മീഡിയാ എന്ന രക്ഷകന്‍

സാധനങ്ങള്‍ക്ക് മുടിഞ്ഞ വില. സാമ്പത്തികപ്രതിസന്ധി?രാജ്യത്തിനോ? നമുക്കോ?ഇത് ഒരു ഗ്ലോബല്‍ ഫിനോമിനയാണ്. ഡോണ്‍ട് വറി. വിലക്കൂടുതലിന്റെ ശരിയായ കാരണം നമ്മുടെ സാമ്പത്തികരംഗത്തെ ദൈവങ്ങളായ അമര്‍ത്യാസെന്നും ജഗദീശ് ഭഗവതിയും തമ്മിലുള്ള വഴക്കു തീര്‍ന്നാലുടന്‍ നമുക്കു മനസ്സിലാകും. ഇരുവരും അമേരിക്കന്‍ പൗരന്മാരാണ്. പക്ഷെ ഇന്ത്യയെ നന്നാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് ഇരുവരും. ഇവരുടെ ഉപദേശം കേള്‍ക്കാതിരിക്കാന്‍ നമുക്കു നിവര്‍ത്തിയില്ല.
ഇതിലെ അമര്‍ത്യാസെന്നിനെ നമുക്കറിയാം. ഇക്കണോമിക്‌സിന് നോബല്‍ സമ്മാനം ലഭിച്ച ഇന്ത്യന്‍ വംശജന്‍. പ്രവാസി മണിയോര്‍ഡര്‍ ഇക്കോണമിയില്‍ ജീവിക്കുന്ന കേരളാ മോഡലിന്റെ അപ്രഖ്യാപിത ബ്രാന്‍ഡ് അംബാസഡര്‍. ജഗദീശ് ഭഗവതി ഗുജറാത്തിയാണ്. അദ്ദേഹത്തിനും നോബല്‍ പ്രൈസ് കിട്ടിയിട്ടുണ്ട്. ശരിക്കുള്ളതല്ല. സിംപ്‌സന്‍സ് എന്ന ലോകപ്രശസ്ത ടെലിവിഷന്‍ സീരിയലിലെ ഒരു എപ്പിസോഡില്‍ എന്നേയുള്ളു. ശരിക്കുള്ളത് എന്നു വേണമെങ്കിലും കിട്ടാം. പക്ഷെ അതിലും പ്രധാനം അദ്ദേഹം സ്വതന്ത്രഭാരതം കണ്ട പ്രഗത്ഭരായ ന്യായാധിപരില്‍ മുന്‍പന്തിയിലുള്ള നമ്മുടെ മുന്‍ സുപ്രിം കോര്‍ട്ട് ചീഫ് ജസ്റ്റിസും പിന്നീട് അന്താരാഷ്ട്ര കോടതിയില്‍ ജഡ്ജിയുമായിരുന്ന പി എന്‍ ഭഗവതിയുടെ അനിയനാണ് എന്നതാണ്.ചേട്ടന്‍ സുപ്രിം കോടതിയിലെ ഒരു വിധിന്യായത്തില്‍ പണ്ട് എഴുതി.നമ്മുടെ ഇന്ത്യന്‍ ഭരണഘടനയില്‍ പ്രകീര്‍ത്തിക്കപ്പെടുന്ന പൗരാവകാശം ആര്‍ക്കാണ്? സത്യസന്ധവും നീതിനിഷ്ഠവുമാണ് നമ്മുടെ കോടതികളെന്ന് എല്ലാവരും പുകഴ്ത്തുന്നത് എപ്പോഴാണ്? മദ്യരാജാക്കന്മാരും പഞ്ചസാരവ്യവസായികളും പാവപ്പെട്ടവനെ കബളിപ്പിച്ച് ബിസിനസ് നടത്തുന്നതിനെ സര്‍ക്കാരിലെ ആത്മാര്‍ത്ഥതയും രാജ്യസ്‌നേഹവുമുള്ള ഒരു ഉദ്യോഗസ്ഥന്‍ എതിര്‍ത്താല്‍ ഉടന്‍ അഞ്ചക്ക-ആറക്ക സംഖ്യകള്‍ പ്രതിഫലം പറ്റുന്ന വിദഗ്ധരായ വക്കീലന്മാരുടെ സഹായത്തോടെ അവര്‍ കോടതിയില്‍ തങ്ങള്‍ക്കു ഭരണഘടന നല്‍കിയിരിക്കുന്ന മൗലികാവകാശം വാദിച്ച് രക്ഷപ്പെടും. ഇത്തരക്കാരാല്‍ ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ പൗരന്‍, അവന് ഇന്ത്യന്‍ ഭരണഘടന എന്നൊന്ന് ഉണ്ടെന്നറിഞ്ഞു കൂടാ, അവന്റെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ സുപ്രിം കോടതിയും ഹൈക്കോടതികളുമുണ്ടെന്ന് അറിഞ്ഞുകൂടാ, അവന് സര്‍ക്കാര്‍ അടിസ്ഥാനവേതനം നിശ്ചയിച്ചിട്ടുണ്ടെന്നു പോലും അറിഞ്ഞുകൂടാ, അവന് വക്കീലന്മാരുടെ ആഫീസിന്റെ വരാന്തയില്‍ കയറാന്‍ പണവുമില്ല. അറിവുമില്ല. അവന്റെ പൗരാവകാശം സ്ഥാപിക്കുന്നത് ആരുടെ കടമയാണ് ?ജസ്റ്റിസ് ഭഗവതി പരിചയപ്പെടുത്തിയ മേല്‍പ്പറഞ്ഞ ഇന്ത്യന്‍ പൗരന് ഭക്ഷ്യണ്ണയുടെയോ കുക്കിംഗ് ഗ്യാസിന്റെയോ വിലവര്‍ദ്ധനയെക്കുറിച്ച് ആശങ്കയില്ല. എന്തെന്നാല്‍ ഇവ രണ്ടും അവന്‍ ഉപയോഗിക്കുന്നില്ല. പണ്ടു മുതലേ അവന് വിശപ്പു വരുമ്പോള്‍ അതു മാറ്റാന്‍ ബജറയുടെയോ ചോളത്തിന്റെയോ തടിച്ച രണ്ടു ചപ്പാത്തിയും അല്പം ഉപ്പും ഒരു സവാള ഉള്ളിയും മതി. ഒരു പച്ചമുളകും കൂടി കിട്ടിയാല്‍ ലക്ഷ്വറി. ഭക്ഷണത്തിനു ശേഷം കുടിക്കാന്‍ ഒരു മൊന്ത പച്ചവെള്ളം വേണം. തീര്‍ന്നു. അവന്‍ ഈ ഭക്ഷണം കിട്ടാന്‍ വേണ്ടി എന്തു പണി നല്‍കിയാലും ചെയ്യാന്‍ തയാര്‍. അവന് ഹൃദയം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയയല്ല, ഒരു കക്കൂസാണ് ആവശ്യം. അവന്റെ കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂളില്‍ കൊയ്ത്തില്ലാത്ത സമയത്തെങ്കിലും അക്ഷരം പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ വേണം. ഇവയാണ് അവന്റെ മൗലികാവകാശം.അവന്‍ നമ്മുടെ സാമ്പത്തികക്കണക്കിലെ കുറെ വലിയ ശതമാനഅക്കമാണ്. അത്ര മാത്രമേ അവന് പ്രസക്തിയുള്ളു.ജസ്റ്റീസ് ഭഗവതി ഇതെഴുതിയിട്ട് മൂന്നു ദശാബ്ദം കഴിഞ്ഞു.വക്കീലന്മാരുടെ ഫീസ് ആറക്കത്തില്‍ നിന്നും ഏഴിലേക്കും എട്ടിലേക്കും ഉയര്‍ന്നു.ഉപ്പ് ടാറ്റയുടെ അയഡസൈഡ് സാള്‍ട്ടായി. സവാള ഉത്തരേന്ത്യന്‍ മണ്ഡി എന്നു വിളിക്കുന്ന മൊത്തവ്യാപാരച്ചന്തയില്‍ ഇലക്ഷന് പണം ഉണ്ടാക്കാനുള്ള പ്രധാന സോഴ്‌സായി. മൊന്തയിലെ വെള്ളം പ്ലാസ്റ്റിക്ക് കുപ്പികളില്‍ വായു കടക്കാത്തവിധം അടയ്ക്കപ്പെട്ടു. സ്വാഭാവികമായും എല്ലാറ്റിനും വില വര്‍ദ്ധിച്ചു. ഇന്ത്യന്‍ ഗ്രാമീണന്‍ കോണ്‍ക്രീറ്റ് നഗരവികസനത്തിന് വേണ്ടി അദ്ധ്വാനിക്കാന്‍ ഗ്രാമം വിട്ടു. നഗരപ്രാന്തങ്ങളില്‍ കൂടേറി. അവന്റെ കൂലിയിലെ ചെറിയ നാണയവര്‍ദ്ധനവിനെ ഈ വിലക്കയറ്റം മറികടന്ന് അവനെ ദാരിദ്ര്യത്തില്‍ പിടിച്ചു നിര്‍ത്തി.ഈ ഭഗവതിമാര്‍ ചേട്ടനും അനിയനും തമ്മിലുള്ള വീക്ഷണത്തിന്റെ വ്യത്യാസമാണ് ശരിക്കും ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയുടെ വൈകൃതത്തിന്റെ മൂലകാരണം.അനിയന്‍ അമേരിക്കയിലിരുന്ന് ചേട്ടന്‍ കണ്ട ഈ പാവം ഇന്ത്യന്‍ പൗരന് പ്രതിവിധി നല്‍കി.ആധാര്‍ കാര്‍ഡെടുക്കൂ. അതുവഴി ബാങ്ക് അക്കൗണ്ടില്‍ പണമെത്തും. ഇല്ലാത്ത കാശെടുത്ത് തൊഴിലുറപ്പെന്നും സാക്ഷരതയെന്നും പറഞ്ഞ് നശിപ്പിക്കരുത്. ആദ്യം പണമുണ്ടാക്കാന്‍ പഠിക്കണം.(ഇടയ്ക്ക് കുറച്ചു ശിശുക്കള്‍ മരിച്ചാല്‍ സാരമില്ല. ജി.ഡി.പി.യുടെ ശരാശരിക്ക് അതു നല്ലതാണ്.) ജനാധിപത്യരീതിയില്‍ ഭരണഘടന പ്രകാരം തെരഞ്ഞെടുത്ത് നമ്മളെ ഭരിക്കാനുള്ള കര്‍ത്തവ്യം നാം ഏല്‍പ്പിച്ചവരാണ് നമ്മുടെ രാഷ്ട്രീയക്കാര്‍. അവരെ എങ്ങിനെ ഭരിക്കണമെന്ന് ഉപദേശിച്ച് നശിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രഗത്ഭമതികളാണ് സമൂഹത്തോട് നേരിട്ടു ബന്ധമോ പ്രതിബദ്ധതയോ ആവശ്യമില്ലാത്ത ഇക്കണോമിസ്റ്റുകളും മാര്‍ക്കറ്റിംഗ് മാന്ത്രികരും നിയമപണ്ഡിതരും ബുദ്ധിജീവികളും ശാസ്ത്രജ്ഞരും സന്യാസിമാരും. ഇവരെല്ലാംകൂടി കൂടി സാധാരണക്കാരനെ ഭയപ്പെടുത്തുന്ന തങ്ങളുടേതായ വിഷയത്തിലെ കഠിനപദങ്ങള്‍ നിഷ്‌ക്കരുണം ഉപയോഗിച്ച് രാഷ്ട്രീയക്കാരെ വലച്ച് നിഷ്‌ക്രിയരാക്കിയിരിക്കുകയാണ്.ജസ്റ്റിസ് ഭഗവതി പറഞ്ഞ പാവം പൗരന് ഭക്ഷ്യസുരക്ഷ അരിക്കും ഗോതമ്പിനും പകരം രൂപയിലാണു വേണ്ടതെന്നും, കുടിവെള്ളം കിട്ടാന്‍ നമ്മള്‍ ചന്ദ്രനില്‍ പോയേ പറ്റൂ എന്നും മറ്റും വിശ്വസിപ്പിക്കുന്നതും ഇത്തരക്കാരാണ്.നമുക്ക് എല്ലാം ഉണ്ട്. നിയമങ്ങള്‍. പരിപാലകര്‍. നീതി ലഭിക്കേണ്ട ദരിദ്രകോടികള്‍. പക്ഷെ ഇവരെ തമ്മിലടുപ്പിക്കുന്ന ഒരു പാലം. അതാണില്ലാത്തത്. ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അധികാരം വേണം. അതിന് വോട്ടു വേണം. വോട്ടിനുവേണ്ടി അവര്‍ക്ക് പല നീക്കുപോക്കുകളും ചെയ്യേണ്ടി വരും. അവരെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. ആ നീക്കുപോക്കുകളിലെ വെള്ളം ചേര്‍ക്കല്‍ എക്‌സിക്യൂട്ടിവിലും, എന്തിന്, ജുഡിഷ്യറില്‍പ്പോലും വരും.ഇവിടെ ആരാണ് രക്ഷകന്‍?ടെക്‌നോളജി സ്വന്തമാക്കിയ മീഡിയാ?അതിന് എത്രത്തോളം മീഡിയാ തയാറാകും?ഇന്ത്യയിലെ പാവപ്പെട്ടവന്റെ പുറത്തേക്കു വരാത്ത ചോദ്യമാണിത്.മീഡിയാ മീഡിയോക്രസിയുടെ കൈപ്പിടിയിലാകരുത്.ജസ്റ്റീസ് ഭഗവതി ചൂണ്ടിക്കാട്ടിയ പ്രശ്‌നം ഇന്നും കാര്യമായ യാതൊരു മാറ്റവും കൂടാതെ നിലനില്‍ക്കുന്നു. ധനവാന്മാരുടെ എണ്ണത്തില്‍ ഇന്ത്യ ലോകനമ്പര്‍ വണ്‍ ആകാറായി. ദരിദ്രരുടെ കാര്യത്തില്‍ നാം നേരത്തേതന്നെ ലോകനമ്പര്‍ വണ്‍ ആണ്. അത് ഇപ്പോള്‍ ശക്തിയായി നിലനിര്‍ത്തുന്നുമുണ്ട്. ടെക്‌നോളജിസ്റ്റുകളുടെ സംഖ്യയില്‍ നാം ലോകത്തില്‍ ഒന്നാമരാണ്. അതേ സമയം നിരക്ഷരരുടെ എണ്ണത്തിലും നാം ലോകത്തിലെ ഒന്നാമരാണ്. സാമൂഹ്യ നീതി നടപ്പിലാക്കാന്‍ മീഡിയാ രക്ഷകനായി മാറണം. അതിന്റെ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ഉദാത്തമായ ചിന്തകള്‍ പ്രാവര്‍ത്തികമാക്കാനുള്ള തലത്തിലേക്ക് മീഡിയായുടെ മൗലികശക്തി പ്രവഹിക്കണം.ഇന്ത്യയിലെ ദരിദ്രകോടികള്‍ കാത്തിരിക്കുകയാണ്.  

കെ. എല്‍. മോഹനവര്‍മ്മ