മനുഷ്യാവകാശങ്ങളുടെ സ്വന്തം ലേഖകന്‍

കുല്‍ദീപ് നയാര്‍ തന്റെ ആത്മകഥയെ 'വരികള്‍ക്കപ്പുറം' - 'ബിയോണ്ട് ദ ലൈന്‍സ്'- എന്ന് വിളിക്കാന്‍ ഇഷ്ടപ്പെട്ടു. ഇന്ത്യയിലും പുറത്തും ഏറ്റവുമധികം വായിക്കപ്പെടുന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായ നയാര്‍ എഴുതുന്ന വരികള്‍ക്കപ്പുറത്ത് എവിടേയോ ആണ് തന്റെ ജീവിതമെന്ന് പറയുകയാണ്. മറ്റൊരു അര്‍ത്ഥത്തിലും അദ്ദേഹം പറയുന്നത് വളരെ ശരിയാണെന്ന് തോന്നുന്നു. നയാരുടെ എഴുത്തും ജീവിതവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടാറില്ല. വരികള്‍ക്കിടയിലായാലും അപ്പുറത്തായാലും കുല്‍ദീപ് നയാര്‍ക്ക് എഴുത്ത് എഴുത്തിനുവേണ്ടിയാണെന്നു തോന്നുന്നു. ജീവിതം ജീവിതത്തിനുവേണ്ടിയുള്ളതും.പത്രപ്രവര്‍ത്തനം കുല്‍ദീപ് നയാര്‍ക്ക് നിരന്തമായ ലേഖനവിദ്യയാണ്. വസ്തുതകളും സ്ഥിതിവിവരകണക്കുകളും നിരത്തി വായനക്കാരെ അമ്പര
പ്പിക്കുന്ന കലയിലാണ് അദ്ദേഹത്തിന് എപ്പോഴും താല്‍പര്യം. ഏതെങ്കിലും പത്രത്തില്‍ മികച്ച ഒരു പത്രാധിപരായി ഇരുന്ന് ആശയലോകത്തെ ഭരിക്കുകയോ ബിസിനസ്സിനെ സഹായിക്കുകയോ ചെയ്യാന്‍ കുല്‍ദീപ് നയാര്‍ തല്‍പ്പരനല്ല. ജോസഫ് പുലിസ്റ്റര്‍ പറഞ്ഞതുപോലെ, എഡിറ്റര്‍ നിരാശയും റിപ്പോര്‍ട്ടര്‍ പ്രത്യാശയും ആണെന്ന് സ്വതന്ത്ര ഇന്ത്യയോടൊപ്പം എഴുതി വളര്‍ന്ന ഈ പത്രപ്രവര്‍ത്തകന്‍ വിശ്വസിക്കുന്നു. റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നതിലും ലേഖനങ്ങള്‍ ചമക്കുന്നതിലും വ്യാപരിച്ച കുല്‍ദീപ് നയാരുടെ പത്രപ്രവര്‍ത്തന ജീവിതം വരികളിലും വരികള്‍ക്കിടയിലും ഒതുങ്ങി നില്‍ക്കുന്നില്ല. ഈയിടെ അന്തരിച്ച ഖുശ്വന്ത് സിംഗ് ഒരേസമയം മികച്ച ഒരു പത്രാധിപരും വായനക്കാരെ രസിപ്പിച്ച ലേഖകനും ആയിരുന്നു. പ്രവചിക്കാനാവാത്ത തരത്തില്‍ ആശയങ്ങളെ അവതരിപ്പിച്ച് എഴുതിപ്പോകുന്നതിനിടയില്‍ ഫലിതവും വസ്തുതകളും ഇടകലര്‍ത്തി വായനക്കാരെ രസിപ്പിക്കാന്‍ സര്‍ദാര്‍ജിക്ക് തനതായ വിരുതുണ്ടായിരുന്നു. കുല്‍ദീപ് നയാര്‍ എഴുതുന്ന വിഷയത്തില്‍ അദ്ദേഹം എടുക്കാന്‍ പോകുന്ന നിലപാട് എന്തായിരിക്കുമെന്ന് പരിചയസമ്പന്നനായ അദ്ദേഹത്തിന്റെ വായനക്കാരന് ഊഹിക്കാം. എസ്റ്റാബ്ലിഷ്‌മെന്റിനെ അദ്ദേഹം വസ്തുതകള്‍ നിരത്തി തച്ചുടയ്ക്കും. കണക്കുകള്‍കൊണ്ട് സ്ഥാപിത താല്‍പര്യസംരക്ഷകരുടെ മുഖത്തു ചവിട്ടും. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ വായനക്കാരെ തന്റെ നിഗമനങ്ങളിലേക്ക് കുല്‍ദീപ് നയാര്‍ കൂട്ടിക്കൊണ്ടുപോകും. ബുദ്ധിപരമായ ഒരു കിഡ്‌നാപ്പിങ്ങ് അദ്ദേഹത്തിന്റെ പംക്തികള്‍ക്കുണ്ട്. അതിലൂടെ വസ്തുതകളുടെ നേര്‍ക്കാഴ്ചയില്‍ നിന്ന് അകന്നുപോയാലും സാരമില്ലെന്ന് കരുതാവുന്ന സൗമ്യമായ പതനത്തില്‍ വായനക്കാര്‍ വീണുപോകുന്നു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ കീറാമുട്ടിയാണ് കാശ്മീര്‍പ്രശ്‌നം. കുല്‍ദീപ് നയാര്‍ എറ്റവും കൂടുതല്‍ വാക്കുകള്‍ ഉപയോഗിച്ചിട്ടുള്ളത് ഈ വിഷയം വ്യാഖ്യാനിക്കാനാവണം. പണ്ഡിറ്റ് നെഹ്‌റുവിന്റെ കാലം മുതല്‍ ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്റെ ഭരണകാലവും കടന്ന് അവിരാമമായി നീണ്ടുപോകുന്ന പാക്‌നയത്തിലെ പാളിച്ചകള്‍ മറയില്ലാതെ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്ന ഏക പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ ആണ്. ഈ വിഷയത്തിലെ ആത്മനിഷ്ടമായ ചില നിലപാടുകളുടെ പേരില്‍ ഇന്ത്യയിലെ ദേശീയവാദികള്‍ കുല്‍ദീപ് നയാരെ ശത്രുരാജ്യത്തിന്റെ ചാരനെന്ന് പോലും കുറ്റപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഈയിടെ എഴുതി, നരേന്ദ്രമോദിക്ക് കാശ്മീരിനെപ്പറ്റി വേണ്ടത്ര അറിവില്ലെന്ന്. അതിനാല്‍ കാശ്മീര്‍ പ്രശ്‌നം ലോക്‌സഭാതെരഞ്ഞെടുപ്പ് വിഷയമാകാത്തതില്‍ നയാര്‍ സന്തോഷിക്കുന്നു. 'ബീഹാറിലെ ബി.ജെ.പി. നേതാവ് ഗിരിരാജ് സിംഗ് പറഞ്ഞു, നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്തവര്‍ പാക്കിസ്ഥാനില്‍ പോകാന്‍. അന്തരീക്ഷം തിളപ്പിക്കാതെ ബി.ജെ.പി. നേതൃത്വം ആ പ്രസ്താവനയില്‍ നിന്ന് അകന്നുമാറി.' കാശ്മീരിന്റെ പ്രത്യേക പദവി (370-ാം വകുപ്പ്) നീക്കുമെന്ന ബി.ജെ.പി. പ്രകടന പത്രികയിലെ വാചകത്തിന് പുതുമയൊന്നും കല്‍പിക്കാത്ത കുല്‍ദീപ്നയാര്‍, നരേന്ദ്രമോദി അധികാരത്തില്‍ വരാന്‍ ഇടയില്ലെന്ന് വിശ്വസിച്ച ചുരുക്കം പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്.
ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ കാര്യങ്ങള്‍ നേരെ ഗ്രഹിക്കുന്നതിലുള്ള വീഴ്ച കൊണ്ടാണ് മോദിയുടെ ഉയര്‍ച്ച മുന്‍കൂട്ടി കാണാന്‍ കുല്‍ദീപ് നയാര്‍ക്ക് കഴിയാതെ പോയതെന്ന് ഞാന്‍ കരുതുന്നില്ല. മോദി പ്രധാനമന്ത്രിയാകണമെന്ന് നയാര്‍ ആഗ്രഹിച്ചില്ല. മോദിയെ അദ്ദേഹത്തിന് ഇഷ്ടമല്ല എന്നു കരുതി രാജ്യത്തു നടക്കുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ ഒരു പത്രപ്രവര്‍ത്തന്‍ തിരിച്ചറിയേണ്ടതാണ്. അവ സത്യസന്ധമായി വായനക്കാരെ അറിയിക്കാന്‍ അയാള്‍ ബാധ്യസ്ഥനുമാണ്. ഇവിടെ ഇഷ്ടാനിഷ്ടങ്ങള്‍ കൊണ്ട് വരികള്‍ക്കിടയില്‍ ഒളിച്ചിരിക്കാന്‍ ശ്രമിക്കുകയാണ് കുല്‍ദീപ് നയാര്‍ ചെയ്തത്. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരില്ലെന്ന് നയാര്‍ മനസ്സിലാക്കി. ബി.ജെ.പി. ജയിച്ചാലും മോദിയായിരിക്കില്ല പ്രധാനമന്ത്രിയെന്ന് നയാര്‍ ഊഹിച്ചു. കോണ്‍ഗ്രസ്സില്‍ നിന്നോ ബി.ജെ.പി.യില്‍ നിന്നോ അല്ലാതെ മറ്റേതെങ്കിലും പ്രാദേശിക പാര്‍ട്ടിയുടെ നേതാവ് കേന്ദ്രത്തില്‍ മന്ത്രിസഭ തട്ടിക്കൂട്ടുമെന്ന് വിശ്വസിക്കുക വഴി സി.പി.എം. നേതാവ് പ്രകാശ് കാരാട്ടിനെ പോലെ കുല്‍ദീപ് നയാര്‍ പക്ഷപാതപരമായി ചിന്തിച്ചു. അദ്ദേഹം കഴിഞ്ഞ ഏപ്രില്‍ 23-ന് 'ജനാധിപത്യ മൂല്യങ്ങളുടെ പരീക്ഷ' എന്ന തലക്കെട്ടിലെഴുതിയ ലേഖനം തുടങ്ങുന്നതു നോക്കുക. 'പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ദിവസവും നിരവധി ഫോണ്‍ വിളികള്‍ എനിക്കു വരുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പു വിശേഷങ്ങളാണ് അവര്‍ക്ക് അറിയേണ്ടത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ അവര്‍ അസൂയയോടെ നോക്കിക്കാണുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കഥ കഴിയില്ലേ എന്ന് ഭയപ്പെടുന്നു. ഞാനവരെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. മോദിയാവില്ല അടുത്ത സര്‍ക്കാരിനെ നയിക്കുന്നതെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'.
കുല്‍ദീപ് നയാരുടെ പ്രതീക്ഷ അസ്ഥാനത്തായി. എന്നാല്‍ തന്റെ പ്രതീക്ഷയ്ക്ക് ഉപോല്‍ബലകമായി അദ്ദേഹം നിരത്തിയ കാരണങ്ങളെല്ലാം യുക്തിഭദ്രമായിരുന്നു. കേവലയുക്തികള്‍ക്ക് അപ്പുറമായിരുന്നു ഇന്ത്യയില്‍ സംഭവിച്ച യാഥാര്‍ത്ഥ്യം. ആറര ദശാബ്ദക്കാലം ഇന്ത്യന്‍ രാഷ്ട്രീയത്തെ സൂക്ഷ്മനിരീക്ഷണം ചെയ്തിട്ടും കുല്‍ദീപ് നയാര്‍ക്ക് അതു മനസ്സിലായില്ല. വരികള്‍ക്കിടയില്‍ എന്ന പംക്തിയുടെ വലിയ പരിമിതിയാണിത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ യുക്തികള്‍ കൊണ്ട് ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങളെ നേര്‍രേഖയിലൂടെ സമീപിക്കുന്നവര്‍ വഴിതെറ്റിപ്പോകും. പൂജ്യത്തിന്റെ വിലകണ്ടുപിടിച്ച് ലോകത്തെ പഠിപ്പിച്ച രാജ്യമാണ് ഇന്ത്യ. ഒരു അയല്‍ രാജ്യത്തും പോയി ആക്രമിച്ച ചരിത്രം ഇന്ത്യയ്ക്കില്ല. ഒരു തുള്ളി ചോര വീഴ്ത്താതെ അയല്‍ രാജ്യമായ ചൈനയുടെ അതിരുകടന്ന് ആ രാജ്യത്തിന്റെ ആത്മാവ് കീഴടക്കിയ ഇന്ത്യയുടെ സംസ്‌കൃതിയെ കുല്‍ദീപ് നയാര്‍ അവഗണിച്ചു കളഞ്ഞു. ഈയിടെയും അദ്ദേഹം ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിറുത്തി വിചാരണ ചെയ്തുകൊണ്ട് എഴുതി, 1962-ല്‍ ഇന്ത്യ പഞ്ചശീല തത്വങ്ങള്‍ മറന്ന് ചൈനയെ ആക്രമിക്കുകയായിരുന്നു എന്ന്. അങ്ങനെ വിശ്വസിക്കാന്‍ കുല്‍ദീപ് നയാര്‍ക്ക് അവകാശമുണ്ട്. പക്ഷേ അങ്ങനെ എഴുതുമ്പോള്‍ വിശ്വസനീയമായ തെളിവുകള്‍ ഉദ്ധരിക്കണം. ബ്രൂക്‌സ് റിപ്പോര്‍ട്ടിലെ ഒളിച്ചുകളികള്‍ മാത്രമേ ഒരു സാഹചര്യ തെളിവായുള്ളൂ. വിവരാവകാശ നിയമപ്രകാരം ആ റിപ്പോര്‍ട്ടിനുവേണ്ടി കുല്‍ദീപ് നയാര്‍ നല്‍കിയ അപേക്ഷ പ്രതിരോധവകുപ്പ് തള്ളിക്കളഞ്ഞു. സുപ്രീംകോടതി ഈ വിഷയത്തിലുള്ള നയാരുടെ ഹര്‍ജി സ്വീകരിച്ചില്ല. പ്രതിരോധ രഹസ്യമറിയാന്‍ മാര്‍ഗ്ഗമില്ലെന്നിരിക്കെ 91-ാം വയസിലും അറിവിനുവേണ്ടിയുള്ള അവകാശത്തിന്റെ പിന്‍ബലത്തില്‍ അദ്ദേഹം പൊരുതുകയാണ്. ഊഹങ്ങള്‍ കൊണ്ട് ഊതി വീര്‍പ്പിച്ച ബലൂണുകള്‍ പറത്തിവിട്ട് രസിച്ച് രസിച്ച് കുല്‍ദീപ് നയാര്‍ എഴുതുകയാണ്; 'ഇന്ത്യ 1962-ല്‍ ചൈനയെ ആക്രമിക്കുകയായിരുന്നു എന്ന് ന്യായമായും ഞാന്‍ വിശ്വസിക്കുന്നു.'ഭൂഗോളത്തിന്റെ നാനാദിക്കിലുമുള്ള 80 ദിനപത്രങ്ങള്‍ കുല്‍ദീപ് നയാരുടെ പംക്തി സിന്റിക്കേറ്റ് ചെയ്യുന്നു. 14 ഭാഷകളില്‍ ആഴ്ചകള്‍ തോറും അവ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള പത്രപംക്തിയെഴുത്തുകാരന്‍ കുല്‍ദീപ് നയാര്‍ തന്നെ. എഴുത്തിലൂടെ ഏറ്റവും വലിയ പ്രതിഫലം നേടുന്നതും ഈ രാജ്യത്ത് വേറൊരാള്‍ ആകാന്‍ തരമില്ല.അടിയന്തരാവസ്ഥക്കാലത്ത് തടവിലടയ്ക്കപ്പെടുന്നതിന് മുമ്പ് ഒരു ദേശസഞ്ചാരദൗത്യവുമായി കുല്‍ദീപ് നയാര്‍ കേരളത്തില്‍ വന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുവീണ ഇരുണ്ടകാലത്തോട് പ്രതിഷേധിക്കാന്‍ ധൈര്യമുള്ളവരുടെ കൂട്ടായ്മ ഉണ്ടാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കേരളത്തിലെ ബൗദ്ധിക സമൂഹം നയാരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ മൗനം പൂണ്ടു. മുഖ്യമന്ത്രി സി.അച്യുതമേനോന്‍ അടിയന്തരാവസ്ഥയെ ന്യായീകരിക്കുകയും ഇന്ദിരാഗാന്ധിയെ അനുകൂലിക്കുകയും ചെയ്തു. ഡോ. അയ്യപ്പപ്പണിക്കര്‍ പത്രപ്രവര്‍ത്തകനായ നയാരുടെ ചോദ്യങ്ങള്‍ മന്ദഹാസത്തോടെ അവഗണിച്ചു. വളരെ നിരാശയോടെയാണ് കുല്‍ദീപ് നയാര്‍ അന്ന് കേരളത്തില്‍ നിന്ന് തിരിച്ചുപോയത്. 'വിദ്യാഭ്യാസവും പ്രബുദ്ധതയും അവകാശപ്പെടുന്ന കേരളീയര്‍ മനുഷ്യന്റെ മൗലികാവകാശങ്ങളെപ്പറ്റി വേണ്ടത്ര ബോധമുള്ളവരല്ല' എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ശരിയായ ഇടതുപക്ഷം ഇല്ലെന്നും ഇടതുമുന്നണിയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നത് ഭരണാധികാരം പിടിച്ചുപറ്റാനുള്ള ഒരു രാഷ്ട്രീയതട്ടിപ്പാണെന്നും അര്‍ത്ഥശങ്കക്ക് ഇടയില്ലാത്തവിധം കുല്‍ദീപ്നയാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പഞ്ചാബിലെ സിയാല്‍കോട്ടില്‍ 1923 ആഗസ്റ്റ് 14-ന് ജനിച്ച കുല്‍ദീപ് നയാര്‍ ലാഹോറിലാണ് ഉപരിപഠനം നടത്തിയത്. നിയമത്തില്‍ ബിരുദമെടുത്തെങ്കിലും പത്രപ്രവര്‍ത്തനത്തിലായിരുന്നു കൂടുതല്‍ താല്‍പ്പര്യം. നോര്‍ത്ത് വെസ്റ്റ് സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ പത്രപ്രവര്‍ത്തനം പഠിച്ചശേഷം ഉറുദുഭാഷാപത്രങ്ങളില്‍ 1952-ല്‍ റിപ്പോര്‍ട്ടറായി ചേര്‍ന്ന് കുല്‍ദീപ് നയാര്‍ ഡല്‍ഹിയിലെത്തി. വാര്‍ത്താ ഏജന്‍സികള്‍ രൂപംകൊണ്ട കാലത്ത് യു.എന്‍.ഐ.യില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. കേന്ദ്രമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ പ്രസ് സെക്രട്ടറിയായി ഭരണകൂടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴും എഴുത്തില്‍ വിഗ്രഹഭഞ്ജകന്റെ ഭാവങ്ങളാണ് നയാര്‍ പുലര്‍ത്തിപ്പോന്നത്. ലണ്ടന്‍ ടൈംസിന്റെ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ നെഹ്രുവിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന രചനകളിലൂടെ നയാര്‍ ഡല്‍ഹിയില്‍ ഏറെ
ശ്രദ്ധേയനായി. കിഴക്കന്‍ പാകിസ്ഥാനില്‍ പട്ടാള അതിക്രമങ്ങള്‍ക്കെതിരെ മുക്തിബാഹിനി എന്ന വിമോചനസേന പോരാട്ടം തുടങ്ങിയപ്പോള്‍ കുല്‍ദീപ് നയാരുടെ പംക്തി മൂര്‍ച്ചയേറിയ ഭാഷയില്‍ നിരന്തരമായി പാകിസ്ഥാനെ അപലപിച്ചുപോന്നു. ബംഗ്ലാദേശ് രൂപീകരണഘട്ടത്തില്‍ ഇന്ദിരാഗാന്ധിക്ക് പിന്തുണ നല്‍കിയ നയാര്‍ പിന്നീട് അടിയന്തരാവസ്ഥ നടപ്പാക്കിയതോടെ ഇന്ദിരയുടെ കടുത്ത വിമര്‍ശകനായി തീര്‍ന്നു. നുഴഞ്ഞുകയറ്റക്കാര്‍ വഴി ഇന്ത്യയിലേക്ക് മയക്കുമരുന്നു കടത്തുന്നതിന് കൂട്ടുനില്‍ക്കുന്ന പാക്ഭരണകൂടത്തെ ആക്രമിക്കുമ്പോഴും ഇന്ത്യയും പാകിസ്ഥാനും ഇടയിലുള്ള തര്‍ക്കം തുറന്ന മനസ്സോടെ ഇരു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്താല്‍ തീരാവുന്നതാണെന്ന് ഈ പത്രപ്രവര്‍ത്തകന്‍ വിശ്വസിക്കുന്നു.അടിയന്തരാവസ്ഥയുടെ ഭീകരത മുഴുവന്‍ സൂക്ഷ്മമായ വിവരണങ്ങളോടെ പുറത്തുകൊണ്ടുവന്ന കുല്‍ദീപ് നയാരുടെ 'ദ് ജഡ്ജ്‌മെന്റ്' എന്ന കൃതി 1977-ല്‍ രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട രചനകളിലൊന്നാണ്. 'ഇന്ത്യ ദ ക്രിട്ടിക്കല്‍ ഇയേഴ്‌സ്' എന്ന ഗ്രന്ഥം ഏറെ ഒച്ചപ്പാടുയര്‍ത്തിയത് ദേശീയ നേതാക്കളെയും പാര്‍ട്ടികളെയും കുറിച്ചുള്ള രഹസ്യവിവരങ്ങളുടെ വെളിപ്പെടുത്തലോടു കൂടിയാണ്. രണ്ട് വര്‍ഷം മുമ്പ് 'ബിയോണ്ട് ദ ലൈന്‍സ്' എന്ന ആത്മകഥ പുറത്തുവന്നു. സിഖ് മത തീവ്രവാദി നേതാവായിരുന്ന സന്ത് ജര്‍ണയില്‍ സിങ്ങ് ഭിന്ദ്രന്‍വാല കോണ്‍ഗ്രസ്സിന്റെ സൃഷ്ടിയായിരുന്നു എന്ന് തെളിവുനിരത്തി നയാര്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നു. സിഖ് വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ഭായിസിംഗ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏജന്റായിരുന്നു എന്നും നയാര്‍ ആരോപിക്കുന്നുണ്ട്. 1984 ജൂണില്‍ നടന്ന ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ മരിച്ച സിഖ് നേതാക്കളെക്കുറിച്ചുള്ള ഈ പരാമര്‍ശങ്ങള്‍ പഞ്ചാബിലെ പരിവര്‍ത്തനവാദികളെ പ്രകോപിപ്പിച്ചു. ദല്‍ ഖല്‍സ നേതാവ് എച്ച്.എസ്.ദമി 'ദുഷ്പ്രചരണം' എന്ന വിശേഷണത്തോടെ നയാരുടെ വെളിപ്പെടുത്തലുകളെ അവഗണിക്കുന്നു. പഞ്ചാബിലെ അകാലിദള്‍ രാഷ്ട്രീയത്തെ ഒതുക്കാനും കോണ്‍ഗ്രസ്സിന് സ്വാധീനമുറപ്പിക്കാനും സെയില്‍സിംഗ് (മുന്‍രാഷ്ട്രപതി) വഴി കോണ്‍ഗ്രസ് നടത്തിയ ഹീനശ്രമങ്ങളാണ് സിഖ് തീവ്രവാദത്തിനും പതിനഞ്ചുവര്‍ഷം നീണ്ട അക്രമപരമ്പരയ്ക്കും ഇടവരുത്തിയതെന്ന് കുല്‍ദീപ് നയാര്‍ സ്ഥാപിക്കുന്നു. അത് ഇന്ദിരാഗാന്ധിയുടെ ദുരന്തഭരിതമായ അന്ത്യത്തിന് വഴിയൊരുക്കി. പഞ്ചാബിന്റെ കാര്‍ഷിക വ്യാവസായിക വളര്‍ച്ച തടയാന്‍ തല്‍പ്പര കക്ഷികള്‍ സി.ഐ.എ.യുടെ ഒത്താശയോടെ സിഖ് യുവാക്കളില്‍ ദേശവിരുദ്ധ തീവ്രവാദ ആശയം വളര്‍ത്തിയതാണെന്ന വിവാദം നിലനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ്സിനെതിരെ കുല്‍ദീപ് നയാരുടെ ആരോപണം പുറത്തുവരുന്നത്. സിഖ് സംഘടനകളുടെ പ്രതിഷേധത്തിന് നയാര്‍ മറുപടി പറഞ്ഞിട്ടില്ല. അദ്ദേഹം തന്റെ ആത്മകഥയില്‍ നിന്ന് വിവാദ പരാമര്‍ശം നീക്കം ചെയ്തിട്ടുമില്ല. 15 ഗ്രന്ഥങ്ങളില്‍ പരന്നുകിടക്കുന്ന രാഷ്ട്രീയവും ചരിത്രവും വായിക്കുമ്പോള്‍ കുല്‍ദീപ് നയാര്‍ സ്വതന്ത്ര ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ ഒരു പത്രപ്രവര്‍ത്തകനായി നമ്മുടെ മുന്നില്‍ ഭീമാകാരം പൂണ്ടു നില്‍ക്കുന്നതുപോലെ തോന്നും. എഴുത്തിനു പുറമെ സാമൂഹിക ജീവിതത്തില്‍ അദ്ദേഹം നടത്തുന്ന ഇടപെടലുകളും അദ്ദേഹത്തിന്റെ മനുഷ്യാവകാശ പോരാട്ടങ്ങളും അവഗണിക്കാവുന്നതല്ല. പതിനാല് വര്‍ഷമായി അമൃതസറിനടുത്ത് വാഗ അതിര്‍ത്തിയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യദിനത്തില്‍ (ആഗസ്റ്റ് 15,14) കുല്‍ദീപ് നയാര്‍ സമാധാന പ്രേമികളെ സംഘടിപ്പിച്ച് കൂട്ടമായി ചെന്ന് മെഴുകുതിരി തെളിക്കുന്നു. ലാഹോറിലേക്ക് ബസ് യാത്ര ആരംഭിച്ച ദിവസം പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയോടൊപ്പം ആ ബസ്സില്‍ സഞ്ചരിച്ച പ്രമുഖരുടെ സംഘത്തില്‍ കുല്‍ദീപ്നയാര്‍ ഉണ്ടായിരുന്നു. യാത്രയ്ക്കിടയില്‍ പ്രധാനമന്ത്രിയോട് നയാര്‍ ഇങ്ങനെ ചോദിച്ചു. 'എന്താണ് ഈ ബസ് റൂട്ട് ആരംഭിച്ചതിലൂടെ അങ്ങ് അര്‍ത്ഥമാക്കുന്നത്? ഇത് നീണ്ടുനില്‍ക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ?' വാജ്‌പോയി: 'നീണ്ടുനിന്നു കാണാന്‍ ആഗ്രഹിക്കുന്നു. ചരിത്രത്തില്‍ സ്മരണീയമായിത്തീരുന്ന എന്തെങ്കിലുമൊക്കെ നമ്മള്‍ ചെയ്യണ്ടേ?'ചരിത്രത്തിലെ ഓര്‍മ്മപ്പിശകുപോലെ ഇന്ത്യ-പാക് ബന്ധങ്ങള്‍ക്കിടയില്‍ ആ ബസ് സര്‍വീസ് നിലച്ചു. പാകിസ്ഥാനില്‍ മുളച്ചു വളര്‍ന്ന ഭീകരവിത്തുകള്‍ മുബൈ നഗരത്തെ 2008 നവംബര്‍ 26-ന് ആക്രമിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു. ഈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഹേമന്ത് കര്‍ക്കരെ ആയിരുന്നു. പാകിസ്ഥാനിലെ 'ഡാണ്‍' എന്ന പത്രത്തില്‍ നയാര്‍ 2010 ഫെബ്രുവരിയില്‍ എഴുതി, ഹേമന്തിനെ വധിച്ചത് ഹിന്ദു വലതുപക്ഷ തീവ്രവാദികളാണെന്ന്. ഇന്ത്യാവിരുദ്ധര്‍ക്ക് ആവേശം പകരുന്ന ഇത്തരം വെളിപ്പെടുത്തലുകള്‍ കുല്‍ദീപ് നയാര്‍ തന്റെ പംക്തിയില്‍ പലപ്പോഴും നടത്താറുണ്ട്. അതിനൊന്നും വിശ്വാസയോഗ്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പരിചയസമ്പന്നനായ ഈ പത്രപ്രവര്‍ത്തകന്റെ മേല്‍ എപ്പോഴും വലിയൊരു ചോദ്യചിഹ്നം ഉയര്‍ന്നു നില്‍ക്കുന്നതായി നിഷ്പക്ഷ സമൂഹം കാണുന്നു.1990-ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിതനായ കുല്‍ദീപ് നയാര്‍ തന്റെ പത്രപംക്തിയെഴുത്തിലെ തീവ്രസ്വഭാവത്തില്‍ യാതൊരു മയവും വരുത്തിയില്ല. രാജ്യത്ത് ഏറെ വായിക്കപ്പെടുന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളായിരിക്കുമ്പോഴും കേരളത്തിലെ ഈറ-മുള വ്യാപാരത്തില്‍ തല്‍പ്പരനായി മുസ്ലീം ലീഗ് നേതാവ് ഇ.അഹമ്മദിനോട് നയാര്‍ സൗഹൃദം സ്ഥാപിച്ചത് 1985-ല്‍ ആയിരുന്നു. 1996-ല്‍ ഐക്യരാഷ്ട്രസംഘടനാ പ്രതിനിധിയായിരുന്ന കുല്‍ദീപ് നയാര്‍ പിറ്റേ വര്‍ഷം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. വ്യവസ്ഥാപിത മൂല്യങ്ങളെ തന്റെ രചനകളില്‍ ചോദ്യം ചെയ്യുകയും ജീവിതത്തില്‍ അവയോടെല്ലാം പൊരുത്തപ്പെടുകയും ചെയ്യുന്ന കുല്‍ദീപ് നയാരുടെ ശൈലി ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്ത് മാതൃകയാക്കുന്ന പിന്‍ഗാമികളുണ്ടായേക്കാം. പക്ഷേ എഴുത്തും ജീവിതവും രണ്ട് വ്യത്യസ്ത പാതകളിലൂടെ കൊണ്ടുപോകുന്ന രീതിക്ക് കാലം എന്തു വില കല്‍പ്പിക്കുമെന്ന് കണ്ടറിയണം. സ്വകാര്യജീവിതത്തില്‍ കുല്‍ദീപ് നയാര്‍ എല്ലാവിധ എസ്റ്റാബ്ലിഷ്‌മെന്റിന്റേയും ഭാഗമാണ്. അപാരമായ അനുരഞ്ജനത്തിന്റെ ഗാഥയാണ് അദ്ദേഹത്തിന്റെ ജീവിതം. എന്നാല്‍ രചനകളില്‍ എല്ലാ സ്ഥാപിത താല്‍പ്പര്യങ്ങളുടേയും വിഗ്രഹം ഉടയ്ക്കുന്ന വിപ്ലവകാരി. ആസിഡ് ബള്‍ബും മിസൈലുകളും ഒളിപ്പിച്ചുവച്ച വാക്കുകളും വരികളും എഴുത്തുകാരനായ നയാരുടെ സ്വകാര്യജീവിതത്തെ ഒരിക്കലും അലട്ടുന്നില്ല. കാരണം അദ്ദേഹം ആ വരികള്‍ക്കെല്ലാം അപ്പുറത്താണ് ജീവിക്കുന്നത്. അതിനാല്‍ 91-ാം വയസിലും നിര്‍മമനും നിര്‍വികാരനും നിരുപമനുമായി കുല്‍ദീപ് നയാര്‍ എഴുതിക്കൊണ്ടേയിരിക്കുന്നു; മനുഷ്യാവകാശങ്ങളുടെയെല്ലാം സ്വന്തം ലേഖകനാണ് താന്‍ എന്ന ഭാവത്തോടെ.