമായി പഠിച്ചു വരികയായിരുന്നു. ഇതേ അഴിമതിയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടതായി സംശയിക്കപ്പെടുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നമ്രദ ദാമറിന്റെ മാതാപിതാക്കളുമായി സംസാരിച്ചു കഴിഞ്ഞ ശേഷമാണ് അക്ഷയ് സിങിന് ഹൃദയാഘാതമുണ്ടായത്. അവിഹിത നിയമനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ എം.ജി.എം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ നമ്രദ ദാമര്‍ 2012 ജനുവരിയില്‍ റെയില്‍പ്പാളത്തില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. അതെക്കുറിച്ച് അന്വേഷിക്കാനാണ് അക്ഷയ് ആ കുട്ടിയുടെ വീട്ടിലെത്തിയത്. അവിടെവച്ച് തളര്‍ന്ന് വീഴുകയായിരുന്നു. ദഹോദ് ജനറല്‍ ആശുപത്രിയിലാണ് അക്ഷയിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയത്. വിസറ വിശദമായി പരിശോധിച്ചാല്‍ മാത്രമെ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ എന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. അത്  ഫൊറിന്‍സിക് ലാബിലാണ് നടത്തേണ്ടത്. വിസറയും റിപ്പോര്‍ട്ടും പോലീസിനു കൈമാറി.  മാധ്യമങ്ങളില്‍ ഇത്തരം ദുരൂഹമരണങ്ങളെട പരമ്പര തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഈ സംഭവങ്ങള്‍ മുഴുവന്‍ വ്യാപവുമായി ബന്ധപ്പെടുത്താനാവില്ല എന്നാണ് മുഖ്യമന്ത്രി ചൗഹാന്റെ നിലപാട്. അത് നമുക്ക് മുഖവിലക്കെടുക്കുകയുമാവാം. പക്ഷേ അപ്പോഴും ഒന്നു ബാക്കിയുണ്ട്. അദ്ദേഹത്തിന്റെ ഓഫീസില്‍ തന്നെ എന്തോ ചീഞ്ഞ് നാറുന്നുണ്ട്.  
ഇനി ശിവരാജ് സിങിന്റെ കഥകൂടി അറിയുമ്പോഴാണ് അടിയന്തിരം വെളുത്തു കിട്ടുക. ആരായിരുന്നു ഇദ്ദേഹം? ബി.ജെ.പിയില്‍ വോട്ടു പിടിക്കാന്‍ കഴിയുന്ന വ്യക്തിപ്രഭാവം ഒരാള്‍ക്കേയുള്ളൂ എന്ന് ബി.ജെ.പിയും ആര്‍.എസ്സ്.എസ്സുമൊക്കെ പാടി നടന്ന കാലത്ത്, അതിനെ പുച്ഛിച്ചു തള്ളിയ യഥാര്‍ത്ഥ സിംഹമാണദ്ദേഹം. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഡിയൊന്നും വേണ്ട; താന്‍ തന്നെ ധാരാളം മതി എന്നായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ നിലപാട്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അത് ശരിയെന്ന് തെളിയുകയും ചെയ്തു. ആ ചൗഹാനാണ് വ്യാപം കൂട്ടക്കൊലയ്ക്ക് പിന്നില്‍ എന്ന് ആക്ഷേപം ഉയരുമ്പോഴും അദ്ദേഹത്തിന് അതൊന്നും അത്രക്കങ്ങ് ഏശിയിട്ടില്ല. ഇപ്പോഴും വലിയ കുഴപ്പമില്ലാതെ 'എല്ലാം ഇപ്പോ ശരിയാക്കാം' എന്ന മട്ടിലാണദ്ദേഹം.
വ്യാപം അഴിമതി,  ബന്ധപ്പെട്ട അന്വേഷണങ്ങള്‍, ദുരൂഹ മരണങ്ങള്‍, അരോപിതരായ വി.ഐ.പികളുടെ പട്ടിക, ഒക്കെ പരിശോധിച്ചാല്‍ ഒരുകാര്യം ഖണ്ഡിതമായി പറയാം, മനുഷ്യമനസുകള്‍ ഇരുള്‍ വീണ് മൂടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ആ ഇരുട്ടിനെ വെളിച്ചമാക്കിയാണ് നാം വലിയ അഹങ്കാരത്തോടെ തീവെട്ടികള്‍ക്ക് പിന്നാലെ നടക്കുന്നത്. സമകാലീന സമൂഹവും കാലവും എത്രയേറെ തലതിരിഞ്ഞതും ഷണ്ഡീകരിക്കപ്പെട്ടതുമാണ് എന്ന് 
ഭാവി തലമുറയ്ക്ക് തിരിച്ചറിയാന്‍ കൂടുതല്‍ തെളിവുകളൊന്നും ആവശ്യമില്ല. വ്യാപം അഴിമതിയുടെ വിശദാംശങ്ങള്‍ മാത്രം മതിയാകും. ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴും ഇത്രയേറെ നിസ്സംഗരാകാന്‍ നമുക്കല്ലാതെ മറ്റാര്‍ക്കു കഴിയും? വ്യാപം നമുക്ക് അങ്ങേയറ്റം ആസ്വാദ്യമായ ഒരു വിഭവമാണ്. നമ്മള്‍, ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളുമൊക്കെ വെച്ചു വിളമ്പുകയാണ്. അതിലപ്പുറം അതിനൊരു പ്രാധാന്യവും നാം കല്പിക്കുന്നില്ല. അവിടെ രക്തസാക്ഷിയായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ സ്മരണകള്‍ നമ്മെ അല്പം പോലും അലോസരപ്പെടുത്തുന്നുമില്ല.
വ്യക്തികളോ ഗ്രൂപ്പുകളോ ഭരണസ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ വിലക്കെടുത്തുമൊക്കെ നടത്തുന്ന കോടികളുടെ വെട്ടിപ്പിനെയാണ് നാം അഴിമതി എന്ന ഓമനപ്പേരിട്ട് വിളിച്ചിരുന്നത്. 
പക്ഷേ വ്യാപത്തിലേക്കടുക്കുമ്പോള്‍ അതിന്റെ വ്യാപ്തിയും സ്വാഭാവുമൊക്കെ ജനകീയവല്‍ക്കരിക്കപ്പെടുന്നു. ഇതേത് കാലത്ത് തുടങ്ങി എന്ന് ആര്‍ക്കും നിശ്ചയമില്ല. 2000 വരെ വ്യാപം അഴിമതിയെകുറിച്ച് അടക്കിപ്പിടിച്ച സംസാരങ്ങള്‍, ചില പത്രവാര്‍ത്തകള്‍, ചെറിയ ആരോപണങ്ങള്‍ ഒക്കെ നിലനിന്നിരുന്നു.  എന്നാല്‍ 2000 മാണ്ടോടെ വ്യാപം അഴിമതിയുടെ ദുര്‍ഗന്ധം രാജ്യത്തിന്റെ അതിരുകളോളം എത്തി. മധ്യപ്രദേശ് സര്‍ക്കാരിനേയും ഭരണകൂടത്തെയും മാത്രമല്ല അങ്ങു ഡല്‍ഹിയിലെ അധികാരത്തിന്റെ ഇടനാഴികളെ വരെ വ്യാപം അഴിമതിയുടെ ദുര്‍ഗന്ധം വീര്‍പ്പുമുട്ടിച്ചു.
കൊലപാതകങ്ങളും പണാധിപത്യവും ഈ കാലത്തിന്റെ സവിശേഷതകളും ഓര്‍മ്മയിലുണ്ടാവണം. 1991 ല്‍ നവ ഉദാരവല്‍ക്കരണ സാമ്പത്തിക സാമൂഹ്യക്രമങ്ങള്‍ യാഥാര്‍ത്ഥ്യമായിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും അഴിമതിയുടെ രൂപഭാവങ്ങളിലും മാറ്റം സംഭവിച്ചിരുന്നു. അഴിച്ചുവിട്ട യാഗാശ്വത്തെ പോലെ ചങ്ങാത്ത മുതലാളിത്തം സാധാരണക്കാരന്റെ ജീവിതത്തെ കീഴടക്കിക്കഴിഞ്ഞു. മൂലധനശക്തികള്‍, ഭരണാധികാരികള്‍, രാഷ്ട്രീയ നേതൃത്വം, ഉദ്യോഗസ്ഥപ്രഭുത്വം, പോലീസ്,  ഇവയൊക്കെ ഒരുമിച്ചണിനിരന്ന് ആയിരക്കണക്കിന് കോടികള്‍ ഒന്നിച്ച് കൊള്ളയടിക്കുന്നതിലേക്ക് അഴിമതിയുടെ സ്വഭാവം മാറി. ഇന്ന് ആരോപണവിധേയരായ രാഷ്ട്രീയ നേതൃത്വത്തെ പരിശോധിച്ചാല്‍ നമുക്കത് വ്യക്തമാകും. മധ്യപ്രദേശില്‍ യു.പി.എയുടെ പ്രതിനിധിയായി വന്ന ഗവര്‍ണര്‍, രാംനരേഷ് യാദവ്, ബി.ജെ.പി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍,  ഭാര്യ സുധാസിങ്, വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത ശര്‍മ്മ, കോണ്‍ഗ്രസ് എം.എല്‍.എ മീര്‍സിംഗ് ബൂരിയ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന പ്രഭാത്ഝാ എന്നീ വി.ഐ.പികളില്‍ തുടങ്ങി 
ഉയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍, ഇടനിലക്കാര്‍ എന്നിങ്ങനെ താഴെത്തട്ടിലെ ഏജന്റുമാര്‍ വരെ ആയിരങ്ങളാണ് വ്യാപം അഴിമതിക്ക് പിന്നില്‍, മാഫിയ റാക്കറ്റ് ആയി പ്രവര്‍ത്തിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ അഴിമതിയെ ജനാധിപത്യവല്‍ക്കരിക്കുകയും, വികേന്ദ്രീകരിക്കുകയും ചെയ്യാനുള്ള സാദ്ധ്യതയുടെ ഉത്തമ ഉദാഹരണം. ഇത്രയേറേ ഭീകരമല്ലെങ്കിലും അഴിമതിയെ ജനാധിപത്യവല്‍ക്കരിച്ച മറ്റൊന്ന് ബീഹാറിലെ കാലിത്തീറ്റ കുംഭകോണമായിരുന്നു. അതിന് നേതൃത്വം വഹിച്ച ലാലുപ്രസാദ് യാദവ് അഴിമതിപ്പണത്തിന്റെ പങ്ക് താഴെതട്ടുകാര്‍ വരെയുള്ളവര്‍ക്ക് ജനാധിപത്യപരമായി വീതിച്ചിരുന്നുവത്രേ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊക്കെ ഈ വകയിലുള്ള മിച്ചത്തില്‍ നിന്ന് അദ്ദേഹം പങ്ക് അനുവദിച്ചിരുന്നതായി പറയപ്പെടുന്നു. ചില കക്ഷികള്‍ തുക കൈപ്പറ്റാന്‍ വിസമ്മതിച്ചപ്പോള്‍, സന്തോഷപൂര്‍വ്വം ഏറ്റുവാങ്ങി പുട്ടടിച്ചവരാണ് രാഷ്ട്രീയപാര്‍ട്ടികളിലേറെയും. ഇതുവരെ നാം വിചാരിച്ചു അതാണ് ഏറ്റവും വലിയ അഴിമതി കഥ എന്ന്.  പക്ഷെ, ഇവിടെ ഇതാ അതിനെയും നിഷ്പ്രഭമാക്കുന്ന, സിനിമാകഥകളെ പോലും  വെല്ലുന്ന, കൊല്ലും കൊലയും പണാധിപത്യവും ചേര്‍ന്ന് ധാര്‍മ്മികതയുടെ എല്ലാ അതിര്‍ത്തികളും ലംഘിച്ച് അഴിമതിയുടെ ദുര്‍ഗന്ധം പടര്‍ത്തിയ, സ്വതന്ത്ര ഇന്ത്യ ലജ്ജിച്ചു തല താഴ്ത്തിനില്‍ക്കുന്ന വമ്പന്‍ കുംഭകോണം  ഇരുള്‍ മൂടുന്ന കാലം   യു.പി.എയുടെ അഴിമതിക്കെതിരായ പോരാട്ട നായകര്‍ എന്ന നിലയിലാണല്ലോ നരേന്ദ്രമോഡി സര്‍ക്കാറിന്റെ അധികാരാരോഹണം. അഴിമതിയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന് തെളിയിക്കുന്നതായി വ്യാപം അഴിമതിക്കേസ്. വിചിത്രമായ വസ്തുത, ഏത് സമയവും ശണ്ഠ കൂടുന്ന 
ഇവര്‍ തമ്മില്‍ അഴിമതികാര്യത്തിലുള്ള ചങ്ങാത്തമാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അവരുടെ പല്ലുകൊഴിഞ്ഞ കിഴവന്മാെര വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരായി നിയമിച്ച കൂട്ടത്തിലാണ്  നരേഷ് യാദവിനെ മധ്യപ്രദേശില്‍  നിയമിച്ചത്. മോഡി അധികാരത്തിലെത്തിയപ്പോള്‍ ആദ്യമായി സ്വീകരിച്ച നടപടികളിലൊന്ന് ഇത്തരം യു.പി.എ. ഗവര്‍ണര്‍മാരെയെല്ലാം മാലയും ബൊക്കയും നല്‍കി തിരിച്ചയക്കലായിരുന്നു. കടിച്ചു തൂങ്ങാന്‍ ശ്രമിച്ചവരെയൊക്കെ സ്ഥലം മാറ്റി.  പക്ഷേ അപ്പോഴും  നരേഷ് യാദവിന് സ്ഥാനചലനം സംഭവിച്ചില്ല. വ്യാപം അഴിമതിയില്‍ സ്വന്തം മകന്‍ മരിച്ചിട്ടുപോലും തികഞ്ഞ സൗഹൃദത്തിലായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഗവര്‍ണര്‍ യാദവും തമ്മില്‍. അതുകൊണ്ട്് അദ്ദേഹം എല്ലാവിധ സുഖസമൃദ്ധിയോടും കൂടി മധ്യപ്രദേശിലെ തന്റെ ഔദ്യോഗിക വസതിയില്‍ സസുഖം വാണു. ഇപ്പോള്‍ കോണ്‍ഗ്രസ് വലിയ വായില്‍ ഒച്ച വെച്ചതു കൊണ്ടോ ഒട്ടകപക്ഷിയെപ്പോലെ ഇതൊന്നും കണ്ടില്ലെന്ന നിലയില്‍ തല മണ്ണില്‍ പൂഴ്ത്തിയതു കൊണ്ടോ പ്രയോജനമില്ല. ഇനി ഇതൊക്കെ മധ്യപ്രദേശില്‍ മാത്രം അരങ്ങേറുന്ന കൊള്ളരുതായ്മകളായി എഴുതിത്തള്ളാം എന്ന്  ആരും ധരിച്ചു വശാകേണ്ടതില്ല. ഇതിന്റെ ധാരാളം സൂക്ഷ്മ പതിപ്പുകള്‍ നമുക്കിടയില്‍ കാലാകാലമായി നടക്കുന്നുണ്ട്.  അതു മറ്റൊരു വ്യാപം ആയി വളരുന്നത് എപ്പോഴായിരിക്കും എന്നേ അറിയേണ്ടതുള്ളൂ. ഇത്തരം ഇരുട്ടുകള്‍ നമുക്കിടയിലും പഴക്കമേറി വരികയാണ്. ആ ഇരുട്ട് തന്നെയാണ് വെളിച്ചം എന്ന് കരുതി ജീവിക്കുന്നതിന് നാം ഇന്ന് മത്സരിക്കുകയാണ്. വെളിച്ചം ദുഖമാണുണ്ണീ, തമസല്ലോ സുഖപ്രദം.