രാഷ്ട്രീയപ്പാര്‍ട്ടികളും മാദ്ധ്യമവും

പത്രമാദ്ധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ നാലാം തൂണ്. സംശയമില്ല. പൊളിറ്റിക്‌സ് വിഷയം തിയറിയിലും പ്രാക്ടിക്കലിലും പഠിക്കുമ്പോഴും അതിന്റെ ചരിത്രം അന്വേഷിക്കുമ്പോഴും എല്ലാം ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 
നമ്മുടെ മിക്ക രാഷ്ട്രീയനേതാക്കളും മിടുക്കരാണ്. കോമണ്‍സെന്‍സും ഒരുതരം ഇന്റ്യൂഷനും അവരെ നയിക്കുന്നു. മറിച്ച് അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോക്രസി, ഉന്നതോദ്യോഗസ്ഥര്‍ പ്രതിഭാസമ്പന്നരാണ്. ബുദ്ധിമാന്മാരാണ്. ദൈനംദിന ജീവിതത്തില്‍ ആവശ്യമില്ലാത്ത ഒരുപാട് വിജ്ഞാനം കൈവശമുള്ളവരാണ്. പക്ഷേ മിടുക്കും ബുദ്ധിയും ചേരുമ്പോഴേ യഥാര്‍ത്ഥമായി ജനനന്മ നല്‍കുന്ന നേതൃത്വം കൈവരിക്കാനാകൂ. അതില്‍ ഏറ്റവും പ്രധാനമാണ് മീഡിയാ മാനേജ്‌മെന്റ്. പത്രങ്ങളെയും വാര്‍ത്തകളെയും മാനേജ് ചെയ്യുക എന്നത്.
 മന്ത്രിമാരും ഉന്നതനേതാക്കന്മാരും ദിവസവും മുടങ്ങാതെ ചെയ്യുന്നത് പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുക എന്ന കര്‍മ്മമാണല്ലോ. അവിടെയാണെങ്കില്‍ സ്വാഗതപ്രാസംഗികന്റെ ബ്രേക്കില്ലാത്ത നീണ്ട പുകഴ്ത്തലുകള്‍ കേട്ടു കേട്ട് അവര്‍ അതു കുറെക്കഴിയുമ്പോള്‍ വിശ്വസിക്കും. എന്നിട്ട് തങ്ങളുടെ കഴിവുകളെക്കുറിച്ച് തികച്ചും അയഥാര്‍ത്ഥമായ ആത്മവിശ്വാസം പ്രകടിപ്പിക്കും. 
ഞാന്‍ ഒരു അത്യുന്നത രാഷ്ട്രീയ നേതാവിന്റെ മീഡിയാ മാനേജ്‌മെന്റ് മിടുക്കിനെ അതിജീവിക്കാന്‍ നടത്തിയ ശ്രമത്തിന്റെ കഥ പറയാം.
ബേസിക്കലായി ഞാന്‍ ഒരു കഥ പറച്ചിലുകാരനാണ്. നോവലിസ്റ്റാണ് ഒരു പത്രപ്രവര്‍ത്തകന്റെ രാഷ്ട്രീയരംഗത്തെ ആള്‍ക്കാരുമായുള്ള ഇടപെടലിലെ പരാധീനതകള്‍ എനിക്കില്ല. ഞാന്‍ വീക്ഷണം പത്രം പുനഃപ്രസിദ്ധീകരണത്തിനുശേഷം നാലു വര്‍ഷം അതിന്റെ മുഖ്യപത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഒരിക്കലും നേരിട്ട് രാഷ്ട്രീയരംഗത്തെ ഉന്നതനേതാക്കളുമായി അഭിമുഖം നടത്തിയിരുന്നില്ല. വീക്ഷണത്തില്‍ വരുന്നതിനുമുമ്പ് ഒരു പ്രാവശ്യം ഒരു രാഷ്ട്രീയ നേതാവിനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അത് ലീഡര്‍ കരുണാകരനായിരുന്നു എന്റെ സെലക്ഷന്‍ അതിന്റെ ഭാഗമായി ഒരു പകല്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് കറങ്ങിയതിനുശേഷം രാത്രി എട്ടുമണിക്ക് തൃശ്ശൂര്‍ രാമനിലയത്തില്‍ വച്ച് അദ്ദേഹവുമായി സംസാരിച്ചു. നേര്‍ക്കുനേര്‍ മറ്റാരുമില്ല. എന്റെയൊപ്പം സഹായിയായി വന്നിരുന്ന ഇന്ത്യ ടുഡെയുടെ ചീഫ് ഇന്ന് മലയാളം ടി വി പ്രേക്ഷകരുടെ ഹരമായിരിക്കുന്ന നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകന്‍ ജേക്കബ് ജോര്‍ജ്ജും ഫോട്ടോഗ്രാഫറും അകലേക്ക് മാറിയിരുന്നു. ഞാന്‍ ലീഡറോട് ചില തമാശകള്‍ പങ്കുവച്ചതിനുശേഷം ചോദിച്ചു. 
രാഷ്ട്രീയത്തില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചിരുന്ന എല്ലാ അതികായന്മാരായ നേതാക്കന്മാരുടെ ജീവിതസായാഹ്നത്തില്‍ അവര്‍ ദു:ഖിതരായിരുന്നു. അന്ത്യം അടുക്കുമ്പോള്‍ ചെയ്യാനുള്ള പലതും ചെയ്യാന്‍ പറ്റിയില്ല എന്ന് എല്ലാ മനുഷ്യര്‍ക്കും തോന്നുന്നത് സാധാരണയാണ്. പക്ഷേ, ഈ മഹാന്മാര്‍ക്ക് ഇതിനപ്പുറം മറ്റേതോ സ്വകാര്യദു:ഖവും ഉണ്ടായിരുന്നു. എബ്രഹാം ലിങ്കണ്‍, ലെനിന്‍, ഗാന്ധിജി, മാവോ സെതുംഗ്, ചര്‍ച്ചില്‍, ജവഹര്‍ലാല്‍ നെഹ്‌റു എല്ലാവരും ഇക്കാര്യത്തില്‍ സമന്മാരായിരുന്നു. അങ്ങയുടെ ദു:ഖം എന്താണ്? അദ്ദേഹം ഏറെനേരം നിശ്ശബ്ദനായിരുന്നിട്ട് പറഞ്ഞു. എന്നോടാരും ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടില്ല. ഞാന്‍ കാരണം പറഞ്ഞു. ഞാന്‍ ഒരു പത്രപ്രവര്‍ത്തകനല്ല. വെറും നോവലിസ്റ്റ്. കഥ പറച്ചിലുകാരന്‍, കഥ പറച്ചിലുകാരന് എല്ലാവരും തന്റെ കഥാപാത്രങ്ങളാണ്. എനിക്ക് അങ്ങും ഒരു കഥാപാത്രം മാത്രമാണ്. അതുകൊണ്ട് എനിക്ക് അങ്ങയുടെ മനസ് കാണാം. അങ്ങയുടെ മനസില്‍ ദു:ഖമുണ്ട്. അങ്ങ് ഇല്ല എന്നു പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. പിന്നെ എനിക്ക് എന്റെ നിഗമനം പറയാതിരിക്കാന്‍ പറ്റില്ല. അവിടെ ഉണ്ടാകാവുന്ന ഗ്യാപ്പ് ഫില്‍ ചെയ്യാന്‍ അങ്ങ് എന്റെ ചോദ്യത്തിനു നല്‍കിയേക്കാവുന്ന സത്യസന്ധമായ ഉത്തരത്തിനേ കഴിയൂ. 
ഏറെനേരത്തെ മൗനത്തിനുശേഷം അദ്ദേഹം പറഞ്ഞു. എനിക്കു ദു:ഖമുണ്ട്. ശരിയാണ്. എന്റെ ദു:ഖം  ജവഹര്‍ലാല്‍ നെഹ്‌റുവിനുശേഷം അദ്ദേഹത്തെപ്പോലെ ഒരു ദേശീയനേതാവ് ഇന്ത്യയ്ക്ക് ഉണ്ടായില്ലല്ലോ എന്നതാണ്. കുറെക്കാലത്തിനുശേഷം ഇക്കഥ ഞാന്‍ എന്റെ സുഹൃത്ത് ഇന്ത്യന്‍ പത്രപ്രവര്‍ത്തകരംഗത്തെ അതികായരില്‍ ഒരാളായ ടി വി ആര്‍ ഷേണായിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. 
ഒരു നോവലിസ്റ്റിനേ ഈ ശരിയുത്തരം ഒരു രാഷ്ട്രീയക്കാരനില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ കഴിയൂ.
എന്റെ എഴുത്തുകാരനും വളരെ പ്രാക്ടിക്കല്‍ ബുദ്ധിജീവിയുമായ കേരളത്തിലെ പ്രശസ്തനായ വേറൊരു സുഹൃത്ത് ഈയിടെ പറഞ്ഞു.
വര്‍മ്മാജി, കാലം മാറി. ദില്ലിയിലെ ഇലക്ഷന്‍ കണ്ടില്ലേ? ജനം മടുത്തു. വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാലം കഴിഞ്ഞു. ഇനി ആം ആദ്മി ടൈപ്പ് കൂട്ടായ്മകള്‍ക്കാണ് ജനം വോട്ടു ചെയ്യാന്‍ പോകുന്നത്. കേരളത്തിലും അതു സംഭവിക്കും. നോക്കിക്കോളൂ. 
ദില്ലിയില്‍ മൂന്നു ടേം പൂര്‍ത്തിയാക്കി ഭരിച്ചിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. ദില്ലി ഭരിക്കാന്‍ തയാറായി മോദി തരംഗവുമായി വന്ന ഇന്ത്യ ഭരിക്കുന്ന ഭാരതീയജനതാപാര്‍ട്ടിക്ക് അവിടെ എഴുപതില്‍ മൂന്നു സീറ്റ്. ജാതിമതചിന്തകള്‍ക്കതീതമായ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും പാര്‍ട്ടിയായി പ്രവര്‍ത്തിക്കേണ്ട മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാര്യം മിണ്ടാന്‍പോലും വയ്യാത്തവിധം ദയനീയം. 
എന്താണ് ദേശീയ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കു സംഭവിക്കുന്നത്?
മതപരമായ വേര്‍തിരിവിലാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്. ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടത് ഭാഷാപരമായ വ്യത്യസ്തതയിലാണ് ആന്ധ്രപ്രദേശും തമിഴ്‌നാടും ഗുജറാത്തും ഒറിസ്സയും മഹാരാഷ്ട്രയും കര്‍ണ്ണാടകയും കേരളവും ബംഗാളും പഞ്ചാബും എല്ലാം ഈ രീതിയില്‍ രൂപമെടുത്തു. രാഷ്ട്രീയമായി മതത്തെക്കാള്‍ ശക്തി ഭാഷയ്ക്കാണെന്ന് പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശ് വേര്‍പെട്ടപ്പോള്‍ നമുക്കു മനസിലായി. രണ്ടു തലമുറ കഴിഞ്ഞപ്പോള്‍ നമുക്കു പുതിയ അവബോധം വന്നു. ഭാഷയെക്കാളും പ്രാധാനം സാമ്പത്തികമാണ്. വികസനവും സമാനമായ സാമൂഹ്യനീതിയും എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കണം. അവിടെ സ്വാര്‍ത്ഥമാണ് പ്രധാനം. അതിന് ദില്ലിയിലെ ദേശീയ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന നയവും സമ്പത്തും തങ്ങള്‍ക്കു പോരാ എന്ന് കാട്ടുന്ന ലോക്കല്‍ സംസ്ഥാന രാഷ്ട്രീയ ശൈലിക്കാണ് വിജയം കിട്ടിയത്. അതുകാരണം വലിയ ഭാഷാ സംസ്ഥാനങ്ങള്‍ വിഭജിക്കാന്‍ തുടങ്ങി. ജാര്‍ഖണ്ഡും ഛത്തീസ്ഗഢും ഉത്തരാഞ്ചലും തെലുങ്കാനയും ഇത് തുടക്കമായതേയുള്ളൂ. ഇരുപതു വര്‍ഷത്തിനകം അമേരിക്കന്‍ ഐക്യനാടിനെ വെല്ലുന്ന അമ്പത്തൊന്നു സംസ്ഥാനങ്ങള്‍ നമുക്കുണ്ടാകാനാണിട. കേരളത്തില്‍ തമാശമട്ടില്‍ ആയിരുന്നെങ്കിലും നമ്മുടെ പി.സി. ജോര്‍ജ് ഒരു മലനാട് പ്രഖ്യാപിച്ചു കഴിഞ്ഞു. 
ഈ ട്രെന്‍ഡ് ദേശീയപ്പാര്‍ട്ടികള്‍ക്ക് താത്വികമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും പ്രകടമായ സത്യം നമ്മുടെ പാരമ്പര്യ പ്രധാന ദേശീയപ്പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്നും സംസ്ഥാനതല നേതൃത്വങ്ങള്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കാനുള്ള മൈന്‍ഡ്‌സെറ്റിലെത്തിയിട്ടില്ല. ഭാരതീയ ജനതാപാര്‍ട്ടിക്ക് മോദി തരംഗമുണ്ടായിട്ടുപോലും ശക്തമായ സംസ്ഥാനപ്പാര്‍ട്ടികളുള്ള തമിഴ്‌നാട്ടിലും ഒറീസ്സയിലും ബംഗാളിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. 
  ഇവിടെയാണ് ദില്ലി കീഴടക്കാന്‍ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി ബുദ്ധിപൂര്‍വ്വമായി തങ്ങളുടെ  ലോക്‌സഭാ ഇലക്ഷനില്‍ കാട്ടിയ ദേശീയമുഖം അഴിച്ചുവച്ച് ഇന്ത്യയുടെ വരുംകാല ഫെഡറലിസ ശൈലിയുടെ പ്രായോഗികത മനസിലാക്കി എല്ലാം ദേശീയപ്പാര്‍ട്ടികളെയും ദില്ലി തെരഞ്ഞെടുപ്പില്‍ നാമാവശേഷമാക്കിയത്. 
ഇപ്പോള്‍ നമ്മുടെ മൂന്നാംതല സര്‍ക്കാരായ പഞ്ചായത്ത്-നഗരസഭ-കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ വരികയാണ്. ഭരണഘടനപ്രകാരം ലോക്കല്‍ ഭരണകൂടത്തില്‍ സംസ്ഥാനത്തിലെയും കേന്ദ്രത്തിലെയും പാര്‍ട്ടി ഭരണശൈലിയല്ല വേണ്ടത്. ഇവിടെ എല്ലാ വിജയികളും കൂടി തെരഞ്ഞെടുക്കുന്ന ലീഡറാണ് പ്രസിഡന്റോ മേയറോ ആകുന്നത്. എല്ലാ മെമ്പറന്മാരും ഏതെങ്കിലും സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലുണ്ടാകും. ഭരണപക്ഷവും പ്രതിപക്ഷവുമില്ല. പക്ഷേ, അതിവിദഗ്ധമായി ഈ നിയമത്തിന്റെ അന്തസ്സത്ത കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും അട്ടിമറിക്കപ്പെട്ടു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ തെരഞ്ഞെടുപ്പു ചിഹ്നങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കിയ അനുവാദത്തിന്റെ മറയില്‍ തികച്ചും പാര്‍ട്ടി കേന്ദ്രീകൃതമായ അസംബ്ലി-പാര്‍ലമെന്റ് ടൈപ്പ് തെരഞ്ഞെടുപ്പും ഭരണശൈലിയുമായി ഈ ലോക്കല്‍ ഭരണസംവിധാനം അട്ടിമറിക്കപ്പെട്ടു.
 മീഡിയായും ആകര്‍ഷകമായ പാര്‍ട്ടി യുദ്ധങ്ങളില്‍ വാര്‍ത്ത കണ്ടെത്തി നടിക്കുന്നു. മീഡിയാ തങ്ങളുടെ കടമയില്‍ നിന്നും അകലുകയല്ലേ?