Error message

ന്യൂസ്പേപ്പർ ഡെത്ത് വാച്ച്

പേരു സൂചിപ്പിക്കുന്നതു പോലെ നിർത്തലാക്കുന്ന പത്രങ്ങളെ പറ്റിയുള്ള വിവരങ്ങളാണ്‌ ഈ സൈറ്റിന്റെ പ്രധാന ഉള്ളടക്കം. ഒപ്പം, പുതുതായി തുടങ്ങുന്ന പത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സൈറ്റിലുണ്ട്. വിലാസം: http://newspaperdeathwatch.com/
 
സാങ്കേതികശാസ്ത്ര പത്രപ്രവർത്തനത്തിൽ 25 വർഷത്തെ പരിചയസമ്പത്തുള്ള പോൾ ഗില്ലിൻ ആണ്‌ ഈ സൈറ്റിന്റെ പിന്നിൽ. 17 വർഷം അച്ചടി മാധ്യമത്തിൽ പ്രവർത്തിച്ച ശേഷം പോൾ ഓൺലൈൻ പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. ഈ സൈറ്റിലെ രണ്ടു പ്രധാന വിഭാഗങ്ങൾ ആർ.ഐ.പിയും ഡബ്ല്യു.ഐ.പിയുമാണ്‌. 2007 മാർച്ച് അഞ്ചിനു പോൾ വെബ്സൈറ്റ് തുടങ്ങിയശേഷം അമേരിക്കയിൽ പൂട്ടിപ്പോയ പത്രങ്ങളെയാണ്‌ ആർ.ഐ.പിയിൽ ഉൾപെടുത്തിയിരിക്കുന്നത്. നിലവിൽ ഇതിൽ 12 പത്രങ്ങളുണ്ട്. ഡബ്ല്യു.ഐ.പി. എന്നാൽ, വർക്സ് ഇൻ പ്രൊഗ്രസ്. പിടിച്ചു നിൽകാനായി പ്രസിദ്ധീകരണദിനങ്ങളുടെ എണ്ണം കുറയ്ക്കുകയോ വെബ്ബിലേക്കു തിരിയുകയോ ചെയ്ത പത്രങ്ങളാണ്‌ ഇതിൽ ഉൾപെടുന്നത്. എല്ലാദിവസവും പുതിയവിവരങ്ങൾ ചേർക്കുന്ന സൈറ്റല്ല ഇത്. എന്നാൽ, പുതുതായി ഒരു പത്രം പൂട്ടിയാൽ സൈറ്റ് ഉണരും. അല്ലെങ്കിൽ ഏതെങ്കിലും പത്രം താഴിടുന്നതിൽ നിന്നു രക്ഷപ്പെട്ടാലും ഇതിനു വാർത്തയാണ്‌. ഇപ്പോൾ നല്കിയിരിക്കുന്നതിൽ രണ്ടു പ്രധാന വാർത്തകൾ ഈ ഗണത്തില്പെടുന്നവയാണ്‌. ലോകത്തിൽ ഇന്നു പുറത്തിറങ്ങുന്നതിൽ ഏറ്റവും പഴയ ദിനപത്രം അച്ചടി നിർത്തി വെബിലേക്കു മാറുന്നതും ന്യുവാർക്കിലെ സ്റ്റാർ ലെഡ്ജർ പൂട്ടലിൽ നിന്നു രക്ഷപ്പെട്ടതും.
 
ജേണലിസം നൗ
മാധ്യമരംഗം സംബന്ധിച്ച ഏറ്റവും പുതിയവിവരങ്ങൾ ഉൾക്കൊള്ളുന്ന സൈറ്റാണ്‌ http://www.journalism-now.co.uk/. ന്യൂസ്, മാഗസിൻ ജേണലിസം, ഡേറ്റാ ജേണലിസം, ടിവി ന്യൂസ്, റേഡിയോ, സോഷ്യൽ മീഡിയ, മാധ്യമ നിയമങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളാണ്‌ ഇതിൽ പറയുന്നത്. കൂടൂതലും ലേഖനങ്ങളാണ്‌ ഇതിൽ ഉൾപെടുത്തിയിരിക്കുന്നത്. ബ്രിട്ടനിലെ വെബ്സൈറ്റാണെങ്കിലും ആഗോളമായി പ്രയോജനപ്രദമാണ്‌ ഈ വിവരങ്ങൾ. സെമിനാറുകളിലെ പേപ്പറുകൾ, ജേണലിസം അധ്യാപനത്തിനുള്ള പാഠങ്ങൾ എന്നിവയൊക്കെ സൈറ്റിൽ കിട്ടുന്നു. ഇതിലെ ഹൗടു ഗൈഡ്സ് എന്ന വിഭാഗമാണ്‌ ഏറ്റവും പ്രയോജനകരമായി തോന്നിയത്. ഹ്യൂമൻ റൈറ്റ്സ്, ഫിലോസഫി, ഫോട്ടോ ജേണലിസം, സ്റ്റുഡന്റ് മീഡീയ, ട്രെയ്നിംഗ്, ജേണലിസം കോഴ്സസ് എന്നിവയാണ്‌ മറ്റു വിഭാഗങ്ങൾ. മിക്കതിലും വേറെ സൈറ്റുകളിലേക്കുള്ള ലിങ്കുകൾ നല്കിയിരിക്കുന്നു. പ്രാധ്യാന്യമുള്ള ചില ലിങ്കുകളാകട്ടെ പ്രവർത്തിക്കുന്നുമില്ല. 
 
എൻ.യു.ജെ
ബ്രിട്ടനിലെ പത്രപ്രവർത്തകരുടെ സംഘടനയായ  നാഷണൽ യൂണിയൻ ഓഫ് ജേണലിസ്റ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റാണ്‌ http://www.nuj.org.uk/home/.
ട്രേഡ് യൂണിയൻ സംഘടനയുടെ സൈറ്റാണെങ്കിലും പത്രപ്രവർത്തനം സംബന്ധിച്ച വിവിധ വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ബ്രിട്ടനിലെ മാധ്യമ മേഖല സംബന്ധിച്ച പുതിയ വാർത്തകൾ ഇതിൽ കാണാം. ട്രേഡ് യൂണിയൻ വാർത്തകൾ ധാരാളമുണ്ട്. ഒരു വിദേശരാജ്യത്തെ പത്രപ്രവർത്തകസംഘടന എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഈ സൈറ്റിൽ നിന്നു മനസിലാക്കാവുന്നതാണ്‌. 1907-ൽ രൂപവൽകരിച്ച എൻ.യു.ജെ. ലോകത്തെ തന്നെ ഏറ്റവും വലിയ പത്രപ്രവർത്തക ട്രേഡ്യൂണിയനാണ്‌. പത്രങ്ങൾ, വാർത്താ ഏജൻസികൾ, ഫ്രീലാൻസ്, മാഗസിൻ, ബ്രോഡ്കാസ്റ്റ്, പി.ആർ., പുസ്തകപ്രസിദ്ധീകരണം എന്നിങ്ങനെ മാധ്യമപ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ സംഘടനയിൽ അംഗങ്ങളാണ്‌. അംഗൾക്ക് വിവിധ തരം പരിശീലനം സൈറ്റ് വഴി നൽകുന്നു. പത്രപ്രവർത്തനം സംബന്ധിച്ചും ട്രേഡ് യൂണിയൻ പ്രവർത്തനം സംബന്ധിച്ചുമുള്ള പരിശീലനമാണ്‌ നൽകുന്നത്. പത്രപവർത്തകരുടെ അവകാശങ്ങൾ, എവിടൊക്കെ പത്രപ്രവർത്തകർക്ക് വിവിധ സേവനങ്ങൾ ലഭ്യമാണ്‌, എൻ.യു.ജെ എങ്ങനെ സഹായിക്കുന്നു എന്നവിവരങ്ങളും സൈറ്റിൽ നൽകിയിരിക്കുന്നു.
എൻ.യു.ജെ. അംഗങ്ങൾ പാലിക്കേണ്ട  പന്ത്രണ്ടിന പെരുമാറ്റസംഹിത സൈറ്റിന്റെ ഹോം പേജിൽ നിന്നു തന്നെ കിട്ടും. ലോകത്തെവിടെയും പത്രപ്രവർത്തകർ പാലിക്കേണ്ട പെരുമാറ്റച്ചട്ടമാണിതെന്നു പറയാം. യൂണിയന്റെ മുഖപതമായ ദി ജേണലിസ്റ്റ് ഇതിൽ നിന്നു പി.ഡി.എഫ് ആയി വായിക്കാൻ സാധിക്കും. ഇതിനൊപ്പം വിവിധ ജേണലിസം പ്രസിദ്ധീകരണങ്ങളും വായിക്കാൻ അവസരമുണ്ട്.