ന്യൂസ്‌ നെറ്റ്‌

ഇ.പി.ഷാജുദീൻ

ആഗോള മാധ്യമരംഗത്തെ പുതിയ പ്രവണതകളും വാർത്തകളും മനസ്സിലാക്കാനുതകുന്ന മികച്ച മീഡിയ വെബ്സൈറ്റുകളെ പരിചയപ്പെടുത്തുകയാണ്‌ ഈ പംക്തി.
മാധ്യമരംഗത്ത്‌ പ്രവർത്തിക്കുന്നവർക്കും മാധ്യമവിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും ഈ സൈറ്റുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.

സൈബർ ജേണലിസ്റ്റ്‌ ഡോട്‌ നെറ്റ്‌

ഇന്റർനെറ്റും പുതിയ സാങ്കേതികവിദ്യകളും മാധ്യമരംഗത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന്‌ നിരീക്ഷിക്കുന്ന വെബ്സൈറ്റ്‌ ആണ്‌ സൈബർ ജേണലിസ്റ്റ്‌  (www.cyberjournalist.net). ഇന്റർനെറ്റിനെ ഒരു റിപ്പോർട്ടിംഗ്‌ മാധ്യമം എന്ന നിലയിൽ കണ്ടു കൊണ്ട്‌ ഓൺലൈൻ ജേണലിസം, സിറ്റിസൺ ജേണലിസം തുടങ്ങിയവ സംബന്ധിച്ച പുതിയ വാർത്തകൾ, വിവരങ്ങൾ, വിദഗ്ധാഭിപ്രായങ്ങൾ എന്നിവ പകർന്നു നല്കുകയാണ്‌ ഈ സൈറ്റ്‌ ചെയ്യുന്നത്‌. ന്യൂമീഡിയ സംബന്ധിച്ച നിരവധി കാര്യങ്ങൾ ഈ സൈറ്റിൽ നിന്നു കണ്ടെത്താനാവും. ഫ്യൂച്ചർ ഓഫ്‌ മീഡിയ എന്ന വിഭാഗത്തിൽ മാധ്യമരംഗത്തെ പുത്തൻ പ്രവണതകളെയും ഭാവി സാധ്യതകളെയുമാണ്‌ വിവരിക്കുന്നത്‌. പുതിയ കണ്ടുപിടുത്തങ്ങൾ ഇന്നവേഷൻ വിഭാഗത്തിലും ഏവർക്കും ഉപകാരപ്രദമായ വിവരങ്ങൾ ടിപ്സ്‌ ആൻഡ്‌ ടൂൾസ്‌ എന്ന വിഭാഗത്തിലും ഉൾപെടുത്തിയിരിക്കുന്നു. സോഷ്യൽ മീഡിയയ്ക്കും മൊബൈലിനും മാത്രം ഒരോ വിഭാഗമുണ്ട്‌.
അമേരിക്കൻ ഓൺലൈൻ, എ.ബി.സി ന്യൂസ്‌, എം.എസ്‌.എൻ.ബി.സി, സി.ബി.സി എന്നീ ആഗോള പ്രശസ്തമായ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച മാധ്യമ പ്രവർത്തകൻ ജൊനാഥൻ ഡ്യൂബ്‌ 2000-ൽ തുടങ്ങിയ വെബ്സൈറ്റ്‌ ആണിത്‌. തുടക്കത്തിൽ അമേരിക്കൻ പ്രസ്‌ ഇൻസ്റ്റിട്യൂട്ടിന്റെ മീഡിയാ സെന്ററിന്റെയും ഓൺലൈൻ ന്യൂസ്‌ അസോസിയേഷന്റെയും പങ്കാളിത്തം സൈറ്റിനുണ്ടായിരുന്നു.
സിനെറ്റ്‌, കൊളംബിയ ജേണലിസം റിവ്യൂ, യു.എസ്‌.എ ടുഡേ തുടങ്ങിയവ സൈറ്റിനെ പ്രകീർത്തിച്ചിട്ടുണ്ട്‌. ഇരുന്നൂറിലധികം രാജ്യങ്ങളിൽ സൈറ്റിനു സന്ദർശകരുണ്ട്‌.

ഇ പ്ളുരിബസ്‌ മീഡിയ

പത്രപ്രവർത്തന രംഗത്തിന്റെ ഉന്നത നിലവാരത്തിനും ധാർമികതയ്ക്കും വേണ്ടി നിലകൊള്ളുന്ന ചില മാധ്യമപ്രവർത്തകരുടെയും ചിന്തകരുടെയും സംരംഭമാണ്‌www.epluribusmedia.org. അമേരിക്കയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഇതിലെ ചർച്ചകളും ലേഖനങ്ങളും പത്രപ്രവർത്തക മേഖലയെ സംബന്ധിച്ചിടത്തോളം പ്രയോജനപ്രദം തന്നെയാണ്‌. ജേണൽ, കമ്യൂണിറ്റി എന്നീ രണ്ടു ഭാഗങ്ങളാണ്‌ ഇതിൽ പ്രധാനം. ജേണൽ വിഭാഗത്തിൽ വാർത്തകൾ, ഫീച്ചറുകൾ, ലേഖനങ്ങൾ, അഭിമുഖങ്ങൾ, പുസ്തക നിരൂപണങ്ങൾ എന്നിവയാണ്‌. കമ്യൂണിറ്റി വിഭാഗത്തിൽ ബ്ളോഗുകളാണ്‌ ഉൾകൊള്ളിച്ചിരിക്കുന്നത്‌. സൈറ്റിന്റെ ഹോം പേജിലെ ജേണലിസം ടൂൾ ബോക്സ്‌ എന്ന ലിങ്ക്‌ പേജിൽ നിന്നുള്ള വിവരങ്ങൾ പത്രപ്രവർത്തകർക്കെല്ലാം ഉപകാരപ്രദമായവയാണ്‌. ഇതിൽ നിന്ന്‌ നൂറോളം പേജുകളിലേക്കു ലിങ്ക്‌ നൽകിയിരിക്കുന്നു. സിറ്റിസൺ ജേണലിസ്റ്റുകളുടെ പത്രപ്രവർത്തന പരിശീലനത്തിനുള്ളതാണെങ്കിലും ഇത്‌ മറ്റു മാധ്യമപ്രവർത്തകർക്കും- പ്രത്യേകിച്ച്‌ വിദ്യാർഥികൾക്ക്‌- ഉപകരിക്കും. രജിസ്ട്രേഷനു ശേഷം സൗജന്യമായി ഓൺലൈനിൽ പഠനം നടത്താനാവുന്ന കോഴ്സുകളും ഇതിൽ നിന്നു കണ്ടെത്താം. കൂടാതെ ഇതിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ പേജുകളിലും ധാരാളം വിജ്ഞാനപ്രദമായ വിവരങ്ങൾ ഉണ്ട്‌.
സൈറ്റിന്റെ ഹോം പേജിലെ ജേണലിസം ടൂൾ ബോക്സ്‌ എന്ന ലിങ്ക്‌ പേജിൽ നിന്നുള്ള വിവരങ്ങൾ പത്രപ്രവർത്തകർക്കെല്ലാം ഉപകാരപ്രദമായവയാണ്‌. ഇതിൽ നിന്ന്‌ നൂറോളം പേജുകളിലേക്കു ലിങ്ക്‌ നൽകിയിരിക്കുന്നു. സിറ്റിസൺ ജേണലിസ്റ്റുകളുടെ പത്രപ്രവർത്തന പരിശീലനത്തിനുള്ളതാണെങ്കിലും ഇത്‌ മറ്റു മാധ്യമപ്രവർത്തകർക്കും- പ്രത്യേകിച്ച്‌ വിദ്യാർഥികൾക്ക്‌- ഉപകരിക്കും. രജിസ്ട്രേഷനു ശേഷം സൗജന്യമായി ഓൺലൈനിൽ പഠനം നടത്താനാവുന്ന കോഴ്സുകളും ഇതിൽ നിന്നു കണ്ടെത്താം. കൂടാതെ ഇതിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ പേജുകളിലും ധാരാളം വിജ്ഞാനപ്രദമായ വിവരങ്ങൾ ഉണ്ട്‌.

കവറിംഗ്‌ കമ്യൂണിറ്റീസ്‌

പത്രപ്രവർത്തകർ, പത്രപ്രവർത്തന അധ്യാപക വിദ്യാർഥികൾ, സിറ്റിസൺ ജേണലിസ്റ്റുകൾ എന്നിവരെ ഉദ്ദേശിച്ചുള്ളതാണ്‌www.coveringcommunities.org. കമ്യൂണിറ്റി ജേണലിസമാണ്‌ ഇതിലെ പ്രതിപാദ്യ വിഷയം. സൈറ്റിന്റെ ഹോം പേജിലെ ട്രെയ്നിംഗ്‌ എന്ന ലിങ്ക്‌ വിവിധ വിഷയങ്ങളിൽ ഗുണപ്രദമായ പരിശീലനം നൽകുന്നു. പാശ്ചാത്യരാജ്യങ്ങളിൽ പ്രചാരത്തിലുള്ള കമ്യൂണിറ്റി ജേണലിസത്തെ മാതൃകയാക്കാൻ ഇതു സഹായിക്കും. വിവിധ സാമൂഹ്യാവസ്ഥകളെ മനസിലാക്കി അവയെ ഇന്ത്യൻ സാഹചര്യത്തിനു ചേരുന്ന രീതിയിൽ പ്രാവർത്തികമാക്കാൻ ഇതു സഹായിക്കും. പ്രശസ്തരെ ഇന്റർവ്യൂ ചെയ്യുന്ന രീതിയിലല്ല സാധാരണക്കാരെ ഇന്റർവ്യൂ ചെയ്ത്‌ കാര്യങ്ങൾ മനസിലാക്കേണ്ടത്‌. കമ്യൂണിറ്റി ജേണലിസത്തിനു വേണ്ട ഇന്റർവ്യൂ എങ്ങനെയെന്ന്‌ ഇതിൽ മൂന്നു ക്ളാസുകളിലൂടെ വ്യക്തമാക്കുന്നു. ഇതിലെ ടൂൾസ്‌ എന്ന വിഭാഗത്തിൽ നിന്നും ധാരാളം വിവരങ്ങൾ ലഭ്യമാണ്‌.

മംഗളം ദിനപത്രത്തിന്റെ ചീഫ്‌ ന്യൂസ്‌ എഡിറ്ററാണ്‌ ലേഖകൻ
ലേഖകന്റെ ഇ-മെയ്‌ൽ: [email protected]

Tags: