പത്രപ്രജാപതി

എല്ലാ വഴികളും റോമിലേക്കു നീളുന്നു എന്നു പറഞ്ഞപോലെ കോട്ടയത്തെ എല്ലാ പത്രങ്ങളും ഒരിക്കല്‍ മലയാളമനോരമയാകാന്‍ ശ്രമിച്ചു. കെട്ടിലും മട്ടിലും മാത്രമല്ല, ഭാഷാ പ്രയോഗത്തിലും പദവിന്യാസത്തിലും നയകാര്യങ്ങളില്‍പോലും ചിലര്‍ മനോരമയെ അനുകരിച്ചു. അക്കൂട്ടത്തില്‍ മനോരമയ്ക്കു മുമ്പേ പിറവിയെടുത്ത പത്രം പോലും ഉള്‍പ്പെട്ടു.
മലയാള മനോരമയുടെ അസൂയാവഹമായ ബിസിനസ് വിജയം ഏതു പത്രം ഉടമയേയും കൊതിപ്പിക്കുന്നതാണ്. റോമില്‍ ചെന്നാല്‍ റോമാക്കാരനാകണമെന്ന് പറയുംപോലെ പത്രവ്യവസായത്തിലേര്‍പ്പെട്ടാല്‍ മനോരമയാകണമെന്നാണ് പൂതി. എന്നാല്‍ റോമാസാമ്രാജ്യം ഒരുദിവസംകൊണ്ടു പടുത്തുയര്‍ത്തിയ ദിവ്യാല്‍ഭുതമല്ലെന്ന പരമാര്‍ത്ഥം പലരും മറന്നുപോകുന്നു. സ്ഥിരോത്സാഹവും കഠിനപരിശ്രമവും ദീര്‍ഘക്ഷമയും സര്‍വ്വോപരി പ്രതിഭാവിലാസവും കൊണ്ടാണ് മലയാളഭാഷാ പത്രവ്യവസായത്തില്‍ മനോരമ ഒരു സാമ്രാജ്യമായി വളര്‍ന്നതെന്ന് 125 വര്‍ഷം പിന്നിട്ട അതിന്റെ ചരിത്രം പരിശോധിച്ചാലറിയാം. മനോരമ ഉടമകളുടെ ഭാഷയില്‍ ദൈവാധീനം എന്നൊരു അവ്യാഖ്യേയ ഘടകവും കൂടിയുണ്ട്.
കെ.എം. മാത്യുവിന്റെയും കെ.സി. മാമ്മന്‍മാപ്പിളയുടെയും ജീവിതസ്മരണകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അറിയാം കാലത്തിന്റെ അഗ്നിപഥത്തിലൂടെ മനോരമ നടത്തിയ സാഹസികയാത്ര. 1881ല്‍ ദേവ്ജി ഭീംജി എന്ന ഗുജറാത്തി കൊച്ചിയില്‍ തുടങ്ങിയ 'കേരള മിത്രം' മലയാളത്തിലെ ലക്ഷണ യുക്തമായ ആദ്യ ദിനപ്പത്രമായിട്ടാണ് ചരിത്രകാരന്മാര്‍ പറയുന്നത്. കുരുമുളക് വ്യാപാരത്തിനായി മട്ടാഞ്ചേരിയില്‍ വന്ന കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിളയായിരുന്നു കേരളമിത്രത്തിന്റെ സ്ഥാപക പത്രാധിപര്‍. ആ അനുഭവത്തില്‍ നിന്നാകണം ഏഴു വര്‍ഷത്തിനുശേഷം വര്‍ഗ്ഗീസ് മാപ്പിള കോട്ടയത്ത് മലയാള മനോരമ കമ്പനി സ്ഥാപിക്കാന്‍ പ്രചോദനം നേടിയത്. മനോരമ പ്രസിദ്ധീകരിച്ചു തുടങ്ങാന്‍ പിന്നെയും രണ്ടുകൊല്ലമെടുത്തു. കെ.സി. മാമ്മന്‍മാപ്പിള 1890 മാര്‍ച്ച് മാസത്തിലെ ആ ദിവസത്തിന്റെ ഓര്‍മ്മ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ''ഞാന്‍ വര്‍ഗ്ഗീസ് മാപ്പിളയോടൊന്നിച്ച് താമസിച്ച് കോട്ടയം സി.എം.എസ് ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന കാലത്താണ് മനോരമ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. അന്നുമുതല്‍ക്കുതന്നെ മനോരമയും ഞാനുമായുള്ള ബന്ധം ആരംഭിച്ചുകഴിഞ്ഞിരുന്നു. മലയാള മനോരമയുടെ ഒന്നാമത്തെ ലക്കം 1065 മീനം പത്താം തീയതി ശനിയാഴ്ച അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്ന ഞാനും കൂടെ ചേര്‍ന്നു. പത്രത്തിന്റെ ഒന്നാം ലക്കം അത്യുത്സാഹത്തോടുകൂടിയാണ് തയ്യാറാക്കിയത്.'' (ജീവിത സ്മരണകള്‍-മാമ്മന്‍മാപ്പിള)
പത്രക്കടലാസ് അടുക്കിക്കെട്ടുന്നതില്‍ നിന്ന് ആരംഭിച്ച് ലേഖകനിലേക്കും പത്രാധിപരിലേക്കും പത്രം ഉടമയിലേക്കും പടിപടിയായി എത്തിച്ചേര്‍ന്ന കെ.സി. മാമ്മന്‍ മാപ്പിള തന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും യാദൃച്ഛികമായി വന്നുഭവിച്ചതായി കരുതുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് മാമ്മന്‍ മാപ്പിളയുടെ ആദ്യലേഖനം മനോരമയില്‍ പ്രസിദ്ധീകരിച്ചത്. ഒരു അവധിക്കാലത്ത് ഫ്രഞ്ച് അധീനപ്രദേശമായ പുതുശ്ശേരിയിലേക്ക് നടത്തിയ യാത്രാനുഭവങ്ങള്‍ 'എന്റെ പോണ്ടിച്ചേരിയാത്ര' എന്ന പേരില്‍ പിതൃവ്യനായ വര്‍ഗ്ഗീസ് മാപ്പിളയുടെ പേരില്‍ എഴുതി അയച്ചു. ''ഇതിന് ഒരു ലേഖനമെന്ന പേരിനു യോഗ്യതയില്ല. ഇതില്‍ നിരവധി കുറ്റങ്ങളും കുറവുകളും ഉണ്ട്. പ്രസിദ്ധീകരണാര്‍ഹങ്ങളായ ഗുണങ്ങള്‍ ഒന്നുംതന്നെ ഈ ലേഖനത്തിനുണ്ടെന്ന് എനിക്കു വിചാരമില്ല'' എന്ന ആമുഖക്കുറിപ്പോടെ അയച്ച ആ യാത്രാനുഭവ വിവരണം നിസ്സാരമായ ചില തിരുത്തലുകളോടെ പ്രസിദ്ധീകരിച്ചു. വര്‍ഗ്ഗീസ് മാപ്പിള തന്റെ ജ്യേഷ്ഠസഹോദരന്റെ മകനോട് ഒരു ഔദാര്യം കാട്ടുകയായിരുന്നില്ല. അദ്ദേഹം മദ്രാസിലേക്ക് മാമ്മന്‍മാപ്പിളയ്ക്ക് ഇങ്ങനെ എഴുതി. ''നിന്റെ ലേഖനം നീ പറയുംപോലെ അത്ര മോശമല്ല'' ഒരു വിദ്യാര്‍ത്ഥിയെ ആവേശഭരിതനാക്കാനും ആഹ്ലാദിപ്പിക്കാനും ഇതിനേക്കാള്‍ നല്ലൊരു പ്രോത്സാഹനമെന്ത്? പത്രത്തില്‍ ഇനിയും വല്ലതും എഴുതണമെന്ന ആഗ്രഹം മാമ്മന്‍മാപ്പിളയുടെ മനസ്സിലുയര്‍ന്നു. ബിരുദമെടുത്തശേഷം മൈസൂര്‍ സ്റ്റേറ്റ് സിവില്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ചിരുന്ന കെ.സി. മാമ്മന്‍ മാപ്പിള കോട്ടയത്ത് മനോരമയില്‍ ചേര്‍ന്ന് വര്‍ഗ്ഗീസ് മാപ്പിളയുടെ സഹായി ആകാന്‍ ഇടയായതും അതദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായതും അങ്ങനെയാകാം. മാമ്മന്‍മാപ്പിള അതേപ്പറ്റി ഓര്‍ക്കുന്നത് നോക്കുക: ''ജീവിതഗതിയില്‍ നേരിടുന്ന അനുഭവ വൈവിദ്ധ്യങ്ങളെല്ലാം പലപ്പോഴും അവരവരുടെ ഇച്ഛയ്ക്കും നിയന്ത്രണത്തിനും അതീതമായ ഏതോ ഒരു അദൃശ്യ ശക്തിയുടെ പിടിയിലമര്‍ന്ന് നാം ഉദ്ദേശിച്ചിരിക്കാത്ത കടവുകളില്‍ ചെന്നടുക്കുന്നു. നമ്മുടെ ധാരണയ്ക്കും കാഴ്ചയ്ക്കും അപ്പുറമായ എന്തോ ഒരു നിഗൂഢ മഹാശക്തിയിലൂടെ ഇച്ഛയ്ക്കും പ്രേരണയ്ക്കും വിധേയമായിട്ടാണ് ഈ പ്രപഞ്ച പരിപാടിയും മനുഷ്യ ജീവിതാനുഭവങ്ങളും മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നതെന്നുള്ള വിശ്വാസത്തില്‍ നിന്നു രക്ഷപ്പെടാന്‍ സാധ്യമല്ല. എന്തെല്ലാം അനുഭവവൈചിത്ര്യങ്ങളാണ് ക്ഷണഭംഗുരമായ ഈ ലോകത്തില്‍ നാം ദിവസേന കാണുന്നത്! അവയുടെ യുക്തിയുക്തമായ കാര്യകാരണബന്ധങ്ങളെ അപഗ്രഥനം ചെയ്തു ശരിക്കു മനസ്സിലാക്കുക സാദ്ധ്യമല്ല. അക്കൂട്ടത്തില്‍പ്പെട്ട ഒരു യാദൃച്ഛിക സംഭവം മൂലമാണ് ഞാന്‍ പ്രതാധിപരായത്. ഒരു പത്രാധിപരാകുമെന്നു ഞാന്‍ ചെറുപ്പത്തില്‍ അശേഷം ഉദ്ദേശിക്കുകയോ, ആയിത്തീരണമെന്ന് ഞാനോ എന്റെ കൂട്ടത്തിലാരെങ്കിലുമോ ആഗ്രഹിക്കുകയോ ചെയ്തിരുന്നില്ല. എങ്കിലും സാഹചര്യങ്ങളുടെ ഗതിവൈചിത്ര്യത്തില്‍ അങ്ങനെയാണ് സംഭവിക്കാനിടയായത്.''
മനോരമയുടെ പത്രാധിപത്യത്തിനു പുറമെ കോട്ടയം എം.ഡി. സെമിനാരിയുടെ മാനേജ്‌മെന്റ് കൂടി വര്‍ഗ്ഗീസ് മാപ്പിള വഹിച്ചിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബിരുദമെടുത്ത മാമ്മന്‍ മാപ്പിള രണ്ടു കാര്യങ്ങള്‍ക്കും തനിക്കു നല്ലൊരു സഹായി ആയിരിക്കുമെന്ന് വര്‍ഗ്ഗീസ് മാപ്പിള കരുതി. സിവില്‍ സര്‍വീസ് സ്വപ്നം വെടിഞ്ഞ് മാമ്മന്‍ മാപ്പിള അങ്ങനെ കോട്ടയത്ത് എത്തിച്ചേരാന്‍ നിര്‍ബന്ധിതനായി. എം.ഡി. സെമിനാരി ഹൈസ്‌ക്കൂളില്‍ ഹെഡ്മാസ്റ്ററായി പകല്‍ സമയത്തും മനോരമയില്‍ സഹ പത്രാധിപരായി രാത്രി സമയത്തും മാമ്മന്‍ മാപ്പിള ജോലിയാരംഭിച്ചു. പുതുപ്പള്ളി വലിയ പള്ളി ഇടവകക്കാരും നിലയ്ക്കല്‍ പള്ളിക്കാരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട് സുറിയാനി സഭയിലെ യാക്കോബായ വിഭാഗത്തിന് അനുകൂലമായി മാമ്മന്‍ മാപ്പിള ഇടവക പത്രികയില്‍ ഇക്കാലത്ത് ദീര്‍ഘമായി ഒരു ലേഖനമെഴുതി. അതിലെ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കി ലേഖനം മുഴുവനായി മനോരമ പത്രം പ്രസിദ്ധീകരിച്ചു. സഭയ്ക്കുള്ളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ആ ലേഖനം മനോരമയുടെ പ്രചാരത്തിന് കാരണമായതിനു പുറമെ മാമ്മന്‍ മാപ്പിളയെ ഒരു എഴുത്തുകാരനായി അംഗീകരിക്കാനും ഉപകരിച്ചു. ഇംഗ്ലണ്ടിലെ പാര്‍ലമെന്ററി സമ്പ്രദായത്തെക്കുറിച്ചും പല വിദേശരാജ്യങ്ങളിലെയും ഭരണത്തെക്കുറിച്ചും പണ്ഡിതോചിതമായി എഴുതാന്‍ താല്‍പ്പര്യപൂര്‍വം മുന്നോട്ടുവന്ന മാമ്മന്‍ മാപ്പിളയെ പിതൃസഹോദരനായ പത്രാധിപര്‍ വര്‍ഗ്ഗീസ് മാപ്പിള നിരന്തരം പ്രോത്സാഹിപ്പിച്ചു. എം.ഡി. സെമിനാരി ഹൈസ്‌ക്കൂളില്‍ ഹെഡ്മാസ്റ്റര്‍ക്ക് മുകളില്‍ സഭാ മാനേജ്‌മെന്റ് ഒരു പ്രിന്‍സിപ്പലിനെ നിയമിച്ച് മാമ്മന്‍ മാപ്പിളയെ ചെറുതാക്കാന്‍ ശ്രമിച്ചപ്പോള്‍ അഭിമാനിയായ അദ്ദേഹത്തിന്റെ ഉള്ളുനീറിയെങ്കിലും ജോലി ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. സ്‌ക്കൂളിലെ പണിക്ക് മാസം 35 രൂപ ശമ്പളം കിട്ടും. മനോരമയില്‍ നിന്നും അത്രയും തുക ലഭിക്കും. അഞ്ചുമക്കളും ഭാര്യയും അടങ്ങുന്ന തന്റെ കുടുംബത്തെ പോറ്റാന്‍ അതു തികയുന്നില്ല. (കെ.എം. മാത്യു അടക്കം മറ്റ് നാലു മക്കള്‍ ജനിച്ചത് പിന്നീടാണ്.) പാഠപുസ്തകങ്ങള്‍ രചിച്ച് പ്രതിഫലം നേടിയാണ് സാമ്പത്തിക പോരായ്മ നികത്തിയത്. അപ്പോള്‍ സഭയോട് തര്‍ക്കിച്ച് ജോലി കളയാനൊന്നും കൂട്ടാക്കാതെ മാമ്മന്‍ മാപ്പിള തന്റെ സ്വകാര്യവേദനകള്‍ നിശ്ശബ്ദം സഹിച്ചു. അക്കാലത്തെ മനോരമയുടെ സ്ഥിതി അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്. ''പലപ്പോഴും മനോരമയുടെ ഓരോ ആവശ്യത്തിനു വേണ്ടി വര്‍ഗ്ഗീസ് മാപ്പിള പണം കടം വാങ്ങീട്ടാണ് കാര്യങ്ങള്‍ നടത്തിയത്. ഒരിക്കല്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ തിരുമനസ്സിലെ ജ്യേഷ്ഠനായ അനന്തപുരത്തു കോയിത്തമ്പുരാനോടു മൂവായിരം രൂപ മനോരമയ്ക്കു വേണ്ടി കടം വാങ്ങി... 1072 മുതല്‍ 1080 വരെ ഞാന്‍ യാതൊരു പ്രതിഫലവും കൂടാതെയാണ് മനോരമയുടെ ചുമതല മുഴുവന്‍ വഹിച്ചത്. അല്ലെങ്കില്‍ മനോരമ മുടങ്ങി നാനാവിധമായിപ്പോകാനാണ് ഇടയുണ്ടായിരുന്നത്.''
കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള രോഗാതുരനായി തിരുവല്ലയിലേക്ക് മടങ്ങിയ ശേഷം മനോരമയുടെ നടത്തിപ്പിന്റെ ഭാരം മുഴുവന്‍ മാമ്മന്‍ മാപ്പിളയിലായി. ചിട്ടികള്‍ നടത്തിയും ഭാഗ്യക്കുറികള്‍ സംഘടിപ്പിച്ചും കടം വാങ്ങിയും പണം സ്വരൂപിച്ച് പത്രവും സഭാ സ്ഥാപനങ്ങളും നടത്തിപ്പോന്ന വര്‍ഗ്ഗീസ് മാപ്പിളയുടെ രീതി വെടിഞ്ഞ് വ്യവസായ സംരംഭങ്ങളിലൂടെ ധനമുണ്ടാക്കാന്‍ മാമ്മന്‍ മാപ്പിള പരിശ്രമിച്ചു. സ്‌ക്കൂളിലെ ഹെഡ്മാസ്റ്റര്‍ പണിയും പത്രനിര്‍മ്മാണവും വ്യവസായ സംരംഭങ്ങളും കൂടി ഒരുമിച്ചു പോകില്ല. സ്‌ക്കൂളിലെ ജോലി ഉപേക്ഷിച്ച് മാമ്മന്‍ മാപ്പിള അക്കാലത്തെ ഒരു പ്രശസ്ത സംരംഭകനായിരുന്ന അയ്മനം പി. ജോണിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്ന് വ്യവസായത്തിലിറങ്ങി. തോട്ടം കൃഷിയിലായിരുന്നു തുടക്കം. സൗത്ത് അമേരിക്കയിലും ജാവദ്വീപ്, മലയ എന്നിവിടങ്ങളിലും റബര്‍കൃഷി വന്‍ ആദായകരമായി പുഷ്ടിപ്പെടുന്നതായി ഇംഗ്ലീഷ് പത്രങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞ് മനോരമയില്‍ ധാരാളം ലേഖനങ്ങള്‍ അദ്ദേഹം എഴുതി. അവ വായിക്കാനിടയായ പി. ജോണ്‍ എന്ന വ്യവസായി മാമ്മന്‍ മാപ്പിളയെ തന്റെ പങ്കാളിയാക്കാന്‍ സന്നദ്ധനായി. മലങ്കര റബര്‍ കമ്പനി അങ്ങനെ രൂപംകൊണ്ടു. പിന്നീട് തേയില തോട്ടങ്ങള്‍ ഉണ്ടാക്കാന്‍ കൂട്ടുസംരംഭത്തില്‍ ഏര്‍പ്പെട്ടു. 1904ല്‍ കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള അകാലത്തില്‍ അന്തരിച്ചപ്പോള്‍ മനോരമയുടെ മുഖ്യ പത്രാധിപരുടെ ചുമതലയും മാമ്മന്‍മാപ്പിളയില്‍ അര്‍പ്പിതമായി. ഒന്നാം ലോകയുദ്ധം തിരുവിതാംകൂറിലെ കാര്‍ഷിക വ്യാവസായികരംഗത്ത് വലിയ ഉണര്‍വുണ്ടാക്കി. ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിച്ചു. കൃഷിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവന്നതോടൊപ്പം നാട്ടില്‍ ജീവിതച്ചെലവ് ഇരട്ടിച്ചു. ബാങ്കിംഗ് വ്യവസായത്തിലേക്ക് ശ്രദ്ധ തിരിച്ച മാമ്മന്‍മാപ്പിള തിരുവിതാംകൂര്‍ നാഷണല്‍ ബാങ്കും ഇന്‍ഷ്വറന്‍സ് കമ്പനിയും അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ പ്രധാന പങ്കുവഹിച്ചു. അദ്ദേഹം എഴുതുന്നു: ''ഞാന്‍ പല പദ്ധതികളിലും തൊട്ടു. ചിലതൊക്കെ വേരുപിടിച്ചുറച്ചു. മറ്റു ചിലതു ഫലിച്ചില്ല... സി.പി. കമ്പനി, കുപ്പപ്പുറം, തിരുവിതാംകൂര്‍ നാഷണല്‍ ബാങ്ക്, മലങ്കര റബര്‍ കമ്പനി, മലയാള മനോരമ ഇവയൊക്കെ ആ കാലഘട്ടത്തില്‍ വേരുപിടിച്ച പ്രസ്ഥാനങ്ങളില്‍പ്പെടുന്നു. പത്തനാപുരത്തിനു സമീപമുള്ള ചെങ്ങറയിലെ തോട്ടം, പുള്ളിക്കാനത്തെ തേയിലതോട്ടം, കപ്പല്‍ വാങ്ങാനുള്ള ശ്രമം ആദിയായവ പരാജയമായിരുന്നു.'' ചിക്കമംഗളൂരിലെ കാപ്പിത്തോട്ടം കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസായി മാറിയ കാര്യം കെ.എം. മാത്യു ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്. 
ഒന്നാം ലോകയുദ്ധാനന്തരം തിരുവിതാംകൂറില്‍ പൊതു സമ്പന്നതയുടെ വിജയങ്ങള്‍ക്കും സാമൂഹികമായ പരാജയങ്ങള്‍ക്കും ഇടയിലൂടെ കാലം നീങ്ങുമ്പോള്‍ മനോരമയടക്കം നിരവധി പത്രങ്ങളുടെയും വിദ്യാ വിനോദിനി, ഭാഷാപോഷിണി തുടങ്ങിയ സാഹിത്യ മാസികകളുടെയും പ്രചാരം വലിയ സാംസ്‌കാരിക ഉണര്‍വാണ് സമൂഹത്തില്‍ സൃഷ്ടിച്ചത്. അസമത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശ്രീനാരായണഗുരു ആരംഭിച്ച സാമൂഹിക വിപ്ലവം സാധാരണക്കാര്‍ക്കിടയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും മഹിമ ഉണര്‍ത്തുന്നതരത്തില്‍ ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ' എന്ന നോവല്‍ പ്രചാരം നേടി. തിരുവിതാംകൂറില്‍ ഒരു ഡസന്‍ പത്രങ്ങള്‍ ഉണ്ടായി. ജനങ്ങളുടെ വായനാശീലം ഇരട്ടിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപംകൊണ്ടു. കരം തീരുവയുള്ളവര്‍ക്കു മാത്രമേ വോട്ടവകാശം അനുവദിച്ചിരുന്നുള്ളൂ എങ്കിലും ശ്രീമൂലം പ്രജാസഭയിലൂടെ പേരിന് ജനാധിപത്യ സ്വഭാവമുള്ള നിയമനിര്‍മ്മാണ സ്ഥാപനം രാജഭരണത്തിന്‍ കീഴില്‍ ഉണ്ടായി. ജനങ്ങളില്‍ അവകാശബോധം അങ്കുരിച്ചു. 'ലോകരംഗം' എന്ന പേരില്‍ മാമ്മന്‍ മാപ്പിള മനോരമയില്‍ പതിവായി എഴുതിയ വിദേശകാര്യ വിശേഷങ്ങള്‍ വായനക്കാര്‍ക്ക് അറിവിന്റെ വിശാല ലോകത്തേക്ക് ജാലകം തുറന്നിട്ടു. വ്യവസായ പ്രമുഖനും മലങ്കര ഓര്‍ത്തഡോക്‌സ് സഭാപ്രമാണിയും പത്രാധിപരുമായ കെ.സി. മാമ്മന്‍ മാപ്പിള പ്രജാസഭയില്‍ അംഗമായി വന്ന് സാമൂഹിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് തിരുവിതാംകൂറില്‍ മെച്ചപ്പെട്ട ജീവിതസാഹചര്യമുണ്ടാകാന്‍ വേണ്ടി വീറോടെ വാദിച്ചു. വൈക്കം സത്യാഗ്രഹത്തിന് അദ്ദേഹം വ്യക്തിപരമായും പത്രാധിപരെന്ന നിലയിലും പിന്തുണ നല്‍കി. തിരുവിതാംകൂറില്‍ തദ്ദേശീയര്‍ക്ക് ഉദ്യോഗം ലഭിക്കാന്‍ സമര്‍പ്പിച്ച മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍ എന്നീ നിവേദനങ്ങള്‍ക്ക് ഒത്താശ ചെയ്തു. ക്ഷേത്രാരാധനാ സ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി പ്രജാസഭയില്‍ വാദിച്ചു. അക്കാലത്ത് കോട്ടയത്ത് മാമ്മന്‍മാപ്പിളയുടെ വീടും മനോരമ ഓഫീസും ഒരു കെട്ടിടത്തിലായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതാക്കളായ ടി.എം. വര്‍ഗ്ഗീസ്, സി. കേശവന്‍, എ.ജെ. ജോണ്‍ തുടങ്ങിയവര്‍ അവിടെ പതിവ് സന്ദര്‍ശകരായി. മാമ്മന്‍ മാപ്പിളയുടെ മുറി രാഷ്ട്രീയ ചര്‍ച്ചാവേദിയായി. ദിവാന്‍ ഭരണത്തിനെതിരെ നിവര്‍ത്തന പ്രക്ഷോഭ പ്രസ്ഥാനം പിറവിയെടുത്തത് ആ മുറിയില്‍ ആണെന്ന് കെ.എം. മാത്യു 'എട്ടാമത്തെ മോതിരം' എന്ന ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
തിരുവിതാംകൂറില്‍ ഉദ്യോഗസ്ഥനായി 1931ല്‍ എത്തുന്നതിനു മുമ്പേ സി.പി. രാമസ്വാമി അയ്യര്‍ ഈ നാട്ടുകാര്‍ക്കിടയില്‍ പ്രശസ്തനായിരുന്നു. പ്രഗല്‍ഭനായ അഭിഭാഷകന്‍, മദ്രാസിലെ അഡ്വക്കേറ്റ് ജനറല്‍ എന്നതിനൊക്കെ ഉപരി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറിയായും സി.പി. പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പരിഷ്‌ക്കര്‍ത്താവ്, മേട്ടൂര്‍ അണക്കെട്ട്, വൈക്കാറ ജലവൈദ്യുത പദ്ധതി എന്നിവയുടെ ഉപജ്ഞാതാവ് എന്നിങ്ങനെയും സി.പി. അറിയപ്പെട്ടു. കെ.സി. മാമ്മന്‍മാപ്പിള സജീവമായി ഇടപെട്ടിരുന്ന സമുദായത്തിന്റെ 'വട്ടിപ്പണക്കേസി'ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് പക്ഷത്തിനെതിരായി വാദിക്കാന്‍ പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുത്ത് മുമ്പും സി.പി. തിരുവിതാംകൂറില്‍ വന്നിരുന്നു. ചിത്തിര തിരുനാള്‍ രാജാവിന്റെ സ്ഥാനാരോഹണത്തെ തുടര്‍ന്ന് രാഷ്ട്രീയ നിയമ ഉപദേഷ്ടാവായി 1931ല്‍ സി.പി. നിയമിതനായി. അഞ്ച് വര്‍ഷം കഴിഞ്ഞ് ദിവാന്‍ പദവി ഏറ്റെടുത്തു. മഹാരാജാവിന്റെ പേരില്‍ സി.പിയാണ് തിരുവിതാംകൂര്‍ അടക്കിഭരിച്ചിരുന്നതെന്ന് നാട്ടുകാരെല്ലാം മനസ്സിലാക്കി. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളും രഹസ്യ പൊലീസിനെയും ചാരന്മാരെയും വച്ച് ദിവാന്‍ സസൂക്ഷ്മം നിരീക്ഷിച്ചുപോന്നു. സഭാതര്‍ക്കത്തില്‍ എതിര്‍പക്ഷത്തിന്റെ വക്കീലായി വന്ന രാമസ്വാമി അയ്യരോട് കെ.സി. മാമ്മന്‍ മാപ്പിളയ്ക്ക് സ്വാഭാവികമായും നീരസം തോന്നിയിരിക്കാം. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തുന്ന ദിവാന്‍ വിരുദ്ധ പ്രസംഗങ്ങള്‍ക്കും സമരങ്ങള്‍ക്കും മനോരമ നല്‍കിപ്പോന്ന പിന്തുണ അക്കാലത്ത് മറ്റൊരു പത്രവും ധൈര്യപ്പെടാത്തതായിരുന്നു. 1935 മേയ് പതിനൊന്നിന് കോഴഞ്ചേരിയില്‍ നടന്ന പൗരമഹാസമ്മേളനത്തില്‍ സി. കേശവന്‍ നടത്തിയ അദ്ധ്യക്ഷപ്രസംഗം തിരുവിതാംകൂര്‍ രാഷ്ട്രീയ ചരിത്രത്തില്‍ വന്‍ കോളിളക്കം ഉണ്ടാക്കി. ദിവാന്‍ഭരണം നാടിന് ആവശ്യമില്ലെന്നും തിരുവിതാംകൂറിന് ഭാരമായിത്തീര്‍ന്ന സി.പി.യെ നാട്ടില്‍നിന്ന് ഉടന്‍ പറഞ്ഞയയ്ക്കണമെന്നും അതിനുള്ള പ്രക്ഷോഭത്തിന്റെ ആരംഭമാണ് കോഴഞ്ചേരിയിലെ പൗരസമ്മേളനമെന്നും കേശവന്‍ പ്രസംഗിച്ചു. മനോരമ ആ പ്രസംഗം പൂര്‍ണ്ണമായിത്തന്നെ റിപ്പോര്‍ട്ട് ചെയ്തു. കേശവനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കാതെ ലോക്കപ്പിലടച്ചു. വിചാരണയ്ക്കുശേഷം രണ്ടുവര്‍ഷം കഠിനതടവും 500 രൂപ പിഴയും ശിക്ഷിച്ചു. 1935 ജൂണ്‍ പതിനൊന്നിന് മനോരമ എഴുതിയ മുഖപ്രസംഗം ഇങ്ങനെയായിരുന്നു: 'കേശവന്റെ അറസ്റ്റിലും പ്രോസിക്യൂഷന്‍ നടപടികളിലും അന്തര്‍ഭവിച്ചിട്ടുള്ള ഗവണ്‍മെന്റ് നയത്തെ ഒരുവിധത്തിലും ഞങ്ങള്‍ അംഗീകരിക്കുന്നില്ല. രാജ്യത്തുടനീളം പ്രകടമായിക്കൊണ്ടിരിക്കുന്ന പ്രതിഷേധത്തില്‍ ഞങ്ങളും പങ്കുചേരുന്നു.'
നായര്‍ സമുദായത്തില്‍പെട്ട വിദ്യാസമ്പന്നരായവര്‍ക്ക് തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കാന്‍ 'മലയാളി മെമ്മോറിയല്‍' സഹായകമായി. ഇതരവിഭാഗങ്ങളില്‍, പ്രത്യേകിച്ച് പിന്നോക്ക ന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസ് അപ്രാപ്യമായി തുടര്‍ന്നു. ഡോ. പല്‍പ്പുവും കൂട്ടരും രാജാവിനു സമര്‍പ്പിച്ച 'ഈഴവ മെമ്മോറിയല്‍' യാതൊരു ഫലവും കണ്ടില്ല. അതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ നിവര്‍ത്തന സമരങ്ങളില്‍ ക്രിസ്ത്യന്‍ - മുസ്ലിം - പിന്നോക്ക വിഭാഗ ഐക്യം ഉടലെടുത്തു. അങ്ങനൊരു സാമുദായിക ഏകീകരണത്തിന് മാമ്മന്‍ മാപ്പിളയുടെ പിന്തുണയുണ്ടായി. 1937ല്‍ കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയുടെ ജന്മദിനം പ്രമാണിച്ച് ജയില്‍ വിമോചിതരായ നാലുപേരില്‍ ഒരാള്‍ സി. കേശവനായിരുന്നു. ആലപ്പുഴയിലെ കിടങ്ങാംപറമ്പ് മൈതാനത്ത് ആ വര്‍ഷം ഒക്‌ടോബര്‍ 3-ാം തീയതി കേശവന് ആവേശകരമായ സ്വീകരണം നല്‍കി. ആ മഹാസമ്മേളനത്തില്‍ കെ.സി. മാമ്മന്‍ മാപ്പിളയായിരുന്നു അദ്ധ്യക്ഷന്‍. ക്വയിലോണ്‍ ബാങ്കിന്റെയും ട്രാവന്‍കൂര്‍ നാഷണല്‍ ബാങ്കിന്റെയും സംയോജന ശേഷം മദ്രാസിലേക്ക് താമസം മാറ്റിയിരുന്ന മാമ്മന്‍ മാപ്പിള പൗരപ്രമാണിമാരുടെയും നേതാക്കളുടെയും അഭ്യര്‍ത്ഥന മാനിച്ച് കേശവന്‍ വക്കീലിന്റെ സ്വീകരണയോഗത്തില്‍ പങ്കെടുക്കാനെത്തുകയായിരുന്നു. അദ്ധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം ''കേശവനിന്ന് കേരളത്തിലെ കിരീടം വയ്ക്കാത്ത രാജാവായിത്തീര്‍ന്നിരിക്കുന്നു...'' എന്ന് പറഞ്ഞു. കിടങ്ങാംപറമ്പ് അനുമോദന യോഗത്തിന്റെ ദീര്‍ഘമായ റിപ്പോര്‍ട്ട് മനോരമ ഒന്നാം പേജിലും ഉള്‍പേജുകളിലുമായി പ്രസിദ്ധീകരിച്ചു. 'കേശവ ചന്ദ്രോദയം കണ്ട മനുഷ്യമഹാസമുദ്രം' എന്നായിരുന്നു പ്രധാന റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. ദിവാന്‍ സി.പി. കോപാകുലനാകാന്‍ വേറെന്തുവേണം? തിരുവിതാംകൂറിലെ 51 ലക്ഷം ജനങ്ങളുടെ കിരീടം ചൂടാത്ത രാജാവ് കോണ്‍ഗ്രസ്സുകാരനായ സി. കേശവന്‍! ജയില്‍ വിമോചിതനായ ഒരു പിന്നോക്ക സമുദായക്കാരന്‍. മനോരമയ്ക്ക് സി.പി. നോട്ടീസ് അയപ്പിച്ചു. കേശവനെ നാടിന്റെ രാജാവായി വിശേഷിപ്പിച്ചതല്ലെന്നും ഇംഗ്ലീഷ് ഭാഷയിലെ 'അണ്‍ ക്രൗണ്‍ഡ് കിംഗ്' എന്ന് പ്രയോഗത്തിന്റെ പരിഭാഷ മാത്രമാണെന്നും മറുപടി അയച്ച് മനോരമ തല്‍ക്കാലം തലയൂരി. 1938 ഫെബ്രുവരിയില്‍ സി.വി. കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പൗരയോഗം പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂറില്‍ പൂര്‍ണ ഉത്തരവാദ ഭരണം വേണമെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനു രൂപം നല്‍കി. പട്ടം താണുപിള്ള പ്രസിഡന്റും ടി.എം. വര്‍ഗ്ഗീസ് സെക്രട്ടറിയും ആയി. മനോരമ മുഖപ്രസംഗത്തില്‍ പുതിയ പ്രസ്ഥാനത്തെ സ്വാഗതം ചെയ്തുകൊണ്ട് എഴുതി: 'ഈ നാട്ടിലെ എല്ലാ സമുദായങ്ങളും കഴിഞ്ഞതൊക്കെ മറന്ന് ആത്മാര്‍ത്ഥതയോടും പൂര്‍ണ സൗഹൃദത്തോടുംകൂടി സഹകരിച്ച് ഈ പ്രസ്ഥാനത്തെ വിജയപ്രാപ്തിയിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.'
ബുദ്ധിമാനായ സി.പി. രാമസ്വാമി അയ്യര്‍ കാര്യങ്ങള്‍ തനിക്കെതിരെ ഉരുത്തിരിയുകയാണെന്ന് വേഗം ഗ്രഹിച്ചു. നിവര്‍ത്തന പ്രക്ഷോഭത്തില്‍ തുടങ്ങി, സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപീകരണത്തിലൂടെ ഉത്തരവാദ ഭരണത്തിലേക്കുള്ള ആ നീക്കം ദിവാന്‍ ഭരണത്തിന്റെ അന്ത്യത്തില്‍ ചെന്നെത്തുമെന്ന് സി.പി.ക്ക് ഊഹിക്കാനാകും. ഇതിനെല്ലാം ഒത്താശയും പണവും ഒഴുകുന്നത് കെ.സി. മാമ്മന്‍ മാപ്പിളയില്‍ നിന്നാണെന്ന് സി.പി. ധരിച്ചു. നാഷണല്‍ ആന്റ് ക്വയിലോണ്‍ ബാങ്കും മനോരമയും തന്റെ ശത്രുക്കള്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കുന്നു. അത് തകര്‍ത്തേ മതിയാകൂ എന്ന് സി.പി. കരുതി. ആദ്യം ധനസ്രോതസ്സായ ബാങ്ക് ഇല്ലാതാക്കുക; പിന്നെ അതിന്റെ നടത്തിപ്പുകാരെ തടവിലടച്ച് നിശബ്ദരാക്കുക, ഒടുവില്‍ മനോരമ അടച്ചുപൂട്ടി തിരുവിതാംകൂര്‍ തന്നിഷ്ടംപോലെ ഭരിക്കുക. ആസൂത്രിതമായ കരുനീക്കങ്ങളിലൂടെ സി.പി. ആഗ്രഹിച്ചവിധം എല്ലാം നടന്നു. കുബേരന്മാരായി ജീവിച്ച മാമ്മന്‍ മാപ്പിളയെയും മക്കളെയും ഒരുദിവസംകൊണ്ട് സി.പി. നിരാധാരരാക്കി.
കെ.എം. മാത്യു മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുന്ന 1938ലായിരുന്നു സി.പി.യുടെ കോപാഗ്നിയില്‍ മനോരമയും അവരുടെ കുടുംബസ്ഥാപനങ്ങളും ഒന്നൊന്നായി വെന്തെരിഞ്ഞത്. ആത്മകഥയില്‍ മാത്യു എഴുതുന്നു: ''പ്രതീക്ഷകള്‍ കുറഞ്ഞു തുടങ്ങിയ ആ സമയത്തായിരുന്നു അപ്പച്ചനെയും (കെ.സി. മാമ്മന്‍ മാപ്പിള) മറ്റും അറസ്റ്റു ചെയ്യുന്നത്. അതേ ദിവസം രാത്രിയോടെ ഈപ്പച്ചായനും അറസ്റ്റിലായി. ആ രാത്രി അവരെല്ലാം എഗ്മൂര്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലായിരുന്നു. ഞാനിപ്പോഴും ആ രാത്രിയെ വേദനയോടെ മനസ്സില്‍ സങ്കല്പിക്കാറുണ്ട്. പ്രബുദ്ധ കേരളത്തിന്റെ വികാസ പരിണാമങ്ങളില്‍ നിര്‍ണായക സ്വാധാനം ചെലുത്തിയ ആ ജ്ഞാനവൃദ്ധന്‍ കഠിനമായ പൈല്‍സിന്റെ വേദനയും സഹിച്ച്, ലോക്കപ്പിലെ വെറും നിലത്ത് തണുത്തുവിറച്ച് കിടന്ന ആ രാത്രിയെക്കുറിച്ച്.'' (എട്ടാമത്തെ മോതിരം)
1928 ജനുവരി 16-ാം തീയതി മുതല്‍ മനോരമ ഒരു ദിനപ്പത്രമാണ്. 1938 സെപ്തംബര്‍ 10ന് മനോരമ നിരോധിക്കുകയും ഓഫീസ് പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു. കൊച്ചിരാജ്യത്തെ കുന്നംകുളത്തുനിന്ന് പിറ്റേ ദിവസം മുതല്‍ അച്ചടിച്ചിറക്കിയെങ്കിലും നാലാം ദിവസം സി.പി.യുടെ വിലക്കുവന്നു. 48 വര്‍ഷത്തെ സാഹസികമായ നിലനില്‍പ്പിന്റെ ഓര്‍മ്മകളുമായി മനോരമ പൊതു ദൃഷ്ടിയില്‍ നിന്ന് മറഞ്ഞു. ബാങ്ക് ലിക്വിഡേറ്റ് ചെയ്ത് കേസില്‍ കുടുക്കി ശിക്ഷിക്കപ്പെട്ട മാമ്മന്‍ മാപ്പിളയോട് ദിവാന്‍ രാമസ്വാമി അയ്യര്‍ക്ക് പകയൊടുങ്ങിയില്ല. അദ്ദേഹത്തെയും കൂട്ടുപ്രതികളെയും മാസങ്ങള്‍ക്കുശേഷം മദ്രാസില്‍ നിന്ന് തിരുവനന്തപുരം പൂജപ്പുര ജയിലില്‍ തന്റെ കണ്‍മുന്നിലിട്ട് ദ്രോഹിക്കണമെന്ന് സി.പി. കരുതി. ജയിലില്‍ സഹ തടവുകാരനായിരുന്ന സ്വാതന്ത്ര്യസമരസേനാനി സി. നാരായണപിള്ള 'തിരുവിതാംകൂര്‍ സ്വാതന്ത്ര്യ ചരിത്രം' എന്ന കൃതിയില്‍ എഴുതുന്നതു നോക്കുക: ''കെ.സി മാമ്മന്‍മാപ്പിള, കെ.സി. ഈപ്പന്‍, സി.പി. മാത്തന്‍, കെ.എം. ഈപ്പന്‍. കെ.വി വര്‍ഗ്ഗീസ് തുടങ്ങിയവരെ തുറങ്കിലടച്ച്, ജയില്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ച്, കയറ്റുമെത്തയില്‍ ഉറക്കി ദീര്‍ഘകാലം വച്ചുകൊണ്ടിരിക്കാനും ആ നിലയില്‍ പകപോക്കാനും അദ്ദേഹത്തിനു (സി.പി.ക്ക്) കഴിഞ്ഞു. പഴയ തിരുവിതാംകൂറിന്റെ നാനാമുഖമായ പ്രവര്‍ത്തന രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും വലിയ വിഭാഗം ജനങ്ങളുടെ ബഹുമാനാദരങ്ങള്‍ക്കു പാത്രമാകുകയും ചെയ്തിരുന്ന കെ.സി. മാമ്മന്‍മാപ്പിള ഒരു വൃദ്ധതാപസനെപ്പോലെ ജയിലറകളില്‍ ഒരു രോഗിയായി കഴിച്ചുകൂട്ടിയിരുന്നത് അദ്ദേഹത്തോടൊപ്പം അന്നു ജയില്‍ വാസമനുഭവിച്ചിരുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ നേരിട്ടു കണ്ടിട്ടുള്ള ഒരാളാണിതെഴുതുന്നത്. ഒരു പ്രശസ്ത പണ്ഡിതന്‍, വിദഗ്ദ്ധനായ പത്രപ്രവര്‍ത്തകന്‍, വ്യവസായ തല്‍പ്പരന്‍ എന്നീ നിലകളില്‍ തെക്കേ ഇന്ത്യയില്‍ മുഴുവന്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് ജയിലറകളില്‍ തന്നോടൊപ്പമുണ്ടായിരുന്ന കനിഷ്ഠ സഹോദരന്‍ കെ.സി. ഈപ്പന്റെ ചരമത്തിന് സാക്ഷി നില്‍ക്കേണ്ടി വന്നു. രോഗിയും ദുര്‍ബലനുമായിരുന്ന അദ്ദേഹത്തിന് ജയിലറകളിലെ വാസം എത്ര വേദനാജനകമായിരുന്നു  എന്ന്  സങ്കല്‍പ്പിക്കാനാര്‍ക്കും വിഷമമുണ്ടായിരിക്കില്ല.''
എട്ടു വര്‍ഷത്തെ ശിക്ഷാകാലാവധി കഴിയുംമുമ്പ് 1941 സെപ്തംബര്‍ പതിനൊന്നിന് കെ.സി. മാമ്മന്‍മാപ്പിളയെയും കൂട്ടുപ്രതികളെയും ജയിലില്‍ നിന്നു വിട്ടു. സി.പിയുടെ പകയേല്‍ക്കാനിടവരാതെ അദ്ദേഹം വാസം മദ്രാസിലേക്കു മാറ്റി. ആണ്‍മക്കളെല്ലാം വിവിധ വ്യവസായ സംരംഭങ്ങളില്‍ വ്യാപൃതരായി പല സ്ഥലങ്ങളില്‍. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ മേല്‍നോട്ടം നിര്‍വഹിച്ചിരുന്ന മൂത്ത മകന്‍ കെ.എം. ചെറിയാന്‍ രാജിവച്ച് കോട്ടയത്ത് വന്ന് മനോരമ പത്രം പുനഃപ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മാമ്മന്‍മാപ്പിളയ്‌ക്കോ മറ്റ് കുടുംബാംഗങ്ങള്‍ക്കോ അതില്‍ വലിയ താല്‍പ്പര്യം തോന്നിയില്ല. പത്രം നടത്തിപ്പും പൊതുപ്രവര്‍ത്തനവും വ്യവസായ സംരംഭങ്ങളുടെ മേല്‍ഗതിക്കു തടസ്സമാകുമെന്ന് അവര്‍ കരുതി. ''എന്നെ തൃപ്തിപ്പെടുത്താനായി ആരും മനോരമ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരണമെന്നില്ല'' എന്ന് മാമ്മന്‍മാപ്പിള പുത്രന്മാരെ അറിയിച്ചു. എന്നാല്‍ കെ.എം. ചെറിയാന്‍ വാശിയോടെ പത്രത്തിനെതിരായ വിലക്കും മറ്റ് തടസ്സങ്ങളും നീക്കാന്‍ ശ്രമം തുടര്‍ന്നു. അതിനായി ഒരു വേള അദ്ദേഹം ദിവാന്റെ ഔദ്യോഗിക വസതിയായ ഭക്തിവിലാസത്ത് ചെന്ന് സി.പി.യെ നേരില്‍ കണ്ടു. ''നിങ്ങളെ ഞാന്‍ നശിപ്പിക്കും'' എന്ന ക്ഷോഭം കലര്‍ന്ന പ്രതികരണമാണ് രാമസ്വാമിയില്‍ നിന്നുണ്ടായത്. മൈസൂറിലെ കാപ്പിത്തോട്ടവും പരിമിത വിഭവങ്ങളോടെ ആരംഭിച്ച ബലൂണ്‍ ഫാക്ടറിയും മാമ്മന്‍മാപ്പിളയുടെ കുടുംബത്തിന്റെ ഭദ്രത കെട്ടിപ്പടുക്കാന്‍ വലിയ സഹായമായിത്തീര്‍ന്നു. അവരുടെ നാശം കാണാന്‍ കാത്തിരുന്ന സി.പിയുടെ കണക്കുകൂട്ടല്‍ തെറ്റി. സി.പി. ചുട്ടുകരിച്ച ചാരത്തില്‍ നിന്ന് ബലൂണ്‍ ഫാക്ടറി വളര്‍ന്ന് മദ്രാസ് റബര്‍ ഫാക്ടറി എന്ന ലോകോത്തരമായ എം.ആര്‍.എഫ് കമ്പനിയായിത്തീര്‍ന്നു.
മനോരമ പൂട്ടുമ്പോള്‍ കോട്ടയത്ത് ദീപിക മാത്രമേ മറ്റൊരു പത്രമായി ഉണ്ടായിരുന്നുള്ളൂ. മനോരമയുടെ ഏഴായിരം കോപ്പി പ്രചാരത്തില്‍ കണ്ണുവച്ച് 'പൗരപ്രഭ' വന്നു. പിന്നെ 'പൗരധ്വനി' ഉണ്ടായി. 'കേരള ഭൂഷണം' തുടങ്ങി. ഇന്ത്യയ്ക്ക് ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ തന്നെ തിരുവിതാംകൂര്‍ ഒരു സ്വതന്ത്രരാജ്യമായി മാറുമെന്ന് സി.പി. പ്രഖ്യാപിച്ചിരുന്നു. ചില ഉപാധികളോടെ മനോരമ പുനഃപ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നതാണെന്ന് ദൂതന്‍ വഴി സി.പി. അറിയിച്ചെങ്കിലും മാമ്മന്‍മാപ്പിളയ്ക്കും മകന്‍ ചെറിയാനും ആ ഉപാധികള്‍ സ്വീകാര്യമായിരുന്നില്ല. നാടുവിട്ടിട്ടും മനസ്സമാധാനം തരില്ലെന്ന തോന്നലായിരുന്നു സി.പി. അവരില്‍ ഉണ്ടാക്കിയത്. മറുപടിക്കുള്ള സമയ കാലാവധി അവസാനിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് 1947 ജൂലായ് 25-ാം തീയതി കെ. ചിദംബരം സുബ്രഹ്മണ്യ അയ്യര്‍ എന്ന കെ.സി.എസ്. മണി ദിവാന്‍ സി.പി. രാമസ്വാമി അയ്യരെ വെട്ടി. മൂക്കിനു വെട്ടിയെന്നാണ് നാട്ടില്‍ പ്രചരിച്ചത്. ഔദ്യോഗികരേഖ പ്രകാരം സി.പിയുടെ കഴുത്തില്‍ നാലു പ്രാവശ്യം വെട്ടിയെന്നും കൈകൊണ്ടു തടുത്തതിനാല്‍ കവിളിലും കഴുത്തിലും കൈവിരലുകളിലും നിസ്സാരമല്ലാത്ത ഏഴ് മുറിവുണ്ടാക്കിയെന്നും ആണ് വിവരം. ജനറല്‍ ആശുപത്രിയില്‍ രാത്രി അടിയന്തിര ശസ്ത്രക്രിയയ്ക്ക് സി.പി. വിധേയനായി. പേട്ട വെടിവയ്പില്‍ രാജേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥി മരിച്ചതിന്റെ പിറ്റേന്നായിരുന്നു സി.പി.ക്കു വെട്ടേറ്റത്. രാജേന്ദ്രന്റെ ജീവന്‍ രക്ഷിക്കാന്‍ ദിവാന്റെ ഉത്തരവ് പ്രകാരം മദ്രാസില്‍ നിന്ന് വരുത്തി സൂക്ഷിച്ചിരുന്ന പെന്‍സിലിന്‍ സി.പി.യുടെ ചികിത്സയ്ക്ക് ഉപകരിച്ചു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും സി.പി.യുടെ ആത്മവിശ്വാസവും ധൈര്യവും ചോര്‍ന്നുപോയി. അമേരിക്കന്‍ മോഡല്‍ ഭരണവും സ്വതന്ത്ര തിരുവിതാംകൂര്‍ വാദവും ഉപേക്ഷിച്ച് ആഗസ്റ്റ് പത്തൊമ്പതാം തീയതി സി.പി. മദ്രാസിലേക്കു മടങ്ങി. തിരുവിതാംകൂറില്‍ പൂര്‍ണ്ണ ഉത്തരവാദ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ട് പിറ്റേ ദിവസം രാജാവ് വിളംബരം ഇറക്കി. മനോരമയുടെ പ്രസ്സും കെട്ടിടവും ഉടമകള്‍ക്കു തിരിച്ചുകിട്ടി. ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മനോരമ ദിനപ്പത്രം 1947 നവംബര്‍ 29-ാം തീയതി വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി. കെ.സി. മാമ്മന്‍മാപ്പിള 'ദീര്‍ഘ ബന്ധനത്തിനു ശേഷം' എന്ന തലക്കെട്ടില്‍ അന്ന് എഴുതിയ മുഖപ്രസംഗത്തില്‍ ഇങ്ങനെ വായിക്കാം, ''ജീവിതത്തിന്റെ സായാഹ്നത്തിലെത്തി എഴുപത്തഞ്ചു വയസ്സിനോടടുത്ത പടിയില്‍ കാല്‍ചവുട്ടി നില്‍ക്കുന്ന എന്നെക്കൊണ്ട് പത്രപ്രവര്‍ത്തന സംബന്ധമായ ഇത്തരം ഭാരമേറിയ ചുമതലകള്‍ വേണ്ടവിധം ഭംഗിയായോ ദീര്‍ഘകാലത്തേക്കോ വഹിക്കാന്‍ സാധിക്കുമെന്നു ഞാനോ മറ്റാരെങ്കിലുമോ പ്രതീക്ഷിക്കേണ്ടതില്ലല്ലോ...''
പത്രത്തിന്റെ പുനര്‍ജന്മ സൗഭാഗ്യത്തില്‍ സന്തോഷിക്കുമ്പോഴും ഇനി മനോരമയെ നയിക്കേണ്ടത് തന്റെ അനന്തര തലമുറയാണെന്ന വസ്തുതയുടെ വെളിപ്പെടുത്തലും സ്വയം പിന്‍വാങ്ങുന്നു എന്ന അറിയിപ്പും ഈ വാചകത്തിലുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്ന് കമ്മ്യൂണിസ്റ്റ് ആശയവാദികള്‍ വേര്‍പെട്ട് പ്രത്യേകം പ്രത്യേകം പാര്‍ട്ടികളായി ചേരിപിരിഞ്ഞ കാലമായിരുന്നു അത്. കെ.സി. മാമ്മന്‍മാപ്പിളയും മനോരമയും കമ്മ്യൂണിസത്തിന്റെ കടുത്ത ശത്രുക്കളായി കരുതപ്പെട്ടുപോന്നു. അദ്ദേഹത്തിന്റെ പേരില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ആരോപണമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് കെ.സി. മാമ്മന്‍മാപ്പിള പറഞ്ഞിട്ടുണ്ടെന്നാണ് കേള്‍വി. അങ്ങനൊരു പ്രതിജ്ഞയൊന്നും മാമ്മന്‍ മാപ്പിള എടുത്തിട്ടില്ലെന്ന് കെ.എം. മാത്യു വസ്തുത വെളിപ്പെടുത്തിക്കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. ആത്മമിത്രമായിരുന്ന പി.ടി. പുന്നൂസുമായി നടത്തിയ ഒരു സംഭാഷണവേളയില്‍ മാമ്മന്‍മാപ്പിള ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ''നിങ്ങളുടെ പാര്‍ട്ടി ഇവിടെ അധികാരത്തില്‍ വന്നാല്‍ ഞങ്ങള്‍ ബുദ്ധിമുട്ടും.''
''അതെന്താ?'' - പുന്നൂസ് ചോദിച്ചു.
''നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എന്നെ ജയിലില്‍ പിടിച്ചിടും. ഞാന്‍  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരാണല്ലോ. നിങ്ങള്‍ പറയുന്നതുമാത്രം വായിക്കണം. എഴുതണം. റഷ്യയിലൊക്കെ അങ്ങനാണ്. ഇഷ്ടമുള്ളതു വായിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പറ്റാത്ത സാഹചര്യമുണ്ടായാല്‍ ഈ ലോകം ജീവിക്കാന്‍ കൊള്ളാതാകും. പിന്നെ ആത്മഹത്യ ചെയ്യുന്നതാകും നല്ലത്.'' മാമ്മന്‍ മാപ്പിള വിശദീകരിച്ചു. ഈ സംഭാഷണം കഴിഞ്ഞ് പുന്നൂസ് അന്നു വൈകീട്ട് കോട്ടയം തിരുനക്കര മൈതാനത്തു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊതുയോഗത്തില്‍ പ്രസംഗിച്ചപ്പോള്‍ മനോരമയുടെ ഉടമയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം വെളിപ്പെടുത്തി. അത് അദ്ദേഹത്തിന്റെ പ്രതിജ്ഞാവാചകമായി പ്രചരിക്കുകയും ചെയ്തു. എങ്കിലും മനോരമയുടെ സൂക്ഷ്മ വായനക്കാരില്‍ വലിയൊരു വിഭാഗം കമ്മ്യൂണിസ്റ്റുകാരാണ്. പ്രത്യേകിച്ച് ഉത്തരകേരളത്തില്‍. കുത്തക പത്രമെന്നും റബര്‍ പത്രമെന്നും കമ്മ്യൂണിസ്റ്റ് പ്രചരണ ജിഹ്വകള്‍ മനോരമയെ ആക്ഷേപിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശപൂര്‍വം മനോരമ വാങ്ങി വായിച്ച് പ്രോത്സാഹിപ്പിച്ചതിന്റെ മനഃശ്ശാസ്ത്രം വിചിത്രമാണ്.
1953 ഡിസംബര്‍ 31-ാംതീയതി പാതിരാത്രി കെ.സി. മാമ്മന്‍ മാപ്പിളയുടെ ഇതിഹാസ തുല്യമായ ജീവിതം ഒരു ക്രിയാകാലം പൂര്‍ത്തിയാക്കിയതുപോലെ അസ്തമിച്ചു. വീട്ടില്‍ പതിവായി ബനിയനും മുണ്ടും ധരിക്കാറുള്ള അദ്ദേഹം അന്ന് രാത്രി എവിടെയോ പോകാന്‍ ഒരുങ്ങിയതുപോലെ അലക്കിവെളുപ്പിച്ച വെള്ള ഷര്‍ട്ടു ധരിച്ചു. മകന്‍ കെ.എം. ചെറിയാനെ വിളിച്ച് മനോരമയൊരു പബ്ലിക് ട്രസ്റ്റ് ആണെന്ന ഉപദേശം നല്‍കിയതും ആ രാത്രിയിലായിരുന്നു. തന്റെ അന്ത്യയാത്രയെക്കുറിച്ച് കെ.സി. മാമ്മന്‍ മാപ്പിളയ്ക്ക് എന്തെങ്കിലും വെളിപാടുണ്ടായിരുന്നോ എന്ന തോന്നല്‍ ഈ സംഭവങ്ങളെല്ലാം ബന്ധുക്കളില്‍ ഉണര്‍ത്തി. നിര്യാതനാകുമ്പോള്‍ അദ്ദേഹത്തിന് എണ്‍പതു വയസ്സായിരുന്നു.
സി.പി.യെ വധിക്കാന്‍ ശ്രമിച്ചത് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളായിരുന്നു എന്നാണ് വയ്പ്. ആര്‍.എസ്.പി. നേതാവ് എന്‍. ശ്രീകണ്ഠന്‍ നായരുടെ ഉത്തമ ശിഷ്യനായിരുന്നു കെ.സി.എസ്. മണി. മനോരമയിലെ ആര്‍ക്കെങ്കിലും അതില്‍ പങ്കുണ്ടായിരുന്നോ എന്ന് സംശയിക്കാവുന്നതാണ്. സംഭവത്തിന് ഏതാനും നാള്‍ മുമ്പ് ശ്രീകണ്ഠന്‍ നായര്‍ ഒരു കത്തെഴുതി കെ.സി. മാമ്മന്‍ മാപ്പിളയുടെ അടുത്തേക്ക് ഒരാള്‍വശം കൊടുത്തയച്ചു. അയാള്‍ക്ക് അഞ്ഞൂറു രൂപ നല്‍കണമെന്നും ബോംബെയില്‍ നിന്ന് ഒരു തോക്ക് വാങ്ങാനാണെന്നുമായിരുന്നു കത്തിലെ വാചകം. ആ പണം നല്‍കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് മറ്റൊരു കത്ത് നല്‍കി മാമ്മന്‍ മാപ്പിള അയാളെ ബോംബെയിലേക്ക് അയച്ചു. ബോംബെയിലെത്തിയപ്പോഴേക്കും 500 രൂപ നല്‍കേണ്ടിയിരുന്നയാള്‍ ദൂരയാത്രയ്ക്കുപോയിരുന്നു. അതിനാല്‍ തോക്ക് വാങ്ങാന്‍ പറ്റിയില്ല. സി.പി.ക്ക് വെടിയേറ്റു മരിക്കാന്‍ യോഗവും ഉണ്ടായില്ല. മണിയുടെ വെട്ടുകത്തി നാലു തവണ സി.പി.യുടെ കഴുത്തിലേക്ക് ഓങ്ങിയെങ്കിലും വഴുതിപ്പോകുകയും ചെയ്തു. 1966ല്‍ സി.പി. നിര്യാതനായപ്പോള്‍ മനോരമയുടെ മുഖപ്രസംഗത്തില്‍ എത്ര ഔദാര്യപൂര്‍വം അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നു എന്ന് നോക്കുക: ''ഇന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളായ പ്രശസ്ത സന്താനങ്ങളിലൊരാളാണ് ഡോ. സി.പി. രാമസ്വാമി അയ്യരുടെ നിര്യാണം മൂലം നഷ്ടപ്പെട്ടിരിക്കുന്നത്. പാണ്ഡിത്യം, കഴിവ്, വാചാലത, ഭരണസാമര്‍ത്ഥ്യം, ഭാവനാശക്തി, കര്‍മ്മനിരതത്വം, ബുദ്ധിവൈഭവം മുതലായവയില്‍ അദ്ദേഹത്തിനൊപ്പമോ സമീപമോ പോലുമെത്തുന്ന നേതാക്കന്മാര്‍ ഇന്ത്യയില്‍ ദുര്‍ലഭമായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിപരമായി ഒന്നുമില്ല...'' മരിച്ച ശത്രുവില്‍ മനോരമ മഹത്വം മാത്രം കാണുന്നു. അതാണ് കെ.സി. മാമ്മന്‍ മാപ്പിളയുടെ പാരമ്പര്യം.
കോട്ടയം നഗരസഭ സി.പിയുടെ അറുപതാം പിറന്നാള്‍ സ്മാരകമായി നിര്‍മ്മിച്ച 'സചിവോത്തമ ഉദ്യാനം' ഇന്നില്ല. അവിടെ മാമ്മന്‍ മാപ്പിള സ്മാരക ഹാള്‍ ഉയര്‍ന്നു. അത് മനോരമയുടെ ഒരു മധുര പ്രതികാരം. 

പി. സുജാതന്‍