നവകേരള ശില്‍പ്പി

നിരാഹാര സത്യാഗ്രഹത്തിന്റെ മഹത്വത്തെക്കുറിച്ച് പ്രഭാഷണം നടത്താന്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍നിന്ന് ഒരിക്കല്‍ കെ.പി. കേശവമേനോനെ ക്ഷണിച്ചു. അദ്ദേഹം ക്ഷണം നിരസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ''എനിക്ക് തീരെ വിശ്വാസമില്ലാത്ത ഒരു കാര്യത്തെപ്പറ്റി സംസാരിക്കാനാവില്ല. മഹാത്മജിയുടെ മഹത്വം ഞാന്‍ അദ്ദേഹത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളിലാണ് കാണുന്നത്.'' ചെറുപ്പം മുതല്‍ തന്നെ നല്ലൊരു ഭക്ഷണപ്രിയനായിരുന്നു കേശവമേനോന്‍. രുചിഭേദമുള്ള ആഹാരപദാര്‍ത്ഥങ്ങളെ കൊതിയോടെ ആസ്വദിച്ചിരുന്ന മേനോന്‍ ഉപവാസം ഒരു സമരായുധമായി കാണാന്‍ കൂട്ടാക്കിയില്ല. കര്‍മ്മശേഷി ലഭിക്കാന്‍ നല്ല ഇച്ഛാശക്തിക്കൊപ്പം കായികബലവും വേണം. നിരാഹാരം ശരീരത്തെ ക്ലേശിപ്പിക്കുകയും ക്രിയാശേഷി കെടുത്തുകയും ചെയ്യുമെന്ന് കേശവമേനോന്‍ വിശ്വസിച്ചു. പട്ടിണി സമരത്തില്‍ അദ്ദേഹം യാതൊരു മഹത്വവും കണ്ടില്ല. 
ഗാന്ധിജിയെ മനസ്സിലാക്കുന്നതില്‍ കെ.പി. കേശവമേനോനുണ്ടായ പരിമിതിയായി ഇതിനെ വ്യാഖ്യാനിക്കരുത്. മഹാകവി വള്ളത്തോളിനെപ്പോലെതന്നെ മഹാത്മജിയെ കേശവമേനോന്‍ സ്വന്തം ഗുരുനാഥനായിട്ടാണ് ജീവിതാന്ത്യം വരെ കരുതിയത്. ദേശപ്രേമം, സത്യസന്ധത, സ്വാതന്ത്ര്യവാഞ്ഛ, സമത്വബോധം എന്നീ മനുഷ്യഗുണവിശേഷങ്ങളെല്ലാം കേശവമേനോന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രോജ്വലിക്കുന്നു. ഗാന്ധിജിയെപ്പോലെ ഇംഗ്ലണ്ടില്‍പോയി പഠിച്ച് ബാരിസ്റ്റര്‍ ആയ മേനോന്‍ ആനി ബസന്റിന്റെ ഹോംറൂള്‍ പ്രസ്ഥാനത്തിലൂടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെയും പൊതുരംഗത്തുവന്നത് ദേശാഭിമാന പ്രേരിതനായിട്ടുതന്നെ. മലബാറില്‍ കോണ്‍ഗ്രസ്സ് പ്രചരണത്തിന് വിദ്യാസമ്പന്നരായ ജനങ്ങളെ ആകര്‍ഷിക്കാന്‍ ഒരു പത്രം വേണമെന്ന് തോന്നിയപ്പോള്‍ ഗാന്ധിജിയുടെ 'യംഗ് ഇന്ത്യ' എന്ന പ്രസിദ്ധീകരണത്തെയാണ് കേശവമേനോന്‍ മാതൃകയാക്കിയത്. മാതൃഭൂമിയുടെ ആദ്യ ലക്കത്തില്‍ മഹാത്മജിയുടെ ചിത്രം ഒന്നാം പുറത്ത് ചേര്‍ത്തു. വള്ളത്തോള്‍ എഴുതിയ 'എന്റെ ഗുരുനാഥന്‍' എന്ന കവിതയും ആദ്യം അച്ചടിച്ചത് ആ ലക്കത്തിലായിരുന്നു. 'മാതൃഭൂമി'യുടെ ആദര്‍ശമെന്തെന്ന് ഇങ്ങനെ വ്യക്തമാക്കിയ കേശവമേനോന്‍ രാഷ്ട്രപിതാവിന്റെ ഉപവാസ സമരശൈലിയില്‍ വിശ്വസിച്ചില്ല. അക്കാര്യം ബുദ്ധിപരമായ സത്യസന്ധതയോടെ അദ്ദേഹം തുറന്നു പറഞ്ഞു. മലയാളത്തില്‍ മഹാത്മജിയുടെ ഏറ്റവും മികച്ച ജീവചരിത്രഗ്രന്ഥം കേശവമേനോന്‍ എഴുതിയതാണ്. 
ഗാന്ധിജിയെ സ്‌നേഹിക്കുമ്പോഴും അത് അന്ധമാകരുതെന്ന് കേശവമേനോന്‍ നിഷ്‌ക്കര്‍ഷിച്ചു. ത്യാഗസുരഭിലമായ ആ ജീവിതത്തെ ഇഴപിരിച്ചു മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഇഷ്ടാനിഷ്ടങ്ങള്‍ വേര്‍തിരിച്ചു. മഹാത്മജിക്കും തനിക്കും വ്യത്യസ്തമായ രണ്ട് തലകളാണ് ഉള്ളതെന്ന് മേനോന്‍ തിരിച്ചറിഞ്ഞു. അത് കേശവമേനോന്റെ വ്യക്തിത്വത്തിലെ സഹ്യപര്‍വത സമാനമായ ശിരസിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അതിന് അനേകം ശിഖരങ്ങളുണ്ടായിരുന്നു. 1923 മാര്‍ച്ച് 17-ാം തിയ്യതി പുറത്തുവന്ന മാതൃഭൂമിയുടെ ഒന്നാം ലക്കത്തില്‍ മുഖ്യ പത്രാധിപര്‍ കേശവമേനോന്‍ മുഖപ്രസംഗ രൂപത്തില്‍ ഇങ്ങനെ എഴുതി: ''രാജ്യത്തിന്റെ പൊതുക്ഷേമം മാത്രം ലാക്കാക്കി, സത്യം കൈവിടാതെ, ഒരു തരക്കാരുടെയോ മതക്കാരുടെയോ കാര്യത്തെ നിവര്‍ത്തിക്കുവാനല്ല ഞങ്ങള്‍ പുറപ്പെടുന്നതെന്ന് ഓര്‍മ്മവെച്ച്, സാധാരണ അവകാശത്തെ സംബന്ധിച്ചിടത്തോളം എല്ലാ മനുഷ്യന്മാരും സമന്മാരാണെന്നുള്ള വിശ്വാസത്തോടെ സ്വതന്ത്ര്യവര്‍ദ്ധനയ്ക്കായി നിര്‍ഭയം പൊരുതുന്നതില്‍ ഒരിക്കലും ഞങ്ങള്‍ പിന്നോക്കം വെയ്ക്കുന്നതല്ല.''
കേരളീയ നവോത്ഥാനത്തിന്റെ സുവര്‍ണ്ണദശകം 1889 മുതല്‍ ആരംഭിക്കുന്ന പത്തുവര്‍ഷമാണെന്ന് ചരിത്രത്തില്‍ സൂക്ഷിച്ചുനോക്കിയാല്‍ അറിയാം. സാമൂഹികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും കേരളം ഉണരുന്ന ദശകമാണത്. എന്നാല്‍ ഔദ്യോഗികമായി അപ്പോള്‍ കേരളമെന്നൊരു ഭൂപ്രദേശമില്ല. മലയാള ഭാഷ സംസാരിക്കുന്നവര്‍ രണ്ട് നാട്ടുരാജ്യങ്ങളിലും ബ്രിട്ടീഷ് അധീന പ്രദേശങ്ങളിലും ചിതറിക്കിടക്കുന്നു. ഒന്നേകാല്‍ കോടിയോളം വരും അന്നവര്‍. ആശയവിനിമയോപാധിയെന്ന നിലയില്‍ ചില പ്രതിവാര പത്രങ്ങളും സാഹിത്യ മാസികകളും മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1881 ല്‍ കൊച്ചിയില്‍നിന്ന് കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള പത്രാധിപരായി 'കേരളമിത്രം' എന്ന പ്രസിദ്ധീകരണം തുടങ്ങി. മലയാളത്തിലെ ലക്ഷണയുക്തമായ ആദ്യത്തെ പത്രം ദേവ്ജി ഭീംജി എന്ന ഗുജറാത്തിയുടെ ഉടമസ്ഥതയില്‍ ആരംഭിച്ച കേരള മിത്രമാണെന്ന് പറയുന്നു. 14 വര്‍ഷം നിലനിന്ന ഈ പത്രത്തിന് നിരവധി അനുകരണങ്ങളുണ്ടായി. വേങ്ങയില്‍ നാരായണപിള്ളയുടെ 'കേരള ചന്ദ്രിക', ചെങ്കളത്ത് കുഞ്ഞിരാമമേനോന്റെ 'കേരള പത്രിക' (1884), കോട്ടയത്തുനിന്ന് നസ്രാണി ദീപിക (1887) എന്നിവ അക്കൂട്ടത്തില്‍ ചിലതാണ്. 1888 ല്‍ മലയാള മനോരമ തുടങ്ങാന്‍ വര്‍ഗ്ഗീസ് മാപ്പിളയ്ക്ക് കേരളമിത്രത്തിലെ പ്രവര്‍ത്തനാനുഭവം തുണയേകി. മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസികയായ 'വിദ്യാവിനോദിനി' 1889 ല്‍ തൃശൂരില്‍ നിന്ന് പ്രസിദ്ധീകരണം തുടങ്ങി. സി. പി. അച്യുതമേനോന്‍ ആയിരുന്നു പത്രാധിപര്‍. ആദ്യമായി പുസ്തക നിരൂപണം തുടങ്ങിയത് വിദ്യാവിനോദിനിയിലാണ്. മലയാള നോവലിന്റെ ശുഭാരംഭം കുറിച്ച ഇന്ദുലേഖ (ഒയ്യാരത്തു ചന്തുമേനോന്‍) പിറവിയെടുത്തതും 1890 ല്‍ ആയിരുന്നു. തിരുവിതാംകൂറില്‍ ജനാധിപത്യയുഗത്തിന് കാഹളം മുഴക്കിക്കൊണ്ട് ശ്രീമൂലം പ്രജാസഭ നിലവില്‍ വന്ന 1888 ല്‍ തന്നെയാണ് അരുവിപ്പുറത്ത് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തി സാമൂഹിക പരിഷ്‌ക്കരണത്തിന് തുടക്കം കുറിച്ചത്. ആധുനിക കേരളം രൂപംകൊണ്ട ഈ സുവര്‍ണ്ണ ദശകത്തിന്റെ സന്തതിയാണ് മലയാളികള്‍ പത്രപ്രവര്‍ത്തനത്തിന്റെ കാരണവര്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ഇഷ്ടപ്പെടുന്ന കെ.പി. കേശവമേനോന്‍. 1886 സെപ്തംബര്‍ ഒന്നിന് പാലക്കാട് ജില്ലയിലെ തരൂര്‍ ഗ്രാമത്തില്‍ കിഴക്കേപൊറ്റേ വീട് എന്ന തറവാടിന്റെ പത്തായപ്പുരയില്‍ കേശവമേനോന്‍ ജനിച്ചു. തരൂരിലും പാലക്കാട്ടും പ്രാഥമിക വിദ്യാഭ്യാസം. പന്ത്രണ്ടാം വയസ്സില്‍ ഉപരിപഠനാര്‍ത്ഥം കോഴിക്കോട്ടെത്തി. ഗുരുവായൂരപ്പന്‍ കോളേജിന് 'കേരള വിദ്യാശാല' എന്നായിരുന്നു അന്നത്തെ പേര്. അവിടെ കേശവമേനോന്‍ എട്ടുകൊല്ലം പഠിച്ചു. മന്നത്തു കൃഷ്ണന്‍നായര്‍ എന്ന പേരുകേട്ട അഭിഭാഷകന്റെ വീട്ടിലായിരുന്നു മേനോന്റെ താമസം. കേശവമേനോന്റെ വ്യക്തിത്വരൂപീകരണത്തില്‍ കൃഷ്ണന്‍നായര്‍ വലിയ സ്വാധീനം ചെലുത്തി. മെട്രിക്കുലേഷന്‍ ജയിച്ച് മദ്രാസിലേയ്ക്ക് പോയി. എഫ്.ഐ. പരീക്ഷയും ബി.എ.യും മദ്രാസിലും കോയമ്പത്തൂരിലുമായി പൂര്‍ത്തിയാക്കുന്നതിനിടയില്‍ രാഷ്ട്രീയ കാര്യങ്ങളില്‍ താല്‍പ്പര്യം ജനിച്ചു. വിപിന്‍ ചന്ദ്രപാല്‍ മദ്രാസില്‍ നടത്തിയ പ്രഭാഷണപരമ്പര സശ്രദ്ധം കേട്ട മേനോന്‍ സ്വരാജ്, സ്വദേശി, സ്വാതന്ത്ര്യം എന്നീ വാക്കുകളുടെ അര്‍ത്ഥതലങ്ങള്‍ അന്വേഷിച്ചു. ലാലാ ലജ്പത് റായിയുടെ ലഘുജീവചരിത്രം എഴുതി പ്രസിദ്ധീകരിക്കാന്‍ ഈ അന്വേഷണം പ്രേരണയായി. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇക്കാലത്ത് ഒരു പ്രബന്ധമത്സരം നടത്തി. 'ഭാഗം മലയാളത്തറവാടുകളില്‍ ആവശ്യമാണോ?' എന്ന വിഷയത്തില്‍ കേശവമേനോന്‍ എഴുതിയ പ്രബന്ധം സമ്മാനാര്‍ഹമായി. ഗോപാലകൃഷ്ണഗോഖലെ മദ്രാസില്‍ വന്നപ്പോള്‍ അദ്ദേഹത്തെ കാണാനും ഒന്നു തൊടാനും ആള്‍ക്കൂട്ടത്തിലേക്ക് തള്ളിക്കയറിയ മേനോന് ചെറിയ പരിക്കുപറ്റിയെങ്കിലും കാര്യം സാധിച്ചു. ഇങ്ങനെ ചില ധീരവീരസ്യങ്ങളുമായി പഠനം കഴിഞ്ഞെത്തിയ കേശവമേനോനെ പിതാവ് ഭീമനച്ചന്‍ ബാരിസ്റ്റര്‍ പഠനത്തിന് ഇംഗ്ലണ്ടിലേയ്ക്ക് യാത്രയാക്കി. ഒരു വിശ്വപൗരന്റെ പിറവിക്ക് മദ്രാസ്, കൊളംബ് വഴി ഇംഗ്ലണ്ടിലേക്കുള്ള ആ നീണ്ട കപ്പല്‍യാത്ര നാന്ദികുറിച്ചു. മാര്‍സെയില്‍സ് പട്ടണത്തില്‍ കപ്പലിറങ്ങി. അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ലണ്ടനിലെത്തുമ്പോള്‍ നാട്ടുകാരനായ ഒരു പരിചയക്കാരന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഒരു ഇംഗ്ലീഷ് കുടുംബത്തില്‍ അതിഥിയായി കഴിഞ്ഞുകൊണ്ട് ഏതാനും ദിവസം ആ നഗരം മുഴുവന്‍ ചുറ്റിക്കണ്ടു. ജനങ്ങളുടെ മര്യാദ, പരിസരവൃത്തി, പൊതുപാതകളുടെ ഭംഗി എന്നിവയെല്ലാം യുവാവായ കേശവമേനോനെ ആകര്‍ഷിച്ചു. ആതിഥേയ കുടുംബത്തിന്റെ സ്‌നേഹബഹുമാനങ്ങളും ഇഷ്ടപ്പെട്ടു. ഒരമ്മയും മൂന്ന് മക്കളും അടങ്ങുന്ന ആ വീട്ടിലെ മറ്റൊരു അംഗമായി മാറാന്‍ മേനോന് വേഗം കഴിഞ്ഞു. വീട്ടമ്മ തന്നെ എല്ലാവര്‍ക്കും ഭക്ഷണമുണ്ടാക്കി വിളമ്പി. ഭൃത്യന്മാരാരും ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ടിലെ സാമൂഹിക സമ്പ്രദായങ്ങള്‍ ഇന്ത്യയിലും വന്നിരുന്നെങ്കിലെന്ന് മേനോന്‍ ആശിച്ചു. ആ വീട്ടിലെ മൂത്തകുട്ടി ഒരിക്കല്‍ സംഭാഷണമദ്ധ്യേ കേശവമേനോനോട് ഇങ്ങനെ പറഞ്ഞു: ''ഇന്ത്യക്കാര്‍ പരസ്പരം കലഹിക്കുന്നവരാണ്. അതുകൊണ്ടാണ് ഞങ്ങള്‍ നിങ്ങളെ ഭരിക്കാന്‍ ഇടയായത്. ഇനിയും ഏറെക്കാലം ഞങ്ങള്‍ തന്നെ നിങ്ങളെ ഭരിക്കുമെന്ന് എന്റെ ടീച്ചര്‍ പറഞ്ഞു.'' ഈ സംഭാഷണം മേനോന്റെ സ്വാതന്ത്ര്യബോധത്തെ സ്പര്‍ശിച്ചു. കോളനി വാഴ്ചയില്‍ നിന്ന് മോചനം നേടിയ രാജ്യങ്ങളെയും അതിനായി സമരങ്ങള്‍ നയിച്ച വ്യക്തികളെയും കുറിച്ച് അറിയുവാന്‍ ആഗ്രഹമുദിച്ചു. ഹൗസ് ഓഫ് കോമണ്‍സ് കൂടുമ്പോള്‍ ചര്‍ച്ചകള്‍ കേള്‍ക്കാന്‍ സന്ദര്‍ശകനെപ്പോലെ പതിവായി പോയി. രവീന്ദ്രനാഥ ടാഗോര്‍, ഗോഖലെ, ലജ്പത് റായ്, എം.എ. ജിന്ന, സരോജിനി നായിഡു, ആനിബസന്റ്, സി. ശങ്കരന്‍ നായര്‍ തുടങ്ങിയ നേതാക്കള്‍ ഇംഗ്ലണ്ടില്‍ എത്തിയപ്പോഴെല്ലാം ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ കേശവമേനോന്‍ അവരെ ചെന്നുകണ്ട് ആശയവിനിമയം നടത്തി. ബാരിസ്റ്റര്‍ പരീക്ഷ ജയിച്ച് ഉദ്യോഗം നേടുന്നതിലും അഭികാമ്യം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതാണെന്ന് ഈ സന്ദര്‍ശനങ്ങളും ചര്‍ച്ചകളും കഴിഞ്ഞെത്തുമ്പോള്‍ തോന്നുമായിരുന്നു. ആയിടെ നാട്ടില്‍നിന്ന് ഒരു കമ്പി വന്നു. മേനോന്റെ അച്ഛന്‍ മരിച്ചു. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്ന് മേനോനെ രണ്ടുകൊല്ലം മുമ്പ് യാത്രയാക്കി കണ്ണീര്‍ തുടച്ചുകൊണ്ട് തിരിച്ചുനടന്നുപോകുന്ന അച്ഛന്റെ അവസാനരൂപം ഓര്‍മ്മയില്‍ നിന്നുമായുന്നില്ല. പഠനമുപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മേനോനെ ആതിഥേയ കുടുംബം ആശ്വസിപ്പിച്ചു. പഠനം പൂര്‍ത്തിയാക്കി മടങ്ങിയാല്‍ മതിയെന്ന് കര്‍ശനമായി ഉപദേശിച്ചു. മരണം, ജീവിതം, കര്‍മ്മപഥങ്ങള്‍ എന്നീ കാര്യങ്ങളുടെ പൊരുള്‍ ആലോചിക്കാനും ആത്മീയ വിഷയങ്ങളിലേക്ക് മനസ്സ് ചായാനും ഇക്കാലത്ത് ഇടവന്നു. ശ്രീബുദ്ധന്റെയും ക്രിസ്തുദേവന്റെയും ജീവചരിത്രം പഠിച്ചു. നീണ്ട യാത്രകള്‍ നടത്തി. ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുമ്പോള്‍ കേശവമേനോന്‍ ബര്‍ലിന്‍ പട്ടണത്തിലായിരുന്നു. അവിടെനിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങാനാവാതെ വിഷമിച്ചു. യുദ്ധപക്ഷത്തല്ലാത്ത സ്വിറ്റ്‌സര്‍ലണ്ടിലേക്കു കടന്നു. രണ്ടുമാസം കഴിഞ്ഞ് ലണ്ടനില്‍ മടങ്ങിവന്നു. ബാരിസ്റ്റര്‍ പരീക്ഷയുടെ ഫലം വന്നപ്പോള്‍ മേനോന്‍ ജയിച്ചിട്ടുണ്ട്. യുദ്ധകാലമായാലും മടങ്ങാന്‍ പ്രയാസമുണ്ടായില്ല. മദ്രാസില്‍ കപ്പലിറങ്ങുമ്പോള്‍ ബന്ധുക്കളായ ചിലര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ബാരിസ്റ്റര്‍ കേശവമേനോന് തിരൂര്‍ ഗ്രാമവാസികള്‍ രാജകീയ വരവേല്‍പ്പു നല്‍കി. പിതൃശൂന്യമായ ഭവനത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ വിജയാഹ്ലാദത്തെ മൂടിക്കൊണ്ട് മേനോന്റെ പേലവ ഹൃദയം തേങ്ങി. 
കൗമാര കാലത്ത് പഠനത്തിനായി എട്ടുകൊല്ലം ജീവിച്ച കോഴിക്കോട് നഗരത്തില്‍ 1915 ല്‍ ബാരിസ്റ്റര്‍ കെ.പി. കേശവമേനോന്റെ വക്കീല്‍ ഓഫീസും ബോര്‍ഡും ഉയര്‍ന്നു. ആദ്യത്തെ ഒരുമാസം യാതൊരു വക്കാലത്തുമില്ല. പിന്തുടര്‍ച്ചാവകാശത്തെപ്പറ്റി ഒരു ഹര്‍ജി ഫയല്‍ ചെയ്യാന്‍ ആദ്യനിയോഗമുണ്ടായി. വെള്ളക്കാരനായ ജാക്‌സണ്‍ സായ്പ്പിന്റെ കോടതിയില്‍ വിചാരണപോലും കൂടാതെ മേനോന്റെ കക്ഷിക്ക് അനുകൂല വിധി കിട്ടി. അഞ്ചുരൂപ വക്കീലിന് പ്രതിഫലവും കിട്ടി. കേസും കോടതിയുമില്ലാത്ത നേരങ്ങളില്‍ അനുഭവധന്യനായ ഒരു അഭിഭാഷകന്‍ എന്തുചെയ്യും? എഴുതാന്‍ വാസനയുള്ളതിനാല്‍ കേശവമേനോന്‍ 'ബിലാത്തി വിശേഷം' എഴുതി. ഒരു കൊല്ലം കൊണ്ട് പുസ്തകം വിറ്റുതീര്‍ന്നു. 
യുദ്ധത്തിലേര്‍പ്പെട്ട രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ സ്വാതന്ത്ര്യം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ കാര്യം വരുമ്പോള്‍ മുട്ടുന്യായങ്ങള്‍ പറയുന്നു. ആനി ബസന്റ് എന്ന ബ്രിട്ടീഷുകാരിക്കുപോലും ബ്രിട്ടീഷ് ഭരണനയം പിടിക്കുന്നില്ല. അവരുടെ ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ ഒരു ശാഖ കോഴിക്കോട് നഗരത്തില്‍ സ്ഥാപിച്ചു. കേശവമേനോന്‍ കാര്യദര്‍ശിയായി. അന്ന് കോഴിക്കോട്ടെ പ്രമുഖ പത്രം 'മിതവാദി'യാണ്. തിരുവിതാംകൂറിലും അതിനു വായനക്കാര്‍ ഉണ്ട്. പത്രാധിപര്‍ സി. കൃഷ്ണന്‍ വക്കീല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തോട് താല്‍പ്പര്യം കാട്ടിയില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്നതില്‍ എന്താ കുഴപ്പമെന്ന നിലപാടായിരുന്നു മിതവാദി പത്രാധിപരുടേത്. ഹോം റൂള്‍ പ്രസ്ഥാനക്കാരുടെ വാര്‍ത്തയ്ക്ക് മിതവാദിയില്‍ വേണ്ട പരിഗണന ലഭിച്ചില്ല. അഡ്വക്കേറ്റ് കെ. മാധവന്‍നായര്‍, ബാരിസ്റ്റര്‍ കേശവമേനോന്‍, മഞ്ചേരി രാമയ്യര്‍ എന്നിവരെല്ലാം ഇതില്‍ ഖിന്നരായിരുന്നു. 1916 ല്‍ മലബാര്‍ കോണ്‍ഗ്രസ്സ് സമ്മേളനം പാലക്കാട്ട് ചേര്‍ന്നപ്പോള്‍ കേശവമേനോന്‍ സ്വയംഭരണാവകാശ പ്രമേയം അവതരിപ്പിച്ചു. പിറ്റേക്കൊല്ലം കോണ്‍ഗ്രസ്സ് സമ്മേളനം കോഴിക്കോട്ട് നടത്താന്‍ ഒരുങ്ങിയെങ്കിലും മലബാര്‍ കളക്ടര്‍ അനുമതി നിഷേധിച്ചു. ഒടുവില്‍ രാമന്‍ മേനോന്റെ വസതിയില്‍ രഹസ്യയോഗം ചേര്‍ന്നു പിരിഞ്ഞു. ആനി ബസന്റും സി.പി. രാമസ്വാമി അയ്യരും പങ്കെടുത്തു. കേശവമേനോന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതില്‍ ബന്ധുക്കളും കുടുംബാംഗങ്ങളും വിഷമിച്ചു. മന്നത്തു കൃഷ്ണന്‍ നായരെപ്പോലുള്ളവര്‍ മേനോനെ ഉപദേശിച്ചു. കുടുംബച്ചെലവ് നടത്താന്‍ രാഷ്ട്രീയം ഉപകരിക്കില്ല. വക്കീല്‍ പണിയില്‍ ശ്രദ്ധിക്കണം. എന്നാല്‍ അദൃശ്യമായ ഏതോ കരങ്ങള്‍ കേശവമേനോനെ പൊതുപ്രവര്‍ത്തനത്തിലേക്ക് തള്ളിവിടുന്നതുപോലെ തോന്നി. അക്കൊല്ലം ലക്‌നോ എ.ഐ.സി.സി. സമ്മേളനത്തില്‍ മേനോന്‍ പങ്കെടുത്തു. ബാലഗംഗാധരതിലകന്‍, സുരേന്ദ്രനാഥ ബാനര്‍ജി തുടങ്ങിയ നേതാക്കളെ പരിചയപ്പെട്ടു. ഹോം റൂള്‍ സമരം ശക്തിപ്പെട്ടു. ആനി ബസന്റ് ജയിലിലായി. കോഴിക്കോട്ട് പ്രതിഷേധ ജാഥയും പൊതുസമ്മേളനവും നടന്നു. കാര്യദര്‍ശിയെന്ന നിലയില്‍ മേനോന്‍ അതിലെല്ലാം സജീവമായി. യുദ്ധത്തിന് പണം പിരിക്കാന്‍ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മലയാളത്തില്‍ പ്രസംഗിക്കാന്‍ തുനിഞ്ഞ മേനോനെ കളക്ടര്‍ വിലക്കി. ദേശപ്രേമികളെല്ലാം മേനോന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നു. യോഗം അലങ്കോലപ്പെട്ടു. 
ബാരിസ്റ്റര്‍ മേനോന്റെ തൊഴിലിനെ ഈ സംഭവങ്ങളെല്ലാം പ്രതികൂലമായി ബാധിച്ചു. വെള്ളക്കാര്‍ ന്യായാധിപന്മാരാകുന്ന കോടതിയില്‍ മേനോന്റെ വക്കാലത്ത് കേസ് ജയിക്കാന്‍ തടസ്സമാകുമെന്ന് കക്ഷികള്‍ ഭയന്നു. മൊണ്ടേഗ്-ചെംസ് ഫോര്‍ഡ് ഭരണപരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആനി ബസന്റ് മേനോനെ ഡല്‍ഹിക്കു ക്ഷണിച്ചു. 67 കാരിയായ ബസന്റ് മദാമ്മയുടെ ചിട്ടയായ ജീവിതക്രമങ്ങള്‍ കേശവമേനോനെ ആകര്‍ഷിച്ചു. സി. ശങ്കരന്‍ നായര്‍ അവിടെവച്ച് മലബാര്‍ കളക്ടറുമായി ഉടക്കിയതിന് മേനോനെ അഭിനന്ദിച്ചു. ഗോഖലെ, തിലകന്‍ എന്നിവരുടെ ജീവചരിത്രം ഈ സന്ദര്‍ഭത്തില്‍ പ്രസിദ്ധീകരിക്കുകവഴി സ്വാതന്ത്ര്യപ്രേമികള്‍ക്കിടയില്‍ കേശവമേനോന്‍ ഏറെ പ്രശസ്തനായിക്കഴിഞ്ഞു. 1917 ല്‍ നമ്പൂതിരി യോഗക്ഷേമസഭ 'കേരളതിലകം' എന്ന ബഹുമതി അദ്ദേഹത്തിനു സമ്മാനിച്ചു. കേസില്ലാത്തതിനാല്‍ നിത്യജീവിതം ക്ലേശകരമായി. കോഴിക്കോട്ടുനിന്ന് 1918 ല്‍ മദ്രാസ് ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറ്റി. റിക്ഷക്കാര്‍, തുന്നല്‍ക്കാര്‍, ട്രാംവേ പണിക്കാര്‍, തോട്ടികള്‍ തുടങ്ങി വിവിധ തൊഴില്‍ മേഖലകളിലുള്ളവരെ സംഘടിപ്പിക്കാന്‍ മദ്രാസില്‍ മേനോന് അവസരം ലഭിച്ചു. ഭരണപരിഷ്‌ക്കാര നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ രണ്ടു ചേരിയായി. ആനി ബസന്റും കൂട്ടരും പരിമിത ഭരണാധികാരങ്ങള്‍ സ്വീകരിക്കണമെന്നു വാദിച്ചെങ്കിലും ഭൂരിഭാഗം അംഗങ്ങളും പൂര്‍ണ്ണമായ അധികാരമാറ്റത്തിനുവേണ്ടി ഉറച്ചുനിന്നു. മേനോനും ആ ഭൂരിപക്ഷത്തിനൊപ്പമായിരുന്നു. മഞ്ചേരിയില്‍ ചേര്‍ന്ന യോഗത്തില്‍നിന്ന് ആനി ബസന്റ് ഇറങ്ങിപ്പോയി. പിന്നീടുണ്ടായ ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതി കോണ്‍ഗ്രസ്സിലെ മിതവാദികളെ തളര്‍ത്തി. ശങ്കരന്‍നായര്‍ വൈസ്‌റോയി കൗണ്‍സിലില്‍നിന്ന് രാജിവച്ചു. 
സ്ഥാനമാനങ്ങള്‍ വെടിഞ്ഞ് വിദേശ ഭരണത്തോടുള്ള എതിര്‍പ്പ് ശക്തമാക്കാന്‍ 1920 ല്‍ നാഗ്പൂരില്‍ ചേര്‍ന്ന അഖിലേന്ത്യ കോണ്‍ഗ്രസ്സ് സമ്മേളനം തീരുമാനിച്ചു. ഗാന്ധിജിയുടെ രംഗപ്രവേശം നല്‍കിയ ഉണര്‍വിലായിരുന്നു പ്രവര്‍ത്തകര്‍. ഭാഷാടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തും കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ നിലവില്‍വന്നത് നാഗ്പൂര്‍ സമ്മേളനത്തോടെയാണ്. കെ.പി.സി.സി. ഉണ്ടാക്കി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കേശവമേനോനും മാധവന്‍നായര്‍ക്കും അനുജ്ഞ ലഭിച്ചു. മദ്രാസില്‍നിന്ന് മേനോന്‍ മലബാറിലേക്ക് തിരിച്ചുപോകണമെന്നും നിര്‍ദ്ദേശം ഉണ്ടായി. രാജഗോപാലാചാരിക്കൊപ്പം കേശവമേനോന്‍ പാലക്കാട്ട് തിരിച്ചെത്തി. ട്രെയിനില്‍ കയറുമ്പോള്‍ ടി. പ്രകാശം ഒരു ചെക്ക് മേനോന്റെ കൈയില്‍ ഏല്‍പ്പിച്ചു. കെ. മാധവന്‍നായരുടെ വീട് കോണ്‍ഗ്രസ്സ് ഓഫീസ് ആയി മാറി. മേനോനും കുടുംബവും അവിടെ താമസം തുടങ്ങി. രാജാജി ആയിരം രൂപ നല്‍കിയതിനാല്‍ സാമ്പത്തിക പ്രയാസങ്ങളുണ്ടായില്ല. എ.കെ. പിള്ള ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന് ജോലി ഉപേക്ഷിച്ചു തിരിച്ചുവന്നു. കെ. കേളപ്പന്‍ ബോംബെയില്‍ നിയമപഠനം തുടരാതെ മടങ്ങി കോഴിക്കോട്ടെത്തി. അല്‍ അമീന്‍ പത്രാധിപര്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ കോണ്‍ഗ്രസ്സില്‍ സജീവമായി. മൊയ്തു മൗലവിയുടെ പ്രസംഗങ്ങള്‍ മലബാറിലെ മുസ്ലീം ജനവിഭാഗങ്ങളില്‍ ചലനമുണ്ടാക്കി. ധാരാളം സാധാരണക്കാര്‍ കോണ്‍ഗ്രസ്സില്‍ അണിചേരാന്‍ തുടങ്ങി. ലോകഗതിയെപ്പറ്റി അവര്‍ക്കെല്ലാം അറിവുപകരേണ്ട ആവശ്യം വന്നപ്പോള്‍ മലബാറിന്റെ പല ഭാഗത്തും മേനോന്‍ പഠനക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 1921 ല്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ്സ് സമ്മേളനത്തോടനുബന്ധിച്ച് ഖിലാഫത്തു സമ്മേളനവും ചേര്‍ന്നു. അലി മുസലിയാരുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ലഹള പൊലീസ് കര്‍ക്കശമായി നേരിട്ടു. പൊന്നാനിയിലും ലഹള തുടങ്ങി. പട്ടാളക്കാര്‍ റെയില്‍പാളത്തിലൂടെ തിരിച്ചോടി. ശിക്ഷിക്കപ്പെട്ട ലഹളക്കാരെ ഗുഡ്‌സ് ട്രെയിന്‍ കമ്പാര്‍ട്ടുമെന്റില്‍ തിരുകിക്കയറ്റിയതിനാല്‍ നിരവധി പേര്‍ ശ്വാസംമുട്ടി മരിച്ചു. കേശവമേനോന്‍, മൊയ്തു മൗലവി, മാധവന്‍നായര്‍, ഗോപാലമേനോന്‍ തുടങ്ങിയവര്‍ കലാപ പ്രദേശങ്ങളില്‍ രക്ഷാദൗത്യവുമായി നിലകൊണ്ടു. ആറുമാസം നീണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പ്രാണരക്ഷാര്‍ത്ഥം നാടുവിട്ടവരെ തിരിച്ചുകൊണ്ടുവന്നു. മതംമാറ്റത്തെപ്പറ്റി തെളിവ് ശേഖരിച്ച കേശവമേനോന്‍ 'ഹിന്ദു' ദിനപത്രത്തില്‍ മാപ്പിള ലഹളയെപ്പറ്റി ലേഖനം എഴുതി. കുപിതരായ ലഹളക്കാര്‍ മേനോന്റെ വീടിനു കല്ലെറിഞ്ഞു. രാജാജി എത്തി നാടിന്റെ പല ഭാഗത്തും മതസൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. കേശവമേനോന്റെ കൂടെയാണ് അദ്ദേഹം താമസിച്ചിരുന്നത്. കോഴിക്കോട് കടപ്പുറത്ത് നടന്ന കോണ്‍ഗ്രസ്സ് യോഗത്തില്‍ മേനോനെ ചിലര്‍ കൂക്കിവിളിച്ചു. ''കല്ലെറിഞ്ഞാലും കൂകി വിളിച്ചാലും പൂവ് അര്‍പ്പിച്ചാലും സത്യത്തില്‍ നിന്ന് ഞാന്‍ മാറില്ല'' എന്ന മേനോന്റെ ദൃഢവചനങ്ങള്‍ ശ്രോതാക്കളെ ശാന്തരാക്കി. മഹാത്മജിയുടെ ഉറ്റ സുഹൃത്ത് സി.എഫ്. ആന്‍ഡ്രൂസ് ലഹളക്കാലത്ത് മലബാറില്‍ വന്ന് മേനോന് പിന്തുണ നല്‍കി. മടങ്ങുംവഴി ദീനബന്ധു ആന്‍ഡ്രൂസ് കേശവമേനോന്റെ പുത്രന്‍ ഉണ്ണിയെ കൂടെ കൊണ്ടുപോയി. ശാന്തിനികേതനില്‍ പഠന സൗകര്യം ഏര്‍പ്പാട് ചെയ്തു. 
ബോംബെ കോടതി മഹാത്മാഗാന്ധിയെ വിചാരണ ചെയ്യുന്നതു കാണാന്‍ കേശവമേനോന്‍ അഞ്ചുദിവസം കപ്പല്‍ യാത്ര ചെയ്താണ് പോയത്. മജിസ്‌ട്രേട്ട് അവതരിപ്പിച്ച കുറ്റപത്രത്തിലെ എല്ലാ കുറ്റാരോപണങ്ങളും ഗാന്ധിജി സമ്മതിച്ചു. ആറുവര്‍ഷത്തെ തടവുശിക്ഷ വാങ്ങി ജയിലിലേക്കു പോകുമ്പോള്‍ മജിസ്‌ട്രേട്ട് വികാരാധീനനായി ഇങ്ങനെ പറഞ്ഞു: ''രാജ്യദ്രോഹക്കുറ്റം താങ്കള്‍ക്കു നിഷേധിക്കാമായിരുന്നു. പക്ഷേ കുറ്റം ഏറ്റുപറഞ്ഞ നിലയ്ക്ക് എനിക്കെന്തു ചെയ്യാനാകും? കാലാവധിക്കുമുമ്പ് തന്നെ താങ്കള്‍ക്കു മോചനം ലഭിച്ചാല്‍ ഏറെ സന്തോഷിക്കുന്നത് ഞാനായിരിക്കും.'' ഗാന്ധിജി പൊലീസിനൊപ്പം നടന്നു നീങ്ങുമ്പോള്‍ കേശവമേനോന്‍ അടുത്തു ചെന്നു. 'അക്കാര്യം ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്' എന്ന് മേനോനെ നോക്കി മഹാത്മജി പറഞ്ഞു. കേശവമേനോന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജാജ് ഫണ്ടില്‍നിന്ന് പ്രതിമാസം നൂറുരൂപ അനുവദിച്ചിട്ടുള്ള കാര്യമായിരുന്നു ഗാന്ധിജി അറിയിച്ചത്. 
ഗാന്ധിജിയുടെ അഭാവത്തില്‍ ഗയയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് സമ്മേളനം ദേശബന്ധു ചിത്തരഞ്ജന്‍ദാസ് ആണ് നയിച്ചത്. എ.കെ. പിള്ള, മാധവന്‍നായര്‍ എന്നിവര്‍ക്കൊപ്പം മേനോന്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മിതവാദികളും പരിവര്‍ത്തനവാദികളും ചേരിതിരിഞ്ഞു. രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ മിതവാദികള്‍ക്കായിരുന്നു ഭൂരിപക്ഷം. അദ്ധ്യക്ഷസ്ഥാനത്തിരുന്ന ചിത്തരഞ്ജന്‍ദാസ് അടക്കം ഒരു വിഭാഗം തീവ്രപരിവര്‍ത്തനവാദികള്‍ പുറത്തുപോയി സ്വരാജ് പാര്‍ട്ടിയുണ്ടാക്കി. മലബാറില്‍നിന്ന് പോയവര്‍ സമ്മേളനവിവരം നാട്ടിലെ കോണ്‍ഗ്രസ്സുകാരോട് വിശദീകരിക്കാന്‍ ആഗ്രഹിച്ചെങ്കിലും എല്ലാ സ്ഥലങ്ങളിലും യോഗം സംഘടിപ്പിക്കാന്‍ കഴിയാതെ വന്നു. കോണ്‍ഗ്ര
സ്സിന് നാടുനീളെ പ്രവര്‍ത്തകരുണ്ട്. 
അവര്‍ക്ക് പാര്‍ട്ടിയിലെന്തു നടക്കുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്. ഗാന്ധിജിക്ക് ജയിലില്‍ എന്തു സംഭവിക്കുന്നു എന്ന് കേള്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ധാരാളം. ആശയപ്രചരണത്തിനും വിവരങ്ങള്‍ അറിയിക്കുന്നതിനും ഒരു പ്രതിവാര പത്രമെങ്കിലും ഉണ്ടായേ മതിയാകൂ. മിതവാദി, മനോരമ, കേരള സഞ്ചാരി, കേരള പത്രിക തുടങ്ങിയ പത്രങ്ങള്‍ കോണ്‍ഗ്രസ്സിനോടും സ്വാതന്ത്ര്യ പ്രസ്ഥാനത്തോടും വേണ്ടത്ര കൂറു കാട്ടുന്നില്ല. എ.കെ. പിള്ള കൊല്ലത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന 'സ്വരാട്ട്' മലബാറില്‍ വേണ്ടവിധം എത്തുന്നില്ല. 'നവീന കേരളം' എന്ന പേരില്‍ ഒരു പത്രം തുടങ്ങാന്‍ കേശവമേനോനും കൂട്ടരും നേരത്തെ ആലോചിച്ചെങ്കിലും മാപ്പിള ലഹളയെത്തുടര്‍ന്ന് അത് നടപ്പായില്ല. ഇനി വക്കീല്‍ പണി വയ്യ എന്ന് കൂടി തീരുമാനിച്ച കേശവമേനോന്‍ കോണ്‍ഗ്രസ്സിന് മലബാറില്‍ സ്വന്തമായി ഒരു പത്രം വേണമെന്ന ആശയം സഹപ്രവര്‍ത്തകരുടെ മുന്നില്‍ ഉന്നയിച്ചു. എല്ലാവരും കൂടി ആലോചിച്ച് ഒരു പേര് നിര്‍ദ്ദേശിക്കാന്‍ മേനോനെ തന്നെ ചുമതലപ്പെടുത്തി. അതിനെന്തിത്ര ആലോചിക്കാന്‍; 'മാതൃഭൂമി' എന്ന് മേനോന്‍ പറഞ്ഞു. പത്രത്തിന് ധനം സമാഹരിക്കാന്‍ വഴിതേടി. അഞ്ചു രൂപ വിലയുള്ള ഇരുപതിനായിരം ഓഹരിയിലൂടെ വേണ്ട ഫണ്ട് സമാഹരിക്കാമെന്ന് തീരുമാനിച്ചു. 1922 മാര്‍ച്ച് 15 ന് കമ്പനി രജിസ്റ്റര്‍ ചെയ്തു. കെ. മാധവന്‍നായര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, അമ്പലക്കാട്ട് കരുണാകരമേനോന്‍, ടി.വി. സുന്ദരയ്യര്‍, ഡോ. എ.ആര്‍. മേനോന്‍, കെ.പി. കേശവമേനോന്‍, പി. അച്യുതന്‍ എന്നിവരായിരുന്നു ആദ്യത്തെ ഡയറക്ടര്‍മാര്‍. കേശവമേനോന്‍ മാനേജിംഗ് ഡയറക്ടറും ആയി. പതിനയ്യായിരം രൂപയ്ക്ക് ഒരു പ്രസ്സ് സ്വന്തമായി വാങ്ങി. ഗാന്ധിജി തടവിലായതിന്റെ ഒന്നാം വാര്‍ഷികത്തിന് മാതൃഭൂമി പ്രസിദ്ധീകരിച്ചു തുടങ്ങാമെന്ന് നിശ്ചയിച്ചു പ്രവര്‍ത്തനങ്ങള്‍ നീങ്ങി. ആര്‍ക്കും പത്രപ്രവര്‍ത്തനത്തിന്റെ പ്രായോഗികവശങ്ങളൊന്നും അറിയില്ല. ഉത്സാഹവും ആഗ്രഹവും തീവ്രമാണ്. ലേഖകരില്ല, വിതരണക്കാരില്ല. എന്തു ജോലി ചെയ്യാനും സന്നദ്ധരായ ഒരു കൂട്ടം പ്രവര്‍ത്തകരുണ്ട്. കേശവമേനോന് മഹാത്മജിയുടെ പത്രപ്രവര്‍ത്തന ശൈലി 'യംഗ് ഇന്ത്യ'യിലൂടെ വായിച്ച് പരിചയമുണ്ട്. നവജീവന്‍ 'ഗുജറാത്തി ഭാഷയിലായതിനാല്‍ അതു കാണാറില്ല. 'ഹരിജന്‍' അന്ന് ആരംഭിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ പ്രചാരത്തിലുള്ള പത്രങ്ങളുടെ മാതൃക മനസ്സില്‍ വന്നു. നല്ല നിലവാരമുണ്ടാകണം, പുതിയ അറിവും ലോകകാര്യങ്ങളും ജനങ്ങളിലെത്തണം എന്നിങ്ങനെ ഓരോന്ന് ചിന്തിച്ച് മേനോന്‍ രാപകല്‍ അദ്ധ്വാനിച്ചു. 'ലോകവും ലോകരും' എന്നൊരു പംക്തി വേണമെന്ന് നിശ്ചയിച്ചു. 'പലരും പലതും' എന്ന് വേറൊരു പംക്തിയും എഴുതി. ബ്രിട്ടീഷ് ഭരണത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് 'സത്യം, സമത്വം, സ്വാതന്ത്ര്യം' എന്ന പ്രഖ്യാപിത നിലപാടുകളോടെ പത്രത്തിന്റെ ഉള്ളടക്കം ഒരുക്കി. ഗാന്ധിജിയുടെ ജയില്‍വാസത്തിന്റെ ഒന്നാം വാര്‍ഷികം 1923 മാര്‍ച്ച് 18-ാം തീയതിയാണ്. അന്ന് ഞായറാഴ്ച ഒഴിവുദിനമാകയാല്‍ പത്രത്തിന്റെ പ്രസിദ്ധീകരണാരംഭം ഒരു ദിവസം നേരത്തെയാക്കി. മാതൃഭൂമിയുടെ ഒന്നാം ലക്കം പുറത്തുവന്നതിനെക്കുറിച്ച് കേശവമേനോന്‍ 'കഴിഞ്ഞകാലം' എന്ന ആത്മകഥയില്‍ വിവരിക്കുന്നതു നോക്കുക: ''മാര്‍ച്ച് 16-ാം തീയതി കാലത്ത് ഞങ്ങളെല്ലാം ആപ്പീസിലെത്തി. പ്രസരിപ്പുള്ള മാധവന്‍നായര്‍ താഴോട്ടുപോയും കമ്പോസിറ്റര്‍മാരുടെ പ്രവൃത്തിനോക്കിയും ഉത്സാഹം വിതറിയും നടക്കുന്നുണ്ടായിരുന്നു. ഒരു വലിയ സദ്യയ്ക്ക് ഒരുക്കുന്നതുപോലായിരുന്നു അച്യുതന്‍ വക്കീലിന്റെ ശ്രമം. 'ഒന്നും ശരിയായിട്ടില്ലല്ലോ, പത്രം നാളെ പുറപ്പെടേണ്ടേ?' എന്നാവലാതിപ്പെട്ടുകൊണ്ട് ഒരു വടിയും കൈയില്‍ പിടിച്ച് അച്യുതന്‍ വക്കീല്‍ അക്ഷമനായി പ്രസ്സിന്റെ പലഭാഗത്തും നടന്നുകൊണ്ടിരുന്നു. പ്രവര്‍ത്തകരും സഹായിക്കാന്‍ വന്നവരും കാഴ്ചക്കാരുമായി മാതൃഭൂമി ആപ്പീസില്‍ ഒട്ടധികം ആളുകള്‍ തിങ്ങിക്കൂടിയിരുന്നു... കോളം പ്രൂഫും പേജ് പ്രൂഫും എല്ലാം പരിശോധിച്ചു കഴിഞ്ഞു. മാറ്റര്‍ മെഷീനില്‍ കയറ്റുവാന്‍ തയ്യാറായി ഫോര്‍മാന്‍ ചന്തുക്കുട്ടി ഒരുങ്ങി. അപ്പോള്‍ മെഷീന് എന്തോ കേടുപറ്റി. അതു ശരിപ്പെടുത്താന്‍ ചന്തുകുട്ടിക്കും മെഷീന്‍മാന്‍ ചാത്തുക്കുട്ടിക്കും കൂട്ടുകാര്‍ക്കും കുറെ സമയം വേണ്ടിവന്നു. കുഞ്ഞിന്റെ ജനനത്തെ കാത്തുനില്‍ക്കുന്ന പിതാവിനെപ്പോലെ ചുമരില്‍ തൂക്കിയിരുന്ന ക്ലോക്കുനോക്കി ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ആദ്യ കോപ്പി മടക്കി ചാത്തുക്കുട്ടി എന്റെ കൈയില്‍ തന്നു. ഞാനതു നിവര്‍ത്തി നോക്കി. മാധവന്‍ നായരും മറ്റു പലരും എന്റെ അടുത്തുണ്ടായിരുന്നു. നേരം വെളുക്കാറായിരിക്കുന്നു. ചില പീടികകള്‍ തുറന്നിട്ടുണ്ട്. കാലത്തെ വണ്ടിക്കു പുറപ്പെടുന്നവര്‍ അതു തെറ്റുമോ എന്ന് ഭയപ്പെട്ട് ബദ്ധപ്പെട്ടു നടക്കുന്നു. ചരക്കുകയറ്റി ഉള്‍നാടുകളില്‍ നിന്ന് വന്ന വണ്ടികള്‍ ഒന്നൊന്നിനു പിന്നാലെ നിരത്തില്‍ കൂടി സാവധാനം പോകുന്നുണ്ട്. അവ വലിച്ചിരുന്ന കാളകളും തെളിച്ചിരുന്ന ആളുകളും ഒരുപോലെ ക്ഷീണിച്ചിരുന്നു. മാതൃഭൂമിയുടെ ജനനത്തെപ്പറ്റി ഇവരറിഞ്ഞിരിക്കുമോ എന്ന വിചാരം എനിക്കപ്പോള്‍ ഉണ്ടാകാതിരുന്നില്ല.''
കടലാസു കത്തുന്നതുപോലെ ആശയങ്ങള്‍ വേഗത്തില്‍ കത്തിപ്പടരുന്ന കാലമായിരുന്നു അത്. സ്വാതന്ത്ര്യസമര പരിപാടികള്‍ ശക്തിപ്രാപിക്കുന്നു. സാക്ഷരതയും വിദ്യാഭ്യാസവും പടിപടിയായി ഉയരുമ്പോള്‍ ലോകത്തെ അറിയുവാനുളള ആഗ്രഹം ജനങ്ങളില്‍ വര്‍ദ്ധിക്കുകയായിരുന്നു. മലബാറില്‍ മാതൃഭൂമിയുടെ വരവ് ആശയപ്രചരണത്തില്‍ പുതിയ ഉണര്‍വ് ഉളവാക്കി. പത്രാധിപരെന്ന നിലയില്‍ കേശവമേനോന്‍ പാലിച്ച നിഷ്പക്ഷതയും സത്യസന്ധതയും നിര്‍ഭയത്വവും വായനക്കാരില്‍ വലിയ മതിപ്പ് ഉളവാക്കി. സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായിരുന്ന കവളപ്പാറ മൂപ്പില്‍ നായരുടെ വക്കീല്‍ നോട്ടീസ് ഒരു ഉദാഹരണമാണ്. ഉപ്പു നികുതിക്കാര്യം വോട്ടിനിട്ടപ്പോള്‍ മൂപ്പില്‍നായര്‍ സഭയില്‍ ഹാജരായില്ല. 
വീണ്ടും തിരഞ്ഞെടുപ്പിനു മത്സരിച്ച നായരുടെ എതിര്‍സ്ഥാനാര്‍ത്ഥി മുല്ലശ്ശേരി ഗോപാലമേനോന്‍ ഇക്കാര്യം ഒരു പ്രസ്താവനയായി പത്രങ്ങള്‍ക്ക് എഴുതി അയച്ചു. വോട്ടര്‍മാരെ തനിക്കെതിരെ തിരിക്കാന്‍ എതിര്‍സ്ഥാനാര്‍ത്ഥി കള്ളപ്രചരണം നടത്തുകയാണെന്നും അതില്‍ കക്ഷിചേര്‍ന്ന് അവമതിയുണ്ടാക്കിയ പത്രങ്ങള്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മൂപ്പില്‍ നായര്‍ വക്കീല്‍ നോട്ടീസ് അയച്ചു. മാതൃഭൂമിയൊഴികെ മറ്റ് പത്രങ്ങള്‍ 'ക്ഷമായാചനം' നടത്തി. കേശവമേനോന്‍ ശക്തമായ ഭാഷയിലെഴുതിയ മുഖപ്രസംഗത്തിലൂടെ മൂപ്പില്‍ നായര്‍ക്ക് പരസ്യമായി മറുപടി നല്‍കി. ഉപ്പുനികുതി കാര്യത്തില്‍ നായര്‍ കൗണ്‍സില്‍ നിന്ന് വിട്ടുനിന്നു എന്നു മാത്രമല്ല; ബ്രിട്ടീഷ് സര്‍ക്കാരിന് അനുകൂല നിലപാടെടുക്കുകയും ചെയ്തു എന്ന വസ്തുത വെളിപ്പെടുത്തി. ഗോപാലമേനോന്റെ പ്രസ്താവനയ്ക്ക് മറുപടി എഴുതാന്‍ മൂപ്പില്‍നായര്‍ക്കും പത്രസ്ഥലം ലഭ്യമാണ്. പകരം ചെയ്യാത്ത തെറ്റിനു മാപ്പുപറയാന്‍ തയ്യാറല്ല എന്ന് കേശവമേനോന്‍ എഴുതി. മൂപ്പില്‍നായര്‍ അതോടെ പത്തിമടക്കി. ഈ സംഭവം മാതൃഭൂമിയുടെ വിശ്വാസ്യതയ്ക്കു മാറ്റുകൂട്ടുകയും വായനക്കാരില്‍ വലിയ മതിപ്പുളവാക്കുകയും ചെയ്തു. 
കോണ്‍ഗ്രസ്സിന്റെ മുഖപത്രമാണ് മാതൃഭൂമിയെങ്കിലും പക്ഷപാത സമീപനം വാര്‍ത്തകളിലോ ലേഖനങ്ങളിലോ കടന്നു കൂടരുതെന്ന് സഹപ്രവര്‍ത്തകരെ കേശവമേനോന്‍ ഓര്‍മ്മിപ്പിച്ചു. ഒരു പാര്‍ട്ടി പ്രസിദ്ധീകരണമായി ചുരുങ്ങിയാല്‍ വിശാലമായ ജനതാല്‍പ്പര്യം ഹനിക്കപ്പെടുമെന്ന് അദ്ദേഹം ദീര്‍ഘദര്‍ശിയായി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ത്രൈവാരികയായിട്ടാണ് തുടക്കത്തില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നത്. എതിരഭിപ്രായങ്ങളെ മാനിക്കാനും അനീതിയെ തുറന്ന് എതിര്‍ക്കാനും ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ്സില്‍പോലും മേനോനു ശത്രുക്കളുണ്ടാകാതെ തരമില്ലെന്നുവന്നു. കടക്കാരെക്കൊണ്ട് പൊറുതി മുട്ടി. എങ്കിലും ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടുപോയി. 'നാം മുന്നോട്ട്' എന്നത് അദ്ദേഹത്തിന്റെ പംക്തി മാത്രമായിരുന്നില്ല, സുനിശ്ചിതമായ ജീവിതവീക്ഷണമായിരുന്നു. സ്വകാര്യ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും ദുരന്തങ്ങളും തരണംചെയ്ത് മുന്നോട്ടുപോകാന്‍ കേശവമേനോന് പ്രത്യാശാനിര്‍ഭരമായ ഈ മനോഭാവം കരുത്തുനല്‍കി. മാതൃഭൂമിയുടെ പ്രയാണത്തെ അത് സഹായിക്കുകയും ചെയ്തു. 
തിരുവിതാംകൂറിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചുവന്ന ദേശാഭിമാനിയുടെ സ്ഥാപക പത്രാധിപരുമായ ടി.കെ. മാധവന്‍ ഒരു ദിവസം കോഴിക്കോട്ട് കേശവമേനോനെ കാണാന്‍ വന്നു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനാണ് മാധവന്‍. കോണ്‍ഗ്രസ്സ് അയിത്താചരണത്തെ എതിര്‍ക്കാന്‍ പരസ്യമായി രംഗത്തുവരണമെന്ന് പറയാനായിരുന്നു മാധവന്റെ സന്ദര്‍ശനം. മേനോന്‍ സമ്മതിച്ചു. കാക്കിനാഡ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ മേനോന്റെ പിന്തുണയോടെ മാധവന്‍ നടത്തിയ പ്രസംഗം അയിത്തോച്ചാടനം കോണ്‍ഗ്രസ്സിന്റെ പരിപാടിയായി അംഗീകരിക്കാന്‍ പ്രേരണയേകി. സമ്മേളനം കഴിഞ്ഞു മടങ്ങിവന്ന നേതാക്കള്‍ എറണാകുളത്ത് യോഗം ചേര്‍ന്ന് വൈക്കം മഹാദേവ ക്ഷേത്രവഴിയില്‍ അയിത്ത ജാതിക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിക്കാന്‍ സത്യാഗ്രഹസമരം നടത്തണമെന്നു തീരുമാനിച്ചു. അതിനായി തിരുവിതാംകൂറില്‍ 24 ദിവസം പ്രചരണയോഗങ്ങള്‍ സംഘടിപ്പിച്ചു. 1924 മാര്‍ച്ച് 27-ാം തീയതി കേശവമേനോന്‍ വൈക്കത്ത് സത്യാഗ്രഹം നയിച്ച് അറസ്റ്റുവരിച്ചു. ആറുമാസത്തെ തടവുശിക്ഷ ഏറ്റുവാങ്ങി പൂജപ്പുര ജയിലിലുമായി. 
ഭാര്യയും അഞ്ച് മക്കളും എങ്ങനെ ജീവിക്കുന്നു എന്ന് അന്വേഷിക്കാന്‍ കഴിയാതെ പൊതുജീവിത പ്രശ്‌നങ്ങളില്‍ മുഴുകിയ മേനോന് ദുഃഖകരമായ ചില സ്വകാര്യാനുഭവങ്ങള്‍ നേരിടേണ്ടിവന്നു. ക്ഷയരോഗിയായ ഭാര്യയെ ചികിത്സിക്കാന്‍ മദ്രാസില്‍ എത്തിയപ്പോള്‍ ശുശ്രൂഷിക്കാന്‍ ഒപ്പംചെന്ന ഭാര്യാ മാതാവ് വസൂരി ബാധിച്ചു മരിച്ചു. ഏറെ വൈകാതെ ഭാര്യയും കണ്ണടച്ചു. ഒരു മകളും രോഗം വന്നു മരിച്ചു. അടിക്കടിയുണ്ടായ ഈ തിരിച്ചടികളില്‍ മനംനൊന്ത് പുതുശ്ശേരി അരവിന്ദാശ്രമത്തില്‍ ചെന്ന് മഹര്‍ഷി അരവിന്ദഘോഷിന്റെ ഉപദേശം തേടി. ഭാര്യയുടെ സഹോദരിയെ കുടുംബിനിയായി സ്വീകരിച്ചു. നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വരുമാനമില്ല. മാധവന്‍നായരുടെ പറമ്പിലെ ആദായമെടുത്താണ് മാതൃഭൂമിയില്‍ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുന്നത്. മേനോന്‍ ദാരിദ്ര്യം നീക്കാന്‍ പല വഴികള്‍ ആലോചിച്ചു. മലയായില്‍ പോയാല്‍ വക്കീല്‍ പണി പച്ചപിടിക്കുമെന്ന് ഒരു സുഹൃത്ത് ഉപദേശിച്ചു. യാത്രാച്ചെലവിനുള്ള പണം രണ്ടു സുഹൃത്തുക്കള്‍ നല്‍കി. 41-ാം വയസ്സില്‍ കേശവമേനോന്‍ സകുടുംബം നാടുവിട്ടു. മാതൃഭൂമിയിലെ പത്രാധിപപദവിയും കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പദവിയും രാജിവെച്ചിരുന്നു. 
മലയായിലും സിംഗപ്പൂരിലും അഭിഭാഷകവൃത്തിക്ക് മാന്യതയും അംഗീകാരവും പണവും ലഭിക്കാന്‍ തടസ്സമുണ്ടായില്ല. മേനോന് ഇന്ത്യക്കാരായ അതിഥികള്‍ എന്നും ഉണ്ടാകുമായിരുന്നു. ടി. പ്രകാശം, രാമസ്വാമി നായ്ക്കര്‍ എന്നിവരും കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളും മേനോന്റെ മലയായിലെ സന്ദര്‍ശകരായിരുന്നു. പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി തന്‍കാര്യം നോക്കി ജീവിക്കാന്‍ കേശവമേനോന്‍ ശീലിച്ചിട്ടില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമിതിയുണ്ടാക്കി രണ്ടാം ലോക യുദ്ധകാലത്ത് ജപ്പാന്റെ സഹായത്തോടെ ബ്രിട്ടനെതിരെ പൊരുതാന്‍ അവിടെയും ഒരുക്കങ്ങള്‍ നടത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് ജപ്പാന്‍കാരുടെ സഹായം ആവശ്യമില്ലെന്ന നിലപാടാണ് പിന്നീട് കേശവമേനോന്‍ സ്വീകരിച്ചത്. സുഭാഷ് ചന്ദ്രബോസുമായി ഇക്കാര്യത്തില്‍ വിയോജിച്ചു. ആസാദ് ഗവണ്‍മെന്റ് എന്ന ആശയത്തെ എതിര്‍ത്തതിന് ജാപ്പനിസ് പട്ടാളം മേനോനെ തടവിലാക്കി. യുദ്ധാനന്തരം ജയില്‍ മോചിതനായി. ഐ.എന്‍.എ.യുടെ നിലപാടിനെ മേനോന്‍ എതിര്‍ത്തത് അദ്ദേഹത്തെ അറിയുന്ന ഇന്ത്യക്കാരില്‍ ക്ഷോഭമുണ്ടാക്കി. 1946 ല്‍ നാട്ടിലെത്തിയ മേനോനെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍വെച്ച് ചിലര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഒരു കൂട്ടമാളുകള്‍ സ്വീകരിച്ച് ആനയിച്ചപ്പോള്‍ എതിരാളികള്‍ 'ഗോ ബാക്ക്' വിളിച്ചു. ചെറുതുരുത്തിയില്‍ ചെന്ന് വള്ളത്തോളിനെ കണ്ടു. കേളപ്പന്‍, ദാമോദരമേനോന്‍, ആനി മസ്‌ക്രിന്‍ എന്നിവരുമായി അവിടെ ചേര്‍ന്ന് ഐക്യകേരളം എന്ന ആശയത്തിന് രൂപം നല്‍കിയ മേനോന്‍ മീററ്റില്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടുത്ത് പഴയ സൗഹൃദങ്ങള്‍ പുതുക്കി. നെഹ്രുവിന്റെ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റു കഴിഞ്ഞിരുന്നു. സിംഗപ്പൂരിലും മലയായിലും ജോലികള്‍ പലതും ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു. കേശവമേനോന്‍ ഹ്രസ്വമായ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് അങ്ങോട്ടുമടങ്ങി. സ്വാതന്ത്ര്യദിനവും രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വവും പ്രവാസിയുടെ വികാരവായ്‌പോടെ അദ്ദേഹം അനുഭവിച്ചു. മഹാത്മജിയുടെ ചിതാഭസ്മത്തിന് സിംഗപ്പൂരില്‍ സ്വീകരണമൊരുക്കിയത് മേനോന്റെ നേതൃത്വത്തിലായിരുന്നു. ഇംഗ്ലീഷുകാരിയായ ഒരു വൃദ്ധ ഗാന്ധിജിയുടെ സ്മരണയ്ക്ക് പുഷ്പങ്ങള്‍ അര്‍പ്പിക്കുന്ന വികാരനിര്‍ഭരമായ രംഗം കണ്ട് കേശവമേനോന്‍ നിയന്ത്രണംവിട്ടു കരഞ്ഞുപോയി. 21 വര്‍ഷത്തെ പ്രവാസ ജീവിതാനുഭവങ്ങളുമായി 1948 ജൂലായില്‍ കേശവമേനോന്‍ തിരിച്ചെത്തിയപ്പോള്‍ മദ്രാസില്‍ മന്ത്രി കോഴിപ്പുറത്തു മാധവമേനോന്റെ നേതൃത്വത്തില്‍ ഉജ്ജ്വലമായ സ്വീകരണം ഒരുക്കിയിരുന്നു. മാതൃഭൂമിയുടെ പത്രാധിപസ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശവുമായി ഒരു ദൂതനും സ്വീകരണച്ചടങ്ങിലെത്തി. കെ.എ. ദാമോദരമേനോനില്‍ നിന്ന് പിറ്റേമാസം കേശവമേനോന്‍ മുഖ്യപത്രാധിപ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. വീണ്ടും ചുമതലയേറ്റശേഷം അദ്ദേഹമെഴുതിയ ആദ്യ മുഖപ്രസംഗം സ്വാതന്ത്ര്യാനന്തര ഇന്ത്യയെ പുനഃസൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു. ''സാധാരണ മനുഷ്യന്റെ സര്‍വതോമുഖമായ സുഖത്തേയും സ്വാതന്ത്ര്യത്തേയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വലിയ സ്ഥാപനമാക്കി മാതൃഭൂമിയെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഞാന്‍ നിരന്തരം പരിശ്രമിക്കുന്നതാണ്'' എന്ന തരത്തില്‍ വ്യക്തിപരമായ പ്രതിജ്ഞ പുതുക്കല്‍ കൂടിയായിരുന്നു ആ മുഖപ്രസംഗം. 1955 ഡിസംബറില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു കോഴിക്കോട് മാതൃഭൂമി ഓഫീസ് സന്ദര്‍ശിച്ചു. 
വാര്‍ത്തകളിലും ലേഖനങ്ങളിലും വസ്തുതാപരമായ പിശകുകള്‍ ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ സഹപത്രാധിപന്മാര്‍ക്കും ലേഖകന്മാര്‍ക്കും കേശവമേനോന്‍ നല്‍കിയത്. 'ആക്യുറസി'യെപ്പറ്റി അന്ത്യശ്വാസത്തിലും ശിഷ്യരോട് സംസാരിച്ച ജോസഫ് പുലിറ്റ്‌സര്‍ ആയിരുന്നു ഇക്കാര്യത്തില്‍ മേനോന്റെ മാതൃക. നെഹ്രുവിന്റെയും രാജാജിയുടെയും നിര്‍ബന്ധത്താല്‍ 1951 ല്‍ ഒരു ഇടവേളക്കാലത്ത് പത്രാധിപര്‍ പദവി വി.എം. നായരെ ഏല്‍പ്പിച്ചശേഷം മേനോന്‍ സിലോണ്‍ ഹൈക്കമ്മീഷണറായി പോയി. ഡല്‍ഹി വിദേശകാര്യവകുപ്പുമായി ഉണ്ടായ അഭിപ്രായ ഭിന്നതമൂലം ഹൈക്കമ്മീഷണര്‍ ഉദ്യോഗം ഉപേക്ഷിച്ച് പത്രാധിപര്‍ പദവിയിലേയ്ക്കു തന്നെ തിരിച്ചുപോന്നു. 1962 ല്‍ മാതൃഭൂമിയുടെ രണ്ടാമത്തെ എഡിഷന്‍ കൊച്ചിയില്‍ ആരംഭിച്ച് മലബാര്‍ പത്രമെന്ന പ്രാദേശിക സ്വഭാവത്തില്‍നിന്ന് വിശാല കേരളത്തിലേക്ക് മേനോന്റെ പത്രപ്രവര്‍ത്തന ശൈലി വ്യാപിപ്പിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭാ കാലത്ത് അനുവാദം കിട്ടുന്നില്ലെന്ന് കേശവമേനോനു തോന്നി. സര്‍ക്കാരിന്റെ കൈകടത്തല്‍ അസഹനീയമായപ്പോള്‍ അദ്ദേഹം രാജിവച്ചു. കണ്ണിന്റെ രോഗവും കാഴ്ചക്കുറവും തന്റെ നിത്യപ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്ന് മേനോന്‍ തിരിച്ചറിച്ചു. വി.എം. നായരെ മാതൃഭൂമിയിലേക്ക് വീണ്ടും ക്ഷണിച്ചശേഷം നവഭാരത ശില്‍പ്പികള്‍ എന്ന പുസ്തക പരമ്പര എഴുതി തീര്‍ക്കാന്‍ ഉത്സാഹിച്ചു. വിജയത്തിലേക്ക്, ഏബ്രഹാം ലിങ്കണ്‍, ജവഹര്‍ലാല്‍ നെഹ്രു, നാം മുന്നോട്ട് എന്നീ പ്രൗഢഗ്രന്ഥങ്ങളും രാഷ്ട്രപിതാവിനെക്കുറിച്ചുള്ള രണ്ട് വാള്യങ്ങളും ഇതിനകം പുറത്തുവന്നു. ക്രിസ്തുദേവന്‍, സായാഹ്ന ചിന്തകള്‍, പൂര്‍ണ്ണ ജീവിതം എന്നീ കൃതികളും കേശവമേനോന്റെ ക്ഷീണിക്കാത്ത പ്രതിഭയുടെ പ്രഭാപൂരങ്ങളാണ്. 
നല്ല രചനാകൗശലവും മികച്ച പത്രപ്രവര്‍ത്തനവും അഭിഭാഷക വൃത്തിയും രാഷ്ട്രീയ പ്രവര്‍ത്തനവും സമരസപ്പെടുത്തിക്കൊണ്ടുപോകാവുന്ന സ്വസ്ഥമായ സ്വകാര്യ ജീവിതമൊന്നുമായിരുന്നില്ല കേശവമേനോന്റേത്. സംഘര്‍ഷങ്ങളും ദുരന്താനുഭവങ്ങളും ഒന്നൊന്നായി തരണം ചെയ്തുകൊണ്ടാണ് ബഹുമുഖമായ തന്റെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ മേനോന്‍ സജീവമാക്കിയത്. പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും നടുവില്‍ ജീവിച്ചുകൊണ്ട് ഒരു പത്രം സ്ഥാപിച്ച് നയിക്കുകയും വിജയകരമായി അതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയും ചെയ്ത കേശവമേനോന്‍ ലോക പത്രപ്രവര്‍ത്തനരംഗത്ത് പൊരുതി ജയിച്ച ജോസഫ് പുലിറ്റ്‌സറുടെ കഥയാണ് ഓര്‍മ്മിപ്പിക്കുന്നത്. പ്രശ്‌നങ്ങളില്‍ നിന്ന് പ്രതിസന്ധികളിലൂടെ നീങ്ങി സംഘര്‍ഷങ്ങളിലൂടെ വളര്‍ന്ന് പ്രതിബന്ധങ്ങളെയെല്ലാം ഒടുവില്‍ തട്ടിനീക്കി സ്വച്ഛന്ദ സുന്ദരമായി അവസാനിക്കുന്ന ഒരു ജീവിത സിംഫണി. 1978 നവംബര്‍ 9-ാം തീയതി 92-ാം വയസില്‍ കേശവമേനോന്‍ ശാന്തമായി കണ്ണടച്ചപ്പോള്‍ സംഭവബഹുലമായ ആ ചരിത്രത്തിന് വിരാമചിഹ്നം വീണു.

പി. സുജാതന്‍