മുൻപേ പറന്നവർ

പി. സുജാതൻ

പത്രപ്രവർത്തകന്റെ തൂലികയ്ക്ക്‌, ക്യാമറക്കണ്ണിന്‌ ലോകത്തെ മാറ്റി മറിക്കാനുള്ള കഴിവുണ്ട്‌. വാർത്തയുടെ ലോകത്ത്‌ അത്ഭുതങ്ങൾ സൃഷ്ടിച്ച ലോകമാധ്യമരംഗത്തെ അത്തരം അതുല്യരായ പ്രതിഭകളെ പരിചയപ്പെടുത്തുന്ന പംക്തി.

തിരിച്ചുവരാത്ത തീർത്ഥാടനം

‘റോയിട്ടേഴ്സ്‌’ ആഘോഷിച്ച ഏക മലയാളിയാണ്‌ എം. ശിവറാം. ഈ അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ ലണ്ടൻ ആസ്ഥാനമന്ദിരത്തിന്റെ പൂമുഖത്ത്‌ സ്വർണ്ണ ഫലകത്തിൽ എം. ശിവറാമിന്റെ മികവിനെപ്പറ്റി അഭിമാനത്തോടെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്‌. നീണ്ട 48 മണിക്കൂർ നേരത്തേക്ക്‌ ആരാലും വെല്ലുവിളിക്കപ്പെടാത്ത അത്യപൂർവവാർത്താ സ്കൂപ്പിന്റെ അവകാശി റോയിട്ടേഴ്സിന്റെ റംഗൂൺ ലേഖകനായിരുന്ന ശിവറാം ആണ്‌. ഉദ്വോഗജനകവും ആകസ്മികവും സാഹസികവും ആണ്‌ ആ ചരിത്രസംഭവം.
1947 ജൂലൈ 19-)ം  തീയതി പതിവുപോലെ റംഗൂൺ നഗരത്തിൽ സെക്രട്ടേറിയറ്റ്‌ മന്ദിരപരിസരത്ത്‌ ചുറ്റിക്കറങ്ങുകയായിരുന്നു എം. ശിവറാം. ബ്രട്ടീഷ്‌ കോളനിവാഴ്ച രാജ്യത്തുനിന്ന്‌ വിടപറയാനൊരുങ്ങുന്ന കാലം. ജനറൽ ആംഗ്സാൻ നയിക്കുന്ന ഇടക്കാല നിഴൽ ഭരണകൂടം അധികാരമാറ്റത്തിന്റെ ചർച്ചകൾ നടത്തിവരുന്നു. ശിവറാം റംഗൂൺ സെക്രട്ടേറിയറ്റ്‌ മന്ദിരത്തിലേക്കു നീളുന്ന പ്രധാന വീഥിയിലൂടെ നടന്നു നീങ്ങുമ്പോൾ രണ്ട്‌ ട്രക്ക്‌ നിറയെ പട്ടാളക്കാർ അതിവേഗം പാഞ്ഞുപോകുന്നു. സെക്രട്ടേറിയറ്റിനുമുന്നിൽ നിറുത്തിയ ട്രക്കിൽ നിന്ന്‌ തോക്കുധാരികളായ പട്ടാളക്കാർ ചാടി ഇറങ്ങുന്നു. കോൺഫറൻസ്‌ ഹാളിലേക്ക്‌ അവർ പാഞ്ഞു കയറുന്നതും ചടപട വെടിയൊച്ച ഉയർന്നതും ഒരു മരച്ചുവട്ടിൽ മറഞ്ഞു നിന്ന ശിവറാം കേട്ടു. പത്തു നിമിഷങ്ങൾ മാത്രം നീണ്ട സംഘർഷവും ഒച്ചയും നിലവിളിയും. പട്ടാളക്കാർ ഒരു ദൗത്യം നിർവഹിച്ച നിർവൃതിയോടെ ട്രക്കുകളിൽ കയറി ഉടൻ സ്ഥലം വിടുകയും ചെയ്തു.
മരത്തിന്റെ മറവിൽ നിന്ന്‌ മാറി ശിവറാം സെക്രട്ടേറിയറ്റ്‌ കോൺഫറൻസ്‌ ഹാളിലേക്ക്‌ കയറിച്ചെന്നപ്പോൾ കണ്ടത്‌ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു. ബർമ്മയുടെ രാഷ്ട്രത്തലവൻ ആംഗ്സാൻ അടക്കം ഏഴ്‌ ക്യാബിനറ്റ്‌ മന്ത്രിമാർ രക്തത്തിൽ കുളിച്ച്‌ നിശ്ചലമായി കിടക്കുന്നു. പ്രസിഡന്റിന്റെ മൂത്ത സഹോദരൻ ബാവിൻ, ക്യാബിനറ്റ്‌ സെക്രട്ടറി, അംഗരക്ഷകൻ എന്നിവരുടെ മൃതദേഹങ്ങളും ശിവറാം എണ്ണി. കിട്ടിയ വിവരങ്ങളുമായി മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ ശിവറാം സമീപത്തുള്ള ടെലഗ്രാഫ്‌ ഓഫീസിലേക്ക്‌ ഓടി. “ബർമ്മയുടെ പ്രസിഡന്റും മന്ത്രിസഭാംഗങ്ങളും കൂട്ടക്കൊല ചെയ്യപ്പെട്ടു” എന്ന വാർത്ത കമ്പി സന്ദേശമായി അയച്ചു. വിശദാംശങ്ങൾക്കും അനന്തര സംഭവങ്ങൾക്കുമായി ശിവറാം ദുരന്ത രംഗത്ത്‌ മടങ്ങിവരുമ്പോഴേക്ക്‌ പ്രധാനമന്ത്രി യൂസ ബർമ്മയിലെ വാർത്താവിനിമയ ബന്ധങ്ങളെല്ലാം പ്രത്യേക ഉത്തരവിലൂടെ വിച്ഛേദിച്ചിരുന്നു. റേഡിയോ പ്രക്ഷേപണം നിലച്ചു. പത്രങ്ങളും റേഡിയോയും അല്ലാതെ വാർത്തകളറിയാൻ ജനങ്ങൾക്ക്‌ അക്കാലത്ത്‌ വേറെ എളുപ്പ വഴികളൊന്നുമില്ല. രണ്ടു ദിവസം എം. ശിവറാം റോയിട്ടേഴ്സിനു നൽകിയ ഏക കമ്പി സന്ദേശമാണ്‌ ബർമ്മയെക്കുറിച്ച്‌ ലോകം അറിഞ്ഞ വിശേഷങ്ങൾ. ശേഷിച്ച സംഭവങ്ങൾ ശിവറാമിനു പോലും പുറത്തേകയയ്ക്കാൻ പറ്റാത്ത തരത്തിൽ വാർത്താവിനിമയ സൗകര്യങ്ങളെല്ലാം അടഞ്ഞുപോയി.
രാഷ്ട്രത്തലവനെയും മന്ത്രിസഭാംഗങ്ങളെയും കൂട്ടക്കൊല ചെയ്ത ദാരുണ സംഭവത്തിൽ ബർമ്മയിലെ പ്രധാനമന്ത്രി യുസായെ പിന്നീട്‌ വിചാരണ ചെയ്തു തൂക്കിക്കൊന്നു. ബ്രട്ടീഷ്‌ സേനയിലെ ഏതാനും ഓഫീസർമാർക്ക്‌ കൂട്ടക്കൊല ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്നും തെളിഞ്ഞു. പലരും തടങ്കലിലായി. ആംഗ്സാന്റെ രാഷ്ട്രീയ എതിരാളി നെവിൻ സംശയിക്കപ്പെട്ടെങ്കിലും തെളിവുകൾ ഇല്ലാത്തതിനാൽ രക്ഷപ്പെട്ടു.
ആധുനിക ബർമ്മയുടെ പിതാവെന്ന്‌ വിളിക്കപ്പെടുന്ന ജനറൽ ആംഗ്സാൻ ബ്രട്ടീഷ്‌ കോളനി വാഴ്ചയിൽ നിന്ന്‌ തന്റെ രാജ്യത്തെ മോചിപ്പിച്ച ദേശീയവാദിയാണ്‌. ഇന്ത്യയിൽ മഹാത്മാഗാന്ധിക്കുള്ള സ്ഥാനമാണ്‌ ബർമ്മക്കാർ ആംഗ്സാന്‌ കൽപ്പിക്കുന്നത്‌. ‘ജനറൽ’ എന്ന അർത്ഥത്തിൽ ‘ബോഗ്യോകി’ എന്ന്‌ ബഹുമാനപൂർവം ജനങ്ങൾ അദ്ദേഹത്തെ വിളിക്കുന്നു. ബർമ്മീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സ്ഥാപക നേതാവും ആംഗ്സാൻ ആണ്‌. 1947 ജനുവരി 27-)ം  തീയതി ലണ്ടനിൽ പ്രധാനമന്ത്രി ക്ലമന്റ്‌ ആറ്റ്ലിയുമായി അധികാരമാറ്റക്കരാറിൽ ഒപ്പുവച്ച്‌ തിരിച്ചുവരും വഴി ഡൽഹിയിൽ ഇറങ്ങി ആംഗ്സാൻ പത്രസമ്മേളനം നടത്തി. അക്കൊല്ലം ഏപ്രിൽ മാസം ബർമ്മയിൽ പൊതു തെരഞ്ഞെടുപ്പു നടത്തുമെന്നും ഒരു കൊല്ലത്തിനുള്ളിൽ പൂർണ്ണസ്വാതന്ത്ര്യം തന്റെ രാജ്യത്ത്‌ നിലവിൽ വരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‌ ആറു മാസം മുമ്പ്‌ ദാരുണമായി ആംഗ്സാൻ കൊല്ലപ്പെട്ടു. അധികാരത്തിന്റെ മധുവിധു ആരംഭിക്കുംമുമ്പ്‌ നടന്ന കൂട്ടമനുഷ്യക്കുരുതി എന്നാണ്‌ പടിഞ്ഞാറൻ പത്രങ്ങൾ സ്വാതന്ത്ര്യത്തിന്റെ ഉദയവേളയിൽ നടന്ന ആ ദുരന്തത്തെ വിശേഷിപ്പിച്ചത്‌. മ്യാൻമാറിലെ വിമോചന പോരാളിയും സമാധാനത്തിനുള്ള നോബേൽ സമ്മാനാർഹയുമായ ആംഗ്സാൻ സൂക്വി കൊല്ലപ്പെട്ട ആംഗ്സാന്റെ ഇളയ മകളാണ്‌. അദ്ദേഹത്തിന്റെ വിധവ ദവ്കിൻ ക്വി സ്വതന്ത്ര ബർമ്മയുടെ ഹൈക്കമ്മീഷണറായി ഇന്ത്യയിൽ പ്രവർത്തിച്ചു. അങ്ങനെ മകൾ സൂക്വിയുടെ ബാല്യകൗമാരകാലവും വിദ്യാഭ്യാസവും ന്യൂഡൽഹിയിലായിരുന്നു. ഗാന്ധിജി സൂക്വിയുടെ വിചാരഗതികളെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ ദീർഘകാലത്തെ വീട്ടുതടങ്കലിൽ നിന്ന്‌ ഈയിടെ മോചിതയായ അവർ വെളിപ്പെടുത്തിയിരുന്നു.
നമുക്ക്‌ ശിവറാമിലേക്ക്‌ തിരിച്ചുവരാം. തോട്ടപ്പള്ളി മാധവൻപിള്ള ശിവരാമപിള്ള 1905ൽ അമ്പലപ്പുഴയിലെ തോട്ടപ്പിള്ളി എന്ന സ്ഥലത്തു ജനിച്ചു. എം. ശിവറാം എന്ന പത്രപ്രവർത്തകനിലേക്കുള്ള അദ്ദേഹത്തിന്റെ രൂപാന്തരീകരണം ഒരു വലിയ കഥയാണ്‌. മെട്രിക്കുലേഷൻ പരീക്ഷ പാസായി ഉപരിപഠനത്തിന്‌ തിരുവനന്തപുരത്ത്‌ പോകാൻ ആഗ്രഹിച്ച ശിവരാമപിള്ള കൂട്ടുകുടുംബവ്യവസ്ഥയിൽ സഹായത്തിന്‌ കാരണവരെ സമീപിച്ചു. കുടുംബസ്വത്തുവിറ്റ്‌ പഠിപ്പിക്കാൻ അമ്മാവൻ അനുവദിച്ചില്ല. അങ്ങനെ ശിവരാമപിള്ളയുടെ ഉപരിപഠനം മുടങ്ങി. ഗ്രാമത്തിൽ അലഞ്ഞുനടന്ന്‌ പുസ്തകങ്ങൾ സമാഹരിച്ച്‌ ഗ്രന്ഥശാല ഉണ്ടാക്കി. പ്രധാനമായും പുസ്തകങ്ങൾ വായിക്കുകയായിരുന്നു പിള്ളയുടെ ലക്ഷ്യം. പ്രായത്തേക്കാൾ കവിഞ്ഞ അറിവും പക്വതയും പ്രകടിപ്പിച്ച ശിവരാമപിള്ള തന്റെ ഗ്രാമത്തിലെ എല്ലാ പൊതുചടങ്ങുകളിലും പ്രഭാഷകനായിരുന്നു. 18-)ം  വയസ്സിൽ കറ്റാനം എൻ.എസ്‌.എസ്‌ പ്രൈമറി സ്കൂളിൽ ശിവരാമപിള്ള അദ്ധ്യാപകനായി. കുട്ടികളെ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നതിന്‌ ഒരു പ്രത്യേക പ്രാഗൽഭ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട്‌ നാട്ടിൽ പ്രഗൽഭനായ ഇംഗ്ലീഷ്‌ അദ്ധ്യാപകനായി ശിവരാമപിള്ള അറിയപ്പെട്ടു. ഭേദപ്പെട്ട വീടുകളിൽൽ നിന്നൊക്കെ അദ്ദേഹത്തിന്‌ വിവാഹാലോചനകൾ വരാൻ തുടങ്ങി. മാവേലിക്കര തൊണ്ണൂറ്റിപ്പടിഞ്ഞാറ്റതിൽ വീട്ടിലെ ജാനമ്മ എന്ന 14 കാരിയെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ശിവരാമപിള്ള വിവാഹം കഴിച്ചു. സാഹചര്യങ്ങളോട്‌ തീരെ പൊരുത്തപ്പെടാനാകാതെ തികഞ്ഞ അസ്വാസ്ഥ്യം അനുഭവിച്ചു പോന്ന ശിവരാമപിള്ള അക്കൊല്ലം ശബരിമല തീർത്ഥാടനത്തിന്‌ പോയശേഷം വീട്ടിലേക്ക്‌ തിരിച്ചുവന്നില്ല. നാട്ടുകാരും ബന്ധുക്കളും അദ്ദേഹത്തെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. പത്തുവർഷക്കാലം ഭർത്താവിനെപ്പറ്റി യാതൊരു വിവരവുമില്ലാതെ ജാനമ്മ കാത്തിരുന്നു. ഒരു മഞ്ഞുമൂടിയ ജനുവരി രാത്രിയിൽ തൊണ്ണൂറ്റിപ്പടിഞ്ഞാറ്റതിൽ വീടിന്റെ വാതിലിൽ ഒരു അപരിചിതൻ മുട്ടി. എണ്ണവിളക്കിന്റെ വെളിച്ചത്തിൽ ജാനമ്മ കണ്ട ആളിന്റെ രൂപം തിരിച്ചറിയാൻ ഏറെ സമയമെടുത്തു. വേഷവും ഭാഷയും പേരും മാറിയ പഴയ ശിവരാമപിള്ള. പത്തുവർഷത്തിലേറെ നീണ്ട ലോകസഞ്ചാരം കഴിഞ്ഞ്‌ പുതിയൊരു മനുഷ്യനായാണ്‌ അദ്ദേഹം തിരിച്ചുവന്നത്‌.
ഡൽഹിയിലും ബർമ്മയിലും സിംഗപ്പൂരിലും മലേഷ്യയിലും മാറി മാറി പല ജോലികൾ ചെയ്ത്‌ ഒടുവിൽ റംഗൂണിൽ സ്ഥിരതാമസമാക്കുകയും പത്രപ്രവർത്തനം പരിശീലിക്കുകയും ചെയ്തു. എഴുത്തും വായനയും ഇഷ്ട വൃത്തിയായി. പേര്‌ എം. ശിവറാം എന്ന്‌ പരിഷ്കരിച്ചു. ബാങ്കോക്‌ ടൈംസിന്റെ എഡിറ്റർ എന്ന പദവിയിലെത്തിയപ്പോഴാണ്‌ നാട്ടിൽ പോകണമെന്നും ഭാര്യയെ കാണണമെന്നും ശിവറാം തീരുമാനിച്ചത്‌. അപ്പോൾ ശിവറാമിന്‌ മുപ്പതുവയസ്സുണ്ട്‌. ജാനമ്മയ്ക്ക്‌ 24 വയസ്സും. അങ്ങനെ 1935ൽ ഭാര്യയേയും കൂട്ടി ശിവറാം റംഗൂണിലേക്ക്‌ തിരിച്ചുപോയി. ആനന്ദ്‌, ഇന്ദിര, ബാലകൃഷ്ണൻ എന്നിങ്ങനെ മൂന്ന്‌ മക്കൾ പിറന്നു. രണ്ടാം ലോകമഹായുദ്ധം തുടങ്ങി. ജപ്പാനും ബ്രിട്ടനും ബർമ്മയിൽ മത്സരപൂർവം പിടിമുറുക്കുന്നു. 1941-ൽ ശിവറാം ഭാര്യയേയും മക്കളേയും മാവേലിക്കരയ്ക്ക്‌ മടക്കി അയച്ചു.
ശിവറാം ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെപ്പറ്റി റംഗൂണിലിരുന്ന്‌ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആയിടെ രാജ്‌ ബിഹാരി ബോസും എ.എൻ. നായരും (നായർസാൻ) ശിവറാമും ചേർന്ന്‌ ഇന്ത്യൻ ഇൻഡിപെന്റൻസ്‌ ലീഗ്‌ ഉണ്ടാക്കി. ജപ്പാൻ അവർക്ക്‌ ബ്രിട്ടനെതിരെ പൊരുതാൻ സഹായവാഗ്ദാനം ചെയ്തു. ബ്രിട്ടീഷ്‌ ആർമിയിൽ ക്യാപ്റ്റൻ ആയിരുന്ന മോഹൻസിംഗ്‌ രാജിവച്ച്‌ ഇവർക്കൊപ്പം വന്നു. അങ്ങനെ ലീഗിന്‌ ഒരു സായുധപ്പട ഉണ്ടാക്കാമെന്ന ആലോചനയായി. ബാങ്കോക്കിൽ ചേർന്ന കൂട്ടായ്മയിലൂടെ 1942ൽ ശിവറാം, കെ.പി. കേശവമേനോൻ എന്നിവരുൾപ്പെട്ട ഒരു പ്രവർത്തക സമിതി ഉണ്ടാക്കി. ബർലിനിൽ ആയിരുന്ന സുഭാഷ്‌ ചന്ദ്രബോസിനെ കൊണ്ടുവരാൻ ബാങ്കോക്ക്‌ കോൺഫറൻസിൽ  തീരുമാനിച്ചു. എസ്‌.എ. അയ്യരും ശിവറാമും ഇന്ത്യാലീഗിന്റെ പ്രചാരണച്ചുമതല ഏറ്റെടുത്തു. പിന്നീടത്‌ ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ) എന്ന്‌ പേരുമാറുകയും 1943ൽ സുഭാഷ്ബോസ്‌ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. ബോസിന്റെ രംഗപ്രവേശത്തെ ജപ്പാൻ സാഘോഷം വരവേറ്റു. ആബിദ്‌ ഹസ്സൻ ഐ.എൻ.എയുടെ തലവന്‌ ‘നേതാജി’ എന്ന പേരുനൽകി. അങ്ങനെ ഇന്ത്യാചരിത്രത്തിൽ നേതാജി പിറന്നു.
സിംഗപ്പൂരിൽ നിന്ന്‌ റോഡ്മാർഗ്ഗം ഐ.എൻ.എ സുഭാഷ്‌ ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ‘ഡൽഹിചലോ’ എന്ന മാർച്ച്‌ ആരംഭിച്ചു. മോശമായ കാലാവസ്ഥ, സഞ്ചാരയോഗ്യമല്ലാത്ത മലമ്പാതകൾ, കീഴ്ക്കാൻ തൂക്കായ മലകൾ, വന്യമൃഗങ്ങൾ നിറഞ്ഞ വനങ്ങൾ എന്നിവയൊക്കെ യാത്രയ്ക്കു തടസ്സമായി. ഇംഫാൽ വരെ മാത്രം എത്തി പിന്തിരിഞ്ഞു പോകേണ്ടിവന്നു. ഡൽഹി മാർച്ച്‌ ലക്ഷ്യം കാണാതെ അവസാനിച്ചതിന്റെ പേരിൽ നേതാജിക്കെതിരെ വിമർശനമുയർന്നു. ഐ.എൻ.എയുടെ ഔദ്യോഗിക വക്താവ്‌ എന്ന പദവിയിൽ നിന്ന്‌ ശിവറാം രാജിവച്ചൊഴിഞ്ഞു. മടങ്ങിവരുംവഴി ടോക്കിയോയിൽ നിന്ന്‌ ശിവറാം കയറിയ വിമാനം തകർന്നു. യാത്രക്കാരിൽ ചിലർ മരണമടഞ്ഞു. അൽഭുതകരമായി രക്ഷപ്പെട്ട ശിവറാം ഒരു ബോട്ടിൽ കയറി സിംഗപ്പൂരിലെത്തി. പേൾ ഹാർബർ തകർത്തതിനുപിന്നാലെ അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ്‌ ഇട്ടു. ലോകയുദ്ധം കഴിഞ്ഞു. വിമാനാപകടത്തിൽ സുഭാഷ്‌ ചന്ദ്രബോസ്‌ മരിച്ചതായി റേഡിയോ ടോക്കിയോ ലോകത്തെ അറിയിച്ചു.
ഐ.എൻ.എയിൽ നിന്ന്‌ സ്വയം പിൻവാങ്ങിയ ശിവറാം പത്രപ്രവർത്തനത്തിലേക്ക്‌ മടങ്ങി. റോയിട്ടേഴ്സിന്റെ തെക്കുകിഴക്കേ ഏഷ്യ ലേഖകനായി അദ്ദേഹം റംഗൂണിൽ നിയമിതനായി. ഭാര്യയെയും മക്കളെയും നാട്ടിൽ നിന്ന്‌ തിരിച്ചുകൊണ്ടുവന്നു. ഈജിപ്റ്റിലെ രാജാവിനെ വധിച്ചതും കൊറിയൻ യുദ്ധവും ബർമ്മയുടെ സ്വാതന്ത്ര്യസമരങ്ങളും ഇന്ത്യയിലെ അധികാരകൈമാറ്റങ്ങളും ശിവറാമിന്റെ റിപ്പോർട്ടുകളിലൂടെയാണ്‌ ലോകം സൂക്ഷ്മമായി മനസ്സിലാക്കിയത്‌. ഔദ്യോഗികാവശ്യങ്ങൾക്കായി കൂടെകൂടെ ഡൽഹിയിൽ വരുമായിരുന്ന ശിവറാമിനോട്‌ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഒരിക്കൽ നാഷണൽ ഹെറാൾഡ്‌ ദിനപ്പത്രത്തിന്റെ എഡിറ്റർ ആകാൻ ആവശ്യപ്പെട്ടു. നെഹ്‌റുവിനെയും കോൺഗ്രസിനെയും വിമർശിച്ചിരുന്ന ഐ.എൻ.എയുടെ ഔദ്യോഗിക വക്താവിന്‌ ആദർശപരമായി ആ ഓഫർ സ്വീകരിക്കാനാവില്ലെന്ന്‌ ശിവറാം മറുപടി പറഞ്ഞു. എന്നാൽ ഇന്ത്യയിൽ മടങ്ങി വരണമെന്ന ആഗ്രഹം ശിവറാമിൽ ശക്തിപ്പെടാൻ നെഹ്‌റുവിന്റെ ക്ഷണം കാരണമായി. വൈകാതെ അദ്ദേഹം പി.ടി.ഐ.യിൽ ചേർന്ന്‌ ഡൽഹിയിലെത്തി. അവിടെ നിന്ന്‌ ബോംബെയിൽ ഫ്രീപ്രസ്സിൽ വന്നു. ബാൽതാക്കറെ, ടി.ജെ.എസ്‌. ജോർജ്‌ തുടങ്ങിയ ശിഷ്യരെ അവിടെ അദ്ദേഹം സൃഷ്ടിച്ചു. 1960-ൽ ഇന്റർനാഷണൽ പ്രസ്സ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൺസൾട്ടന്റ്‌ ആയി. ആകാശവാണിയിൽ വാർത്താവിഭാഗം ഡയറക്ടറായും പ്രവർത്തിച്ചു. ഹ്രസ്വകാലം ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഡൽഹി ബ്യൂറോ ചീഫ്‌ ആയും ജോലി ചെയ്തു. ‘ദ വിയറ്റ്നാം വാർ, വൈ?’(1965) ‘ദ റോഡ്‌ ടു ഡൽഹി’ (1966) ‘ദ ന്യൂസ്‌ ഐ ആം ഇൻ ദ മേക്കിംഗ്‌’ (1967) എന്നിവ ശിവറാമിന്റെ പ്രധാന ഗ്രന്ഥങ്ങളാണ്‌. ‘കിഴക്കനേഷ്യൻ ഹൃദയങ്ങളിലൂടെ’ എന്ന പേരിൽ ഒരു മലയാളം കൃതിയും അദ്ദേഹം രചിച്ചു. എൻ. ശ്രീകണ്ഠൻ നായർ ദ റോഡ്‌ ടു ഡൽഹി എന്ന ശിവറാം കൃതി ‘ദില്ലി ചലോ’ എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.
1967ൽ പത്രപ്രവർത്തനം മതിയാക്കി തിരുവനന്തപുരത്തെത്തി കവടിയാറിൽ സ്ഥലം വാങ്ങി ശിവറാം ഒരു വീടുനിർമ്മിച്ച്‌ സകുടുംബം താമസിച്ചു. ആ സ്ഥലത്തിന്‌ ഫോർത്ത്‌ എസ്റ്റേറ്റ്‌ എന്നും വീടിന്‌ ന്യൂസ്‌ ഹൗസ്‌ എന്നും പേരിട്ടു. കേരളകൗമുദിയിലെ എം.എസ്‌. മണിയോടും മറ്റ്‌ സുഹൃത്തുക്കളോടും ചേർന്ന്‌ തിരുവനന്തപുരം പ്രസ്ക്ളബ്ബിൽ പത്രപ്രവർത്തന പരിശീലനപദ്ധതിക്ക്‌ തുടക്കം കുറിച്ചു. ബോംബെയിലെ കോളേജ്‌ ഓഫ്‌ ജേർണലിസം നൽകുന്ന ഡിപ്ലോമ കോഴ്സ്‌. സംസ്ഥാനത്ത്‌ അത്തരത്തിൽ ആദ്യ സംരംഭമായിരുന്നു അത്‌. ഇൻസ്റ്റിറ്റ്യൂട്ടിൽ ശിവറാമിന്റെ ആദ്യ വിദ്യാർത്ഥിയായി എൻ.ആർ.എസ്‌. ബാബു ചേർന്നു. 1972ൽ അന്തരിക്കും വരെ ദിവസവും വൈകുന്നേരം ഇൻസ്റ്റിറ്റ്യൂട്ടിൽ ശിവറാമിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഡൽഹിയിൽ പത്രപ്രവർത്തകനായിരുന്ന പരേതനായ നരേന്ദ്രൻ (വി.എൻ. നായർ) ശിവറാമിന്റെ ജാമാതാവായിരുന്നു. തിരുവനന്തപുരം പ്രസ്സ്‌ ക്ലബ്ബ്‌ നടത്തുന്ന പത്രപ്രവർത്തന പരിശീലനക്കളരിക്ക്‌ എം. ശിവറാം മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ജേർണലിസം എന്നാണ്‌ പേര്‌.
‘ദ റോഡ്‌ ടു ഡൽഹി’ എന്ന കൃതി രണ്ടു കാരണങ്ങളാൽ ഏറെ ശ്രദ്ധേയമാണ്‌. ഒന്ന്‌ ബോസിനോട്‌ ശിവറാമിനുണ്ടായിരുന്ന വലിയ ആദരവ്‌ ആ കൃതിയിലൂടെ വ്യക്തമാകുന്നു. വിശദാംശങ്ങളിലേക്ക്‌ ചൂഴ്ന്നിറങ്ങുന്ന കണ്ണുകളാണ്‌ ഗ്രന്ഥകാരനുണ്ടായിരുന്നതെന്നും വ്യക്തം. സുഭാഷ്‌ ബോസിന്റെ നയങ്ങളെ അന്ധമായി അദ്ദേഹം പിന്തുടർന്നില്ല. വിയോജിപ്പും നിശിത വിമർശനവും രേഖപ്പെടുത്തുന്നു.
സുഭാഷ്‌ ബോസിന്റെ സെക്രട്ടറിയെന്ന നിലയിൽ അന്തർവാഹിനിക്കപ്പലിൽ ഒപ്പം യാത്രചെയ്തിരുന്ന അബിദ്‌ ഹസ്സനെ ശിവറാം തന്റെ ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട്‌. സ്വതന്ത്ര ഇന്ത്യയെപ്പറ്റി ബോസ്‌ ആ കപ്പൽ യാത്രയിലാണ്‌ വിശദാംശങ്ങളെല്ലാം രൂപപ്പെടുത്തിയത്‌. ‘ആസാദ്‌ ഹിന്ദ്‌’ എന്നായിരിക്കണം രാജ്യത്തിന്റെ പേരെന്ന്‌ അദ്ദേഹം തീരുമാനിച്ചിരുന്നു. സല്യൂട്ടേഷന്‌ ‘ജയ്ഹിന്ദ്‌’ എന്ന്‌ മതിയെന്നും ജനങ്ങൾക്കിടയിൽ താൻ ‘നേതാജി’ എന്ന്‌ മാത്രം അറിയപ്പെടണമെന്നും സുഭാഷ്‌ ആഗ്രഹിച്ചു. ദിവസം മൂന്നോ നാലോ മണിക്കൂർ മാത്രം ഉറങ്ങി ശീലമുള്ള ബോസ്‌ മറ്റു സന്ദർഭങ്ങളിൽ ബ്രട്ടീഷുകാരെ തുരത്താനുള്ള യുദ്ധതന്ത്രങ്ങളിൽ വ്യാപൃതനായി. എസ്‌.എ. അയ്യരും ശിവറാമും രാത്രി ഒരു മണിവരെ ബോസുമായി സംസാരിച്ചിരുന്നിട്ടുണ്ട്‌. നിർഭയത്വമാണ്‌ നേതാജിയിൽ ശിവറാം കണ്ട പ്രത്യക്ഷഭാഗം. ഏതു പ്രതിസന്ധികളെയും നേരിടാനുള്ള നിറഞ്ഞ ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു രാഷ്ട്രത്തലവന്റെ മട്ടിലും ഭാവത്തിലുമാണ്‌ ബോസ്‌ പെരുമാറിയത്‌. പോകുന്ന സ്ഥലങ്ങളിലെല്ലാം സാധാരണക്കാരെ വശീകരിച്ചു. അവരിൽ അഭിമാനബോധം അങ്കുരിപ്പിച്ചു. യന്ത്രത്തോക്കുകൾ ഘടിപ്പിച്ച രണ്ട്‌ ജാപ്പനീസ്‌ ട്രക്കുകൾ സുഭാഷ്‌ ബോസിന്റെ യാത്രകൾക്ക്‌ അകമ്പടി സേവിച്ചു. പെഴ്സണൽ സ്റ്റാഫിലെ ഉദ്യോഗസ്ഥർ നിരവധി കാറുകളിൽ അനുഗമിച്ചു. എല്ലാ വാഹനങ്ങൾക്കു മുന്നിലും ത്രിവർണ്ണപതാക പാറി. കരയിൽ ഇങ്ങനെ നീങ്ങിയ നേതാജി വേഗയാത്രയ്ക്ക്‌ ജപ്പാൻ സമ്മാനിച്ച ബോമ്പർ വിമാനങ്ങൾ ഉപയോഗിച്ചു.
സുഭാഷ്‌ ബോസിന്റെ വ്യക്തിത്വത്തിലെ പരിമിതികളും ശിവറാം ശ്രദ്ധിച്ചു. ബംഗാളിയായ ഒരു സാദാ മജിസ്ട്രേട്ട്‌ ആയിരുന്നു ബോസിന്റെ നിയമോപദേഷ്ടാവ്‌. പേരു സർക്കാർ. സ്വതന്ത്ര ഇന്ത്യയുടെ പുനരേകീകരണത്തിനും പുനർനിർമ്മാണത്തിനും പറ്റിയ ആൾ സർക്കാർ ആണെന്ന്‌ ബോസ്‌ തെറ്റായി വിശ്വസിച്ചു. അതിന്‌ ഒരു രൂപരേഖയും അയാൾ നിർമ്മിച്ചു നൽകിയിരുന്നു. ‘രാഷ്ട്രീയമായി ഇന്ത്യ വിശാല വീക്ഷണമുള്ള ഒരു ഏകാധിപതി ഭരിക്കണമെന്ന്‌ ബോസ്‌ നിശ്ചയിച്ചു. വേഷനിയമം, ഭക്ഷ്യ നിയമം, പാർപ്പിടനിയമം എന്നിവ ഉണ്ടാക്കണം. ജോലി സമയത്ത്‌ എല്ലാവർക്കും കാക്കി വേഷമാണ്‌ ഉത്തമം. വിശ്രമവേളയിൽ വെള്ള വസ്ത്രമാകാം. ഫോർക്ക്‌, നൈഫ്‌, സ്പൂൺ എന്നിവ ഉപയോഗിച്ചുവേണം ആഹാരം കഴിക്കാൻ. കൈ ഉപയോഗിക്കേണ്ടിവന്നാൽ മൂന്ന്‌ വിരൽകൊണ്ട്‌ മാത്രമേ ഭക്ഷണ പദാർത്ഥത്തിൽ സ്പർശിക്കാവൂ’.
യുദ്ധ പൂർവ ആശയമെന്ന നിലയിൽ ജപ്പാൻ സുഭാഷിന്റെ വിചിത്ര വിചാരങ്ങളെ വലിയ കാര്യമാക്കിയില്ല. എങ്കിലും തന്റെ പദ്ധതികളെ ഓരോന്നായി റേഡിയോ ടോക്കിയോ പ്രക്ഷേപണം ചെയ്യണമെന്ന്‌ ബോസിനു നിർബന്ധമായിരുന്നു. ഭാഗ്യവശാൽ അവയെല്ലാം വായുവിൽ അനാഥമായി അലഞ്ഞു. സ്വതന്ത്ര ഇന്ത്യയ്ക്ക്‌ വിധി വേറെയായിരുന്നു.
സുഭാഷ്‌ ബോസും ഇന്ത്യൻ നാഷണൽ ആർമിയും എം. ശിറാമിന്റെ സ്ഥിരം താൽപ്പര്യങ്ങളായില്ല. അദ്ദേഹം പൂർണ്ണ സമയ പത്രപ്രവർത്തകനായി. ബർമ്മയുടെ തലസ്ഥാനത്ത്‌ ജപ്പാനും ബ്രിട്ടനും ചൈനയും താൽപ്പര്യപൂർവം കണ്ണുവച്ചുകഴിയുന്ന കാലം. സ്വാതന്ത്ര്യ പോരാട്ടങ്ങളും ദേശീയ ബോധവും ദക്ഷിണേഷ്യയിലെങ്ങും വീശിയടിക്കുന്നു. റംഗൂൺ താവളമാക്കി പ്രവർത്തിക്കുന്നതിനിടെ അവിചാരിതമായി അദ്ദേഹത്തിനു കൈവന്ന അത്യപൂർവ്വ വാർത്താ സ്കൂപ്പ്‌ ആണ്‌ തുടക്കത്തിൽ ചർച്ച ചെയ്തത്‌.
സിംഗപ്പൂരിലെ ദക്ഷിണേന്ത്യൻ പഠനകേന്ദ്രമാണ്‌ ‘ദ റോഡ്‌ ടു ഡൽഹി’ എന്ന ശിവറാമിന്റെ ഗ്രന്ഥം പുനഃപ്രകാശനം ചെയ്തത്‌. അദ്ദേഹത്തിന്റെ മറ്റു രചനകളൊന്നും എവിടെയും ലഭ്യമല്ല. പത്രപ്രവർത്തനത്തിന്റെ ഇന്നലെകളിൽ സാഹസികമായി ജീവിച്ച്‌ അനശ്വരനായിത്തീർന്ന ശിവറാം ഏത്‌ കേരളീയന്റെയും അഭിമാനവും അഹങ്കാരവുമാണ്‌.

ലേഖകൻ വീക്ഷണം പത്രത്തിലെ പൊളിറ്റിക്കൽ എഡിറ്ററാണ്‌. ലേഖകന്റെ ഇ-മെയ്‌ൽ: sujaathan@gmail.com

Tags: