Error message

മറഞ്ഞിരിക്കുന്ന മാധ്യമ യാഥാര്‍ഥ്യങ്ങള്‍

നിരന്തരമായ ഭീഷണികളുടെയും സമ്മര്‍ദങ്ങളുടെയും നടുവിലാണു മാധ്യമപ്രവര്‍ത്തകര്‍ ഇന്ന്. ഭരണകൂടങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും തങ്ങളുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അവ പുറത്തെടുത്തു  സമൂഹത്തിനുവേണ്ടി വിചാരണ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ  സമ്മര്‍ദങ്ങളാണു നേരിടേണ്ടിവരുന്നത്. 
പല വികസിത ജനാധിപത്യരാജ്യങ്ങളിലുമുള്ളതിനേക്കാള്‍ ഏറെ സ്വാതന്ത്ര്യമാണ് ഇന്ത്യയില്‍ ഒരുകാലത്തു മാധ്യമങ്ങള്‍ക്കു ലഭിച്ചിരുന്നത്. സെന്‍സര്‍ഷിപ്പിലൂടെയും പത്രമാരണബില്ലിലൂടെയുമൊക്കെ മാധ്യമങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ നടന്ന ശ്രമങ്ങളെ ഒറ്റയ്ക്കും  കൂട്ടായും നേരിട്ട പാരമ്പര്യമാണു രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്.
പരിമിതമായ വാര്‍ത്താശേഖരണ സൗകര്യങ്ങളുടെ കാലം മാറി. വിപുലമായ സാങ്കേതിക സഹായത്തോടെ തങ്ങളുടെ ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഇന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ വിവരസാങ്കേതികവിദ്യയുടെ വിശാലമായ ഈ ഇടം വേണ്ടവിധം ഉപയോഗിക്കാന്‍ നമുക്കു സാധിക്കുന്നുണ്ടോ? സാധ്യതകളുടെയും വെല്ലുവിളികളുടെയും കാലമാണിത്. അനൗദ്യോഗിക തടസങ്ങളാണു തങ്ങളുടെ ജോലി കാര്യക്ഷമമായി  ചെയ്യുന്നതിനു മാധ്യമപ്രവര്‍ത്തകര്‍ക്കു തടസമാവുന്നത്. 
ജനാധിപത്യത്തെക്കുറിച്ചു ചില വേറിട്ട ചിന്തകള്‍ വളര്‍ന്നുവരുന്ന കാലഘട്ടവുമാണിത്. നവലിബറല്‍ കാലഘട്ടത്തില്‍ ജനാധിപത്യത്തിന് പുതിയ ഭാഷ്യമാണുള്ളത്. ജനാധിപത്യധ്വംസനം കൂടുതല്‍ തന്ത്രപൂര്‍വം നടക്കുന്നതിനുള്ള സാഹചര്യം രൂപം കൊണ്ടിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഉദാത്ത മാതൃക ലോകത്തിനു നല്‍കിയ ചില രാഷ്ട്രങ്ങളില്‍പോലും ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ ഭരണരീതികള്‍ കടന്നുവരുന്നു.
ജനാധിപത്യമാണ് ഏറ്റവും ഉദാത്തമായ സാമൂഹ്യവ്യവസ്ഥിതിയും ഭരണക്രമവുമെന്ന ചിന്ത നൂറ്റാണ്ടുകള്‍ക്കുമുമ്പേ വളര്‍ന്നുവന്നതാണെങ്കിലും രാജഭരണവും ഏകാധിപത്യവുമായിരുന്നു മിക്ക ലോകരാജ്യങ്ങളിലും നിലവിലിരുന്നത്. ഇത്തരം കേന്ദ്രീകൃത ഭരണവ്യവസ്ഥകളുടെ ദുഷ്‌ചെയ്തികള്‍ ചോദ്യം ചെയ്യപ്പെടുക എളുപ്പമായിരുന്നില്ല. അവിടെയാണ് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പ്രസക്തമായിത്തീര്‍ന്നത്. കടുത്ത വെല്ലുവിളികളെയും ഭീഷണികളെയും നേരിട്ടാണ് അക്കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി പടപൊരുതിയത്. അവരില്‍ പലര്‍ക്കും അതിന്റെ ഗുരുതരമായ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടതായും വന്നു.
ഉദാരവത്കരണത്തിന്റെയും  സ്വതന്ത്രവിപണിയുടെയുമൊക്കെ കാലഘട്ടത്തില്‍ മാധ്യമലോകവും പല പുതുവഴികളും തേടി. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം വലിയ മുതല്‍മുടക്കിനും വഴിയൊരുക്കി. വ്യക്തികള്‍ തങ്ങളുടെ പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളില്‍നിന്നുകൊണ്ടു നടത്തിയ പ്രസിദ്ധീകരണങ്ങള്‍ കേരളത്തില്‍ത്തന്നെ പരശതമുണ്ടായിരുന്നു. മധ്യാഹ്നപത്രങ്ങളായും അന്തിപ്പത്രങ്ങളായുമൊക്കെ അതിനെ ചെറുതായി കണ്ടവര്‍ അത്തരം പ്രസിദ്ധീകരണങ്ങള്‍ വാര്‍ത്താവ്യാപനത്തിന് എത്രമാത്രം സഹായകമായിരുന്നുവെന്ന കാര്യം വിസ്മരിക്കരുത്. 
ഇത്തരം ചെറുകിട പ്രസിദ്ധീകണങ്ങള്‍ പലതും ചിറകുകരിഞ്ഞുവീണു. കോര്‍പറേറ്റുകളുടെയോ ബിസിനസ് ഗ്രൂപ്പുകളുടെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ സംഘടിതവിഭാഗങ്ങളുടെയോ പിന്‍ബലമുള്ള പ്രസിദ്ധീകണങ്ങളും ധാരാളമുണ്ടായി. അവയ്‌ക്കെല്ലാം നിശ്ചിത ലക്ഷ്യങ്ങളുണ്ടായിരുന്നു. അതിനുവേണ്ടി മൂലധനമിറക്കാന്‍  പലരും തയാറായി. പിടിച്ചുനില്‍ക്കാന്‍ കെല്പില്ലാതെ പ്രസിദ്ധീകരണം നിലച്ചവയും ഇക്കൂട്ടത്തില്‍ കുറവല്ല.
ജനാധിപത്യത്തെ ശക്തിപ്പെടുത്താനെന്ന വ്യാജേന നടക്കുന്ന ശ്രമങ്ങള്‍ക്കു പിന്നിലുള്ള പൗരാവകാശധ്വംസനം കണ്ടെത്തുക ദുഷ്‌കരമാണ്. സാധാരണക്കാര്‍ക്കു തിരിച്ചറിയാന്‍ വയ്യാത്തവിധം സങ്കീര്‍ണമാണത്. സമൂഹത്തിന്റെ നന്മ എന്ന പേരില്‍ മധുരം പുരട്ടി നല്‍കുന്ന ചില അസത്യങ്ങളും അര്‍ധസത്യങ്ങളും നാം തിരിച്ചറിയാതെ പോകരുത്. അത്തരം കുരുക്കുകള്‍ സമൂഹത്തിനു തുറന്നുകാട്ടാന്‍ മാധ്യമങ്ങള്‍ക്ക് ഏറെ പണിപ്പെടേണ്ടിവരും. വാര്‍ത്താ സമ്പാദനത്തിലും വിന്യാസത്തിലും പഴയതുപോലെ പത്രപ്രവര്‍ത്തകന്റെ നേരിട്ടുള്ള ഇടപെടലുകള്‍ കുറഞ്ഞുവരുന്നു. മനുഷ്യസമൂഹത്തെ ആഴത്തില്‍ ബാധിക്കുന്ന പല പ്രശ്‌നങ്ങളും ഉപരിപ്ലവമായ ചില സംവാദങ്ങളില്‍ മുങ്ങിപ്പോകുന്നുണ്ട്. വാര്‍ത്തകള്‍ ആസ്വാദ്യമാക്കാനുള്ള ശ്രമം പലപ്പോഴും അപകടകരമായ പ്രവണതകള്‍ക്കു വഴിയൊരുക്കുന്നു. 
ഭീകരവാദം ആധുനിക ലോകത്തെ സമാധാനഭഞ്ജനത്തിനു കാരണമായപ്പോള്‍ അതിനെതിരേ എന്തു ചെയ്യണമെന്നറിയാതെ മാധ്യമലോകം വിറങ്ങലിച്ചു നിന്നിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സജീവ സംപ്രേഷണം ഉയര്‍ത്തിയ വിവാദം കുറേക്കാലം നീണ്ടുനിന്നു. ഭീകരതയുടെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാനും ഭീതിയുടെ അന്തരീക്ഷം നിലനിര്‍ത്താനും ആധുനിക വാര്‍ത്താവിനിമയ സങ്കേതങ്ങള്‍തന്നെ അവര്‍ക്കും തുണയായി. 
ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും പണം ധാരാളം ഒഴുകിയെത്തി. അപ്രതീക്ഷിതമായ ആഘാതങ്ങള്‍ പൊതുസമൂഹത്തിലേല്പിച്ചു ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചവര്‍ മനുഷ്യജീവനെയും മൂല്യങ്ങളെയും പുറംപോക്കിലാക്കി. ഏതു ക്രൂരകൃത്യത്തിനും തയാറാവുന്ന സംഘങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഭരണകൂടങ്ങളെ വരെ വിരല്‍ത്തുമ്പില്‍ നിര്‍ത്തി. ഈ ക്രൂരതകള്‍ പുറംലോകത്തേക്കു കൊണ്ടുവരാന്‍ ശ്രമിച്ച ധാരാളം മാധ്യമപ്രവര്‍ത്തകര്‍ തോക്കിനും ബോംബിനുമിരയായി. ഒരുപക്ഷേ ഏറ്റവും അപകടകരമായ അത്തരം ചില വാര്‍ത്താസമാഹരണ ശ്രമങ്ങള്‍ക്കിടയില്‍ ജീവന്‍ ത്യജിക്കേണ്ടിവന്നവരെ മാധ്യമലോകംപോലും വേണ്ടവിധം പരിഗണിച്ചില്ല.
മാധ്യമങ്ങളുടെ നിയന്ത്രണം കോര്‍പറേറ്റുകളുടെ കൈകളിലെത്തിയപ്പോള്‍ മറ്റൊരു മാധ്യമസംസ്‌കാരമാണു വളരുന്നത്. വായനക്കാര്‍ക്ക് ആവശ്യമുള്ളതു കൊടുക്കുന്ന സംസ്‌കാരം. ഉപയോക്താവിന് ആവശ്യമുള്ളത് എന്ന ലേബലില്‍ നല്‍കുന്നത് ബിസിനസ് വളര്‍ച്ചയ്ക്കു സഹായകമാകും. അതിലൂടെ മാധ്യമധര്‍മമെന്ന വിശാലാര്‍ഥമുള്ള വാക്കിനെയും അവര്‍ വില്പനച്ചരക്കാക്കി.  
വാര്‍ത്തകളും വിശകലനങ്ങളും മാത്രമല്ല വിനോദവ്യാപനവും മാധ്യമങ്ങളുടെ ചുമതലയിലായി. അവിടെ ചിലര്‍ കച്ചവടക്കണ്ണോടെ കരുക്കള്‍ നീക്കി. വിനോദത്തിലൂടെ വില്ക്കപ്പെടുന്ന മാധ്യമസംസ്‌കാരത്തെക്കുറിച്ചു മാധ്യമസമൂഹം വിലയിരുത്തേണ്ടതുണ്ട്. വിനോദപരിപാടികളുടെ തള്ളിക്കയറ്റത്തില്‍ വാര്‍ത്തകളും വസ്തുതകളുമൊക്കെ പിന്തള്ളപ്പെടുന്നു. ചാനലുകളുടെ വരവോടെ വിനോദ വ്യാപനത്തിനു സാധ്യത വര്‍ധിച്ചപ്പോള്‍ നിലനില്പിനായോ മത്സത്തില്‍ ഒപ്പമെെത്താനോ അച്ചടി മാധ്യമങ്ങളും ചില  തന്ത്രങ്ങള്‍ പയറ്റുന്നു. 
നവമാധ്യമങ്ങള്‍ ഏതുതരം വിനിമയത്തിനും സജ്ജമായതിനാല്‍ അതിപ്പോള്‍ പലപ്പോഴും ചരടു പൊട്ടിയ പട്ടത്തിന്റെ അവസ്ഥയിലായി. വള്ളി പൊട്ടിയശേഷവും പട്ടം ആകാശത്ത് കുറെ സമയം തലങ്ങും വിലങ്ങും കുതിക്കും. പിന്നീടുള്ള പതനം എവിടേക്കാകുമെന്നു പറയാനുമാകില്ല. പട്ടത്തിന്റെ ഭംഗിയേറിയ ചലനങ്ങളും ഉയരത്തിലേക്കുള്ള കുതിക്കലും താഴെ ചരടു പിടിക്കുന്നയാളുടെ വൈദഗ്ധ്യത്തിലാണെന്നതു മറക്കരുത്. കാറ്റിന്റെ ഗതി കൈവിരലുകളിലൂടെ മനസിലും മസ്തിഷ്‌കത്തിലും അനുഭവിക്കാനാവണം.  
നവമാധ്യമങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ പല വഴികളും ആലോചിക്കുന്നുണ്ട്. ഭരണകൂടത്തിന് ഇക്കാര്യത്തില്‍ പരിമിതികളുണ്ട്. വര്‍ത്തമാന പത്രങ്ങളുടെ യാഥാസ്ഥിതിക സ്വഭാവത്തെ ടെലിവിഷനും നവമാധ്യങ്ങളും കുറെയേറെ പരിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അച്ചടി മാധ്യമങ്ങള്‍ക്ക് കുറേക്കാലംകൂടി ഇവിടെ പിടിച്ചുനില്‍ക്കാനാവും. പരമ്പരാഗത വാര്‍ത്താ സമാഹരണ, അവതരണ രീതികളില്‍ ഇനിയും മാറ്റംവരുത്തേണ്ടിയിരിക്കുന്നുവെന്നു മാത്രം. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. ചിലയിടങ്ങളില്‍ മാധ്യമവെളിച്ചം ഇപ്പോഴും അന്യമാണ്.
2011ലെ സാമൂഹ്യ സാമ്പത്തിക ജാതി സര്‍വേ രാജ്യത്തെ ഗ്രാമീണമേഖലയുടെ അവസ്ഥയെക്കുറിച്ചു വ്യക്തമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ട്. പ്രതിമാസ വരുമാനം അയ്യായിരം രൂപയില്‍ താഴെയുള്ളവരാണ് രാജ്യത്തെ ഗ്രാമീണരില്‍ 73 ശതമാനവും. 6.68 ലക്ഷം കുടുംബങ്ങള്‍ വിശപ്പടക്കാന്‍ വഴി തേടുന്നതു ഭിക്ഷയെടുത്താണത്രേ. ഗ്രാമീണ ഇന്ത്യയിലെ പകുതിയിലേറെ കുടുംബങ്ങളും ഒരു തുണ്ടു ഭൂമി പോലുമില്ലാത്തവരാണ്.  
ഇന്ത്യയിലെ  കുട്ടികളുടെ പോഷകാഹാരക്കുറവിനെക്കുറിച്ചു കുറേക്കാലം മുമ്പ് യൂണിസെഫ് ഒരു പഠനറിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. അതു പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു. വീടുകളില്‍ വൈദ്യുതിയും ലാന്‍ഡ് ഫോണും കൈവശം മൊബൈല്‍ ഫോണുമൊക്കെ ഉള്ളവരുടെ പട്ടികയില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെടുമ്പോള്‍ വികസനം പടിവാതില്‍ക്കലെന്നു പറയുന്നവര്‍ യഥാര്‍ഥ ഗ്രാമീണ ഇന്ത്യയുടെ ചിത്രം കാണാതെ പോകുന്നു. 
ആധികാരികമായ സെന്‍സസ് വിവരങ്ങള്‍ ഇത്രയും ഭീതിദമായൊരു സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലം വരച്ചുകാട്ടുമ്പോള്‍ ഇന്ത്യയിലെ മാധ്യമലോകത്തിന് തങ്ങളുടെ തൊഴില്‍പരമായ ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. ഇല്ലായ്മകളുടെ ഈ ഇടങ്ങളിലേക്കു കടന്നു ചെല്ലാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു സാധിക്കണം. തിളങ്ങുന്ന മുഖത്തിന്റെ മൂടി വലിച്ചുമാറ്റുമ്പോള്‍ കാണുന്ന കറുത്ത യാഥാര്‍ഥ്യങ്ങള്‍ക്കു നേരേ കണ്ണാടി പിടിക്കാന്‍ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്.

 

Issue: 

February, 2016