ന്യൂസ് ലാബ്, ബാര്‍ട്‌ലെബി, ക്വൊട്ടേഷന്‍സ് പേജ്

ന്യൂസ് ലാബ് : എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപകാരപ്രദമായ ധാരാളം വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റാണ് http://www.newslab.org. മള്‍ട്ടിമീഡിയയുടെ പ്രഭാവം എല്ലാ മേഖലയിലും നിറഞ്ഞു നില്ക്കുന്ന ഇക്കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരം കാര്യങ്ങളേക്കുറിച്ചെല്ലാം ഏറ്റവും പുതിയ വിവരങ്ങള്‍ കിട്ടേണ്ടതുണ്ട്. അതാണ് ഈ സൈറ്റ് സമ്മാനിക്കുന്നത്. ഇതുവഴി മാധ്യമപ്രവര്‍ത്തകരുടെ അറിവും കഴിവും വര്‍ധിപ്പിക്കുകയെന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് സൈറ്റ് പറയുന്നു. ഇഷ്യൂസ്, റിസോഴ്‌സസ്, സ്ട്രാറ്റജീസ്, ടൂള്‍സ്, വീഡിയോ എന്നീ വിഭാഗങ്ങളിലായാണ് ഇതിലെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. ഇഷ്യൂസ് വിഭാഗത്തില്‍ വിവിധ മേഖലകളിലെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ധാരാളം പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്നു. ബ്രേക്കിംഗ് ന്യൂസിലെ തെറ്റുകള്‍, ന്യൂസ് റൂമുകളിലെ പ്രതിഫലം കുറയുന്നത്, ഇരകളെ അഭിമുഖീകരിക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ നിന്നു കണ്ടെത്താം. റിസോഴ്‌സസ് വിഭാഗത്തിലാകട്ടെ തൊഴില്‍ മേഖലയെ സഹായിക്കുന്ന പുതിയ വിവരങ്ങളാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ തിരുത്തലുകള്‍ വരുത്തുന്ന വിധം, ജേണലിസ്റ്റുകള്‍ക്ക് റെഡ്ഡിറ്റ്, ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ എന്നിങ്ങനെ പോകുന്നു അവ. ഇതിന്റെ തന്നെ മറ്റൊരു രൂപമാണ് സ്ട്രാറ്റജീസ് വിഭാഗത്തില്‍. ബ്ലോഗിംഗിനുള്ള നിര്‍ദേശങ്ങള്‍, ടിവി ലേഖകര്‍ ആര്‍ജിക്കേണ്ട ഗുണങ്ങള്‍, ഇന്റര്‍വ്യൂവിനു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ ഗണത്തിലുള്ള വിവരങ്ങള്‍ ഇതില്‍ നിന്നു കണ്ടെത്താം. ഓരോ പേജിലും 20 ലേഖനങ്ങള്‍ വീതമുണ്ട്. സൈറ്റില്‍ നല്‍കിയിരിക്കുന്ന ടാഗുകളും പത്രപ്രവര്‍ത്തകര്‍ക്ക് ഉപകാരപ്രദമായ വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കും. 1998ല്‍ ന്യൂയോര്‍ക്കിലെ പാര്‍ക്ക് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഈ സൈറ്റ് തുടങ്ങിയത്. പാര്‍ക്ക് ഫൗണ്ടേഷന്‍ നഷ്ടത്തെ തുടര്‍ന്ന് പിന്മാറിയ ശേഷം 2003 മുതല്‍ സ്വതന്ത്ര സംഘടനയായാണ് പ്രവര്‍ത്തിക്കുന്നത്.

ബാര്‍ട്‌ലെബി
ലേഖനങ്ങളും മറ്റും തയാറാക്കാന്‍ ഉചിതമായ ഉദ്ധരണികള്‍ ആവശ്യമായി വരുമ്പോള്‍ സഹായകമാകുന്ന വെബ് സൈറ്റാണ് http://www.bartleby.com/quotations.120,000 ഉദ്ധരണികളിലേക്ക് ഈ സൈറ്റില്‍ നിന്ന് എത്തിച്ചേരാം. പുസ്തകങ്ങളുടെ സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ വഴിയാണ് ഇതില്‍ ഉദ്ധരണികള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിപുലമായ പര്യായനിഘണ്ടു (തസോറസ്), ശൈലി, ഇംഗ്ലീഷ് പ്രയോഗങ്ങള്‍ എന്നിവ ഈ സൈറ്റില്‍ നിന്നു കണ്ടെത്താം.

 

ക്വൊട്ടേഷന്‍സ് പേജ്
ഉദ്ധരണികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന മറ്റൊരു പ്രധാന സൈറ്റാണ് http://www.quotationspage.com. 1994ല്‍ നിലവില്‍ വന്ന ഈ സൈറ്റില്‍ മുപ്പതിനായിരത്തിലേറെ ഉദ്ധരണികള്‍ ഉണ്ട്. ദിവസേന കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. ഏറ്റവും എളുപ്പത്തില്‍ ഉദ്ധരണികള്‍ കണ്ടെത്താന്‍ സഹായിക്കുന്നു എന്നതാണ് ഈ സൈറ്റിന്റെ പ്രത്യേകത. ഷേക്‌സ്പിയറില്‍ തുടങ്ങി 3436  പ്രമുഖ എഴുത്തുകാരുടെ ധാരാളം ഉദ്ധരണികള്‍ക്ക് പ്രത്യേക ലിങ്കുണ്ട്. ഒപ്പം വിഷയം തിരിച്ചുള്ള ഉദ്ധരണികളും കിട്ടും. 283 വിഷയങ്ങളാണ് ഇതില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഇതിലെ സെര്‍ച്ച് സംവിധാനം ഉപയോഗിച്ച് ഉദ്ധരണികള്‍ തെരഞ്ഞു കണ്ടെത്തുകയും ചെയ്യാം. ഓരോ ദിവസവും തെരഞ്ഞെടുത്ത ഉദ്ധരണികള്‍ പ്രത്യേകം നല്‍കുന്നുണ്ട്. പ്രചോദനാത്മകമായ ഉദ്ധരണികളുടെ ശേഖരവും ഈ സൈറ്റിന്റെ പ്രത്യേകതയാണ്. ഇതിലെ വേഡ് ഓഫ് ദ് ഡേ എന്ന വിഭാഗം ഏറെ പ്രയോജനപ്രദമാണ്. ഓരോ ദിവസവും പുതിയ വാക്കുകള്‍ പരിചയപ്പെടുത്തുകയാണ് ഇതിലൂടെ. സാധാരണ ഉപയോഗത്തിലില്ലാത്ത വാക്കുകളായിരിക്കും മിക്കവാറും ഉപയോഗിക്കുക. വാക്ക് അതിന്റെ ഉച്ചാരണം, സമാനപദങ്ങള്‍, പ്രയോഗം തുടങ്ങിയവ ഇതില്‍ നിന്നു കണ്ടെത്താം. മെയ്‌ലിംഗ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉദ്ധരണികള്‍ ഇ മെയില്‍ ചെയ്തുതരും.