Error message

മീഡിയാ ഉറങ്ങുകയാണോ?

ദില്ലിയിലെ ദേശീയ മീഡിയായുടെ അമ്പരപ്പിനെക്കുറിച്ച് കഴിഞ്ഞ കുറെ ആഴ്ച്ചകളായി വൈവിദ്ധ്യം നിറഞ്ഞ അവലോകനങ്ങളും കമന്റുകളും മുറയ്ക്ക് വരുന്നുണ്ട്. സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ആഫീസില്‍ വരണമെന്നു തുടങ്ങി പ്രധാനമന്ത്രിയോടൊപ്പം സ്ഥിരം ഫോറിന്‍ യാത്ര നടത്തുന്നത് അവകാശമായി കണ്ടിരുന്ന ദില്ലി മീഡിയാ രാജാക്കളെ സര്‍ക്കാര്‍ ചിലവില്‍ കൂടെ കൊണ്ടുപോകാതിരുന്ന നയം വരെ പ്രാവര്‍ത്തികമാക്കിയ പ്രധാനമന്ത്രി മോദിയാണ് ഇതിനു കാരണം എന്ന് എല്ലാവരും കണ്ടുപിടിച്ചു.
ദില്ലി മീഡിയാ ജീവിക്കുന്നത് സ്‌ക്കൂപ്പുകളിലാണ്. അതെളുപ്പമാണ്. അധികാരസ്ഥാനവുമായി അടുപ്പം വയ്ക്കുക. ഒരു പ്രയത്‌നവുമില്ലാതെ രഹസ്യ വാര്‍ത്തകള്‍ കിട്ടും. ലേശം പെയ്ഡ് ടൈപ്പായിരിക്കും. സാരമില്ല. പക്ഷെ രസം കാണും. വായനക്കാര്‍ക്ക് എരിവും പുളിയും കിട്ടും. അതുകൊണ്ട് വാര്‍ത്താസ്രോതസ്സുകളെ പിണക്കരുത്. കാലപ്രവാഹത്തില്‍ ഇന്ന് സ്‌ക്കൂപ്പുകള്‍ മാത്രമായി വാര്‍ത്തകള്‍. അഴിമതി. ഗോസിപ്പ്. വി.കെ.എന്‍. ക്രിയേറ്റു ചെയ്ത പയ്യന്റെ മെന്റര്‍ രാമന്‍, അക്കാലത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജിന്റെ വിശ്വസ്തന്‍, ആയിരുന്നു ശരിക്കും ഇന്നുവരെ വളര്‍ന്ന ദില്ലി  പത്രപ്രവര്‍ത്തശൈലിയുടെ എനിക്കു പരിചയമുള്ള തുടക്കക്കാരന്‍. നാമറിയാതെ തന്നെ വന്ന ഒരു മാറ്റം ഇതു കാരണം മീഡിയായ്ക്ക് സംഭവിച്ചു. വിശാലമായ കാഴ്ച്ചപ്പാടുകളും ദീര്‍ഘവീക്ഷണശേഷിയും ഗ്രാമങ്ങളെയും ദരിദ്രരെയും അക്കങ്ങള്‍ക്കപ്പുറം കാണാനുള്ള കഴി
വുമൊക്കെ നശിച്ചത്, ഈസിയായി ലഭിക്കുന്ന സ്പൂണ്‍ ഫീഡിംഗ് വിവരം, പേജ് ത്രീയും പേജ് ഒന്നും മിക്‌സ് ആകുന്ന സ്ഥിതിവിശേഷം എന്നിവയൊക്കെയാണ് ആ മാറ്റത്തിന്റെ ഫലങ്ങള്‍. മീഡിയായും സെക്രട്ടറിയേറ്റിലെ ഉന്നതോദ്യോഗസ്ഥരുടെ സമാനരൂപമായി.ഇവിടെയാണ് സമഗ്രമായ ചിന്തകളുടെ പ്രസക്തി.നമുക്കിവിടെ ഇന്ന് ആയിരക്കണക്കിന് പത്രമാസികകളും മുന്നൂറോളം വാര്‍ത്ത ലഭിക്കുന്ന ടെലിവിഷന്‍ ചാനലുകളുമുണ്ട്.പക്ഷെ പെട്ടെന്ന് ഒരു കോടി ലൈക്കുകളും അമ്പതു ലക്ഷം ഫോളോവേര്‍സുമായി മോദി, അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെപ്പോലെ, വാര്‍ത്ത അവശ്യമുള്ളവന് ഇതുവരെ ദേശീയ മീഡിയാ നല്‍കിയിരുന്ന സ്‌ക്കൂപ്പു വാര്‍ത്തയെ മറി കടന്ന്, ഒരു പുതിയ സംവേദനശൈലി ഉണ്ടാക്കിയിരിക്കുകയാണ്.ഇതില്‍ എനിക്കു ദുഃഖം നമ്മുടെ സെമി റിട്ടയേര്‍ഡോ പോകട്ടെ, മദ്ധ്യവയസ്‌ക്കരായ പ്രതിഭാശാലികളായ മീഡിയാ പ്രവര്‍ത്തകര്‍പോലും ഈ മാറ്റങ്ങള്‍ക്കു കാരണമായ ടെക്‌നോളജിയെ സഹിക്കുക എന്ന മട്ടില്‍ ഉള്‍ക്കൊള്ളുകയല്ലാതെ സ്വന്തം സൈക്കേയുടെ ഭാഗമാക്കുന്നില്ല എന്നതാണ്.അടുത്തിടെ നടന്ന സംഭവം:ഞാന്‍ സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ സുഹൃത്ത്, തികച്ചും ജീവിതവിജയം നേടിയ അതിപ്രഗത്ഭനായ മാദ്ധ്യമപ്രവര്‍ത്തകന്‍, ആധുനികമായ എല്ലാ മാറ്റങ്ങളെയും ക്രിയാത്മകമായി ഉള്‍ക്കൊണ്ട് അവയെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പൂരകമായി ഉപയോഗിക്കുന്ന മാതൃകാപുരുഷന്‍, മാനേജ്‌മെന്റിലെ രസകരമായ ഒരു ആശയം കഥയായി വിവരിക്കുന്നതിനിടയില്‍ ഒന്നുനിര്‍ത്തി. ഐ പാഡ് തുറന്നു. ലേറ്റസ്റ്റ് മോഡലാണ്. പറഞ്ഞു.
'വര്‍മ്മാജി, ഒരു മിനിട്ട്. ദാ, ഇപ്പോള്‍ കാണിച്ചുതരാം. ഇതിന്റെ വിഷ്വല്‍സും ഒച്ചയുമുണ്ട്. സീ!'പല കീ അമര്‍ത്തി. വിരലോടിച്ചു. വീശി. മാജിക്കുകാരന്റെ മട്ട് ഹാവഭാവങ്ങള്‍. രണ്ടു മിനിട്ട്. ഒന്നും സംഭവിച്ചില്ല. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.'കിട്ടുന്നില്ല. നൂറായിരം ഓപ്പറേഷന്‍സ് ഇതിലുണ്ട്. ശരിയാകുന്നില്ല. അപ്പു വരട്ടെ. ഞാന്‍ കാട്ടിത്തരാം. അവന്‍ ക്രിക്കറ്റ് കളി കഴിഞ്ഞ് ഇപ്പം വരും.'അപ്പു അദ്ദേഹത്തിന്റെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കൊച്ചു മകനാണ്. വാസ്തവത്തില്‍ സജീവമായി സമൂഹത്തിന് നേതൃത്വം നല്‍കാനും വരുംതലമുറയ്ക്ക് വഴികാട്ടാനും പ്രാപ്തിയുള്ള തലമുറ ഇന്ന് നേരിടുന്ന, പക്ഷെ പൂര്‍ണ്ണമനസ്സോടെ സ്വയം അംഗീകരിക്കാന്‍ തയാറാകാത്ത, കഴിവുകേടാണിത്.
വേറൊരു സംഭവം. എന്റെ അനന്തിരവന്‍ ഭാര്യയേയും മക്കളെയും കൂട്ടി ഗുരുവായൂരില്‍ നിന്ന് വരുന്ന വഴി എറണാകുളത്ത് എന്റെ വീട്ടില്‍ വന്നു. അവരിരുവരും ടെക്കീ ബിരുദാനന്തരബിരുദധാരികളാണ്. ദൈവവിശ്വാസികള്‍. മക്കള്‍, മൂത്തവന്‍ എട്ടു വയസ്സ്, അനിയത്തി നാലു വയസ്സ്. അനന്തിരവന് പ്രൈവറ്റ് ടെക്കീ സെക്ടറില്‍ ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന ജോലി ഉണ്ടായിരുന്നു. ഇപ്പോള്‍ അതു വിട്ട് സ്വന്തം ബിസിനസ്സിലാണ്.ഭാര്യയ്ക്ക് സര്‍ക്കാര്‍ ലാവണം. നഗരത്തില്‍ ഒരു ലക്ഷ്വറി ഫ്‌ളാറ്റ്. നാട്ടില്‍ പഴയ വീടും രണ്ടേക്കര്‍ പുരയിടവും. രണ്ടു കാറ്. ഒരു സംതൃപ്തകുടുംബം.നാലുവയസ്സുകാരി ആദ്യമായി ഗുരുവായൂര് പോകുകയാണ്. ഞാന്‍ അവളെ അടുത്തിരുത്തി അമ്പല വിശേഷം പങ്കിട്ടു:'നീ എന്താ അമ്പോറ്റിയോട് പ്രാര്‍ത്ഥിച്ചത്?'അവള്‍ പറഞ്ഞു:'ഞാന്... ഞാന്‍ പറയാം. ഞാന്‍ കണ്ണടച്ചു. പിന്നെ പറഞ്ഞു. അച്ഛന് ഒരുപാടു രൂപാ തരണേന്ന്.'
'വേറൊന്നും ചോദിച്ചില്ലേ?'അവള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.ഞാന്‍ അവളുടെ ചേട്ടന്‍ എട്ടു വയസ്സുകാരനോട് ചോദിച്ചു:
'നീയെന്താ പ്രാര്‍ത്ഥിച്ചത്?''അച്ഛന്‍ അംബാനിയാകണേന്ന്.'
'നിനക്കോ?'
'പിന്നെ എനിക്ക് ധോണിയാകണേന്ന്.' 
'അതെന്താ ധോണി?'
'അപ്പൂപ്പനറിയാമോ, ഇപ്പോള്‍ ധോണിക്കാണ് ഏറ്റവും വില. ടൂ ഹണ്‍ഡ്രഡ് ക്രോര്‍സ്!'
ഇതു രണ്ടും കഥയല്ല. ഒരു ഇമേജ്. അത്രമാത്രം. ഇന്ന് ലോകം ഒരു വലിയ പൊട്ടിത്തെറിയുടെ വക്കിലാണ് നിലകൊള്ളുന്നത്. യുദ്ധത്തിന്റെ പൊട്ടിത്തെറിയല്ല. അതിനെക്കാള്‍ വലിയ, മാനവസമൂഹം ഇന്നുവരെ സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത ഒരു സ്‌ഫോടനം. പരമ്പരാഗതരീതിയിലുള്ള അക്രമവും മത്സരവും പോലും ഇല്ലാതാക്കുന്ന തരത്തില്‍ ശാസ്ത്രവും സാങ്കേതികരംഗത്തെ കണ്ടുപിടുത്തങ്ങളും നാം ഇന്നുവരെ അചഞ്ചലമെന്നു കരുതിയിരുന്ന എല്ലാ സമവാക്യങ്ങളെയും തൂത്തെറിഞ്ഞു കൊണ്ടിരിക്കുകയാണ്. തത്വശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം, നീതിവ്യവസ്ഥ, സാമൂഹ്യശാസ്ത്രം, എന്നുവേണ്ട, ഭാഷയും കണക്കും കലയും പോലും ഇന്ന് അനുദിനം പുതിയ അര്‍ത്ഥതലങ്ങളിലേക്കും രൂപങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ മായുന്നു. മതങ്ങള്‍ ശാസ്ത്രം നല്‍കുന്ന അറിവിനെയും സ്വാതന്ത്ര്യത്തെയും നേര്‍വഴിക്കാക്കാന്‍ പാടു പെടുകയാണ്. വെബ്‌സൈറ്റുകളും മെഡിക്കല്‍ ടെക്‌നോളജിയും കൊണ്ടുവരുന്ന സുതാര്യതയും സ്വാതന്ത്ര്യവും സമൂഹത്തില്‍ ശാരീരികമായും മാനസികമായും ആത്മീയമായും പുതിയ സമവാക്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. മാനവസമൂഹത്തിന്റെ നിലനില്‍പ്പിന്റെയും പുരോഗതിയുടെയും അടിസ്ഥാനശിലയായിരുന്ന കുടുംബം എന്ന സ്ഥാപനത്തിനും ഈ വിപ്ലവത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയുന്നില്ല.ഈ ഭാവിയുടെ ഒരു മുന്നറിയിപ്പാണ് മേല്‍പ്പറഞ്ഞ വെറും സാധാരണ കഥകള്‍ കാട്ടുന്നത്. ഉപഭോക്തൃവസ്തുക്കളുടെയും ആഡംബരത്തിന്റെയും പരിധിയില്ലാത്ത ലഭ്യതയും അത് സ്വന്തമാക്കാനുള്ള സ്വാര്‍ത്ഥതയും സ്വാഭാവികമാണ്. അവിടെ പണം നമ്മെ നിയന്ത്രിക്കുന്ന ഏക ഘടകമായി മാറിയിരിക്കുകയാണ്.ഇവിടെ മീഡിയായ്ക്ക് ഒരു ചുമതലയില്ലേ? നാം എന്തു ചെയ്യണം?ഒഴുക്കിനൊപ്പം നീന്തുന്നത് ചത്ത മീനുകളാണ്. ഇത് ഒരു പ്രസിദ്ധമായ ആഫ്രിക്കന്‍ പഴമൊഴിയാണ്. ജീവനുള്ളവ ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കും. നമ്മളില്‍ മിക്കവരും ഇത്തരം ചത്ത മീനുകളാണ്. ഒഴുക്കിലാണ് സുഖം. ഒന്നും ചെയ്യേണ്ട. ഒപ്പം നിന്നാല്‍ മതി. ഒഴുക്ക് നമ്മളെ മുന്നോട്ട് നയിച്ചുകൊള്ളും. വലിയ വലിയ കാര്യങ്ങള്‍ എന്ന് കണക്കു കൂട്ടി നാം അവയുടെ പിറകെ നീന്തും. അത് വെറും ചത്തമീനിന് ഒഴുക്കു നല്‍കുന്ന ചലനമാണെന്ന് തിരിച്ചറിയാന്‍ പോലും നാം മിനക്കെടാറില്ല. നമ്മുടെ ചത്ത മനസ്സുകള്‍ക്ക് ജീവന്‍ നല്‍കേണ്ടേ? ഒഴുക്കിനെ ചെറുക്കാനും അതിന്റെ ഗതി നിയന്ത്രിക്കാനും കഴിയുമ്പോഴല്ലേ നാം യഥാര്‍ത്ഥമനുഷ്യരാകൂ? അതെങ്ങിനെ സാധിക്കും?നമുക്ക് അത് സാധിക്കണം.ഒഴുക്കിനൊപ്പം നീന്താതിരിക്കാന്‍ മീഡിയായ്ക്ക് ശക്തി ഉണ്ടാകണം. അതിന് ഒരു നല്ല അവസരമാണ് ഇന്ന് ദില്ലിയില്‍ ദേശീയ മീഡിയായുടെ അമ്പരപ്പ്. ഈ അമ്പരപ്പ് വരും തലമുറയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ അവര്‍ക്ക് ഒപ്പം കൊണ്ടുപോകാവുന്ന പാഥേയമായി, രുചികരമായ പൊതിച്ചോറായി, മാറ്റണം. അതാണ് പ്രസ്സിന്റെ കടമ. 
നോവലിസ്റ്റും വീക്ഷണം മുന്‍ ചീഫ് എഡിറ്ററുമാണ് ലേഖകന്‍. 

കെ. എല്‍. മോഹനവര്‍മ്മ