യൂണിറ്റി ജേണലിസ്റ്റ്സ്
വിഭിന്ന സംസ്കാരങ്ങളില്‍ നിന്നുള്ള അനേകര്‍ ജീവിക്കുന്ന രാജ്യമായ അമേരിക്കയിലെ ന്യൂസ് റൂമുകളില്‍ ഇത്തരം എല്ലാ സംസ്കാരങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുണ്ട്. വംശീയ വിവേചനചിന്ത പൂര്‍ണമായും ഇല്ലാതായെന്നു പറയാനാവില്ലെന്നാണ് അമേരിക്കയിലെ ചില സ്ഥലങ്ങളില്‍ നിന്ന് ഇടയ്ക്കുണ്ടാകുന്ന വാര്‍ത്തകള്‍ മനസിലാക്കിത്തരുന്നത്. വിഭിന്ന സംസ്കാരങ്ങളെ ഒത്തൊരുമയോടെ കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റി ജേണലിസ്റ്റ്സ് എന്ന വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്. വിലാസം: unityjournalists.org. ഈ സൈറ്റിലെ പല കാര്യങ്ങളും ഇന്ത്യക്കും ബാധകമാണ്. വിവിധ വംശീയതകളെ എങ്ങനെ വാര്‍ത്താ കാര്യത്തില്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യാം എന്ന് സൈറ്റ് പറഞ്ഞു തരുന്നു. ഈ സംഘടന ഇതിനായി ശില്പശാലകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്.
ജെ.എ.ഡബ്യു.എസ്.
വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ജേണലിസം ആന്‍ഡ് വിമന്‍ സിമ്പോസിയം (www.jaws.org). മാധ്യമപ്രവര്ത്തനരംഗത്തുള്ള വനിതകളുടെ പരിശീലനം. അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, വിവരങ്ങള്‍ കൈമാറല്‍ തുടങ്ങിയ കാര്യങ്ങളാണ് ഈ സംഘടന ഉദ്ദേശിക്കുന്നത്.
ഓള്ട്ട്നെറ്റ്
മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നു വേറിട്ട് പ്രസിദ്ധീകരണം നടത്തുന്ന ഓള്‍ട്ടര്‍നേറ്റീവ് പ്രസിദ്ധീകരണങ്ങളുടെ സംഘടനയായ അസോസിയേഷന് ഓഫ് ഓള്‍ട്ടര്‍നേറ്റീവ് ന്യൂസ് മീഡിയയുടെ വെബ്സൈറ്റാണ്. www.altweeklies.com വടക്കേ അമേരിക്കയിലെ 113 ഓള്‍ട്ടര്‍നേറ്റീവ് പ്രസിദ്ധീകരണങ്ങളുടെ സംഘടനയാണിത്. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് അമേരിക്കയില്‍ വായനക്കാര്‍ ഏറെയുണ്ട്. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ മാധ്യമങ്ങളാണ് ഇവ. ഇതില്‍ അംഗങ്ങളായ പ്രസിദ്ധീകരണങ്ങളുടെ വെബ്സൈറ്റുകള്‍ കണ്ടെത്താമെന്നതാണ് ഈ സൈറ്റ് ഒരുക്കുന്ന വലിയ സൗകര്യം. വേറിട്ട പത്രപ്രവര്‍ത്തനം ലക്ഷ്യമിടുന്നവര്‍ക്ക് ഇതില്‍ പറയുന്ന സൈറ്റുകള്‍ സന്ദര്‍ശിച്ച് ഉള്ളടക്കം മനസിലാക്കാം. ഓള്‍ട്ടര്‍നേറ്റീവ് ജേണലിസത്തില്‍ ഏറെ മുന്നില്‍ നില്ക്കുന്ന അമേരിക്കയില്‍ പ്രധാന മാധ്യമങ്ങള്‍ എങ്ങനെയാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് മനസിലാക്കാന്‍ ഇതു സഹായിക്കും. ഈ സൈറ്റിന്റെ ഹോം പേജില്‍ അസോസിയേഷനില്‍ അംഗങ്ങളായ പ്രസിദ്ധീകരണങ്ങളില്‍ വന്ന വാര്‍ത്തകളും ലേഖനങ്ങളും നല്കിയിരിക്കുന്നു. ന്യൂസ്, പൊളിറ്റിക്സ്, മൂവീസ്, മ്യൂസിക്, ബുക്ക്സ്, കള്‍ച്ചര്‍ എന്നീ വിഷയങ്ങള്‍ ഉണ്ട്. സൈറ്റിലെ ഇന്‍ഡസ്ട്രി ന്യൂസ് എന്ന വിഭാഗത്തില്‍ നിന്ന് മാധ്യമ രംഗത്തിന്റെ രാജ്യാന്തരനില വ്യക്തമാക്കുന്ന വിവരങ്ങള്‍ കിട്ടും. ഓള്‍ട്ടര്‍നേറ്റീവ് മാധ്യമരംഗത്ത് ശ്രദ്ധ നേടിയവരുടെ അനുഭവക്കുറിപ്പുകള്‍ പ്രത്യേകത നിറഞ്ഞ വിഭാഗമാണ്.
ന്യൂസ്ഗില്‍ഡ്
വ്യത്യസ്തമായ ഒരു മാധ്യമപ്രവര്‍ത്തക സംഘടനയായ ന്യൂസ്ഗില്ഡിന്റെ വെബ് സൈറ്റാണ്. www.newsguild.org. മാധ്യമ പ്രവര്‍ത്തനരംഗത്ത് നിരവധി സംഘടനകളുണ്ടെങ്കിലും അവയെല്ലാം ഏതെങ്കിലുമൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായിരിക്കും. എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, ഡിസൈനര്‍, ഓണ്‍ലൈന്‍ എഴുത്തുകാര്‍. ആര്‍ട്ടിസ്റ്റ്, ടൈപ്പോഗ്രാഫര്‍, സെയില്‍സ് വിഭാഗക്കാര്‍, മാര്‍ക്കറ്റിങ്ങ് സ്പെഷലിസ്റ്റ്, ടെക്നീഷ്യന് തുടങ്ങി എല്ലാ മേഖലകളിലും പെടുന്നവര്‍ ഇതില്‍ അംഗങ്ങളാണ്. പ്രിന്റ്, ബ്രോഡ്കാസ്റ്റ്, ഓണ്‍ലൈന്‍ തുടങ്ങി എല്ലാ രംഗങ്ങളില്‍ നിന്നുമുള്ളവര്‍ അംഗങ്ങളില്പെടുന്നു. ഇതിനാല്‍ മാധ്യമരംഗം സംബന്ധിച്ച് എല്ലാ വിഭാഗക്കാര്‍ക്കും താല്പര്യമുള്ള വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലുണ്ടാകുന്നത് ഈ സൈറ്റില്‍ നിന്നു കണ്ടെത്താം.