ലാസ്‌ളോയുടെ തൊഴിയേറ്റത് മാധ്യമ സംസ്‌കാരത്തിന്‌

Author: 

ബാബു കദളിക്കാട്‌

ഇര്‍വിംഗ് വാലസിന്റെ വിശ്രുത കഥാപാത്രമായ എഡ്വേര്‍ഡ് ആംസ്റ്റെഡ് മാധ്യമ ലോകത്തെ കുലപതിയാകാന്‍ പ്രയോഗിച്ച കുബുദ്ധിയെ ലാസ്‌ളോ പെട്രോയെന്ന ഹംഗറിക്കാരി മാധ്യമ പ്രവര്‍ത്തക പിന്നിലാക്കിയത് ഒരു  'തൊഴി'യിലൂടെ.  തികഞ്ഞ ആസൂത്രണ വൈഭവത്തോടെ സംഭവങ്ങള്‍ സൃഷ്ടിച്ച് എക്‌സ്‌ക്‌ളൂസീവ്  വാര്‍ത്തകളാക്കിയവരാണ്  ദ ഓള്‍മൈറ്റിയിലെ ആംസ്റ്റെഡും, ആംസ്റ്റെഡിന്റെ മലയാള അവതാരമായ ന്യൂ ഡല്‍ഹി  സിനിമയിലെ എഡിറ്ററുമെങ്കില്‍  മസ്തിഷ്‌കത്തിനു  പകരം കാല്‍പ്പാദം കൊണ്ട് സ്‌പെഷ്യല്‍ സ്റ്റോറി ചമച്ച് ലോക വ്യാപക ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നു ലാസ്‌ളോ പെട്രോയുടെ നൃശംസത.
ഹംഗറിയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം വാര്‍ത്തയാക്കുന്നതിനിടെ പോലീസിനെ വെട്ടിച്ചോടിയ പെണ്‍കുട്ടിയെ  ലാസ്‌ളോ പെട്രോ തട്ടി വീഴ്ത്തുന്ന ദൃശ്യം അവള്‍ തന്നെ ക്യാമറയിലാക്കിയത് അവിചാരിതമായായിരുന്നില്ല. അ നിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ കാര്യത്തില്‍ രാജ്യം പങ്കുവയ്ക്കുന്ന ഉത്ക്കണ്ഠയും പ്രതിഷേധവും അതിലേറെ തീവ്രമായി മനസില്‍ നിലനിര്‍ത്തിക്കൊണ്ട് ക്യാമറയുമായി ചെക് പോസ്റ്റിലേക്കു പോയതാണ്  ഇക്കാര്യത്തില്‍ ലാസ്‌ളോ പെട്രോ ചെയ്ത ആദ്യ തെറ്റ്.
നിരീക്ഷകസ്ഥാനത്തു നിന്ന് വാര്‍ത്ത സജീവമാക്കുകയെന്ന കര്‍ത്തവ്യം മറന്നപ്പോള്‍ അതിവികാരം ഉരുള്‍പൊട്ടിയതോ, അതിനപ്പുറമായി വാര്‍ത്തയ്ക്ക് അതിഭാവുകത്വം നല്‍കാന്‍ അതിരുവിട്ട കാല്‍ക്രിയക്കൊരുങ്ങിയതോയെന്ന് അവള്‍ക്കു മാത്രമേയറിയൂ. ഒന്നിലേറെ അഭയാര്‍ത്ഥികളെ ലേഖിക ക്രൂരമായി തടയുന്ന ദൃശ്യങ്ങളും ലോകം  വിസ്മയനിര്‍ഭരമായാണു കണ്ടത്. എന്തായാലും 'ലാസ്‌ളോ പെട്രോ ഷെയിം വാള്‍' പണിത് സോഷ്യല്‍ മീഡിയ നടത്തിയ ആക്രമണം ലാസ്‌ളോയുടെ പിരിച്ചുവിടലിനപ്പുറമായി മാധ്യമ രംഗത്തിനു ഗുണകരമായേക്കാവുന്ന  ചര്‍ച്ചാതരംഗങ്ങള്‍ ഉണര്‍ത്തിയത് നല്ല കാര്യം.
ആക്ടിവിസ്റ്റുകള്‍ മാധ്യമ പ്രവര്‍ത്തകരായാല്‍ സംഭവിക്കാവുന്ന വിപത്തിലേക്ക് ലാസ്‌ളോ പെട്രോയുടെ അതിക്രമം വിരല്‍ ചൂണ്ടുന്നുണ്ട്. സൂത്രത്തില്‍ എക്‌സ്‌ക്ലൂസീവ് ഫോട്ടോ സൃഷ്ടിച്ച് മിടുക്കിയാകാനുള്ള ത്വരയും യുവ ലേഖികയ്ക്കുണ്ടായിരുന്നിരിക്കാം. ഇത്തരമൊരു വാര്‍ത്താ ദൃശ്യം എഡിറ്റിംഗില്ലാതെ സംപ്രേഷണം ചെയ്യപ്പെട്ടതിന്റെ പേരില്‍ ചാനലിനെ പഴിച്ച് രക്ഷപ്പെടാന്‍ ലേഖികയ്ക്കാകില്ല. അംഗബലം കുറവുള്ള ചെറുകിട ചാനലുകളില്‍ ഇങ്ങനെയൊക്കെയേ സാധ്യമാകാറുള്ളൂ.
മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള പരമപ്രധാന ധര്‍മ്മം ഓരോ ചുവടുവയ്പ്പിലും ഓര്‍മ്മിക്കേണ്ടവരാണ് മാധ്യമ പ്രവര്‍ത്തകര്‍. ഈ രംഗത്ത് മാനിക്കപ്പെടുന്ന പെരുമാറ്റ സംഹിതയുടെ വിശുദ്ധിക്ക് ദൃശ്യ മാധ്യമങ്ങളുടെ  വരവോടെ ഗ്ലാനി സംഭവിച്ചെന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടിലും ആവര്‍ത്തിക്കുന്നില്ലേയെന്ന ആത്മശോധനയ്ക്കു പ്രസക്തിയുണ്ട്. ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട് ആശുപത്രിക്കിടക്കയില്‍ അര്‍ദ്ധപ്രാണനായി കിടന്നയാളുടെ 'എക്‌സ്‌ക്ലൂസീവ്  ബൈറ്റ് ' ദൃശ്യ മാധ്യമങ്ങള്‍ എടുത്തതു കണ്ട് കേരളം ഞെട്ടിയത് മറക്കാറായിട്ടില്ല. ഓക്‌സിജന്‍ മാസ്‌കിനോടു ചേര്‍ത്ത് വച്ചുകൊടുത്ത  മൈക്രോഫോണ്‍ മനുഷ്യാവകാശത്തെ മാനിക്കാത്ത മാധ്യമ ധര്‍മ്മത്തിന്റെ പ്രതീകമായി.
അദ്ധ്യയന ഹാളിനു പുറത്ത് വലിയ വിലയില്ലാത്ത 'വണ്‍,ടൂ,ത്രീ...' പ്രമാണങ്ങളായി മാറുന്നുവോ മാധ്യമ പ്രവര്‍ത്തകരുടെ ധാര്‍മ്മികോദ്‌ബോധന സംഹിത അഥവാ കോഡ് ഓഫ് എത്തിക്‌സ്? ചെരുപ്പിനു ചേര്‍ന്ന കാല്‍ ആകണോ കാലിനു ചേര്‍ന്ന ചെരുപ്പാകണോയെന്ന സന്ദിഗ്ദ്ധാവസ്ഥ കോഡ് ഓഫ് എത്തിക്‌സിന്റെ കാര്യത്തില്‍  ശുഭകരമല്ല. നമുക്കു ചാടാന്‍ സ്ഥാപിച്ച വളയങ്ങള്‍ അദൃശ്യങ്ങളെങ്കിലും മിഥ്യയല്ലെന്നു നാമറിയണം. അവയുടെ  സ്ഥാനവും ബലവും തിരിച്ചറിയാനുമാകണം. വളയമില്ലാത്ത ചാട്ടങ്ങള്‍ അപകടകരമായ വീഴ്ചകള്‍ക്കിടയാക്കിയേക്കാം.
വൈവിധ്യമാര്‍ന്ന പ്രതിഭാവിലാസത്താല്‍ ശ്രദ്ധിക്കപ്പെട്ട  പ്രഗത്ഭ മാധ്യമ പ്രവര്‍ത്തകന്‍ പ്രിതീഷ് നന്തി 1985  ജൂലൈയില്‍ കേരള ഹൈക്കോടതിയിലെ ഒന്നാം നമ്പര്‍ മുറിയില്‍ തലതാഴ്ത്തി കൈകൂപ്പി നിന്ന രംഗമോര്‍ക്കുന്നു.  അക്കാലത്ത് മികച്ച പ്രചാരമുണ്ടായിരുന്ന ഇലസ്‌ട്രേറ്റഡ് വീക്ക്‌ലിയുടെ എഡിറ്ററായ നന്തിയാണ് ചീഫ് ജസ്റ്റീസ് കെ.  ഭാസ്‌കരനും ജസ്റ്റീസ് വി. ഭാസ്‌കരന്‍ നമ്പ്യാരുമുള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചിനു മുമ്പാകെ മാപ്പപേക്ഷയോടെ നിലകൊണ്ടത്. ഇലസ്‌ട്രേറ്റഡ് വീക്ക്‌ലിയുടെ സമര്‍ത്ഥനായ റിപ്പോര്‍ട്ടര്‍ വേണു മേനോനുമുണ്ടായിരുന്നു, ഇതേ ഭാവത്തോടെ തൊട്ടരികില്‍.
സെന്‍സേഷന്‍ തുളുമ്പുന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച് ആത്മനിര്‍വൃതിയടയുന്ന ചുരുക്കം പേര്‍ എക്കാലവും മാധ്യമ പ്രവര്‍ത്തകരെ അപകടത്തിലാക്കാറുണ്ട്. അതീവ സൂത്രശാലികളായ ഈ ന്യൂസ് സോഴ്‌സുകള്‍ വളരെ അപൂര്‍വമായി മാത്രമേ ചതിക്കാറുള്ളൂ. പക്ഷേ, ഇക്കൂട്ടര്‍ അതിനായി ഒരുമ്പെട്ടിറങ്ങിയാല്‍ ഇരകള്‍ കുടുങ്ങിയതു തന്നെ. അത്തരത്തിലൊരു അമൂല്യ വാര്‍ത്താ സ്രോതസിന്റെ വലയില്‍പ്പെട്ടുപോയ കൊച്ചിയിലെ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടറെ കണ്ണും പൂട്ടി വിശ്വസിച്ചതിലൂടെയാണ് ഇലസ്‌ട്രേറ്റഡ് വീക്ക്‌ലി കേരള ഹൈക്കോടതിയുടെ  രോഷമേറ്റുവാങ്ങിയത്. വൈകാതെ മാധ്യമ പ്രവര്‍ത്തനത്തോടു വിട പറഞ്ഞ പരമസാത്വികനും പ്രതിഭാശാലിയുമായ ഈ കൊച്ചി സ്വദേശി കേന്ദ്ര സര്‍ക്കാരിന്റെ അത്യുന്നത ലാവണങ്ങളിലൊന്നില്‍ ഇപ്പോള്‍ തിളങ്ങുന്നു.
ആര്‍. ബാലകൃഷ്ണ പിള്ള നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗമാണ് പിള്ളയ്ക്കു പിന്നാലെ പ്രിതീഷ് നന്തിക്കും  യുവ ജേണലിസ്റ്റിനും കോടതിയുടെ വാതായനങ്ങള്‍ തുറന്നു കൊടുത്തത്.  അന്നത്തെ യു ഡി എഫ് രാഷ്ട്രീയത്തില്‍  കൗശലതന്ത്രങ്ങളുടെ അകമ്പടിയോടെയുള്ള  മുഖ്യമന്ത്രി കെ കരുണാകരന്റെ  മുന്നേറ്റം പലരേയും അസ്വസ്ഥരാക്കിയിരുന്നു. പിള്ളയുടെ അധിക പ്രസംഗവുമായി ബന്ധപ്പെട്ട് കെ സി ചാണ്ടിയെന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചതിന് ആരും ഒരു ഗൗരവവും നല്‍കിയില്ല.
വിവാദം ആളിപ്പടരവേ ചാണ്ടിക്കുവേണ്ടി സമര്‍പ്പിച്ച 'ക്വോ വാറന്റോ' ഹര്‍ജിയിന്മേല്‍ അസാമാന്യ പ്രാഗത്ഭ്യത്തോടെയാണ് അഡ്വ. മത്തായി പൈകട വാദിച്ചത്. രാജ്യദ്രോഹപരമായി പ്രസംഗിച്ച പശ്ചാത്തലത്തില്‍ പ്രിവി കൗണ്‍സിലിന്റെ ചില നിരീക്ഷണങ്ങള്‍ പിള്ള മന്ത്രിസ്ഥാനത്തു തുടരുന്നതിനു തടസമാണെന്ന പൈകടയുടെ വാദത്തോടു യോജിപ്പു പ്രകടിപ്പിച്ച ജസ്റ്റീസ് കെ പി രാധാകൃഷ്ണ മേനോന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിത്തന്നെ ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തു. അതോടെ പിടിവാശിയുപേക്ഷിക്കാന്‍ നിര്‍ബന്ധിതനായ പിള്ള രാജി വച്ചു.
മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കണമെന്ന വാശിയുമായി മുഖ്യമന്ത്രി പല നീക്കങ്ങളും നടത്തിവരുന്ന സമയമായിരുന്നു അത്. പിള്ളയെ പുറത്താക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹമാണ് ഹൈക്കോടതിയുത്തരവിലൂടെ  യാഥാര്‍ത്ഥ്യമായതെന്ന വാര്‍ത്ത പ്രചരിച്ചു. ഇതിനിടെയാണ് ഇംഗ്ലീഷ് പത്രത്തില്‍, ജസ്റ്റീസ് രാധാകൃഷ്ണ മേനോന്റെ സല്‍പ്പേരു കളയുന്ന തരത്തില്‍ വാര്‍ത്ത വന്നത്. 
പിള്ളയ്‌ക്കെതിരെ അഭിപ്രായമെഴുതാന്‍ ജസ്റ്റീസ് രാധാകൃഷ്ണ മേനോനെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രി കരുണാകരനാണെന്നായിരുന്നു വാര്‍ത്ത. അറിയപ്പെടുന്ന ഭക്തന്മാരാണ് ഇരുവരുമെന്നും ക്ഷേത്രത്തില്‍ വച്ച് ഇവര്‍ തമ്മില്‍ കാണാറുണ്ടെന്നുമെല്ലാം വിശദീകരിച്ച ശേഷം, പിള്ളയ്‌ക്കെതിരെ വിധിയെഴുതിയതിനു തൊട്ടു മുമ്പത്തെ ദിവസം  ജഡ്ജിയെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചിരുന്നുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രി  കൊച്ചിയിലെ ജസ്റ്റീസ് രാധാകൃഷ്ണ മേനോന്റെ വീട്ടിലേക്കു ' ട്രങ്ക് ' വിളിച്ചതിനു തെളിവ് കൈവശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞപ്പോള്‍ വിശ്വാസ്യതയേറി. ദേശാഭിമാനി പത്രവും ഇംഗ്ലീഷ് പത്രത്തിലെ വാര്‍ത്ത അടുത്ത ദിവസം പെരുപ്പിച്ചു.
എറണാകുളം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലെ ഒരു ഓപ്പറേറ്ററെ വിശ്വസിച്ചാണ് ഈ റിപ്പോര്‍ട്ടര്‍ വാര്‍ത്ത കൊടുക്കുന്നതെന്ന കാര്യം കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കറിയാമായിരുന്നു. ഈ സ്രോതസിന്റെ വിശ്വാസ്യതയില്‍  അവര്‍ക്കു പൊതുവേ സംശയവുമുണ്ടായിരുന്നു. പക്ഷേ, വിവാദ വിളിക്കു വേണ്ടി ഫോണ്‍ കണക്റ്റു ചെയ്തു  കൊടു ത്തതു താനാണെന്നും അതിന്റെ രേഖ ഭദ്രമായിരിക്കുന്നുവെന്നും വേണ്ടിവന്നാല്‍ പ്രസിദ്ധീകരണത്തിനു ഹാജരാക്കാമെന്നുമൊക്കെ പറഞ്ഞത് ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
എന്തായാലും വാര്‍ത്ത കേരളത്തില്‍ ഒതുങ്ങിയില്ല. ദേശീയ വാര്‍ത്ത കണ്ട് ഹാലിളകിയ പ്രിതീഷ് നന്തി വേണു  മേനോനെ ചൂടാക്കി. ട്രബിള്‍ഡ് ടൈംസ് (പ്രതിസന്ധി നിറഞ്ഞ സമയം) എന്ന ശീര്‍ഷകത്തില്‍ വന്ന ഫീച്ചര്‍ സ്വാഭാവികമായും മുഖ്യമന്ത്രിയേക്കാള്‍ അപകീര്‍ത്തികരമായത് ഹൈക്കോടതിക്കു തന്നെ. 
കൊച്ചിയില്‍ ഇതിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. വാര്‍ത്ത കൈവിട്ടു പോകുന്നതായി ഇംഗ്ലീഷ് പത്രത്തിന്റെ യുവ ലേഖകനു ബോധ്യമായി. ഫോണ്‍ വിളിച്ചതിന്റെ തെളിവ് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ സ്രോതസിന്റെ 'മാനിയ' അനാവരണം ചെയ്യപ്പെട്ടു. പിന്നെ ഒരു ദിനം പോലും വൈകിപ്പിക്കാതെ പത്രത്തിലെ ഒന്നാം പേജില്‍ ക്ഷമാപണം പ്രസിദ്ധീകരിച്ചുകൊണ്ട് പത്രവും ലേഖകനും തലയൂരി. പക്ഷേ, ഇതേ ലേഖകനില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിത്തറയില്‍  കവിയും ചിത്രകാരനുമെല്ലാമായ പ്രിതീഷ് നന്തിയുടെ മേല്‍നോട്ടത്തില്‍ വേണു മേനോന്‍ പണിതുയര്‍ത്തിയ ഫീച്ചര്‍  ഇതിനകം രാജ്യമൊട്ടാകെ തീപ്പൊരി പാറിച്ചു കഴിഞ്ഞിരുന്നു.
കടുത്ത കോടതിയലക്ഷ്യമാണു സംഭവിച്ചതെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ പേര്‍ ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ,  കോടതി തന്നെ സ്വമേധയാ കേസെടുത്തതിനാല്‍ ഈ ഹര്‍ജികള്‍ അപ്രസക്തമായി. പ്രിതീഷ് നന്തിയുടെ നേരിട്ടുള്ള  മാപ്പപേക്ഷ നിരുപാധികം സ്വീകരിച്ച ഡിവിഷന്‍ ബെഞ്ച് വേണു മേനോന് ആയിരം രൂപ പിഴ ശിക്ഷ വിധിച്ചു. ടെലഫോണ്‍ ഓപ്പറേറ്റര്‍ വഴി കബളിപ്പിക്കപ്പെട്ട ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ കോടതി നടപടികള്‍ക്കെല്ലാം  സഹായിയായി. ഇദ്ദേഹത്തിന്റെ പിതാവായ പ്രശസ്ത അഭിഭാഷകന്‍ തന്നെ ഇരുവര്‍ക്കും വേണ്ടി ഹാജരാവുകയും  ചെയ്തു.  
സംസ്‌കാര ശൂന്യവും മനുഷ്യത്വ ഹീനവുമായ ഹംഗറിക്കാരിയുടെ അതിക്രിയയുമായി യാതൊരു വിധ ബന്ധവുമുള്ളതല്ല, പ്രിതീഷ് നന്തി കുടുങ്ങിയ കോടതിയലക്ഷ്യ നടപടി. പക്ഷേ, മാധ്യമ പ്രവര്‍ത്തരുടെ ധാര്‍മ്മിക ബോധവും  പെരുമാറ്റ മര്യാദയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഒന്നോ രണ്ടോ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാര്യമായി കാണേണ്ടതല്ലെന്നു ചൂണ്ടിക്കാട്ടുകയായിരുന്നു ഈ വ്യത്യസ്ത സംഭവങ്ങളിലൂടെ. വാര്‍ത്ത സൃഷ്ടിക്കാനുള്ള അമിത താല്‍പ്പര്യവും വാര്‍ത്താ സ്രോതസുകളോടുള്ള അശ്രദ്ധാപൂര്‍ണ്ണമായ വിധേയത്വവും  വലിയ വിനകളായി മാറിയേക്കാം.
തൊഴിലില്‍ മുന്നേറാനുള്ള തീക്ഷ്ണതയും അതിനു വേണ്ടി വാര്‍ത്താ സ്രോതസുകള്‍ വിപുലമാക്കാനുള്ള  ശ്രദ്ധയും അഭിനന്ദനീയം. പക്ഷേ, ഓരോ വാര്‍ത്തയും ചെന്നു പതിക്കുന്നത് അസംഖ്യം മസ്തിഷ്‌കങ്ങളിലേക്കാണെന്ന യാഥാര്‍ത്ഥ്യം നിമിഷ നേരത്തേക്കെങ്കിലും മറക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇതിന്റെ പേരില്‍ വലിയ വില നല്‍കേണ്ടി വന്നേക്കാം. വിശ്വാസ്യതയും കൃത്യതയും ഉറപ്പാക്കുന്നതില്‍ അണുവിട വ്യതിചലിക്കാത്ത പ്രഗത്ഭര്‍ പോലും ചിലപ്പോള്‍ അബദ്ധത്തില്‍പ്പെടാറുണ്ടെന്നതു വേറെ കാര്യം.
മുപ്പതോളം വര്‍ഷം മുമ്പ് കൊച്ചിന്‍ റിഫൈനറിയിലുണ്ടായ സ്‌ഫോടനത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലെ പ്രമുഖ പത്രത്തിന് ഇത്തരത്തില്‍ വലിയൊരു തെറ്റ് പറ്റി. മാധ്യമവിചാരകരും സാമൂഹിക മാധ്യമ പോരാളികളും രംഗത്തു വരുന്നതിനു മുമ്പായിരുന്നതിനാല്‍ ലേഖകനും പത്രവും പരുക്കില്ലാതെ രക്ഷപ്പെടുകയും  ചെയ്തു. മാന്യമായ പെരുമാറ്റവും മികവാര്‍ന്ന പ്രവര്‍ത്തന ശൈലിയും കൈമുതലായുള്ള ഇദ്ദേഹം കബളിപ്പിക്കപ്പെട്ടതിനു പിന്നിലെ കഥയറിഞ്ഞത് ചുരുക്കം മാധ്യമ പ്രവര്‍ത്തകര്‍ മാത്രം.
മൂന്നു പേരുടെ ജീവന്‍ നഷ്ടമാകാനും വാനോളമുയര്‍ന്ന ഭീമന്‍ അഗ്നിനാളങ്ങള്‍ ഒരു ദിവസത്തിലേറെ നഗരത്തെ  ഭയപ്പെടുത്താനും ഇടയാക്കിയ വന്‍ ദുരന്തമായിരുന്നു റിഫൈനറിയില്‍ നടന്നത്. രാജ്യം ഉറ്റു നോക്കിയ വാര്‍ത്ത ഏകദേശം ഒരേ രീതിയില്‍ത്തന്നെ മിക്കവാറും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദൃശ്യമാധ്യമങ്ങള്‍ അക്കാലത്ത് രംഗപ്രവേശം നടത്തിയിരുന്നില്ല. 
സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയിരുന്നില്ല. ഇതു സംബന്ധിച്ച വിദഗ്ദ്ധാന്വേഷണവും സഫലമായില്ല. പക്ഷേ, മുമ്പു പറഞ്ഞ ലേഖകന്റെ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം പ്രമുഖ പത്രത്തില്‍ പ്രത്യക്ഷപ്പെട്ടു.
പാക് ചാര സംഘടനയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ വാര്‍ത്താ സ്രോതസ് സംബന്ധിച്ച സൂചന പോലുമില്ലായിരുന്നു. എങ്കിലും ഒന്നാം പേജിലെ ഓപ്പണിംഗ് സ്റ്റോറി ഏറെക്കുറെ വിശ്വസനീയമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു. യു പി യിലെ മഥുര റിഫൈനറിയില്‍ ഏതാനും ദിവസം മുമ്പ് നടന്ന ചെറിയൊരു സ്‌ഫോടനത്തിനു പിന്നിലും പാക് ചാര സംഘടനയായിരുന്നെന്നും അവിടെ പാളിപ്പോയ ശ്രമം കൊച്ചിയില്‍ കുറേക്കൂടി വിജയിപ്പിക്കാന്‍ ചാരന്മാര്‍ക്കു കഴിഞ്ഞെന്നുമായിരുന്നു ലേഖകന്‍ സമര്‍ത്ഥിച്ചത്.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ഇന്റലിജന്‍സ് വിഭാഗത്തെ മുള്‍മുനയിലാക്കിയ ഈ കണ്ടുപിടുത്തത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ നടന്ന തുടരന്വേഷണം യാതൊരു ഫലവുമുണ്ടാക്കിയില്ല. ഐ ബി യുടെ ശ്രദ്ധയില്‍ വന്ന മറ്റൊരു കാര്യമാകട്ടെ മാന്യനായ റിപ്പോര്‍ട്ടറോടും പ്രമുഖ പത്രത്തോടുമുള്ള ആദരം മുന്‍നിര്‍ത്തി  അവര്‍ രഹസ്യമാക്കി വച്ചതേയുള്ളൂ.
സ്‌ഫോടനം നടന്ന പുലര്‍വേളയില്‍ പറവൂര്‍ സ്വദേശിയായ യുവ എന്‍ജിനീയര്‍ ആയിരുന്നു  റിഫൈനറിയുടെ  പ്രധാന പ്ലാന്റിന്റെ കണ്‍ട്രോള്‍ പാനല്‍ നിയന്ത്രിച്ചിരുന്നത്. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ അദ്ദേഹം ഉറങ്ങിപ്പോയതാണ് ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണമെന്ന് റിഫൈനറിയിലെ എല്ലാ ജീവനക്കാര്‍ക്കും അറിയാമായിരുന്നു. പക്ഷേ, ഈ യുവാവിന്റെ ഭാവി അപകടത്തിലാക്കരുതെന്ന അഭിപ്രായത്തിന് പരക്കെ സ്വീകാര്യത ലഭിച്ചു. ഒരു  സര്‍ക്കാര്‍ വകുപ്പില്‍ ഉന്നതോദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിന്റെ പിതാവിനു പല കേന്ദ്രങ്ങളിലും ചെലുത്താന്‍  കഴിഞ്ഞ സ്വാധീനവും ഫലമുളവാക്കിയിട്ടുണ്ടാകണം.
പക്ഷേ, ഈ സ്‌നേഹപിതാവ് അക്കാലത്ത് ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തു വന്ന അതേ സ്ഥാപനത്തിലെ  ഉദ്യോഗസ്ഥയായിരുന്നു എക്‌സ്‌ക്ലൂസീവ് വാര്‍ത്ത പ്രകാശിപ്പിച്ച റിപ്പോര്‍ട്ടറുടെ ഭാര്യയെന്ന് ഐ ബി കണ്ടെത്തി.  ഇദ്ദേഹം തന്ത്രപരമായി സഹപ്രവര്‍ത്തകയെ പറഞ്ഞു വിശ്വസിപ്പിച്ച് വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നെന്ന നിഗമനത്തിലെത്താന്‍ ഐ ബി ക്കു ബുദ്ധിമുട്ടേണ്ടിവന്നില്ല. ഇത്തരം ഘട്ടങ്ങളില്‍ സ്രോതസുകളെ മാറി മാറി ബന്ധപ്പെട്ട്  വിവര സ്ഥിരീകരണത്തിനു തുനിഞ്ഞാല്‍ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത ചീറ്റിപ്പോകുമെന്ന ന്യായം ലേഖകനു ചൂണ്ടിക്കാണിക്കാന്‍ കഴിയും.
മികച്ച കോഡ് ഓഫ് എത്തിക്‌സ് പിന്തുടരാനുള്ള ചുമതല പൊതുജന സംസര്‍ഗ്ഗമുള്ള ഏതു തൊഴില്‍ സമൂഹത്തിനുമുണ്ട്. പോലീസ്, മാധ്യമം, ആരോഗ്യ മേഖല എന്നിവിടങ്ങളിലാകട്ടെ ഈ ധര്‍മ്മത്തിന് കാര്യക്ഷമതയുമായി  അഭേദ്യ ബന്ധമാണുള്ളത്. പക്ഷേ, വിവേകത്തിന്റെ രജതദീപ്തി വഴിതെളിക്കാനുണ്ടെങ്കിലേ ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കൂ. 
ആഗോളീകരണവും ഉദാരവല്‍ക്കരണവും സ്റ്റിംഗ് ഓപ്പറേഷന്‍ ഉള്‍പ്പെടുന്ന ആധുനിക മാധ്യമ സരണികളുമൊക്ക ചേര്‍ന്ന് വാര്‍ത്താ ശേഖരണ രംഗത്തുണ്ടാക്കിയ മാറ്റങ്ങള്‍ കോഡ് ഓഫ് എത്തിക്‌സിനെ നിര്‍വീര്യമാക്കുന്നതായ പരാതിക്ക് അടിസ്ഥാനമുണ്ട്. പെരുമാറ്റ സംഹിതയിലെ നിര്‍വചനങ്ങള്‍ പലപ്പോഴും ഏട്ടിലെ പശുവായുറങ്ങവേ, പെയ്ഡ് ന്യൂസ് തുടങ്ങിയ പ്രവണതകള്‍ ഒളിഞ്ഞും തെളിഞ്ഞും വിലസുന്നു. പരസ്യ വരുമാനത്തിലൂന്നിയ മാധ്യമ സംസ്‌കാരം പല ജേണലിസ്റ്റുകള്‍ക്കും അരോചകമാകുന്നതായുള്ള പരാതി അവഗണിക്കപ്പെടേണ്ടതല്ല. 
കല്‍പ്പലകകളില്‍ വിരചിതമായ പെരുമാറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അക്കാദമിക് ചര്‍ച്ചകളിലൊതുങ്ങാനാണു വിധി. സ്ഥാപനങ്ങളുടെ മൂല്യബോധത്തിലൂന്നി വ്യക്തികള്‍ സ്വയം തിരഞ്ഞെടുക്കുന്ന നേര്‍വഴിക്കേ പ്രസക്തിയും നിലനില്‍പ്പുമുണ്ടാകൂ. മാധ്യമ പ്രവര്‍ത്തക കൂട്ടായ്മകള്‍ക്കും നിര്‍വഹിക്കാനുണ്ട് ഇക്കാര്യത്തില്‍ വലിയ ചുമതല.
മാമൂലുകളെ കെട്ടിപ്പുണരുന്നത് വളര്‍ച്ചയ്ക്കു ഗുണകരമാകില്ലെങ്കിലും വളയമില്ലാതെയുള്ള ചാട്ടം പ്രോല്‍സാഹിപ്പിക്കപ്പെടരുത്. ഇന്‍ഡ്യാനപ്പൊളീസ് ആസ്ഥാനമായുള്ള സൊസൈറ്റി ഓഫ് പ്രഫഷണല്‍ ജേണലിസ്റ്റ്‌സ് പിന്തുടര്‍ന്നുവരുന്ന 'കോഡ് ഓഫ് എത്തിക്‌സ്' ആണ് ഈ രംഗത്ത് ഏറ്റവും പ്രായോഗികവും സമഗ്രവുമെന്ന് ഏറെക്കുറെ  അംഗീകരിക്കപ്പെട്ടിട്ടുണ്ട്, അമേരിക്കയില്‍ മാത്രമല്ല ലോകത്തെവിടെയും.