Error message

പുതിയ വെല്ലുവിളികളുടെ കാലം

മാധ്യമരംഗം ഏതെല്ലാം പ്രതിസന്ധികളില്‍ക്കൂടി കടന്നുപോയാലും വെല്ലുവിളികള്‍ നേരിട്ടാലും വിശ്വാസ്യതയെന്ന കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചാലേ നിലനില്‍ക്കാനാകുകയുള്ളൂവെന്ന് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. പത്രങ്ങളില്‍ അച്ചടിച്ചുവരുന്ന അക്ഷരങ്ങളും ചാനലുകളില്‍ ഉച്ചരിക്കപ്പെടുന്ന വാക്കുകളും വിശ്വസിക്കുന്ന സമൂഹമാണ് നമുക്കുള്ളത്. പുതിയ തലമുറയിലെ വായനക്കാര്‍ വരികള്‍ക്കിടയിലൂടെയും വാക്കുകള്‍ക്കിടയിലൂടെയും സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്രപ്രവര്‍ത്തക യൂണിയന്റെ 53-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് നല്‍കിയ സന്ദേശത്തിലാണ് ഉമ്മന്‍ ചാണ്ടി തന്റെ ആശയങ്ങള്‍ പങ്കുവച്ചത്. പത്രപ്രവര്‍ത്തകരും പത്രപ്രവര്‍ത്തക യൂണിയനുമൊക്കെയായി തനിക്ക് ദീര്‍ഘകാലത്തെ ഊഷ്മള ബന്ധമാണുള്ളതെന്ന് ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.
പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും അവ സംരക്ഷിക്കുന്നതിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു സംരക്ഷണവലയം സൃഷ്ടിക്കുന്നതിലും പത്രപ്രവര്‍ത്തക യൂണിയന്‍ വഹിച്ച സ്തുത്യര്‍ഹമായ ഉത്തരവാദിത്വബോധത്തെ അദ്ദേഹം അഭിനന്ദിച്ചു. 
അഞ്ചു ദശാബ്ദത്തിലധികം പത്രപ്രവര്‍ത്തക യൂണിയന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു എന്നത് എല്ലാവര്‍ക്കും അഭിമാനകരമാണ്. പത്രപ്രവര്‍ത്തക യൂണിയന്റെ സാരഥികളായിരുന്നവരെയും നിലവിലുള്ള സാരഥികളെയും അഭിനന്ദിക്കാനും ഈ അവസരം വിനിയോഗിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ലോകമെമ്പാടും വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. നൂറ്റാണ്ടുകൊണ്ട് സംഭവിച്ച മാറ്റങ്ങള്‍ പുതിയ കാലത്തില്‍ സംഭവിക്കാന്‍ മാസങ്ങളോ ദിവസങ്ങളോ മതി. മാധ്യമരംഗത്തും അതിവേഗതയിലാണ് വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യയിലൂന്നിയുള്ള ഈ വലിയ മാറ്റങ്ങളെ ഉള്‍ക്കൊണ്ടവരാണ് പത്രപ്രവര്‍ത്തകരേറെയും. പോസിറ്റീവ് ആയുള്ള മാറ്റങ്ങള്‍ക്കൊപ്പം അരക്ഷിതത്വത്തിന്റെയും അനിശ്ചിതത്വത്തിന്റെയും വഴികള്‍കൂടി തുറക്കുകയാണ് ഈ മാറ്റങ്ങള്‍. മൂലധന ശക്തികള്‍ വലിയ തോതില്‍ മാധ്യമരംഗത്തേക്കു കടന്നുവന്നിരിക്കുന്നു. അവര്‍ നിരവധി മാധ്യമസ്ഥാപനങ്ങളെ വിലയ്‌ക്കെടുത്തിരിക്കുകയാണ്. എന്നാല്‍ ഇടത്തരം, ചെറുകിട മാധ്യമങ്ങള്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു.
മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം, ജോലിസ്ഥിരത, ജോലിസാഹചര്യങ്ങള്‍ തുടങ്ങിയവയിലൊക്കെ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടില്‍ പോലും വിഷ്വല്‍ മീഡിയയെ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടെങ്കിലും അതും പ്രാബല്യത്തിലായില്ല. കരാര്‍ ജോലിയും ഹയര്‍ ആന്‍ഡ് ഫയര്‍ പോളിസിയും വ്യാപകമായിരിക്കുന്നു. ആപത്കരമായ നിലയിലേക്കു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു
ജനാധിപത്യത്തിന്റെ നെടുംതൂണുകളില്‍ ഒന്നായ മീഡിയയ്ക്ക് ഇത്തരമൊരു അവസ്ഥാവിശേഷം ഉണ്ടാകുന്നത് ഒട്ടും ഭൂഷണമല്ല. നമ്മുടെ നാടിന്റെ പുരോഗതിയിലും വികസനത്തിലും, ഈ നാടിനെ ജനാധിപത്യത്തിലും മതേതരത്വത്തിലും ഉറപ്പിച്ചു നിര്‍ത്തുന്നതിലും സുപ്രധാനമായ പങ്കാണ് മാധ്യമങ്ങള്‍ വഹിച്ചത്. ഈ നെടുംതൂണ്‍ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുമ്പോള്‍ അവര്‍ക്ക് പിന്തുണയും കരുത്തും പകരാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും ഭരണകൂടങ്ങള്‍ക്കുമുണ്ട്. മാധ്യമരംഗം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ഈ സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ട്. ഇക്കാര്യത്തില്‍ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിക്കാനും സാധ്യമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാണ്. മുഖ്യമന്ത്രി ഉറപ്പു നല്‍കി.
നൂറ്റാണ്ടു പിന്നിട്ട പത്രങ്ങളും കാല്‍നൂറ്റാണ്ടു പിന്നിട്ട ചാനലുകളും നമുക്കുണ്ട്. പത്രപ്രവര്‍ത്തന ചരിത്രത്തിലും മാധ്യമ സാക്ഷരതയിലും മാധ്യമ സാന്ദ്രതയിലും കേരളം എന്നും മുന്നിലാണ്. ജനങ്ങള്‍ വിശ്വസിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാനായത്. എന്നാല്‍ സമീപകാലത്തെ പല സംഭവങ്ങളും മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. ഇത്തരം ആത്മപരിശോധന ബോധപൂര്‍വം നടത്തുന്നില്ലെങ്കില്‍ ഇരിക്കുന്ന കൊമ്പുമുറിക്കുന്നതിനു തുല്യമായിരിക്കും അത്.
മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സമാന്തരമായി നവമാധ്യമങ്ങളും ഇപ്പോള്‍ രംഗത്തുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയോ, വിസ്മരിക്കുകയോ ചെയ്യുന്ന പല വാര്‍ത്തകളും നവമാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെയാണ് നവമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. ഓരോ വ്യക്തിയും ഇന്നൊരു മാധ്യമമാണ്. ജനാധിപത്യത്തില്‍ മാധ്യമനിയന്ത്രണത്തിനു വലിയ പ്രസക്തിയില്ല. സ്വയം നിയന്ത്രണവും ആത്മസംയമനവും ആത്മപരിശോധനയുമാണ് ആവശ്യമെന്ന് ഉമ്മന്‍ ചാണ്ടി ഓര്‍മിപ്പിച്ചു.
ജനാധിപത്യത്തിലെ ബഹുസ്വരതയും വൈവി ധ്യവും സംരക്ഷിക്കുകയെന്ന സുപ്രധാനമായ പങ്കും മാധ്യമങ്ങള്‍ക്കുണ്ട്. അതുപോലെ തന്നെ, നമ്മുടെ നാടിന്റെ പുരോഗതിയിലും വികസനത്തിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. മാധ്യമങ്ങളുടെ പിന്തുണയില്ലാതെ നാടിന് ഏറെ മുന്നോട്ടുപോകാനാകില്ല. വികസനകാര്യത്തില്‍ ഇക്കാലത്ത് പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികള്‍ തമ്മില്‍ പൊതുവായ ചില ധാരണകള്‍ രൂപപ്പെട്ടിട്ടുണ്ട്. പഴയതുപോലെ ആരും കണ്ണടച്ച് ഒന്നിനെയും എതിര്‍ക്കുന്നില്ല. അതുകൊണ്ടാണ് ഈ രംഗത്ത് ചില മുന്നേറ്റങ്ങള്‍ നടത്താന്‍ നമുക്കു സാധിച്ചത്. ഇടുക്കി ഡാമിനും നെടുമ്പാശേരി വിമാനത്താവളത്തിനുംശേഷം കേരളത്തില്‍ ചില വന്‍കിട പദ്ധതികള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുകയാണ്. കേരളത്തില്‍ ഉണ്ടായ അത്ഭുതകരമായ ഈ മാറ്റം പലര്‍ക്കും വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ കേരളത്തിന് ഇനിയുമേറെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വിവാദങ്ങളുടെ ഒരു നാടായി ദൈവത്തിന്റെ സ്വന്തം നാട് മാറുന്ന ഒരു പ്രവണത ഇപ്പോള്‍ നാം കാണുന്നുണ്ട്. വിവാദങ്ങള്‍കൊണ്ട് നാടിന് നേട്ടമൊന്നും ഉണ്ടായതായി കാണുന്നില്ല. നമ്മുടെ കുട്ടികള്‍ വളര്‍ന്നുവരുകയാണ്. അവര്‍ക്കിവിടെ വിദ്യ അഭ്യസിക്കാനും വളരാനും ജീവിക്കാനുമുള്ള അവസരം ഉണ്ടാക്കിക്കൊടുക്കേണ്ട ബാധ്യത നമുക്കെല്ലാം ഉണ്ട്. അതിനു പറ്റുന്ന സാഹചര്യവും സാധ്യതകളും നമുക്കുണ്ട്. ഇതു പ്രയോജനപ്പെടുത്താതിരുന്നതുകൊണ്ടാണ് ലക്ഷക്കണക്കിനു മലയാളികള്‍ക്ക് കേരളത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കും പോകേണ്ടി വന്നത്. കേരളത്തിന്റെ വികസനകാര്യങ്ങളില്‍ മാധ്യമങ്ങളുടെ പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലെങ്കില്‍ കണ്ണടച്ച് എതിര്‍ക്കാം. എന്നാല്‍ എതിര്‍ക്കാന്‍വേണ്ടി എതിര്‍ക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പുതുതായി ചുമതലയേല്‍ക്കുന്ന സംസ്ഥാന പ്രസിഡന്റ് സി.എ. അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ക്ക് മുഖ്യമന്ത്രി അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിക്കുകയും ചെയ്തു.