ന്യൂസ് യൂണിവേഴ്‌സിറ്റി, കാമ്‌റി

ന്യൂസ് യൂണിവേഴ്‌സിറ്റി
പ്രശസ്ത മാധ്യമ പരിശീലന  സ്ഥാപനമായ പോയിന്ററിന്റെ വളരെ ഉപകാരപ്രദമായ പരിശീലനക്കളരിയാണ് ന്യൂസ് യൂണിവേഴ്‌സിറ്റി www.newsu.org. ലോകത്തിലെ ഏറ്റവും നൂതനമായ ഓണ്‍ലൈന്‍ ജേണലിസം ട്രെയ്‌നിംഗ് സെന്ററാണ് ഇത്. റിപ്പോര്‍ട്ടിംഗ്, ജേണലിസം സംബന്ധിയായ വിവിധ ഫീച്ചര്‍ എഴുത്ത്, മള്‍ട്ടിമീഡിയ വിദ്യകള്‍ എന്നിവ സംബന്ധിച്ച് മുന്നൂറിലേറെ സൗജന്യവും അല്ലാത്തതുമായ കോഴ്‌സുകള്‍ ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ പഠിക്കാം. ലോകമെമ്പാടും പത്രപ്രവര്‍ത്തനത്തില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് പോയിന്റര്‍. പത്രപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തക വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരെ കൂടാതെ ഈ പ്രൊഫഷനില്‍ താല്പര്യമുള്ള ആര്‍ക്കും ഉപകാരപ്രദമായിരിക്കും ഈ സൈറ്റ് എന്നാണ് പോയിന്ററിന്റെ അവകാശവാദം.നിലവില്‍ 290,000 പേര്‍ ഈ സൈറ്റിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ കിട്ടും. താമസിയാതെ നടക്കുന്ന പരിശീലന പരിപാടികള്‍ ഏതൊക്കെയെന്ന് ഹോം പേജില്‍ തന്നെ നല്‍കിയിട്ടുണ്ട്. പ്രധാന കോഴ്‌സുകളെ സംബന്ധിച്ച വിവരങ്ങളും ഹോം പേജില്‍ നിന്നു കണ്ടെത്താം.കോഴ്‌സസ് വിഭാഗത്തില്‍ എല്ലാത്തരം കോഴ്‌സുകളും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ചേര്‍ന്നവ, ഉപയോക്താവിന്റെ അഭിരുചിക്ക് ഒത്തിണങ്ങിയവ, ഏറ്റവും പുതിയത് എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ നല്‍കിയിട്ടുണ്ട്. കോഴ്‌സുകള്‍ പലതരത്തിലുണ്ട്. ഒറ്റയ്ക്കു പഠിക്കാവുന്നവ, സെമിനാറുകള്‍, വെബിനാര്‍ എന്നിങ്ങനെ അവ തരം തിരിച്ചിരിക്കുന്നു.റിസോഴ്‌സ് വിഭാഗത്തില്‍ ന്യൂസ് യൂണിവേഴ്‌സിറ്റി, പോയിന്റര്‍, മറ്റു പ്രധാന ഇന്‍സ്റ്റിട്യൂട്ടുകള്‍ എന്നിവയില്‍ നിന്നുള്ള കോഴ്‌സുകള്‍ സംബന്ധിച്ച വിവരങ്ങളാണ്. ജേണലിസം അധ്യാപകര്‍ക്കായി ടൂള്‍സ് ഫോര്‍ എജൂക്കേറ്റേഴ്‌സ് എന്ന വിഭാഗവുമുണ്ട്. 

കാമ്‌റി
മാധ്യമ രംഗം സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണം നടക്കുന്ന സ്ഥാപനമാണ് ദ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയാ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്(സി.എ.എം.ആര്‍.ഐ). ഇംഗ്ലണ്ടിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയുടെ ജേണലിസം-മാസ് കമ്യൂണിക്കേഷന്‍ വകുപ്പിന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ വെബ്‌സൈറ്റ് http://www.westminster.ac.uk/camri/home. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മാധ്യമരംഗത്തെ സംബന്ധിച്ച ഗവേഷണമാണ് സെന്ററില്‍ നടക്കുന്നത്. ഈ ഗവേഷണങ്ങള്‍ എന്തെന്നു മനസിലാക്കാന്‍ ഈ സൈറ്റ് സഹായിക്കും. ഗവേഷണ റിപ്പോര്‍ട്ടുകള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വിവരങ്ങള്‍ സൈറ്റിലുണ്ട്.ഈ പ്രമുഖ സ്ഥാപനം ഏതൊക്കെ മേഖലകളില്‍ ഗവേഷണം നടത്തുന്നു, ഡോക്ടറല്‍ പ്രോഗ്രാമുകള്‍, അതിനുള്ള സൗകര്യങ്ങള്‍ എന്തൊക്കെ എന്നീ കാര്യങ്ങള്‍ സൈറ്റില്‍ നിന്നറിയാം. ഈ സ്ഥാപനത്തില്‍ ഇന്ത്യയിലെ മാധ്യമരംഗത്തെക്കുറിച്ചുള്ള പഠനത്തിനു മാത്രം ഒരു സെന്ററുണ്ട്. ഇതേകുറിച്ചുള്ള വിവരങ്ങള്‍ http://www.westminster.ac.uk/camri/researchcetnres/indiamediacetnre എന്ന വെബ്‌സൈറ്റില്‍ നിന്നറിയാം. ഇന്ത്യന്‍ പത്രപ്രവര്‍ത്തന മേഖലയ്ക്ക് സഹായകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതാണ് ഈ സെന്ററിന്റെ ലക്ഷ്യം. സെന്ററില്‍ ഗവേഷണത്തിനു നേതൃത്വം നല്‍കുന്നവര്‍, ഗവേഷണം ചെയ്യുന്നവര്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ സൈറ്റില്‍ നിന്നറിയാം. ഇന്ത്യാ സെന്ററില്‍ ഗവേഷണത്തിനുള്ള സൗകര്യങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ വിഭാഗത്തിന്റെ റിസര്‍ച്ച് എന്ന വിഭാഗത്തില്‍ നിന്നു മനസിലാക്കാം.കാമ്‌റിയില്‍ നടകുന്ന പ്രധാന ചര്‍ച്ചാ സമ്മേളനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രധാന സൈറ്റിന്റെ ഇവന്റ്‌സ് വിഭാഗത്തില്‍ നിന്നറിയാം. ലോകത്തെ പ്രധാന മാധ്യമ ഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ വൈപുല്യവും തെരഞ്ഞെടുക്കപ്പെടുന്ന വിഷയങ്ങളും എന്തൊക്കെയെന്ന് ഇതില്‍ നിന്നു മനസിലാക്കാം.ന്യൂസ് വിഭാഗം പുതിയ വിവരങ്ങള്‍ നല്‍കുന്നു. ബ്രിട്ടനില്‍ ഉന്നത നിലവാരത്തിലുള്ള മാധ്യമഗവേഷണത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ഉചിതമായ കോഴ്‌സുകള്‍ ഇതില്‍ നിന്നു കണ്ടെത്താം. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിവരങ്ങള്‍ http://www.westminster.ac.uk/study/prospective-students/fees-and-funding... എന്ന ലിങ്കില്‍ നിന്നും കിട്ടും.