Error message

മുൻപേ പറന്നവർ

പി. സുജാതൻ

പത്രപ്രവർത്തകന്റെ തൂലികയ്ക്ക്‌, ക്യാമറക്കണ്ണിന്‌ ലോകത്തെ മാറ്റി മറിക്കാനുള്ള കഴിവുണ്ട്‌. വാർത്തയുടെ ലോകത്ത്‌ അത്ഭുതങ്ങൾ സൃഷ്ടിച്ച ലോകമാധ്യമരംഗത്തെ അത്തരം അതുല്യരായ പ്രതിഭകളെ പരിചയപ്പെടുത്തുന്ന പംക്തി.

'ഓവർ  എ കപ്പ് ഓഫ് ടീ'

ദുരന്തവും ഫലിതവും ഒരു ജീനിയസിന്റെ സ്വഭാവത്തിലെ ദാർശനികഭാവങ്ങളാണ്. യവന നാടക രചയിതാവായ മഹാനായ സോഫോക്ലീസ് മുതൽ മലയാള സാഹിത്യകാരനായ സഞ്ജയൻ വരെ ഈ സ്വഭാവത്തിന്റെ ദൃഷ്ടാന്തങ്ങളായിത്തീരുന്നു. ഹാസ്യവും ദുരന്തവും കൊണ്ട് ജീവിതത്തിന്റെ സ്വാസ്ഥ്യം കെടുത്താൻ നൈസർഗ്ഗികമായ ഒരു വാസന, നല്ല പ്രതിഭയുടെ ലക്ഷണം പോലുമാണ്. ധർമ്മരാജയും രാമരാജബഹദൂറും എഴുതിയ സി.വി.രാമൻപിള്ള 'പണ്ടത്തെപ്പാച്ചൻ' പോലുള്ള പ്രഹസനങ്ങളും രചിച്ചിട്ടുണ്ട്. ചരിത്രനോവൽ രചിക്കാൻ പുറപ്പെട്ട് വ്യസനിപ്പിക്കുന്ന ദുരന്ത കഥാപാത്രങ്ങളെ സൃഷ്ടിച്ച് തന്റെ പ്രതിഭാവിലാസത്തോട് നീതിപുലർത്തിയ സി.വി വെറും നേരം പോക്കിനായി ഹാസ്യനാടകങ്ങൾ ഭാവന ചെയ്തതല്ല. മേഘങ്ങളെ ചുംബിക്കുന്ന പർവത സമാനമായ തന്റെ പ്രതിഭയുടെ ഭാവവൈരുദ്ധ്യങ്ങളെ തുറന്നു കാട്ടുകയായിരുന്നു സാക്ഷാൽ സി. വി. പത്രപ്രവർത്തനത്തിൽ അപാരപ്രതിഭാവിലാസത്തിന്റെ ഈ വിധി ഏറ്റുവാങ്ങിയ ആൾ പോത്തൻ ജോസഫ് ആണ്. ഹാസ്യവും ദുരന്തവും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിന് സമ്മാനിച്ച സൃഷ്ടിപരമായ മിഴിവ് ആർക്കും മറക്കാനാവില്ല.
എല്ലാ ജീനിയസുകളുടേതുമെന്നപോലെ പത്രപ്രവർത്തകനായ പോത്തൻ ജോസഫിന്റെ ജീവിതം ഒരു കപ്പൽച്ചേതമായിരുന്നു. സ്വാതന്ത്ര്യസമരങ്ങളുടെ തീയിൽ നിന്നാണ് പുതിയ ഇന്ത്യയെ വ്യാഖ്യാനിക്കാനുള്ള ആവേശമുൾക്കൊണ്ട് പോത്തൻ ജോസഫ് പത്രപ്രവർത്തനം ഇഷ്ടതൊഴിലായി തെരഞ്ഞെടുത്തത്. 1947 ന് മുമ്പും പിമ്പും ഉള്ള ഈ രണ്ടു ദശകങ്ങൾ ചേർന്നതാണ് അദ്ദേഹത്തിന്റെ മുഖ്യപ്രവർത്തനകാലം. 40 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ 26 പത്രങ്ങളിൽ ജോലി ചെയ്യേണ്ടിവന്നതിലൂടെ തൊഴിൽപരമായ വിട്ടുവീഴ്ചയില്ലായ്മയുടെ സ്വയം കത്തിച്ചു പിടിച്ച ഒരു പന്തമായിരുന്നു പോത്തൻ ജോസഫ് എന്ന് ആർക്കും അനുമാനിക്കാം. ഈ പത്രങ്ങളിൽ പലതിന്റെയും സ്ഥാപക പത്രാധിപരായിരുന്നു  അദ്ദേഹം. പങ്കാളിത്ത വ്യവസ്ഥയോടെ 'ഡെക്കാൺ ഹെറാൾഡ്' സ്ഥാപിച്ച് ബാംഗ്ലൂരിൽ ആദ്യത്തെ പ്രതി അച്ചടിച്ചിറക്കുന്ന തിരക്കിട്ട രാത്രിയിലായിരുന്നു പോത്തൻ ജോസഫിന്റെ ഭാര്യ മദ്രാസിൽ അന്ത്യശ്വാസം വലിച്ചത്. പത്രത്തിൽ നിന്ന് പത്രത്തിലേക്കുള്ള അസ്ഥിരമായ ഓട്ടത്തെ പരിഹസിച്ചുകൊണ്ട് ചങ്ങാതിമാർ പോത്തനോട് കളിയാക്കി പറഞ്ഞു, 'റോളിംഗ് സ്റ്റോൺ ഗാതേഴ്‌സ് നോ മോസ്.' ഉരുളയ്ക്ക് ഉപ്പേരിപോലെ പോത്തൻ അതിന് മറുപടി പറഞ്ഞു: 'വാട്ട് ഈസ് ദ യൂസ് ഓഫ് മോസ് ടു എ റോളിംഗ് സ്റ്റോൺ?'
ഉരുളൻ കല്ലിന് പായൽ കൊണ്ട് ഒരു ഉപയോഗവുമില്ല. അഥവാ എറിയാൻ മിടുക്കുള്ളവന് മൂർച്ചയേറിയ കല്ലുമാത്രം മതി. അതിൽ പായൽ പൊതിഞ്ഞാൽ വഴുക്കും. മൂർച്ച കുറയുകയും ചെയ്യും. അതിനാൽ എരിയുന്ന ഒരു പന്തമായി പോത്തൻ ജോസഫ് എന്ന എക്കാലത്തെയും വലിയ ജേർണലിസ്റ്റ് ജീനിയസ് രാജ്യത്തിനാകമാനം വെളിച്ചം പകർന്നു. പോത്തൻ ജോസഫിന്റെ ജീവിതം പത്രപ്രവർത്തനത്തിന്റെ പാഠങ്ങളാണെന്ന് ടി.ജെ.എസ് ജോർജ് പറയുന്നു. 'Lessons in journalism - the story of Pothan Joseph'  എന്ന ജീവചരിത്രഗ്രന്ഥത്തിൽ ജോർജ്ജ് എഴുതുന്നു: ''സ്വാധീനവ്യാപ്തിയിൽ പോത്തൻ ജോസഫിന്റെ 'Over a cup of Tea' പോലൊരു പംക്തി പത്രപ്രവർത്തന ലോകത്ത് വേറെയില്ല. ബ്രിട്ടീഷ് ഭരണകാലത്ത് ഇരുപതു കൊല്ലവും സ്വതന്ത്ര ഇന്ത്യയിൽ ഇരുപതു കൊല്ലവും ദിവസവും പ്രത്യക്ഷപ്പെട്ട ഏക പത്രപംക്തി. അധികാരപദവികൾക്കു മുന്നിൽ തലകുനിക്കാൻ എഴുത്തുകാരൻ ഒരുക്കമല്ലാത്തതുകൊണ്ടുമാത്രം ചെറിയ ഇടവേളകളിൽ ജനങ്ങൾ അതു വായിക്കാതെ വന്നിട്ടുണ്ടാകാം. ബൈലൈനോ തൂലികാ നാമമോ ഇല്ലാതെ പ്രത്യക്ഷപ്പെട്ടിരുന്ന പംക്തി നിത്യവും എഴുതുന്നത് ആരെന്ന് അതു വായിച്ചിരുന്ന വൈസ്രോയി മുതൽ ശിപായി വരെയുള്ളവർക്ക് അറിയാമായിരുന്നു. മഹാത്മാഗാന്ധിയും രാജാജിയും ഓവർ എ കപ്പ് ഓഫ് ടീയുടെ നിത്യവായനക്കാരായിരുന്നു. കലാശാലാ പ്രൊഫസറും നിയമജ്ഞരും വിദ്യാർഥികളും വ്യാപാരികളും മുടങ്ങാതെ ആ പംക്തി ശ്രദ്ധിച്ചു. ഒന്നിലേറെ പത്രങ്ങളുടെ അംഗീകാരം ഉറപ്പിക്കാനും പ്രചാരം കൂറ്റ്നും ഇടയാക്കിയ ഏക പംക്തി. ആരെയും നോവിക്കാതെ എല്ലാവരെയും രസിപ്പിച്ച അറിവിന്റെയും ജ്ഞാനത്തിന്റെയും ഫലിതത്തിന്റെയും ഒരു പ്രകാശ ബിന്ദു. അനുപേക്ഷണീയനായ സാക്ഷാൽ പോത്തൻ ജോസഫ് ആയിരുന്നു ആ പംക്തി.''
ദിനപ്പത്രത്തിൽ മുടങ്ങാതെ ഒരു പംക്തിയെന്ന ആശയം ലോകത്തെങ്ങും പതിവില്ലായിരുന്നു. 1920 കളുടെ ആരംഭത്തിൽ പോത്തൻ ജോസഫിന്റെ നൂതനാശയമായിരുന്നു അത്. പ്രശസ്ത എഴുത്തുകാരനും പത്രാധിപരും ആയിരുന്ന ഫ്രാങ്ക് മൊറയ്‌സ് ഓവർ എ കപ്പ് ഓഫ് ടി  എന്ന പംക്തിയെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തുന്നു: ''മഴയേയും കാറ്റിനേയും കുസാതെ നീണ്ട നാൽപ്പതു കൊല്ലം എല്ലാ ദിവസവും ഒരു പംക്തി എഴുതാൻ ജോസഫിനു മാത്രമേ കഴിയൂ. വാരികകളുടെ ശീലമായ പംക്തിയെ ദിനപ്പത്രത്തിന്റെ ആവശ്യമാക്കി മാറ്റിയ ആദ്യ സംഭവമാണത്.''
ചെങ്ങന്നൂരിൽ 1892 മാർച്ച് 13-ാം തീയതി പോത്തൻ ജോസഫ് ജനിച്ചു. ഊറയിൽ വീട്ടിൽ സി.ഐ ജോസഫിന്റെ രണ്ടാമത്തെ മകൻ. ജ്യേഷ്ഠ സഹോദരൻ ബാരിസ്റ്റർ ജോർജ്ജ് ജോസഫിന്റെ സ്വാധീനമാണ് പോത്തനെ പത്രപ്രവർത്തനത്തിൽ എത്തിച്ചത്. സ്വാതന്ത്ര്യ സമരനേതാവും മഹാത്മജിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും ആനിബസന്റിന്റെയും ഉറ്റ സഹപ്രവർത്തകനുമായിരുന്നു ബാരിസ്റ്റർ ജോർജ് ജോസഫ്. ഗാന്ധിജിയുടെ 'യംഗ് ഇന്ത്യ' എന്ന പത്രത്തിൽ ജോർജ് എഡിറ്ററായിട്ടുണ്ട്. ഇളയമകനെ എൻജിനീയറാക്കാനാണ് പിതാവ് സി.ഐ.ജോസഫ് ആഗ്രഹിച്ചത്. ജന്മനാട്ടിൽ സ്‌കൂൾ പഠനം പൂർത്തിയാക്കി കോട്ടയം സി.എം.എസ് കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്ന പോത്തന്റെ വിവാഹവും അക്കാലത്തെ രീതിയനുസരിച്ച് നന്നേ ചെറുപ്രായത്തിൽ നടന്നു. കണ്ടത്തിൽ കുടുംബാംഗമായ അന്ന (കെ.എം.മാമ്മൻ മാപ്പിളയുടെ മകൾ) ആയിരുന്നു വധു. ഇന്റർപഠനം കഴിഞ്ഞ് പോത്തൻ മദ്രാസ് പ്രസിഡൻസി കോളേജിൽ ചേർന്ന് ഫിസിക്‌സിൽ ബിരുദമെടുത്തു. അക്കാലത്ത് സർവപ്പള്ളി രാധാകൃഷ്ണനെപ്പോലെ സമർത്ഥരായ സഹപാഠികളുടെ സൗഹൃദം ലഭിച്ചു. ഭാര്യാ പിതാവിന്റെ നിരന്തര പ്രേരണമൂലം പോത്തൻ ബോംബെ സർവകലാശാലയിൽ ചേർന്ന് നിയമബിരുദവും നേടി. ഹൈക്കോടതിയുടെ ആസ്ഥാനം അന്ന് തിരുവനന്തപുരത്തായിരുന്നു. പോത്തൻ ജോസഫ് അവിടെ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയെങ്കിലും ഗൗൺ അഴിച്ചുവച്ച് അദ്ദേഹം സിലോണിലേക്ക് പോയി. ട്രിനിറ്റി കോളേജിൽ അധ്യാപകനായി. ചഞ്ചല മാനസനും അസ്വസ്ഥനുമായിരുന്നു പോത്തൻ ജോസഫ്. സിലോ വി'് ഇന്ത്യയിൽ തിരിച്ചുവന്ന് സെക്കന്തരാബാദിലെ വെസ്‌ലി ഹൈസ്‌ക്കൂളിൽ അധ്യാപകനായി ചേർന്നു. ഇംഗ്ലീഷ് സാഹിത്യകൃതികളിലേക്ക് പോത്തൻ ആകർഷിക്കപ്പെട്ടത് ഇക്കാലത്താണ്. വായന വിപുലപ്പെട്ടു. ഒപ്പം കേണൽ ആർ.എച്ച്.കാമറോ നടത്തി വന്ന ഹൈദരാബാദ് ബുള്ളറ്റിൻ എന്ന വാരികയിൽ കുറിപ്പുകൾ എഴുതാനും തുടങ്ങി. ഓരോ കോളത്തിനും മൂന്ന് രൂപയെന്ന ആകർഷകമായ പ്രതിഫലം ലഭിച്ചു. ജ്യേഷ്ഠന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ഇംഗ്ലീഷ് സാഹിത്യം വായിച്ച അനുഭവങ്ങളും എഴുതാൻ ലഭിച്ച അസുലഭ അവസരവും പോത്തൻ ജോസഫിനെ സ്വയം കണ്ടെത്താൻ സഹായിച്ച സാഹചര്യങ്ങളാണ്. അഭിഭാഷകവൃത്തിയും അധ്യാപകജോലിയും നൽകാത്ത അനിർവചനീയമായ ആനന്ദം പത്രലേഖകൻ എന്ന നിലയിൽ അദ്ദേഹം അനുഭവിച്ചു. എങ്കിലും അക്കാലത്ത് ദക്ഷിണേന്ത്യയിൽ 'ഹിന്ദു' ഒഴികെ ഇംഗ്ലീഷ് ജേർണലിസത്തിന് ഇണങ്ങിയ വേദികൾ ഇല്ലായിരുന്നു. ബോംബെ, ഡൽഹി, കൽക്കത്ത, ലക്‌നോ തുടങ്ങിയ നഗരങ്ങളിലായിരുന്നു അന്നത്തെ പ്രധാന പത്രങ്ങൾ പലതും. ബി.ജി.ഹോണിമാൻ നടത്തുന്ന ബോംബെ ക്രോണിക്കിൾ ഏറെ പ്രശസ്തം. ബോംബെയിലെത്തിയ പോത്തൻ പത്രാധിപർ ഹോണിമാനെ കാണാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. മഹാനഗരത്തിൽ ജീവിക്കാൻ താൽക്കാലിക മാർഗ്ഗമെന്ന നിലയിൽ അധ്യാപകജോലി വീണ്ടും ഏറ്റെടുത്തു. സരോജിനി നായിഡുവിന്റെ നിർദ്ദേശപ്രകാരം ഒരു വനിതാ ഹോസ്റ്റലിൽ വാർഡൻ ജോലിയും ചെയ്തു. നഗരത്തിൽ ആയിടെ പരിചയപ്പെട്ട രണ്ട് യുവ പത്രപ്രവർത്തകരുടെ സഹായത്താൽ ഹോണിമാൻ എന്ന ഇതിഹാസതുല്യനെ കണ്ടു. പോത്തന്റെ അറിവും വിദ്യാഭ്യാസ യോഗ്യതകളും താൽപ്പര്യങ്ങളും തിരിച്ചറിഞ്ഞ ഹോണിമാൻ 175 രൂപ പ്രതിമാസ ശമ്പളത്തിൽ തന്റെ പത്രത്തിൽ പോത്തനെ നിയമിച്ചു. 'പൊട്ടന്റ് ജോ' എന്നാണ് തമാശയായി ഹോണിമാൻ അദ്ദേഹത്തെ വിളിച്ചത്. നല്ല സൗഹൃദമായിരുന്നു ഇരുവരും തമ്മിൽ. സ്വാതന്ത്ര്യസമരത്തിന്റെ വികാസ വ്യതിയാനങ്ങളെയും സമരപ്പോരാളികളെയും അടുത്തുനിന്ന് മനസ്സിലാക്കാൻ പോത്തൻ ജോസഫിന് ധാരാളം അവസരങ്ങൾ തുറന്നുകിട്ടി. ദേശീയ സംഭവങ്ങളെ ചാരുതയാർന്ന ഭാഷയിൽ കുറിക്കുകൊള്ളുന്ന മട്ടിൽ ആവിഷ്‌കരിക്കാൻ പോത്തൻ ജോസഫ് പരിശ്രമിച്ചു. നേതാക്കന്മാരും സാധാരണ വായനക്കാരും ജോസഫിനെയല്ല, പൊട്ടന്റ് ജോയെ തിരിച്ചറിഞ്ഞു. പത്രാധിപരുടെ പ്രവർത്തന സ്വാതന്ത്ര്യത്തിന്റെ മഹിമ മനസ്സിലാക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്ത പോത്തൻ ജോസഫിന് ഒരു പത്രത്തിൽത്തന്നെ ദീർഘകാലം തുടരാൻ കഴിയാതെ വന്നു. തൊഴിൽപരമായ സ്ഥിരതയോ സംഘടനാ പിൻബലമോ ഇല്ലാതെ മാന്യമായ വേതനത്തിനും പ്രവർത്തന സ്വാതന്ത്ര്യത്തിനും ഒറ്റയ്ക്ക് പോരടിക്കേണ്ടി വന്നതിനാൽ പോത്തന് രണ്ടും മൂന്നും വർഷത്തിലേറെക്കാലം ഒരു പത്രത്തിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. എന്നാൽ പോത്തൻ ജോസഫ് എന്ന പത്രപ്രവർത്തകന്റെ ശക്തി അറിയാവുന്നവർ എപ്പോഴും അദ്ദേഹത്തിന് അവസരങ്ങൾ നൽകിക്കൊണ്ടിരുന്നു. മുഹമ്മദാലി ജിന്ന ഡൽഹിയിൽ ആരംഭിച്ച 'ഡോൺ' എന്ന പത്രത്തിന് പറ്റിയ പത്രാധിപരെ കണ്ടുപിടിക്കാൻ ആലോചിച്ചപ്പോൾ ആദ്യം എത്തിയ പേരാണ് പോത്തൻ ജോസഫിന്റേത്. പത്ര ഉടമയെയും തന്നെത്തന്നെയും പരിഹസിച്ച് രസിക്കുന്ന പോത്തനെ ഒരിക്കൽ ജിന്ന തന്റെ ചേമ്പറിൽ വിളിച്ചു വരുത്തി. ''സ്വയം ഇങ്ങനെ ഊതിവീർപ്പിച്ച് ആളാകരുത്'' എന്ന് ഉപദേശിച്ചു. അപ്പോൾത്തന്നെ പോത്തൻ ഇങ്ങനെ മറുപടി നൽകി. ''മിസ്റ്റർ ജിന്ന, ചിന്താശീലരായ താങ്കളുടെ മാതാപിതാക്കൾ നിങ്ങളുടെ പേരിൽത്തന്നെ 'ജിൻ' ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതു ഞാൻ സ്വയം ഉണ്ടാക്കണം.''
ഷെയ്ക്‌സ്പിയർ എന്നൊരാൾ ഇല്ലെന്നും ആ പേരിൽ പ്രസിദ്ധീകൃതമായ നാടകങ്ങളും കവിതയും ബ്രിട്ടീഷ് കൊട്ടാരത്തിലെ ആരോ കള്ളപ്പേരിൽ രചിച്ചതാണെന്നും വലിയ വിവാദം ഉയർന്നു വന്നു. ഷെയ്ക്‌സ്പിയറുടെ ആരാധകനായ പോത്തൻ ജോസഫ് തന്റെ പംക്തിയിൽ ഇങ്ങനെ എഴുതിയാണ് ആ വിവാദത്തിൽ പങ്കുചേർന്നത്: ''ഷെയ്ക്‌സ്പിയറുടെ കൃതികൾ ഷെയ്ക്‌സ്പിയർ എഴുതിയതായിരിക്കില്ല. മിക്കവാറും അവ മറ്റാരോ രചിച്ചതാകാം. അയാളുടെ പേര് വില്യം ഷെയ്ക്‌സ്പിയർ എന്നാകാനാണ് സാധ്യത.''
ഇന്ത്യൻ ന്യൂസ് പേപ്പർ എഡിറ്റേഴ്‌സ് കോൺഫറൻസ് 1940ൽ സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയ പോത്തൻ ജോസഫ് പത്രാധിപന്മാരുടെയും പത്രജീവനക്കാരുടെയും മാന്യമായ ജീവിതാവസരങ്ങൾക്കുവേണ്ടി വാദിച്ചു. എന്നാൽ എഡിറ്റർമാർ സ്വന്തം താൽപ്പര്യങ്ങളിൽ മാത്രം ഊന്നി നിൽക്കുകയും സഹപ്രവർത്തകരെ സൗകര്യപൂർവ്വം ഒഴിവാക്കുകയും ചെയ്തു. പ്രതിഷേധപൂർവം പോത്തൻ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിറ്റേദിവസം തന്റെ പംക്തിയിൽ ആൾ ഇന്ത്യ വൾച്ചേഴ്‌സ് കോൺഫറൻസിനെക്കുറിച്ചായിരുന്നു പോത്തന്റെ കാച്ച്. പത്രം ഓഫീസിന്റെ സ്വസ്ഥത മുഴുവൻ തകർക്കുന്നത് മാനേജിംഗ് എഡിറ്റർ എന്ന കഥാപാത്രമാണെന്ന് പോത്തൻ ജോസഫ് വിശ്വസിച്ചു. ''ഡാമേജിംഗ് എഡിറ്റർ'' എന്നാണ് അദ്ദേഹം അവരെ പതിവായി വിളിച്ചിരുന്നത്. 40 വർഷങ്ങൾക്കിടയിൽ 26 പത്രങ്ങളിൽ ജോലി ചെയ്യേണ്ടിവന്നതിന്റെ പൊരുൾ പോത്തന്റെ ഈ നർമ്മ ബോധത്തിൽ നിന്ന് ഏറക്കുറെ അനുമാനിക്കാം.
നല്ല പത്രപ്രവർത്തകൻ നന്നായി എഴുതുകയും എഡിറ്റ് ചെയ്യുകയും മാത്രം ചെയ്യുന്ന ആളല്ല. മികച്ച സംഘാടകനായതുകൊണ്ടും അയാൾ പൂർണ്ണനാകുന്നില്ല. തന്നെപ്പോലോ അതിലും മികച്ചവരോ ആയ അനന്തരഗാമികളെ അയാൾ വളർത്തിക്കൊണ്ടുവരണം. പോത്തൻ ജോസഫ് ഉരുളൻ കല്ലുപോലെ പായൽപിടിക്കാതെ ഓടി നടന്നപ്പോഴും പ്രഗത്ഭരായ പുതിയ തലമുറയെ സൃഷ്ടിച്ചു. ശ്യാംലാൽ, ദുർഗ്ഗാദാസ്, ചമൻലാൽ, എടത്തട്ട നാരായണൻ, കാർട്ടൂണിസ്റ്റ് ശങ്കർ എന്നിവരെല്ലാം പോത്തൻ ജോസഫിന്റെ തലോടലിലൂടെ ഉയർന്നു വന്നവരാണ്.
ജീവിതാന്ത്യം പോത്തൻ ജോസഫിന് തീരെ സന്തോഷകരമായിരുന്നില്ല. ഡെക്കാൺ ഹെറാൾഡിലെ ഓഹരി ഉടമാവകാശത്തിനു വേണ്ടി വ്യവഹാരം നടത്തേണ്ടിവന്നു. വിഭാര്യനായി ബാംഗ്ലൂരിൽ കഴിയുന്നതിനിടയിൽ പ്രഭാത സവാരിക്കിറങ്ങിയ അദ്ദേഹത്തെ അജ്ഞാതവാഹനം ഇടിച്ചു വീഴ്ത്തി. മൂത്ത പുത്രി ഗ്രയ്‌സിന്റെ അകാല വിയോഗം പോത്തനെ മാനസികമായി തളർത്തി. അപകടത്തെത്തുടർന്നുണ്ടായ അംഗവൈകല്യവും അവശതകളും ഒരു കപ്പ് ചായയ്ക്കിടയിൽ സംസാരിച്ചുതീർക്കാവുന്നതായിരുന്നില്ല. 1972ൽ രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ ആ പത്രപ്രവർത്തകന്റെ ജീവിതത്തിന് വിരാമചിഹ്നം വീണു. പിറ്റേക്കൊല്ലം മരണാനന്തര ബഹുമതിയായി രാജ്യം അദ്ദേഹത്തിന് പത്മഭൂഷൻ നൽകി. അതു നന്നായി. ജീവിച്ചിരുന്നപ്പോഴായിരുന്നു ആ ബഹുമതി പ്രഖ്യാപിച്ചിരുന്നതെങ്കിൽ സാക്ഷാൽ പോത്തൻ ജോസഫ് സ്വയം പരിഹസിച്ച് ഒരു ഫലിതമെഴുതി അവാർഡ് എന്ന അപമാനത്തെ കൊല്ലുമായിരുന്നു.

ലേഖകൻ വീക്ഷണം പത്രത്തിലെ പൊളിറ്റിക്കൽ എഡിറ്ററാണ്‌. ലേഖകന്റെ ഇ-മെയ്‌ൽ: sujaathan@gmail.com

Tags: