Error message

വാരാന്തപ്പതിപ്പുകള്‍ക്ക് പുതുജീവന്‍

Author: 

എന്‍. പി. ആര്‍

അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് ബ്രിട്ടനിലെ അച്ചടി പത്രങ്ങള്‍ക്ക് സംഭവിച്ചതെന്താണ് ? പത്രങ്ങളുടെ സര്‍ക്കുലേഷന്‍ 35 ശതമാനം കുറഞ്ഞു എന്നതുതന്നെ. ഇപ്പോള്‍, 2015 ആഗസ്തിലെ കണക്ക് അനുസരിച്ച് ലണ്ടന്‍ ആസ്ഥാനമായുള്ള ഒമ്പത് ദേശീയ ദിനപത്രങ്ങളുടെ മൊത്തം പ്രചാരം 65 ലക്ഷം കോപ്പി. പരസ്യവരുമാനവും കുറഞ്ഞുകൊണ്ടിരിക്കുന്നു. 
പാശ്ചാത്യ രാജ്യങ്ങളില്‍ ഇപ്പോള്‍ പതിവായിരിക്കുന്ന അച്ചടിമാധ്യമ തകര്‍ച്ചയെയും ഇടക്കിടെ ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ദുരിതങ്ങളെയും നേരിടാന്‍ പത്രസ്ഥാപനങ്ങളുടെ കൈയില്‍ പ്രതിവിധികളൊന്നുമില്ല. പരസ്യവരുമാനം കുറയുമ്പോള്‍ അവര്‍ പത്രത്തിന്റെ വില കൂട്ടും. സര്‍ക്കുലേഷന്‍ വീണ്ടും കുറയും. പരസ്യവരുമാനം കുറയുമ്പോള്‍ പരസ്യച്ചാര്‍ജ് കൂട്ടും. ഒരു ദൂഷിതവലയമായി ഓരോന്നും കൂടുതല്‍ വരുമാനനഷ്ടത്തിലേക്കും പ്രചാരത്തകര്‍ച്ചയിലേക്കും നയിക്കുന്നു. 
2008 ലെ മാന്ദ്യത്തിന് ശേഷം വില കൂട്ടുകയും ചെയ്തു, പേജുകള്‍ കുറയ്ക്കുകയും ചെയ്തു. പ്രശസ്തമായ ഗാര്‍ഡിയന്‍ പത്രത്തിന് പത്ത് വര്‍ഷത്തിനിടയില്‍ ഉണ്ടായത് അമ്പത് ശതമാനം പ്രചാരനഷ്ടമാണ്. അതേ സമയം അവരുടെ വില 55 സെന്റില്‍ നിന്ന് 1.80 പൗണ്ടായി- മൂന്നിരട്ടി- ഉയര്‍ന്നു. പൊതുവെ പത്രവില ഇരട്ടിയെങ്കിലും വര്‍ദ്ധിച്ചിട്ടുണ്ട്. എന്നിട്ടും വരുമാനം കുറയുകയാണ്. 
ഇപ്പോള്‍ 34 വയസ്സിന് താഴെയുള്ള ‘മില്ലിനീയ’ തലമുറ (പുതിയ സഹസ്രാബ്ദം പിറക്കുമ്പോള്‍ പ്രായപൂര്‍ത്തിയായവര്‍) പത്രവായന ഉപേക്ഷിച്ചവരാണ് എന്നത് പുതിയ കഥയല്ല. ആ തലമുറക്കാര്‍ ഏറ്റവും അധികം വായിച്ചിരുന്ന സണ്‍ ട്രാബ്ലോയിഡ് പത്രത്തിന്റെ പ്രചാരം അഞ്ച് വര്‍ഷം കൊണ്ട് 43 ശതമാനം കുറഞ്ഞിരിക്കുന്നു. ടെലഗ്രാഫ് എന്ന ബ്രോഡ്ഷീറ്റിന്റെ പ്രചാരവും അതുപോലെ താഴ്ന്നു. അവരുടെ വായനക്കാരന്റെ ശരാശരി പ്രായം ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത് 61 ആണ്. 
12 രാജ്യങ്ങളിലെ വാര്‍ത്താ ഉപഭോഗത്തെ കുറിച്ച് പഠിച്ചുള്ള റോയ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍, അമേരിക്കയും ബ്രിട്ടനും ആസ്‌ത്രേലിയയും ജപ്പാനും ജര്‍മനിയും ഉള്‍പ്പെടുന്ന ഈ വികസിതരാജ്യങ്ങളില്‍ പുതുതലമുറയിലെ വെറും നാല് ശമതാനം മാത്രമാണ് പത്രം അവരുടെ ആദ്യത്തെ വാര്‍ത്താസ്രോതസ്സായി കണക്കാക്കുന്നത്. 55 വയസ്സിന് മേലെ ഉള്ള മുതിര്‍ന്ന തലമുറയില്‍പ്പോലും ഇക്കൂട്ടരുടെ ശതമാനം 12 മാത്രമാണ്. മിക്ക രാജ്യങ്ങളിലും ജനങ്ങള്‍ ആദ്യം വിവരം അറിയുന്നത് സ്വാഭാവികമായും ടെലിവിഷനില്‍നിന്നാണ്. ഓണ്‍ലൈന്‍ മാധ്യമം, സാമൂഹ്യമാധ്യമം എന്നിവയ്ക്കും പിന്നില്‍ നില്‍ക്കുന്നു അച്ചടി മാധ്യമം. ഏറ്റവും നല്ല വാര്‍ത്താസ്രോതസ് എന്ന പരിഗണനയിലും മുന്നില്‍ നില്‍ക്കുന്നത് ഇപ്പറഞ്ഞ മൂന്ന് മാധ്യമങ്ങള്‍തന്നെ. പത്രത്തെ ആ നിലയില്‍ കാണുന്നവര്‍ ഏഴ് ശതമാനം മാത്രം.  
ഗൗരവമുള്ള, ആഴമുള്ള പഠനങ്ങള്‍ അച്ചടി മാധ്യമത്തെ പ്രിയപ്പെട്ടതായി നിലനിര്‍ത്തുമെന്ന വിശ്വാസവും ഇല്ലാതാവുകയാണ്. ഏറ്റവും പുതിയ തലമുറയ്ക്ക് ഒരു പാരഗ്രാഫില്‍ കൂടുതലുള്ള വാര്‍ത്തയേ വേണ്ട എന്ന അവസ്ഥ എത്തിയതായി അമേരിക്കയില്‍ നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അവര്‍ മുഖ്യധാരാ ഓണ്‍ലൈന്‍ മാധ്യമത്തെയല്ല, സാമൂഹ്യമാധ്യമത്തെയാണ് ആശ്രയിക്കുന്നത്. വാര്‍ത്തയ്ക്ക് വേണ്ടി അവര്‍ അങ്ങോട്ട് ചെല്ലുന്നില്ല. സോഷ്യല്‍ മീഡിയയിലെ പല തമാശകള്‍ക്കിടയില്‍ മറ്റൊരു തമാശയായി വാര്‍ത്തയെയും സ്വീകരിക്കുന്നു എന്ന് മാത്രം. ഇതൊക്കെയാണെങ്കിലും എന്തെങ്കിലും വരുമാനവും ഒരു വ്യവസായത്തിന്റെ സ്വഭാവവും ഇപ്പോഴും അവശേഷിക്കുന്നത് അച്ചടി മാധ്യമത്തിലാണ്. ശമ്പളം വാങ്ങുന്ന ജേണലിസ്റ്റുകളും ഉദ്യോഗസ്ഥരും അവിടെ നിലനില്‍ക്കുന്നു. ടെലിവിഷനുകള്‍ പോലും ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷ നല്‍കുന്നില്ല. ഡിജിറ്റല്‍ മീഡിയ ഒരു ലാഭകരമായ ഏര്‍പ്പാടായിട്ടില്ല എങ്ങും. 
വാരാന്തങ്ങള്‍ക്ക് ഇപ്പോഴും പ്രിയം
ഈ അസ്വസ്ഥതകള്‍ക്കിടയിലും അച്ചടി മാധ്യമങ്ങളില്‍ പ്രതീക്ഷ നില നിറുത്തുന്നത് അവയുടെ വാരാന്തപ്പതിപ്പുകള്‍ക്കുള്ള പ്രിയം വര്‍ദ്ധിക്കുന്നതാണ്. മിക്ക പത്രങ്ങളുടെയും വരുമാനത്തിന്റെ മുക്കാല്‍പങ്കും വാരാന്തപ്പതിപ്പുകളില്‍ നിന്നാണ് വരുന്നത്. സര്‍ക്കുലേഷന്റെ പാതിയും വാരാന്തപ്പതിപ്പുകളില്‍ നിന്നാകുന്നു. ശനിയാഴ്ചയാണ് ഏറ്റവും ലാഭമുള്ള ദിവസം. അന്ന് മാത്രം പത്രത്തിന് അമ്പത് ശതമാനം വില കൂടുതലായിരിക്കും. ധാരാളം പരസ്യവും ഈ ദിവസങ്ങളില്‍ പത്രത്തിലുണ്ടാകുന്നു. 
വാരാന്തത്തിലെ പത്രം ശരിക്കുപറഞ്ഞാല്‍ പത്രമല്ല. മാഗസിനാണ്. വാര്‍ത്തയേക്കാള്‍ ഫീച്ചറുകളാണ് അതിലേറെയും. സണ്‍ഡെ ടൈംസിന്റെ ഒടുവിലത്തെ ഒരാഴ്ചയിലെ ഞായറാഴ്ചപ്പതിപ്പില്‍ നാല് മാഗസിനുകള്‍ ഉണ്ടായിരുന്നു, പത്രവാര്‍ത്തയുടെ ഏഴു സെക്ഷനുകള്‍ വേറെ- രണ്ടര പൗണ്ട് വില, മുന്നൂറോളം പേജുകള്‍ ! ദ ഡെയ്‌ലി മെയ്‌ലിന്റെയും നില ഇതുതന്നെ. 
ഈ പ്രവണത മറ്റൊരു സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. പത്രങ്ങള്‍ എന്തിനുവേണ്ടിയാണ് ഇപ്പോഴും ദിനപത്രങ്ങളായി നില കൊള്ളുന്നത് ? ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം പ്രസിദ്ധപ്പെടുത്തിയാല്‍ പോരേ ? അധികം വൈകാതെ ഇത് സംഭവിക്കും എന്നുതന്നെയാണ് മാധ്യമനിരീക്ഷകര്‍ കരുതുന്നത്. നഷ്ടം കുറയ്ക്കാനും വായനക്കാരെ കൂട്ടാനും ഇതാവും ഒറ്റമൂലി എന്ന് കരുതുന്നവര്‍ ഏറെയാണ്. പക്ഷേ, ഇതിന് മറ്റ് ചില ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. പത്രത്തില്‍ ജേണലിസ്റ്റുകള്‍ വേണ്ടാതാവും. കുറച്ച് വാര്‍ത്തകള്‍ക്ക് കുറച്ച് ജേണലിസ്റ്റുകള്‍ മതി. ഫീച്ചറെഴുത്തുകാര്‍ കരാറായും ഫ്രീലാന്‍സായും സുലഭമാണ്. ഇതിന്റെ വേറെ ചില സാധ്യതകളും പരിശോധിക്കപ്പെടുന്നുണ്ട്. ക്വബേക്ക് പ്രവിശ്യയിലെ ഫ്രഞ്ച് പത്രം വാരാന്തത്തില്‍ അച്ചടിപ്പത്രവും മറ്റ് ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പത്രവും എന്ന സാധ്യത പരിശോധിച്ചുവരുന്നുണ്ട്.  131 വര്‍ഷം പ്രായമുള്ള ലാ പ്രെസ്സെ എന്ന പത്രത്തിന്റെ കാര്യമാണിത്. 
(കടപ്പാട് ഫഌഷ് ആന്റ് ഫ്‌ളെയിംസ് സെപ്തംബര്‍ 2015)
മാനനഷ്ടത്തിന് വില എത്ര വരും ? 
അനില്‍ അംബാനി ഗ്രൂപ്പില്‍ പെട്ട ബിഎസ്ഇഎസ് എന്ന സ്ഥാപനം ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍നിന്ന് മാനനഷ്ടപരിഹാരം ആവശ്യപ്പെട്ട തുക എത്ര എന്നറിയാമോ ? അയ്യായിരം കോടി രൂപ.