ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയാറ് ജൂണ്‍ ഇരുപത്തിയാറിനാണ് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജയപ്രകാശ് നാരായണനും മൊറാര്‍ജി ദേശായിയും അതുല്‍ ബിഹാരി ബാജ്പേയിയും മുതല്‍ അനവധി ദേശീയനേതാക്കളില്‍ തുടങ്ങി പഞ്ചായത്തു തലത്തില്‍വരെ രാഷ്ട്രീയമായി സര്‍ക്കാരിനോട് എതിര്‍പ്പുണ്ടായിരുന്ന ഒട്ടനവധി പേര് ജയിലിലായി. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി ഘോരഘോരം പ്രസംഗിക്കാറും എഴുതാറും ഉണ്ടായിരുന്ന എന്റെ പല ബുദ്ധിജീവിസുഹൃത്തുക്കളും മൗനത്തിലായി. ഇരുപതുമാസം കഴിഞ്ഞ് അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ മിക്കവരും വാചാലരായി പുറത്തുവന്നു. അന്തസ്സംഘര്‍ഷത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നതിനാല്‍ മാനസികമായി ഒറ്റപ്പെട്ട് ധ്യാനത്തിലും ഏകാന്തചിന്തകളിലുമായിരുന്നു എന്ന് ഭംഗിയായ ഭാഷയില്‍ യാതൊരു ഉളുപ്പുമില്ലാതെ മിക്കവരും എഴുതി. ഇപ്പോള്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ നാല്‍പ്പതാം വാര്‍ഷികദിനത്തില്‍ ഒട്ടനവധി സംഘടനകള്‍ ആ കരിദിനത്തിന്റെ ഓര്‍മ്മകള്‍ പ്രത്യേകം പ്രത്യേകമായി അവരവരുടെ കാഴ്ചപ്പാടിലൂടെ തങ്ങളാണ് ശരിക്കും അക്കാലത്ത് യാതന അനുഭവിച്ചവര്‍ എന്ന് കൃത്യമായി വെരിഫൈ ചെയ്യാന്‍ പറ്റാത്ത കഥകളിലൂടെ നമ്മെ ഇവരില്‍ പലരും വിശ്വസിപ്പിച്ചു. ഞാന്‍ പഴയ കഥകള്‍ തേടി.
അടിയന്തരാവസ്ഥക്കാലത്തെ പ്രസ് സെന്സര്ഷിപ്പിനോടായിരുന്നു ഏവര്‍ക്കും എതിര്. അന്ന് പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ വക ഉപദേശം ലഭിച്ചു. അപകടകരമായ വാര്‍ത്തകള്‍ മുളയിലേ തന്നെ നുള്ളിക്കളയാന്‍ പത്രങ്ങള്‍ സ്വയം തയാറാകണം. സംശയമുള്ളപ്പോള്‍ അത് പരിഹരിക്കാനായി സര്‍ക്കാര്‍ നിയമിച്ച പ്രസ് അഡൈ്വസറുടെ സഹായം തേടാം.
അക്ഷരാഭ്യാസമില്ലാത്തതുകൊണ്ടും ലേശം വായിക്കാന്‍ പഠിച്ചെങ്കിലും പത്രം വായിക്കുക എന്നത് ഒരു ആവശ്യമായി കരുതാത്തവരായതിനാലും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനത്തിനും ഈ പ്രസ് സെന്‍സര്‍ഷിപ്പ് ഒരു സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായി തോന്നിയില്ല. അവര്‍ക്ക് അടിയന്തരാവസ്ഥ എന്നൊന്നുണ്ടെന്ന് മനസ്സിലായത് സഞ്ജയ് ഗാന്ധി കര്‍ശനമായി ഗ്രാമങ്ങളായ ഗ്രാമങ്ങളിലെല്ലാം കുടുംബാസൂത്രണ പരിപാടിയിലെ വന്ധീകരണം നടപ്പാക്കാന്‍ തുനിഞ്ഞപ്പോഴാണ്. മിക്കവാറും എല്ലാവരും പത്രം വായിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ഇവിടെ എന്താണെന്നറിഞ്ഞുകൂടാ, അടിയന്തരാവസ്ഥയുടെ പ്രതീകമായി നമ്മെ കാണിച്ചുതന്നത് അന്നത്തെ മുഖ്യമന്ത്രി അച്ചുതമേനോനെയല്ല, ആഭ്യന്തരമന്ത്രി കരുണാകരനെയാണ്. രാജന് കേസ് എന്ന ഒരു വൈകാരിക പ്രാധാന്യം ലഭിച്ച വാര്‍ത്തയായിരുന്നു കേരളത്തിലെ അടിയന്തരാവസ്ഥയുടെ സിംബല്‍. ഫലം പത്രം വായിക്കാത്ത ഇതരസംസ്ഥാനങ്ങളിലെ ഗ്രാമീണന് ഇരുപതുമാസത്തെ അടിയന്തരാവസ്ഥയുടെ കണക്കെടുപ്പു നടന്ന അടുത്ത തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെയും കൂട്ടരെയും നിരാകരിച്ചപ്പോള്‍ പത്രം വായിക്കുന്ന കേരളം അവരെ വീണ്ടും അധികാരത്തിലേക്ക് വരാന്‍ വോട്ടു ചെയ്തു ക്ഷണിച്ചു.
ഇന്ന് പത്തിരുപത്തഞ്ചു കൊല്ലമായി ഇന്ത്യന്‍ മാധ്യമരംഗത്തു വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അക്ഷരാഭ്യാസമില്ലാത്തവനെപ്പോലും വാര്‍ത്തകളുടെ ഉപഭോക്താവായി മാറ്റിയിരിക്കുന്നു എന്നതാണ്. അച്ചടി മാധ്യമത്തിന്റെ ശക്തി കുറഞ്ഞു വരികയാണ്. സ്വകാര്യമേഖല ദൃശ്യ-ശ്രാവ്യ രംഗത്ത് റേഡിയോയിലും ടെലിവിഷനിലും അധികാരം സ്ഥാപിക്കുന്നു. ഒരളവില്‍ അതില്‍നിന്ന് വ്യത്യസ്തമായി കഴിഞ്ഞ അഞ്ചാറുവര്‍ഷമായി ഇന്റര്‍നെറ്റ് നല്കുന്ന ഒരു വാര്‍ത്താ കളിക്കളം രൂപപ്പെട്ടു വരുന്നു. ഇന്ന് മീഡിയായുടെ വ്യാപ്തിയും വളര്‍ച്ചയും വൈവിദ്ധ്യവും ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്തവിധം വിപുലമാണ്. 1975-ലെ ഇന്ദിരാഗാന്ധിയുടെ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ഇന്ന് ലേശം നവീകരിച്ച് കൊണ്ടുവന്നാല്‍പ്പോലും അവയ്ക്ക് ഫലപ്രാപ്തി ഉണ്ടാകില്ല എന്നതിന് ഒരു സംശയവുമില്ല.
ആയുധശക്തിയും ടെക്നോളജിയും മതത്തിലോ തത്വശാസ്ത്രത്തിലോ ഉള്ള കടുത്ത വിശ്വാസവും എക്കാലവും രാഷ്ട്രീയ നേതൃത്വങ്ങളില്‍ ഒരു തരം ഏകാധിപത്യ ഭ്രാന്ത് സൃഷ്ടിക്കാറുമുണ്ട്. ആ ഭ്രാന്ത് കുറെക്കാലം പലപ്പോഴും രാജ്യത്തിന്റെ ഭൗതികമായ പുരോഗതി വരുത്താറുമുണ്ട്. ഹിറ്റ്ലറും സ്റ്റാലിനും മുതല്‍ ഗദ്ദാഫി വരെ അടുത്ത കാലത്തെ ഉദാഹരണങ്ങളാണ്. അതില്‍ ഇന്ന് അവശേഷിക്കുന്നവരില്‍ പ്രമുഖനാണ് ഉത്തരകൊറിയയുടെ കിം യോംഗ്. പ്രസ് മീഡിയാ സെന്‍സര്‍ഷിപ്പ് ഇന്ന് കര്‍ശനമായി നടപ്പിലിരിക്കുന്ന രാഷ്ട്രം.
കിം യോംഗിനെക്കുറിച്ചുള്ള ഒരു രസകരമായ കഥ. സിനിമാക്കഥയാണ്. അതിനാല്‍ അത് അര്‍ദ്ധസത്യ ഫിക്ഷനാണ്. 2014 അവസാനം പ്രദര്‍ശനത്തിനു തയാറായ ദി ഇന്റര്‍വ്യൂ എന്ന ഹോളിവുഡ് സിനിമ.
കിം യോംഗ് അമേരിക്കന്‍ ടെലിവിഷനിലെ ലോകമാസകലം ജനപ്രീതി നേടിയ സ്ക്കൈ ലാര്‍ക്ക് ടു നൈറ്റ് എന്ന ചോദ്യോത്തര പ്രോഗ്രാമിന്റെ ആരാധകനാണ്. വിവിധ മേഖലകളിലെ അത്യുന്നതരുമായി നടത്തുന്ന ഈ അഭിമുഖപരിപാടിയില്‍ അവരുടെ സ്വകാര്യ ജീവിതവും തമാശകളും ഗോസിപ്പുകളും കാട്ടും. ഈ ടോക്ക് ഷോയുടെ ആയിരാമത് എപ്പിസോഡ് തികയുന്നതിന്റെ ആഘോഷത്തിനിടയില്‍ കിം യോംഗിനെ ഈ പ്രോഗ്രാമില്‍ കൊണ്ടുവരാന്‍ പ്രൊഡ്യൂസര്‍ പ്ലാനിടുന്നു. പല വിദ്യകളും ഉപയോഗിച്ച് കിം യോംഗിനെ വലയില്‍ വീഴ്ത്തുന്നു. സ്ക്കൈ ലാര്‍ക്ക് ആതിഥേയന് പ്രഗത്ഭനായ ഡേവിഡിനും ക്യാമറാമാനും സിയോളില്‍ ചെന്ന് ഷോ റെക്കാര്ഡുചെയ്യാന് അനുമതി ലഭിക്കുന്നു. ഒരു ലൈവ് ഷോയ്ക്ക് ഉത്തര കൊറിയന്‍ ടെലിവിഷനിലല്ലാതെ മറ്റൊന്നിലും ഒരിക്കലും പ്രത്യക്ഷപ്പെടാത്ത, വിദേശപത്ര പ്രവര്‍ത്തകരുമായി ഒരിക്കലും ബന്ധപ്പെടാന്‍ സമ്മതം നല്‍കാത്തയാളാണ് കിം യോംഗ്. അദ്ദേഹവുമായി നേരിട്ട് കുറെനേരം ഇടപെടാന്‍ രണ്ടു അമേരിക്കന്‍ മീഡിയ പ്രവര്‍ത്തകര്‍ക്കു കിട്ടുന്ന അത്യപൂര്‍വസന്ദര്‍ഭം പാഴാക്കാതെ കിം യോഗിനെ വധിക്കാനായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി എഫ്.ബി.ഐ. തീര്‍ച്ചപ്പെടുത്തുന്നു. ഡേവിഡിനെയും കൂട്ടുകാരനെയും കള്ളും കഞ്ചാവും പെണ്ണും കൊടുത്ത് വശത്താക്കി ഈ ദൗത്യം ഏല്‍പ്പിക്കുന്നു. കിം യോംഗിനെ ഒരു തവണയേ ഇവര്‍ക്ക് തൊടാന്‍ അവസരം ലഭിക്കൂ. ആദ്യത്തെ ഷേക്ക് ഹാന്‍ഡ്. ആ സമയം നേരിയ കൈയമര്ത്തലിനിടെ കൈപ്പത്തിയില്‍ ഒട്ടിച്ച പ്ലാസ്റ്ററിലൂടെ മാരകവിഷം പകരുകയാണ് പദ്ധതി. കഥ പിന്നീട് അസല്‍ ജെയിംസ് ബോണ്ട് ഹോളിവുഡ് സ്റ്റൈലില്‍ കിം യോംഗിന്റെ മരണത്തിലും ഏകാധിപത്യത്തിന്റെ പതനത്തിലും അവസാനിക്കുന്നു.
ഈ സിനിമാ എവിടെയെങ്കിലും പ്രദര്‍ശിപ്പിച്ചാല്‍ ഉത്തര കൊറിയന്‍ സര്‍ക്കാര്‍ യുഎസ്എ.യുമായി യുദ്ധം പ്രഖ്യാപിക്കുമെന്നു വരെ ഭീഷണി ഉണ്ടായി. സിനിമാ എഡിറ്റു ചെയ്ത് ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ എതിരു കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാര്യം നടന്നില്ല. ഇതിനിടയ്ക്ക് സിനിമാനിര്‍മ്മാണത്തിന്റെ പേരന്റ് കമ്പനിയായ സോണിപിക്ചേഴ്സ് എന്റര്‍ടെയിന്റ്മെന്റിന്റെ കമ്പ്യൂട്ടര്‍ സിസ്റ്റം സമാധാനത്തിന്റെ രക്ഷകന് എന്ന് സ്വയം പ്രഖ്യാപിച്ച് അറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ഹാക്കിംഗ് സേവന ഗ്രൂപ്പ് ഹാക്ക് ചെയ്ത് സോണിയുടെ രഹസ്യങ്ങള്‍ കുറേശ്ശെയായി പുറത്തുവിട്ട് അവരെ പ്രതിരോധത്തിലാക്കി ദി ഇന്റര്‍വ്യൂ എന്ന ഈ സിനിമാ തീവ്രവാദം പ്രോത്സാഹിപ്പിക്കും എന്ന് എല്ലാവരും അംഗീകരിക്കാവുന്ന കാരണം പറഞ്ഞ് സിനിമാ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന് ഈ ഗ്രൂപ്പ് കര്‍ശനമായി വാര്‍ണിംഗ് നല്കി. സോണി കമ്പനി റിലീസ് പേരിന് ചില തിയേറ്ററുകളില്‍ മാത്രം നടത്തി പുതിയ ഒരു പരിപാടി പ്രായോഗികമാക്കി. സിനിമ ഓണ്‍ലൈന്‍ വാടകവില്പ്പന ശൈലിയില്‍ മാത്രം ഡയറക്ട് മാര്‍ക്കറ്റിംഗ് ചെയ്തു. സിനിമ കാണേണ്ടവര്‍ കണ്ടു. ഡിജിറ്റല്‍ റിലീസ് രംഗത്ത് ഈ സിനിമ കഴിഞ്ഞ അഞ്ചാറു മാസത്തിനകം റെക്കാര്‍ഡ് കളക്ഷന്‍ നേടി.
ഈ കഥയ്ക്ക് ഒരു ഗുണപാഠമുണ്ട്.
ഏതു മൗലികാവകാശം സ്ഥാപിച്ചു കിട്ടാനും ടെക്നോളജിയേ ഇനി രക്ഷയുള്ളൂ.
പക്ഷെ മീഡിയയുടെ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന വൈവിദ്ധ്യമായ രൂപമാറ്റം കാരണം ഇനി മനുഷ്യാവകാശം, ദാരിദ്ര്യം, സാമൂഹ്യനീതി, ഒറ്റപ്പെട്ടതും പാര്ശ്വവത്ക്കരിക്കപ്പെട്ടതുമായ ഉള്‍നാടന്‍ ഗ്രാമങ്ങള്‍, വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഇന്നുവരെ പൊതുവെ മീഡിയ ഫ്രണ്ട്ലി ആയിട്ടില്ലാതിരുന്ന വിഷയങ്ങള്‍ക്കു കൂടുതല്‍ ഇടം ലഭിക്കാനിടയുണ്ട് എന്ന് നാം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഈ പ്രതീക്ഷ അസ്ഥാനത്തായി. ഇന്ന് ഈ മീഡിയ കൈകാര്യം ചെയ്യുന്ന വാര്‍ത്തകളും ഒരു കണ്‍സ്യൂമര്‍ ഉത്പന്നമായി അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഏതു വാര്‍ത്തയാണ് കൂടുതല്‍ വില്‍ക്കപ്പെടുന്നത് എന്നതിനാണ് പ്രാധാന്യം.
സര്‍ക്കാരിന് വരും കാലത്ത് പഴയതുപോലെ ഒരു വാര്‍ത്ത സെന്‍സര്‍ഷിപ്പ് അസാദ്ധ്യമായിരിക്കാം. പക്ഷെ രാഷ്ട്രീയവും ബിസിനസ്സും ഒന്നായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ആഗോളപ്രവണതയ്ക്ക് തടയിടാന്‍ ആര്‍ക്കും കഴിയുന്നില്ല. സ്വാഭാവികമായും എന്താണ് വാര്‍ത്ത എന്നതിനെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ ഉണ്ടാകുകയാണ്. അത് ഒരു അദൃശ്യമായ സെന്‍സര്‍ഷിപ്പ് വരുത്തുന്ന അടിയന്തരാവസ്ഥയിലേക്ക് മീഡിയായെ എത്തിച്ചുകൊണ്ടിരിക്കുകയുമാണ്.
ഇതിനെതിരെ ഒരു സമരം സാധ്യമാണോ? എങ്കില്‍ അത് എവിടെ ആരംഭിക്കും? ആര് തുടങ്ങും?