Error message

പ്രോ പബ്ലിക്ക, റിപ്പോര്‍ട്ടിംഗ് ഓണ്‍ ഹെല്‍ത്ത്, ദ് സ്‌കൂപ്പ്

പ്രോ പബ്ലിക്ക : പൊതു താല്പര്യത്തിലുള്ള പത്രപ്രവര്‍ത്തനം എന്ന മുദ്രാവാക്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം സ്ഥാപനമായ പ്രോ പബ്ലിക്കയുടെ വെബ്‌സൈറ്റാണ് http://www.propublica.org. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനില്‍ പ്രവര്‍ത്തിക്കുന്ന പ്രോ പബ്ലിക്ക വാള്‍ സ്ട്രീറ്റ് ജേണലിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറായ പോള്‍ സ്റ്റീഗറാണ് സ്ഥാപിച്ചത്. ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ മുന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ സ്റ്റീഫന്‍ എംഗിള്‍ബെര്‍ഗും വാള്‍ സ്ട്രീറ്റ് ജേണലിന്റെ മുന്‍ അസിസ്റ്റന്റ് പബ്ലിഷര്‍ റിച്ചാര്‍ഡ് ടോഫലും ചേര്‍ന്നു നയിക്കുന്നു. 2008 ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനത്തില്‍ 40 പത്രപ്രവര്‍ത്തകരുണ്ട്. സര്‍ക്കാരും പൊതുസ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും നടത്തുന്ന അഴിമതികളും അവര്‍ മറച്ചുവയ്ക്കാനാഗ്രഹിക്കുന്ന കാര്യങ്ങളും പുറത്തുകൊണ്ടുവരിക എന്നതാണു തങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രോപബ്ലിക്കയുടെ മിക്ക സ്‌റ്റോറികളും അമേരിക്കയില്‍ വന്‍ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 2010ലും 2011ലും പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു. ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ധാരാളം പണവും സമയവും ചെലവഴിക്കേണ്ട മേഖലയായതിനാല്‍ മിക്ക പത്രങ്ങളും അതില്‍ നിന്നു വിട്ടു നില്കുന്നതുകൊണ്ടാണ്  സാന്‍ഡ്‌ലര്‍ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ പ്രോപബ്ലിക്ക രംഗത്തെത്തിയത്. അവരുടെ റിപ്പോര്‍ട്ടുകള്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് സൗജന്യമായി നല്കും. സൈറ്റില്‍ എല്ലാ റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം ആര്‍ക്കും ഈ റിപ്പോര്‍ട്ടുകള്‍ പുനപ്രസിദ്ധീകരിക്കാം. പ്രോപബ്ലിക്ക മാഗസിന്റെ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ ഐഫോണില്‍ മാഗസിന്‍ സൗജന്യമായി വായിക്കാം. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഏതാണ്ട് എല്ലാ ദിവസവും പുതിയ റിപ്പോര്‍ട്ടുകള്‍ ഇമെയിലില്‍ അയച്ചു തരും. റിപ്പോര്‍ട്ടുകളുടെ ഇ ബുക് രൂപവും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

റിപ്പോര്‍ട്ടിംഗ്  ഓണ്‍ ഹെല്‍ത്ത്

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ ആരോഗ്യസംബന്ധിയായ റിപ്പോര്‍ട്ടിംഗ് മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ച് യൂനിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ തുടങ്ങിവച്ച ഫെല്ലോഷിപ്പിന്റെ വെബ്‌സൈറ്റാണ് http://www.reportingonhealth.org.  ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആശയങ്ങള്‍ കൈമാറാനും റിപ്പോര്‍ട്ടിംഗ്, ബ്ലോഗിംഗ് തുടങ്ങിയവയ്ക്കായും ഈ സൈറ്റും സംഘടനയും വേദിയൊരുക്കും. ഹെല്‍ത്ത് റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരിശീലനം നല്കുക, അമേരിക്കയിലെ മികച്ച ഡോക്ടര്‍മാര്‍, ഭരണാധികാരികള്‍ തുടങ്ങിയവരുമായി ആശയവിനിമയത്തിന് അവസരം നല്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

ഇവരുടെ എല്ലാ റിപ്പോര്‍ട്ടുകളുടെയും പൂര്‍ണ രൂപം സൈറ്റില്‍ നിന്നു കിട്ടും. ആധികാരികതയുള്ള റിപ്പോര്‍ട്ടുകളുടെ ഉത്തമ മാതൃകകളാണ് ഇവയോരോന്നും. സൈറ്റിന്റെ റിസോഴ്‌സസ് എന്ന വിഭാഗം മികച്ച റിപ്പോര്‍ട്ടുകള്‍ എങ്ങനെ തയാറാക്കാമെന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നു. ലെസണ്‍സ് ഫ്രം ദ് ഫീല്‍ഡ്, സോഴ്‌സസ് ഡയറക്ടറി, റിസോഴ്‌സ് ഗൈഡ് എന്നിവയാണ് റിസോഴ്‌സസ് വിഭാഗത്തിലെ ഉപവിഭാഗങ്ങള്‍. ഇതു മീഡിയാ വെബ്‌സൈറ്റുകള്‍ക്ക് മാതൃകയാക്കാവുന്നതാണ്. സൈറ്റിന്റെ ടേംസ് ഓഫ് യൂസ് വിഭാഗവും മീഡിയാ വിദ്യാഭാസ സൈറ്റുകള്‍ക്ക് ഉപകാരപ്രദമാണ്. 

ദ് സ്‌കൂപ്പ്

പത്രപ്രവര്‍ത്തനത്തിലെ പ്രധാന വാക്കുകളിലൊന്നാണ് സ്‌കൂപ്പ് എന്നതെങ്കിലും thescoop.org എന്ന വെബ് വിലാസം സ്വന്തമാക്കിയത് ഏതെങ്കിലും സ്ഥാപനമല്ല, ഡെറെക് വില്ലിസ് എന്ന പത്രപ്രവര്‍ത്തകനാണ്. പത്രപ്രവര്‍ത്തനം, കമ്പ്യൂട്ടര്‍ അസിസ്റ്റഡ് റിപ്പോര്‍ട്ടിംഗ്, വെബ് ഡവലപ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ഡെറക് എഴുതിയ ലേഖനങ്ങളാണ് ഈ സൈറ്റിന്റെ ഉള്ളടക്കം.

ഇതിലെ ഫിക്‌സിംഗ് ജേണലിസം എന്ന വിഭാഗം ഭാവിയിലെ ജേണലിസം സംബന്ധിച്ച വിവിധ ലേഖനങ്ങളുടെ സമാഹാരമാണ്. ഇത് പുതിയ വിവരങ്ങള്‍ അറിയാന്‍ സഹായിക്കും.