പാദമുദ്ര

മലയാളികളായ മുതിർന്ന മാധ്യമപ്രവർത്തകരുടെ ഓർമ്മകളുടെ പങ്കുവയ്ക്കലാണ്‌ ഈ പംക്തി. യു.എൻ.ഐ. യുടെ നേതൃനിരയിലും മാതൃഭൂമി പത്രാധിപരായും പ്രസ്‌ അക്കാദമി ചെയർമാനായും പ്രവർത്തിച്ച്‌ അരനൂറ്റാണ്ടിലേറെക്കാലം പത്രപ്രവർത്തക സമൂഹത്തെ നയിച്ച വി.പി.ആറിന്റെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങളിലൂടെ ഒരു സഞ്ചാരമാണ്‌ ഈ ലക്കത്തിൽ.

ചരിത്രത്തിനൊപ്പം നടന്ന പത്രാധിപർ

VPR V P Ramachandranവി.പി.രാമചന്ദ്രൻ. ഇന്ദിരാഗാന്ധി മുതൽ പുതുതലമുറ വരെ വി.പി.ആർ. എന്നു വിളിക്കുന്ന പത്രപ്രവർത്തന രംഗത്തെ ഈ ആചാര്യന്റെ കർമ്മകാണ്ഡത്തെ ചുരുക്കം വാക്കുകളിലൊതുക്കാം. സത്യനിഷ്ഠയും വിശ്വാസ്യതയുമാണ്‌ ഒന്നാമത്തേത്‌. ഒപ്പം ജനങ്ങളോടും രാഷ്ട്രത്തോടുമുള്ള ഇളക്കാനാവാത്ത പ്രതിബദ്ധതയും. പത്രപ്രവർത്തന ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഇവ ഉപേക്ഷിച്ചുള്ള ‘സ്കൂപ്പു’കൾക്കു പിന്നാലെ, വ്യക്തിപരമായ നേട്ടങ്ങൾക്കോ പേരിനോ പിന്നാലെ വി.പി.ആർ. പാഞ്ഞില്ല. വിസ്മയിപ്പിക്കുന്ന ഒട്ടനവധി അനുഭവങ്ങളുടെ പരമ്പരയായിരുന്നു ഈ ജീവിതം. കാലത്തിനു നിറം മങ്ങിക്കാനാവാത്ത അതിലെ ചില ഏടുകളിലൂടെ ഒന്നു സഞ്ചരിക്കാം.
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്ന കാലം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി എന്തെങ്കിലും ഒരു ജോലിക്കായി പൂനെക്കു വണ്ടി കയറിയ വടക്കാഞ്ചേരിക്കാരൻ യാദൃശ്ചികമായാണ്‌ ദേശീയ വാർത്താ ഏജൻസിയായ പി.ടി.ഐ.യുടെ ടെലിപ്രിന്റർ ഓപ്പറേറ്റർ ആകുന്നത്‌. അവിടെ നിന്നും സ്വപ്രയത്നത്താൽ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ്‌ അംഗമാകാവുന്നിടത്തോളം അദ്ദേഹം എത്തി, രാജ്യത്തെ പത്രപ്രവർത്തകരുടെ മുൻനിരയിൽത്തന്നെ. പി.ടി.ഐ. വിഭജിച്ച്‌ യു.എൻ.ഐ. ഉണ്ടായപ്പോൾ അതിലേക്കു മാറിയ വി.പി.ആർ. യു.എൻ.ഐ. യുടെ ഡപ്യൂട്ടി മാനേജർ പദവിയിലിരിക്കെ അതിൽ നിന്നും രാജി വച്ച്‌ ‘മാതൃഭൂമി’ പത്രാധിപരായി സ്വന്തം നാട്ടിൽ തിരിച്ചെത്തി. അതിനുശേഷം കേരള പ്രസ്‌ അക്കാദമിയുടെ കോഴ്സ്‌ ഡയറക്ടറും ചെയർമാനുമായി. ഇതിനെല്ലാമിടയിൽ ഗതാഗതസൗകര്യങ്ങൾ പോലുമില്ലാത്ത ആസ്സാമിലും ഇന്ത്യാ-ചൈനാ യുദ്ധകാലത്ത്‌ പട്ടാള വേഷത്തിൽ പട്ടാളത്തിനൊപ്പം സഞ്ചരിച്ച്‌ യുദ്ധരംഗത്തും ആഭ്യന്തരകലാപങ്ങൾ സ്ഥിരമായ പാക്കിസ്ഥാനടക്കമുള്ള വിദേശരാജ്യങ്ങളിലും ഒക്കെ ജോലി ചെയ്തു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ മൂലം അംഗീകാരങ്ങൾക്കൊപ്പം തന്നെ എതിർപ്പുകളും നേരിട്ടു. എല്ലാറ്റിനേയും അതിജീവിച്ച്‌ എണ്ണമറ്റ ശിഷ്യസമ്പത്തും ഉജ്വലമായ ഭൂതകാല ഓർമ്മകളുമായി എറണാകുളത്ത്‌ കാക്കനാട്ടുള്ള വസതിയിൽ സ്വസ്ഥമായ വിശ്രമജീവിതത്തിലാണ്‌ നവതിയിലേക്കടുക്കുന്ന വി.പി.ആർ. ഇപ്പോൾ.
പി.ടി.ഐ.യുടെ വിദേശകാര്യലേഖകനായിരിക്കെയാണ്‌ വി.പി.ആർ. പത്രലോകത്ത്‌ ശ്രദ്ധേയനായിത്തുടങ്ങുന്നത്‌. പാക്കിസ്ഥാനായിരുന്നു ഈ കാലഘട്ടത്തിലെ മുഖ്യമായ പ്രവർത്തനരംഗം. ആറു വർഷത്തോളം പാക്കിസ്ഥാനിൽ നിന്നും വി.പി.ആർ. റിപ്പോർട്ടു ചെയ്തു. റാവൽപിണ്ടിയായിരുന്നു അന്ന്‌ പാക്കിസ്ഥാന്റെ തലസ്ഥാനം. പൊതുവെ നല്ല പെരുമാറ്റമാണ്‌ പാക്കിസ്ഥാനികളിൽ നിന്നും തനിക്കു ലഭിച്ചതെന്ന്‌ വി.പി.ആർ ഓർക്കുന്നു. സാധാരണക്കാർ മുതൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിലുള്ളവർ വരെയായി ഗാഢമായ സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. ചില മന്ത്രിമാരൊക്കെ വൈകീട്ടത്തെ ഒരുമിച്ചുള്ള ചായസത്കാര വേളയിൽ വി.പി.ആറിനോടാണ്‌ പ്രധാന തീരുമാനങ്ങൾ പറഞ്ഞിരുന്നത്‌. പാക്‌ സുഹൃത്തുക്കളേയും വിവരം അറിയിക്കണം എന്ന്‌ അവർ അഭ്യർത്ഥിക്കും. വി.പി.ആർ. അതുപോലെ തന്നെ പാക്‌ പത്രങ്ങൾക്കും വാർത്ത നൽകും. മറ്റുള്ളവർ തന്നിലർപ്പിക്കുന്ന വിശ്വാസത്തിന്‌ വി.പി.ആർ. ഒരിക്കലും കോട്ടം തട്ടിച്ചിരുന്നില്ല.
പാക്‌ പ്രധാനമന്ത്രി വരെയായ സുൾഫിക്കർ അലി ഭൂട്ടോയായിരുന്നു സുഹൃത്തുക്കളിൽ ഏറ്റവും അടുത്തയാൾ. മിക്കദിവസവും രാത്രി വൈകുവോളം ഇരുവരും സംസാരിച്ചിരിക്കും. ഇതുമൂലം പിൽക്കാലത്ത്‌, ഭൂട്ടോയുടെ ഇന്ത്യാ സന്ദർശനവേളയിൽ ഒരു തമാശയുമുണ്ടായി. ഭൂട്ടോയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വി.പി.ആറുമുണ്ടായിരുന്നു. കണ്ട ഉടൻ ഭൂട്ടോ അടുത്തു വിളിച്ച്‌ കുശലം ചോദിച്ചു, ‘പാക്കിസ്ഥാനീ, താങ്കൾക്കിവിടെ സുഖം തന്നെയോ എന്ന്‌’ എന്ന്‌! സന്ദർശനവിവരങ്ങൾ വിശദീകരിക്കാൻ അന്നത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രിയായിരുന്ന സ്വര സിങ്ങ്‌ വൈകീട്ട്‌ ഇന്ത്യൻ പത്രലേഖകർക്കായി ഒരു പത്രസമ്മേളനം വിളിച്ചിരുന്നു. അതിൽ വി.പി.ആറിനെ കണ്ട്‌, അദ്ദേഹത്തെ അന്ന്‌ അത്ര പരിചയമില്ലായിരുന്ന സ്വര സിങ്ങ്‌ ചോദിച്ചു, ‘ഈ പാക്കിസ്ഥാനി എന്താ ഇവിടെ?!’
വി.പി.ആർ. വിദേശകാര്യ ലേഖകനായി റാവൽപിണ്ടിയിൽ ജോലി ചെയ്യുന്ന കാലത്താണ്‌ ജനറൽ അയൂബ്ഖാന്റെ നേതൃത്വത്തിലുള്ള പട്ടാള വിപ്ളവം നടക്കുന്നത്‌. അന്ന്‌ ജനവാസം അധികമില്ലാത്ത മിലിറ്ററി ഏരിയയായിരുന്നു റാവൽപിണ്ടി. എങ്ങും എന്തും സംഭവിക്കാവുന്ന അന്തരീക്ഷം. കല്ല്യാണം കഴിഞ്ഞ്‌ ഭാര്യയും വി.പി.ആറിന്റെ ഒപ്പമുണ്ട്‌. വാർത്ത ഒരു കാരണവശാലും പുറത്തു വിടരുതെന്നായിരുന്നു അധികാരം പിടിച്ചെടുത്ത പട്ടാളത്തിന്റെ നിശ്ചയം. രാജ്യത്താകെ പട്ടാള നിയമം പുറപ്പെടുവിച്ചു. വിദേശ പത്രലേഖകർക്ക്‌ എന്തു വാർത്തയും കർശനമായ പരിശോധനയും സെൻസറിങ്ങും കഴിഞ്ഞശേഷമേ അയക്കാൻ പറ്റൂ എന്നതായിരുന്നു അവസ്ഥ.
എന്നാൽ ഈ സംഭവം എങ്ങനേയും പുറംലോകത്തെ അറിയിക്കണമെന്ന്‌ വി.പി.ആർ. ആഗ്രഹിച്ചു. ആ രാത്രി തന്നെ ഒരു സൈക്കിളിൽ പാക്കിസ്ഥാൻ ടൈംസിന്റെ ഓഫീസിൽ ചെന്ന്‌ അച്ചടിച്ച പത്രം ചൂടോടെ വാങ്ങി. അധികാരമാറ്റത്തെ സംബന്ധിച്ച പട്ടാള അധികാരികളുടെ പാക്കിസ്ഥാനിലെ ജനങ്ങളോടുള്ള ഔദ്യോഗിക പത്രക്കുറിപ്പ്‌ അതിലുണ്ടായിരുന്നു. ആ പത്രത്തിൽ തന്നെ ആവശ്യമായ വെട്ടലും കൂട്ടിച്ചേർക്കലുമൊക്കെ നടത്തി വി.പി.ആർ. പുറംലോകത്തിനാവശ്യമായ വാർത്ത തയ്യാറാക്കി. അന്ന്‌ ഇന്ത്യയിലെ ലാഹോറിൽ നിന്ന്‌ റാവൽപിണ്ടിയിലേക്ക്‌ ദിവസവും ഒരു വിമാനം വന്നുപോയിരുന്നു. അരമണിക്കൂറാണ്‌ യാത്രാസമയം. രാവിലെ ഏഴുമണിക്കാണ്‌ അത്‌ റാവൽപിണ്ടിയിൽ നിന്നും ലാഹോറിലേക്ക്‌ പുറപ്പെടുക. ഈ വിമാനത്തിൽ താൻ എഡിറ്റു ചെയ്ത പത്രം കൊടുത്തയച്ച്‌ വാർത്ത പുറത്തെത്തിക്കാം എന്നായിരുന്നു വി.പി.ആറിന്റെ കണക്കുകൂട്ടൽ. എന്നാൽ, തന്നെ വിമാനത്താവളത്തിൽ കണ്ടാൽ കാര്യങ്ങൾ കുഴയുമെന്നും ഉറപ്പുണ്ട്‌. അതുകൊണ്ട്‌ നേരെ സുഹൃത്തായ ഇന്ത്യൻ എയർലൈൻസ്‌ മാനേജരുടെ വീട്ടിലേക്കായി യാത്ര. പുലർച്ചെ നാലരയോടെ അദ്ദേഹത്തെ വിളിച്ചുണർത്തി കാര്യങ്ങൾ ധരിപ്പിച്ച്‌ പത്രം ഏല്പിച്ചു. മാനേജരിൽ നിന്നും വിമാനത്തിന്റെ പൈലറ്റ്‌ വഴി അത്‌ ലാഹോറിലെ പി.ടി.ഐ. ഓഫീസിലുമെത്തി. വാർത്ത പുറംലോകമറിഞ്ഞു.
ഇങ്ങനെ നിരവധി റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായ വി.പി.ആർ. ഇന്ത്യയിൽ തിരിച്ചെത്തി കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും ഇന്ദിരാഗാന്ധിയുമായി ഏറ്റവും അടുപ്പമുള്ള പത്രലേഖകനായി. തന്റെ വിദേശപര്യടനങ്ങളിൽ വി.പി.ആർ. ഒപ്പമുണ്ടാകണമെന്ന്‌ ഇന്ദിരാഗാന്ധി എപ്പോഴും നിഷ്കർഷിച്ചു. പ്രശസ്തി നേടാനുള്ള വാർത്തകൾ സൃഷ്ടിക്കാനല്ല, ആ സന്ദർശനങ്ങളെ രാജ്യതാല്പര്യങ്ങൾക്ക്‌ ഏറ്റവും ഉപയോഗപ്രദമാക്കാനാണ്‌ വി.പി.ആർ. അപ്പോൾ ശ്രദ്ധിച്ചത്‌.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു സോവിയറ്റ്‌ യൂണിയൻ സന്ദർശനം. ബംഗ്ളാദേശ്‌ പ്രശ്നത്തെച്ചൊല്ലി ഇന്ത്യാ-പാക്‌ സംഘർഷം നിലനിൽക്കുന്ന കാലമായിരുന്നു അത്‌. ബംഗ്ളാദേശികളുടെ സ്വാതന്ത്ര്യ സമരത്തെ സഹായിക്കുന്ന ഇന്ത്യാ നിലപാടിന്‌ ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടാനുള്ള ദൗത്യത്തിന്റെ ആദ്യപടിയായിരുന്നു, അന്നത്തെ ഇന്ത്യയുടെ ഉറ്റ സുഹൃത്തായ സോവിയറ്റ്‌ യൂണിയനിലേക്കുള്ള സന്ദർശനം.
സന്ദർശന പരിപാടി അവസാനിക്കുന്നതിന്റെ തലേന്ന്‌ രാത്രി അന്നത്തെ സോവിയറ്റ്‌ രാഷ്ട്രത്തലവനായ അലെക്സി കോസിജെൻ ഇന്ത്യൻ സംഘാംഗങ്ങൾക്ക്‌ ഒരു വിരുന്നു നൽകി. വിരുന്നിനിടെ കോസിജെനോട്‌ സംഘത്തിലെ മാധ്യമപ്രതിനിധികൾ പല ചോദ്യങ്ങളും ചോദിച്ചു. ബംഗ്ളാദേശ്‌ പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ അത്‌ പാക്കിസ്ഥാന്റെ ആഭ്യന്തരപ്രശ്നമാണ്‌ എന്ന നിലക്കായിരുന്നു കോസിജെന്റെ മറുപടി; ഇന്ത്യ അതിൽ ഇടപേണ്ടതില്ല എന്ന തരത്തിൽ. വിരുന്നുകഴിഞ്ഞ്‌ താമസസ്ഥലത്തേക്കുള്ള യാത്രയിൽ ഈ പരാമർശം ഒപ്പമുണ്ടായിരുന്ന ഒരു മുതിർന്ന പത്രപ്രവർത്തകൻ വി.പി.ആറുമായി ചർച്ച ചെയ്തു. ഈ വാർത്ത പുറത്തു വന്നാൽ ഇന്ത്യൻ നിലപാടിന്‌ ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്‌ വൻ തിരിച്ചടിയാകുമെന്ന്‌ വി.പി.ആർ. പെട്ടെന്ന്‌ തിരിച്ചറിഞ്ഞു. ഇന്ത്യയും സോവിയറ്റ്‌ യൂണിയനുമായുള്ള ബന്ധവും തകരാറിലാകും. ആ രാത്രി തന്നെ, താമസസ്ഥലമായ റസ്റ്റ്‌ ഹൗസിൽ വി.പി.ആർ. എല്ലാ മാധ്യമപ്രവർത്തകരേയും വിളിച്ചുകൂട്ടി., ഒരു ദിവസത്തേക്ക്‌ അന്നത്തെ വാർത്ത പ്രസിദ്ധീകരിക്കാതെ പിടിച്ചുവെയ്ക്കണമെന്നഭ്യർത്ഥിച്ചു. ബോധപൂർവ്വം മീറ്റിങ്ങ്‌ കുറച്ചു സമയം നീട്ടിയതോടെ അയക്കണമെന്നു കരുതിയിരുന്നു റിപ്പോർട്ടർമാർക്കു പോലും അതിനുള്ള സമയം കഴിയുകയും ചെയ്തു.
അതിനുശേഷം ആ രാത്രി തന്നെ സോവിയറ്റ്‌ യൂണിയനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിലെ ഉന്നതരെ ബന്ധപ്പെട്ട്‌ കോസിജെന്റെ ഈ പ്രസ്താവന പുറത്തുവന്നാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ധരിപ്പിച്ചു. അവരും ഉണർന്നു പ്രവർത്തിച്ചു. പിറ്റേന്ന്‌ രാവിലെ മടക്കയാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോൾ വി.ഐ.പി. റൂമിൽ വച്ച്‌ കോസിജെൻ ഇന്ത്യൻ പത്രലേഖകരെ കാണുന്നു എന്ന അറിയിപ്പ്‌ എല്ലാ പത്രക്കാർക്കും കിട്ടി. പത്രസമ്മേളനത്തിൽ തലേന്നത്തെ പ്രസ്താവനയും ചർച്ചക്കു വന്നു. കോസിജെൻ താൻ പറഞ്ഞതെല്ലാം പൂർണ്ണമായി നിഷേധിച്ചു; ഇന്ത്യയുടെ നിലപാടിന്‌ സർവ്വ പിന്തുണയും പ്രഖ്യാപിച്ചു.
ഇതുപോലെതന്നെ ആഫ്രിക്കയിൽ നടന്ന അന്തർദേശീയ രാഷ്ട്രത്തലവന്മാരുടെ ഒരു സമ്മേളനത്തിൽ ഇന്ദിരാഗാന്ധിയെ അനുഗമിച്ച വി.പി.ആറിന്‌ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന ഉഗാണ്ടയിലെ കുപ്രസിദ്ധനായ സ്വേച്ഛാധിപതി ഈദി അമീൻ അഭിമുഖം അനുവദിച്ചു. സാധാരണ പത്രലേഖകരെ കാണാൻ കൂട്ടാക്കാത്ത ഈദി അമീൻ അഭിമുഖം നൽകിയ അപൂർവ്വം പത്രലേഖകരിലൊരാളായിരുന്നു വി.പി.ആർ. അപൂർവ്വമായ അഭിമുഖം എന്ന നിലയിൽ വൻ പ്രാധാന്യത്തോടെ ഇത്‌ പ്രസിദ്ധീകരിക്കാമായിരുന്നിട്ടും ചെറിയൊരു വാർത്ത മാത്രമായാണ്‌ വി.പി.ആർ. നൽകിയത്‌. ‘സൗമ്യമായിട്ടായിരുന്നു പെരുമാറ്റമെങ്കിലും അയാൾ പറഞ്ഞതൊക്കെയും നുണയായിരുന്നു. ഇത്തരക്കാരെ വാർത്ത നൽകി പ്രോത്സാഹിപ്പിക്കുന്നത്‌ പത്രധർമ്മമല്ല,’ ഇതായിരുന്നു വി.പി.ആറിന്റെ നിലപാട്‌.
ഇന്ദിരാഗാന്ധിയുമായി വലിയ അടുപ്പമുണ്ടായിരുന്നെങ്കിൽ കൂടി അവരുമായി ബന്ധപ്പെട്ട വാർത്തകളിലും വിട്ടുവീഴ്ചകൾ ചെയ്യാൻ വി.പി.ആർ. ഒരുക്കമായിരുന്നില്ല. വാർത്തകളുടെ മികവിനായി അത്‌ ഉപയോഗപ്പെടുത്താമോ എന്നാണ്‌ വി.പി.ആർ. നോക്കിയത്‌. 1969 ലെ കോഗ്രസ്സ്‌ പിളർപ്പിന്റെ കാലത്ത്‌ ഇന്ദിരാഗാന്ധിയുടെ ക്യാമ്പിൽ നിന്നുള്ള വാർത്തകളേ വി.പി.ആറിന്റെ ഏജൻസിയിൽ നിന്നു വരൂ എന്നു കരുതിയിരുന്നവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ഇരുഭാഗത്തേയും വിശദാംശങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ റിപ്പോർട്ടുകളാണ്‌ ഓരോ ദിവസവും പുറത്തുവന്നത്‌. അന്ന്‌ മറ്റൊരു പത്രത്തിനും ഇത്ര സമഗ്രമായ റിപ്പോർട്ടുകൾ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഏജൻസിയിലെ മറ്റൊരു റിപ്പോർട്ടറായിരുന്ന രംഗരാജനുമായി ചേർന്നാണ്‌ വി.പി.ആർ. ഇതു സാധ്യമാക്കിയത്‌. ഇന്ദിരാഗാന്ധിയുടെ എതിർഗ്രൂപ്പിലെ കാമരാജുമായി രംഗരാജന്‌ അടുത്ത ബന്ധമുണ്ടായിരുന്നു. വി.പി.ആർ. ഇന്ദിരാഗാന്ധിയുടെ വീട്ടിലിരുന്ന്‌ വിവരങ്ങൾ ശേഖരിച്ചു, രംഗരാജൻ മറുഭാഗത്തേയും. രാത്രി ഇരുവരും തങ്ങൾക്കു കിട്ടിയ വിവരങ്ങൾ ചേർത്തുവച്ച്‌ പരിശോധിച്ച്‌ കല്ലും കരടും കളഞ്ഞ്‌ സമഗ്രമായ റിപ്പോർട്ടുകൾ നൽകി.
അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തോടെ വി.പി.ആറും ഇന്ദിരാഗാന്ധിയും തമ്മിൽ അകന്നു. അടിയന്തിരാവസ്ഥയ്‌ എതിർത്ത വി.പി.ആറിനെ തരംതാഴ്ത്തി സാധാരണ റിപ്പോർട്ടറാക്കാനും ഡൽഹിയിൽ നിന്നു മാറ്റാനും യു.എൻ.ഐ. ഡയറക്ടർ ബോർഡിനുമേൽ സമ്മർദ്ദമുണ്ടായി. അന്ന്‌ സഞ്ജയ്‌ ഗാന്ധിയുടെ പാദസേവകനായിരുന്ന ആർ. കെ. ധവാന്റെ ശത്രുതയാണ്‌ ഇതിന്‌ കൂടുതൽ പ്രേരകമായത്‌. തന്റെ അഴിമതികളേയും മറ്റും വിമർശിച്ചിരുന്ന വി.പി.ആറിനെതിരെ അവസരം കിട്ടിയപ്പോൾ ധവാൻ ആഞ്ഞടിച്ചു. എന്നാൽ ഇത്ര ഉന്നതനായ ഒരു വ്യക്തിയെ വെറും സാധാരണ റിപ്പോർട്ടറാക്കാൻ മടിച്ച യു.എൻ.ഐ. ഡയറക്ടർബോർഡ്‌ അന്നത്തെ പ്രമുഖ വ്യവസായ മേഖലയായ റാഞ്ചി ആസ്ഥാനമായി ഇൻഡസ്ട്രിയൽ റിപ്പോർട്ടർ എന്ന തസ്തിക സൃഷ്ടിച്ച്‌ ഇന്ത്യയിൽ എവിടെ നിന്നുവേണമെങ്കിലും റിപ്പോർട്ട്‌ ചെയ്യാനുള്ള സൗകര്യവും നൽകി വി.പി.ആറിനെ അങ്ങോട്ടേക്കു മാറ്റി.
വ്യവസായ റിപ്പോർട്ടിങ്ങ്‌ എന്നൊരു ശാഖയേ ജേണലിസത്തിൽ ഇല്ലാതിരുന്ന അന്ന്‌ വി.പി.ആർ. ഒന്നും ചെയ്തില്ലെങ്കിലും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നാൽ ഇൻഡസ്ട്രിയൽ റിപ്പോർട്ടർ എന്ന സ്ഥാനം ഏറ്റെടുത്ത്‌ വ്യവസായസ്ഥാപനങ്ങൾ കയറിയിറങ്ങിയ വി.പി.ആർ. പുതിയ വാർത്തകൾ സൃഷ്ടിച്ചു. സമയപരിമിതിയില്ലാത്ത വാർത്തകളായിർന്നു അവ എന്നതും അടിയന്തിരാവസ്ഥ മൂലം രാഷ്ട്രീയ വാർത്തകൾ കൊടുക്കാനാവാത്തതും വി.പി.ആറിന്റെ വാർത്തകൾക്ക്‌ വലിയ കവറേജ്‌ കിട്ടാനിടയാക്കി. റാഞ്ചിയിൽ നിന്നുള്ള വാർത്തകൾ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യൻ പത്രരംഗത്ത്‌ വികസനോന്മുഖ ജേണലിസം എന്ന ശാഖയും അങ്ങനെ പ്രത്യക്ഷപ്പെട്ടു.
ഇന്ദിരാഗാന്ധിക്ക്‌ അധികാരം നഷ്ടപ്പെട്ടതോടെ പഴയ പദവിയിൽ തിരിച്ചെത്താനായെങ്കിലും യു.എൻ.ഐ.യിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പിസവുമൊക്കെ മറ്റെന്തെങ്കിലും വഴിക്കു തിരിഞ്ഞാലോ എന്ന്‌ ചിന്തിക്കാൻ വി.പി.ആറിനെ പ്രേരിപ്പിച്ചു. അപ്പോഴാണ്‌ സ്വന്തം നാട്ടിലെ മാതൃഭൂമിയിൽ നിന്നും പത്രാധിപരാകാനുള്ള ക്ഷണം വരുന്നത്‌. അന്നുവരെ ഏജൻസിക്കു വേണ്ടി മാത്രം ജോലി ചെയ്തിരുന്ന വി.പി.ആറിന്‌ ദിനപത്രത്തിന്റെ റിപ്പോർട്ടിങ്ങ്‌ ഒഴികെയുള്ള ഒരു കാര്യത്തിലും പരിചയമില്ലായിരുന്നു. അതിനാൽ ദിവസവും യു.എൻ.ഐ.യിലെ ജോലി തീർത്ത്‌ രാത്രി മുഴുവൻ സുഹൃത്തുക്കളുടെ പത്രമോഫീസുകളിൽ പോയിരുന്ന്‌ പേജ്‌ രൂപകല്പനയും അച്ചടിയുമുൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലാക്കി.
മാതൃഭൂമിയിലെത്തിയ വി.പി.ആർ ആധുനികമുഖത്തോടെ മാതൃഭൂമിയെ നവീകരിക്കാനുള്ള ശ്രമങ്ങൾക്ക്‌ ആക്കം കൂട്ടി. പല പേജുകളിലായി എല്ലാ വാർത്തകളും ചിതറിക്കിടക്കുന്ന അന്നത്തെ രീതി മാറ്റി പ്രാദേശിക വാർത്തകൾ ഇന്ന പേജിൽ, അന്തർദേശീയ വാർത്തകൾ ഇന്ന പേജിൽ, ബിസിനസ്സ്‌ വാർത്തകൾ ഇന്ന പേജിൽ എന്നെല്ലാം ക്രമീകരണമുണ്ടാക്കി. മികച്ച ഒരു ടീമാണ്‌ അന്ന്‌ മാതൃഭൂമിയിൽ തന്റെയൊപ്പമുണ്ടായിരുന്നത്‌ എന്നത്‌ കാര്യങ്ങൾ എളുപ്പമാക്കി എന്ന്‌ ആ കാലത്തെക്കുറിച്ച്‌ വി.പി.ആർ. അനുസ്മരിക്കുന്നു. പാക്കിസ്ഥാൻ കാലത്ത്‌ തന്റെ സുഹൃത്തായിരുന്ന ഭൂട്ടോ വധിക്കപ്പെടുന്നതും ഇക്കാലത്താണ്‌. അന്ന്‌ ഭൂട്ടോയെക്കുറിച്ച്‌ മാതൃഭൂമി ഇറക്കിയ സപ്ളിമെന്റ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു.
മൂന്നുവർഷത്തോളം മാതൃഭൂമിയുടെ പത്രാധിപരായിരുന്നതിനുശേഷം വി.പി.ആർ. കേരള പ്രസ്സ്‌ അക്കാദമിയുടെ ജേണലിസം കോഴ്സ്‌ ഡയറക്ടറായി ചുമതലയേറ്റു. തുടർന്ന്‌ രണ്ടു വട്ടം അക്കാദമി ചെയർമാനായി. അതിനിടയിൽ തൃശൂർ എക്സ്പ്രസ്സിന്റെ പത്രാധിപത്യവും വഹിച്ചു.
ദേശീയ രാഷ്ട്രീയത്തിലെ നിരവധി അണിയറ രഹസ്യങ്ങൾക്ക്‌ സാക്ഷിയായിരുന്ന വി.പി.ആറിനോട്‌ അതിനെക്കുറിച്ചെല്ലാം ഒന്നെഴുതിക്കൂടേ എന്നു ചോദിച്ചാൽ അദ്ദേഹം പറയും, ‘എന്നെ വിശ്വസിച്ചു പറഞ്ഞ കാര്യങ്ങളാണ്‌ അതൊക്കെ. അവരിൽ പലരും ഇന്നില്ല. എന്നാലും ആ വിശ്വാസ്യത തകർക്കാൻ എനിക്കാവില്ല.’

തയ്യാറാക്കിയത്‌: പി. സലിൽ
 

Tags: