Error message

മാറ്റത്തിന്റെ കാറ്റ് മാധ്യമങ്ങളില്‍

സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ടുകള്‍ പിന്നിടാറായിരിക്കേ  ഇന്ത്യയുടെ പൊതുസമൂഹം പുരോഗതിയുടെ പടവുകളില്‍ എത്രമാത്രം മുന്നേറി എന്നതിനെക്കുറിച്ച്  ഏറെ വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്. വികസനത്തിന്റെ അളവുകോല്‍ ഓരോരുത്തരുടെയും മനോധര്‍മമനുസരിച്ചു മാറിക്കൊണ്ടിരിക്കും. എന്നാല്‍ യഥാര്‍ഥ ഇന്ത്യയുടെ ചിത്രം ഇന്നും പൂര്‍ണമായി ആരും വരച്ചുകാട്ടുന്നില്ല. ഉണ്ടെങ്കില്‍ത്തന്നെ മാധ്യമങ്ങള്‍ ഒപ്പിയെടുക്കുന്ന ചില ചിത്രങ്ങള്‍ മാത്രമാണ് യാഥാര്‍ഥ്യത്തിന്റെ ഇറ്റു വെളിച്ചമെങ്കിലും പകര്‍ന്നു നല്‍കുന്നത്. ഗ്രാമീണ ഇന്ത്യയുടെ രോദനങ്ങള്‍ പകര്‍ത്താന്‍, അറിവിന്റെ വെളിച്ചം ഇനിയും കടന്നു ചെന്നിട്ടില്ലാത്ത ഇടങ്ങളിലേക്കു കയറിച്ചെല്ലാന്‍, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാഴുന്ന ഇരുണ്ട ഇടങ്ങളില്‍ വെളിച്ചം പകരാന്‍ രാജ്യത്തെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നല്‍കിയ സംഭാവന ഈ ഏഴുപതിറ്റാണ്ടുകളിലൂടെ കടന്നുപോകുന്നവര്‍ക്കു സുവ്യക്തമാണ്.
സ്വതന്ത്ര ഇന്ത്യയുടെ മാധ്യമചരിത്രം സമ്മിശ്രസ്വഭാവം ഉള്‍ക്കൊള്ളുന്നതാണ്.  ശക്തമായ  നിലപാടുകളെടുത്ത മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും ധാരാളമുണ്ട്. മാധ്യമപ്രവര്‍ത്തനത്തിനു അവമതി വരുത്തിവച്ചവരും ഉണ്ട്. മാധ്യമവിചാരണയും പെയ്ഡ് ന്യൂസുമൊക്കെ വലിയ വിവാദങ്ങളുയര്‍ത്തി. സ്‌ഫോടനാത്മകമായ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അധികാരികളെ ഞെട്ടിച്ചവരുണ്ട്. സ്റ്റിംഗ് ഓപ്പറേഷനിലൂടെ അന്തഃപുരരഹസ്യങ്ങളും വലിയ അഴിമതികളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കുംഭകോണങ്ങളും രാഷ്ട്രീയ ഇടപെടലുകളും രാജ്യദ്രോഹപരമായ നടപടികളുമൊക്കെ തുറന്നുകാട്ടുന്നതില്‍ ഇന്ത്യന്‍ മാധ്യമരംഗം കാണിച്ചിട്ടുള്ള ആര്‍ജവം ആഗോളതലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രഗത്ഭരായ പല മാധ്യമപ്രവര്‍ത്തകരെയും രാജ്യം സംഭാവന ചെയ്തു. വരകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും നിശിത വിമര്‍ശനങ്ങള്‍ നടത്തി അതിനിരയായവരുടെപോലും അഭിനന്ദനത്തിനു പാത്രീഭൂതരായ മാധ്യമപ്രവര്‍ത്തകരും രാജ്യത്തുണ്ടായിരുന്നു. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്കു നല്‍കേണ്ട സ്ഥാനത്തെക്കുറിച്ചു നല്ല അവബോധം ഉണ്ടായിരുന്ന അത്തരം ഭരണാധികാരികള്‍ വികസിത രാജ്യങ്ങളില്‍പ്പോലും വിരളമാണ്. 
വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യാനും തിരുത്തലുകള്‍ വരുത്താനും തയാറാകുന്ന ഭരണാധികാരികളാണ് ഏതു ജനാധിപത്യത്തിന്റെയും കരുത്ത്. എന്നാല്‍, സൃഷ്ടിപരമായ വിമര്‍ശനങ്ങളോടുപോലും അസഹിഷ്ണുത പുലര്‍ത്തിയ പല നേതാക്കളും ഭരണാധികാരികളും ഇവിടെയുമുണ്ടായിരുന്നു.   മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയക്കാര്‍ വേട്ടയാടിയ കാലവും സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുണ്ട്.
വിമര്‍ശനങ്ങള്‍ മാത്രമാണോ മാധ്യമധര്‍മം? ഒരിക്കലുമല്ല. വിമര്‍ശനങ്ങള്‍ക്കുമപ്പുറമുള്ള ചില ഉന്നത ഉത്തരവാദിത്വങ്ങള്‍ മാധ്യമങ്ങള്‍ക്കു നിര്‍വഹിക്കാനുണ്ട്. നൂറ്റിമുപ്പത്തിരണ്ടു കോടിവരുന്ന ജനസഞ്ചയത്തിന് അഭിമാനത്തോടെ ജീവിക്കാനുള്ള അവസരമൊരുക്കുക എന്നതു വലിയ ഉത്തരവാദിത്വമാണ്. അതു സാധ്യമാക്കുക എന്നത് ഇന്നും നമുക്കു ബാലികേറാമലയാണ്. 
2011ലെ സാമൂഹ്യ സാമ്പത്തിക ജാതി സര്‍വേയുടെ പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ലഭ്യമായ വിവരങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ടുകളുടെ പല ദൗര്‍ബല്യങ്ങലും ചൂണ്ടിക്കാട്ടുന്നുണ്ട്. സ്ഥിതിവിവരക്കണക്കുകള്‍ പലപ്പോഴും യഥാര്‍ഥ ചിത്രങ്ങളല്ല നല്‍കുന്നതെന്നു പറയുന്നവരുണ്ടാകാം. പക്ഷേ, ചില യാഥാര്‍ഥ്യങ്ങള്‍ക്കു നേരേ പിടിക്കുന്ന കണ്ണാടിയിലെ പ്രതിബിംബങ്ങളെ ആര്‍ക്കും അവഗണിക്കാനാവില്ല. അതു പ്രതിബിംബമായതുകൊണ്ട് യാഥാര്‍ഥ്യമല്ലെന്നുവാദിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങളെത്തന്നെ പുറത്തുകൊണ്ടുവരുകയാണു മാധ്യമങ്ങളുടെ ദൗത്യം.
സ്വാതന്ത്ര്യത്തിന്റെ  എഴുപതിറ്റാണ്ടുകളുടെ  ആദ്യപകുതി രാജ്യത്തിനു നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ കാലമായിരുന്നു. അതിനു മാധ്യമങ്ങളുടെ പിന്തുണയും ഭരണകൂടത്തിനു ധാരാളമായി ലഭിച്ചു. രാജ്യം പുരോതിയുടെ പുതുചക്രവാളങ്ങള്‍ തേടുന്ന കാലമായിരുന്നു അടുത്ത പകുതി. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് ശാസ്ത്ര- സാങ്കേതിക രംഗത്തും വാര്‍ത്താവിനിമയ രംഗത്തും വിപ്ലവകരമായ പുരോഗതിയുണ്ടായി. 
മാറ്റങ്ങളോടു സാവധാനം പ്രതികരിച്ചിരുന്ന  രാജ്യം  ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും  ഘട്ടത്തിലേക്കു കടന്നപ്പോള്‍ ഇന്ത്യന്‍ നഗരങ്ങളുടെ മാത്രമല്ല ധാരാളം ഗ്രാമങ്ങളുടെയും മുഖച്ഛായയില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി. ഗ്രാമങ്ങള്‍ ചെറുപട്ടണങ്ങളുടെയും പട്ടണങ്ങള്‍ വന്‍നഗരങ്ങളുടെയും രൂപവും സ്വഭാവവും കൈവരിച്ചു. നഗരവത്കരണം വികസനത്തിന്റെ പുറംപൂച്ചിനപ്പുറം ആഴത്തിലുള്ള മാറ്റത്തിനു വഴിയൊരുക്കിയില്ലെന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്.
സ്വതന്ത്ര ഇന്ത്യ സാങ്കേതിക മുന്നേറ്റങ്ങളോട് ആദ്യമൊക്കെ അല്‍പം മെല്ലെപ്പോക്ക് നയം സ്വീകരിച്ചുവോ എന്നു സംശയമുണ്ട്. അതേസമയം അടിസ്ഥാന സൗകര്യവികസനത്തിനുതകുന്ന പല പദ്ധതികളും വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു. വിക്രം സാരാഭായിയെപ്പോലുള്ള ശാസ്ത്രപ്രതിഭകളാണു ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിനൊപ്പം ഇന്ത്യയെ നയിക്കാന്‍  അന്നു ഭരണാധികാരികളെ പ്രേരിപ്പിച്ചത്. 
സാധ്യമായ എല്ലാ ശാസ്ത്രീയ നേട്ടങ്ങളും സ്വാംശീകരിച്ചു രാജ്യത്തെ വികസനത്തിലേക്കു നയിക്കണമെന്നായിരുന്നു വിക്രം സാരാഭായിയെപ്പോലുള്ളവരുടെ അഭിപ്രായം. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ആ ആശയത്തെ പ്രോത്സാഹിപ്പിച്ചു. ടെലിവിഷന്‍ കൂടുതല്‍ പ്രചരിപ്പിക്കണമെന്ന ആശയവും സാരാഭായിയുടേതായിരുന്നു. ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്കും  ജനസമൂഹങ്ങളിലേക്കും  സാമൂഹികവും സാമ്പത്തികവുമായ വികസനം എത്തിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍നിന്ന് എഴുപതുകളുടെ മധ്യത്തില്‍ ഉപഗ്രഹ വാര്‍ത്താവിനിമയ സംവിധാനം ഏര്‍പ്പെടുത്തിയത് ഈ മുന്നേറ്റത്തിലെ നാഴികക്കല്ലായിരുന്നു. രണ്ടായിരത്തിഅഞ്ഞൂറോളം ഗ്രാമങ്ങളില്‍ വികസനോന്മുഖ പരിപാടികള്‍ എത്തിക്കാനായി. റേഡിയോയും ടെലിവിഷനുമൊക്കെ അന്നുവരെ വിനോദോപാധികളായി കരുതിയിരുന്നെങ്കില്‍ പിന്നീടു മാധ്യമങ്ങളുപയോഗിച്ചുള്ള വികസനത്തെക്കുറിച്ചുള്ള സങ്കല്പം പുതിയ രൂപവും ഭാവവും കൈവരിച്ചു.
പാശ്ചാത്യ വികസിത സമൂഹം സാങ്കേതിക വളര്‍ച്ചയെ വിപണി താല്‍പര്യങ്ങള്‍ക്കനുസൃതമായി വളര്‍ത്തിയെടുത്തപ്പോള്‍ ഇന്ത്യ അതു സമൂഹത്തിലെ ദുര്‍ബലവിഭാഗത്തിനു പ്രയോജനപ്പെടുത്താനുള്ള വഴികള്‍ തേടി. ഗാന്ധിയന്‍ വികസന സങ്കല്‍പത്തിനനുസൃതമായി പട്ടിണിയും അജ്ഞതയും അകറ്റാനുള്ള വഴികള്‍ കണ്ടെത്താന്‍ നെഹ്‌റു ശാസ്ത്രജ്ഞരെ ആഹ്വാനം ചെയ്തത് ഈ ലക്ഷ്യത്തോടെയാണ്. 
ഇത്തരം സാമൂഹ്യബോധം നെഞ്ചിലേറ്റിയാണ് ഇന്ത്യയില്‍  ശാസ്ത്രജ്ഞരും സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമൊക്കെ പ്രവര്‍ത്തിച്ചത്. റോക്കറ്റ് വിക്ഷേപണത്തിനുള്ള സാമഗ്രികള്‍ സൈക്കിളിന്റെ പിന്നില്‍ വച്ചുകൊണ്ടുപോകുന്ന കാഴ്ച അന്നു ലോകത്തിനു കൗതുകവും കുറേപ്പേര്‍ക്കെങ്കിലും വിമര്‍ശനത്തിനുള്ള വിഷയവുമായി. അത്തരം തുടക്കങ്ങള്‍ ചന്ദ്രയാനിലും പിന്നീടു ചൊവ്വാ പര്യവേക്ഷണത്തിലുംവരെ എത്തി. ലോകം ഇന്ന്, ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങള്‍ വിലമതിക്കുന്നു.
ഈ നേട്ടങ്ങളോടെല്ലാം ചേര്‍ന്നുനിന്നുകൊണ്ട് രാജ്യത്തെ മാധ്യമലോകം സൃഷ്ടിപരമായ സംഭാവനകള്‍ ചെയ്തു. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു കടന്നപ്പോള്‍ രാജ്യത്ത് അതിസമ്പന്നരും മധ്യവര്‍ഗവും കൂടുതല്‍ ശക്തരായി. പക്ഷേ, ഒരുവിഭാഗം ജനങ്ങള്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും പിന്നോക്കാവസ്ഥയിലേക്കും ആഴ്ന്നുപോയി. ഈ അസമത്വം മാധ്യമങ്ങള്‍ പൊതുജനശ്രദ്ധയ്ക്കു മുന്നില്‍ വച്ചു. വികസനത്തെ വളച്ചൊടിക്കുന്നവര്‍ എന്നൊക്കെ ചില മാധ്യമപ്രവര്‍ത്തകര്‍ക്കു ദുഷ്‌പേരു കിട്ടിയെങ്കിലും ഇരുള്‍വീണ പല ഇടങ്ങളിലേക്കും മാധ്യമങ്ങള്‍ ടോര്‍ച്ച് തെളിച്ചുപിടിച്ചു. ആ ദൗത്യം ഇനിയും തുടരണം. അതു തന്നെയാണ് എന്നത്തെയും പോലെ ഇന്നത്തെയും മാധ്യമധര്‍മം.

 

Issue: 

February, 2016