Error message

വിദേശനിക്ഷേപമാണോ അടിയന്തരാവശ്യം?

മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു പാര്‍ട്ടി ലോക്‌സഭയില്‍ തനിച്ച് ഭൂരിപക്ഷം നേടി അധികാരം നേടിയത് ഗണനീയമായ നേട്ടം തന്നെയാണ്. അധികാരമേറ്റ് നാളുകള്‍ക്കകം മാധ്യമമേഖലയുടെ ചുമതല വഹിക്കുന്ന പുതിയ ഇന്‍ഫര്‍മേഷന്‍-ബ്രോഡ്കാസ്റ്റിങ്ങ് വകുപ്പുമന്ത്രി നടത്തിയ പ്രഖ്യാപനം പലരുടെയും നെറ്റിചുളിയിച്ചു. മാധ്യമങ്ങളിലെ വിദേശനിക്ഷേപത്തിനുള്ള ഇപ്പോഴത്തെ പരിധി ഉപേക്ഷിച്ച് നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതിനുള്ള പ്രാഥമികമായ നടപടികളും കൂടിയാലോചനകളും ആരംഭിച്ചിട്ടുണ്ട് എന്നാണ് മന്ത്രി അറിയിച്ചത്. 
വിദേശനിക്ഷേപം അനുവദിക്കുന്നതിനോട് വിയോജിപ്പുള്ളവരെ മാത്രമല്ല മന്ത്രിയുടെ പ്രഖ്യാപനം അമ്പരപ്പിച്ചത്. മന്ത്രിസഭ സ്ഥാനമേറ്റ് ദിവസങ്ങള്‍ക്കകം ഇങ്ങനെയൊരു തീരുമാനം ഏത് ഭരണഘടനാസമിതിയിലാണ് എടുത്തത്? മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടന്നുവോ? മുന്‍സര്‍ക്കാറിന്റെ കാലത്ത് എടുത്ത തീരുമാനത്തിന്റെ വല്ല ഫയലും മന്ത്രിയുടെ മുന്നിലെത്തിയോ? അതൊന്നുമല്ലെങ്കില്‍ ചര്‍ച്ചയും അഭിപ്രായസമന്വയവും ഉണ്ടാക്കാനൊന്നും സാവകാശം സാധ്യമല്ലാത്ത, അടിയന്തര തീരുമാനം ആവശ്യപ്പെടുന്ന ഗുരുതരപ്രശ്‌നങ്ങള്‍ വല്ലതും ഉയര്‍ന്നുവന്നുവോ?  ബി.ജെ.പി. നയപരമായ തീരുമാനമെടുത്ത് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയ വിഷയമായിരുന്നെങ്കില്‍ ഈ പറഞ്ഞ കാരണങ്ങളൊന്നും ആവശ്യമില്ല. നേരെ നടപ്പിലാക്കാം. പക്ഷേ അങ്ങനെ യാതൊന്നും ഉണ്ടായിട്ടില്ല. ഭരണകക്ഷിയുടെ മാനിഫെസ്റ്റോയില്‍ ഇങ്ങനെയൊരു വാഗ്ദാനമില്ല. മാനിഫെസ്റ്റോയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുമായും ജനജീവിതവുമായും ബന്ധപ്പെട്ട നൂറുനൂറു വിഷയങ്ങളെകുറിച്ച് വ്യക്തമായ നയങ്ങളും നിര്‍ദ്ദേശങ്ങളും വാഗ്ദാനങ്ങളും ഉണ്ട്. മാധ്യമമേഖലയെ കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല. മാനിഫെസ്റ്റോയില്‍ പരാമര്‍ശിക്കാന്‍ പോലും പ്രാധാന്യമില്ലാത്ത ഒരു വിഷയത്തിന് അധികാരമേറ്റ് ആഴ്ച തികയും മുമ്പ് പരമപ്രാധാന്യം കൈവന്നത് എങ്ങനെയെന്ന് സംശയത്തോടെ മാത്രമേ ആലോചിക്കാന്‍ കഴിയൂ.
മാധ്യമമേഖലയില്‍ ഇപ്പോള്‍ വിദേശനിക്ഷേപം സംബന്ധിച്ച് ഒരു നയം നിലവിലുണ്ട്. നീണ്ടകാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നയത്തില്‍ എത്തിച്ചേര്‍ന്നത്. മാധ്യമം എന്നത് മറ്റ് വ്യവസായങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണെന്ന കാര്യത്തില്‍ നയരൂപവല്‍ക്കരണ മേഖലയിലുള്ള ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലായിരുന്നു. അതില്‍തന്നെ അച്ചടി മാധ്യമം യഥാര്‍ത്ഥ ഫോര്‍ത്ത് എസ്റ്റേറ്റ് ആണെന്നും ആ മേഖലയില്‍ വിദേശപങ്കാളിത്തം അനുവദിക്കുന്നത് വേണ്ടത്ര ആലോചിച്ചേ പാടുള്ളൂ എന്നും ഏതാണ്ട് എല്ലാവരും പറഞ്ഞിരുന്നതുമാണ്. പല വികസിത രാജ്യങ്ങളിലും ഇപ്പോഴും മാധ്യമസ്ഥാപനങ്ങളില്‍ വിദേശനിക്ഷേപം അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഫിലിം, പബ്ലിക് റിലേഷന്‍സ്, പ്രിന്റിങ്ങ് പ്രസ്, വാര്‍ത്തേതര ചാനല്‍ എന്നീ രംഗങ്ങളില്‍ നൂറുശതമാനവും ശാസ്ത്ര-സാങ്കേതിക പ്രസിദ്ധീകരണങ്ങള്‍ക്ക് 74 ശതമാനവും വിദേശപങ്കാളിത്തം അനുവദിച്ചപ്പോഴും അച്ചടി വാര്‍ത്താമാധ്യമങ്ങള്‍ക്ക് 26 ശതമാനം മാത്രം എന്ന് തീരുമാനിച്ചത്. ഈ 26 ശതമാനം വിദേശ ഓഹരിപങ്കാളിത്തമുള്ള പത്രങ്ങളില്‍തന്നെ മുഖ്യഓഹരി ഉടമസ്ഥര്‍ക്ക് 51 ശതമാനം ഉടമസ്ഥത ഉണ്ടാകണമെന്നും നാലില്‍ മൂന്ന് ഡയറക്റ്റര്‍മാര്‍, എക്‌സിക്യൂട്ടീവുകള്‍, എഡിറ്റോറിയല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ഇന്ത്യന്‍ പൗരന്മാര്‍ ആയിരിക്കണമെന്നും വ്യവസ്ഥ നിശ്ചയിച്ചത് 
മാറ്റം അടിയന്തരമാണെന്നും വിദേശമൂലധനനിക്ഷേപവും സാങ്കേതിക വിദ്യയും ഇല്ലാത്തതുകൊണ്ട് ഇന്ത്യയിലെ അച്ചടി മാധ്യമം ബുദ്ധിമുട്ടിലാണെന്നും ആരെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല. മാധ്യമരംഗത്തെ ഒരു സ്ഥാപനവും സംഘടനയും ഈ കാര്യങ്ങളെ കുറിച്ച് കാര്യമായി ആകുലപ്പെടുന്നുമില്ല. ലോകത്തെങ്ങും അച്ചടി മാധ്യമം പിറകോട്ട് പോയി തകര്‍ച്ചയെ നേരിടുമ്പോഴും ശക്തമായി മുന്നോട്ടുപോകുകയാണ് ഇന്ത്യന്‍ അച്ചടിമാധ്യമരംഗം. എന്നിട്ടും എന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെ ധൃതി പിടിക്കുന്നത്? 26 ശതമാനം പരിധി ഉയര്‍ത്താനുള്ള ഒരു നിര്‍ദ്ദേശവും നിലവിലില്ല എന്നല്ല വാദം. ഒരുവര്‍ഷം മുമ്പ് മാത്രം ഇക്കാര്യത്തെ കുറിച്ച് അപൂര്‍ണമായ ചര്‍ച്ചകള്‍ നടന്നിരുന്നു. സാമ്പത്തികകാര്യവകുപ്പ് സിക്രട്ടറി അര്‍വിന്ദ് മായാറാം തലവനായ ഒരു പാനല്‍ ഈ വിഷയം ഒരിക്കല്‍ കൂടി പഠിക്കുകയുണ്ടായി. രാജ്യത്ത് പൊതുവിദേശ നിക്ഷേപം കുറയുകയും സാമ്പത്തിക വളര്‍ച്ച അഭൂതപൂര്‍വമായി തളരുകയും ചെയ്ത നാളുകളിലാണ് വിദേശനിക്ഷേപം പുഷ്ടിപ്പെടുത്താന്‍ എടുക്കേണ്ട നടപടികളെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റി അച്ചടി മാധ്യമരംഗത്തെ വിദേശനിക്ഷേപം 49 ശതമാനമായി ഉയര്‍ത്താം എന്നാണ് ശുപാര്‍ശ ചെയ്തത്. മാധ്യമരംഗത്തുള്ള പല സ്ഥാപനങ്ങളും ഈ നിര്‍ദ്ദേശം സ്വാഗതം ചെയ്തിരുന്നു. പത്രമാധ്യമ ഉടമസ്ഥരുടെ സംഘടനയായ ഐ.എന്‍.എസ്സും ഇതില്‍ പെടുന്നു. ഇന്‍ഫര്‍മേഷന്‍ വകുപ്പ് അച്ചടിമാധ്യമത്തെ ബാധിക്കുന്ന ഈ പ്രശ്‌നം പ്രത്യേകമായി പഠിക്കാന്‍ നിയോഗിച്ച ആശാ സ്വരൂപ് കമ്മിറ്റിയും നിര്‍ദ്ദേശത്തോട് യോജിക്കുകയാണ് ഉണ്ടായത്. വലിയ തോതിലുള്ള എതിര്‍പ്പൊന്നും ഒരുഭാഗത്തുനിന്നും ഇല്ലാതിരുന്നിട്ടും സര്‍ക്കാര്‍ ന്യായമായും മടിച്ചുനിന്നു.  
ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നത് പരിധി ഉയര്‍ത്തുന്ന കാര്യമല്ല, പരിധിയേ വേണ്ട എന്ന് തീരുമാനിക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ സുതാര്യമായ ചര്‍ച്ചയൊന്നും ഇതുവരെ നടന്നിട്ടില്ല. ഇതുവരെ നടന്ന കാര്യങ്ങളെ കുറിച്ചുള്ള അജ്ഞത മൂലമാണ് മന്ത്രി ഇപ്പോള്‍ 100 ശതമാനം വിദേശനിക്ഷേപം എന്ന ആശയവുമായി രംഗത്തുവരാന്‍ കാരണം എന്ന് കരുതിക്കൂടാ. രാഷ്ട്രീയമായ തീരുമാനത്തിന് മന്ത്രിയെ മാത്രം കുറ്റപ്പെടുത്താനുമാവില്ലല്ലോ. പത്ര മാധ്യമരംഗത്ത് വിദേശനിക്ഷേപ പരിധി ഉയര്‍ത്തരുതെന്ന് വാദിക്കാനല്ല ഇത്രയും പറഞ്ഞത്. ഇത് തീരുമാനിക്കുന്നത് വേണ്ടത്ര ചര്‍ച്ചകള്‍ക്ക് ശേഷവും രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥയെ അതെങ്ങനെ ബാധിക്കുമെന്ന് സമഗ്രമായി വിലയിരുത്തിയ ശേഷവും ആവണം എന്ന് ഉറപ്പിച്ച് ആവശ്യപ്പെടാനാണ്. അച്ചടിമാധ്യമരംഗത്ത് തകര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള കുത്തകകള്‍ ഇന്ത്യയെ നല്ലൊരു മേച്ചില്‍പ്പുറമായി കാണുന്നുണ്ടാവാം. അതുപക്ഷേ ഇന്ത്യന്‍ ഫോര്‍ത്ത് എസ്റ്റേറ്റ് ശക്തിപ്പെടുത്താനുള്ള വ്യഗ്രതയാണെന്ന് ധരിക്കാന്‍ മാത്രം നാം ബുദ്ധിശൂന്യരായിക്കൂടാ. 
ഇന്ത്യന്‍ മാധ്യമരംഗത്ത് വിദേശനിക്ഷേപത്തേക്കാള്‍ അടിയന്തരപ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ അനവധിയുണ്ട്. വിപ്ലവകരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന മാധ്യമ-കമ്യൂണിക്കേഷന്‍ രംഗത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന ദുഷ്പ്രവണതകള്‍ പലതും നമ്മുടെ അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റും ഭരണഘടനാസ്ഥാപനങ്ങളും സമഗ്രമായി പഠിച്ച് അടിയന്തരനടപടികള്‍ക്കായി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന്റെ മുമ്പിലുണ്ട്. പെയ്ഡ് ന്യൂസ് എന്ന മാധ്യമ അര്‍ബുദത്തില്‍ നിന്ന് ഫോര്‍ത്ത് എസ്റ്റേറ്റിനെയും നമ്മുടെ രാഷ്ട്രീയ - ധാര്‍മിക വ്യവസ്ഥയെയും മോചിപ്പിക്കുന്നതിന് പ്രസ് കൗണ്‍സില്‍ സബ് കമ്മിറ്റിയും പതിനഞ്ചാം ലോക്‌സഭയുടെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ബഹുമാനപ്പെട്ട മന്ത്രി കണ്ടിട്ടുണ്ടാവുമോ എന്നറിയില്ല. മാധ്യമ രംഗത്ത് കുത്തകകള്‍ വളരുന്നതിനെ കുറിച്ചുള്ള ട്രായ് റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവുമോ എന്നുമറിയില്ല. മാധ്യമരംഗത്ത് അതിവേഗം വളരുന്ന അനേകം അധാര്‍മിക പ്രവണതകള്‍ ചെറുക്കാനുള്ള യാതൊരു സംവിധാനവുമില്ലാതെ അമ്പരന്നുനില്‍ക്കുന്ന പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ പല്ലുള്ള പുലിയാക്കണമെന്ന ആ സ്ഥാപനത്തിന്റെ ശുപാര്‍ശ സര്‍ക്കാറിന്റെ പരിഗണനയിലുണ്ടോ ആവോ? 1978 ന് ശേഷം സമഗ്രമായി മാറിയ മാധ്യമാവസ്ഥയെ കുറിച്ച് പഠിക്കാന്‍ വീണ്ടുമൊരു പ്രസ് കമ്മീഷന്‍ ഉണ്ടാകണമെന്ന ഉപദേശത്തിന് ചെവികൊടുക്കേണ്ടേ പുതിയ സര്‍ക്കാര്‍? 
ഇതിനേക്കാളെല്ലാം പ്രധാനമാണോ മാധ്യമരംഗത്തെ വിദേശനിക്ഷേപം? 

 

Issue: 

June, 2014