Error message

മാധ്യമങ്ങളും സമൂഹവും

Author: 

ഷാജി ജേക്കബ്‌

മാധ്യമങ്ങളും സമൂഹവും(Media and Society), മാധ്യമസമൂഹം(Media Society) എന്നീ പേരുകളില്‍ രണ്ടു പുസ്തകങ്ങളെങ്കിലും ഇതേ പംക്തിയില്‍ ഇതിനു മുന്‍പു പരിചയപ്പെടുത്തിയിട്ടുണ്ട്.  ഇത്തരം ഗ്രന്ഥങ്ങളുടെ എഡിറ്ററും ഉള്ളടക്കവും പ്രസാധകരുമൊക്കെ മാറും. ലക്ഷ്യം പക്ഷെ മാറുന്നില്ല. അക്കാദമിക മാധ്യമപഠനരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള വഴികാട്ടികളായി സമാഹരിക്കപ്പടുന്ന മാധ്യമ പഠന രചനകളുടെ, പല നിലകളില്‍ സവിശേഷവും സമഗ്രവുമായ ഗ്രന്ഥങ്ങളാകുന്നു, ഇവയെല്ലാം തന്നെ. ജയിംസ്‌കുറാന്‍ എഡിറ്റു ചെയ്ത ഈ പുസ്തകവും ഇക്കാര്യത്തില്‍ ഭിന്നമല്ല. 1991 ല്‍ ഒന്നാം പതിപ്പിറങ്ങിയ ഈ പുസ്തകത്തില്‍ ഇരുപതു പ്രബന്ധങ്ങളുണ്ട്. പക്ഷെ ഇവയില്‍ പതിനഞ്ചെണ്ണവും 2010 ലെ അഞ്ചാംപതിപ്പില്‍ ആദ്യമായി ചേര്‍ത്തവയാണ്. ബാക്കിയുള്ളവ അഞ്ചും 2010 ലെ പതിപ്പിനുവേണ്ടി പരിഷ്‌കരിച്ചവയും. എന്നുവച്ചാല്‍ 2010ലിറങ്ങിയ മാധ്യമ പഠനഗ്രന്ഥമെന്ന നിലയില്‍ തന്നെ കാണാം ഈ സമാഹാരത്തെ എന്നതും ലോകപ്രശസ്തരായ മാധ്യമ പഠിതാക്കളുടെയും ഏറ്റവും കാലികമായ വിഷയങ്ങളുടെയും സാന്നിധ്യം ഈ ഗ്രന്ഥത്തെ തികച്ചും പ്രസക്തമാക്കുകയും ചെയ്യുന്നു. മാനുവല്‍ കാസ്റ്റലസ്, ടോബിമില്ലര്‍, ജയിംസ് കുറാള്‍, സ്യൂ തോണാം, സോണിയ ലിവിംഗ്സ്റ്റണ്‍, ഡേവിഡ് ഹെസ്മന്താള്‍ഫ്, മൈക്കള്‍ ഷുഡ്‌സണ്‍, ഷാന്റോ അയ്യങ്കാര്‍ എന്നിങ്ങനെ ഏറെ പ്രസിദ്ധരാണ് ഈ സമാഹാരത്തിലെ ലേഖനങ്ങളുടെ കര്‍ത്താക്കള്‍
മാധ്യമങ്ങളും സമൂഹവും(Media and Society) മാധ്യമനിര്‍മ്മിതി(Media production), ഇടപെടലുകള്‍(Mediations) എന്നിങ്ങനെ മൂന്നുഭാഗങ്ങളിലായി ചേര്‍ത്തിരിക്കുന്ന പ്രബന്ധങ്ങള്‍. വാര്‍ത്ത മുതല്‍ സിനിമ വരെയും സര്‍വാധിപത്യം മുതല്‍ ജനാധിപത്യം വരെയും സ്ത്രീവാദം മുതല്‍ മതമൗലികവാദം വരെയും ടെലിവിഷന്‍ മുതല്‍ ഇന്റര്‍നെറ്റ് വരെയുമുള്ള ഗണ, രാഷ്ട്രീയ രൂപവിഷയങ്ങളുടെ ഏറെവൈവിധ്യമുള്ള പഠനങ്ങള്‍. അക്കാദമികമായ കണിശതയും രാഷ്ട്രീയമായ ജാഗ്രതയുമുള്ളവ. സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചകളും ഭൂഖണ്ഡാന്തരവ്യാപ്തിയുമുള്ള പാഠമാതൃകകള്‍. സാമൂഹ്യശാസ്ത്രപരമെന്നപോലെ  സാഹതീയവുമായ പഠന സമ്പ്രദായങ്ങള്‍ക്കൊപ്പം സാംസ്‌കാരിക പഠനങ്ങളുടെ രീതിശാസ്ത്രവും ഈരചനകള്‍ പിന്‍പറ്റുന്നു. ടരൃലലി േൌറശല െഎന്നു വിളിക്കുന്ന, സിനിമയും ടെലിവിഷനും കംപ്യൂട്ടറും മൊബൈല്‍ഫോണുമുള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ സാങ്കേതികസംലയനപഠനം ഒരുദാഹരണമാണ്.
മാധ്യമങ്ങളും സമൂഹവും’ എന്ന ആദ്യഭാഗത്തെ ഏഴുലേഖനങ്ങളും  മാധ്യമപഠന രംഗത്തെ ക്ലാസിക് രചനകളാണ്. മാനുവല്‍ കാസറ്റല്‍സിന്റെ വിഖ്യാതമായ രണ്ടു പഠനഗ്രന്ഥങ്ങളുടെ(Communication and Power, Networked Soceity) സാരസംഗ്രഹമാണ് ആദ്യലേഖനം. ശൃംഖലിത സമൂഹത്തില്‍(Networked Soceity) മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന അധികാരബന്ധങ്ങളെക്കുറിച്ചുള്ള അതീവ ശ്രദ്ധേയമായ ഒരപഗ്രഥനമാണ് കാസ്റ്റല്‍സിന്റേത്. അധികാരവും സാമൂഹ്യഘടനയും  മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ തലങ്ങള്‍ വിശദീകരിച്ചും  ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും മേല്‍ക്കൈ നേടിക്കഴിഞ്ഞ കാലത്ത് ഈ ബന്ധം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് സമര്‍ഥിച്ചും കാസ്റ്റല്‍സ് മാധ്യമ-സമൂഹ മണ്ഡലങ്ങളുടെ ഒന്നാന്തരം ഒരു  രാഷ്ട്രീയ പഠനം നിര്‍വഹിക്കുന്നു. 2008 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എങ്ങനെ ഈ മാധ്യമ, വിനിമയ ശൃംഖല രാഷ്ട്രീയാധികാരത്തിന്റെ  നിര്‍ണയന ശക്തിയായി മാറി എന്നതിന്റെ അപഗ്രഥനവും കാസ്റ്റല്‍സ്  സംഗ്രഹിച്ചു നല്‍കുന്നു. (ബോക്‌സ് മാറ്റര്‍ കാണുക)
സിനിമയും സമൂഹവും’ എന്ന ടോബിമില്ലറുടെ പ്രബന്ധം ഹോളിവുഡിനെ കേന്ദ്രീകരിച്ച് അഞ്ചുതലങ്ങളില്‍ നടപ്പാകുന്ന സിനിമയുടെ സാമൂഹ്യബന്ധങ്ങള്‍ പഠിക്കുന്നു. സിനിമയുടെ സാമൂഹികവും പാഠപരവുമായ അപഗ്രഥനം, മര്‍ലിന്‍ മണ്‍റോയെ ആധാരമാക്കി നടത്തുന്ന താര നിര്‍മ്മിതിയുടെ പഠനം, സിനിമയും പ്രേക്ഷകരും തമ്മിലുളള ബന്ധത്തിന്റെ വിശകലനം, അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഹോളിവുഡിനുള്ള ശ്രദ്ധയുടെ അവലോകനം, ഹോളിവുഡ് സിനിമയുടെ പാരിസ്ഥിതിക രാഷ്ട്രീയ നിലപാടിന്റെ സൂചനകള്‍ എന്നിവയാണ് ഈ അഞ്ചു തലങ്ങള്‍. സിനിമയെന്നത് വിനോദത്തിനായുള്ള വാണിജ്യനിര്‍മിതികള്‍ മാത്രമല്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളുടെ സംയുക്ത സാംസ്‌കാരിക നിര്‍മിതികളാണെന്നും ടോബിമില്ലര്‍ സ്ഥാപിക്കുന്നു. B.Latour നെ മില്ലര്‍ ഉദ്ധരിക്കുന്നു. 
Films are hybrid monsters, coevally subject to rhetoric, status and technology-to text, power and science-all at once, but in contingent ways (Latour, 1993)”.
ജയിംസ്‌കുറാന്റെ പഠനം മാധ്യമങ്ങളുടെ ജനാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചാണ്. അറിയിക്കുക, സംവാദതലമൊരുക്കുക, പൊതുസമൂഹത്തെ പ്രതിനിധാനം ചെയ്യുക (to inform, to provide a forum of debate and to represent the public) എന്നിങ്ങനെ, ഒരു ജനാധിപത്യക്രമത്തില്‍ മാധ്യമങ്ങള്‍ നിര്‍വഹിക്കേണ്ട പ്രധാനധര്‍മ്മങ്ങള്‍ മൂന്നാണ്. കുറാന്‍ ഇവിടെ നിന്നും മുന്നോട്ടുപോയി വിനോദ മാധ്യമങ്ങളും  മാധ്യമങ്ങളുടെ വിനോദമണ്ഡലവും പോലും എങ്ങനെ ജനാധിപത്യ സാമൂഹ്യക്രമത്തിന്റെ ഭാഗമാകുന്നു എന്നന്വേഷിക്കുന്നു. ഹോളിവുഡ് സിനിമ മുതല്‍ ടെലിവിഷന്‍ പരമ്പരവരെയും ജനപ്രിയസംഗീതം മുതല്‍ വാര്‍ത്തവരെയുമുള്ള മാധ്യമ, ഗണ, രൂപങ്ങളെ മുന്‍നിര്‍ത്തിയാണ് ഈയന്വേഷണം നടക്കുന്നത്. നാലുതരത്തിലാണ് വിനോദസംസ്‌കാരം ജനാധിപത്യത്തില്‍ ഇടപെടുന്നതെന്ന് ഈ പഠനം കണ്ടെത്തുന്നു. സാമൂഹ്യമൂല്യങ്ങളെക്കുറിച്ചുള്ള സംവാദസ്ഥലങ്ങള്‍ രൂപപ്പെടുത്തിയും സാമൂഹ്യാസ്തിത്വങ്ങളെ  പുനര്‍നിര്‍വചിച്ചും ബദല്‍ പൊതുമണ്ഡലങ്ങള്‍ സൃഷ്ടിച്ചും സാമൂഹ്യക്രമങ്ങളെ ശാക്തീകരിച്ചോ ദുര്‍ബലമാക്കിയോ പുനര്‍ക്രമീകരിച്ചുമാണ് ഈ ധര്‍മം ഇവ നിര്‍വഹിക്കുന്നത്.
    മാധ്യമങ്ങളും സ്ത്രീവാദവും എന്ന സ്യൂതോണാമിന്റെ പഠനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയത്തിന്റെ നവീനമായ വ്യാഖ്യാന സാധ്യതകള്‍ സമര്‍ഥമായാവിഷ്‌ക്കരിക്കുന്ന ഒന്നാണ്. മാധ്യമങ്ങളുമായി സ്ത്രീവാദ പ്രസ്ഥാനങ്ങളുണ്ടാക്കിയ ബന്ധത്തിന്റെ അക്കാദമികേതര ചരിത്രവും സ്ത്രീവാദികളുടെ മാധ്യമ പഠനരംഗത്തെ ഇടപെടലുകളുടെ അക്കാദമിക ചരിത്രവും ഉള്‍പ്പെടുന്നതാണ് ഈ വിഷയം. ഈ രണ്ടു ചരിത്രങ്ങളെ സമഗ്രമായി വിശദീകരിച്ചുകൊണ്ടാണ് ഈ ലേഖനത്തിന്റെ മുന്നോട്ടു പോക്ക്. അവിടെ, മൂന്നാമതൊരു ചരിത്രധാര ലേഖനം കണ്ടെത്തുന്നു.‘മാധ്യമങ്ങളിലെ സ്ത്രീവാദത്തിന്റെ  ചരിത്രമാണത്. എത്രയെങ്കിലും മാധ്യമ - സ്ത്രീവാദ പഠനങ്ങള്‍ ഉദ്ധരിച്ചും ഭിന്ന നിലപാടുകളിലും വീക്ഷണങ്ങളിലുമുള്ള സ്ത്രീപക്ഷ മാധ്യമപഠനങ്ങള്‍ ചൂണ്ടിക്കാണിച്ചും ഈ വിഷയത്തിന്റെ ഒരു സമഗ്രാവലോകനം നടത്തുന്നു, ഈ ഭാഗത്ത് ലേഖനം. 2009 ജൂണിലെ, ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍ മുന്‍ നിര്‍ത്തി വാര്‍ത്തയും ജനപ്രിയ സംസ്‌കാരവും നവമാധ്യമ ശൃംഖലയുമൊക്കെ നിര്‍മ്മിക്കുന്ന ലിംഗപദവീബന്ധങ്ങളുടെ വിശകലനവും  ഈ ലേഖനം കണ്ടെത്തുന്നു. 
മാധ്യമങ്ങളും രാഷ്ട്രീയവും’ എന്ന അഞ്ചാമത്തെ ലേഖനം ദേശീയതവും ജനാധിപത്യവും മുതല്‍ ആഗോളവല്‍ക്കരണവും നവസാമൂഹ്യ പ്രസ്ഥാനങ്ങളും വരെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടും ഇരുപത്തൊന്നാം നൂറ്റാണ്ടും പശ്ചാത്തലമാക്കി നടത്തുന്ന ഈ പഠനം വിവിധരീതിശാസ്ത്രങ്ങള്‍ മുന്‍നിര്‍ത്തി നടക്കുന്ന മാധ്യമപഠനങ്ങള്‍ സാമൂഹ്യ, രാഷ്ട്രീയപ്രശ്‌നങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നന്വേഷിക്കുകയും ചെയ്യുന്നു. ആധുനിക മാധ്യമങ്ങളുടെ ക്ഷയവും മാധ്യമങ്ങളുടെ വൃദ്ധിയും ചൂണ്ടിക്കാണിച്ചുകൊണ്ട് കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെയും മുതലാളിത്ത - ജനാധിപത്യക്രമങ്ങളുടെയും കാലത്ത് മാധ്യമങ്ങള്‍ ഏറ്റെടുക്കാതെ പോകുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നു, ലേഖനകര്‍ത്താവായ ഏറോണ്‍ ഡേവിസ് പാശ്ചാത്യമാധ്യമ ക്രമങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന താരതമ്യാത്മകമായ ഒരു മാധ്യമാവലോകനമാണ് അടുത്തലേഖനം ‘Four theories of the Press’ എന്ന ക്ലാസിക് പഠനത്തില്‍(1956) സര്‍വാധിപത്യ(Authoritarian), സ്വതന്ത്ര(Libertarian), സാമൂഹ്യപ്രതിബദ്ധത (Social Responsibility), സോവിയറ്റ് കമ്യൂണിസ്റ്റ്(Soviet Communist) മാധ്യമങ്ങളെക്കുറിച്ച് വില്‍ബര്‍ സ്‌ക്രാമും മറ്റും  അവതരിപ്പിച്ച പഠന സമീപനത്തിന്റെ സമകാല മാതൃകയായി കാണാം ഈ ലേഖനത്തിന്റെ താല്‍പര്യത്തെ. എന്നുവച്ചാല്‍ വിവിധതരം മാധ്യമങ്ങളും ഭരണകൂട പ്രത്യയശാസ്ത്ര - വിപണി താല്‍പര്യങ്ങളും ഓരോ രാജ്യത്തും എങ്ങനെ വ്യത്യസ്തമായ മാധ്യമസംസ്‌കാരങ്ങള്‍ക്കു രൂപം കൊടുക്കുന്നു എന്നതിന്റെ വിശകലനം. Polarized pluralist Model
(ഫ്രാന്‍സ്, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍), Democratic-corporatist Model (ഇതര യൂറോപ്യന്‍ രാജ്യങ്ങള്‍),  Liberal Model (അമേരിക്ക, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങള്‍) എന്നിങ്ങനെ മൂന്നു മാതൃകകള്‍ സങ്കല്പിച്ചുകൊണ്ടാണ് ഈ ലേഖനം ഈ വിഷയം ചര്‍ച്ചചെയ്യുന്നത്.
സോണിയാലിവിംഗ്സ്റ്റണ്‍ എഴുതിയ ലേഖനം ഇന്റര്‍നെറ്റിനെ കേന്ദ്രീകരിച്ച് നടത്തുന്ന ‘ഡിജിറ്റല്‍ വിഭജനം’ ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ പഠനമാണ്. 1975 ല്‍ ഇ-മെയിലും 1980 കളില്‍ ഓപ്പണ്‍ സോഴ്‌സ് പ്രസ്ഥാനവും 1989 ല്‍ ഹൈപ്പര്‍ ടെക്സ്റ്റ് ഭാഷയും 1991 ല്‍ ബ്രൗസര്‍ സോഫ്റ്റ് വെയറും തുടര്‍ന്ന് വേള്‍ഡ് വൈഡ് വെബ്ബും നിലവില്‍ വന്നതിന്റെ കഥ വിവരിച്ചുകൊണ്ട് 1995 ല്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച വിന്‍ഡോസ് തൊട്ടു തുടങ്ങുന്ന ഇന്റര്‍നെറ്റിന്റെ  രണ്ടാംഘട്ട ചരിത്രത്തിലേക്കു കടക്കുന്നു, സോണിയ. രണ്ടുപതിറ്റാണ്ടുകൊണ്ട് വികസിത രാഷ്ട്രങ്ങളില്‍ ഏതാണ്ട് സമ്പൂര്‍ണ്ണമായ ഇന്റര്‍നെറ്റ് വ്യാപനം നടന്നു കഴിഞ്ഞു. വികസ്വര രാഷ്ട്രങ്ങളില്‍ പോലും ഇരുപത്തഞ്ചു ശതമാനം പേര്‍ക്കെങ്കിലും  ഇന്റര്‍നെറ്റ് പ്രാപ്യമായിക്കഴിഞ്ഞിരിക്കുന്നു. മൊബൈല്‍ഫോണ്‍ ഒഴികെ മറ്റൊരു മാധ്യമവും ഇത്രയും വേഗത്തില്‍ അതിന്റെ വ്യാപനവും ജനപ്രീതിയും ഒരുമിച്ചു സാധിച്ചിട്ടില്ല. പക്ഷെ ഇന്റര്‍നെറ്റ് സൃഷ്ടിക്കുന്ന വിഭജനവും വിവേചനവും ഇത്രയും തന്നെ പ്രസക്തമായ വിഷയമാണ്. അതിന്റെ വിശകലനമാണ് സോണിയ നടത്തുന്നത്. ‘Exclusion from online networks is one of the most  damaging forum of exclusion in our economy and our culture’ എന്ന കാസ്റ്റല്‍സിന്റെ  വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ‘സോണിയ ഡിജിറ്റല്‍ വിഭജനത്തിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നു. ‘Internet access has become a basic entitlement of citizenship in the digital cage’ എന്ന ജി. മര്‍ദോക്കിന്റെയും ‘..... being with it creates not only a digital  divide but also a democratic divide’ എന്ന പി.നോറിസിന്റെയും നിരീക്ഷണങ്ങള്‍ സോണിയ സൂചിപ്പിക്കുന്നു. ‘ഓണ്‍ലൈന്‍ പൊതുമണ്ഡലം’ എന്നൊരവസ്ഥ സംജാതമാകുമ്പോഴും അതിന്റെ പരിമിതികള്‍ സൃഷ്ടിക്കുന്ന ഭീമമായ സാമൂഹ്യാന്തരങ്ങള്‍ കാണാതിരുന്നുകൂടാ എന്നര്‍ഥം.
ഒന്നാം ഭാഗത്ത് ഈ പുസ്തകം അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ പോലെ തന്നെ ആധികാരികവും വിപുലവും അക്കാദമികവുമാണ് രണ്ടും മൂന്നും ഭാഗത്തെ പഠനങ്ങളും. സ്ഥലപരിമിതി മൂലം അവ ചുരുക്കി സൂചിപ്പിക്കാനേ കഴിയുന്നുള്ളു.
രണ്ടാം ഭാഗത്ത് ആകെ ആറു പഠന ലേഖനങ്ങളാണുള്ളത്. മാധ്യമവ്യവസായ രംഗത്തെക്കുറിച്ചും വാര്‍ത്തയുടെ സാമൂഹ്യശാസ്ത്രത്തെക്കുറിച്ചും  എഴുതുന്നു, യഥാക്രമം ഡേവിഡ് ഹെസ്മന്തോള്‍ഫും മൈക്കള്‍ഷുഡ്‌സണും. മാധ്യമ ഉടമസ്ഥത, കോര്‍പ്പറേറ്റ് ലയനങ്ങള്‍, കുത്തകവല്‍ക്കരണം തുടങ്ങിയവ നിര്‍ണയിക്കുന്ന മാധ്യമങ്ങളുടെ രാഷ്ട്രീയ സമ്പദ്ഘടന(Political economy) യുടെ അപഗ്രഥനമാണ് ആദ്യലേഖനമെങ്കില്‍ വാര്‍ത്താ നിര്‍മ്മിതിയുടെ നാലു സമീപനങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ് രണ്ടാമത്തേത്. സാമ്പത്തികം, രാഷ്ട്രീയം, സാമൂഹ്യശാസ്ത്രപരം, സാംസ്‌കാരികം എന്നിവയാണ് ഈ നാലു സമീപനങ്ങള്‍.
    മാധ്യമങ്ങളുടെ വിമര്‍ശനാത്മക രാഷ്ട്രീയ സമ്പദ്ഘടന(Critical political economy)- യെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയാണ് ജൊനാഥാന്‍ ഹാര്‍ഡിയുടെ ലേഖനം. മാര്‍ക്‌സിയന്‍ രീതിശാസ്ത്രം പിന്തുടര്‍ന്നുകൊണ്ട് മാധ്യമ ഉടമസ്ഥത മുതല്‍ മാധ്യമ അധികാരം വരെയും കോര്‍പ്പറേറ്റ്‌വല്‍ക്കരണം മുതല്‍ പങ്കാളിത്ത ജനാധിപത്യം വരെയും പൗരസമൂഹങ്ങള്‍ മുതല്‍ പൗരമാധ്യമ പ്രവര്‍ത്തനം വരെയുമുള്ള വിഷയങ്ങള്‍ വിശകലനം ചെയ്യുന്നു, ഈ രചന.
    കല്യാണി ഛദ്ദ, ആനന്ദം കപൂരി എന്നിവരുടെ പഠനം മാധ്യമ- ആഗോളവല്‍ക്കരണത്തെക്കുറിച്ചാണ്. പടിഞ്ഞാറിന്റെ  അധിനിവേശം, സാമ്രാജ്യത്തത്തിന്റെ വ്യാപനം, വിപണിയുടെ മേല്‍ക്കൈ തുടങ്ങിയ പരിപ്രേക്ഷ്യങ്ങളില്‍ ആഗോളവല്‍ക്കരണത്തെ വിമര്‍ശിക്കുന്ന നിലപാടുകള്‍ക്കൊപ്പം, ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ നടപ്പാകുന്ന ഒരു ലോക ക്രമമായി അതിനെ കാണുന്ന സമീപനങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടാണ്, ദേശീയ സംസ്‌കാരങ്ങള്‍ക്കു സംഭവിക്കുന്ന മാറ്റങ്ങള്‍ ഈ ലേഖനം ചര്‍ച്ചചെയ്യുന്നത്. തോംലിന്‍സണ്‍, അപ്പാദുരെ, ഫെതര്‍‌സ്റ്റോണ്‍ തുടങ്ങിയവരുടെയൊക്കെ കാഴ്ചപ്പാടുകള്‍ ലേഖകര്‍ പിന്തുടരുന്നു. മാധ്യമരംഗത്തെ സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, കോര്‍പ്പറേറ്റ് വല്‍ക്കരണം എന്നീ മൂന്നു മാനങ്ങള്‍ ആഗോളതലത്തിലെന്നപോലെ ദേശീയതലത്തിലും പ്രസക്തമാണ്. ഇന്ത്യന്‍ പശ്ചാത്തലത്തിലും ഈയവസ്ഥകള്‍ ഈ ലേഖനം വിശകലനം ചെയ്യുന്നു.
    ഹോളിവുഡിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയ-അധികാര-സാമ്പത്തികഘടനകളുടെ അപഗ്രഥനമാണ് അടുത്ത ലേഖനത്തിന്റെ വിഷയം. ചൈനീസ് മാധ്യമരംഗത്തെക്കുറിച്ചുളള ഥൗല്വവശ ദവമീന്റെ പഠനത്തോടെ ഈ ഭാഗം അവസാനിക്കുന്നു. സാംസ്‌കാരിക വിപ്ലവത്തിന്റെയും വര്‍ഗസമരത്തിന്റെയും  ഇരുകാലുകളില്‍ നിവര്‍ന്നുനില്‍ക്കുമ്പോഴും ചൈനീസ് മാധ്യമരംഗം ആഗോളവല്‍കൃതവും വിപണിവല്‍കൃതവുമാണ് എന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു.
ഇടപെടലുകള്‍ എന്ന മൂന്നാംഭാഗം മാധ്യമസംസ്‌കാരത്തിന്റെ ഏറ്റവും പ്രസക്തവും പ്രശസ്തവുമായ ചില രാഷ്ട്രീയ പ്രതിനിധാനങ്ങളുടെ പഠനമാണ്. മാധ്യമ ഗവേഷണത്തെക്കുറിച്ചുളള ആദ്യലേഖനവും വാര്‍ത്താവ്യവസായത്തിന്റെ ഭാവിയെക്കുറിച്ചുളള അവസാന ലേഖനവും ഒഴികെയുളള അഞ്ചുപഠനങ്ങളും ഇതിനുദാഹരണമാണ്. മാധ്യമങ്ങളും ജനാധിപത്യവും, അറബ് സിനിമയും ഇസ്ലാമിക മതമൗലികവാദവും, റിയാലിറ്റി ടെലിവിഷന്റെ രാഷ്ട്രീയം, ഡിജിറ്റല്‍ മാധ്യമങ്ങളിലെ വംശീയതയും സ്വത്വവും, ദക്ഷിണകൊറിയയിലെ ഇന്റര്‍നെറ്റ് വാര്‍ത്താമാധ്യമങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ് എന്നിവയാണ് ഈ പഠനങ്ങളുടെ വിഷയം.
അജണ്ട സെറ്റിംഗ്, പ്രൈമിംഗ്, ഫ്രേമിംഗ് എന്നിങ്ങനെയുളള വാര്‍ത്തയുടെ രാഷ്ട്രീയസ്വരൂപങ്ങള്‍ മുന്‍നിര്‍ത്തിയുളള മാധ്യമ ഗവേഷണ സാധ്യതയാണ് ആദ്യലേഖനംചര്‍ച്ചചെയ്യുന്നതെങ്കില്‍ അഞ്ച് മാധ്യമപ്രവണതകള്‍ മുന്‍നിര്‍ത്തി ‘വാര്‍ത്താവ്യവസായ’ത്തിന്റെ ഭാവിയെക്കുറിച്ചാലോചിക്കുകയാണ് അവസാന ലേഖനം. Abundance, Fragmentation and Polarization, portfolio development, Eroding strength of media forms, Powershift in Communication എന്നിവയാണ് ഈ പ്രവണതകള്‍.
മാധ്യമപഠനരംഗത്ത് ഏറെ പ്രചാരമുളള പ്രതിനിധാന, രാഷ്ട്രീയ വിശകലനങ്ങളുടെ പൊതുസ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നവയാണ് ഈ ഭാഗത്തുളള അഞ്ചു സവിശേഷപഠനങ്ങളും. സാമൂഹ്യശാസ്ത്രപരവും സാംസ്‌കാരികപഠനപരവുമായ സമീപനങ്ങള്‍ പിന്തുടര്‍ന്ന് ഇവ സമകാല മാധ്യമങ്ങളുടെ നാനാതരം പ്രത്യയശാസ്ത്രവിവക്ഷകള്‍ മറനീക്കുന്നു. അക്കാദമിക ഗവേഷണത്തിന്റെയും വിമര്‍ശനത്തിന്റെയും തലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു മാര്‍ഗദര്‍ശകമാക്കാവുന്നവിധം സൈദ്ധാന്തികവും രീതിശാസ്ത്രപരവുമായ സൂക്ഷ്മതയും ഭദ്രതയും പ്രകടിപ്പിക്കുന്നുമുണ്ട് ഈ രചനകള്‍.