മാധ്യമങ്ങൾ നൽകുന്നതു തന്നെയാണോ ജനങ്ങൾക്കു വേണ്ടത്? വായനക്കാരുടെ, പ്രേക്ഷകന്റെ പക്ഷത്തു നിന്ന് നമ്മുടെ ദൈനംദിന മാധ്യമലോകത്തിലൂടെ കടന്നുപോവുകയാണ് ഈ പംക്തിയിലൂടെ ലേഖകൻ.
വിശപ്പും അഴിമതിയും
ഒരു പ്രി-ഓണസായാഹ്നം. ഞാൻ താമസിക്കുന്നത് കൊച്ചിയിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിന് നേരെ എതിരെയുള്ള ഒരു അപ്പാർട്ട്മെന്റിലാണ്. ഫ്ളാറ്റിൽ നിന്നും താഴെയിറങ്ങി റോഡിലെ ഓണവിപണിത്തിരക്ക് കണ്ടു നിൽക്കുമ്പോഴാണ് സുഹൃത്ത് എത്തിയത്. അയൽ പക്കത്തു വേറൊരു ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരനാണ്. വല്ലപ്പോഴുമേ ഞങ്ങൾ തമ്മിൽ കാണാറുള്ളു. സാത്വികൻ. അപ്പർ മിഡിൽ ക്ലാസ് സാമ്പത്തികം. സന്തതികൾ ഫോറിനിൽ. റിട്ടയറാകുതിനു മുമ്പ് പൊതുമേഖലയിൽ അദ്ദേഹം ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ലേശം ബുദ്ധിജീവി അസ്ക്യതയുമുണ്ട്. സീരിയലും ഭക്തിയും റിയാലിറ്റി ഷോകളുമായി ഭാര്യ വീട്ടിലുള്ള ടെലിവിഷൻ കൈയടക്കിയതു കാരണം അദ്ദേഹത്തിന് ദ്യശ്യ മാദ്ധ്യമത്തോട് വലിയ പ്രിയമില്ല. ഇപ്പോൾ പത്രം മാസിക പുസ്തകം വായനയാണ് മുഖ്യ എൻഗേജ്മെന്റ്.
കണ്ടയുടൻ ചോദിച്ചു.
ഇത്തെ പത്രം കണ്ടോ വർമ്മാജി? ഇങ്ങിനെ പോയാൽ നമ്മുടെ നാടിന്റെ ഗതി എന്താകും?
അന്തരീക്ഷമാകെ കുറെ ദിവസമായി ഉത്സവത്തിരക്കിലാണ്. ചുറ്റും ആഘോഷവും നൂറായിരം കൗതുകവസ്തുക്കളും നാനാതരം വാഹനങ്ങളിൽ വീർപ്പുമുട്ടുന്ന തെരുവും ചിരിക്കുന്ന മുഖങ്ങളും. നേരം ഇരുട്ടാൻ സമ്മതിക്കാതെ വൈദ്യുതിക്ഷാമവാർത്തകളെ കളിയാക്കുന്ന സഹസ്രവർണ്ണപ്രഭയാർന്ന രാവുകളുടെ തുടക്കം. സുഹൃത്ത് വീട്ടിൽ മാസികകൾ കൂടാതെ ഒരു മലയാളവും ഇംഗ്ലീഷും പത്രം വരുത്തുന്നുണ്ട്. പിന്നെ അപ്പാർട്ട്മെന്റിലെ പൊതു റീഡിംഗ് റൂമിൽ നിന്ന് നാലു മലയാളവും മൂന്നു ഇംഗ്ലീഷും ദിനപത്രങ്ങൾ. പത്തു പന്ത്രണ്ടു വാരികകൾ, മാസികകൾ... എല്ലാം മനസ്സിരുത്തി വായിക്കുന്നവനാണ്. ഇത്രയും പത്രങ്ങൾ വായിച്ചു കഴിയുമ്പോൾ ആരായാലും നാടിന്റെ ഗതിയെക്കുറിച്ച് വേവലാതിപ്പെട്ടു പോകും. എതു മേഖലയിലെ ഗതികേടാണെന്നതിൽ മാത്രമേ വ്യത്യാസം ഉണ്ടാകുകയുള്ളു.
ഇന്നത്തെ പത്രങ്ങളിലെല്ലാം പേജുകളുടെ എഴുപതു ശതമാനവും ഓണപ്പരസ്യങ്ങളാണ്.
ചെമ്മീൻ നോവലിലെ ഒരു രംഗം. കറുത്തമ്മയെയും കൂട്ടി പളനി തൃക്കുന്നപ്പുഴ കടലോരത്തെ കുടിലിൽ പൊറുതി തുടങ്ങി. അടുക്കളയ്ക്കു വേണ്ട ഒരു സാമഗ്രിയും ഇതുവരെ ഒറ്റയാനായി കഴിഞ്ഞിരുന്ന പളനിയുടെ കുടിലിൽ ഇല്ല. വൈകിട്ട് മണ്ണാർ ശാലയിൽ ഉത്സവം കൂടാൻ പോകുന്ന പളനിയോട് അവിടെ ചന്തയിൽ നിന്നും അത്യാവശ്യം വാങ്ങിക്കേണ്ട സാധനങ്ങളുടെ നീണ്ട ലിസ്റ്റ് കറുത്തമ്മ നൽകി. അർദ്ധരാത്രിയിൽ കൂട്ടുകാരുമൊത്ത് കള്ളുമടിച്ച് ആടിപ്പാടി വന്ന പളനിയുടെ കൈകൾ കാലിയായിരുന്നു. കറുത്തമ്മയുടെ മുഖം പക്ഷെ ഒരു നിമിഷമേ കറുത്തുള്ളു. പളനി മടിയിൽനിന്നും ഒരു കടലാസു പൊതി എടുത്തു നീട്ടി. മൊട്ടവിളക്കിന്റെ പ്രഭയിൽ ആ പൊതിയിലുണ്ടായിരുന്ന നേരിയതിന്റെ കസവിനെക്കാൾ അവളുടെ കണ്ണുകൾ തിളങ്ങി. തകഴിച്ചേട്ടൻ മലയാളിയുടെ സൈക്കേ ഒറ്റ വാചകത്തിൽ പറഞ്ഞു.
ജീവിതം ചട്ടിയും കലവും മാത്രമല്ല, ഒരു നേരിയതും കൂടി ആണ്.
ഞാൻ റോഡിലേക്കു ചൂണ്ടി ചോദിച്ചു.
ഈ കൺസ്യൂമറിസം ഇങ്ങിനെ പോയാൽ നമ്മുടെ ഗതി... ശരിയാണ് താങ്കൾ പറയുന്നത്...
സുഹൃത്ത് ഉറക്കെ പറഞ്ഞു.
നോ നോ. അതല്ല. ഇത് ഓണം. ഓ കെ. ഓണാഘോഷമല്ലേ! ഞാൻ അതല്ല പറഞ്ഞത്. നമ്മുടെ അഴിമതിയേ! ഒന്നു നോക്കൂ. കോമൺവെൽത്ത്, ആദർശ്, കർണ്ണാടകം, എല്ലാം മുമ്പ് വെറും കുറെ കോടികളായിരുന്നു. ഇപ്പോൾ സ്വിസ് ബാങ്ക് കള്ളപ്പണം, ടു ജി. സ്പെക്ട്രം, ഇതാ ഇപ്പോൾ കൽക്കരി. എല്ലാം ലക്ഷം കോടികളാണ്. എവിടെയും അഴിമതിയും കൈക്കൂലിയും. രണ്ടു മൂന്നു ദിവസമായി എല്ലാ പത്രത്തിലും മെയിൻ സ്റ്റോറി ഈ കൽക്കരിയാണ്. വായിക്കുമ്പോൾ തല പെരുക്കും. നമ്മുടെ എല്ലാ നേതാക്കന്മാരും എല്ലാ രാഷ്ട്രീയക്കാരും അഴിമതിയുടെ കാര്യത്തിൽ ഒരുപോലാണ്. കൂട്ടു നിൽക്കാൻ ഉദ്യോഗസ്ഥരും. ഇതുപോലെ പോയാൽ നമ്മുടെ നാടിന്റെ ഗതി എന്താകും?
പിന്നെയും അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. ഒരു അഭ്യസ്തവിദ്യനായ വോട്ടറുടെ ധാർമ്മികരോഷം. പക്ഷെ എനിക്ക് അത് ശരിക്കു കേൾക്കാൻ പറ്റുന്നില്ല. ചുറ്റും ഒച്ചയും ബഹളവും വർദ്ധിച്ചു കൊണ്ടിരുന്നു. ഒരു ഉഗ്രൻ ഘോഷയാത്ര വരികയാണ്. വനിതകളുടെ ശിങ്കാരി മേളം. പിന്നാലെ പുരുഷന്മാരുടെ തായമ്പക. കടുവാവേഷക്കാരുടെ കൂട്ടക്കളി. വാമനാവതാരത്തിന്റെ ഫ്ളോട്ട്. വെള്ളക്കുതിര വലിക്കുന്ന രഥത്തിൽ നാലുപാടും പൂക്കൾ വിതറി മഹാബലി. ശബ്ദകോലാഹലം കാരണം ഞാൻ മിണ്ടിയില്ല.
കേരളത്തിലെ പത്രം വായനക്കാരന് ഇഷ്ടം പൊളിറ്റിക്സ് വാർത്തകളാണ്. പെൺ വാണിഭവും കൊലപാതകവും തീവ്രവാദവും ബിസിനസ്സും സ്പോർട്ട്സും, എന്തിന് സിനിമ പോലും നമുക്ക് പ്രയോറിറ്റിയിൽ വളരെ പിന്നിലാണ്. രാഷ്ട്രീയം. പ്രത്യേകിച്ചും അധികാരരാഷ്ട്രീയം. അതിലെ നെഗറ്റീവ് പോയന്റുകൾ. ഗുജറാത്തിൽ ബിസിനസ് വാർത്തകളും ഗോവയിൽ സ്പോർട്ട്സും മുംബൈയിൽ പേജ് ത്രീയും തമിഴ്നാട്ടിൽ സിനിമയും ആണ് പത്രവായനക്കാരന്റെ പ്രിഫറൻസ് എന്ന് മൊത്തത്താപ്പിൽ പറയാം. നമ്മളിലെ വായനക്കാരനു മാത്രമല്ല, പത്രപ്രവർത്തകനും ഇഷ്ടം പൊളിറ്റിക്കൽ കവറേജ് ആണ്. അഞ്ചാറുവർഷം വർഷം മുമ്പ് കുറച്ചു റിപ്പോർട്ടേഴ്സിനെ തെരഞ്ഞടുക്കാൻ നടത്തിയ അഭിമുഖത്തിൽ രസകരമായ അനുഭവമുണ്ടായി. സയൻസും കോമേഴ്സും തത്വശാസ്ത്രവും ബിരുദാനന്തരബിരുദധാരികളും കോളേജ് കാലത്ത് സ്പോർട്ട്സിൽ പ്രഗത്ഭരായിരുന്നവരും എല്ലാം ഏതു മേഖലയിൽ റിപ്പോർട്ടിംഗിനാണ് ഇഷ്ടം എന്നു ചോദിച്ചപ്പോൾ ഒരേ മറുപടിയാണ് പറഞ്ഞത്. പൊളിറ്റിക്സ്.
ഏതാനും മാസം മുമ്പ് കേരളം കാണാൻ വന്ന ഒരു അമേരിക്കൻ നീഗ്രോ നോവലെഴുത്തുകാരി എന്നോട് ചോദിച്ചു.
ഞാൻ ഇലെ ഫ്ളൈറ്റിൽ കിട്ടിയ ഇന്ത്യൻ പത്രത്തിൽ ചെറിയ ഒരു വാർത്ത കണ്ടു. ഇന്ത്യയിൽ പൂർണ്ണമായ പോഷകാഹാരം ലഭിക്കാത്ത 125 മില്യൺ കുട്ടികൾ ദിവസവും പാതി വിശന്നു കഴിയുന്നുണ്ടെന്ന്. അവരിൽ ഭൂരിപക്ഷവും സ്ക്കൂളിൽ പോകുന്നുമില്ലെന്ന്. അതേ സമയം ഇന്ത്യയാണ് ലോകത്തിൽ ആയുധം വാങ്ങാനായി ഏറ്റവുമധികം പണം ചിലവാക്കുന്നത്. അഹിംസയുടെ ഗാന്ധിജി നിങ്ങളുടെ ഇമേജുമാണ്. എനിക്കു മനസ്സിലാകാത്ത വല്ലാത്ത വിരോധാഭാസം. ഈ കുട്ടികൾക്കു വേണ്ടി ഇന്ത്യൻ എഴുത്തുകാരും മീഡിയായും ശബ്ദമുയർത്താറുണ്ടോ?
പാസേജ് ടു ഇന്ത്യയിൽ നിന്ന് ഇന്ത്യ സ്ലം ഡോഗ് മില്യനയറിൽ എത്തിയിട്ടേയുള്ളു എന്ന് ഞാൻ പറഞ്ഞില്ല. പകരം ഒരു എസ്ക്കേപ്പിസ്റ്റ് മറുപടി നൽകി രക്ഷപ്പെടാൻ ശ്രമിച്ചു.
നിങ്ങളാണിതിനു കാരണം. വെസ്റ്റേൺ ഗ്ലോബൽ മാർക്കറ്റിംഗ് മനസ്സുകൾ.
അവർ നിങ്ങളുടെ രാഷ്ട്രീയത്തെ കൈപ്പിടിയിലാക്കി ഏഷ്യയിൽ യുദ്ധഭീതി നിലനിർത്തുന്നു. ആയുധം വാങ്ങിക്കൂട്ടാൻ ഞങ്ങളെ നിർബന്ധിതരാക്കുന്നു.
അവർ ചിരിച്ചു.
ആയിരിക്കാം. പക്ഷെ ഇത് കണ്ടിട്ടും കണ്ടില്ലെന്നു നടിക്കാൻ മീഡിയായ്ക്കും എഴുത്തുകാർക്കും എങ്ങിനെ കഴിയുന്നു? കുഞ്ഞുങ്ങളുടെ വിശപ്പ് നിങ്ങൾക്കു മനസ്സിലാകില്ലേ? നിങ്ങൾക്കു പണം ഇല്ലാഞ്ഞിട്ടല്ല. ഈ കുഞ്ഞുങ്ങളുടെ വിശപ്പു മാറ്റി പള്ളിക്കൂടത്തിലയക്കുക എന്നതിന് എന്തു കൊണ്ട് പ്രാധാന്യം നൽകുന്നില്ല? അതോ മീഡിയായും എഴുത്തുകാരും എല്ലാം നിങ്ങൾ ചൂണ്ടിക്കാട്ടിയ ഞങ്ങളുടെ ഗ്ലോബൽ മാർക്കറ്റിംഗ് മനസ്സുകളുടെ ചൊൽപ്പടിയിലാണോ ?
ദില്ലിയിലെ പ്രസിദ്ധ ഇംഗ്ലീഷ് ദേശീയപത്രത്തിന്റെ ഛത്തീസ്ഗഡ് മേധാവിയായിരുന്ന എന്റെ മലയാളിസുഹൃത്ത് പറഞ്ഞു.
ഇവിടെ ദണ്ഡകാരണ്യം പോലെ കേരളത്തിന്റെ രണ്ടര ഇരട്ടിയോളം വലിപ്പമുള്ള ഒരു അർദ്ധവനപ്രദേശവും അവിടെ ലക്ഷക്കണക്കിന് അതിദരിദ്രരായ ആദിവാസികളും ജനങ്ങളും ഉണ്ടെന്നതും അവരുടെ വാർത്തകളും നമ്മുടെ വായനക്കാർക്ക് അരോചകമാണ്. അത്തരം വാർത്തകൾ ലോകത്തിലെ മൂന്നാം ശക്തിയാകാൻ കുതിക്കുന്ന നമുക്ക് അസുഖകരമായ ഓർമ്മപ്പെടുത്തലാണ്. ഇടയ്ക്ക് കേന്ദ്രസേനയും മാവോയിസ്റ്റുകളുമായി അവിടെ ഉണ്ടാകുന്ന സംഘർഷവും വെടിവയ്പ്പും മാത്രമാണ് ദണ്ഡകാരണ്യത്തിൽ ന്യൂസ് വർത്തി. അതുമല്ല, ഇവിടെ സത്യം പറയാൻ ഭയവുമാണ്. പുറത്തു വളരെ അറിയാത്ത ഛത്തീസ്ഗഢ് പബ്ളിക്ക് സെക്യൂരിറ്റി ആക്ട് 2005 എന്നൊരു നിയമമുണ്ട്. വാർത്തകൾ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് അപ്രിയവാർത്ത നൽകുന്ന ആരെയും പിടികൂടുന്ന ശൈലി ഇവിടെ പതിവാണ്.
വിക്കി ലീക്സിന്റെ അസാംഗെയുടെ ഭാവി എന്തായാലും വായനക്കാരന് ഇഷ്ടപ്പെടുന്ന വാർത്തകളിൽ പ്രധാനം അഴിമതി ആണ്. മീഡിയാ അതിനൊത്ത് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവർത്തനക്ഷമമാകുന്നുമുണ്ട്. എന്റെ സുഹൃത്തിന് ധാർമ്മികരോഷവും മീഡിയായോടുള്ള ബഹുമാനവും വളരാൻ ഈ അഴിമതി വാർത്തകൾ സഹായിക്കുന്നുമുണ്ട്. പക്ഷെ സാമ്പത്തികശേഷി ഉണ്ടായിട്ടും കുഞ്ഞുങ്ങൾക്കു ഭക്ഷണം നൽകാൻ പറ്റാത്തതാണ് ഒരു രാഷ്ട്രത്തിലെ ഏറ്റവും ക്രൂരമായ അഴിമതി എന്ന സത്യം എപ്പോഴാണ് വാർത്തയിൽ ഒരു അഴിമതിയായി പ്രാധാന്യം നേടുന്നത്?
ഞാൻ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുകയാണ്.
നോവലിസ്റ്റും വീക്ഷണം മുൻചീഫ് എഡിറ്ററുമാണ് ലേഖകൻ. ലേഖകന്റെ ഇ-മെയ്ൽ: varma.klmohana@gmail.com