Error message

ന്യൂ വേവ്സ്‌

ജോസഫ്‌ ആന്റണി

ഇന്ന്‌ ലോകത്ത്‌ ഏറെ വാർത്തകൾ പ്രത്യക്ഷപ്പെടുന്നതും പല ചലനങ്ങളും സൃഷ്ടിക്കുന്നതും ന്യൂമീഡീയ എന്നും സോഷ്യൽ മീഡിയ എന്നുമൊക്കെ അറിയപ്പെടുന്ന സൈറ്റുകളിലെ ജനങ്ങളുടെ നേരിട്ടുള്ള ഇടപെടലുകളിലൂടെയാണ്‌. ഈ രംഗത്തെ പുതിയ സംഭവവികാസങ്ങളെ പരിചയപ്പെടുത്തുകയാണ്‌ ഈ പംക്തിയിലൂടെ

പത്തിലെത്തുന്ന മലയാളം വിക്കിപീഡിയ

കേരളത്തിൽ ചാലക്കുടി പുഴയിൽ മാത്രം കാണപ്പെടുന്ന ‘നെടും കൽനക്കി’യെന്ന ശുദ്ധജല മത്സ്യത്തിന്‌ ഡിജിറ്റൽലോകത്ത്‌ എന്താണ്‌ പ്രസക്തി? അലങ്കാരമത്സ്യമെന്ന നിലയ്ക്ക്‌ അന്താരാഷ്ട്ര വിപണിയിലേക്ക്‌ കയറ്റി അയയ്ക്കപ്പെടുന്ന ഈ മത്സ്യം കടുത്ത വംശനാശ ഭീഷണിയിലാണ്‌ എന്നകാര്യം അതിന്‌ ഡിജിറ്റൽലോകത്ത്‌ എന്തെങ്കിലും പ്രത്യേകത നൽകുന്നില്ല. കാരണം, ലോകത്ത്‌ നൂറുകണക്കിന്‌ ജീവിവർഗങ്ങൾ ഇത്തരത്തിൽ ഭീഷണി നേരിടുന്നുണ്ട്‌.
‘ട്രാവൻകോറിയ ഇലോൻഗേറ്റ’ (Travancoria elongata) എന്ന്‌ ശാസ്ത്രനാമമുള്ള ഈ മത്സ്യത്തെക്കുറിച്ചൊരു ചെറുലേഖനം, Irvin_calicut   എന്ന യൂസർ 2012 ജൂലായ്‌ 23 ന്‌ എഴുതിയതോടെ, മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 25000 തികഞ്ഞു. അങ്ങനെയാണ്‌ മലയാളം വിക്കിപീഡിയയുടെ ചരിത്രത്തിലും അതുവഴി ഡിജിറ്റൽലോകത്തും നെടും കൽനക്കിയെന്ന മത്സ്യം സ്ഥാനംനേടുന്നത്‌! 
മലയാളം വിക്കിപീഡിയ. 25000 ലേഖനങ്ങൾ. മലയാളത്തിലെ ഏറ്റവും വലിയ ഡേറ്റാബേസുകളിലൊന്ന്‌. മലയാളഭാഷയുടെ ഭാവി നിശ്ചയിക്കുന്ന ഡിജിറ്റൽ രേഖപ്പെടുത്തൽ. ഡിജിറ്റൽലോകത്തും മലയാളം അതിന്റെ അടയാളം പതിപ്പിക്കണം എന്നാഗ്രഹിക്കുന്നവരെ ആഹ്ലാദിപ്പിക്കുന്ന മുന്നേറ്റം.
കാൽലക്ഷം ലേഖനങ്ങൾ തികഞ്ഞു എന്നത്‌ മാത്രമല്ല മലയാളം വിക്കിപീഡിയ സംബന്ധിച്ച്‌ ഇപ്പോഴത്തെ പ്രത്യേകത. വിക്കിപീഡിയയെന്ന ആഗോളസംരംഭത്തിന്റെ ചുവടുപിടിച്ച്‌ അതിന്റെ മലയാളം പതിപ്പിന്‌ തുടക്കംകുറിച്ചിട്ട്‌ ഈ ഡിസംബറിൽ പത്തുവർഷം തികയുന്നു എന്നതും ശ്രദ്ധേയമാണ്‌. മലയാളികൾ മലയാളം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ്‌, ബാലാരിഷ്ടതകളുടെ കഠിനദിനങ്ങൾ താണ്ടി, മലയാളം വിക്കിപീഡിയ വളർച്ചയുടെ പാതയിലൂടെ പത്തുവർഷം പിന്നിടുന്നത്‌.
മലയാളത്തെ ഉപജീവിച്ച്‌ കഴിയുന്ന കേരളത്തിലെ മാധ്യമങ്ങളുടെയോ അക്കാദമിക്‌ വിദഗ്ധരുടെയോ ബുദ്ധിജീവികളുടയോ ഒന്നും കാര്യമായ പങ്കില്ലാതെയാണ്‌ - ഒരു പരിധിവരെ അവഗണ ഏറ്റുവാങ്ങിയാണ്‌ - ഡിജിറ്റൽ മലയാളം ഈ നാഴികക്കല്ല്‌ പിന്നിടുന്നത്‌.
സ്വന്തംഭാഷയിൽ വിജ്ഞാനവിനിമയം സാധ്യമാകണമെന്നാഗ്രഹിക്കുന്ന, എന്നാൽ പ്രതിഫലമോ പ്രശസ്തിയോ ആഗ്രഹിക്കാത്ത, ഒരുകൂട്ടം സന്നദ്ധപ്രവർത്തകരോടാണ്‌ നമ്മൾ ഇതിന്‌ കടപ്പെട്ടിരിക്കുന്നത്‌. ‘വിക്കിപീഡിയർ’ എന്നറിയപ്പെടുന്ന അവരിൽ മിക്കവരും സ്വന്തം പേരുപോലും പുറത്തറിയാൻ ആഗ്രഹിക്കാത്തവരാണെന്നറിയുക.

അൽപ്പം ചരിത്രം
വിജ്ഞാനം സ്വതന്ത്രമായിരിക്കണം എന്നതാണ്‌ വിക്കിപീഡിയയ്ക്ക്‌ പിന്നിലുള്ള ദർശനം. ആ ദർശനത്തിന്റെ പിൻബലം പറ്റി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നവമാധ്യമ സാധ്യതയുടെ കരുത്തിലാണ്‌ വിക്കിപീഡിയ വളർന്നത്‌.
വിക്കിപീഡിയയിൽ ആ വിജ്ഞാനകോശത്തിന്‌ നൽകിയിരിക്കുന്ന നിർവചനം ഇതാണ്‌ :  ‘ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയുള്ള, സൗജന്യവും കൂട്ടായി എഡിറ്റുചെയ്യപ്പെടുന്നതുമായ ബഹുഭാഷാ ഇന്റർനെറ്റ്‌ വിജ്ഞാനകോശമാണ്‌ വിക്കിപീഡിയ’.
ഓൺലൈനിൽ അനായാസം സഹകരിക്കാനും കൂട്ടായി ഉള്ളടക്കം സൃഷ്ടിക്കാനും വഴിയൊരുക്കുന്ന ‘വിക്കി’ സോഫ്ട്‌വേർ എന്ന ആശയത്തിന്റെയും, അതിന്റെ ചുവടുപിടിച്ച്‌ രംഗത്തെത്തിയ വിക്കിപീഡിയ എന്ന ഓൺലൈൻ വിജ്ഞാനകോശത്തിന്റെയും ഉത്ഭവചരിത്രം സുരക്ഷിതമായി ആരംഭിക്കാനുള്ള മാർഗം, റിച്ചാർഡ്‌ സ്റ്റാൾമാന്റെ നേതൃത്വത്തിൽ 1980 കളുടെ പകുതിയിൽ ആരംഭിച്ച സ്വതന്ത്ര സോഫ്ട്‌വേർ പ്രസ്ഥാനത്തിൽ നിന്ന്‌ തുടങ്ങുക എന്നതാണ്‌.
യു.എസിലെ അലബാമയിൽ ഹ്സ്‌വില്ലി സ്വദേശിയും സ്വതന്ത്ര സോഫ്ട്‌വേർ പ്രസ്ഥാനത്തിൽ ആകൃഷ്ടനുമായ സാമ്പത്തിക വിദഗ്ധൻ ജിമ്മി ഡൊണാൽ ‘ജിമ്പോ’ വെയ്‌ല്സ്‌, ജിമ്മി വെയ്ൽസുമായി ദാർശിക സമസ്യകളെപ്പറ്റി ഓൺലൈനിൽ തർക്കിക്കാനെത്തിയ വാഷിങ്ങ്ടൺ സ്വദേശിയായ ലാറി സേഞ്ചർ, പരസ്പരസഹകരണത്തിന്റെ ഹരം ഇന്റർനെറ്റ്‌ യുഗത്തിന്‌ മുമ്പ്‌ അമേച്വർ ഹാം റേഡിയോ പ്രക്ഷേപണം വഴി തലയ്ക്കുപിടിച്ച ഇന്ത്യാന സ്വദേശി വാർഡ്‌ ഹണ്ണിങ്ഹാം - ഈ മൂന്നുപേരാണ്‌ വിക്കിപീഡിയയുടെ ഉത്ഭവചരിത്രത്തിലെ മുഖ്യകഥാപാത്രങ്ങൾ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമുണ്ടായ ഡോട്ട്കോം പ്രളയത്തിൽ അമേരിക്കയിൽ പിറവിയെടുത്ത ഒട്ടേറെ ഐടി കമ്പനികളിൽ ഒന്നായിരുന്നു ‘ബോമിസ്‌’ (Bomis, Inc.). ടിം ഷെൽ എന്ന സുഹൃത്തുമായി ചേർന്ന്‌ ജിമ്മി വെയ്‌ല്സ്‌ രൂപംനൽകിയതാണ്‌ ബോമിസ്‌. ഓൺലൈനിലൂടെ അഡൾട്ട്‌ ചിത്രങ്ങൾ വിറ്റിരുന്ന ബോമിസിന്‌ ‘ഓൺലൈൻ പ്ലേബോയ്‌’ എന്ന്‌ ഇരട്ടപ്പേരുണ്ടായിരുന്നു.
ജിമ്മി വെയ്ൽസിന്റെ മനസിൽ മുമ്പേയുണ്ടായിരുന്ന ഓൺലൈൻ വിജ്ഞാനകോശമെന്ന ആശയം യാഥാർഥ്യമാക്കാൻ ബോമിസ്‌ അവസരമൊരുക്കി. 1985 മാർച്ചിൽ റിച്ചാർഡ്‌ സ്റ്റാൾമാൻ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഐതിഹാസിക ‘ഗ്നു മാനിഫെസ്റ്റോ’ (GNU Manifesto) യിൽ ആകൃഷ്ടരായവരിൽ ഒരാൾ ജിമ്മി വെയ്‌ല്സ്‌ ആയിരുന്നു. അതിന്റെ ചുവടുപിടിച്ച്‌ പുതിയ ഓൺലൈൻ വിജ്ഞാനകോശത്തിന്‌ ‘ന്യൂപീഡിയ’ (Nupedia) എന്ന്‌ പേരിട്ടു.
അന്ന്‌ ഓഹായോ സ്റ്റേറ്റ്‌ യൂണിവേഴ്സിറ്റിയിൽ ഫിലോസൊഫിയിൽ ഡോക്ടറൽ വിദ്യാർഥിയായിരുന്ന ലാറി സേഞ്ചറെ ന്യൂപീഡിയയുടെ ചീഫ്‌ എഡിറ്ററായി ജിമ്മി വെയ്‌ല്സ്‌ ക്ഷണിച്ചു. സൂക്ഷ്മതയോടെ പരിശോധിക്കപ്പെടുന്ന ഓൺലൈൻ വിജ്ഞാനകോശം എന്ന നിലയ്ക്കാണ്‌ 2000 മാർച്ച്‌ 9ന്‌ ന്യൂപീഡിയ അവതരിപ്പിക്കപ്പെട്ടത്‌. വിവിധ വിഷയങ്ങളിൽ ലേഖനങ്ങളെഴുതാൻ വിദഗ്ധരെയും ക്ഷണിച്ചു. പരസ്യങ്ങൾ വഴി പണമുണ്ടാക്കാം എന്നായിരുന്നു പ്രതീക്ഷ.
ന്യൂപീഡിയയുടെ ഒരു പാർശ്വസംരംഭമായാണ്‌ ലോകത്തെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനമായ ‘വിക്കിപീഡിയ’ പിറവിയെടുത്തത്‌. വിദഗ്ധർ ഉള്ളടക്കം സംഭാവന ചെയ്യുന്നതിന്‌ പകരം, ആർക്കും എഴുതുകയും തിരുത്തുകയും ചെയ്യാവുന്ന ഓൺലൈൻ സംരംഭം എന്ന നിലയ്ക്കാണ്‌ വിക്കിപീഡിയ വിഭാവനം ചെയ്യപ്പെട്ടത്‌. വിക്കിപീഡിയയിൽ നിന്ന്‌ ന്യൂപീഡിയയ്ക്ക്‌ ലേഖനങ്ങൾ കിട്ടുമെന്ന്‌ കരുതി.
വിക്കിപീഡിയ തുടങ്ങാൻ 1995ൽ വാഡ്‌ കണ്ണിങ്ഹാം രൂപപ്പെടുത്തിയ വിക്കി സോഫ്ട്‌വേർ തുണയായി.
തന്റെ പഴയ സുഹൃത്തുക്കളിലൊരാളായ ബെൻ കോവിറ്റ്സിൽ നിന്നാണ്‌ 2001 ജനവരി രണ്ടിന്‌ ‘വിക്കിവിക്കിവെബ്ബ്‌’ എന്ന പ്രോഗ്രാമിനെക്കുറിച്ച്‌ സേഞ്ചർ ആദ്യമായി കേൾക്കുന്നത്‌. ആ ആശയം ജിമ്മി വെയ്ൽസിനും ആവേശമേകി. വെറും 13 ദിവസത്തിന്‌ ശേഷം, ജനവരി 15ന്‌ വിക്കിപീഡിയ നിലവിൽ വന്നു (ന്യൂപീഡിയയുടെ പോഷകപദ്ധതി എന്ന നിലയ്ക്കാണ്‌ വിക്കിപീഡിയ വന്നതെങ്കിലും, 2003ൽ ന്യൂപീഡിയ പൂട്ടി).

വിക്കിപീഡിയ യുഗം
U എന്ന ഇംഗ്ളീഷ്‌ അക്ഷരത്തെക്കുറിച്ചുള്ള ലേഖനത്തോടെയായിരുന്നു വിക്കിപീഡിയ യുഗത്തിന്റെ ആരംഭം.
ശരിക്കും കാലം കാത്തിരുന്ന പദ്ധതിയായിരുന്നു അത്‌. ആർക്കും വിവരം ചേർക്കാവുന്ന, ആർക്കും തിരുത്താവുന്ന, ആർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന, ആരുടെയും സ്വന്തമല്ലാത്ത, എന്നാൽ എല്ലാവർക്കും സ്വന്തമായ, സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശം. വിക്കിപീഡിയ വേഗം ശ്രദ്ധ നേടി.
ചീഫ്‌ എഡിറ്റർ എന്ന നിലയ്ക്ക്‌ സേഞ്ചർ മുന്നോട്ടുവെച്ച മാനദണ്ഡങ്ങളാണ്‌ വിക്കിപീഡിയ നിഷ്പക്ഷമായി നിലനിർത്താനും, അതിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക്‌ കരുത്തേകാനും തുണയായത്‌. പക്ഷേ, സേഞ്ചർ അധികകാലം വിക്കിപീഡിയയുടെ ചുമതലയിൽ തുടർന്നില്ല. ബോമിസ്‌ കമ്പനിയുടെ സാമ്പത്തിക തകർച്ച സേഞ്ചർ വിക്കിപീഡിയ വിടേണ്ട അവസ്ഥ സംജാതമാക്കി. മാത്രമല്ല, ജിമ്മി വെയ്ൽസും സേഞ്ചറും തമ്മിലുണ്ടായ അഭിപ്രായഭിന്നതകളും രൂക്ഷമായി. 2002 ഫിബ്രവരിയിൽ സേഞ്ചർ വിക്കിപീഡിയയുടെ ചീഫ്‌ എഡിറ്റർ പദവിയൊഴിഞ്ഞു.
ഭരണപരമായ ഇത്തരം പ്രശ്നങ്ങളൊന്നും പക്ഷേ, വിക്കിപീഡിയയുടെ മിന്നൽവേഗത്തിലുള്ള വളർച്ചയ്ക്ക്‌ തടസ്സമായില്ല. ഇംഗ്ളീഷ്‌ ഭാഷയിൽ ആരംഭിച്ച വിക്കിപീഡിയ, 2001 അവസാനമാകുമ്പോഴേക്കും മറ്റ്‌ 18 ഭാഷകളിലേക്ക്‌ വ്യാപിച്ചു. 2004 അവസാനമാകുമ്പോഴേക്കും 161 ലോകഭാഷകളിൽ വിക്കിപീഡിയ എത്തി!
2012 ആഗസ്തിലെ കണക്ക്‌ പ്രകാരം 285 ലോകഭാഷകളിൽ വിക്കിപീഡിയ പതിപ്പുകളുണ്ട്‌. ആകെ 220 ലക്ഷം ലേഖനങ്ങൾ. അതിൽ 40 ലക്ഷത്തിലേറെ ലേഖനങ്ങൾ ഇംഗ്ളീഷ്‌ വിക്കിപീഡിയയിലാണ്‌. പതിവായി സംഭവനചെയ്യുന്ന ഒരുലക്ഷം സന്നദ്ധപ്രവർത്തകർ വിക്കിപീഡിയയ്ക്ക്‌ പിന്നിൽ പ്രവർത്തിക്കുന്നു. അതിൽ പണ്ഡിതരും സാധാരണക്കാരും, വിദ്യാർഥികളും, വീട്ടമ്മമാരും, പ്രൊഫഷണലുകളുമെല്ലാം ഉൾപ്പെടുന്നു.
ജനറൽ റഫറൻസിന്‌ ആളുകൾ ആശ്രയിക്കുന്ന ഇന്റർനെറ്റിലെ ഏറ്റവും വലിയ വിവരശേഖരമായി വിക്കിപീഡിയ പരിണമിച്ചിരിക്കുന്നു. ‘അലക്സ’യുടെ കണക്കുപ്രകാരം ലോകത്ത്‌ ഏറ്റവുമധികം പേർ സന്ദർശിക്കുന്ന ഇന്റർനെറ്റ്‌ സൈറ്റുകളിൽ ആറാംസ്ഥാനമാണ്‌ വിക്കിപീഡിയയ്ക്ക്‌. 36.5 കോടി വായനക്കാർ വിക്കിപീഡിയയ്ക്കുണ്ടെന്ന്‌ അലക്സ വിലയിരുത്തുന്നു.
ഏറ്റവും വലിയ വിവരശേഖരം മാത്രമല്ല, പ്രമുഖ വാർത്താസ്രോതസ്സായും ഇപ്പോൾ വിക്കിപീഡിയയെ പലരും കാണുന്നു. കാരണം അത്ര വേഗത്തിലാണ്‌ അതിൽ വിവരങ്ങൾ ചേർക്കപ്പെടുന്നത്‌. ഒരുപക്ഷേ, ട്വിറ്റർ പോലുള്ള സോഷ്യൽമീഡിയ സൈറ്റുകളിൽ വിവരങ്ങൾ ചേർക്കപ്പെടുന്ന അതേ വേഗത്തിൽ വിക്കിപീഡിയയിലും പുതിയ സംഭവങ്ങൾ പ്രത്യക്ഷപ്പെടുന്നു. പ്രിന്റ്‌ രൂപത്തിലുള്ള ഒരു വിജ്ഞാനകോശത്തിന്‌ ഒരിക്കലും സാധ്യമാകാത്ത സംഗതി.
ആർക്കും വിവരം ചേർക്കാവുന്ന, ആർക്കും തിരുത്താവുന്ന ഒരു ഓൺലൈൻ സംരംഭത്തിന്‌ എത്ര വിശ്വാസ്യതയുണ്ടാകും? പലരെയും ഈ ചോദ്യം അലട്ടാറുണ്ട്‌.
ലോകത്തെ ഏറ്റവും പ്രശസ്ത ശാസ്ത്രജേർണലായ ‘നേച്ചർ’ വർഷങ്ങൾക്ക്‌ മുമ്പ്‌ ഈ ചോദ്യം പരിഗണനയ്ക്കെടുക്കുകയുണ്ടായി. പ്രൊഫഷണലായി പ്രസിദ്ധീകരിക്കുകയും അതാത്‌ മേഖലയിലെ വിദഗ്ധൻമാർ മാത്രം എഴുതുകയും ചെയ്യുന്ന ‘എൻസൈക്ളൊപ്പീഡിയ ബ്രിട്ടാണിക്ക’യിലെയും വിക്കിപീഡിയയിലെയും ശാസ്ത്രലേഖനങ്ങളിലെ പിശകുകൾ വിശകലനം ചെയ്തായിരുന്നു പഠനം. 2005 ഡിസംബറിൽ പ്രസിദ്ധീകരിച്ച ആ പഠനഫലം പലരെയും അത്ഭുതപ്പെടുത്തി. പിശകുകളുടെ കാര്യത്തിൽ ‘ബ്രിട്ടാണിക്ക’യും വിക്കിപീഡിയയും എതാണ്ട്‌ ‘കട്ടക്കട്ട’ നിൽക്കുമെന്നായിരുന്നു അത്‌! എന്നുവെച്ചാൽ, ‘ബ്രിട്ടാണിക്ക’യുടെ അതേ ശരികൾ തന്നെയാണ്‌ വിക്കിപീഡിയയിലും എന്ന്‌.

ഫ്രീ എന്നാൽ ഫ്രീഡം
ജീവിതത്തിന്റെ നാനാതുറകളിൽപെട്ട ഒരുലക്ഷത്തിലേറെപ്പേർ വിക്കിപീഡിയയ്ക്കുവേണ്ടി സന്നദ്ധസേവനം ചെയ്യാൻ തയ്യാറാകുന്നതിന്‌ പിന്നിലെ ചേതോവികാരമെന്താണ്‌? ഇക്കാര്യത്തെ പലവിധത്തിൽ സമീപിക്കാനാകും. ഒരു വിജ്ഞാനകോശത്തിൽ എഴുതാൻ കഴിയുക എന്നത്‌ ചെറിയ സംഗതിയല്ല. അതൊരുതരം ത്രില്ലാണ്‌, ബൗദ്ധികമായ ഏർപ്പാട്‌. ബൗദ്ധികമായ ഏർപ്പാടെന്നാൽ ജീവിതത്തിന്‌ കൂടുതൽ അർഥമുണ്ടാക്കുന്ന പ്രവർത്തനം.
‘ഒരു കാര്യത്തെക്കുറിച്ച്‌ എഴുതുകയും അത്‌ ഉടൻതന്നെ മറ്റുള്ളവർക്ക്‌ മുന്നിൽ വായിക്കാൻ ലഭ്യമാകുകയും ചെയ്യുകയെന്നു വെച്ചാൽ, അത്‌ തനിക്ക്‌ ചിലതൊക്കെ അറിയാമെന്ന്‌ ലോകത്തിന്‌ മുന്നിൽ തെളിയിക്കാനുള്ള അവസരമാണ്‌. അത്തരം പ്രവർത്തനം നൽകുന്നത്‌ കറയറ്റ ആഹ്ളാദമാണ്‌‘ - ഒരു അഭിമുഖത്തിൽ ലാറി സേഞ്ചർ പറയുകയുണ്ടായി. ബൗദ്ധികമായ സംതൃപ്തിയും ആഹ്ളാദവുമാണ്‌ പതിനായിരങ്ങളെ വിക്കിപീഡിയയോട്‌ അടുപ്പിച്ച്‌ നിർത്തുന്നത്‌.
സാധാരണഗതിയിൽ ഒരു വെബ്ബ്സൈറ്റിൽ എഴുതാനും, അതിലെ ഉള്ളടക്കം എഡിറ്റു ചെയ്യാനും സങ്കീർണമായ ചില സാങ്കേതിക കടമ്പകളുണ്ട്‌. അതിനാൽ, സാധാരണക്കാർക്ക്‌ അത്‌ അത്ര എളുപ്പമാകാറില്ല. വിക്കിപീഡിയയുടെ കാര്യം തികച്ചും വ്യത്യസ്തമാണ്‌.
’വിക്കിപീഡിയയ്ക്ക്‌ ആവശ്യമായ സാങ്കേതികവിദ്യ താരതമ്യേന ലളിതമാണ്‌. ഒരു ഡേറ്റാബേസ്‌, ഒരു വെബ്ബ്‌ സെർവർ, ഒരു വെബ്ബ്‌ ബ്രൗസർ - ഒപ്പം വിക്കി എഡിറ്റിങ്ങ്‌ ആശയവും‘-ആൻഡ്രു ലിഹ്‌ രചിച്ച ’ദി വിക്കിപീഡിയ റവല്യൂഷൻ‘ എന്ന ഗ്രന്ഥത്തിന്റെ മുഖവുരയിൽ ജിമ്മി വെയ്‌ല്സ്‌ പറയുന്നു.
1995ൽ വാർഡ്‌ കണ്ണിംഹാം ആണ്‌ വിക്കി ആശയം അവതരിപ്പിച്ചത്‌. എന്നുവെച്ചാൽ, ആർക്കും എഡിറ്റുചെയ്യാവുന്ന ഒരു സൈറ്റിന്‌ ആവശ്യമായ സങ്കേതം 1995ൽ തന്നെ നിലവിലുണ്ടായിരുന്നു എന്നർഥം. പക്ഷേ, 2001ൽ മാത്രമാണ്‌ വിക്കിപീഡിയ രംഗത്തെത്തിയത്‌. എന്തുകൊണ്ട്‌? ‘ഇതിന്റെ ഉത്തരം എന്താണെന്ന്‌ ചോദിച്ചാൽ’, ജിമ്മി വെയ്‌ല്സ്‌ പറയുന്നു, ‘വിക്കിപീഡിയ എന്നത്‌ ഒരു സാങ്കേതിക മുന്നേറ്റമേ ആയിരുന്നില്ല, അതൊരു സാമൂഹിക മുന്നേറ്റം (ഇന്നവേഷൻ) ആയിരുന്നു’.
പതിനായിരങ്ങളെ വിക്കിപീഡിയയിലേക്ക്‌ ആകർഷിക്കുന്ന മറ്റൊരു സംഗതി അത്‌ തികച്ചും ഫ്രീ ആണ്‌ എന്നതാണ്‌. ഫ്രീ എന്നത്‌ സൗജന്യം എന്ന കേവല അർഥത്തിൽ സമീപിക്കരുതെന്ന്‌ ജിമ്മി വെയ്‌ല്സ്‌ പറയുന്നു. ‘ഫ്രീ എന്നു പറയുമ്പോൾ ഫ്രീഡം (സ്വാതന്ത്ര്യം) എന്നുവേണം വായിക്കാൻ, അല്ലാതെ സൗജന്യം എന്നല്ല’
‘നാലുതരത്തിലുള്ള സ്വാതന്ത്ര്യം വിക്കിപീഡിയ അതിന്റെ ഉപയോക്താക്കൾക്ക്‌ അനുവദിച്ചു നൽകുന്നു. വിക്കിപീഡിയയിലുള്ളത്‌ പകർത്താനുള്ള സ്വാതന്ത്ര്യം, ഉള്ളടക്കം പരിഷ്ക്കരിക്കാനുള്ള സ്വാതന്ത്ര്യം,  വിക്കിപീഡിയയിലെ ഉള്ളടക്കം മറ്റുള്ളവരുമായി പങ്കിടാനുള്ള സ്വാതന്ത്ര്യം, പരിഷ്ക്കരിച്ച ഉള്ളക്കം പങ്കിടാനുള്ള സ്വാതന്ത്ര്യം... ഇതെല്ലാം നിങ്ങൾക്ക്‌ വാണിജ്യപരമായോ അല്ലാതെയോ ചെയ്യാം’-ജിമ്മി വെയ്‌ല്സ്‌ പറയുന്നു.
ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന വിവരശേഖരങ്ങളിലൊന്നായി വിക്കിപീഡിയ മാറിയത്‌ യാദൃശ്ചികമല്ല എന്നർഥം.

മലയാളത്തിലേക്ക്‌
‘മലയാള അക്ഷരമാല’ എന്ന ലേഖനത്തോടെ മലയാളം വിക്കിപീഡിയ തുടങ്ങി. രണ്ടാമത്തെ ലേഖനമായി ‘ശ്രീനാരായണഗുരു’ ചേർക്കപ്പെട്ടു.
2001ൽ ഇംഗ്ലീഷ്‌ വിക്കിപീഡിയ തുടങ്ങിയതിനൊപ്പം മലയാളമടക്കം പ്രധാനപ്പെട്ട ലോകഭാഷകളിലെല്ലാം വിക്കിപീഡിയ പതിപ്പുകൾ തുടങ്ങാനുള്ള സാങ്കേതിക സംവിധാനം വിക്കിമീഡിയ ഫൗണ്ടേഷൻ ഒരുക്കിയിരുന്നു.
എന്നാൽ, മലയാളം വിക്കിപീഡിയയുടെ എന്തെങ്കിലും പ്രവർത്തനം ആരംഭിക്കുന്നത്‌ 2002 ഡിസംബർ 21 നാണ്‌. അമേരിക്കൻ സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ്‌ മേനോൻ ആദ്യ തിരുത്തൽ നടത്തിയതോടെ (വിക്കിപീഡിയയിലെ ഏത്‌ കൂട്ടിച്ചേർക്കലും ‘തിരുത്തൽ’ എന്നാണ്‌ പറയുന്നത്‌) മലയാളം വിക്കിപീഡിയയുടെ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി.
ആരംഭിക്കുന്ന സമയത്ത്‌ മലയാളം വിക്കിപീഡിയയ്ക്ക്‌ മുന്നിൽ തടസ്സങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബഹുഭൂരിപക്ഷം മലയാളികളും ഡിജിറ്റൽ നിരക്ഷരതയിലാണ്ടു കിടന്ന കാലം. ഡിജിറ്റൽ മലയാളത്തിനാവശ്യമായ എഴുത്തുപകരണങ്ങൾ പോലും കാര്യമായി രംഗത്തെത്തിയിട്ടില്ല. കേരളത്തിലാണെങ്കിൽ, ഡയൽ-അപ്‌ ഇന്റർനെറ്റ്‌ കണക്ഷനുകൾ പോലും വിരളം. കമ്പ്യൂട്ടറുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും താങ്ങാനാവാത്ത വില.
ഇത്തരം കടുത്ത യാഥാർഥ്യങ്ങൾക്ക്‌ നടുവിലാണ്‌, ബാലാരിഷ്ടകൾ വേട്ടയാടാൻ പോകുന്ന മലയാളം വിക്കിപീഡിയയുടെ ജനനം.
രണ്ടുവർഷത്തോളം വിനോദ്‌ മേനോൻ തന്നെ മലയാളം വിക്കിപീഡിയ കൊണ്ടുനടന്നു. അപ്പോഴേക്കും ഇംഗ്ലീഷ്‌ വിക്കിപീഡിയ ലോകമാകെ ശ്രദ്ധനേടാൻ തുടങ്ങിയിരുന്നു. അത്‌ മലയാളം വിക്കിപീഡിയയ്ക്ക്‌ ഗുണംചെയ്തു. ചില വിദേശ മലയാളികൾ മലയാളം വിക്കിപീഡിയ സംരംഭത്തിൽ സഹകരിക്കാനെത്തി. ഇപ്പോഴും മലയാളം വിക്കിക്ക്‌ വേണ്ടി പ്രവർത്തിക്കുന്നതിൽ നല്ലൊരു പങ്ക്‌ കേരളത്തിന്‌ പുറത്തുള്ള മലയാളികളാണ്‌.
മലയാളം വിക്കിപീഡിയയിൽ നൂറു ലേഖനങ്ങൾ തികയാൻ രണ്ടുവർഷമെടുത്തു എന്നു പറയുമ്പോൾ, എത്ര മെല്ലെയാണ്‌ ആ സംരംഭം മുന്നോട്ടുനീങ്ങിയതെന്ന്‌ വ്യക്തമാകും.
2004 മധ്യത്തോടെയാണ്‌ മലയാളം കമ്പ്യൂട്ടിങ്ങ്‌ രംഗത്ത്‌ കാര്യമായ ചില മുന്നേറ്റങ്ങളുണ്ടാകുന്നത്‌. മലയാളഭാഷയിൽ യുണീകോഡ്‌ എഴുത്തുസാമിഗ്രികളും കമ്പ്യൂട്ടർ ലിപിവ്യവസ്ഥകളും സജീവമായി. ഇത്‌ ബ്ലോഗിങ്ങ്‌ എന്ന നവമാധ്യമ സാധ്യതയിലേക്ക്‌ കുറെ മലയാളികളെ ആകർഷിച്ചു. ബ്ലോഗിങ്ങ്‌ വഴി ഓൺലൈനിൽ മലയാളം എഴുതാൻ പഠിച്ച കുറെപ്പേർ മലയാളം വിക്കിപീഡിയയ്ക്കും തുണയായെത്തി.
കൂട്ടായ സംരംഭം എന്നനിലയ്ക്ക്‌ വ്യക്തികൾക്ക്‌ അത്ര പ്രാധാന്യമില്ലെങ്കിലും, മലയാളം വിക്കിപീഡിയയുടെ ചരിത്രം പറയുമ്പോൾ മൻജിത്‌ കൈനിക്കരയെ ഒഴിവാക്കാൻ സാധിക്കില്ല. കമ്പ്യൂട്ടറിന്‌ മലയാളവും വഴങ്ങുമെന്ന്‌ പലരും അത്ഭുതത്തോടെ മനസിലാക്കി തുടങ്ങിയ കാലത്താണ്‌, കേരളത്തിൽ പത്രപ്രവർത്തകനായിരുന്ന മൻജിത്‌ അമേരിക്കയിലെത്തുന്നത്‌. അദ്ദേഹം സജീവമായി ഇടപെട്ടു തുടങ്ങുന്നതോടെയാണ്‌ മലയാളം വിക്കിപീഡിയയുടെ ചരിത്രത്തിലെ പുതിയ ഘട്ടം ആരംഭിക്കുന്നത്‌.
മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കുന്നതിനും കൂടുതൽ പ്രവർത്തകരെ ആ സംരംഭത്തിലേക്ക്‌ ആകർഷിക്കുന്നതിനും മൻജിത്‌ നടത്തിയ ശ്രമം ഒരു പരിധിവരെ വിജയിച്ചു. 2005 സപ്തംബറിൽ മൻജിത്‌ മലയാളം വിക്കിപീഡിയയുടെ ആദ്യ സിസോപ്പ്‌ (കാര്യനിർവാഹകൻ) ആയി ചുമതലയേറ്റു. സാങ്കേതിക സംഗതികളിൽ സ്വയംപര്യാപ്തതയുടെ കാലത്തേക്ക്‌ മലയാളം വിക്കി പ്രവേശിക്കുന്നത്‌ ആ സമയത്താണ്‌.
2010 നവംബർ പത്തിന്‌ മലയാളം വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം 15000 തികഞ്ഞു, ഇപ്പോൾ കാൽലക്ഷവും. മലയാളം വിക്കിപീഡിയ മറ്റൊരു നാഴികക്കല്ല്‌ കൂടി ഇപ്പോൾ പിന്നിടുകയാണ്‌. 2012 ജൂലായ്‌ 26 ന്‌ മലയാളം വിക്കിയിലെ തിരുത്തലുകളുടെ എണ്ണം 15 ലക്ഷം കവിഞ്ഞു!

പുതിയ കാലം
2012 ജൂലായിലെ കണക്ക്‌ പ്രകാരം, 27 ലക്ഷം ഹിറ്റുകൾ മലയാളം വിക്കിപീഡിയയ്ക്ക്‌ പ്രതിമാസം ലഭിക്കുന്നു. വിക്കിപീഡിയർ വിക്കി തിരുത്താൻ സന്ദർശിക്കുന്നത്‌ അടക്കമുള്ള ഹിറ്റാണിത്‌.
കഴിഞ്ഞ പത്തുവർഷത്തിനിടെ മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തവരുടെ എണ്ണം ഏതാണ്ട്‌ 37000 ആണ്‌. എന്നാൽ, അതിൽ മഹാഭൂരിപക്ഷവും അക്കൗണ്ട്‌ തുറക്കുക എന്നല്ലാതെ മറ്റ്‌ കാര്യമായ ഒരു സംഭാവനയും വിക്കപീഡിയയ്ക്ക്‌ നൽകിയിട്ടില്ല.
2006 ലാണ്‌ ഏറ്റവുമധികം അംഗങ്ങളെ മലയാളം വിക്കിപീഡിയയ്ക്ക്‌ ലഭിച്ചത്‌. ഇന്ന്‌ സജീവമായി പ്രവർത്തിക്കുന്ന പലരും അന്ന്‌ വിക്കിയിലെത്തിയവരാണ്‌. 2012 ജൂലായിലെ കണക്ക്‌ പ്രകാരം ഏതാണ്ട്‌ 110 പേർ മാത്രമാണ്‌ മലയാളം വിക്കിപീഡിയയിൽ സജീവമായി തിരുത്തൽ നടത്തുന്നത്‌, 17 കാര്യനിർവാഹകരുമുണ്ട്‌.
‘ഇന്ത്യൻ ഭാഷകളിലെ മറ്റ്‌ വിക്കിപീഡിയകളുമായി താരതമ്യപ്പെടുത്തിയാൽ, സജീവമായി ഇടപെടുന്ന ഏറ്റവും കൂടുതൽ യൂസർമാർ മലയാളത്തിലാണുള്ളത്‌. പക്ഷേ, മൂന്നരകോടി ജനങ്ങൾ സംസാരിക്കുന്ന ഒരു ഭാഷയുടെ കാര്യത്തിൽ 110 പേർ എന്നത്‌ ഒന്നുമല്ല. അത്‌ ആയിരവും പതിനായിരവുമൊക്കെ ആയിത്തീരുന്ന ദിനങ്ങൾ വരണം’-മലയാളം വിക്കിപീഡിയയുടെ സജീവപ്രവർത്തകനായ, വിക്കിമീഡിയ ഫൗണ്ടേഷനിലെ ഷിജു അലക്സ്‌ അഭിപ്രായപ്പെടുന്നു.
‘മലയാളിക്ക്‌ മലയാളം ടൈപ്പിങ്ങ്‌ അറിയില്ല എന്നതാണ്‌ മലയാളം വിക്കിസമൂഹം വളരാനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന്‌. മലയാളം വിക്കിപീഡിയ പരിചയപ്പെടുത്തുമ്പോൾ ടൈപ്പിങ്ങ്‌ അടക്കം പഠിപ്പിച്ച്‌ തുടങ്ങണം എന്നത്‌ വലിയോരു പ്രതിസന്ധിയായി നിൽക്കുകയാണ്‌‘-ഷിജു അലക്സ്‌ ചൂണ്ടിക്കാട്ടുന്നു. ഇത്‌ വിക്കീപീഡിയർ കാണുന്ന പ്രശ്നം.
എന്നാൽ, മലയാളം വിക്കിയിലെ പല ലേഖനങ്ങളും എണ്ണംതികയ്ക്കാൻ വേണ്ടിയുണ്ടാക്കിയിട്ടുള്ള ശുഷ്ക്കലേഖനങ്ങളാണെന്ന്‌ ചിലർ വിമർശിക്കുന്നു. പല ലേഖനങ്ങളും ഒന്നോ രണ്ടോ വാക്യങ്ങളിൽ തുടങ്ങിയിടത്ത്‌ നിൽക്കുന്നതല്ലാതെ മുന്നോട്ട്‌ നീങ്ങുന്നില്ലെന്ന കാര്യം വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ചെറിയ തോതിൽ തുടങ്ങി ഏറ്റവും മികച്ചതും സമഗ്രവുമായി മാറിയ എത്രയോ ലേഖനങ്ങൾ ഇന്ന്‌ മലയാളം വിക്കിപീഡിയയ്ക്ക്‌ അഭിമാനമേകുന്നു എന്നകാര്യമാണ്‌ ഇതിന്‌ മറുപടിയായി എടുത്തുകാട്ടപ്പെടുന്നത്‌.
കൂടുതൽ മലയാളികൾക്ക്‌ കമ്പ്യൂട്ടർ മലയാളം വഴങ്ങുന്നതോടെ, ഇത്തരമൊരു സംരംഭത്തിന്റെ പ്രാധാന്യം കൂടുതൽ പേരിലേക്ക്‌ എത്തുന്നതിലൂടെ - അങ്ങനെയേ ഇത്തരം വിമർശനങ്ങൾക്ക്‌ പരിഹാരമുണ്ടാകൂ.
മലയാളം വിക്കിസംരംഭങ്ങൾ വിക്കിപീഡിയ കൊണ്ട്‌ അവസാനിക്കുന്നില്ല. കുറഞ്ഞത്‌ മലയാളം ’വിക്കിഗ്രന്ഥശാല‘യെക്കുറിച്ചെങ്കിലും സൂചിപ്പിക്കേണ്ടതുണ്ട്‌. മലയാളഭാഷയുടെ വളർച്ചയ്ക്ക്‌ കരുത്തേകുകയും നാഴികക്കല്ലുകളായി പരിണമിക്കുകയും ചെയ്ത ഒട്ടേറെ പഴയ കൃതികൾ ഇപ്പോൾ തന്നെ വിക്കിഗ്രന്ഥശാലയിൽ ഇടംപിടിച്ചു കഴിഞ്ഞു.
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണവും, കുഞ്ചൻ നമ്പ്യാരുടെ കൃതികളും, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയും, സ്വദേശാഭിമാനിയുടെ വൃത്താന്തപത്രപ്രവർത്തനവും, സി.വി.രാമൻപിള്ളയുടെ ധർമരാജയും, സത്യവേദപുസ്തകവും, കേരളോൽപ്പത്തിയും, ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും, ആശാൻ കൃതികളും ഉൾപ്പടെ, വിലപ്പെട്ട ഡസൻ കണക്കിന്‌ മലയാളം ഗ്രന്ഥങ്ങൾ ഇപ്പോൾ ലോകത്തെവിടെയുമുള്ള മലയാളികൾക്ക്‌ വിക്കിഗ്രന്ഥശാല വഴി വായിക്കാം.
ഈ പുസ്തകങ്ങൾ മലയാളത്തിൽ ടൈപ്പ്‌ ചെയ്ത്‌ ഡിജിറ്റൽ രൂപത്തിലാക്കാൻ ഒട്ടേറെ മലയാളികൾ പങ്കുചേരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായ ചില പ്രവർത്തനങ്ങൾ നടക്കുന്നത്‌ കേരളത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ചാണെന്നതും, ‘ഐടി അറ്റ്‌ സ്കൂൾ’ പദ്ധതി വഴി വിദ്യാർഥികളും അധ്യാപകരും കമ്പ്യൂട്ടർ മലയാളത്തിന്റെ ലോകത്തേക്ക്‌ എത്തുന്നതിന്റെ തെളിവാണിതെന്നതും പ്രതീക്ഷയേകുന്നു.

മാതൃഭൂമി ഓൺലൈനിൽ ചീഫ്‌ സബ്‌ എഡിറ്ററാണ്‌ ലേഖകൻ. ലേഖകന്റെ ഇ-മെയ്‌ൽ: jamboori@gmail.com

അവലംബം

1.The Wikipedia Revolution. 2009. Andrew Lih. Aurum Press Ltd., London
2.Wikipedia. www.wikipedi.org
3. ഡിജിറ്റൽ ജനാധിപത്യത്തിന്റെ പത്തുവർഷങ്ങൾ. ജോസഫ്‌ ആന്റണി. മാതൃഭൂമി ഓൺലൈൻ, Jan 13, 2011
4. മലയാളം വിക്കി ഡോട്ട്‌ കോം. മാതൃഭൂമി വാരാന്തപ്പതിപ്പ്‌, ടSept. 2, 2007
കടപ്പാട്‌ - ഷിജു അലക്സ്‌, വിക്കിമീഡിയ ഫൗണ്ടേഷൻ

Tags: