യൂറോപ്യന്‍ ജേണലിസം സെന്റര്‍, പ്രസ് ഗസറ്റ്

ജേണലിസം രംഗത്ത് പരിശീലനത്തിനും ഗവേഷണത്തിനും പ്രാധാന്യം നല്‍കുന്ന യൂറോപ്യന്‍ ജേണലിസം സെന്ററിന്റെ വെബ്‌സൈറ്റാണ് ejc.net.രാജ്യാന്തര ജേണലിസം ഗവേഷണ രംഗത്തെ നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷനാണ് ഇത്. പത്രപ്രവര്‍ത്തകരെ കൂടാതെ മീഡിയാ എക്‌സിക്യൂട്ടീവുകള്‍ക്കും മറ്റ് മീഡിയാ പ്രഫഷണലുകള്‍ക്കും സഹായകരമാണ് ഇവരുടെ കോഴ്‌സുകളും പരിശീലനങ്ങളും. പ്രധാനമായും യൂറോപ്പിനെ അധികരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെങ്കിലും മറ്റു രാജ്യങ്ങളിലും പരിശീലനത്തിനും സൗകര്യങ്ങള്‍ ചെയ്യാറുണ്ട്.ഹോം പേജില്‍ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ നിന്ന് ധാരാളം വിവരങ്ങള്‍ ലഭിക്കും. സെന്ററിന്റെ റിലീസുകള്‍, പ്രൊജക്ട് സംബന്ധിച്ച അറിയിപ്പുകള്‍, വിവിധ ഫെല്ലോഷിപ്പ് പ്രൊഗ്രാമുകള്‍, വിവിധങ്ങളായ പത്രപ്രവര്‍ത്തന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ജേണലിസ്റ്റുകളെ ഒരുക്കുന്ന പുത്തന്‍ വിവരങ്ങള്‍ എന്നിവ കൂടാതെ പ്രമുഖ മാധ്യമങ്ങളില്‍ ജേണലിസം സംബന്ധിച്ചു വന്ന വാര്‍ത്തകളുടെ ലിങ്കുകളും ഇതിലുണ്ട്.സൈറ്റിന്റെ പ്രൊജെക്ട്‌സ് എന്ന വിഭാഗത്തില്‍ നിന്ന് സെന്ററിനെ സംബന്ധിച്ച വാര്‍ത്തകള്‍, സെന്റര്‍ നടത്തുന്ന പരിപാടികള്‍, മുന്‍ പരിപാടികള്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാം. സെന്ററിന്റെ പ്രവര്‍ത്തനങ്ങളുടെ രീതിയും സ്വഭാവവും മനസിലാക്കാന്‍ പറ്റിയ വിഭാഗമാണ് ഇത്. ട്രെയ്‌നിംഗ് എന്ന വിഭാഗത്തിലുള്ളത് ഇനി നടത്താന്‍ പോകുന്ന പരിശീലന പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകളാണ്. ഇവ യൂറോപ്യന്‍ രാജ്യങ്ങളിലാണ് സംഘടിപ്പിക്കുന്നതെങ്കിലും സെന്ററിന്റെ പരിശീലനപരിപാടികള്‍ ഏതൊക്കെ തരത്തിലാണ് എന്ന് മനസിലാക്കാന്‍ ഇതു സഹായിക്കും. മാഗസിന്‍ വിഭാഗത്തില്‍ സൈറ്റിന്റെ മാഗസിനില്‍ വന്ന പ്രധാന ലേഖനങ്ങളും ആര്‍ക്കൈവുമുണ്ട്. റിസോഴ്‌സ് വിഭാഗം വളരെ പ്രയോജനപ്രദമാണ്. പത്രപ്രവര്‍ത്തകര്‍ക്ക് ഉപയോഗപ്രദമായ വിവിധ വാര്‍ത്തകളും പുത്തന്‍ സാങ്കേതിക വിവരങ്ങളും മറ്റും ഈ വിഭാഗത്തില്‍ നിന്നു കണ്ടെത്താം.

പ്രസ് ഗസറ്റ് 
ബ്രിട്ടനിലെ മാധ്യമ മേഖലയെ സംബന്ധിച്ച വാര്‍ത്തകളും വിവരങ്ങളും എല്ലാം അടങ്ങുന്ന സമഗ്ര സൈറ്റാണ് www.pressgazette.co.uk.1965ല്‍ തുടങ്ങിയ പ്രസിദ്ധീകരണം ഇപ്പോള്‍ ഓണ്‍ലൈനിലാക്കിയിരിക്കുന്നു. ബ്രിട്ടനിലെ എല്ലാത്തരം പ്രത്രങ്ങളും റേഡിയോ, ടിവി, ഓണ്‍ലൈന്‍ എന്നിങ്ങനെ എല്ലാ മാധ്യമ മേഖലകളെയും പറ്റിയ വിവരവും ഇതില്‍ നിന്നു കണ്ടെത്താം. ബ്രിട്ടീഷ് ജേണലിസം അവാര്‍ഡ് സംഘടിപ്പിക്കുന്നതും പ്രസ് ഗസറ്റിന്റെ നേതൃത്വത്തിലാണ്.ഓരോ മേഖലയും തിരിച്ചാണ് ഇതില്‍ മാധ്യമങ്ങളെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോന്നില്‍ ക്ലിക്ക് ചെയ്യുമ്പോഴേക്കും ആ മേഖല സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്തകള്‍ കാണാം. പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയുമൊക്കെ സംബന്ധിച്ച ധാരാളം വിവരങ്ങള്‍ സൈറ്റ് തരുന്നു. പ്രധാനപ്പെട്ട എല്ലാ വാര്‍ത്തയിലേക്കും ഹോം പേജില്‍ നിന്ന് ലിങ്കുമുണ്ട്. നിലവില്‍ ബ്രിട്ടീഷ് മാധ്യമരംഗത്തെ ഏറ്റവും സജീവ ചര്‍ച്ചയിലുള്ള വിഷയങ്ങള്‍ ഏതൊക്കെയെന്ന് ഹോട് ടോപിക്‌സ് എന്ന വിഭാഗത്തില്‍ നിന്നു കണ്ടെത്താം. ബ്രിട്ടനിലെ ജേണലിസ്റ്റുകള്‍ക്ക് മാത്രം ഉപകാരപ്രദമായവയാണ് ഇതിലെ മിക്ക വിഭാഗങ്ങളുമെങ്കിലും ചില കാര്യങ്ങള്‍ എല്ലാവര്‍ക്കും പ്രയോജനപ്രദമാണ്.ഉദാഹരണത്തിന് ഡയറക്ടറീസ് വിഭാഗം. ഇതില്‍ നിന്ന് ബ്രിട്ടനിലെ മികച്ച ജേണലിസം സ്‌കൂളുകള്‍ കണ്ടെത്താം. പെര്‍ഫെക്ട് പിച്ച് എന്ന വിഭാഗത്തില്‍ നിന്ന് വളരെ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ക്ക് എങ്ങനെ ലേഖനങ്ങള്‍ സമര്‍പ്പിക്കാം, അവരുടെ എഡിറ്റോറിയല്‍ രീതികള്‍ എന്തൊക്കെ എന്നു തിരിച്ചറിയാം. ഫ്രീലാന്‍സ് ടിപ്‌സ് എന്ന വിഭാഗം പ്രധാനമായും ബ്രിട്ടനിലെ ഫ്രീലാന്‍സ് ജേണലിസ്റ്റുകളെയാണ് ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും മറ്റിടങ്ങളിലെ എല്ലാത്തരം പത്രപ്രവര്‍ത്തകര്‍ക്കും സഹായകരമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യ സംബന്ധിച്ച അറിവുകളാണ് ഇതില്‍ പ്രധാനം.ഹൗ ഐ ഡിഡ് ഇറ്റ് എന്ന വിഭാഗത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ ചില പ്രധാന അസൈന്മെന്റുകളെക്കുറിച്ച് വിവരിക്കുന്നു. പ്രമുഖരായ ധാരാളം പത്രപ്രവര്‍ത്തകരുടെ ബ്ലോഗുകളിലേക്ക് ഇതില്‍ നിന്നു ലിങ്ക് ഉണ്ട്. അതും ഉപകാരപ്രദമാണ്.