നാട്ടുവാര്‍ത്തകള്‍ക്കൊരാമുഖം

Author: 

ഡോ. പി.കെ. രാജശേഖരന്‍

മാധ്യമീകൃതസമൂഹം എന്ന കല്പനയെ പര്യായപദമായി സ്വീകരിക്കാവുന്നിടത്തോളം ഗാഢവും സങ്കീര്‍ണവുമാണ് കേരളീയ / മലയാളിസമൂഹത്തിനു മാധ്യമങ്ങളുമായുള്ള ബന്ധം. ഇന്ത്യന്‍ജനതയുടെ വളരെച്ചെറിയൊരു ശതമാനംമാത്രം (2011-ലെ കാനേഷുമാരിയനുസരിച്ച് 2.76 ശതമാനം) വരുന്ന മൂന്നുകോടി മുപ്പതുലക്ഷം ജനസംഖ്യയുള്ള കേരളത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള രണ്ടു ദിനപത്രങ്ങളും (പത്രവ്യവസായത്തിന്റെ ദേശീയ സംജ്ഞാവലിയില്‍ 'പ്രാദേശികപത്രങ്ങള്‍') പ്രചാരത്തിലല്ലെങ്കിലും വാര്‍ത്താവതരണ-ശേഖരണശേഷിയിലും സ്വാധീനതയിലും അവയ്‌ക്കൊപ്പം നില്‍ക്കാന്‍ ശേഷിയുള്ള ഏതാനും മറ്റു പത്രങ്ങളും വലിയ വിഭാഗം കാണികളുള്ള പത്തിലധികം ടെലിവിഷന്‍ ന്യൂസ് ചാനലുകളും അതിലേറെ വിനോദചാനലുകളും അസംഖ്യം ആനുകാലികങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളുമുള്ളതുകൊണ്ടും പുലര്‍കാലത്ത് വീട്ടിലും ചായക്കടയും വായനശാലയും കടത്തിണ്ണയും തീവണ്ടിയാപ്പീസും ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ തീവ്രമായ പത്രപാരായണത്തില്‍ മുഴുകുകയും തര്‍ക്കിക്കുകയും ചെയ്യുന്ന സാധാരണക്കാരുടെ ഏതാണ്ടു ക്ലിഷേയായിത്തീര്‍ന്നു കഴിഞ്ഞ ചിത്രം മലയാളിയുടെ പ്രതീകമായി കലാവിഷ്‌കാരങ്ങളിലും പരസ്യങ്ങളിലും മറ്റും നിരന്തരം പ്രത്യക്ഷപ്പെടുന്നതുകൊണ്ടും മാത്രമല്ല മലയാളിസമൂഹത്തെ മാധ്യമീകൃതമെന്നു വിശേഷിപ്പിക്കാവുന്നത്. ആധുനികത്വത്തിലേക്കു മലയാളിസമൂഹം പ്രവേശിച്ച വഴിതന്നെ പത്രമായിരുന്നു. പത്രങ്ങളും ആനുകാലികങ്ങളും ചേര്‍ന്നു സൃഷ്ടിച്ച പൊതുമണ്ഡലത്തില്‍ ആധുനികമലയാളി പിറന്നുവീണു എന്നുതന്നെ പറയാം. മലയാളപത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തെ കേരളാധുനികത്വത്തിന്റെ ചരിത്രമായും തിരിച്ചുംവായിക്കാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിനുശേഷം ആരംഭിച്ച കേരളത്തിന്റെ ആധുനികത്വപ്രക്രിയയില്‍ അച്ചടിയും പത്രങ്ങളുടെ വ്യാപനവുമായിരുന്നു ഇന്ധനങ്ങള്‍. പില്ക്കാലത്തു മറ്റു മാധ്യമങ്ങള്‍ കൂടി കടന്നുവന്നതോടെ ആധുനികത്വപ്രക്രിയയും മാധ്യമീകരണവും വേഗത്തിലായി. മലയാളിയുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ വ്യവഹാരങ്ങളിലും ആശയരൂപവത്കരണങ്ങളിലും അഭിരുചിനിര്‍മാണങ്ങളിലും പത്ര / മാധ്യമത്തിനുള്ള പങ്കാണ് കേരളത്തെ മാധ്യമീകൃതസമൂഹമാക്കി മാറ്റുന്നത്.
സാങ്കേതികസംജ്ഞകളുടെ, പത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ലളിത / സുഗ്രഹഭാഷയില്‍ പറഞ്ഞാല്‍ ജാര്‍ഗെനുകളുടെ പ്രശ്‌നം ഇവിടെ പ്രത്യക്ഷപ്പെടുന്നു: ആധുനികത്വം, പത്രം / മാധ്യമം, പത്രപ്രവര്‍ത്തനം / മാധ്യമപ്രവര്‍ത്തനം, മാധ്യമീകരണം. കാര്‍ഷിക, ജന്മിത്ത സമൂഹത്തില്‍നിന്നു വ്യവസായവത്കൃത, മുതലാളിത്ത സമൂഹത്തിലേക്കുള്ള പരിവര്‍ത്തനമാണ് ആധുനികത്വം (ാീറലൃിശ്യേ). ദേശരാഷ്ട്രം, പൊതുമണ്ഡലം, മതനിരപേക്ഷത, വൈയക്തികത, മനുഷ്യപുരോഗതിസങ്കല്പം, ശാസ്ത്രയുക്തി, മാനവികതാവാദം തുടങ്ങിയ പ്രത്യക്ഷപ്പെട്ട ചരിത്രഘട്ടമാണത്. പതിനാറാം നൂറ്റാണ്ടുമുതല്‍ ഇരുപതാംനൂറ്റാണ്ടിന്റെ അന്ത്യം വരെയുള്ള കാലമാണതെന്ന് പാശ്ചാത്യചിന്തകര്‍ പറയുന്നു. അതിനുശേഷമുള്ള സമകാലികഘട്ടത്തിന് ഉത്തരാധുനികത്വമെന്നാണ് അവര്‍ നല്‍കുന്ന സംജ്ഞ. ആധുനികത്വം അവസാനിച്ചിട്ടില്ലാത്ത പദ്ധതിയാണെന്നു വാദിക്കുന്ന താത്വികരുമുണ്ട്. പാശ്ചാത്യനിര്‍മിതിയായ ആധുനികത്വം കൊളോണിയല്‍ അധിനിവേശത്തിലൂടെ പാശ്ചാത്യേതരസമൂഹത്തിലും എത്തിച്ചേര്‍ന്നു. വ്യത്യസ്ത കാലങ്ങളില്‍ രൂപപ്പെട്ട വ്യത്യസ്തസ്വഭാവവും പ്രവര്‍ത്തനരീതികളുമുള്ള വ്യത്യസ്ത ആധുനികത്വങ്ങള്‍ ഉണ്ടെന്നു സാരം. സാഹിത്യത്തിലെയും കലയിലെയും ആധുനികത, ഉത്തരാധുനികത എന്നിവയുമായി ആധുനികത്വത്തെയും ഉത്തരാധുനികത്വത്തെയും കൂട്ടിക്കുഴയ്ക്കരുത്. ആ ചരിത്ര-സാമൂഹികഘട്ടങ്ങളിലെ കലാസാഹിത്യപ്രവണതകള്‍ മാത്രമാണവ.
പത്രം / മാധ്യമം, പത്രപ്രവര്‍ത്തനം / മാധ്യമപ്രവര്‍ത്തനം എന്നിവ മലയാളത്തില്‍ സമാനാര്‍ത്ഥമായാണ് ഉപയോഗിക്കുന്നത്, ഇംഗ്ലിഷിലെ ജേണലിസത്തിന്റെ തത്സമമായി. പത്രങ്ങള്‍ മാത്രമുണ്ടായിരുന്ന കാലത്തിന്റെ പദസൃഷ്ടി. റേഡിയോയും ടെലിവിഷനും ഇന്റര്‍നെറ്റും വന്നതോടെ മാധ്യമപ്രവര്‍ത്തനം എന്ന പൊതുസംജ്ഞ പ്രയോഗത്തില്‍ വന്നു. ഒരു പതിറ്റാണ്ടേ പഴക്കമുള്ളൂ 'മാധ്യമപ്രവര്‍ത്തന'ത്തിനും 'മാധ്യമപ്രവര്‍ത്തകര്‍'ക്കും. മാധ്യമഭിന്നതയും ശൈലീഭിന്നതയും വിനിമയഭിന്നതയുമുണ്ടെങ്കിലും ധര്‍മപരമായി ഒന്നുതന്നെയാണ് പത്രപ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തനവും.
കുറേക്കൂടി സങ്കീര്‍ണമായ ഒരു സൈദ്ധാന്തിക കല്പനയാണ് മാധ്യമീകരണം (ാലറശമശ്വേമശേീി). മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനതയെപ്പറ്റി വ്യത്യസ്താര്‍ഥങ്ങളിലും സന്ദര്‍ഭങ്ങളിലും ആശയപശ്ചാത്തലങ്ങളിലും അത് പ്രയോഗിക്കപ്പെടാറുണ്ട്. രാഷ്ട്രീയവ്യവസ്ഥയില്‍ ബഹുജനമാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനത, വിപണനത്തിന്റെയും ഉപഭോക്തൃസംസ്‌കാരത്തിന്റെയും വര്‍ധിച്ചുവരുന്ന പ്രാധാന്യം, അറിവിന്റെ ഉത്പാദനത്തിലും വിതരണത്തിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്, സാമൂഹികപരിവര്‍ത്തനത്തില്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാധീനത തുടങ്ങിയ ഒട്ടേറെ അര്‍ഥങ്ങള്‍ 'മാധ്യമീകരണം' ഉള്‍ക്കൊള്ളുന്നു. മാധ്യമങ്ങളോടും മാധ്യമയുക്തി (media logic) യോടും സമൂഹത്തിന് ആശ്രിതത്വമുള്ള, അല്ലെങ്കില്‍, സമൂഹം വലിയൊരളവില്‍ അതിനു വഴിപ്പെടുന്ന പ്രക്രിയയാണ് മാധ്യമീകരണമെന്നു പറയാം. ഒരുതരം ദ്വന്ദ്വാത്മകപ്രവര്‍ത്തനമാണത്. മറ്റു സാമൂഹികസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലേക്കു മാധ്യമം കൂട്ടിച്ചേര്‍ക്കപ്പെടുകയും അതേസമയം തന്നെ തന്‍നിലയില്‍ മാധ്യമം ഒരു സാമൂഹികസ്ഥാപനപദവിയാര്‍ജിച്ചുനില്‍ക്കുകയും ചെയ്യുന്ന ദ്വന്ദ്വാത്മകത്വം. മാധ്യമം ഉപയോഗിക്കുന്ന സ്ഥാപനപരവും സാങ്കേതികവുമായ പ്രവര്‍ത്തനക്രമ (modus operandi) മായ മാധ്യമയുക്തിക്ക് സമൂഹം വശംവദമാകുന്നത് മാധ്യമീകരണത്തിന്റെ ഫലമായാണ്. അതിലൂടെ സമൂഹത്തിലെ പരസ്പരപ്രവര്‍ത്തനങ്ങള്‍പോലും മാധ്യമങ്ങള്‍ വഴിയാകുന്നു. പത്രപാരായണത്തിലും പത്രങ്ങള്‍ നടത്തിയ പൊതുജനാഭിപ്രായരൂപവത്കരണത്തിലും അഭിരുചി നിര്‍മിതിയിലും നിന്ന് ടെലിവിഷന്‍ ചര്‍ച്ചകളിലും തത്‌സമയം അഭിപ്രായം രേഖപ്പെടുത്തലും പാചകത്തിലും ചികിത്സയിലും ഓണ്‍ലൈന്‍ ക്ലാസ് മുറിയിലും ചന്തയിലും ബാങ്കിങ്ങിലും സോഷ്യ മീഡിയ വിപ്ലവത്തിലും എത്തിനില്‍ക്കുന്ന മാധ്യമീകരണപ്രക്രിയ. സമകാലിക സമൂഹത്തിന്റെ പ്രകൃതിയാണത്, കേരളീയ സമൂഹത്തിന്റെയും.
കേരളസമൂഹത്തിന്റെ മാധ്യമീകരണത്തിന്റെ ചരിത്രത്തിലേക്കു നോക്കാന്‍ കേരളാധുനികത്വ (ഗലൃമഹമ ാീറലൃിശ്യേ) ത്തിന്റെ ആവിര്‍ഭാവഘട്ടത്തിലേക്കു പോകേണ്ടിവരും. അച്ചടിയുടെയും പത്രത്തിന്റെയും വണ്ടിയിലാണ്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ബ്രിട്ടീഷ് കൊളോണിയല്‍ അധിനിവേശത്തിന്റെ രാഷ്ട്രീയവും ജ്ഞാനപരവുമായ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആധുനികത്വം സഞ്ചരിച്ചതെന്നു പറഞ്ഞാലും അധികമാവില്ല. അച്ചടി, പത്രം, വാര്‍ത്ത എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ സ്വയംനിര്‍വചനം ആധുനികത്വത്തിലേക്കുള്ള മലയാളിയുടെ വഴിത്താരയായിരുന്നു. ആ കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യനോവലായ 'ഇന്ദുലേഖ' (1889) ലെ (ആധുനികത്വത്തിന്റെ ഫലമായിരുന്നു നോവലും നോവല്‍വായനയും മലയാളത്തില്‍) ഒരു പ്രണയകലഹരംഗം ഇങ്ങനെ വായിക്കാം:
''ഇന്ദുലേഖ: ഞാന്‍ മേല്‍കഴുകാന്‍ പോകുന്നു. ആ കോച്ചിന്മേല്‍ ന്യൂസ് പേപ്പര്‍ വായിച്ചുകിടക്കൂ. ഞാന്‍ ക്ഷണം വരാം എന്നിട്ടു വിവരങ്ങള്‍ പറയാം.
മാധവന്‍ കോച്ചിന്മേല്‍ കിടന്നു. ന്യൂസ് പേപ്പര്‍ തൊട്ടില്ല. ഇന്ദുലേഖ 'ന്യൂസ് പേപ്പര്‍ എന്തു പിഴച്ചു' ന്നെു ചോദിച്ചു ചിറിച്ചും കൊണ്ട് മേല്‍കഴുകാന്‍ താഴത്തിറങ്ങുമ്പോള്‍ മുകളിലേക്ക് ഒരു വാലിയക്കാരന്‍ മാധവന് ഒരു കമ്പിവര്‍ത്തമാനലക്കോട്ടും കൊണ്ടു കയറുന്നതുകണ്ടു.''
ഇന്ദുലേഖയുടെ വിവാഹം കഴിഞ്ഞുവെന്ന് തെറ്റിദ്ധരിച്ച് ദുഃഖിതനായി രാജ്യസഞ്ചാരത്തിനു പോയ മാധവനെ കണ്ടുപിടിക്കാന്‍ പുറപ്പെട്ട് മുംബൈയിലെത്തിയ അച്ഛന്‍ ഗോവിന്ദപ്പണിക്കരും ബന്ധു ഗോവിന്ദന്‍കുട്ടി മേനവനും പത്രത്തെ ആശ്രയിക്കുന്ന ഒരു സന്ദര്‍ഭം കൂടി ഒ. ചന്തുമേനോന്‍ അവതരിപ്പിക്കുന്നുണ്ട്:
''ഗോവിന്ദന്‍കുട്ടി മേനവനു പലേ വിദ്യകളും തോന്നിയതില്‍ ന്യൂസ് പേപ്പറില്‍ പ്രസിദ്ധപ്പെടുത്തണം എന്നു തോന്നി. ആദ്യത്തില്‍ ഒന്നുരണ്ടു പ്രാവശ്യം ചില ന്യൂസ് പേപ്പറുകളില്‍ ഇന്ദുലേഖയെപ്പറ്റി ഉണ്ടാക്കിയ കളവായ വര്‍ത്തമാനങ്ങളെപ്പറ്റി എഴുതിയിരുന്നു. ആ പ്രസിദ്ധപ്പെടുത്തിയ ദിവസങ്ങളില്‍ മാധവന്‍ കപ്പലില്‍ കിടന്നു വിഷമിക്കുന്ന കാലമായിരിക്കും എന്നു ഞാന്‍ വിചാരിക്കുന്നു. ഏതു വിധമായാലും ഈ പ്രസിദ്ധപ്പെടുത്തിയ പേപ്പര്‍ യാതൊന്നും കണ്ടതേ ഇല്ല. നിശ്ചയം.''
ആധുനികത്വത്തിന്റെ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വിദ്യാസമ്പന്നരായ ആ പുതുതലമുറ സ്ത്രീപുരുഷന്മാരുടെ നിത്യവ്യവഹാരത്തില്‍ കടന്നുവരുന്ന പത്രവും പത്തൊമ്പതാംനൂറ്റാണ്ടിന്റെ അന്ത്യകാലത്ത് മുംബൈയിലെ പത്രങ്ങളില്‍ ഒരു കേരളിയസ്ത്രീയെപ്പറ്റി പ്രചരിച്ച അപവാദത്തിന്റെ വാര്‍ത്തയും ചന്തുമേനോന്‍ ഭാവന ചെയ്തതിനുപിന്നില്‍ കേരളാധുനികത്വവും പത്രവും തമ്മിലുള്ള ബന്ധമാണുള്ളത്. കേരളാധുനികത്വത്തിന്റെ നിര്‍മാണയന്ത്രമായിരുന്നു പത്രം, ഉത്പന്നവും. മനുഷ്യപുരോഗതി, വൈയക്തിതസ്വാതന്ത്ര്യം, യുക്തിബോധം, ശാസ്ത്രം, രാഷ്ട്രം തുടങ്ങിയ ആശയങ്ങള്‍ അത് കേരളീയസമൂഹത്തില്‍ അവതരിപ്പിച്ചു. വാര്‍ത്തകളിലൂടെ അവയെ പ്രതിഷ്ഠാപനം ചെയ്ത് സമൂഹത്തെ ആധുനികീകരിക്കുകയും ചെയ്തു. മുംബൈയിലെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇന്ദുലേഖയെപ്പറ്റയുള്ള വര്‍ത്തമാനം (അതിന്റെ സ്വഭാവമെന്തായിരുന്നുവെന്ന് നോവലിസ്റ്റ് പറയുന്നില്ല) വാര്‍ത്തയുടെയും പത്രത്തിന്റെയും സ്വാധീനശക്തിയെപ്പറ്റി ചന്തുമേനോനുണ്ടായിരുന്ന ആധുനികത്വബോധത്തിന്റെ ഫലമാണ്. ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ ഭാഷയില്‍ ഒരു പ്രാദേശിക വാര്‍ത്തയാണത്. ഒരാളെ കണ്ടെത്താനുള്ള ഉപാധിയാണ് നോവലിന്റെ ഭാവനാലോകത്ത് വാര്‍ത്ത. കേരളാധുനികത്വത്തിന്റെ ചരിത്രത്തിലാകട്ടെ മലയാളിയുടെ സ്വയം കണ്ടെത്തലിന്റെയും നവീകരിക്കലിന്റെയും ഉപാധിയും. ക്രിസ്തുമത പ്രചാരണാര്‍ഥം ആരംഭിച്ച പ്രസിദ്ധീകരണങ്ങളായ 'രാജ്യസമാചാരം' (1847), 'പശ്ചിമോദയം' (1847), 'ജ്ഞാനിക്ഷേപം' (1848) എന്നിവയില്‍നിന്ന് കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ 'കേരളമിത്രം' (1882), 'കേരളപത്രിക' (1884) എന്നീ യഥാര്‍ഥപത്രങ്ങളിലേക്കു വളര്‍ന്ന് മലയാളപത്രപ്രവര്‍ത്തനം സ്വരൂപമാര്‍ജിച്ചുകഴിഞ്ഞ ഘട്ടത്തില്‍ പുറത്തുവന്ന 'ഇന്ദുലേഖ'യില്‍ പത്രവും പ്രാദേശികവാര്‍ത്തയും ആധുനികത്വത്തിന്റെ 'കണ്ടെത്തലി'ന്റെ ചിഹ്നങ്ങളായി കടന്നുവന്നത് യാദൃശ്ചികമല്ല. രാഷ്ട്രീയവും ഭരണപരവുമായ ഭിന്നതയ്ക്കു പുറത്തുള്ള കേരളം എന്ന ദേശസ്വത്വം, വീട്ടില്‍ സംസാരിക്കുന്ന മലയാളം, ഇന്ത്യ എന്ന രാഷ്ട്രം, ദേശീയത, വ്യക്തിയുടെ അവകാശങ്ങള്‍,സ്ത്രീയുടെ വിമോചനം തുടങ്ങിയ ആധുനികത്വാശയങ്ങള്‍ ചര്‍ച്ച ചെയ്ത 'ഇന്ദുലേഖ', പ്രാദേശികവാര്‍ത്തകളിലൂടെ സ്വദേശത്തെയും കേരളീയമായ രാഷ്ട്രീയ-സാംസ്‌കാരികസ്വത്വത്തെയും കേരളീയമായ രാഷ്ട്രീയ-സാംസ്‌കാരികസ്വത്വത്തെയും പുനര്‍നിര്‍വചിക്കാനും സ്വതന്ത്രമായ ആശയാഭിലാഷകളുടെ സംവാദത്തിന്റ ഇടമായ ഒരു പൊതുമണ്ഡലം രൂപപ്പെടുത്താനും ശ്രമിച്ച പത്രഘട്ടത്തിന്റെ സൃഷ്ടികൂടിയാണ് 'ഇന്ദുലേഖ'. പത്രവും പ്രാദേശികവാര്‍ത്തയും ദേശം, ഭാഷ, രാഷ്ട്രീയം, സ്വത്വം എന്നിവയെക്കുറിച്ചുള്ള മലയാളിയുടെ പുതുബോധത്തിന്റെ നിര്‍ണായകങ്ങളായ ആധുനികത്വത്തിന്റെ ഈ ചരിത്രപശ്ചാത്തലത്തിലാണ് എസ്.എന്‍. ജയപ്രകാശിന്റെ 'നാട്ടുവാര്‍ത്തയുടെ കാലങ്ങള്‍' വായിക്കേണ്ടത്.
മലയാളപത്രവ്യവസായത്തെ താങ്ങിനിര്‍ത്തുന്ന (ലാഭകരമായ വ്യവസായമാക്കി മാറ്റുന്ന) തൂണും ഇന്ധനവും മൂലധനവും ഉത്പന്നവുമായ പ്രാദേശികവാര്‍ത്തയുടെ ഉത്പത്തിവികാസചരിത്രം രേഖപ്പെടുത്തുന്ന 'നാട്ടുവാര്‍ത്തയുടെ കാലങ്ങള്‍' മലയാളത്തില്‍ മാധ്യമസംബന്ധിയായി ഉണ്ടായിട്ടുള്ള മറ്റെല്ലാ പുസ്തകങ്ങളില്‍നിന്നും വ്യത്യസ്തമാണ്. പത്രചരിത്രം, മാധ്യമവിശകലനം, പത്രപ്രവര്‍ത്തകരുടെ അനുഭവ / ഓര്‍മക്കുറിപ്പ്, സാങ്കേതികരീതികള്‍ വിവരിക്കുന്ന പാഠപുസ്തകം, ഗവേഷണപ്രബന്ധങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പെടുത്താവുന്ന പത്രപ്രവര്‍ത്തനപുസ്തകങ്ങളേ മലയാളത്തിലുള്ളൂ. മാധ്യമീകൃതസമൂഹമാണെങ്കിലും മലയാളത്തില്‍ ഏറ്റവും കുറവ് പുസ്തകങ്ങള്‍ മാധ്യമപഠനവിഭാഗത്തിലാണ്. 'നാട്ടുവാര്‍ത്തയുടെ കാലങ്ങള്‍' മേല്പറഞ്ഞ വിഭാഗങ്ങളിലൊന്നും ഉള്‍പ്പെടില്ല. കാലാനുക്രമമായ പത്രചരിത്രമോ വാര്‍ത്താഖ്യാനത്തിന്റെയും രൂപകല്‍പനയുടെയും സാങ്കേതികരീതികള്‍ വിവരിക്കുന്ന പാഠപുസ്തകമോ വാര്‍ത്താഘടന (ിലം െേെൃൗരൗേൃല) യില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിനിയമപഠനമോ പത്രഭാഷാവിശകലനമോ അല്ല, പ്രാദേശികവാര്‍ത്ത എന്ന നിര്‍മിതിയുടെയും വ്യാപാരമാതൃക (യൃമിറ) യുടെയും വിമര്‍ശനാത്മക ചരിത്രമാണ് ഈ പുസ്തകം. ചരിത്രകാരനോ അക്കാദമിക്കോ അല്ലാത്ത, മുഴുവന്‍ സമയപത്രപ്രവര്‍ത്തകനായ ജയപ്രകാശ് തന്റെ ലക്ഷ്യവും രീതിപദ്ധതിയും ഇങ്ങനെയാണു വിശദീകരിക്കുന്നത്:
''വാര്‍ത്തയുടെ ദേശമെന്നത് പത്രപ്പതിപ്പിന്റെ പ്രദേശമായി മാറിയതാണ് പ്രാദേശികവത്കരണത്തിന്റെ മുഖമുദ്ര. അങ്ങനെ കേരളത്തില്‍ പഞ്ചായത്തുവാര്‍ഡുകള്‍പോലും പത്രത്തില്‍ ഡേറ്റ് ലൈനായി. അസംഖ്യം പ്രാദേശിക വാര്‍ത്താലേഖകരുടെ വലക്കെട്ടില്‍ നിന്ന് ഒരു നാട്ടുവിശേഷത്തിനും ഒളിഞ്ഞിരിക്കാനാകാതെ വന്നു. ദേശത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റുകളില്‍ പോലും സംഭവിച്ച വാര്‍ത്തയുടെ ഈ വിസ്‌ഫോടനം പത്രങ്ങളുടെ പ്രചാരവര്‍ധനവിനുള്ള വലിയ ഉപകരണമായി മാറി. പടിഞ്ഞാറന്‍ ലോകം 'ഹൈപ്പര്‍ലോക്കലി' (വ്യുലൃ ഹീരമഹ) നെക്കുറിച്ച് ചിന്തിക്കുന്നതിന് എത്രയോ മുമ്പ് തന്നെ മലയാളത്തില്‍ ഇത്തരത്തില്‍ 'അതിപ്രാദേശിക' പത്രപ്രവര്‍ത്തനം രൂപംകൊണ്ടിരുന്നു.
ഈ നാട്ടുവാര്‍ത്തകള്‍ ഉത്പാദിപ്പിക്കപ്പെട്ടതെങ്ങനെ, വിവിധ കാലഘട്ടങ്ങളിലൂടെ അവയ്ക്കുവന്ന മാറ്റങ്ങളെന്ത്, ഈ മാറ്റങ്ങള്‍ കേരളത്തിന്റെ സാമൂഹ്യസാംസ്‌കാരിക മൂല്യങ്ങളുടെ പരിണതിയെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നൊക്കെ മനസ്സിലാക്കാനാണ് ഈ പഠനം ശ്രമിക്കുന്നത്. മറ്റ് നാടുകളില്‍ നിന്നു വ്യത്യസ്തമായി മുഖ്യധാരാപത്രപ്രവര്‍ത്തനത്തിനോട് ഉള്‍ച്ചേര്‍ന്ന പ്രാദേശിക പത്രപ്രവര്‍ത്തനം മലയാളത്തിന് പ്രത്യേകമായി അവകാശപ്പെടാവുന്നതാണ്. ഓരോ നാടും ഓരോ വ്യക്തിയും വാര്‍ത്തയാവുന്ന പത്രപ്രവര്‍ത്തനത്തിന്റെ കേരള മാതൃകയാണിത്. ഇതിന്റെ രേഖപ്പെടുത്തല്‍ പ്രാദേശിക പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രവും വര്‍ത്തമാനവും രേഖപ്പെടുത്തുന്നതുകൂടിയാണ്.
അക്കാദമിക് ചരിത്രരചനയുടെ സമീപനമല്ല ഇവിടെ സ്വീകരിച്ചിരിക്കുന്നത്. മലയാളപത്രപ്രവര്‍ത്തനത്തെയും പത്രവ്യവസായത്തെയും സംബന്ധിച്ചിടത്തോളം പ്രാതിനിധ്യസ്വഭാവമുള്ള കാലങ്ങളിലൂടെയുള്ള നാട്ടുവാര്‍ത്തകളുടെ പ്രയാണമാണ് അന്വേഷിച്ചത്. കേരളീയ പൊതുമണ്ഡലത്തെ രൂപീകരിക്കുന്നതിലും അതിനെ നവീകരിക്കുന്നതിലും അവ വഹിച്ച പങ്ക് അറിയാന്‍ കാലപ്രവാഹത്തിലുണ്ടായ സാമൂഹിക, സാംസ്‌കാരിക മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വാര്‍ത്തകളെ പ്രതിഷ്ഠിച്ചാല്‍ മതി. 1848-ലെ 'ജ്ഞാനനിക്ഷേപം' മുതലുള്ള വാര്‍ത്താമാതൃകകളില്‍ ഇത്തരം ചരിത്രസന്ദര്‍ഭങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. അന്നുമുതല്‍ ഇന്നുവരെയുള്ള പത്രങ്ങളിലെ ലഭ്യമായ നാട്ടുവാര്‍ത്താമാതൃകകളെ വിലയിരുത്തുക പ്രായോഗികമല്ല.''
ഈ വിശദീകരണം പ്രശ്‌നഭരിതമാണ്! സമ്മതിയോടൊപ്പം വിസമ്മതിയും കുറ്റസമ്മതിയും ഇതിലടങ്ങുന്നു, മലയാളത്തിലെ പത്രപ്രവര്‍ത്തന / മാധ്യമചരിത്രരചനാസമ്പ്രദായത്തോടുള്ള വിമര്‍ശനവും. സമഗ്രവും (പ്രശ്‌നഭരിതമാണ് ഈ പദവും. 'സമഗ്രത'യെന്നാല്‍ എന്തെന്ന താര്‍ക്കികപ്രശ്‌നം അത് ക്ഷണിച്ചുവരുത്തുന്നു) വിവരസമ്പൂര്‍ണവും ചരിത്രബദ്ധവുമായ ഒരു മലയാള പത്രപ്രവര്‍ത്തന/ മാധ്യമചരിത്രം ഇതുവരെയും മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന, പത്രപ്രവര്‍ത്തനം പഠിപ്പിച്ച് ഉന്നതബിരുദങ്ങള്‍ നല്‍കുന്ന സര്‍വകലാശാലകളും പത്രപ്രവര്‍ത്തകര്‍തന്നെ നയിക്കുന്ന സ്വതന്ത്രപഠനാലയങ്ങളും പ്രസ് അക്കാദമിയും ഉണ്ടായിട്ടും അങ്ങനെയൊരു ശ്രമം നടന്നിട്ടില്ലെന്ന വാസ്തവത്തിലേക്ക് ഗ്രന്ഥകാരന്റെ വിശദീകരണം വിരല്‍ചൂണ്ടുന്നു. 'അക്കാദമിക് ചരിത്രരചനയുടെ സമീപന'മെന്നു ഗ്രന്ഥകാരന്‍ പറയുന്ന സംഗതി പത്രപ്രവര്‍ത്തനചരിത്രത്തിനു ബാധകമല്ല. ബിരുദഫാക്ടറികളായ നമ്മുടെ സര്‍വകലാശാലകളും അവിടങ്ങളിലെ അധ്യാപകരും മലയാളപത്ര/മാധ്യമചരിത്രം നിര്‍മിച്ചിട്ടില്ല. പാശ്ചാത്യാധിഷ്ഠിതമായ പാഠ്യപദ്ധതി പിന്തുടരുന്ന കേരളത്തിലെ സര്‍വകലാശാലാതല പത്രപ്രവര്‍ത്തനപഠനത്തിന് മലയാളപത്രപ്രവര്‍ത്തനചരിത്രത്തിലോ മലയാള പത്രപ്രവര്‍ത്തനം പഠിപ്പിക്കലിലോ താത്പര്യമില്ല. കേരളീയവും മലയാളത്തില്‍ പ്രകാശിപ്പിക്കേണ്ടതുമായ പ്രാദേശികവാര്‍ത്തയെ നിരാകരിച്ചുകൊണ്ട് പത്രപ്രവര്‍ത്തനത്തിന്റെ സാര്‍വലൗകികമാതൃക (യഥാര്‍ഥത്തില്‍ അത് ഇംഗ്ലിഷ് / യൂറോ - അമേരിക്കന്‍ മാതൃകയാണ്) പിന്തുടരാനും പഠിപ്പിക്കാനുമാണ് അവ ശ്രമിക്കുന്നത്. അക്കാദമിക് രംഗത്തിനു പുറത്തുള്ളവര്‍ എഴുതിയതാണ് നിലവിലുള്ള മലയാള പത്രപ്രവര്‍ത്തനചരിത്രങ്ങള്‍ മിക്കവയും (കൊള്ളാവുന്ന മലയാളസാഹിത്യചരിത്രവും രാഷ്ട്രീയചരിത്രങ്ങളും എഴുതിയതും അങ്ങനെയുള്ളവരാണ്). വാസ്തവംപറഞ്ഞാല്‍ പ്രാഥമികവിവരങ്ങള്‍ രേഖപ്പെടുത്തിയ ചെറുകിട വിജ്ഞാനകോശങ്ങള്‍ മാത്രമാണവ. ചരിത്ര-സാമൂഹിക സന്ദര്‍ഭങ്ങളില്‍ നിന്നു വേര്‍പെടുത്തി, തനതുനിര്‍മിതികളോ ഉത്പന്നങ്ങളോ മാത്രമായി പത്രമാസികകളെ പരിചയപ്പെടുത്തുന്ന രീതിയാണ് അവ പിന്തുടരുന്നത്. ടെലിവിഷന്‍, ഇന്റര്‍നെറ്റ് എന്നിവയുടെ കേരള / മലയാള മാധ്യമചരിത്രം ആധികാരികമായി ഇതുവരെയും രേഖപ്പെടുത്തിയിട്ടുമില്ല. പാഠ്യപദ്ധതികള്‍ക്കനുസരിച്ചു തയ്യാറാക്കപ്പെടുന്ന (തട്ടിക്കൂട്ടിയുണ്ടാക്കുന്ന എന്നതാണു മലയാളശൈലി) പരീക്ഷാസഹായികളായ മാധ്യമചരിത്രങ്ങളുടെയും സ്ഥിതി അതുതന്നെ. എല്ലാവര്‍ക്കും വേണ്ടി സംസാരിക്കുന്ന മാധ്യമത്തിന്റെ ചരിത്രം രേഖപ്പെടുത്താന്‍ ആരുമില്ലെന്ന ദുര്‍വിധി. അത്ര പഴയതൊന്നുമല്ലാത്ത ഒരു പഴഞ്ചൊല്ലിലെ കഥാപാത്രമായ ആണ്ടിയുടെ, 'ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയുന്ന' ദുസ്ഥിതിയിലേക്ക് പത്രപ്രവര്‍ത്തകരെ എത്തിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ആണ്ടി ഒരു തമാശക്കഥാപാത്രമല്ല, നന്ദിയില്ലാപ്പണി ചെയ്യുന്ന എല്ലാവരുടെയും പ്രതീകമായ ദുരന്തനായകനാണ്. പ്രാദേശികവാര്‍ത്തയുടെ മൂലധനനിക്ഷേപത്തില്‍ അടിയുറച്ചുനിന്നു മുന്നേറുന്ന മലയാള പത്രപ്രവര്‍ത്തനത്തില്‍ അതിന്റെ ചരിത്രമെഴുതാന്‍ പുറപ്പെട്ട പത്രപ്രവര്‍ത്തകനായ ജയപ്രകാശ് ആണ്ടിയുടെ ആദരണീയധര്‍മമാണ് ഏറ്റെടുക്കുന്നത്.
ഗ്രന്ഥകാരന്റെ പ്രസ്താവന പുരാരേഖാസംരക്ഷണത്തില്‍ കേരളസമൂഹം കാണിക്കുന്ന ഉദാസീനതയിലേക്കുകൂടി ശ്രദ്ധ ക്ഷണിക്കുന്നു. 'അന്നുമുതല്‍ ഇന്നുവരെയുള്ള പത്രങ്ങളിലെ ലഭ്യമായ നാട്ടുവാര്‍ത്താമാതൃകകളെ വിലയിരുത്തുക പ്രായോഗികമല്ല' എന്ന പ്രസ്താവം അത്ര നിഷ്‌കളങ്കമല്ല. അതിനുള്ളില്‍ മറച്ചുവയ്ക്കപ്പെട്ട ചില വാസ്തവങ്ങളുണ്ട്. അന്നുമുതലിന്നുവരെയുള്ളവയെല്ലാം സംരക്ഷിതവും അങ്ങനെയാണെങ്കില്‍ത്തന്നെ ഒരു സ്വതന്ത്രാന്വേഷകനു പ്രാപ്യവുമാണോ കേരളത്തില്‍? ആദ്യകാലം തൊട്ടുള്ള പത്രമാതൃകകള്‍ / അച്ചടിമാതൃകകള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെട്ടിട്ടില്ലാത്ത, അപൂര്‍ണവും അസമാഹൃതവുമായ മുദ്രണസ്മൃതിശേഖരമുള്ള ഒരു സംസ്‌കൃതിയാണ് കേരളത്തിന്റേത്. കഷണങ്ങളായി മാത്രം രേഖപ്പെടുത്തപ്പെട്ട ഓര്‍മ / ചരിത്രത്തില്‍ നിന്നുവേണം സ്വന്തം ആധുനികചരിത്രം പോലും മലയാളിക്കു രേഖപ്പെടുത്താന്‍. ആര്‍ക്കൈവിങ്ങിന്റെ കാര്യത്തില്‍ ഉദാസീനമായ നമ്മുടെ സമൂഹത്തില്‍ (പഴയ കുടുംബഫോട്ടോകള്‍ പോലും നമ്മുടെ സൂക്ഷിപ്പിലില്ലല്ലോ, പഴയ തീപ്പെട്ടിപ്പടപ്പുസ്തകങ്ങളും പാഠപുസ്തകങ്ങളും പോലെ) പത്രങ്ങളും ആനുകാലികങ്ങളും സൂക്ഷിക്കുന്ന കാര്യം പറയാനുമില്ല. 'വാസാംസി ജീര്‍ണാനി'യെന്ന പൗരാണികദര്‍ശനം പുരാരേഖാസംരക്ഷണത്തിലും നടപ്പാക്കിയിരിക്കുകയാണു നാം. അടിയന്തരാവസ്ഥക്കാലത്തെ പത്രങ്ങള്‍ പൊതുഗ്രന്ഥാലയങ്ങളില്‍ ലഭ്യമല്ലാത്ത കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെയോ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെയോ പത്രമാസികകള്‍ തിരഞ്ഞുപോകുന്ന ഗവേഷകര്‍ക്ക് കഷ്ടരാത്രികളും വ്യര്‍ഥമാസങ്ങളുമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. അപൂര്‍വം പൊതുഗ്രന്ഥാലയങ്ങളോ നീണ്ട ചരിത്രമുള്ള പത്രസ്ഥാപനങ്ങളോ മാത്രമാണ് അവ സൂക്ഷിച്ചിട്ടുള്ളത്. പത്രസ്ഥാപനങ്ങളുടെ സൂക്ഷിപ്പുകള്‍ സ്വതന്ത്രഗവേഷകര്‍ക്കു പ്രാപ്യമാവുക അത്ര എളുപ്പവുമല്ല. കൊട്ടിഘോഷിക്കപ്പെടുന്ന വിവരവിപ്ലവകാലത്തിന്റെ ഈ വൈപരീത്യങ്ങളെ നേരിട്ടുകൊണ്ടുവേണം മലയാളത്തില്‍ ഒരു സമ്പൂര്‍ണ മാധ്യമചരിത്രമെഴുതാന്‍. ഗവേഷകരും പണ്ഡിതരും അധ്യാപകരുമൊന്നും താത്പര്യം കാണിച്ചിട്ടില്ലാത്ത ആ ജോലിയാണ് പത്രപ്രവര്‍ത്തകനായ ജയപ്രകാശ് ചെയ്യുന്നത്. ഇനിയും സാധ്യമായിട്ടില്ലാത്ത സമഗ്രമായ മലയാളമാധ്യമചരിത്രത്തിലേക്ക് ഒരു ചുവടുവയ്പ്. അതിന്റെ ആധാരശിലയായ പ്രാദേശികവാര്‍ത്തയില്‍ നിന്നുള്ള ഈ തുടക്കം തീര്‍ച്ചയായും ശ്ലാഘ്യമാണ്.
പാശ്ചാത്യ പത്രസങ്കല്‍പത്തിനും വാര്‍ത്താസങ്കല്‍പത്തിനും വാര്‍ത്താമൂല്യസങ്കല്പത്തിനും പൂര്‍ണമായി വഴങ്ങുന്നവയല്ല ഇന്ത്യന്‍ ഭാഷാപത്രങ്ങള്‍. ഇരട്ടജന്മങ്ങളാണവയില്‍ ചിലത്, ഒരേസമയം ദേശീയപത്രവും പ്രാദേശികപത്രവുമായി പ്രവര്‍ത്തിക്കുന്നവ. ദേശീയ ദിനപത്രം എന്ന അവകാശവാദം ഇംഗ്ലിഷ് പത്രങ്ങളോടൊപ്പം അവയും പങ്കുവയ്ക്കുന്നു. 'ദേശീയ'ത്തിന്റെ നിര്‍വചനം രണ്ടിടത്തും വ്യത്യസ്തമാണ്. ഭാഷാപത്രങ്ങളില്‍ പ്രാദേശികതയാണ് അഥവാ അവ പ്രസിദ്ധീകരിക്കുന്ന ഭാഷയുടെയും പ്രദേശത്തിന്റെയും ഉപദേശീയതയാണ് ദേശീയസങ്കല്‍പത്തിന് അടിസ്ഥാനം. ഇംഗ്ലിഷ് പത്രങ്ങളോട് പ്രചാരത്തിന്റെ കാര്യത്തില്‍ കിടനില്‍ക്കുകയോ കവിഞ്ഞുനില്‍ക്കുകയോ ചെയ്യുന്ന ഭാഷാപത്രങ്ങള്‍ക്ക് ആ ഉപദേശീയത / പ്രാദേശികതയുടെ നിത്യജീവിതം മുഴുവന്‍ വാര്‍ത്തയാക്കി മാറ്റിയില്ലെങ്കില്‍ നിലനില്പില്ല. ഭൂമിശാസ്ത്രപരമായ പ്രാപ്യതയില്‍ ഇംഗ്ലിഷ് പത്രങ്ങള്‍ക്കൊപ്പമെത്താന്‍ കഴിയാത്ത പ്രാദേശിക ദേശീയപത്രങ്ങളെ ആ പരിമിതി പ്രാദേശികവാര്‍ത്തയിലേക്ക് കൂടുതല്‍ കൂടുതല്‍ ആഴ്ന്നിറങ്ങാന്‍ നിരന്തരം പ്രേരിപ്പിക്കുന്നു. മലയാളത്തിലെ കാര്യം അങ്ങനെയാണ്. ദേശീയാന്തര്‍ദേശീയങ്ങള്‍ക്കും വിനോദവിഭ്യാഭ്യാ വാണിജ്യകായികങ്ങള്‍ക്കുമൊപ്പം ഫോട്ടോസഹിതമുള്ള മരണവാര്‍ത്തകളും ഗ്രാമങ്ങളിലെ ചെറുസംഭവങ്ങളും മേല്‍പ്പറഞ്ഞ വാര്‍ത്തകള്‍ക്കു നല്‍കുന്നതിനെക്കാള്‍ സ്ഥലത്ത് പരമാവധി ഉള്‍ക്കൊള്ളിക്കാതെ ഒരു മലയാളപത്രത്തിനും ഇന്ന് വായനക്കാരെയും വിപണിയെയും അഭിമുഖീകരിക്കാനാവില്ല. പ്രാദേശികവാര്‍ത്തയാണ് അവരുടെ മൂലധനം. ഇന്ത്യയിലെ മറ്റു ഭാഷാപത്രങ്ങളില്‍നിന്നു വ്യത്യസ്തമായി പ്രധാനപ്പെട്ട ഇന്ത്യന്‍ നഗരങ്ങളില്‍നിന്നും വിദേശത്തും പ്രസിദ്ധീകരിക്കുന്ന മലയാളപത്രങ്ങള്‍ക്ക് പ്രാദേശികവാര്‍ത്തയാണ് ശക്തിസ്രോതസ്സ്. ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും വസന്തര്‍ത്തുവായ, മൊബൈല്‍ ഫോണില്‍ത്തന്നെ രണ്ടും കിട്ടുന്ന മാധ്യമം വിരല്‍ത്തുമ്പില്‍നില്ക്കുന്ന, സോഷ്യല്‍ മീഡിയ മാധ്യമബദലുയര്‍ത്തുന്ന, പാശ്ചാത്യലോകത്ത് മുദ്രിതമാധ്യമങ്ങള്‍ അതിജീവന വെല്ലുവിളി നേരിടുന്ന ഇക്കാലത്തും ഇന്ത്യയില്‍ ഭാഷാപത്രങ്ങള്‍ക്കു പ്രചാരം കൂടുക മാത്രമല്ല സ്വാധീനത പഴയതുപോലെ നിലനില്ക്കുകയും ചെയ്യുന്നതിനുകാരണം പ്രാദേശികവാര്‍ത്താനിക്ഷേപത്തിന്റെ മൂല്യമാണ്. 'നാട്ടുവാര്‍ത്ത' എന്ന ആ 'ബ്രാന്‍ഡി'ന്റെ സൃഷ്ടിയാണ് മലയാളത്തില്‍ പത്രസംസ്‌കാരത്തിന്റെയും വ്യവസായത്തിന്റെയും ശക്തിക്ക് അടിസ്ഥാനം എന്നു നിരീക്ഷിച്ചുകൊണ്ടാണ് ജയപ്രകാശ് തന്റെ പഠനം ആരംഭിക്കുന്നത്. കമ്പോളം കീഴടക്കുന്ന ആ 'ബ്രാന്‍ഡി'ന്റെ ഉത്പത്തിവികാസങ്ങളുടെ ചരിത്രം രേഖപ്പെടുത്തിക്കൊണ്ട് അതിന്റെ വ്യവഹാരത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പരിണാമചരിത്രത്തിലേക്കുകൂടി ഗ്രന്ഥകാരന്‍ കടന്നുചെല്ലുന്നു.
പ്രാദേശികവാര്‍ത്തയാണു മൂലധനമെന്ന വിവേകം മലയാളപത്രപ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്നു. തെല്ലുദൂരെ പാര്‍ക്കുന്നവര്‍ക്കുപോലും പരിചിതമല്ലാത്ത സ്ഥലങ്ങള്‍ ഡേറ്റ്‌ലൈനായിത്തീരുന്ന അതിപ്രാദേശികപത്രപ്രവര്‍ത്തനമാണ് മലയാളത്തില്‍ പണ്ടേ രൂപപ്പെട്ടത്. എസ്.കെ. പൊറ്റെക്കാട്ടിന്റെ 'ഒരു തെരുവിന്റെ കഥ'യിലെ രസകരമായ ഒരു സന്ദര്‍ഭം പ്രാദേശികവാര്‍ത്താമൂലധനവും പത്രവ്യവസായവും തമ്മിലുള്ള ബന്ധത്തിനു മാതൃകയാണ്. ഇന്നും പാരായണപ്രീതിയുള്ള ആ നോവലിലെ കഥാപാത്രങ്ങളിലൊരാളാണ് പത്രവില്പനക്കാരനായ കൃഷ്ണക്കുറുപ്പ്. തെരുവില്‍ വാര്‍ത്ത വിളിച്ചുപറഞ്ഞുവില്‍ക്കുന്ന 'ന്യൂസ്‌പേപ്പര്‍ ബോയി'യുടെ മുതിര്‍ന്ന പതിപ്പായ കൃഷ്ണക്കുറുപ്പ് (മലയാളസിനിമയില്‍ നവയാഥാര്‍ഥ്യം കൊണ്ടുവന്ന 'ന്യൂസ് പേപ്പര്‍ബോയ്' എന്ന 1955-ലെ സിനിമയും ഓര്‍ക്കാം) പ്രാദേശികവാര്‍ത്ത വില്‍ക്കുന്ന രംഗമാണ് പൊറ്റെക്കാട്ട് അവതരിപ്പിച്ചത്:
''അന്ത്രു കൂനന്‍കണാരന്റെ പനിനീര്‍ക്കുപ്പിയും കക്ഷത്തിലിറുക്കി റോഡിലിറങ്ങി വടക്കോട്ടു നടന്നു; അപ്പോള്‍ കേട്ടു തെരുവില്‍നിന്നൊരു പ്രഖ്യാപനം: ''ഒരു മിസ്ത്രസ്സിനു പറ്റിയ അപകടം - കാര്യം വിഷമസ്ഥിതി - പേപ്പര്‍ അരയണ.''
കൃഷ്ണക്കുറുപ്പ് പുതിയൊരു വാര്‍ത്ത വറവുചേര്‍ത്തു തെരുവില്‍ വിളമ്പുകയാണ്. കേട്ടവരില്‍ പലരും തിരിഞ്ഞുനിന്നു. ഏതാണ് മിസ്ത്രസ്സ്? മിസ്ത്രസ്സിന് എന്തപകടമാണ് പറ്റിയത്? സംഭവം നടന്നത് എവിടെയാണ്? അതെല്ലാം അറിയാന്‍ ആ വാര്‍ത്ത കേട്ടവരില്‍ പലര്‍ക്കും ഉത്കണ്ഠയുണ്ടായി. സ്വന്തക്കാരോ ഇഷ്ടക്കാരോ പരിചയക്കാരോ ആയി മിസ്ത്രസ്സ്‌വര്‍ഗ്ഗത്തില്‍ ഒരാളെങ്കിലും കാണാതിരിക്കയില്ലല്ലോ. കുഞ്ഞന്‍നായര്‍ പേപ്പര്‍ വാങ്ങി തെരുവിന്റെ ഒരരികിലേക്കു നീങ്ങിനിന്ന്, കണ്ണടയെടുത്തു മുക്കിലും ചെവിക്കുറ്റിയിലുമായി ഘടിപ്പിച്ച് പത്രത്തില്‍ ആ വാര്‍ത്ത പരതിത്തുടങ്ങി: ഐക്യസേനയുടെ മുന്നേറ്റം, ഗ്രീസിലെ ഭൂകമ്പം, മദിരാശി ഗവര്‍ണറുടെ പ്രസംഗം, അങ്ങനെ ചില തലക്കെട്ടുകളല്ലാതെ മിസ്ത്രസ്സിന്റെ കാര്യം കാണുന്നില്ല. അയാള്‍ വീണ്ടും, ഓരോ പേജിലെ ഓരോ കോളവും ചുഴിഞ്ഞുനോക്കി. ഒടുവില്‍ നാലാം പേജിന്റെ ഒരു കോണില്‍ സ്ഥലവാര്‍ത്തകള്‍ക്കിടയില്‍ ഒരു നാലുവരിയില്‍ അടക്കംചെയ്ത മിസ്ത്രസ്സിനെ അയാള്‍ മാന്തിയെടുത്തു. ഇങ്ങനെയായിരുന്നു വാര്‍ത്ത:
ഋഷിനാരദമംഗലം, മാര്‍ച്ച് 18 സ്ഥലത്തെ ഹയര്‍എലിമെന്ററി സ്‌കൂളിലെ ഒരധ്യാപികയായ വിശാലാക്ഷി അമ്മയെ ഇന്നലെ സ്‌കൂളിലേക്കു പോകുന്ന ഇടവഴിയില്‍ വച്ച് ഒരു ഭ്രാന്തന്‍ കുറുക്കന്‍ കടിച്ചു. കുറുക്കനെ അപ്പോള്‍ത്തന്നെ നാട്ടുകാര്‍ തല്ലിക്കൊന്നു.
സ്വ.ലേ.''
ഒരു സാധാരണസംഭവത്തെക്കുറിച്ചുള്ള പ്രാദേശികവാര്‍ത്തയെ വ്യാപാരതന്ത്രത്തിന്റെ ഭാഗമായി ആകാംക്ഷാജനകമായ ഒരു ഉത്പന്നമാക്കി മാറ്റി വില്‍ക്കുന്ന കൃഷ്ണക്കുറുപ്പിന്റെ കഥയില്‍ തമാശ സൃഷ്ടിക്കുന്നത് വാര്‍ത്താമൂല്യ (ിലം െ്മഹൗല) ത്തെക്കുറിച്ചുള്ള സങ്കല്‍പമാണ്. അത് നോവലിസ്റ്റിന്റെ അഭിപ്രായമാണ്, കഥാപാത്രങ്ങളുടേതല്ല. കൂനന്‍ കണാരനും അന്ത്രുവും മാത്രമല്ല കോടതിക്കാര്യസ്ഥനായ കുഞ്ഞന്‍നായരും കിട്ടന്‍ ഡ്രൈവറും ഒരു മിസ്ത്രസ്സ് പ്രേമഭാജനമായിട്ടുള്ള ഗൗളി അനന്തനും ആ വാര്‍ത്തയ്ക്കു മൂല്യമുള്ളതുകൊണ്ടു പത്രം വാങ്ങാന്‍ / വാര്‍ത്ത അറിയാന്‍ ആഗ്രഹിക്കുന്നു. 'സ്വന്തക്കാരോ ഇഷ്ടക്കാരോ പരിചയക്കാരോ ആയി മിസ്ത്രസ്സ് വര്‍ഗത്തില്‍ ഒരാളെങ്കിലും (ഓരോരുത്തര്‍ക്കും) കാണാതിരിക്കില്ലല്ലോ' എന്ന് പൊറ്റെക്കാട്ട് പറയുന്നതില്‍ പ്രാദേശികവാര്‍ത്തയുടെ മൂല്യം കിടപ്പുണ്ട്. മാധ്യമരംഗത്തെ 'വിശുദ്ധപശുക്കളി'ലൊന്നാണ് വാര്‍ത്താമൂല്യം. പരമ്പരാഗതസങ്കല്പത്തില്‍ അസാധാരണത്വമാണ് വാര്‍ത്തയുടെ മൂല്യത്തിന് അടിസ്ഥാനം. ഇന്ത്യയിലെ ഇംഗ്ലിഷ് പത്രങ്ങള്‍ പ്രാദേശികവാര്‍ത്തകളെ നേരിടുന്നത് മിക്കപ്പോഴും ആ സങ്കല്‍പത്തെ ആധാരമാക്കിയാണ്. അദ്ഭുതം, സംഘര്‍ഷം, വാപകത്വം, പ്രസിദ്ധി, കുപ്രസിദ്ധി തുടങ്ങിയവയാണ് വാര്‍ത്താമൂല്യത്തിന് അടിസ്ഥാനം. സാധാരണക്കാരുടെ ജീവിതത്തിലും പ്രദേശത്തും സമൂഹത്തിലും ഉണ്ടാകുന്ന സാധാരണ സംഭവങ്ങള്‍ക്ക് അസാധരണത്വമില്ലാത്തതിനാല്‍ 'ദേശീയപത്ര'ങ്ങളില്‍ അവയ്ക്കുവാര്‍ത്താമൂല്യവുമില്ല. ഭാഷാ / പ്രാദേശിക പത്രങ്ങള്‍ക്ക് അവയില്‍ വാര്‍ത്താമൂല്യമുണ്ട്. അതാണ് പ്രാദേശികവാര്‍ത്ത, പൊറ്റെക്കാട്ടിന്റെ കഥാപാത്രങ്ങളെ ആകാംക്ഷയിലൂടെയും ഉത്കണ്ഠയിലൂടെയും വാങ്ങലിലേക്കും വായനയിലേക്കും അടുപ്പിക്കുന്ന വാര്‍ത്താമൂല്യം. (സ്വ)ദേശാനുഭവത്തിലേക്കും ദേശത്തെക്കുറിച്ചുള്ള ആകാംക്ഷയിലേക്കും ഉത്കണ്ഠയിലേക്കും ദേശത്തെ അറിയാനുള്ള തൃഷ്ണയിലേക്കുമാണ് പൊറ്റെക്കാട്ടിന്റെ കഥാപാത്രങ്ങളെ, ഗ്രന്ഥകാരന്റെ അഭിപ്രായത്തിനു വിരുദ്ധമായി ആ പ്രാദേശികവാര്‍ത്ത നയിക്കുന്നത്. നോവലിസ്റ്റ് സൃഷ്ടിക്കുന്ന തമാശയുടെ തലം ഒഴിവാക്കിയാല്‍ (വയറ്റുപിഴപ്പുകാരനായ വില്പനക്കാരന്റെ തന്ത്രവും) 'ഒരു മിസ്ത്രസ്സിനു പറ്റിയ അപകടം' പ്രാദേശികവാര്‍ത്തയെ സംബന്ധിച്ച ഒട്ടേറെ വ്യവഹാരങ്ങളിലേക്കു വഴിതുറക്കുന്നു. വാര്‍ത്തയുടെ സ്ഥലം, കാലം, സന്ദേശം, സ്വീകര്‍ത്താക്കള്‍, മൂല്യം തുടങ്ങിയവയെപ്പറ്റിയുള്ള പ്രശ്‌നങ്ങളാണവ.
ഏതുവാര്‍ത്തയും സ്ഥലകാലബദ്ധമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്ഥലവും കാലവും വാര്‍ത്തയെ നിര്‍ണയിക്കുന്നു. തീര്‍ന്നില്ല, രണ്ടു ഘടകങ്ങള്‍ കൂടിയുണ്ട്: വിഷയ (സംഭവം) വും വിഷയിയും. ന്യൂസ് എന്ന ഇംഗ്ലിഷ് വാക്കിലെ അക്ഷരങ്ങള്‍ നാലുദിക്കുകളുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണെന്ന നിരുക്തം കണ്ടെത്തിയ അജ്ഞാതനായ രസികന്‍ വാര്‍ത്തയുടെ സ്ഥലബദ്ധതയിലാണു തൊട്ടത്. സ്ഥലബദ്ധമായ വാര്‍ത്തയാണ് പ്രാദേശികവാര്‍ത്ത. ഒരു പ്രാദേശികസന്ദര്‍ഭ (ഹീരമഹ രീിലേഃ)േ ത്തില്‍ ഉണ്ടാകുന്നതും മറ്റു പ്രദേശങ്ങള്‍ക്കു പ്രായേണ താത്പര്യം കുറഞ്ഞതുമായ സംഭവങ്ങളുടെ ആഖ്യാനമാണു പ്രാദേശിക വാര്‍ത്തയെന്ന് പാഠപുസ്തകങ്ങള്‍ നിര്‍വചിക്കുന്നു. മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്കു താത്പര്യം കുറഞ്ഞത് എന്നതിനര്‍ഥം ദേശീയമോ അന്തര്‍ദേശീയമോ ആയ സാധ്യതകള്‍ ഇല്ലാത്ത വാര്‍ത്തയെന്നാണ്. അതേസമയം (പത്രവാര്‍ത്തകളില്‍ ആവര്‍ത്തിച്ചുകടന്നുവരുന്ന പല ക്ലിഷേകളിലൊന്നാണ് ഈ 'അതേസമയം'; വാര്‍ത്തയുടെ കാലബദ്ധതയുടെ ഭാഷയിലെ ബഹിര്‍ഗമനം), ഏതു പ്രാദേശികവാര്‍ത്തയിലും ദേശീയ-അന്തര്‍ദേശീയതലങ്ങളിലേക്കു വളരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ നിര്‍വചനം പൂര്‍ണമല്ല; അതിനുള്ളില്‍ വിള്ളലുകളുണ്ട്, വാര്‍ത്തയുടെ അപ്രവചനീയത്വത്തെ പ്രവചിക്കുന്ന സാധ്യതകള്‍. പ്രാദേശികവാര്‍ത്ത സുനിശ്ചിതമോ ഖണ്ഡിതമോ ആയ ഒരു സംവര്‍ഗവും ഒരു പ്രദേശത്തിനുമാത്രം കൗതുകമുണ്ടാക്കുന്ന സംഭവാഖ്യാനവുമല്ല. ഒരു പ്രദേശം / മറ്റു പ്രദേശം എന്ന വിഭജനം അഹം / അന്യം (self / other) എന്ന ദ്വന്ദ്വകല്പനയുടെ ഭാഗമാണ്. വാര്‍ത്തയുടെ ലോകത്തില്‍ ഖരത്വമില്ല, മറിച്ച് ദ്രവത്വമാണുള്ളത്. പ്രദേശം എന്ന സ്ഥലബദ്ധത ഏതുനിമിഷവും അട്ടമറിക്കപ്പെടാം.
പത്രങ്ങള്‍ സൗകര്യപൂര്‍വം സൃഷ്ടിച്ച ഒരു സംവര്‍ഗം കൂടിയാണ് പ്രാദേശികവാര്‍ത്ത. ജില്ലതോറും പ്രത്യേകപതിപ്പുകളുള്ള ഇന്നത്തെ മലയാളപത്രങ്ങള്‍ ഓരോ പതിപ്പിലും വ്യത്യസ്ത പ്രദേശങ്ങള്‍ക്കായി പ്രത്യേകം പ്രാദേശികപേജുകള്‍ നീക്കിവച്ച് പ്രാദേശികവാര്‍ത്തകള്‍ നല്‍കുന്നു. മറ്റൊരു പ്രദേശത്ത് അതു നല്‍കുകയുമില്ല. ഈ സൂക്ഷ്മപ്രാദേശികവത്കരണം പത്രം വ്യവസായമായിത്തീര്‍ന്നതിനുശേഷം ഉണ്ടായ പ്രതിഭാസമാണ്. വാര്‍ത്താമൂല്യമല്ല പത്രത്തിന്റെ വിതരണ-വിപണനസൗകര്യങ്ങളും താത്പര്യങ്ങളുമാണ് ഇവിടെ പ്രാദേശികതയുടെ അടിസ്ഥാനം. ആവിര്‍ഭാവദശയില്‍ ഇതായിരുന്നില്ല പ്രാദേശികവാര്‍ത്തയുടെ സ്വഭാവം. ആധുനികത്വാശയങ്ങളുടെ വിതരണവും അവയെപ്പറ്റിയുള്ള സംവാദവും സൃഷ്ടിച്ച് ഒരു പൊതുമണ്ഡലം (ുൗയഹശര ുെവലൃല) രൂപപ്പെടുത്തുകയാണ് അവ ചെയ്തത്. ''വികസനത്തെക്കുറിച്ചും വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തെക്കുറിച്ചും മലയാളപത്രങ്ങള്‍ സൃഷ്ടിച്ച നിരന്തരസംവാദങ്ങള്‍ ജനാഭിപ്രായത്തിന്റെ പൊതുമണ്ഡലം സൃഷ്ടിക്കുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടു''ണ്ടെന്ന് ആദ്യകാല പത്രങ്ങളിലെ പ്രാദേശികവാര്‍ത്തകളെ മുന്‍നിര്‍ത്തി ജയപ്രകാശ് നിരീക്ഷിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇന്നും വ്യത്യസ്തമായ അര്‍ഥത്തില്‍ പ്രാദേശികവാര്‍ത്ത ജനാഭിപ്രായം സൃഷ്ടിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. അഭിലാഷങ്ങളുടെ സൃഷ്ടി കൂടിയുണ്ട് ഇന്നു പ്രാദേശികവാര്‍ത്തയില്‍. പൊതുമണ്ഡലത്തിന്റെ സൃഷ്ടിയിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ ആധുനികത്വ നിര്‍മിതിയില്‍ പ്രാദേശിക വാര്‍ത്തയിലൂടെ പത്രങ്ങള്‍ വഹിച്ച പങ്കാണ് ജയപ്രകാശ് രേഖപ്പെടുത്തുന്നത്. മലയാളത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമസംബന്ധിയായ ഗ്രന്ഥങ്ങളൊന്നും ഇത്തരമൊരു ചരിത്രപരമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായവയല്ല. പ്രാദേശികവാര്‍ത്ത, പൊറ്റെക്കാട്ടിന്റെ കൃഷ്ണക്കുറുപ്പ് സൃഷ്ടിക്കുന്ന ഉത്കണ്ഠയ്ക്കും മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്കു താത്പര്യം കുറഞ്ഞ സംഭവവിവരണത്തിനുമപ്പുറം പ്രാധാന്യമുള്ളതും കേരളത്തിന്റെ ആധുനികീകരണത്തില്‍ മുഖ്യപങ്കുവഹിച്ചതുമായ വ്യവഹാരമാണെന്നു സ്ഥാപിക്കുന്ന 'നാട്ടുവാര്‍ത്തയുടെ കാലങ്ങള്‍' മാധ്യമീകൃതസമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനചരിത്രമാണ്.
പ്രാദേശികവാര്‍ത്തയെ മലയാള പത്രപ്രവര്‍ത്തനത്തിന്റെയും പത്രവ്യവസായത്തിന്റെയും മൂലധനനിക്ഷേപവും ബ്രാന്‍ഡുമാക്കി മാറ്റാന്‍ കഴിഞ്ഞ തലമുറയിലെ പത്രപ്രവര്‍ത്തകര്‍ ശ്രമിച്ചതിന്റെ മാതൃക ഒരു കത്തില്‍നിന്ന് ഉദ്ധരിക്കട്ടെ. 1953 മേയ് അഞ്ചിന് മാതൃഭൂമി പത്രാധിപര്‍ക്കുവേണ്ടി ഒരു സഹപത്രാധിപര്‍ കണ്ണൂരിലെ ഒരു പ്രാദേശികലേഖകന് അയച്ച കത്താണിത്.
''അടുത്ത ആഴ്ച മുതല്‍ 'മാതൃഭൂമി'യുടെ പേജുകള്‍ വര്‍ധിപ്പിക്കുവാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. അതുകൊണ്ട് റിപ്പോര്‍ട്ടുകള്‍ക്കും മറ്റും കൂടുതല്‍ സ്ഥലമനുവദിക്കുവാന്‍ സൗകര്യപ്പെടുന്നതാണ്. മേലില്‍, സംഭവങ്ങളുടെയും പൊതുയോഗങ്ങളുടെയും മറ്റും റിപ്പോര്‍ട്ടുകള്‍ വിസ്തരിച്ചെഴുതി അയയ്ക്കുന്നതു നന്നായിരിക്കും. പ്രാദേശികമായി പ്രാധാന്യമുള്ള വര്‍ത്തമാനങ്ങളൊന്നുംതന്നെ വിട്ടുകളയരുത്.
റിപ്പോര്‍ട്ടുകളില്‍ ചിലതു പ്രസിദ്ധപ്പെടുത്തുന്നില്ലെന്നും ചിലതു വളരെ താമസിച്ചു മാത്രമേ പ്രസിദ്ധപ്പെടുത്തുന്നുള്ളുവെന്നും പല ലേഖകന്മാര്‍ക്കും ആക്ഷേപമുള്ളതായി കാണുന്നു. ഇവിടെ കിട്ടുന്ന വര്‍ത്തമാനങ്ങള്‍ ഒട്ടും താമസിയാതെ പ്രസിദ്ധീകരിക്കാന്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. സ്ഥലദൗര്‍ലഭ്യം കാരണം ചില നീണ്ട റിപ്പോര്‍ട്ടുകള്‍ ഒന്നോ രണ്ടോ ദിവസം നിര്‍ത്തിവെക്കേണ്ടിവന്നിട്ടുണ്ടാവാം. ഏതായാലും മേലില്‍ ഒരു കാര്യ ം ചെയ്താല്‍ നന്ന്. തങ്ങളയക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഏതെല്ലാമാണ് പ്രസിദ്ധപ്പെടുത്താത്തതെന്ന് ലേഖകന്മാര്‍ അതാതവസരം ഇവിടെ അറിയിച്ചുതരുന്നത് ഉപകാരമായിരിക്കും. ലേഖനവിഷയവും, അയച്ച തീയതിയും അതില്‍ കാണിച്ചിരിക്കണം. അങ്ങിനെ ചെയ്താല്‍ ഇവിടെ വേണ്ടപ്പെട്ട അന്വേഷണം നടത്താവുന്നതും ആവലാതിക്കിടംകൊടുക്കാതിരിക്കാന്‍ സൂക്ഷിക്കാവുന്നതുമാണ്.
ഒരു സംഗതി കൂടി. ഈ മെയ്മാസം മുതല്‍ ബുക്ക് പോസ്റ്റിന്നു ഒരണ സ്റ്റാമ്പാണ് വേണ്ടതെന്ന വസ്തുത മിക്ക ലേഖകന്മാരും വിസ്മരിച്ചപോലെ തോന്നുന്നു. മുമ്പേത്തെ മാതിരി മുക്കാലണ സ്റ്റാമ്പൊട്ടിച്ചിട്ടാണ് പലരും റിപ്പോര്‍ട്ടുകളയക്കുന്നത്. കൂലിയടിച്ചുവരുന്ന ഇത്തരം കവറുകളില്‍ ചിലതൊക്കെ ആപ്പീസില്‍ സ്വീകരിക്കാതെ മടങ്ങിപ്പോകുന്നുണ്ട്. മേലില്‍ റിപ്പോര്‍ട്ടുകള്‍ ബുക്ക് പോസ്റ്റായയക്കുമ്പോള്‍ ഒരണ സ്റ്റാമ്പുതന്നെ ഒട്ടിക്കാനപേക്ഷ.''
പത്രസ്ഥലപരിമിതിയുടെ മാത്രമല്ല ആശയവിനിമയ സംവിധാനങ്ങളുടെ പരിമിതിയുടെയും ആറുപതിറ്റാണ്ടുമുമ്പുള്ള ചിത്രം അവതരിപ്പിക്കുന്ന ഈ കത്ത് തദ്ദേശീയതയിലേക്ക് ആഴ്ന്നിറങ്ങാനുള്ള പത്രപദ്ധതികൂടി വെളിപ്പെടുത്തുന്നു. അമ്പതുകളില്‍ ആരംഭിച്ച ആ പ്രാദേശിക വാര്‍ത്താവ്യാപനപദ്ധതിയുടെ ഫലമാണ് 1960-കളില്‍ ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച പ്രസിദ്ധീരണം. പത്രം വ്യവസായമായിത്തീര്‍ന്നതിന്റെ തുടക്കവുമായിരുന്നു അത്. പ്രാദേശികവാര്‍ത്തയുടെ മൂലധനത്തെ ആധാരമാക്കിനടന്ന ആ വ്യവസായചരിത്രം ജയപ്രകാശ് ഇങ്ങനെ രേഖപ്പെടുത്തുന്നു:
''1960 കളുടെ മധ്യത്തോടെയാണ് മലയാളപത്രങ്ങള്‍ ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്ന് അച്ചടിക്കാന്‍ തുടങ്ങിയത്. ഇന്ന് ഇടുക്കി, വയനാട്, കാസര്‍കോട് എന്നിവ ഒഴികെ കേരളത്തിലെ 11 ജില്ലകളിലും നിന്ന് മുഖ്യധാരാപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളമാകെ പ്രചാരമുള്ള പത്രങ്ങളെയാണ് മുഖ്യധാരാപത്രങ്ങളെന്ന് ഉദ്ദേശിക്കുന്നത്. ഇതാണ് പത്ര ഉത്പാദനത്തിലെ പ്രാദേശികവത്കരണം. ഉത്പാദനം വികേന്ദ്രീകൃതമായതോടെ അവ എവിടെയാണോ അച്ചടിക്കുന്നത് ആ പ്രദേശത്തുനിന്നുള്ള വാര്‍ത്തകള്‍ കൂടുതലായി ശേഖരിക്കാനും ഉള്‍പ്പെടുത്താനും തുടങ്ങി. പ്രാദേശിക വാര്‍ത്തകള്‍ അഥവാ നാട്ടുവാര്‍ത്തകള്‍ക്ക് പ്രാമുഖ്യം കിട്ടാന്‍ ഇത് കാരണമായി. തങ്ങളുടെ ചുറ്റുവട്ടത്തെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാന്‍ തുടങ്ങിയതോടെ വായനക്കാര്‍ക്കും താത്പര്യം കൂടി. ഇവയുടെ ശേഖരണത്തിനായി പ്രാദേശിക പത്രപ്രവര്‍ത്തനം എന്ന പത്രപ്രവര്‍ത്തനരീതി തന്നെ ഉടലെടുത്തു. ഇന്ന് എല്ലാ ചെറുപട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളില്‍പ്പോലും മുഖ്യധാരാപത്രങ്ങളുടെ പ്രതിനിധികളുണ്ട്. ലൈനര്‍, സ്ട്രിങ്ങര്‍, പാര്‍ട്ട്‌ടൈം കറസ്‌പോണ്ടന്റ് എന്നിങ്ങനെ അറിയപ്പെടുന്ന പ്രാദേശിക ലേഖകര്‍ക്കു പുറമെ പത്രവിതരണക്കാരും വാര്‍ത്തകള്‍ ശേഖരിക്കുന്നു. സംസാരിക്കുന്നവരുടെ എണ്ണവും ഭാഷാപ്രദേശത്തിന്റെ വിസ്തൃതിയും നോക്കുമ്പോള്‍ ചെറുതാണ് മലയാളം. എന്നാല്‍ ഇതരപ്രാദേശികഭാഷകളെ അതിശയിപ്പിക്കുന്ന തരത്തില്‍ മലയാളത്തിലെ പത്രവ്യവസായം വളര്‍ന്നതിന്റെ പ്രധാന ചാലകശക്തി ഈ പ്രാദേശികവാര്‍ത്തകള്‍ തന്നെ.''
പ്രാദേശികവാര്‍ത്താമൂലധനം അറുപതുകള്‍ക്കുശേഷം അങ്ങനെ പത്രമുതലാളി എന്ന പുതിയ അധികാരകേന്ദ്രത്തെക്കൂടി സൃഷ്ടിച്ചു. ഒപ്പം പലതരത്തിലും തട്ടിലും പെട്ട പത്രപ്രവര്‍ത്തകര്‍ എന്ന ബൗദ്ധികത്തൊഴിലാളിവര്‍ഗത്തെയും. വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും കമ്പോളതാത്പര്യങ്ങളും വിപണനതന്ത്രങ്ങളും ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്ന സമഗ്രമായ മലയാളമാധ്യമചരിത്രത്തിനു വിശകലനം ചെയ്യാനുള്ള വിഷയങ്ങളാണ്.
കേരള സമൂഹത്തിന്റെ വിമോചനത്തിന്റെയും ആധുനികീകരണത്തിന്റെയും ചരിത്രം വക്രീകരിക്കാതെ പ്രതിഫലിപ്പിക്കുന്ന നിലക്കണ്ണാടിയാണ് പ്രാദേശിക വാര്‍ത്ത. പത്തൊമ്പതാം നൂറ്റാണ്ടിനെറ മധ്യംതൊട്ട് കേരളസമൂഹത്തിലുണ്ടായ പരിവര്‍ത്തനങ്ങളുടെ ചരിത്രം മലയാളപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രാദേശികവാര്‍ത്തകളുടെ ഭാഷാപരവും ആഖ്യാനപരവും പ്രമേയപരവുമായ പരിവര്‍ത്തനങ്ങളില്‍ വായിക്കാനാവും. പ്രാദേശികവാര്‍ത്തകളില്‍ നമുക്ക് കേരളത്തിന്റെ വിമോചനചരിത്രം വായിക്കാം. കഴിഞ്ഞ ഒന്നരനൂറ്റാണ്ടായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആധുനികത്വപ്രക്രിയയുുെട സവിശേഷതകളും പദ്ധതികളും വൈരുധ്യങ്ങളും അവയില്‍ തെളിഞ്ഞുനില്‍ക്കുന്നു; പരിവര്‍ത്തനങ്ങള്‍ മാത്രമല്ല അഭിലാഷങ്ങളും അപഥസഞ്ചാരങ്ങളും അസംബന്ധതകളും കൂടിയും. പ്രാദേശികവാര്‍ത്തകള്‍ പ്രതിഫലിപ്പിച്ചതും നിര്‍മിച്ചതുമായ പരിവര്‍ത്തനേച്ഛകളെയും വിമോചനയത്‌നങ്ങളെയും ആധുനികത്വാശയങ്ങളെയും ഇങ്ങനെ ഏകദേശമായി രേഖപ്പെടുത്താം: സ്ഥലത്തിന്റെ വിമോചനം, മനുഷ്യരില്‍നിന്നു വ്യക്തിയിലേക്കുള്ള വിമോചനം, സ്ത്രീയുടെ വിമോചനം, പൊതുജനാഭിപ്രായത്തിന്റെ രൂപവത്കരണം, സമൂഹനവീകരണം, സ്വാതന്ത്ര്യബോധത്തിന്റെയും പൗരാവകാശങ്ങളുടെയും നിര്‍മാണം.
മലയാളപത്രപ്രവര്‍ത്തനം തുടങ്ങുമ്പോള്‍, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വൃത്താന്തങ്ങള്‍ അച്ചടിച്ച രൂപത്തില്‍ ആളുകളെ അറിയിക്കാന്‍ തുടങ്ങുന്ന കാലത്ത് പ്രദേശം / സ്ഥലം അപ്രസക്തമായിരുന്നു. മലയാളത്തിലെ ആദ്യത്തെ പത്രമെന്ന് നിലവിലുള്ള പത്രപ്രവര്‍ത്തനചരിത്രങ്ങളും സര്‍വകലാശാലകളും അക്കാദമികളും പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചോദ്യകര്‍ത്താക്കളും പൊതുവിജ്ഞാനഗ്രന്ഥനിര്‍മാതാക്കളുമെല്ലാം സ്ഥാപിച്ചിട്ടുള്ള ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ 'രാജ്യസമാചാര'ത്തിലെ 'വാര്‍ത്ത'കളെപ്പറ്റി ജയപ്രകാശ് നടത്തുന്ന നിരീക്ഷണം കൂടുതല്‍ ചിന്തകള്‍ക്കും പഠനത്തിനും വിധേയമാക്കേണ്ടതാണ്. ''രാജ്യസമാചാരം തലശ്ശേരിയില്‍ നിന്നാണു പ്രസിദ്ധീകരിച്ചിരുന്നതെങ്കിലും അതിലെ വാര്‍ത്തകള്‍ ഏതെങ്കിലും പ്രദേശത്തിന്റേതായിരുന്നില്ല, പകരം സ്വര്‍ഗരാജ്യത്തിന്റേതായിരുന്നു''വെന്ന നിരീക്ഷണം മലയാളത്തിലെ പത്രപ്രവര്‍ത്തന ചരിത്രരചനയുടെ അടിത്തറയിളക്കാന്‍ പോന്നതാണ്. മലയാളത്തിനു മഹത്തായ സംഭാവനകള്‍ നല്‍കിയ ഭാഷാശാസ്ത്രജ്ഞന്‍ കൂടിയായ ജര്‍മന്‍ പാതിരി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ക്രിസ്തുമതപ്രചാരണത്തിനു വേണ്ടി തുടങ്ങിയ 'രാജ്യസമാചാര'ത്തെ, മലയാളപത്രപ്രവര്‍ത്തനത്തിനു കഴിയുന്നത്ര പഴക്കമിരിക്കട്ടെ എന്ന മട്ടില്‍ ആദ്യപത്രമായി പ്രതിഷ്ഠിച്ച ചരിത്രമെഴുത്തുകാര്‍ പത്രവും പത്രപ്രവര്‍ത്തനവും വാര്‍ത്തയും മതനിരപേക്ഷമായ ആധുനികത്വോത്പന്നങ്ങളാണെന്ന കാര്യം വിസ്മരിച്ചു. പേരില്‍ത്തന്നെ യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെയും അധിനിവേശത്തിന്റെയും സാംസ്‌കാരികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മയും മഹത്വവും പ്രഖ്യാപിക്കുന്ന 'പശ്ചിമോദയ'ത്തെ രണ്ടാമത്തെ പത്രമായി പ്രതിഷ്ഠിച്ചതിലുമുണ്ട് അന്ധമോ വിവേകശൂന്യമോ ആയ ചരിത്രനിര്‍മിതി. മതപ്രചാരണലക്ഷ്യം മാത്രമുണ്ടായിരുന്ന പത്രോദ്യമങ്ങള്‍ മാത്രമായിരുന്നു അവ. സ്വര്‍ഗരാജ്യത്തിന്റെ അമേയസ്ഥലത്തിനുപകരം യഥാര്‍ഥ കേരളീയ സ്ഥലങ്ങള്‍ ഡേറ്റ്‌ലൈനായി പ്രത്യക്ഷപ്പെട്ട കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ 'കേരളമിത്ര'വും ചെങ്കളത്തു വലിയ കുഞ്ഞിരാമ മേനോന്റെ 'കേരളപത്രിക'യും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 'കേരളസഞ്ചാരി'യുമാണ് യഥാര്‍ഥത്തില്‍ മലയാള പത്രപ്രവര്‍ത്തനത്തിന് അടിത്തറയിട്ടത്. അധിനിവേശജ്ഞാനത്തോട് അടിമത്തമുള്ള ചരിത്രങ്ങള്‍ രണ്ടാംസ്ഥാനക്കാരായി മാറ്റിനിര്‍ത്തിയ യഥാര്‍ഥ മലയാളപത്രപിതാക്കള്‍. 'ആധുനികത്വത്തിന്റെ ഭാഗമായ ദേശത്തെപ്പറ്റിയുള്ള ബോധം' സൃഷ്ടിച്ചതും 'വാര്‍ത്തകളിലെ ദേശം സാംസ്‌കാരികതട്ടകെമന്ന സങ്കല്‍പദേശത്തില്‍ നിന്ന് താലൂക്കുകളും ഗ്രാമങ്ങളുമൊക്കെയായി' മാറ്റിയതും 'കേരളപത്രിക'യും 'കേരളസഞ്ചാരി'യുമാണെന്ന് ജയപ്രകാശ് നടത്തുന്ന നിരീക്ഷണം സുപ്രധാനമാണ്. വാര്‍ത്തയില്‍ പ്രത്യക്ഷപ്പെട്ട സ്ഥലം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രൂപപ്പെട്ട സവിശേഷമായ ദേശവികാരത്തിന്റെ ഫലമായിരുന്നു. ദേശീയതയുമായും സ്വാതന്ത്ര്യദാഹവുമായും ബന്ധപ്പെട്ടുണ്ടായതാണ് ആ ദേശവികാരം; സ്ഥലത്തിന്റെ വിമോചനം.
ജാതിപ്പേരുകള്‍ മാത്രമായിരുന്ന മനുഷ്യര്‍ ആധുനികത്വത്തിന്റെ പ്രത്യയശാസ്ത്രമണ്ഡലത്തില്‍ പേരുകളുള്ള വ്യക്തികളായി മാറുന്നതിന്റെചിത്രവും പ്രാദേശികവാര്‍ത്തകള്‍ പ്രതിഫലിപ്പിച്ചു. 'നാട്ടുവാര്‍ത്തയുടെ കാലങ്ങളി'ല്‍നിന്ന് ഉദ്ധരിക്കട്ടെ:
''സ്വാതന്ത്ര്യസമരവാര്‍ത്തകളിലാണ് മലയാള പത്രപ്രവര്‍ത്തനത്തില്‍ ആധുനികമായ റിപ്പോര്‍ട്ടിങ് തുടങ്ങുന്നത്. നാട്ടിന്‍പുറങ്ങളില്‍നിന്നുള്ള സമരവാര്‍ത്തകള്‍ ശേഖരിക്കുന്നത് ക്ലേശകരമായിരുന്നു. മലബാറില്‍നിന്നുള്ള ഈ സ്വാതന്ത്ര്യസമര വാര്‍ത്തകളിലാണ് ഉദ്യോഗസ്ഥരല്ലാത്ത സാധാരണ പൊതുപ്രവര്‍ത്തകരുടെ പേരുകള്‍ കടന്നുവന്നത്. അന്നും അതിനുശേഷം കാല്‍നൂറ്റാണ്ടോളവും മിക്ക വാര്‍ത്തകളിലും സാധാരണ മനുഷ്യരുടെ പേരുകള്‍ അപൂര്‍വമായിരുന്നു. എല്ലാരും ജാതിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈഴവന്‍, ഈഴവത്തി, നായര്‍, മാപ്പിള, പട്ടര്‍, ചെട്ടി എന്നിങ്ങനെ ജാതിപ്പേരുകള്‍ക്കു പുറമെ ഒരുവന്‍, ഒരുത്തി തുടങ്ങിയ സര്‍വനാമങ്ങളും വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ദേശീയപ്രസ്ഥാനം തുടങ്ങുന്നതോടെ പുതിയ രാഷ്ട്രീയ നായകന്മാര്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അവര്‍ക്ക് പേരുകളുമുണ്ടായിരുന്നു. അറയ്ക്കല്‍ രാജാവ് ഹജ്ജിനുപോയ അതേ പ്രാധാന്യത്തോടെയാണ് നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തിന് പ്രവര്‍ത്തകരെ തിരഞ്ഞെടുത്ത വിവരവും കേരളസഞ്ചാരി റിപ്പോര്‍ട്ട് ചെയ്തത്.''
ജാതിപ്പേരില്‍നിന്ന് ആള്‍പ്പേരിലേക്കുള്ള ഈ വാര്‍ത്താപരിവര്‍ത്തനം കേരളീയസമൂഹത്തിലുണ്ടായ ആധുനികത്വപരിവര്‍ത്തനത്തിന്റെ ചിത്രം രേഖപ്പെടുത്തുന്നു. പ്രാദേശികവാര്‍ത്തകളുടെ ചരിത്രം വിമോചനത്തിന്റെ ചരിത്രം കൂടിയായിത്തീരുന്നതും അങ്ങനെതന്നെ.

കേരള പ്രസ് അക്കാദമി പ്രസിദ്ധീകരിക്കുന്ന എസ്. എന്‍. ജയപ്രകാശിന്റെ 'നാട്ടുവാര്‍ത്തയുടെ കാലങ്ങള്‍' എന്ന പുസ്തകത്തിന്റെ അവതാരിക.