വി. രാജഗോപാല്‍ പത്രപ്രവര്‍ത്തനത്തിന് ഉഴിഞ്ഞുവെച്ച ജീവിതം

Author: 

എന്‍. പി. ആര്‍

മുപ്പത്തിമൂന്നുവര്‍ഷം മുമ്പ് മാതൃഭൂമിയില്‍ ട്രെയ്‌നി ആയി ചേരുമ്പോഴാണ് വി. രാജഗോപാലിനെ കാണുന്നതെങ്കിലും അദ്ദേഹത്തെ അതിനും ആറേഴ് വര്‍ഷം മുമ്പെങ്കിലും അറിയാം. പത്രപംക്തികളില്‍, വാര്‍ത്തകളില്‍. കെ.എസ്.യു നേതാവ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹി, സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍. ഈ കുറിപ്പ് ഞാന്‍ എഴുതുന്നത് രാജഗോപാല്‍ പിന്‍വാങ്ങി മൂന്നാം ദിവസമാണ്. എഴുതിത്തുടങ്ങുമ്പോള്‍ എനിക്ക് തലശ്ശേരിയില്‍നിന്ന് ഒരു ഫോണ്‍. രാമചന്ദ്രന്‍ ചമ്പാട് എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന കവി. അദ്ദേഹം കെ.എസ്.യു ക്കാരനോ സ്‌പോട്‌സ് വായനക്കാരനോ അല്ല. അദ്ദേഹം രാജഗോപാലിന്റെ അന്ത്യത്തെ കുറിച്ചാണ് അന്വേഷിക്കുന്നത്. എങ്ങനെയാണ് അദ്ദേഹത്തിന് രാജഗോപാലിനെ അറിയുക എന്ന് ഞാന്‍ ആലോചിക്കവേ അദ്ദേഹം പറഞ്ഞു- ''ഓര്‍മയുണ്ടോ പണ്ട് തൃശ്ശൂരില്‍ യൂണി. യൂണിയന്‍ നടത്തിയ സര്‍ഗസംവാദം... ഓര്‍മയുണ്ടോ...ഞാന്‍ അതില്‍ പങ്കെടുത്തതാണ്. രാജഗോപാല്‍ ആണ് അന്നത്തെ യൂണി. യൂണിയന്‍ ചെയര്‍മാന്‍. എന്തൊരു വൈറ്റാലിറ്റിയായിരുന്നു ആ ചെറുപ്പക്കാരന്‍...'' ഞാനോര്‍ത്തു. കേരളത്തിന് അകത്തും പുറത്തും നിന്ന് എണ്ണമറ്റ എഴുത്തുകാരും കലാകാരന്മാരും വിദ്യാര്‍ത്ഥികളുമായി ദിവസങ്ങളോളം സംവാദം നടത്തിയ പരിപാടി. അതുപോലൊന്ന് പിന്നെ കേരളത്തില്‍ നടന്നിട്ടില്ല.

അദ്ദേഹത്തെ മരണശേഷം ചിലരെല്ലാം പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ എന്ന് വിശേഷിപ്പിക്കുന്നത് വായിക്കുകയും കേള്‍ക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ അദ്ദേഹം ഗുരു വിംസിയേക്കാള്‍ ഓള്‍റൗണ്ടര്‍ ആയിരുന്നു. സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിങ്ങുമായാണ് പത്രപ്രവര്‍ത്തനം തുടങ്ങിയതെങ്കിലും പത്രപ്രവര്‍ത്തനത്തിന്റെ സകലതലങ്ങളിലും അദ്ദേഹം കൈവെച്ചിട്ടുണ്ട്, വിജയകരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് ബ്യൂറോ ചീഫ് എന്ന നിലയില്‍ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടുകള്‍, ഏറെ ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറികള്‍, വികസനറിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശവ്യാപകമായി സഞ്ചരിച്ചിട്ടുണ്ട്. പത്രത്തിന്റെ എല്ലാ പേജുകള്‍ക്കും അദ്ദേഹം ആശയങ്ങള്‍ സംഭാവന ചെയ്യാറുണ്ട്. തന്റെ കാലം പിന്നിട്ടു എന്നൊരിക്കലും തോന്നിയിട്ടില്ല അദ്ദേഹത്തിന്. വിരമിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പാണ് അദ്ദേഹം വാരാന്തപ്പതിപ്പിന്റെ ചുമതലയേറ്റതും നിരവധി മാറ്റങ്ങള്‍ നടപ്പാക്കിയതും. മരണത്തിന് മൂന്നുമാസം മുമ്പുവരെ അദ്ദേഹം ഒളിമ്പ്യന്‍ എന്ന പേരില്‍ വാരാന്തപ്പതിപ്പില്‍ സ്‌പോര്‍ട്‌സ് കോളം എഴുതിയിട്ടുണ്ട്.
അതായിരുന്നു രാജഗോപാല്‍. ഞാനുമായി വലിയ പ്രായവ്യത്യാസമൊന്നുമില്ല. പക്ഷേ, ഞങ്ങള്‍ പത്രത്തിലെത്തുമ്പോഴേക്ക് അദ്ദേഹം മാതൃഭൂമിയില്‍ ഒരു സാന്നിധ്യം തന്നെയായി മാറിയിരുന്നു. ഞങ്ങളുടെ ഗൈഡ് ആയി...കോളേജില്‍ പഠിക്കുമ്പോള്‍തന്നെ ലേഖകനായ ആളാണ് രാജഗോപാല്‍. പഠിപ്പും പത്രപ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും ഒരേ സമയം. ആദ്യം ലൈനറായി, പിന്നെ സ്റ്റാഫ് ലേഖകനായി, ബ്യൂറോ ചീഫ് ആയി, സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ആയി, ഡപ്യൂട്ടി എഡിറ്റര്‍ ആയി, എക്‌സി. എഡിറ്റര്‍ ആയി...എല്ലാം കോഴിക്കോട്ട് തന്നെ. ഇതിനെല്ലാം ശേഷമാണ് കുറച്ച് കാലം കൊല്ലത്തേക്കും കോട്ടക്കലേക്കും സ്ഥലംമാറിപ്പോയത്. വര്‍ണശബളമായ വ്യക്തിത്വം എന്ന് എഴുതിക്കണ്ടിട്ടുണ്ട്. അതാണ് ഇതെന്ന് രാജഗോപാലിനെപ്പോലുള്ളവരെ കാണുമ്പോഴേ മനസ്സിലാവൂ. ഒരുപാട് അപൂര്‍വതകള്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഉണ്ട്. അഞ്ച് വട്ടം ഒളിമ്പിക്‌സ് കവര്‍ ചെയ്ത മറ്റേത് മലയാളിയുണ്ട്? ഭോപ്പാല്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്ത എത്ര ലേഖകര്‍ കേരളത്തിലുണ്ട്, അവരില്‍ വര്‍ഷം തോറും ചെന്ന് അവിടുത്തെ ജീവിതം എത്ര മാറി എന്നന്വേഷിച്ചവര്‍ വേറെ ആരുണ്ട്? 47 രാജ്യങ്ങളില്‍ പര്യടനം നടത്തിയ മറ്റേത് ലേഖകനുണ്ട് കേരളത്തില്‍? വി.എം. ബാലചന്ദ്രന്‍ എന്ന വിംസി എല്ലാ കാര്യത്തിലും വി. രാജഗോപാലിന്റെ ഗുരു ആയിരുന്നു. പക്ഷേ, ആ തലമുറയില്‍ പെട്ട ഒരു പത്രപ്രവര്‍ത്തകന്-വിംസിക്ക് ഉള്‍പ്പെടെ- ഒരു വട്ടമെങ്കിലും വിദേശത്ത് പോകാന്‍ കഴിഞ്ഞിരുന്നില്ല എന്ന് ഓര്‍ക്കണം. 47 രാജ്യത്ത് പോയ ആളാണ് രാജഗോപാല്‍. എഴുതിയതിലേറെ പത്രപ്രവര്‍ത്തനാനുഭവങ്ങള്‍ എഴുതാതെ ബാക്കി വെച്ചിട്ടാണ് രാജഗോപാല്‍ വിട പറഞ്ഞത്. അത്യന്തം അപൂര്‍വതകളുള്ള ഏറെ അനുഭവങ്ങള്‍ അദ്ദേഹം ആവേശപൂര്‍വം വിവരിക്കുന്നത് പല വട്ടം കേട്ടിട്ടുണ്ട്. എല്ലാം ബാക്കിയാക്കി.
കമ്മ്യൂണിസത്തിന്റെയും സോവിയറ്റ് യൂണിയന്റെയും ചരിത്രത്തിലെ ദുരന്തനായകനായ മിഖായേല്‍ ഗോര്‍ബച്ചേവിനെ അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന നാളില്‍ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്ത അനുഭവം രാജഗോപാല്‍ പലവട്ടം വിവരിച്ചിട്ടുണ്ട്. അതിന്റെ ആവേശം ഏറിപ്പോയതുകൊണ്ടാവുമോ എന്നറിയില്ല അത് എഴുതിയതേയില്ല. മുഖ്യമന്ത്രി ഇ.കെ. നായനാര്‍ റോമില്‍ പോയതും മാര്‍പ്പാപ്പയ്ക്ക് ഭഗവദ്ഗീത സമ്മാനിച്ചതും വലിയ ചര്‍ച്ചയും വിവാദവുമായിട്ടുണ്ട് കേരളത്തില്‍. പക്ഷേ, അതിനു പിന്നിലെ രസകരമായ കഥ അറിയുന്ന ഏക പത്രപ്രവര്‍ത്തകന്‍ രാജഗോപാല്‍ ആയിരുന്നു. എന്ത് സമ്മാനമാണ് പോപ്പിന് നല്‍കേണ്ടത് എന്ന് മുഖ്യമന്ത്രി വേവലാതിപ്പെട്ടപ്പോള്‍ രാജഗോപാല്‍ ആണ് ഭഗവദ്ഗീത എടുത്തുകൊടുത്തത്! ഇത്തരമൊരു പ്രതിസന്ധി മുന്‍കൂട്ടി കണ്ട് ആവണം രാജഗോപാല്‍ ഭഗവദ്ഗീതയുമായി പോയത് എന്നു പോലും ഞാന്‍ വിചാരിക്കുന്നുണ്ട്- കാരണം രാജഗോപാല്‍ അത്രയും ദീര്‍ഘവീക്ഷണം ചില കാര്യങ്ങളില്‍ പ്രകടിപ്പിക്കാറുണ്ട്. അല്ലാതെ ഗീത വായിക്കുന്ന ദുസ്വഭാവമൊന്നും പുള്ളിക്ക് ഇല്ല! അന്ന് പിണറായി വിജയനും ആ യാത്രാസംഘത്തിലുണ്ടായിരുന്നു. എല്ലാ വിവാദങ്ങള്‍ക്കിടയിലും പിണറായിക്ക് ഒരു സോഫ്റ്റ് കോര്‍ണര്‍ മനസ്സില്‍ രാജഗോപാല്‍ സൂക്ഷിച്ചിരുന്നത് ആ യാത്രയിലെ സൗഹൃദത്തിന്റെ തുടര്‍ച്ചയായിരുന്നു.
പ്രധാനമന്ത്രി ഗുജ്‌റാള്‍ തൊട്ട് രാജ്യത്തെ അനേകമനേകം ഉന്നതസ്ഥാനീയരുമായി, പത്രാധിപന്മാരുമായി, ഉന്നതോദ്യോഗസ്ഥന്മാരുമായി അദ്ദേഹം സൗഹൃദം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. രാജഗോപാലിന് പല സൗഹൃദങ്ങളും സൗഹൃദത്തിനു വേണ്ടിത്തന്നെയായിരുന്നു, വാര്‍ത്തക്ക് വേണ്ടിയായിരുന്നില്ല. ആ സൗഹൃദങ്ങള്‍ ഒരുപാട് ആളുകള്‍ക്ക് ജീവന്‍ രക്ഷാ ഔഷധങ്ങളായി ചില ഘട്ടങ്ങളില്‍ മാറാറുണ്ട്. എത്ര പേരെ ഏതെല്ലാം ഘട്ടങ്ങളില്‍ രക്ഷിച്ചിട്ടുണ്ട് എന്ന് എണ്ണിയാല്‍ തീരില്ല.
കെ.പി. കേശവമേനോനും വി.എം. നായരും മുതല്‍ മൂന്നര പതിറ്റാണ്ടുകാലം മാതൃഭൂമിയുടെ തലപ്പത്തിരുന്ന സകലരുമായും ഉറ്റ സൗഹൃദം പുലര്‍ത്തിയ ഒരു വ്യക്തി രാജഗോപാല്‍ ആയിരിക്കും. വി.എം. നായരുടെ ആരാധകന്‍ തന്നെ ആയിരുന്നു രാജഗോപാല്‍, അതുപോലെ എം.ഡി. ആയിരുന്ന കൃഷ്ണമോഹന്റെയും. രാജഗോപാലിനെ ആദ്യമായി ഒളിമ്പിക്‌സ് കവര്‍ ചെയ്യാന്‍ നിയോഗിക്കുന്നത് അദ്ദേഹമാണ്. അക്കാലത്ത് ഒരു ഭാഷാപത്രത്തിന് അചിന്ത്യമായ സാഹസമായിരുന്നു അത്. എല്ലാ പത്രാധിപന്മാരുടെയും കാലത്തെകുറിച്ച് വലിയൊരു പുസ്തകം എഴുതുന്നുണ്ട് എന്ന് രാജഗോപാല്‍ അല്പം സ്വകാര്യമായി പലവട്ടം പറഞ്ഞിട്ടുണ്ട്. അത്തരം മോഹങ്ങള്‍ ഒരുപാടുണ്ടായിരുന്നു. വി.എം. നായര്‍, കെ.പി. കേശവമേനോന്‍, വി.പി.ആര്‍, മാധവന്‍കുട്ടി, എം.ഡി. നാലപ്പാട്, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങിയ ഓരോരുത്തരെ കുറിച്ചും ഓരോ പുസ്തകം വീതം എഴുതാനുള്ള അടുപ്പവും വിവരവും രാജഗോപാലിനുണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടോ എഴുതിയില്ല. മടി എന്നൊരു ദോഷം അദ്ദേഹത്തിന് ഇല്ലാത്തതാണ്. അപ്രിയസത്യങ്ങള്‍ പലതും എഴുതാന്‍ സമയമായില്ല എന്നു കരുതിയിരിക്കാം. ജേണലിസം ട്രെയ്‌നികള്‍ക്കുള്ള ആഴ്ചകള്‍ നീണ്ടുനിന്ന ഒരു ട്രെയ്‌നിങ് ക്യാമ്പിന്റെ ചുമതലക്കാരനായിരുന്നപ്പോള്‍ എല്ലാ ദിവസവും ക്ലാസ് രാജഗോപാല്‍ തുടങ്ങിയിരുന്നത് തന്റെ ഒരു ജേണലിസം അനുഭവം വിവരിച്ചുകൊണ്ടായിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങള്‍ മാത്രം മതി ഒരു അസ്സല്‍ പുസ്തകം ആക്കാന്‍. പക്ഷേ, അതും രാജഗോപാല്‍ എഴുതിയില്ല.
പരിചയപ്പെടുന്ന ആരെയും നമ്പറുകള്‍ വാങ്ങി കൃത്യമായി വിളിച്ചുകൊണ്ടിരിക്കും രാജഗോപാല്‍. പത്രപ്രവര്‍ത്തകര്‍ ന്യൂസ് സോഴ്‌സുകളെ ഇങ്ങനെ നിലനിറുത്തുമെന്നതിന്റെയും ഉത്തമ മാതൃക... വിശ്വസിക്കുമോ എന്നറിയില്ല. നൂറുകണക്കിനു സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ അദ്ദേഹത്തിനു ഹൃദിസ്ഥമായിരുന്നു. അഞ്ഞൂറ് നമ്പറുകള്‍ നോക്കാതെ പറയാന്‍ കഴിയും എന്ന അദ്ദേഹത്തിന്റെ അവകാശവാദം ശരിയോ തെറ്റോ എന്ന് പരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. അമ്പതെണ്ണം വരെ തെറ്റാതെ പറയിച്ച് പരീക്ഷിച്ചിട്ടുണ്ട് പലരും. വിദേശത്ത് പോകുമ്പോള്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ കോഴിക്കോടന്‍ കായ വറുത്തതും ഹലുവയും അനേകം ചെറു പൊതികളായി പായ്ക്ക് ചെയ്ത് അദ്ദേഹം കൊണ്ടുപോകാറുണ്ട്. എനിക്ക് ഒരു വിദേശയാത്രയ്ക്ക് മുമ്പ് ഈ ഉപദേശം തന്നത് ഓര്‍ക്കുന്നു. ഓഫീസിലെ സഹപ്രവര്‍ത്തകര്‍ വലിയവരാകട്ടെ, ഇന്നലെ ജോയിന്‍ ചെയ്ത ട്രെയ്‌നികളാകട്ടെ അദ്ദേഹം ഒരുപോലെ സൗഹൃദം പുലര്‍ത്തിയിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ വീട്ടിലെത്തി പൊട്ടിക്കരഞ്ഞവരില്‍ ഏറെയും പുതിയ തലമുറയില്‍ പെട്ടവരായിരുന്നു. പുതുതായി ജോയിന്‍ ചെയ്യുന്നവരുടെ കഴിവുകള്‍ കണ്ടെത്തി അവരെ പരമാവധി പ്രയോജനപ്പെടുത്തുന്ന ചുമതലകളില്‍ ഏര്‍പ്പെടുത്താന്‍ എന്നും ശ്രമിച്ചുപോന്നു. പലരെയും കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. സാഹസികമായ പല കാര്യങ്ങളും ചെയ്യാന്‍ ധൈര്യവും പ്രചോദനവും നല്‍കുകയും ചെയ്തിട്ടുണ്ട്.
പത്രപ്രവര്‍ത്തകന്‍ എന്ന സ്വാധീനം കോഴിക്കോടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. പത്രത്തില്‍ നടത്തിയ പല ക്യാമ്പെയിനുകളാണ് നഗരത്തിന്റെ ഹൃദയഭാഗം തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറ്റിമറിക്കുന്നതിന് സഹായകമായതെന്ന് പഴയ കലക്ടര്‍മാരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ജന്മനാ ഒരു സംഘാടകനും നേതാവും ആണ് രാജഗോപാല്‍. കെ.എസ്.യു കാലത്തിനുശേഷം സംഘടനാ സ്ഥാനങ്ങള്‍ വഹിച്ചിട്ടില്ലെങ്കിലും നേതൃത്വപരമായ കഴിവുകള്‍ അദ്ദേഹം തൊട്ടതെല്ലാം മെച്ചപ്പെടുത്താന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എല്ലാറ്റിലും സ്വയം ചെയ്തതിലേറെ ഒപ്പമുള്ളവരെക്കൊണ്ട് ചെയ്യിക്കാന്‍ അദ്ദേഹത്തിനു കഴിയാറുണ്ട്.
നന്ദിവാക്കുകള്‍ പറയാന്‍ ഒരുപാട് ബാക്കിയുണ്ട്. പലര്‍ക്കുവേണ്ടിയും എഡിറ്റര്‍മാരോടും മാനേജിങ് എഡിറ്ററോടും സ്ഥലം മാറ്റത്തിനും മറ്റു പരിഗണനകള്‍ക്കും അദ്ദേഹം അപേക്ഷിക്കുന്നത് കേട്ടിട്ടുണ്ട്. അവരാരും തന്നോട് നന്ദി പറയണമെന്നുപോലും ആഗ്രഹിച്ചിട്ടില്ല. ചില ഘട്ടങ്ങളില്‍ ഏറ്റുമുട്ടിയവരോട് സൗഹൃദം പുനഃസ്ഥാപിക്കാന്‍ അദ്ദേഹം അസാമാന്യമായ ഹൃദയവിശാലത പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്. കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാതൃഭൂമിയില്‍നിന്ന് നിര്‍ദ്ദേശിക്കപ്പെട്ട ഒരു പേര് വി. രാജഗോപാലിന്റേതായിരുന്നു. ചില ഭിന്നതകള്‍ കാരണം അദ്ദേഹത്തിന്റെ പേര് അംഗീകരിക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞില്ല. മറ്റൊരു പേരും വേറെ എന്തോ കാരണങ്ങളാല്‍ നിരസിക്കപ്പെട്ടപ്പോഴാണ് എനിക്ക് ആ ചുമതല ഏല്‍ക്കേണ്ടിവന്നത്. രാജഗോപാലുമായുള്ള സൗഹൃദത്തെ അതു ബാധിക്കുമോ എന്ന് ഞാന്‍ ഭയന്നു. പക്ഷേ, അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാകാനും മൂന്ന് വര്‍ഷം ഹൃദയം നിറഞ്ഞ സഹായം നല്‍കാനും അദ്ദേഹം മടിച്ചില്ല. ഒരുപാട് പുതിയ ആശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ട് വെച്ചത് ഓര്‍ക്കുന്നു.
മീഡിയ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരിക്കെയാണ് അദ്ദേഹം നമ്മെ പിരിഞ്ഞത്. അദ്ദേഹം അവശേഷിപ്പിച്ചുപോയ നല്ല ഓര്‍മകളും മാതൃകകളും വരുംകാലത്തും നമ്മുടെ  പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരട്ടെ.