Error message

ഭൗതികതയും ആത്മീയതയും മീഡിയയും

1893ലാണ്... യോക്കോഹാമയില്‍ നിന്ന് വാന്‍കോവറിലേക്കു പോകുകയായിരുന്ന യാത്രക്കപ്പലില്‍ വച്ച് രണ്ടു ഭാരതീയര്‍ കണ്ടു മുട്ടി. ഇരുവരും അവരവരുടെ തട്ടകങ്ങളിലെ അദ്വിതീയരായിരുന്നു. ആദ്യമായാണ് അവര്‍ തമ്മില്‍ കണ്ടു മുട്ടുന്നത്. ഒന്ന് ഒരു സന്യാസി. മറ്റത് ഒരു വ്യവസായി.സന്യാസിയുടെ പേര് സ്വാമി വിവേകാനന്ദന്‍. ഭാരതീയതയുടെ ആത്മീയവും താത്വികവുമായ പാരമ്പര്യത്തെയും അന്തസ്സത്തയെയും പാശ്ചാത്യ സമൂഹത്തിനെ ലളിതമായ അപഗ്രഥനത്തിലൂടെ പരിചയപ്പെടുത്താന്‍ പോകുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിലെ ജ്ഞാനിക്ക് ആധുനിക മാനവികതയെ മൂടുന്ന കാടായിരുന്നു തെളിക്കേണ്ടത്. മാര്‍ഗ്ഗദീപം സനാതന ധര്‍മ്മവും.കപ്പലില്‍ കണ്ടു മുട്ടിയ സഹയാത്രികന്‍ പ്രസിദ്ധ സംരംഭകന്‍ ഇന്ത്യന്‍ വ്യവസായത്തിന്റെ പിതൃസ്ഥാനീയനായ ജംഷഡ്ജി ടാറ്റാ എന്ന മഹാനും.കര കാണാത്ത പസിഫിക്കിലെ ഓളങ്ങളുടെ താളം അവരെ അടുപ്പിച്ചു.വിവേകാനന്ദസ്വാമികള്‍ തന്റെ ദൗത്യം വിവരിച്ചു.എനിക്ക് അമേരിക്കക്കാരെ അവിടെയുള്ള എല്ലാ മതങ്ങളുടെയും സാര്‍വലൗകികതയെയും ആന്തരികമായ ഏകതാനതയെയും മനസ്സിലാക്കിക്കണം. എന്റെ സ്വപ്നം സനാതനധര്‍മ്മം എന്ന ഭാരതീയ ആത്മീയതയുടെ ശക്തി അവരിലേക്കു പകര്‍ന്ന് മാനവീയതയുടെ മനോഹരമായ തലത്തിലേക്ക് ഏവരേയും കൊണ്ടു വരിക എന്നതാണ്.ജംഷഡ്ജി ടാറ്റാ പറഞ്ഞു.എന്റെ സ്വപ്നം ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമാകണം എന്നതാണ്. ഇനി വരും കാലത്ത് ശക്തിയുടെ അടിത്തറ വ്യാവസായികരംഗത്തെ സ്വയം പര്യാപ്തതയാണ്. അതിന് ആദ്യം വേണ്ടത് എല്ലാ വ്യവസായങ്ങളുടെയും അടിസ്ഥാന ഘടകമായ സ്റ്റീല്‍ നിര്‍മ്മാണമാണ്. നമുക്കു വേണ്ടത്ര ഇരുമ്പുമണലുണ്ട്. ഇന്ത്യയ്ക്ക് സ്വന്തമായി ഇരുമ്പ് ഉരുക്കു വ്യവസായ മേഖല സ്ഥാപിക്കാനുള്ള അത്യാധുനിക സാങ്കേതികവിദ്യയും യന്ത്രങ്ങളും തേടാനാണ് ഞാന്‍ അമേരിക്കയിലേക്ക് പോകുന്നത്.സ്വാമികള്‍ ടാറ്റയെ അനുഗ്രഹിച്ചു. പറഞ്ഞു.നമുക്ക് ഈ പാശ്ചാത്യരുടെ ശാസ്ത്രസാങ്കേതികരംഗത്തെ നേട്ടങ്ങളും നമ്മുടെ ആത്മീയമാനവികരംഗത്തെ സാനാതന പാരമ്പര്യവും കൂടി ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിച്ചാല്‍ അതായിരിക്കില്ലേ, ഏറ്റവും മഹത്തായ കര്‍മ്മം? അല്ലേ?അവര്‍ ആ യാത്രയ്ക്കു ശേഷം തമ്മില്‍ കണ്ടിരുന്നില്ല. പക്ഷെ ജംഷഡ്ജി ടാറ്റയുടെ മനസ്സില്‍ ഈ സംഭാഷണം മായ്ക്കാനാകാത്ത ഒരു ഓര്‍മ്മയായി കിടന്നിരുന്നു.അഞ്ചു വര്‍ഷത്തിനുശേഷം അദ്ദേഹം സ്വാമി വിവേകാനന്ദന് കത്തെഴുതി.പണ്ട് ജപ്പാനില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള യാത്രക്കിടയില്‍ അങ്ങ് പറഞ്ഞ ഒരു കാര്യം ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്. ഭാരതത്തിന്റെ ആത്മീയമായ വ്രതനിഷ്ഠയെ നശിക്കാന്‍ അനുവദിക്കാതെ സാര്‍വദേശീയമായി മാനവരാശിക്ക് ഉപകാരപ്രദമായ രീതിയിലേക്ക് കൊണ്ടുപോകണമെന്ന് അന്ന് അങ്ങ് പറഞ്ഞിരുന്നല്ലോ. ഈ ആശയം, അങ്ങ് കേട്ടിരിക്കാനിടയുള്ള എന്റെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്ത്യ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പാഠശാലകള്‍, ആശ്രമരീതിയിലുള്ള ചിന്താകേന്ദ്രങ്ങള്‍, അവിടെ സാധാരണ രീതിയില്‍ എല്ലാ സൗകര്യങ്ങളോടെയും, പക്ഷെ ആഡംബരമില്ലാതെ, ജീവിതം പ്രകൃതിയുമായി അടുത്ത് മാനവികവികാസത്തിലൂന്നി ശാസ്ത്രസാങ്കേതിക രംഗത്തെ അന്വേഷണവുമായി പൂര്‍ണ്ണമായി താദാത്മ്യം പ്രാപിപ്പിക്കുന്ന വിദ്യാലയങ്ങള്‍. അങ്ങ് ഈ സംരംഭത്തിന് നേതൃത്വം കൊടുക്കണം. സനാതന പാരമ്പര്യത്തിനും സംസ്‌കൃതിക്കും ആധുനിക ശാസ്ത്രത്തിനും നമ്മുടെ ഭാരതത്തിന്റെ ശക്തിക്കും സല്‍പ്പേരിനും ഇത് ആവശ്യമാണ് എന്നെനിക്ക് തോന്നുന്നു. അതിന് വേണ്ടി വരുന്ന എല്ലാ ചിലവുകളും ഞാന്‍ അതീവ നന്ദിയോടെ ഏറ്റെടുക്കുന്നതാണ്.സ്വാമികള്‍ അന്ന് രാമകൃഷ്ണാ മിഷന്‍ ആരംഭിക്കുന്ന തിരക്കിലായിരുന്നു. പക്ഷെ അദ്ദേഹം തന്റെ ശിഷ്യ സിസ്റ്റര്‍ നിവേദിതയെ ജംഷഡ്ജിയുടെ അടുത്തേക്കയച്ചു. അവര്‍ ടാറ്റയും അദ്ദേഹത്തിന്റെ ഉപദേശകന്‍ പാദ്‌സായായുമായും ബന്ധപ്പെട്ട് ഏറെ നാളത്തെ ശ്രമത്തിനു ശേഷം വിശദമായ ഒരു പഠനപദ്ധതി തയാറാക്കി. പക്ഷെ അതിന് അന്നത്തെ വൈസ്രായി കര്‍സന്‍ പ്രഭു പ്രവര്‍ത്തനാനുമതി നല്‍കിയില്ല. എങ്കിലും ടാറ്റയും കൂട്ടരും അവരുടെ ശ്രമം തുടര്‍ന്നു.വിവേകാനന്ദസ്വാമികള്‍ 1902ല്‍ ദിവംഗതനായി. 1904ല്‍ ജംഷഡ്ജിയും അന്തരിച്ചു.അഞ്ചു വര്‍ഷം കഴിഞ്ഞ് 1909ല്‍ ടാറ്റയുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി.1909ല്‍ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് സ്ഥാപിതമായി.ശാസ്ത്രസാങ്കേതികമികവുകള്‍ ഭൗതികതയുടെ സിംബലുകളാണ്. പക്ഷെ അതിന് മാനവികതയുമായി ബന്ധമില്ലാതായാല്‍ അത് മനസ്സിന്റെ വിശപ്പിനെ മാറ്റുകില്ല.രണ്ടു തരം ആറ്റം ബോംബു കണ്ടുപിടിച്ച ശാസ്ത്രം അവ രണ്ടും എത്രത്തോളം ഇഫക്ടീവാണെന്ന് പരീക്ഷിക്കാന്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി. ഹിരോഷിമ നഗരത്തില്‍ ആദ്യ ബോംബു വീണ് ഒരു ലക്ഷത്തോളം മരണവും പത്തിരട്ടി അംഗഭംഗവും നഗരത്തിന്റെ പൂര്‍ണ്ണനാശവും സംഭവിച്ചു. അപ്പോള്‍ത്തന്നെ ജപ്പാന്‍ ചക്രവര്‍ത്തി തോല്‍വി സമ്മതിക്കാന്‍ തയാറായി സഖ്യകക്ഷികളായ ജര്‍മ്മനിയും ഇറ്റലിയുമായി ബന്ധപ്പെട്ടു. പക്ഷെ, ഔപചാരികമായ കീഴടങ്ങല്‍ തീരുമാനം വരുന്നു എന്നറിയാമായിരുന്നിട്ടും, അടുത്ത ദിവസം ജപ്പാനില്‍ രണ്ടാമത്തെ ബോംബു കൂടി ഇട്ടു. നാഗസാക്കി നഗരം കൂടി ചാമ്പലായി. ആദ്യത്തെ ബോംബ് ആവശ്യമെന്ന് കരുതിയാല്‍ത്തന്നെ ലക്ഷക്കണക്കിന് സാധാരണ മനുഷ്യരെ രണ്ടാമത്തെ ബോംബിന്റെ ഇഫക്ടീവ്‌നെസ് കണ്ടു പിടിക്കാന്‍ ഇരകളാക്കിയേ ശാസ്ത്രം അടങ്ങിയുള്ളു.ഇന്നും ഈ പ്രവണത നിലനില്‍ക്കുന്നു എന്നതാണ് ദുഃഖകരമായ സത്യം.വിവേകാനന്ദസ്വാമികളുടെയും ജംഷഡ്ജി ടാറ്റയുടെയും സ്വപ്‌നചിന്തകള്‍ പ്രാവര്‍ത്തികരൂപത്തിലെത്താന്‍ ഇനിയും നാം കാത്തിരിക്കുകയാണ്. ഇവിടെ ഒരു മേജര്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കേണ്ട മീഡിയയ്ക്ക് ഈ രംഗത്ത് എത്രത്തോളം വിജയം നേടാന്‍ കഴിയുന്നു? ഇന്ന് മാനവികതയുടെ ശരിക്കുള്ള രക്ഷകന്‍ മീഡിയായാണ്. മനുഷ്യമനസ്സിനെ കീഴടക്കാന്‍ വിവര സാങ്കേതിക വിദ്യയുടെ എല്ലാ സഹായഹസ്തങ്ങളും ഉപയോഗിക്കാന്‍ പ്രാപ്തിയുള്ള ഏക മേഖല. മര്‍ഡോക്കും അസാംഗെയും കോര്‍പ്പറേറ്റ് വക്താക്കളും ലോബിയിസ്റ്റുകളും ഉള്‍പ്പെടുന്ന ശക്തി കേന്ദ്രം.വിവേകാനന്ദസ്വാമികളും ജംഷഡ്ജി ടാറ്റയും ആശയമായി ഇന്നും നമ്മളോടൊപ്പമുണ്ട്. ഇനി സമാനമായ ചിന്തകള്‍ പിറക്കാന്‍ പസിഫിക്കിന്റെ അനന്തമായ ഏകാന്തത കിട്ടില്ല. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇന്ന് മണിക്കൂറുകളുടെ അകലമേയുള്ളു.പക്ഷെ ഭൗതികതയും ആത്മീയതയും മനുഷ്യന്റെ വിശപ്പാണ്. വയറിന്റെയും മനസ്സിന്റെയും. അവയ്ക്ക് ശമനം ലഭിച്ചാലേ മനുഷ്യജീവിതം സാര്‍ത്ഥകമാകൂ. മീഡിയാ ആകണം ഈ ആഹാരത്തിന്റെ കൂട്ട് നിശ്ചയിക്കേണ്ടതും അത് പാകം ചെയ്യേണ്ടതും വിളമ്പേണ്ടതും.