പ്രശ്‌നം എഴുത്തല്ല; പ്രതിഭയാണ്‌

Author: 

എ. സജീവന്‍

നിങ്ങള്‍ക്ക് ഒരേ സമയം പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്. തീര്‍ച്ചയായും സാധിക്കും. എന്നാല്‍, നിങ്ങള്‍ക്ക് ഒരേസമയം മികച്ച പത്രപ്രവര്‍ത്തകനും മികച്ച സാഹിത്യകാരനുമാകാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം അത്ര ലളിതമല്ല. എഴുത്തല്ല, പ്രതിഭയാണ് കാര്യം എന്നേ അതിന് ഉത്തരം നല്‍കാന്‍ കഴിയൂ. അതു തന്നെയാണ് ശരിയുത്തരവും.
മാധ്യമഭാഷയെയും മാധ്യമത്തിലെ എഴുത്തിനെക്കുറിച്ചുമുള്ള പഴയ സിദ്ധാന്തം പത്രഭാഷയും എഴുത്തും സര്‍ഗാത്മകരചനയില്‍ നിന്നും തീര്‍ത്തും ഭിന്നമാണ് എന്നാണ്. അത് ശരിയുമാണ് (ആയിരുന്നു എന്നു പറയുന്നതാകും കൂടുതന്‍ ശരി). കാരണം, സര്‍ഗാത്മകരചനയുടെയും മാധ്യമരചനയുടെയും മാര്‍ഗവും ലക്ഷ്യവും രണ്ടാണ്. സാഹിത്യകാരനും പത്രപ്രവര്‍ത്തകനും അഭിമുഖീകരിക്കുന്നത് തികച്ചും വ്യത്യസ്തരായ വായനക്കാരെയാണ്. അതുകൊണ്ട് എഴുത്തിന്റെ രീതിയും ശൈലിയും തികച്ചും വ്യത്യസ്തമായിരിക്കണം.
സര്‍ഗാത്മകരചനയില്‍ ഓരോ എഴുത്തുകാരനും വ്യത്യസ്തമായ ശൈലിയുണ്ടാകും. ഒരേ എഴുത്തുകാരന്‍ ഓരോ രചനയിലും അതിന്റെ പശ്ചാത്തലമനുസരിച്ച് ഭാഷാപ്രയോഗങ്ങളും ശൈലിയും സ്വീകരിക്കും. എഴുതുന്ന വിഷയത്തിന്റെ സ്വഭാവവും പശ്ചാത്തലവുമാണ് സര്‍ഗാത്മക രചനയില്‍ ഭാഷാശൈലി നിശ്ചയിക്കുന്നതെന്നര്‍ത്ഥം. അവിടെ എഴുത്തുകാരന്‍ മുഴുവന്‍ വായനക്കാരേയും മുന്നില്‍ കാണില്ല. വിവിധ സംസ്‌കാരത്തിലും ജീവിതനിലവാരത്തിലുമുള്ള വായനക്കാര്‍ക്കെല്ലാം ഒരേ പോലെ മനസ്സിലാകുന്ന തരത്തിലാണ് താന്‍ എഴുതേണ്ടതെന്നും അതിനനുസരിച്ച ശൈലി സ്വീകരിക്കണമെന്നും ചിന്തിക്കില്ല. അങ്ങനെയായിരിക്കണമെന്ന് വാശി പിടിക്കാന്‍ സഹൃദയനുമാകില്ല. തന്റെ രചനയുടെ പശ്ചാത്തലം നോക്കി, താന്‍ ലക്ഷ്യമിടുന്ന വായനാസമൂഹത്തെ നോക്കി, തന്റെ എഴുത്തിന് അനുയോജ്യമായ തരത്തില്‍ ഭാഷ പ്രയോഗിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സര്‍ഗാത്മകരചയിതാവിനുണ്ട്. 
ഇതൊന്നു വിശദീകരിക്കാം. സി. വി. രാമന്‍പിള്ളയുടെ പ്രസിദ്ധമായ നോവലാണ് 'മാര്‍ത്താണ്ഡവര്‍മ്മ'. മലയാള നോവല്‍ പ്രസ്ഥാനത്തിലെ നാഴികക്കല്ലാണത്. അതില്‍, പഞ്ചവന്‍കാടിനെക്കുറിച്ചുള്ള വിശദമായ വര്‍ണനയുണ്ട്. നോവലിലെ നായകകഥാപാത്രമായ അനന്തപദ്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള വര്‍ണനയാണ്. പഞ്ചവന്‍കാട്ടില്‍ വച്ചു കാണാതായ തന്റെ പ്രതിശ്രുതവരനായ അനന്തപദ്മനാഭന്‍ വരുന്നതും കാത്ത് കാലം കഴിക്കുകയാണ് നായിക. വൃഥാവിലാകുന്ന ആ കാത്തിരിപ്പില്‍ നിന്നും മകളെ പിന്തിരിപ്പിക്കാന്‍ അമ്മ ശ്രമിക്കുകയാണ്. 
നീലിയെന്ന കൊടുംഭീകരിയായ യക്ഷി വസിക്കുന്ന പഞ്ചവന്‍കാട്ടില്‍ നിന്ന് ജീവനോടെ തിരിച്ചുവന്നവര്‍ ആരുമില്ലെന്ന് മകളെ ബോദ്ധ്യപ്പെടുത്താന്‍ ആ വനത്തിന്റെ ഭീതിതാവസ്ഥ വിവരിക്കുന്നതില്‍ 'ത്സില്ലി ത്സംകാര നാദനിദന മണ്ഡിതമായ' എന്ന വാക്കു പ്രയോഗിക്കുന്നുണ്ട്. യക്ഷി വസിക്കുന്ന കാടിന്റെ ഭീകരത മകളെ ബോധ്യപ്പെടുത്താന്‍ പറയുന്ന വാക്കുകളാണിവ. ഇതു കേട്ട് സാധാരണക്കാരായ വായനക്കാര്‍ക്ക് എന്തു തോന്നും. പാറുക്കുട്ടി പേടിച്ചോ എന്നറിയില്ല. ഒരു വിധം വായനക്കാരൊന്നും പേടിക്കില്ല എന്നുറപ്പ്. കാരണം ആ പറഞ്ഞ വാക്കിന്റെ അര്‍ത്ഥം അവരുടെ തലയ്ക്കുള്ളില്‍ പ്രവേശിച്ചിട്ടുണ്ടാകില്ല. നാലുപാടും ഇടതടവില്ലാതെ മുഴങ്ങുന്ന ചിലങ്കയുടെ ശബ്ദത്തെക്കുറിച്ചാണ് നോവലെഴുത്തുകാരന്‍ പറയുന്നതെന്ന് തിരിച്ചറിഞ്ഞാലല്ലേ പേടിയെന്ന വികാരം അവരുടെ മനസില്‍ പ്രവേശിക്കൂ.
ഇങ്ങനെ സാധാരണക്കാരനു പിടികിട്ടാത്ത കടുകട്ടി വാക്കുകള്‍ നോവലില്‍ പ്രയോഗിച്ചതിന് സി. വി. രാമന്‍പിള്ളയെ വിമര്‍ശിച്ചിട്ടു കാര്യമുണ്ടോ? ഇല്ല. തന്റെ എഴുത്തില്‍ ഉപയോഗിക്കേണ്ട വാക്കുകളും ശൈലികളും തിരഞ്ഞെടുക്കാനുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം സര്‍ഗാത്മക രചയിതാവിനുണ്ട്. അത്തരം തിരഞ്ഞെടുപ്പുകള്‍ വായനക്കാരെയെല്ലാം തൃപ്തിപ്പെടുത്തുമോ എന്നു ചിന്തിക്കാനുള്ള ചുമതലയോ അങ്ങനെ തൃപ്തിപ്പെടുത്തുന്ന വാക്കുകളും ശൈലികളും മാത്രമേ പ്രയോഗിക്കാവൂ എന്ന ബാധ്യതയോ സര്‍ഗാത്മക രചയിതാവിനില്ല. സര്‍ഗാത്മക രചന ആരംഭിച്ച കാലം മുതല്‍ അനുവദിക്കപ്പെട്ട സ്വാതന്ത്ര്യമാണിത്. 
എം. ടി. വാസുദേവന്‍നായരുടെ 'കാല'ത്തിലും 'നാലുകെട്ടി'ലും വള്ളുവനാടന്‍ ഭാഷാശൈലിയാണുള്ളത്. എന്നാല്‍, 'രണ്ടാമൂഴ'ത്തിലേക്കു വരുമ്പോള്‍ ശൈലി തികച്ചും വിഭിന്നമാകുന്നു. 'വാരണാസി'യിലും വ്യത്യസ്തമാണ് ശൈലി. കാരണം, ആ രണ്ടു നോവലുകളുടെയും പശ്ചാത്തലവും കാലവും സന്ദര്‍ഭങ്ങളും സ്വഭാവവും വ്യത്യസ്തമാണ്. വ്യത്യസ്തമായ സന്ദര്‍ഭത്തിനും അവസ്ഥയ്ക്കും അനുസരിച്ച് രചനയില്‍ കൂടുമാറ്റം നടത്താന്‍ എഴുത്തുകാരന്‍ നിര്‍ബന്ധിതനാണ്.
പറഞ്ഞു വരുന്നതിതാണ്. തന്റെ രചനയോട് ആത്മാര്‍ത്ഥ പുലര്‍ത്തുന്ന എഴുത്തുകാരന് എല്ലാ വായനാനിലവാരത്തിലുമുള്ളവരെ ഒരുപോലെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. അവര്‍ക്കെല്ലാം സംവേദനക്ഷമമാകണമെന്നു ഉറപ്പുവരുത്താനുമാകില്ല. അതിനയാള്‍ ബാധ്യസ്ഥനുമല്ല.
എന്നാല്‍ മാധ്യമപ്രവര്‍ത്തകന് ആ ബാധ്യത തീര്‍ച്ചയായും ഉണ്ട്. അയാള്‍ നേരിടുന്ന പ്രധാന പ്രശ്‌നം അതുതന്നെയാണ്. താന്‍ എഴുതുന്ന, തങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഓരോ വാര്‍ത്തയും ലേഖനവും അത് ഏതു ഭാഷയിലാണോ ആ ഭാഷ അറിയാവുന്ന എല്ലാവര്‍ക്കും വായിച്ചാല്‍ മനസ്സിലാകണം. വായനക്കാരനൊരു കല്ലുകടിയും ഉണ്ടാകാന്‍ പാടില്ല. അത്ര തെളിമയും ലാളിത്യവും അതിനുണ്ടാകണം. അക്ഷരം വായിക്കാന്‍ അറിയാത്തവരും വായിച്ചു കേള്‍ക്കുന്നതാണ് മാധ്യമവാര്‍ത്തകള്‍. അവര്‍ക്കും ഒരു സംശയവും സന്ദിഗ്ധതയുമില്ലാതെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാകണം വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത ലേഖനങ്ങളും. 
അതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ സര്‍ഗാത്മക എഴുത്തുരീതി ഒരിക്കലും ഉപയോഗിക്കരുത് എന്നു പറയുന്നത്. സര്‍ഗാത്മക രചയിതാവിനു കിട്ടുന്ന സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് എഴുത്തിന്റെ കാര്യത്തില്‍ അനുവദിക്കാത്തതും അതുകൊണ്ടാണ്. പത്രഭാഷ ലളിതമായിരിക്കണം, നേരേചൊവ്വേയുള്ളതാകണം, ആലങ്കാരികതകള്‍ ഇല്ലാത്തതാകണം. സര്‍ഗാത്മക രചന ഇത്തരത്തിലൊന്നുമാകണമെന്ന് നിര്‍ബന്ധമില്ല. പരിണാമഗുപ്തിയോടെ, ആലങ്കാരികതയുടെ വര്‍ണ്ണപകിട്ടോടെ എഴുതുന്നതാണ് ശരിയായ സര്‍ഗാത്മ രചന എന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. ഇപ്പോഴും ആ വിശ്വാസം പുലര്‍ത്തുന്നവര്‍ ഏറെയാണ്. 
മറ്റൊരു വ്യത്യാസം ഭാവനയുടെ കാര്യമാണ്. സര്‍ഗാത്മക രചനയുടെ ജീവവായു ഭാവനയാണ്. ചരിത്രത്തെയും വര്‍ത്തമാന സംഭവങ്ങളെയും ആധാരമാക്കി എഴുതുന്നവര്‍പോലും സ്വന്തം ഭാവനയില്‍ സൃഷ്ടിച്ച അയാര്‍ത്ഥ മുഹൂര്‍ത്തത്തിലാണ് സൃഷ്ടി കര്‍മ്മം നടത്തുന്നത്. അതിന് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമുണ്ടാകണമെന്നില്ല. അതിന് യുക്തിയുടെ ബലം ഉണ്ടാകണമെന്നേയില്ല. അങ്ങനെ യാഥാര്‍ത്ഥ്യത്തിന്റെയും യുക്തിയുടെയും കെട്ടുപാടുകളില്ലാതിരിക്കലായിരിക്കാം പലപ്പോഴും സര്‍ഗാത്മക രചനയുടെ വിജയവും സ്വീകാര്യതയും.
ശ്രീരാമന്‍ ചക്രവര്‍ത്തിയായി ഭരിക്കുന്ന അയോധ്യയിലേക്ക് താന്‍ സൃഷ്ടിച്ച രാമകഥാവതരണത്തിനായി വാല്‍മീകി മഹര്‍ഷി പോകുന്നത് രാമായണ സന്ദര്‍ഭം. രാമകഥാഗാഥ ശ്രീരാമനു മുന്നില്‍ അവതരിപ്പിക്കുന്നത് ലവകുശന്മാര്‍. ചക്രവര്‍ത്തി  കണ്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ മക്കള്‍. കഥാവതരണത്തില്‍ സംപ്രീതനായ രാമന്‍ അവരെക്കുറിച്ചു തിരക്കാന്‍ സാധ്യതയുണ്ട്. അവരാരെന്ന് മുനി പറയാനും ന്യായമുണ്ട്. എന്നാല്‍ അതിനെക്കുറിച്ചു ചിന്തിച്ച് സീത ചിന്താഗ്രസ്തയായി സരയൂ തീരത്ത് ഇരിക്കുന്ന സന്ദര്‍ഭം വിവരിക്കുന്നില്ല. എന്നാല്‍ കുമാരനാശാന്റെ ഭാവനയില്‍ അത്തമൊരു സന്ദര്‍ഭം സൃഷ്ടിക്കപ്പട്ടു. തന്റെ ജീവിതത്തിലെ ഓരോ മുഹൂര്‍ത്തത്തെയും സീതയുടെ കാതരമായ മനസ്സ് വിശകലനം ചെയ്യുന്ന വിസ്മയകരമായ മുഹൂര്‍ത്തം രൂപപ്പെട്ടു. സീത അങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ അതൊക്കെത്തന്നെയാണോ ചിന്തിച്ചത് എന്നു തുടങ്ങിയുള്ള യുക്തിചിന്തകള്‍ക്ക് ഇവിടെ സ്ഥാനമില്ല. 'ചിന്താവിഷ്ടയായ സീത' അതിമനോഹരമായ കൃതിയാണെന്ന് ആരും സമ്മതിക്കും. എം. ടി. യുടെ 'രണ്ടാമൂഴ'വും പി. കെ. ബാലകൃഷ്ണന്റെ 'ഇനി ഞാന്‍ ഉറങ്ങട്ടെ' എന്ന നോവലും ഒ.എന്‍.വി. കുറുപ്പിന്റെ 'സരയൂവിലേക്ക്' എന്ന കവിതയും മറ്റും ഇത്തരത്തില്‍ അതിമനോഹരമായ സങ്കല്‍പ്പ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കപ്പെട്ട കൃതികളാണ്. 
പത്രപ്രവര്‍ത്തകനെ സംബന്ധിച്ച് ഭാവനയ്ക്ക് തുടക്കം മുതല്‍ വിലങ്ങുതടിയുണ്ട്. ഇന്നത്തെ വാര്‍ത്ത നാളത്തെ ചരിത്രമാണ് എന്നാണു പറയുക. വസ്തുനിഷ്ഠതയാണ് ചരിത്രത്തിന്റെ മുഖമുദ്ര. വസ്തുനിഷ്ഠതയില്‍ വീഴ്ച വന്നാല്‍ ചരിത്രം വളച്ചൊടിക്കപ്പെട്ടുവെന്ന വിമര്‍ശനമുയരും. വളച്ചൊടിക്കപ്പെട്ട ചരിത്രം ചരിത്രമല്ലാതാകും. അത് മനുഷ്യരാശിയോടു ചെയ്യുന്ന നീതികേടുമാകും. കാലഘട്ടങ്ങളുടെ ശരിയായ വിലയിരുത്തലിനെ അത് ബാധിക്കും. അതുപോലെ തന്നെയാണ് വാര്‍ത്തയും വാര്‍ത്താധിഷ്ഠിത രചനകളും. അവ വസ്തുതയില്‍ അടിസ്ഥാനപ്പെടുത്തിയാകണം. വളച്ചുകെട്ടലുകളോ ചെത്തിക്കുറയ്ക്കലുകളോ അതിലുണ്ടാകാന്‍ പാടില്ല. എന്താണോ സംഭവിച്ചത് അത് ഭാവനാലേശമില്ലാതെ വളച്ചൊടിക്കലില്ലാതെ വായനക്കാരനിലെത്തണം. 
ഇവിടെ സ്വന്തം അഭിപ്രായങ്ങളും താല്‍പര്യങ്ങളും മാറ്റിവച്ച് തികച്ചും നിഷ്പക്ഷനായി നില്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ബാധ്യസ്ഥനാണ്. ഇത് അംഗീകരിക്കാതെ സാഹിത്യത്തിലെന്നപോലെ നിഷ്പക്ഷതയെന്നൊരു പക്ഷമില്ല എന്നു വാദിക്കുന്നവരും ശരിയുടെ പക്ഷത്താണ് മാധ്യമപ്രവര്‍ത്തകന്‍ നിലയുറപ്പിക്കേണ്ടതെന്ന് ശഠിക്കുന്നവരും ധാരാളമുണ്ട്. ആ വാദത്തിന്റെ മറവില്‍ സ്വന്തം പക്ഷപാതം വായനക്കാരനിലും കേള്‍വിക്കാരനിലും അടിച്ചേല്‍പ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നവരുമുണ്ട്. അതൊരു മുട്ടാപ്പോക്കു സിദ്ധാന്തമാണെന്നു പറയാതിരിക്കാന്‍ വയ്യ. എങ്ങനെയാണ് വസ്തുതകള്‍ വേണ്ടപോലെ വിലയിരുത്താതെ ശരിയുടെ പക്ഷം കണ്ടെത്താന്‍ കഴിയുക? ഡെഡ്‌ലൈനുകളില്‍ കുരുങ്ങിക്കിടക്കുന്ന മാധ്യമപ്രവര്‍ത്തകന് ശരിയുടെ പക്ഷം കണ്ടെത്താന്‍ എവിടെയാണ് നേരവും ഒഴിവും കിട്ടുക?
ഇത്രയും പറഞ്ഞതില്‍ നിന്നും, സര്‍ഗാത്മക സാഹിത്യവും മാധ്യമരചനയും രണ്ടാണ് എന്നും രണ്ടു വഴിക്കാണ് എന്നും വ്യക്തമായിരിക്കണം. അങ്ങനെയെങ്കില്‍ മാധ്യമരചനയും സര്‍ഗാത്മക രചനയും ഒരാള്‍ക്ക് ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുമോ? തീര്‍ച്ചയായും പ്രയാസമാണെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ട തത്വം. രണ്ടു മേഖലയിലും ഒരുപോലെ വ്യാപരിക്കുന്നവര്‍ ലോകത്ത് ധാരാളമുണ്ട്. നമ്മുടെ മലയാള നാട്ടില്‍ത്തന്നെ ധാരാളമുണ്ട്. അതറിയാതെയല്ല ഈ പറയുന്നത്. പത്രപ്രവര്‍ത്തകനായിരിക്കെ സര്‍ഗാത്മക രചനകള്‍ നടത്തിയവരുടെ പേരുകള്‍ വേണ്ടത്ര നിരത്താനാകുമെന്ന് അറിയാം. എങ്കിലും ഒരു ചോദ്യം. ഇതില്‍ എത്രപേര്‍ക്ക് രണ്ടു മേഖലയിലും ഒരു പോലെ തിളങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലുമൊന്നില്‍ വിളങ്ങാനും തിളങ്ങാനും മിക്കവര്‍ക്കും കഴിയും. അത് എളുപ്പമാണ്. എന്നാല്‍ രണ്ടു രംഗത്തും അസാമാന്യമായ പ്രതിഭാവിലാസം പ്രകടിപ്പിക്കുക അത്ര എളുപ്പമല്ല. പ്രസിദ്ധീകരിച്ച സാഹിത്യ സൃഷ്ടിയുടെ എണ്ണവും വണ്ണവും വച്ചല്ല, അവയ്ക്കുള്ളിലെ കാമ്പു നോക്കിയാണ് മാധ്യമ പ്രവര്‍ത്തകനിലെ സര്‍ഗരചയിതാവിനെ വിലയിരുത്താന്‍. മലയാളത്തില്‍ അത്തരം ഒരു വിലയിരുത്തല്‍ സാഹസത്തിന് തല്‍ക്കാലം മുതിരുന്നില്ല.
അന്താരാഷ്ട്രതലത്തില്‍ ഏണസ്റ്റ് ഹെമിംഗ്‌വേയെ ആണ് ദ്വിതലപ്രതിഭയായി ചിത്രീകരിക്കാറുള്ളത്. അത് ശരിയായ വിലയിരുത്തലുമാണ്. ഹെമിംഗ്‌വേ മികച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു. അതേ സമയം അദ്ദേഹത്തിന്റെ സര്‍ഗാത്മക രചനകള്‍ അസാധ്യമായ ഹൃദയദ്രവീകരണശേഷിയുള്ളവയുമാണ്. ഇതുപോലെ പലരെയും കണ്ടെത്താന്‍ കഴിയുമായിരിക്കാം, മലയാളത്തില്‍പ്പോലും. പഞ്ചാനനത്വം തെളിയിച്ച ഒട്ടേറെ പ്രതിഭകള്‍ ജീവിച്ച നാടാണല്ലൊ ഇത്. കെട്ടിയേല്‍പ്പിക്കപ്പെട്ടവരും വിലയ്ക്കുവാങ്ങിയവരുമായ പഞ്ചാനന്മാര്‍ ജീവിച്ചതും ജീവിക്കുന്നതുമായ നാടു കൂടിയാണല്ലോ ഇത്. അതുകൊണ്ട് വിലയിരുത്തല്‍ വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം. 
ഹെമിംഗ്‌വേയുടെ സാക്ഷ്യം ഒരു കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മികച്ച മാധ്യമപ്രവര്‍ത്തകന് മികവുറ്റ സര്‍ഗാത്മക രചയിതാവു കൂടിയാകാം. അതിന് വിലങ്ങുതടിയൊന്നുമില്ല. അയാള്‍ക്ക് രണ്ടു മേഖലയിലും പ്രതിഭയുണ്ടായിരിക്കണം. പ്രതിഭയുടെ ഏറ്റക്കുറച്ചില്‍ വിലയിരുത്തലിലും പ്രതിഫലിക്കും.
എഴുത്തല്ല പ്രശ്‌നം, പ്രതിഭയാണ്. പ്രതിഭ തിളങ്ങുമ്പോള്‍ ആ വെളിച്ചത്തിലേക്ക് എഴുത്ത് പറന്നെത്തും. അപ്പോള്‍ എഴുത്തിന്റെ രൂപവും ഭാവവും മാറും. 

കേരള പ്രസ് അക്കാദമി പ്രസിദ്ധീകരിച്ച 'മാധ്യമപ്രവര്‍ത്തനവും സര്‍ഗാത്മകതയും' എന്ന പുസ്തകത്തില്‍ നിന്നുള്ള ലേഖനം.