Error message

മാധ്യമങ്ങള്‍ വിളമ്പുന്നത്‌

ലോകമെമ്പാടും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു നാം ഉത്കണ്ഠപ്പെടാറുണ്ട്. എന്നാല്‍, മാധ്യമപ്രവര്‍ത്തകരുടെ നടപടികളെക്കുറിച്ചും മാധ്യമലോകം ആശങ്കപ്പെടേണ്ടതുണ്ട്. ലാസ്‌ളോ പെട്രോയെന്ന ഹംഗറിക്കാരി മാധ്യമപ്രവര്‍ത്തക തന്റെ ജോലി നിര്‍വഹണത്തിനിടെ ഒരു അഭയാര്‍ഥി ബാലികയോടു കാട്ടിയ ക്രൂരത ലോകമെമ്പാടും, നവമാധ്യമഭാഷയില്‍ പറഞ്ഞാല്‍, വൈറലായി. മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് അന്യായങ്ങളും കൊള്ളരുതായ്കകളും ധാരാളം ഉണ്ടാകുന്നുണ്ട്. ഇതു സമൂഹത്തില്‍ വലിയ അമര്‍ഷത്തിനിടയാക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്- ഭരണകൂടമോ തൊഴില്‍ സ്ഥാപനങ്ങളോ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളോ? ഇവരിലാരു വയ്ക്കുന്ന നിയന്ത്രണങ്ങളും മാധ്യമ സ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കുമെന്നു കരുതാന്‍ വയ്യ. ജനാധിപത്യ ഭരണക്രമത്തില്‍ മാധ്യമങ്ങള്‍ക്ക് ചില സ്വാതന്ത്ര്യങ്ങള്‍ ഉണ്ട്. അത് അവകാശങ്ങളാണെന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ വിവിധ തൊഴില്‍ മേഖലകളില്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഏറക്കുറെ വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്ന ഒരു തൊഴില്‍ മേഖല പത്രപ്രവര്‍ത്തനരംഗം തന്നെയാണ്.
സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തിലെ പത്രപ്രവര്‍ത്തനവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പത്രപ്രവര്‍ത്തനവും തുലോം വ്യത്യസ്തമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വേജ് ബോര്‍ഡും മറ്റു ചില വ്യവസ്ഥാപിത തൊഴില്‍ സൗകര്യങ്ങളും സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികള്‍ ഏര്‍പ്പെടുത്തി. പോരടിച്ചും പ്രക്ഷോഭം നടത്തിയും കോടതികയറിയുമൊക്കെ അത് ഇതുവരെ നിലനിര്‍ത്താനായി. പക്ഷേ, വരുംകാലങ്ങളില്‍ ഈ വ്യവസ്ഥാപിത തൊഴില്‍ ആനുകൂല്യങ്ങളുടെ കാര്യം എന്താവും എന്നു പറയുകവയ്യ. മാറ്റമുണ്ടാകമെന്നുള്ള സൂചന ബന്ധപ്പെട്ടവര്‍ പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു.
ഇത്തരമൊരു അനിശ്ചിതത്വത്തിലേക്കു നീങ്ങുന്ന മാധ്യമപ്രവര്‍ത്തനത്തിന് അതിന്റെ വിശ്വാസ്യതകൂടി നഷ്ടപ്പെട്ടാല്‍ എന്താവും അവസ്ഥ? പക്ഷം ചേരുന്ന പത്രക്കാരനും കക്ഷിരാഷ്ട്രീയക്കാരനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. പക്ഷപാതവും രാഷ്ട്രീയവല്‍കരണവും ഇന്ത്യന്‍ മാധ്യമലോകത്തു മാത്രമല്ല, ലോക മാധ്യമരംഗത്തുതന്നെ ശക്തിപ്പെടുന്നുണ്ട്. മാധ്യമപ്രവര്‍ത്തനത്തിലെ കോര്‍പറേറ്റ്‌വല്‍കരണത്തിന്റെ  അനിവാര്യമായ പാര്‍ശ്വഫലങ്ങളിലൊന്നാണത്. മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചു പറയുമ്പോഴൊക്കെ വ്യവസായമെന്ന പദംകൂടി ഇപ്പോള്‍ കടന്നുവരുന്നുണ്ട്. അറിവിന്റെ ലോകത്തും അറിയിക്കലിന്റെ തൊഴിലിലുമൊക്കെ വ്യവസായവല്‍കരണമായാല്‍ അതു നല്ലതിനാവില്ല.
മാധ്യമപ്രവര്‍ത്തനത്തിലെ ഇത്തരം അടിസ്ഥാന പ്രതിസന്ധികളുടെ വേലിയേറ്റം മാധ്യമപ്രവര്‍ത്തകരെ തൊഴില്‍പരമായും വ്യക്തിപരമായും  ബുദ്ധിമുട്ടിക്കുമ്പോള്‍  അവര്‍ക്കു തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ കാര്യക്ഷമതയും സാമൂഹ്യ പ്രതിബദ്ധതയും പുലര്‍ത്താന്‍ സാധിക്കാതെ വരാം. അവിടെയാണ് ഈ തൊഴിലിന്റെ യഥാര്‍ഥ വെല്ലുവിളി. സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ തിരിക്കാനും സമൂഹത്തിന്റെ തന്നെ അപചയങ്ങളിലേക്ക് വെളിച്ചം വീശാനും ശ്രമിക്കേണ്ടതിനു പകരം തൊഴില്‍ദാതാവിന്റെ ഇച്ഛയ്ക്കും മാധ്യമത്തിന്റെ പ്രചാരത്തിനും ആവശ്യമായ എന്തു കാര്യവും ചെയ്യുക എന്നത് അപകടകരമാണ്.
അഭയാര്‍ഥികളെ സ്വീകരിക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും അതിര്‍ത്തി തുറന്നു കൊടുത്തപ്പോള്‍ ഹംഗറി മുള്ളുവേലികള്‍ കെട്ടി അവരെ തടഞ്ഞു. അതിനു ഹംഗറിക്ക് അവരുടേതായ ന്യായങ്ങളുമുണ്ട്. അഭയാര്‍ഥികളായി കയറിപ്പറ്റുന്നവരില്‍ ചിലര്‍ ഭാവിയില്‍ തങ്ങളുടെ നിലനില്‍പിനുതന്നെ ഭീഷണിയാവുമോ എന്ന ഭീതിയാണ് അതിലൊന്ന്. ലോകസമൂഹത്തിന്റെ മുന്നില്‍ തങ്ങളുടെ നിലപാട് അവമതിക്കപ്പെടുമെന്ന സാഹചര്യമുണ്ടായിട്ടും ഹംഗറി നിലപാടു കര്‍ക്കശമാക്കി. ഹംഗറിക്കാരിയായ മാധ്യമപ്രവര്‍ത്തക തന്റെ ഔദ്യോഗിക കര്‍ത്തവ്യ നിര്‍വഹണത്തിനിടെ  ആ  രാജ്യത്തിന്റെ താല്‍പര്യത്തെക്കുറിച്ചും ചിന്തിച്ചിട്ടുണ്ടാവുമോ എന്നറിയില്ല.
ഏതായാലും വാര്‍ത്തകള്‍ ശേഖരിക്കുന്നതില്‍ പുതിയ ലോകത്തെ മാധ്യമപ്രവര്‍ത്തകര്‍ ഏറെ ഉത്സാഹം പ്രകടിപ്പിക്കുന്നുണ്ട്. വിവരശേഖരണത്തിനും വാര്‍ത്താവിന്യാസത്തിനുമുള്ള മാര്‍ഗങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ഏറെ പുരോഗമിച്ചു. ഓരോ ദിവസവും ഈ ദിശയില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുന്നു. മുറിക്കുള്ളിലിരുന്നുകൊണ്ടുതന്നെ ലോകത്തെ കാണാനും ലോകത്തോടു സംവദിക്കാനുമുള്ള അവസരം ലഭ്യമായിരിക്കേ, അതു ഫലപ്രദമായും മറ്റുള്ളവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കാതെയും ഉപയോഗിക്കുക എന്നതു പ്രധാനമാണ്.
സംഘര്‍ഷഭൂമിയില്‍ വാര്‍ത്തകള്‍ ശേഖരിക്കാനും ചിത്രമെടുക്കാനും ചെന്നവര്‍ക്കു വെടിയേറ്റും സ്‌ഫോടനത്തിലുമൊക്കെ ജീവന്‍ നഷ്ടപ്പെട്ട നിരവധി സംഭവങ്ങളുണ്ട്. ലൈവ് ടെലികാസ്റ്റ് നടന്നുകൊണ്ടിരിക്കേ വെടിയേറ്റു വീണ വിര്‍ജീനിയയിലെ ടിവി റിപ്പോര്‍ട്ടര്‍ ആലിസണ്‍ പാര്‍ക്കും കാമറാമാന്‍ ആദം വാര്‍ഡും ഇക്കഴിഞ്ഞ ഓഗസ്റ്റിലെ മാധ്യമ രക്തസാക്ഷികളാണ്. ഇവരോടൊപ്പം ജോലി ചെയ്തിരുന്ന മുന്‍ റിപ്പോര്‍ട്ടര്‍ ബ്രൈസ് വില്യംസാണു കൊലപാതകം നടത്തിയത്. അയാളും ജീവനൊടുക്കി.
ആലിസണ്‍ വംശീയ പരാമര്‍ശം നടത്തിയെന്നതായിരുന്നു ബ്രൈസിന്റെ വിരോധത്തിനു കാരണം. വെടിവയ്പിന്റെ തത്സമയ ദൃശ്യങ്ങള്‍ പ്രതി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഒരു ഷോപ്പിംഗ് സെന്ററില്‍ പുലര്‍ച്ചെ നടന്ന ലൈവ് ഷോയുടെ സമയത്തായിരുന്നു വെടിവയ്പ്. അതും ഷോപ്പിംഗ് മാളിലെ കാമറയില്‍ പതിഞ്ഞു. ടെലിവിഷന്‍ പ്രേക്ഷകര്‍ ഈ ദൃശ്യങ്ങള്‍ തത്സമയം കണ്ടു.
നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങളുടെ സജീവ ചിത്രം സമൂഹത്തിനു നല്‍കിയതുകൊണ്ടുമാത്രം മാധ്യമപ്രവര്‍ത്തനം സാര്‍ഥകമാകുമോ? യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറമുള്ള ചില യാഥാര്‍ഥ്യങ്ങള്‍കൂടി കണ്ടെത്തുമ്പോള്‍ മാത്രമേ മാധ്യമപ്രവര്‍ത്തനം മഹനീയമാകൂ. അമേരിക്കയില്‍ വളര്‍ന്നുവരുന്ന വംശീയവികാരമാകാം ബ്രൈസ് വില്യംസിനെക്കൊണ്ട് ഈ കടുംകൈ ചെയ്യിച്ചത്.
വികസിത രാജ്യങ്ങളില്‍ മാത്രമല്ല, സാമ്പത്തിക വികസനത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന വികസ്വര രാജ്യങ്ങളിലും മാധ്യമലോകം ഏറെ സജീവമാണ്. ഒരുപക്ഷേ, വികസിതസമൂഹത്തെക്കാള്‍ കൂടുതലായി മാധ്യമസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത് ഇത്തരം വികസ്വര സമൂഹങ്ങളാണ്. 
സമൂഹത്തില്‍ മധ്യവര്‍ഗം ശക്തിപ്രാപിക്കുമ്പോള്‍ ഉപഭോഗ സംസ്‌കാരത്തില്‍ അതു പ്രതിഫലിക്കും. ക്രയശേഷി വര്‍ധിക്കുന്ന ഒരു വിഭാഗം സമൂഹത്തിലെ സുഖഭോഗങ്ങള്‍ ആസ്വദിക്കുന്നതില്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കും. അവിടേക്കാണ് അച്ചടി,ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ തങ്ങളുടെ വലയുമായി ഇറങ്ങിച്ചെല്ലുന്നത്.  അവിടെ  മാധ്യമപ്രവര്‍ത്തനത്തെ സമൂഹസേവനമായികാണാന്‍ ശ്രമിക്കുന്നവര്‍ പിന്തള്ളപ്പെട്ടേക്കാം. 
ബിസിനസ് നന്നായി നടത്താന്‍ അറിയാവുന്നവര്‍ക്കാവും മറ്റേതൊരു മേഖലയിലെന്നപോലെ മാധ്യമമേഖലയിലും പിടിച്ചടക്കാന്‍ സാധിക്കുക. അതിനു നല്ല ബിസിനസ് എക്‌സിക്യുട്ടീവുകളെയും മാനേജര്‍മാരെയും ആവശ്യമുണ്ട്. ആ തൊഴിലിനു പുതുതലമുറയെ സജ്ജമാക്കുന്ന മാധ്യമപ്രവത്തനപരിശീലനമാണ് ഇപ്പോള്‍ പലേടത്തും ലഭിക്കുന്നത്. ബ്രേക്കിംഗ് ന്യൂസിനുവേണ്ടിയും എസ്‌ക്ലൂസീവുകള്‍ക്കുവേണ്ടിയുമുള്ള പരക്കം പാച്ചിലില്‍ ഈ മാധ്യമ എക്‌സിക്യുട്ടീവുകള്‍ തൊഴില്‍പരമായ മര്യാദകള്‍ പലപ്പോഴും മറക്കുന്നുണ്ട്. അവരെ അത്തരം മറവിരോഗങ്ങളില്‍നിന്നു രക്ഷിക്കാന്‍ സമൂഹം തന്നെ ഇടപെടേണ്ടിവരും. നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിവുള്ള സമൂഹത്തിനേ അതു സാധ്യമാകൂ. 
ജങ്ക് ഫുഡിന്റെ അനാരോഗ്യകരമായ സ്വാദും സമ്പുഷ്ടമായ ഭക്ഷണത്തിന്റെ സ്വാദും പതുക്കെയാണെങ്കിലും സമൂഹം തിരിച്ചറിയും. ആ തിരിച്ചറിയലിന്റെ മേന്മയാകും നാളത്തെ മാധ്യമപ്രവര്‍ത്തിന്റെ മികവു നിശ്ചയിക്കുക.

 

Issue: 

March, 2016