Error message

വളരുന്ന ജനാധിപത്യം, തളരുന്ന മനുഷ്യസ്വാതന്ത്ര്യം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന ഇന്ത്യയുടെ അവകാശവാദത്തെ ശരിവെക്കുംവിധം, പറയത്തക്ക അക്രമങ്ങളോ അനിഷ്ടസംഭവങ്ങളോ ഇല്ലാതെ ഒരു പൊതുതിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കോടിക്കണക്കിന് ആളുകളുള്ള ഒരു വികസ്വര രാജ്യം ഇത്രയും ആധുനികമായ രീതിയില്‍ വോട്ടിങ്ങ് യന്ത്രങ്ങളിലൂടെ സമ്മതിദാനാവകാശം വിനിയോഗിച്ചു എന്നത് രാഷ്ട്രീയമായും സാമ്പത്തികമായും സാങ്കേതികശാസ്ത്രപരമായും മുന്നില്‍നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് കൂടി അത്ഭുതമുളവാക്കുന്നു എന്ന് പറയാതെ വയ്യ. 
ഘടനാപരമായി ജനാധിപത്യം ഇന്ത്യയില്‍ വേരുറച്ചുകഴിഞ്ഞു, അത് ശക്തിപ്പെടുകയാണ്. ഇക്കാര്യത്തില്‍ സംശയമില്ല. നമുക്കെല്ലാം അതില്‍ അഭിമാനമുണ്ട്. ജനാധിപത്യത്തിന് ഘടന മാത്രം പോര. അഞ്ചുവര്‍ഷം കൂടുമ്പോഴു
ള്ള വോട്ടെടുപ്പ്  ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതും നിയമാനുസൃതവും സമാധാനപരവും ആയതുകൊണ്ടും മാത്രം ജനാധിപത്യം അര്‍ത്ഥപൂര്‍ണമായി എന്ന് അവകാശപ്പെടാനാവില്ല. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതില്‍ അവസാനിക്കുന്നില്ല. ഭരണാധികാരി നിയമവും ഭരണഘടനയും അനുശാസിക്കുന്ന വിധം പ്രവര്‍ത്തിച്ചാലും പോര. ഒരു സംസ്‌കാരവും ജീവിതരീതിയും ആയി വളരേണ്ടതാണ് ജനാധിപത്യം.
പൊതുതിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ക്കിടയില്‍ അധികമാരും ശ്രദ്ധിക്കാതെ പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ട് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഗൗരവമേറിയ ചില പ്രവണതകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു. ഏറ്റവുമേറെ ശ്രദ്ധിക്കേണ്ടിയിരുന്നത് മാധ്യമങ്ങളായിരുന്നു. അവരും ശ്രദ്ധിച്ചില്ല. 2014ലെ ആദ്യത്തെ മൂന്നുമാസങ്ങളില്‍  ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ നട്ടെല്ലായ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് നേരെ നടന്ന ഗൗരവമേറിയ കൈയേറ്റങ്ങള്‍ അക്കമിട്ട് നിരത്തുന്നതായിരുന്നു ആ റിപ്പോര്‍ട്ട്.  
ദ ഹൂട് ഡോട് ഓര്‍ഗ് (വേലവീീ.േീൃഴ) തയ്യാറാക്കിയ റിപ്പോര്‍ട്ട് രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്ന സെന്‍സര്‍ഷിപ്പ് മനോഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. അടിയന്തരാവസ്ഥയില്‍ സെന്‍സര്‍ഷിപ്പ് നടപ്പാക്കിയ സര്‍ക്കാറിനെ നമുക്കെങ്ങനെ കുറ്റപ്പെടുത്താനാവും? അന്നത്തെ സെന്‍സര്‍ഷിപ്പിനെ കുറിച്ച് വാതോരാതെ സംസാരിക്കാറുള്ള മത-രാഷ്ട്രീയ ഗ്രൂപ്പുകള്‍ മാത്രമല്ല, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സംരക്ഷകരായ പൊതുഅധികാരകേന്ദ്രങ്ങള്‍ മുതല്‍ ഭരണഘടനാസ്ഥാപനങ്ങള്‍ വരെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സെന്‍സര്‍ഷിപ്പിന് മുന്നോട്ടുവന്നു എന്ന് കാണിക്കുന്നതാണ് റിപ്പോര്‍ട്ട്. ഭരണഘടന ഉറപ്പുവരുത്തുന്ന അഭിപ്രായസ്വാതന്ത്ര്യം കൊണ്ട് നിലനില്‍ക്കുന്ന സംഘടിത പ്രസ്ഥാനങ്ങള്‍ നടത്തിയ സെന്‍സര്‍ഷിപ്പ് യത്‌നങ്ങള്‍ ആരേയും അമ്പരപ്പിക്കുന്നതാണ്. ഇവരെല്ലാം തങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനേക്കാള്‍ പ്രാധാന്യം അന്യന്റെ ആ സ്വാതന്ത്ര്യം ഊതിക്കെടുത്തുന്നതിനാണ് നല്‍കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടിന് ആധാരമായ വിവരങ്ങള്‍.
സാമാന്യം ഗുരുതരമായ അമ്പത്തിരണ്ട് അഭിപ്രായസ്വാതന്ത്ര്യനിഷേധ ശ്രമങ്ങള്‍ ഉണ്ടായി ഈ മൂന്നുമാസക്കാലത്ത്. വിദ്യാര്‍ത്ഥി സംഘടനകള്‍, സംസ്ഥാന സര്‍ക്കാറുകള്‍, ലോക്‌സഭാ സെക്രട്ടേറിയറ്റ് , ഫിലിം സര്‍ട്ടിഫിക്കേഷന്‍ സെന്‍ട്രല്‍ ബോര്‍ഡ്, ഹിന്ദുത്വ സംഘടനകള്‍, കേന്ദ്ര ഇന്‍ഫര്‍മേഷന്‍ വകുപ്പ്, തമിഴ് സംഘടനകള്‍, ചില സ്വകാര്യ വ്യവസായങ്ങള്‍ എന്നിവയ്ക്ക് എതിരെ ഗുരുതരമായ സെന്‍സര്‍ഷിപ്പ് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. 
ഇക്കാലംവരെ ഉണ്ടായിട്ടില്ലാത്ത ഒരിനം വിചിത്ര സെന്‍സര്‍ഷിപ്പ് നടപ്പാക്കിയത് ഇന്ത്യന്‍ ജനപ്രതിനിധിസഭയുടെ സെക്രട്ടേറിയറ്റ് ആണെന്നതിന് ആ സഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് വലിയ പ്രാധാന്യം കൈവരുന്നു. തെലങ്കാന സംസ്ഥാന രൂപവല്‍ക്കരണം സംബന്ധിച്ച അവസാന വോട്ടെടുപ്പ് ലോക്‌സഭയില്‍ നടന്ന ഫിബ്രുവരി 17ന് കേന്ദ്ര ആഭ്യന്തരകാര്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സംസാരിച്ചു തുടങ്ങവെ പെട്ടെന്ന് ലോക്‌സഭാ ടെലിവിഷന്‍ സംപ്രേഷണം നിലയ്ക്കുകയാണ് ഉണ്ടായത്. ഇതൊരു സാങ്കേതിക തടസ്സം മാത്രമായാണ് ചിത്രീകരിക്കപ്പെട്ടത്. പക്ഷേ, സത്യം അതായിരുന്നില്ലത്രെ. 
പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധമുണ്ടോ എന്നറിഞ്ഞുകൂടാ. മൂന്നുമാസത്തിനിടയില്‍ രാജ്യത്ത് നടന്ന 52ല്‍ 12 സെന്‍സര്‍ഷിപ്പ് സംഭവങ്ങള്‍ക്കും വ്യത്യസ്ത ഹിന്ദുത്വ ഗ്രൂപ്പുകളാണ് ഉത്തരവാദികള്‍ എന്ന് റിപ്പോര്‍ട്ട് വെളിവാക്കുന്നു. ഇതില്‍ ലോകശ്രദ്ധയാകര്‍ഷിച്ച സംഭവം ഹിന്ദുമതത്തെ കുറിച്ചുള്ള ഒരു പഠനകൃതി ഏതോ ഒരു നിസ്സാര ഈര്‍ക്കില്‍ സംഘടനയുടെ ഭീഷണിക്ക് വഴങ്ങി ലോകപ്രശസ്ത പുസ്തകപ്രസാധന സ്ഥാപനമായ പെന്‍ഗ്വിന്‍ പിന്‍വലിച്ചതാണ്. പുസ്തകം വിപണിയില്‍നിന്ന് പിന്‍വലിക്കപ്പെട്ടു. പുസ്തകങ്ങള്‍, നാടകങ്ങള്‍, സിനിമകള്‍ തുടങ്ങിയ ഒട്ടേറെ കലാസൃഷ്ടികള്‍ തടയപ്പെട്ടു. ഇവയുടെ ഉള്ളടക്കങ്ങളില്‍ ഒരു തരത്തിലുമുള്ള നിയമലംഘനവും ആരോപിക്കപ്പെട്ടിരുന്നില്ലെന്ന് കൂടി ഓര്‍ക്കണം. ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. വേറൊരു ന്യായവും ഇല്ല. 
എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് സര്‍ഗാത്മക പ്രവര്‍ത്തകര്‍ക്കും നേരെയാണ് സെന്‍സര്‍ഷിപ്പിന്റെ വാളുയര്‍ന്നത് എന്നോര്‍ക്കണം. ഒരു വിഭാഗമെന്ന നിലയില്‍ ഏറ്റവുമേറെ ആക്രമിക്കപ്പെട്ടത് മാധ്യമപ്രവര്‍ത്തകര്‍ തന്നെ. പത്രങ്ങളും ചാനലും വെബ്‌സൈറ്റുമെല്ലാം ഇതില്‍ പെടും. ഓരോരോ സംഭവവും ഇഴകീറി പരിശോധിക്കാന്‍ പ്രയാസമുണ്ട്. പക്ഷേ, നമ്മുടെ കേരളത്തില്‍ നടന്ന ഏറ്റവും നികൃഷ്ടമായ സെന്‍സറിങ്ങ് യത്‌നത്തെകുറിച്ച് പരാമര്‍ശിക്കാതിരിക്കാന്‍ പറ്റില്ല. 
മാതാ അമൃതാന്ദമയീ ദേവിയുടെ ആശ്രമത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വിദേശവനിത ആശ്രമബന്ധം ഉപേക്ഷിച്ച ശേഷം എഴുതിയ വിശുദ്ധനരകം എന്ന പുസ്തകം ഇന്റര്‍നെറ്റ് വഴി ലോകമെങ്ങും പ്രചരിച്ചപ്പോള്‍ സ്വാഭാവികമായും ശ്രദ്ധിക്കപ്പെട്ടു. ഗ്രന്ഥകാരി അമൃതാനന്ദമയിയെയും ആശ്രമത്തെയും പുകഴ്ത്തുന്ന ഒരു പുസ്തകമാണ് എഴുതിയിരുന്നതെങ്കില്‍ അതിനൊട്ടും വാര്‍ത്താപ്രാധാന്യം കിട്ടുമായിരുന്നില്ല. ആ സന്യാസിനിയുടെ ഇന്ത്യന്‍ ജീവിതത്തെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പുസ്തകത്തിലുണ്ടായിരുന്നുവെങ്കിലും സ്വാഭാവികമായും  ശ്രദ്ധിക്കപ്പെട്ടത് അമൃതാനന്ദമയിയെയും ആശ്രമത്തെയും താറടിക്കുന്ന പരാമര്‍ശങ്ങളായിരുന്നു. കുറ്റകൃത്യങ്ങള്‍, ലൈംഗികകാര്യങ്ങള്‍, ധന ദുരുപയോഗങ്ങള്‍... ഇതെല്ലാം വാര്‍ത്തകളാണ്. ഇവ പ്രസിദ്ധപ്പെടുത്താതിരിക്കാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ട്. എല്ലാ മോശമായ കാര്യങ്ങളും അറിയിച്ചുകൊള്ളാമെന്ന കരാറൊന്നും ആരുമായും മാധ്യമങ്ങള്‍ ഒപ്പുവെച്ചിട്ടില്ല. എന്നാല്‍ മോശമായ കാര്യങ്ങള്‍ അറിയിക്കാന്‍ ഏതെങ്കിലും ഒരു മാധ്യമം തീരുമാനിച്ചാല്‍ അതിന് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണം നല്‍കിയേ തീരൂ. ഇവിടെ അതുണ്ടായില്ല. പല മാധ്യമങ്ങള്‍ക്കെതിരെയും ഭീഷണികളുണ്ടായി, ആക്രമണങ്ങളുണ്ടായി. ഇതുമായി ബന്ധപ്പെട്ട പുസ്തകം പ്രസിദ്ധീകരിച്ച സ്ഥാപനത്തിന് എതിരെയും ഭീഷണികളുണ്ടായി. 
ജനാധിപത്യം പവിത്രവും വിലപ്പെട്ടതുമാകുന്നത് ചിന്തിക്കാനും കണ്ടെത്താനും അറിയിക്കാനുമുള്ള മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ്. ചിന്താസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതെ ജനാധിപത്യവും ഉണ്ടാകില്ല. ചിന്താസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും എതിരെ വാളെടുക്കാന്‍ ആരെയും അനുവദിച്ചുകൂടാ. തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് ഇലക്ഷന്‍ കമ്മീഷന് നല്‍കിയിട്ടുള്ള, അമിതമെന്ന് ചിലരെങ്കിലും കരുതുന്ന അധികാരങ്ങളോടെ, അഭിപ്രായസ്വാതന്ത്ര്യ സംരംക്ഷണത്തിനും പരമാധികാര സ്ഥാപനങ്ങള്‍ ഉണ്ടാകണം. ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെടുന്നവരുടെ ഇഷ്ടത്തിനൊത്ത് നല്‍കപ്പെടുകയോ പിന്‍വലിക്കപ്പെടുകയോ ചെയ്യേണ്ടവയല്ല മനുഷ്യന്റെ മൗലികാവകാശങ്ങള്‍.

 

Issue: 

May, 2014