Error message

നായക്കുട്ടിയും മീഡിയായും

ബി.ബി.സി.യുടെ യെസ് മിനിസ്റ്റര്‍, യെസ് പ്രൈം മിനിസ്റ്റര്‍ എന്ന രണ്ടു ടെലിവിഷന്‍ സീരിയലുകള്‍ ലോകപ്രസിദ്ധമാണ്. ജനാധിപത്യ ഭരണസംവിധാനത്തെക്കുറിച്ചുള്ള ധാരണകള്‍ക്ക് കടുത്ത ആക്ഷേപഹാസ്യത്തിലൂടെ അപഗ്രഥനം നടത്തുന്ന ഈ സീരിയലുകള്‍ ബ്രിട്ടനിലെ പൊതുഭരണവിഭാഗം മന്ത്രിയും അദ്ദേഹത്തിന്റെ വകുപ്പു സെക്രട്ടറിയും പ്രധാന കഥാപാത്രങ്ങളായ (യെസ് പ്രൈം മിനിസ്റ്ററില്‍ അവര്‍ യഥാക്രമം പ്രധാനമന്ത്രിയും ക്യാബിനറ്റ് സെക്രട്ടറിയുമായി മാറുന്നു) കഥകളാണ്. പ്രധാനമന്ത്രിയുടെ പെഴ്‌സണല്‍ സെക്രട്ടറിയും റിട്ടയറായ പഴയ ക്യാബിനറ്റ് സെക്രട്ടറിയും ഉപ കഥാപാത്രങ്ങളും. ജനാധിപത്യം എന്ന ഭരണരീതിയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട് അഞ്ചു വര്‍ഷത്തിനകം വീണ്ടും തന്റെ ചെയ്തികളുടെ വിലയിരുത്തലിനു വേണ്ടി അവരെ നേരിടാന്‍ വിധിക്കപ്പെട്ട മന്ത്രിയും രാഷ്ട്രീയനേതാക്കളും ഇവരുടെ തീരുമാനങ്ങളെ നടപ്പിലാക്കാന്‍ ചുമതലയുള്ള, ജനങ്ങളുമായി ഒരു ബന്ധവും പുലര്‍ത്തേണ്ടാത്ത, ഉദ്യോഗസ്ഥവൃന്ദവും തമ്മിലുള്ള നിരന്തരമായ സ്‌നേഹപൂര്‍ണ്ണമായ സംഘര്‍ഷത്തിന്റെ കഥകളാണ് ഓരോ എപ്പിസോഡും.ജനങ്ങള്‍ക്കു വേണ്ടി നല്ല കാര്യം ചെയ്‌തേ മതിയാകൂ, രാഷ്ട്രീയക്കാരന്. പക്ഷെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് അത് നിര്‍ബന്ധമില്ല. നല്ല കാര്യം ചെയ്യുന്നതില്‍ വിരോധമില്ല, പക്ഷെ തനിക്കും താനുള്‍പ്പെടുന്ന ഉദ്യോഗസ്ഥവൃന്ദത്തിനും അതു കാരണം അധികാരത്തിനും ശക്തിക്കും കുറവു വരാന്‍ പാടില്ല. തന്റെ സഹായമില്ലാതെ രാഷ്ട്രീയക്കാരന് ഒന്നും ചെയ്യാനാകില്ല എന്ന് ഉദ്യോഗസ്ഥന് നന്നായി അറിയാം. താന്‍ ഒരു വ്യക്തിയല്ല. ഒരു കൂട്ടായ്മയാണ്. ഭരണം മാറും. പുതിയ രാഷ്ട്രീയനേതാക്കള്‍ വരും. പക്ഷെ തന്റെ കൂട്ടായ്മ മാറുകില്ല.ഇവര്‍ക്കിരുവര്‍ക്കും ഭയമുള്ളത് ഒരു കൂട്ടരേയുള്ളു. അത് ഇവരുടെ ചെയ്തികള്‍ ജനത്തിനെ അറിയിക്കുന്ന മീഡിയായെ ആണ്. വാര്‍ത്താ മാദ്ധ്യമം - വര്‍ത്തമാനപ്പത്രവും റേഡിയോയും ടെലിവിഷനും. മൂന്നു കൂട്ടരെയും മാനേജ് ചെയ്യണം. അവരെക്കൊണ്ട് തങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്ന രീതിയില്‍ ജനത്തിന് വാര്‍ത്തകള്‍ കൊടുപ്പിക്കണം. സത്യം ഒരിക്കലും ജനം അറിയരുത്. ആ സംഘര്‍ഷത്തിന്റെ രസകരമായ കഥകളാണ് ഓരോ എപ്പിസോഡും.
മീഡിയായെ രാഷ്ട്രീയക്കാരനും ഉദ്യോഗസ്ഥനും കൂടി വിദഗ്ദ്ധമായി മാനേജ് ചെയ്ത ഒരു കഥ.
പ്രധാനമന്ത്രിക്ക് മൂന്നു സുപ്രധാന പ്രശ്‌നങ്ങളുണ്ട്. ഒന്ന് പട്ടാളത്തിന് ആയുധം വാങ്ങാന്‍ കൂടതല്‍ പണം വേണം. പക്ഷെ അതിനുള്ള ബില്‍ തന്റെ പക്ഷത്തെ ആള്‍ക്കാര്‍ കൂടി എതിര്‍ക്കുന്ന മട്ടാണ്. അത് മാറ്റണം. രണ്ട്, കുറെക്കാലം മുമ്പ് ഒരു ചാരക്കേസില്‍ ആരോപിതനായ ഒരു കീഴുദ്യോഗസ്ഥനെ തന്റെ ക്യാബിനറ്റ് സെക്രട്ടറി എന്‍ക്വയറി നടത്തി കുറ്റവിമുക്തനാക്കിയിരുന്നു. ആരോപിതന്‍ മരിച്ചു. പക്ഷെ ഇപ്പോള്‍ പത്രക്കാര്‍ തെളിവ് കണ്ടുപിടിച്ചിരിക്കുന്നു, അയാള്‍ ചാരനായിരുന്നു എന്ന്. ഉടന്‍ ക്യാബിനറ്റ് സെക്രട്ടറിക്കെ
തിരെ കഴിവില്ലായ്മക്ക് ആക്ഷന്‍ എടുക്കണം. ആക്ഷന്‍ എടുത്താലും അപകടമാണ്. തന്റെ എല്ലാ രഹസ്യവു
മറിയാവുന്ന അയാളെ ശത്രുവാക്കാന്‍ പാടില്ല. മൂന്ന്, തന്റെ ജനപിന്തുണ അനുദിനം കുറഞ്ഞു വരുന്നു എന്നാണ് ടി.വി. കണക്കുകള്‍.ക്യാബിനറ്റ് സെക്രട്ടറിക്ക് ഒരു 
പ്രശ്‌നമേയുള്ളു. സ്വന്തം തടി രക്ഷിക്കണം. അതിന് ഈ പ്രധാനമന്ത്രിയെ വേണം. അദ്ദേഹത്തെ രക്ഷിച്ചേ മതിയാകൂ.പെട്ടെന്ന് ഒരു ചെറിയ വാര്‍ത്ത, കാര്യമായി ആരും ശ്രദ്ധിക്കാത്തത്, ഒരു ലോക്കല്‍ ടി.വി. ചാനലില്‍ വന്നു. ബെന്‍ജി എന്ന ഓമനപ്പോരുള്ള ഒരു സുന്ദരന്‍ നായക്കുട്ടി പട്ടാളത്തിന്റെ ആര്‍ട്ടിലറി പരിശീലനം നടക്കുന്ന, മൈനുകളും വൈദ്യുതിവേലികളും ബോംബു മൂടി വച്ച കുഴികളും നിറഞ്ഞ, പത്തു ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള, നിരോധിതമേഖലയില്‍ അകപ്പെട്ടു പോയി. നായയുടെ ഉടമയായ വീട്ടമ്മ കരഞ്ഞു കൊണ്ട് പോലീസില്‍ പരാതിപ്പെടുന്ന ക്ലോസപ്പും വിവരണവുമായിരുന്നു വാര്‍ത്ത. ഈ വാര്‍ത്തയിലെ ജനപ്രിയത മനസ്സിലാക്കിയ സെക്രട്ടറി മീഡിയായെ മാനേജ് ചെയ്യാന്‍ കരുക്കള്‍ നീക്കി. സംഭവം ഉടനടി ദേശീയ ചാനലുകളില്‍ വന്നു. വന്‍ വാര്‍ത്തയായി. നായയെ രക്ഷിക്കൂ. സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. പ്രധാനമന്ത്രി ക്രൂരനാണ്. സഹജീവി സ്‌നേഹമില്ലാത്തവന്‍. വളരെ പ്രാധാന്യമുള്ള പ്രധാന മന്ത്രിയുടെ മറ്റു പ്രസ്താവനകളുടെ ടി.വി. വാര്‍ത്ത രാഷ്ട്രത്തിന്റെ ഫസ്റ്റ് ലേഡിയായ സ്വന്തം ഭാര്യപോലും ശ്രദ്ധിക്കാത്ത സ്ഥിതി വന്നു. നായയെ രക്ഷിക്കൂ. നാടിനെ രക്ഷിക്കൂ. ആര്‍മിയെ മാത്രമല്ല, മുഴുവന്‍ സര്‍ക്കാര്‍ സംവിധാനത്തെയും ഈ നായ രക്ഷാ പ്രവര്‍ത്തനത്തിലേക്കു ഉടന്‍ മാറ്റുന്നു. ടെലിവിഷനും പത്രങ്ങളും തത്സമയ റിപ്പോര്‍ട്ടിംഗിലൂടെ നായയോടൊപ്പം പ്രധാനമന്ത്രിക്കും വാര്‍ത്താ പ്രാധാന്യം നല്‍കുന്നു. രണ്ടു ദിവസത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷം അവസാനം നായയെ കിട്ടുന്നു. നായയെ രക്ഷിച്ച് പ്രധാനമന്ത്രി ജനനായകറേറ്റിംഗില്‍ കുതിച്ചുയരുന്നു. പാര്‍ട്ടിയിലെ എതിരാളികള്‍ മുട്ടു മടക്കുന്നു. പട്ടാളത്തിന്റെ എഫിഷ്യന്‍സിയില്‍ ആവേശഭരിതരായ ജനത്തിന്റെ ബൈറ്റുകള്‍ ടി.വി.കളില്‍ നിറയുന്നു. ഇനി പട്ടാളത്തിന്റെ ആയുധം വാങ്ങലിന് എക്‌സ്ട്രാ അലോട്ട്‌മെന്റിനെ ആരും എതിര്‍ക്കുകില്ല. ജനത്തിന് ഉപകാരപ്രദമാകുമായിരുന്ന ലക്ഷക്കണക്കിന് പൗണ്ട് നികുതിപ്പണം ഈ നായ പിടുത്തത്തിനു വേണ്ടി ചിലവാക്കാന്‍ ഉപദേശിച്ച് അത് കാര്യക്ഷമമായി നടത്തിയ ക്യാബിനറ്റ് സെക്രട്ടറി, ഒരു ശത്രുരാജ്യത്തിനുവേണ്ടി ചാരപ്രവര്‍ത്തി നടത്തിയ കീഴുദ്യോഗസ്ഥനെ കുറ്റ വിമുക്തനാക്കി എന്ന ആരോപണം അദ്ദേഹത്തിന്റെ കഴിവുകേടായി ഗണിക്കാമോ എന്നതിനെക്കുറിച്ച് നീതിമാനായ പ്രധാനമന്ത്രി ചിന്തിക്കുന്നു. ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ ഒരു മാതിരി തീരുമാനിച്ചിരുന്ന പ്രധാനമന്ത്രി ആ അന്വേഷണം വകുപ്പുതല അന്വേഷണമാക്കി. വകുപ്പുതല അന്വേഷണത്തില്‍ ഇന്നു വരെ ഒരു ഉദ്യോഗസ്ഥനും കഴിവില്ലാത്തവനായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വകുപ്പുതല അന്വേഷണത്തില്‍ ഇന്നു വരെ ഒരു ഉദ്യോഗസ്ഥനും കുറ്റവാളിയാണെന്ന് തെളിഞ്ഞിട്ടുമില്ല. സായാഹ്നത്തില്‍ ക്ലബ്ബില്‍ വച്ച് ചീഫ്‌സെക്രട്ടറിയും അദ്ദേഹത്തിന്റെ മെന്ററായിരുന്ന മുന്‍ ചീഫ്‌സെക്രട്ടറി റിട്ടയര്‍ഡ് താപ്പാനയുമായി നടന്ന സംഭാഷണം.''ആര്‍നോള്‍ഡ്, താങ്കളെന്താ പറയുന്നത് ഞാന്‍ പ്രധാനമന്ത്രിയെ മൈന്‍ ഫീല്‍ഡില്‍ പട്ടാളക്കാരുടെ വേഷവുമിടുവിച്ച്, ഒരു കൈയില്‍ മൈന്‍ ഡിറ്റക്ടറുമുയര്‍ത്തി, നായയെ തേടി മുട്ടിലിഴയിക്കണമെന്നായിരുന്നോ?''''തീര്‍ച്ചയായും. നാടിനും അദ്ദേഹത്തിനും നമുക്കും പട്ടാളത്തിനും അതായിരുന്നു മെച്ചം.''ശരിയല്ലേ! ഒന്നാലോചിക്കൂ. ആ ടെലിവിഷന്‍ വിഷ്വല്‍സും പത്രത്തിലെ കളര്‍ പടവും മതി നേതാവിന്റെ ഇമേജിന്.ഈ കഥ ഇന്നും പ്രസക്തമാണ്. എന്താണ് വാര്‍ത്ത ആകേണ്ടത് എന്നു തീര്‍ച്ചപ്പെടുത്തേണ്ട മീഡിയാക്ക് പ്രത്യേകിച്ചും.

 

കെ. എല്‍. മോഹനവര്‍മ്മ