Error message

വെള്ളിമൂങ്ങകളും മാധ്യമവും

ബീഫില്‍ പോത്തിറച്ചിയുടെ ശതമാനം എത്രയാണ്? പശുവും കാളയും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമുണ്ടോ?
കേരളത്തില്‍ നഗരസഭ, പഞ്ചായത്തു തെരഞ്ഞെടുപ്പു പ്രചരണം ചൂടുപിടിച്ചു വന്ന സമയത്താണ് പെട്ടെന്ന് ദില്ലിയിലെ കേരളാ ഹൗസിലെ അടുക്കളയില്‍ പോലീസ് കയറി ഇറച്ചിക്കറി മണത്തത്. ദില്ലിയിലെ പോലീസ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ്. ദില്ലി സര്‍ക്കാരിന്റെ വരുതിക്കാരല്ല. ഇത് സീരിയസ് പ്രശ്‌നമാണ്. ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. ഭരണഘടനയ്‌ക്കെതിരാണ്. ലോകത്തിലെ എല്ലാ രാഷ്ട്രതലസ്ഥാനങ്ങളിലും എംബസി വളപ്പുകളില്‍ ആരുടെയാണോ എംബസി ആ മതില്‍ക്കെട്ടിനകത്ത് അവര്‍ക്കു പൂര്‍ണ്ണാധികാരമാണ്. അതുപോലെയാണ് കേരളാ ഹൗസ് വേണ്ടത്. അത് കേരളത്തിന്റെയാണ്. അവിടെ കേന്ദ്രം കയറുന്നത് നമ്മുടെ മൗലികാവകാശത്തെ ചോദ്യം ചെയ്യലാണ്.
കേരളത്തിലെ ഇടതും വലതും മുന്നണികള്‍ സന്തോഷമായി മാറി മാറി എല്ലാത്തരം തെരഞ്ഞെടുപ്പുകളെയും വീതം വയ്ക്കുന്നതിനിടയില്‍ പെട്ടെന്നാണ് കേന്ദ്രത്തിന്റെ പിന്തുണയോടെ ഒരു മൂന്നാം കൂട്ടര്‍ ഇത്തവണ ഗൗരവമായി എന്നു തോന്നത്തക്കവിധം രംഗപ്രവേശം ചെയ്തത്. പണ്ടൊക്കെ തെരഞ്ഞെടുപ്പു കാലം വരുമ്പോള്‍ പല വാര്‍ത്തകളും ജനകീയ പ്രശ്‌നങ്ങളായി വോട്ടിനെ ലക്ഷ്യമാക്കി വരാറുണ്ട്. സ്ത്രീപീഡനം, അഴിമതി, രാഷ്ട്രീയക്കൊലപാതകം, സ്വഭാവഹത്യ, ഭൂമി മാഫിയാ, മുല്ലപ്പെരിയാര്‍, പച്ചക്കറിയിലെ വിഷം, കുടിവെള്ളം, റോഡിലെ കുഴി, പകര്‍ച്ചവ്യാധി, സ്വാശ്രയ വിദ്യാഭ്യാസം, വിലക്കയറ്റം, എന്നുവേണ്ട, ഐസ്‌ക്രീമും, കൊക്കൊക്കോളയും, ടാറ്റയും വരെ വരാറുണ്ട്. പക്ഷേ ഇത്തവണ ഇവയെല്ലാം അപ്രസക്തമാക്കി മീഡിയാ മലയാളിയുടെ ബീഫ് പ്രേമത്തെ വോട്ടറുടെ മുന്നില്‍ ഉയര്‍ത്തിക്കാട്ടി.
എന്തായാലും വെള്ളിമൂങ്ങ ആക്ടീവായി.
നല്ല ഒന്നാംതരം മലയാളിയുടെ നാവിനെ മാത്രമല്ല, മനസ്സിനെയും മഥിക്കുന്ന ബീഫ് നായകനായി കലക്കി.
മലയാളഭാഷയില്‍ പശുവിറച്ചി, കാളയിറച്ചി, പോത്തിറച്ചി, എരുമയിറച്ചി, കഴുതയിറച്ചി എന്നെല്ലാം നല്ല നാമങ്ങളുണ്ട്. പക്ഷേ, ഈ ഇറച്ചി കൃത്യമായി നമ്മുടെ അടുക്കളയിലെത്തിക്കുന്ന തമിഴന്‍ അണ്ണാച്ചി ഈ പേരുകള്‍ പഠിക്കാന്‍ ശ്രമിക്കാതെ ഒറ്റയടിക്ക് സ്വന്തം ഭാഷയിലെ മാട്ടിറച്ചി എന്നു പോലും പറയാതെ ഇംഗ്ലീഷില്‍ ബീഫ് എന്നു എല്ലാറ്റിനും കൂടി ഒരേ പേരിട്ട് നമുക്കു തരുന്നു. പശുവും കാളയും പോത്തും എരുമയും രുചി വ്യത്യാസം അളക്കാനുള്ള മാപിനി ന്യൂ ജനറേഷന്‍ കണ്ടുപിടിക്കുന്ന കാലം വരെ ഈ പേരിലെ അപകടം നിലനില്‍ക്കുന്ന മട്ടാണ്. ഗോമാതാവിന്റെ മാംസം ഭക്ഷിക്കാന്‍ വിലക്കുള്ള ഹിന്ദു തീവ്രവാദിയ്ക്കുപോലും അദ്ദേഹത്തിന് ഏറ്റവും പ്രിയമുള്ള പോത്തിറച്ചി കഴിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇല്ലാതായി. ഈ ഗൗരവമായ പ്രതിസന്ധിയെക്കുറിച്ച് രസകരമായ ബീഫ് ചര്‍ച്ചകള്‍ ചാനലുകളിലെല്ലാം വാശിയോടെ ചെയ്യുന്നത് ആസ്വദിച്ച് ഇത് ഇന്നത്തെ പ്രധാന വാര്‍ത്തയാക്കിയതിനു പിന്നിലെ ബുദ്ധി ആരുടേതായിരിക്കുമെന്ന് ചിന്തിക്കുകയായിരുന്ന എന്നെ എന്റെ ലാസ്റ്റ് പേരമകന്‍ എട്ടു വയസ്സുകാരന്‍ അദ്വൈത് പുറത്തു തട്ടി വിളിച്ചു.
അപ്പൂപ്പാ, ഈ പശൂനെ കൊല്ലുന്നത് പാപമല്ലിയോ?
അദ്വൈത് കുറെ നേരമായി എന്റെ മൊബൈലെടുത്ത് എന്തൊക്കെയോ കാട്ടുകയാണ്. വരകളും പടവും നിറവും ശബ്ദവും എല്ലാം കൂട്ടിക്കലര്‍ത്തി മിക്‌സ് ചെയ്ത് വീഡിയോ ഗെയിംസിന്റെ ആവേശത്തോടെ അവന്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുകയാണ്. പുതിയ എന്തൊക്കെയോ സൃഷ്ടിക്കുകയാണ്. ഇടയ്ക്ക് ഷോര്‍ട്ട് ബ്രേക്കില്‍ എനിക്ക് ആവേശം തരുന്ന ടിവി ചാനല്‍ ചര്‍ച്ച അവന്‍ ശ്രദ്ധിച്ചിരിക്കണം.
ഞാന്‍, നമ്മുടെ തലമുറയുടെ വിശ്വാസം അവനിലേക്ക് പകര്‍ന്നു.
അതെ.
പശു ഗോമാതാവല്ലിയോ?
അതെ.
ഗോമാതാവിനെ  കൊല്ലുന്നതുപോലെ പശുക്കുട്ടിയേം കാളയേം കൊല്ലുന്നത് പാപമല്ലിയോ?
അതെ. അത് ഗോവര്‍ഗ്ഗമാണ്. പാപമാണ്.
അപ്പോള്‍ പോത്തിനേം മീനിനേം കോഴിനേം കൊല്ലുന്നതോ?
അതും പാപമാണ്. ജീവനുള്ള എന്തിനേം കൊല്ലുന്നത് പാപമാണ്.
പിന്നെ എന്തിനാ. പശൂനെ മാത്രം കൊന്നു തിന്നാന്‍ പാടില്ലാന്ന് പറയുന്നത്?
ഈ മതാചാരങ്ങളുടെ അര്‍ത്ഥം കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചവരൊക്കെ അവരുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കാന്‍ പറ്റാതെ കുഴങ്ങിയിട്ടേയുള്ളു. പാലാഴി കടഞ്ഞപ്പോള്‍ സുരഭി എന്ന അമ്മപ്പശു വന്നതും നമുക്ക് ദൈവം തന്നിട്ടുള്ള ഏഴ് അമ്മമാരില്‍ പ്രധാനിയാണ് ഗോമാതാവെന്നും എല്ലാം എനിക്കു പറഞ്ഞു കൊടുക്കാനറിയാം. പക്ഷെ, അവന് തൃപ്തിയാകില്ല അവസാനം ഇനി ചോദ്യം ചോദിച്ചാല്‍ ദൈവം കോപിക്കും എന്നു പേടിപ്പിച്ച് മുതിര്‍ന്നവര്‍ തലമുറകളായി കുട്ടികളെ ഒതുക്കുന്ന ടെക്‌നിക്ക് പ്രയോഗിക്കേണ്ടിവരും. എനിക്കതു എന്റെ പേരക്കുട്ടിയോട് കാട്ടാന്‍ മനക്കരുത്തു വന്നില്ല.
ഞാന്‍ ചാനല്‍ മാറ്റി.
ഈ സംഭവം മീഡിയായില്‍ വൈറലാക്കിയതിനു പിന്നിലെ ബുദ്ധിമാനെ ഇന്നത്തെ ഭാഷയില്‍ വെള്ളിമൂങ്ങ എന്നു വിളിക്കും. അച്ചടി മീഡിയായ്ക്ക് ഇല്ലാതിരുന്ന പല പ്ലസ് പോയിന്റുകളും വിഷ്വല്‍ മീഡിയായ്ക്കുണ്ട്. പക്ഷെ, അതിന് ഒരു വലിയ മൈനസ് പോയിന്റുണ്ട്. വാര്‍ത്തയുടെ ഉത്ഭവവും അതിന്റെ അവസാനവും തമ്മിലുള്ള സമയദൈര്‍ഘ്യം തീരെ ഇല്ല. അതു കാരണം ജേര്‍ണലിസ്റ്റിന് തന്റെ ബുദ്ധി ഉപയോഗിച്ച് വാര്‍ത്തയെ അപഗ്രഥിക്കാന്‍ അച്ചടി മീഡിയായില്‍ കിട്ടിയിരുന്ന ഇടവേള ഇന്നില്ല. വെള്ളിമൂങ്ങകള്‍ക്ക് വാര്‍ത്ത ഉണ്ടാക്കാനും ഇല്ലാതാക്കാനും ഇന്ന് എളുപ്പമാണ്.
(സിനിമ കാണാത്തവര്‍ക്കുവേണ്ടി പറയാം. വെള്ളിമൂങ്ങ അടുത്തിറങ്ങിയ മനോഹരമായ കേരള രാഷ്ട്രീയ ആക്ഷേപഹാസ്യ മലയാള സിനിമയാണ്. തന്റെ ലക്ഷ്യം നേടാനായി അതി രഹസ്യമായി എല്ലാവരെയും അവര്‍ക്ക് ഒട്ടും സംശയം വരാത്ത മട്ടില്‍ കരുവാക്കി വിജയിക്കുന്ന നേതാവിനെയാണ് വെള്ളിമൂങ്ങ എന്നു വിളിക്കുന്നത്).
മീഡിയായ്ക്ക് വെള്ളിമൂങ്ങകളെ കാണാനുള്ള ശക്തി ഇന്നത്തെ തല്‍സമയ റിയാക്ഷന്‍ പ്രാധാന്യമുള്ള ശൈലിയില്‍ കുറഞ്ഞു വരികയാണോ?
ഇന്ന് ജനാധിപത്യ വ്യവസ്ഥയുടെ വിജയം ജനത്തിനെ അവരാണ് രാജ്യം ഭരിക്കുന്നതെന്നും രാഷ്ട്രീയ നേതൃത്വത്തിനെ അവരാണ് രാജ്യം ഭരിക്കുന്നതെന്നും വിശ്വസിപ്പിച്ചിരിക്കുന്ന സ്ഥിതി നിലനിര്‍ത്തുക എന്നതിലെത്തി നില്‍ക്കുകയാണ്. ഭരിക്കുന്ന കൂട്ടര്‍ക്ക് നിയമസഭയിലെ എതിര്‍പക്ഷമാണ് ശരിക്കും തങ്ങളുടെ ശത്രുക്കള്‍ എന്ന് മീഡിയാ വഴി തോന്നിപ്പിക്കണം. ജനത്തിനും അതേ വിശ്വാസം മീഡിയാ നല്‍കണം. വാസ്തവത്തില്‍ നിയമസഭകള്‍, അസംബ്ലിയും പാര്‍ലമെന്റും മറ്റും ഒരു നാടകവേദിയായി മാറിക്കൊണ്ടിരിക്കുകയാണ്. ടെലിവിഷനിലെ തല്‍സമയ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ജനം അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്ന് ധരിച്ചു കൊള്ളും. അവിടുത്തെ എല്ലാ കഥാപാത്രങ്ങളും നായകരും. മേക്കപ്പും സ്‌ക്രിപ്റ്റും ആരും ശ്രദ്ധിക്കാന്‍ പാടില്ല.
എന്തുകൊണ്ട് മീഡിയാ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും മഹത്തായ ഒരു കാല്‍വയ്പിനെ കാണാതെ പോകുന്നു?
നമ്മുടെ ഭരണഘടന അനുസരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ രാഷ്ട്രീയകക്ഷികളെ അടിസ്ഥാനമാക്കിയ ജനാധിപത്യരീതിയാണ് നിലനില്‍ക്കുന്നത്. പക്ഷെ മൂന്നാം തല സര്‍ക്കാരായ കോര്‍പ്പറേഷന്‍, നഗരസഭ, പഞ്ചായത്തുകളില്‍ സ്ഥിതി വിഭിന്നമാണ്. ഇവിടെ രാഷ്ട്രീയ കക്ഷി അപ്രസക്തമാണ്. മേയര്‍/ഡെപ്യൂട്ടി മേയറെയും, മുനിസിപ്പല്‍ ചെയര്‍മാന്‍/വൈസ് ചെയര്‍മാനെയും, പഞ്ചായത്തു പ്രസിഡന്റ്/വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളും ചേര്‍ന്നാണ് തെരെഞ്ഞടുക്കുന്നത്. അതുപോലെ ഓരോ വകുപ്പിന്റെയും ഭരണച്ചുമതല വഹിക്കേണ്ടത് ഭൂരിപക്ഷകക്ഷിയുടെ നേതാക്കളല്ല. പകരം ഓരോ വകുപ്പിനും ഭരണം നടത്താന്‍ ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഉണ്ട്. ആരോഗ്യം, വികസനം. വിദ്യാഭ്യാസം, ധനകാര്യം, മരാമത്ത്, വെല്‍ഫെയര്‍ എന്നിങ്ങനെ ഓരോ വകുപ്പിനും സ്ഥിരം സമിതികള്‍. ഈ സമിതിയില്‍ സഭയുടെ എല്ലാ ഭാഗത്തുനിന്നുമുള്ളവരും അംഗങ്ങളാണ്. ഓരോ കൗണ്‍സിലറും പഞ്ചായത്തുമെമ്പറും ഏതെങ്കിലും ഒരു വകുപ്പിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ അംഗമാണ്. അതായത് ഓരോ മെമ്പറും ഭരണത്തില്‍ പങ്കാളിയാണ്. അതായത്, എല്ലാവരും ഭരണപക്ഷമാണ്. പ്രതിപക്ഷമില്ല. വാസ്തവത്തില്‍ തദ്ദേശതെരഞ്ഞെടുപ്പുകള്‍ കക്ഷി രഹിതമായിരിക്കണമെന്ന ആശയം ചില സംസ്ഥാനങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അത്തരമൊരു ചിന്തയ്ക്കുപോലും ഇടം കിട്ടിയിട്ടില്ല. നിയമത്തില്‍ വ്യവസ്ഥ ഇല്ലാതിരുന്നിട്ടും ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷി തങ്ങളുടെ ചിഹ്നം ഒരു സ്ഥാനാര്‍ത്ഥിക്കു നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ അതു നല്‍കുന്നത് പരിഗണിക്കാം എന്ന നിഷ്‌ക്കളങ്കമെന്നു തോന്നിക്കുന്ന റൂളിന്റെ മറവില്‍ വാസ്തവത്തില്‍ ഭരണഘടനയുടെ അന്തസ്സത്തയെത്തന്നെ തമസ്‌ക്കരിക്കുകയല്ലേ സംഭവിച്ചിരിക്കുന്നത്?
എന്റെ എറണാകുളത്തെ സുഹൃത്ത്, ഉന്തുവണ്ടി വില്‍പനക്കാരന്‍ ബിഹാറി അവിദഗ്ധ തൊഴിലാളി രാം ചരന്‍ അക്ഷരാഭ്യാസമില്ല. കണക്കുകൂട്ടാന്‍ കഷ്ടിച്ചറിയാം. പത്തു കൊല്ലമായി കേരളത്തിലാണ്. ആണ്ടിലൊരിക്കല്‍ നാട്ടില്‍ ബിഹാറിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ പോകും. കുടുംബം അവിടെയാണ്. അവിടെ കൃഷിപ്പണിക്ക് പോകാമായിരുന്നു. പക്ഷെ കൊല്ലത്തില്‍ കൂടിയാല്‍ ആറു മാസമേ പണി ഉണ്ടാകൂ. ദിവസക്കൂലി കൂടിയാല്‍ നൂറ്റമ്പത്. ഇവിടെ സ്വര്‍ഗ്ഗമാണ്. ദിവസം അറുനൂറു എഴുനൂറു രൂപ ലാഭം കിട്ടും. ആറുപേര്‍ കൂട്ടുതാമസം. ഭക്ഷണം കൂട്ടായി പാകം ചെയ്യും. മാസം പതിനയ്യായിരം രൂപാ നാട്ടിലേക്കയയ്ക്കും.
ഞാന്‍ രാം ചരനോട് കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് ചോദിച്ചു.
രാം ചരണ്‍, നാട്ടില്‍ പോകുന്നില്ലേ?
എന്തിന് ഭായിസാബ്?
തെരഞ്ഞെടുപ്പു വരികല്ലേ, വോട്ടു ചെയ്യാന്‍ പോകേണ്ടേ?
എന്തു തെരഞ്ഞെടുപ്പ് ഭായി സാബ്?
ലോക്‌സഭാ തെരഞ്ഞെടുപ്പ്. നമ്മളെ ഭരിക്കുന്ന പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്?
ഓ, അതോ? അത് സാബ്, ദില്ലിയിലെ മാഡവും ലാലൂജീം ഒക്കെക്കൂടിയല്ലേ, തെരഞ്ഞെടുക്കുന്നത്. അതില്‍ എനിക്കെന്തു കാര്യം സാബ്?
അപ്പോള്‍ രാം ചരണ്‍ വോട്ടു ചെയ്തിട്ടില്ലേ?
ഉണ്ട്, സാബ്. ഞാന്‍ എപ്പോഴും പോകും വോട്ടു ചെയ്യാന്‍.
അസംബ്ലി തെരഞ്ഞെടുപ്പിന് അല്ലേ?
അല്ല, സാബ്. അതിന് നമ്മളെപ്പോലുള്ളവര്‍ക്കു കാര്യമില്ല. ഞാന്‍ ഞങ്ങടെ പഞ്ചായത്തു തെരഞ്ഞെടുപ്പിന് പോകും. സാബ്, എന്റെ വീടിരിക്കുന്ന വാര്‍ഡിന്റെ മെമ്പറെ തെരഞ്ഞെടുക്കുന്ന വോട്ടിന്. സാബ് വാര്‍ഡ് മെമ്പര്‍ നല്ലവനായിരിക്കണം. അവന്‍ കള്ളനായിരിക്കരുത്. അവിടെ എല്ലാവരെയും സ്‌നേഹത്തോടെ കാണുന്നവനായിരിക്കണം. സഹായി ആയിരിക്കണം. അത്തരക്കാരനെയല്ലേ എനിക്കു തെരഞ്ഞെടുക്കേണ്ടത്. അത് ലാലുജിയോ ദില്ലിയിലെ മാഡമോ ആണോ തെരഞ്ഞെടുക്കേണ്ടത്. അവനെ എനിക്കല്ലേ അറിയൂ. അല്ലേ, സാബ്?
എ.കെ. ആന്റണി ഈയിടെ പറഞ്ഞത് വെറും സത്യമണ്.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ സാധാരണക്കാരില്‍നിന്ന് വളരെ അകന്നുകഴിഞ്ഞു.
പക്ഷെ മീഡിയായും ഇതു പോലെ മാറുകയല്ലേ?
വെള്ളിമൂങ്ങകളെ കാണാനുള്ള ശക്തി മീഡിയായ്ക്കും നഷ്ടപ്പെടുകയാണോ?