തത്വചിന്തകനായ പത്രാധിപര്‍

യശശ്ശരീരനായ കെ.എം. മാത്യുവിന്റെ സംഭാവനകളെക്കുറിച്ച് വിലയിരുത്തുന്ന വേളയില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്.ജോര്‍ജ് ഇന്ത്യന്‍ ഇംഗ്ലീഷ് പത്രലോകത്തെ ത്രിമൂര്‍ത്തികളെ ഓര്‍ക്കുന്നുണ്ട്. പോത്തന്‍ ജോസഫ്, ഫ്രാങ്ക് മൊറയ്‌സ്, എം. ചലപതിറാവു. ഇവരുടെ മൂന്നുപേരുടെയും രചനാസമാര്‍ത്ഥ്യം, മൂല്യമേന്മ എന്നിവ സമാനതകളില്ലാതെ നിലനില്‍ക്കുകയാണെന്ന് ജോര്‍ജ് അനുസ്മരിക്കുന്നു. ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ ജീവിതത്തില്‍ നെഹ്‌റുയുഗം എന്നൊന്നുണ്ടെങ്കില്‍ അതിന്റെ സമര്‍ത്ഥനായ പ്രചാരകനായിരുന്നു മണികൊണ്ട ചലപതിറാവു. യുക്തിചിന്ത, ശാസ്ത്രാഭിമുഖ്യം, സമത്വബോധം എന്നിവയാല്‍ പണ്ഡിറ്റ് നെഹ്‌റു ഇന്ത്യന്‍ യുവത്വത്തെ ത്രസിപ്പിക്കുന്ന കാലത്ത് അഭിഭാഷകവൃത്തി ഉപേക്ഷിച്ച് ആന്ധ്രയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ചലപതിറാവു പത്രപ്രവര്‍ത്തനം ഇഷ്ടപ്പെട്ട തൊഴിലായി തിരഞ്ഞെടുത്തു. മദ്രാസിലെ ഉപരിപഠനകാലത്ത് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തോട് ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും സഹപാഠിയായ എടത്തട്ട നാരായണനെപ്പോലെ പ്രക്ഷോഭസമരത്തില്‍ എടുത്തുചാടി പഠനം വെടിയാന്‍ ചലപതിറാവു തുനിഞ്ഞില്ല. കവിതയെഴുത്തും പ്രബന്ധരചനയും കോളേജ് മാഗസിന്റെ പ്രവര്‍ത്തനവും ഒഴികെയുള്ള പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ കാഴ്ചക്കാരനായി നിന്നു. എടത്തട്ടയും മറ്റുകൂട്ടുകാരും കോളേജ് കവാടത്തില്‍ ദേശീയ പതാക കെട്ടി ബ്രിട്ടീഷ് പൊലീസിന്റെ പിടിയിലായി. ചിലര്‍ മാപ്പെഴുതിക്കൊടുത്ത് ക്‌ളാസില്‍ തിരിച്ചുകയറി. എടത്തട്ട അതിനു കൂട്ടാക്കാതെ ബി.എ. പഠനം ഉപേക്ഷിച്ച് കോണ്‍ഗ്രസ് സോഷ്യലിസ്റ്റായി. എം. ചലപതിറാവു നാലുവരി ഇംഗ്ലീഷ് കവിതയിലൂടെ തന്റെ പ്രിയ സ്‌നേഹിതന് ആശംസകള്‍ നേര്‍ന്നു.
ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടി ചലപതിറാവു ആന്ധ്രയിലെ ഗ്രാമത്തില്‍ തിരിച്ചെത്തുമ്പോള്‍ പല വഴികള്‍ അദ്ദേഹത്തിന്റെ മുന്നില്‍ തെളിഞ്ഞുകിടന്നു. ഹൈദരാബാദിലെത്തി ഏതെങ്കിലും കോളേജില്‍ അധ്യാപകനാകാം. അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങാം. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ പങ്കാളിയാകാം. ഗാന്ധിജി, നെഹ്‌റു, ജയപ്രകാശ് നാരായണന്‍, ഗോവിന്ദ ബല്ലഭ പന്ത് തുടങ്ങിയ ഇഷ്ടനേതാക്കള്‍ പലരും ജയിലിലും വെളിയിലുമായി പ്രക്ഷോഭ പാതയിലാണ്. അഭിഭാഷകന്റെ കോട്ടണിഞ്ഞെങ്കിലും ചലപതിറാവുവിന് നിയമത്തിന്റെ നൂലാമാലകള്‍ ഇഴപിരിക്കുന്ന വൃത്തിയോട് ഇണങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ പേരെടുത്ത കെ. രാമറാവു എന്ന നാട്ടുകാരനെ സമീപിച്ച ചലപതിറാവു തന്റെ തൊഴില്‍പരമായ മാനസിക പ്രതിസന്ധിയെപ്പറ്റി ചര്‍ച്ച ചെയ്തു. പണ്ഡിറ്റ് നെഹ്‌റു ഒരു ദിനപ്പത്രം തുടങ്ങുന്നതിനുള്ള ചര്‍ച്ചയിലാണെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക മുഖപത്രമായി അത് ആരംഭിക്കാനാണ് നെഹ്‌റു ആഗ്രഹിക്കുന്നതെന്നും രാമറാവു അറിയിച്ചു. മോട്ടോര്‍കാറുകളുടെ ഇന്ത്യയിലെ ഡീലറായ ധനാഢ്യന്‍ രഘുനന്ദന്‍ സരന്‍ പത്രത്തിനുവേണ്ടി എത്ര പണം ചെലവാക്കാനും സന്നദ്ധനാണെന്നും ലക്‌നോയില്‍ നിന്നായിരിക്കും പത്രം പ്രസിദ്ധീകരിക്കുന്നതെന്നും ചലപതിറാവു മനസ്സിലാക്കി. എന്നാല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമെന്ന നിലയില്‍ പുതിയൊരു പ്രസിദ്ധീകരണം ഇംഗ്ലീഷില്‍ ആരംഭിക്കുന്നതിന് ചെറിയൊരു തടസ്സം ഉണ്ട്. അത് നീക്കാനുള്ള ചര്‍ച്ചകളിലാണ് ജവഹര്‍ലാല്‍ നെഹ്‌റു. ഡല്‍ഹിയിലെ ഹിന്ദുസ്ഥാന്‍ ടൈംസ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിപ്പോരുന്നുണ്ട്. വ്യവസായിയായ ജി.ഡി. ബിര്‍ളയാണ് അതിന്റെ ഉടമ. ഗാന്ധിജിയും ബിര്‍ളയും തമ്മില്‍ നല്ല അടുപ്പത്തിലാണ്. മഹാത്മജിയുടെ മകന്‍ ദേവദാസ് ഗാന്ധി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്ററുമാണ്. അപ്പോള്‍ 'നാഷണല്‍ ഹെറാള്‍ഡ്' എന്ന പേരില്‍ മറ്റൊരു ഇംഗ്ലീഷ് പത്രം തുടങ്ങിയാല്‍ എച്ച്.ടി.യെ ബാധിക്കും. അതിനാല്‍ പുതിയ പത്രം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ജിഹ്വയാകാന്‍ ഗാന്ധിജി സമ്മതിക്കുന്നില്ല. നെഹ്‌റു പല തവണ സംസാരിച്ചു കഴിഞ്ഞതാണ്. ദേവദാസ് ഗാന്ധിയാണോ ജി.ഡി. ബിര്‍ളയാണോ മഹാത്മജിയുടെ പ്രശ്‌നമെന്ന് നിശ്ചയമില്ല. ഏകപക്ഷീയ സത്യാഗ്രഹ സമരം ഉള്‍പ്പെടെ അക്കാലത്തെ ഗാന്ധിജിയുടെ പല നിലപാടുകളോടും പണ്ഡിറ്റ് നെഹ്‌റു വിയോജിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസിദ്ധീകരണാരംഭം ലക്‌നോയിലേക്ക് മാറ്റേണ്ടിവന്നതുപോലും ഒരുപക്ഷേ ഗാന്ധിജിയെ സമാധാനിപ്പിച്ച് സമ്മതിവാങ്ങാന്‍ വേണ്ടിയായിരുന്നിരിക്കണം. ഏതായാലും 1938 സെപ്റ്റംബര്‍ ഒമ്പതാം തീയതി 'നാഷണല്‍ ഹെറാള്‍ഡ്' പ്രസിദ്ധീകരണം ആരംഭിച്ചു. ചീഫ് എഡിറ്റര്‍ കെ. രാമറാവു. അസിസ്റ്റന്റ് എഡിറ്റര്‍ ആയി എം. ചലപതിറാവു ചേര്‍ന്നു. ജവഹര്‍ലാല്‍ നെഹ്‌റു ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡിനായിരുന്നു പത്രത്തിന്റെ ഉടമസ്ഥാവകാശം. ക്ഷിപ്രകോപിയും അരകിറുക്കനും അനുസരണകെട്ടവനും തര്‍ക്കുത്തരം പറയുന്നവനും സ്‌നേഹസമ്പന്നനുമായ രാമറാവുവിനെ മറികടന്ന് നെഹ്‌റു അടുപ്പം സ്ഥാപിച്ചത് ചലപതിറാവുവിനോടാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരായി നിശിതമായ ഭാഷയില്‍ മുഖപ്രസംഗങ്ങളെല്ലാം എഴുതുന്ന ജോലിയാണ് രാമറാവുവും മുഖ്യമായി ചെയ്തത്. പത്രത്തിലെ ഇതര പ്രവര്‍ത്തനങ്ങളെല്ലാം ചലപതിറാവു നിയന്ത്രിച്ചു. എ.പി. സക്‌സേന, ദയാനന്ദസിംഗ് എന്നീ സബ് എഡിറ്റര്‍മാരുമുണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ശങ്കരപ്പിള്ളയോടൊപ്പം ഒരുവര്‍ഷം പരിശീലനം പൂര്‍ത്തിയാക്കി കാര്‍ട്ടൂണിസ്റ്റ് ശങ്കരന്‍കുട്ടി (കുട്ടി) ലക്‌നോയിലെത്തി നാഷണല്‍ ഹെറാള്‍ഡില്‍ ചേര്‍ന്നു. അമിനാബാദ് സര്‍ക്കിളിലെ ഹെറാള്‍ഡ് ഓഫീസ് കെട്ടിടത്തില്‍ പത്രാധിപന്മാര്‍ക്ക് താമസ സൗകര്യവും ഭക്ഷണത്തിന് മുഴുവന്‍ സമയ കാന്റീനും ഉണ്ടായിരുന്നു. പക്ഷേ ദക്ഷിണേന്ത്യക്കാരായ ചലപതിറാവുവിനും കാര്‍ട്ടൂണിസ്റ്റ് കുട്ടിക്കും തൊട്ടടുത്തുള്ള കാശ്മീര്‍ ഹോട്ടലില്‍ ഇഷ്ടഭക്ഷണം മാനേജ്‌മെന്റിന്റെ ചെലവില്‍ ഏര്‍പ്പെടുത്തി. എല്ലാവര്‍ക്കും ശമ്പളം നിശ്ചയിച്ചിരുന്നെങ്കിലും കൃത്യമായി നല്‍കിയിരുന്നില്ല. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ പതിവായി ഹെറാള്‍ഡില്‍ എത്തും. രാമറാവു അവരുമായെല്ലാം തര്‍ക്കിക്കുന്ന പതിവുണ്ട്. ചലപതിറാവു നിശ്ശബ്ദനായി ജോലി ചെയ്യും. സ്വാതന്ത്ര്യസമര പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു എന്ന ഭാവത്തിലാണ് നാഷണല്‍ ഹെറാള്‍ഡിലെ എല്ലാ ജീവനക്കാരും പെരുമാറിയിരുന്നത്. ഭക്ഷണം, പാര്‍പ്പിടം, ഇതര ചെലവുകള്‍ നടന്നു പോകുമെന്നതിനാല്‍ കൃത്യമായി ശമ്പളം ലഭിക്കാത്തതില്‍ ആര്‍ക്കും പരാതിയില്ല.
വി.കെ. കൃഷ്ണമേനോന്‍ ലണ്ടനില്‍ നിന്ന് ഹെറാള്‍ഡിലേക്ക് പതിവായി വാര്‍ത്തയും ലേഖനവും അയച്ചിരുന്നു. ചലപതിറാവു അവയെല്ലാം സശ്രദ്ധം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്തുപറഞ്ഞാലും കുട്ടിയെ വിളിച്ച് ഒരു കാര്‍ട്ടൂണ്‍ വരപ്പിച്ച് ഒപ്പം ചേര്‍ത്തുകളിയാക്കി പ്രസിദ്ധീകരിക്കുമായിരുന്നു. പണ്ഡിറ്റ് നെഹ്‌റു പല പേരുകളില്‍ ലേഖനം എഴുതിപ്പോന്നു. ഒരിക്കല്‍ ബ്രിട്ടീഷ് സ്വേഛാഭരണത്തെ പരിഹസിക്കുമ്പോള്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാവ് ജവഹര്‍ലാല്‍ നെഹ്‌റു ഭരണാധികാരിയായിരുന്നെങ്കില്‍ ഒരിക്കലും അദ്ദേഹം ഏകാധിപതിയാകില്ലെന്ന് മറ്റൊരുപേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നെഹ്‌റു തന്നെ എഴുതിയതു വായിച്ച് ചലപതിറാവു പൊട്ടിച്ചിരിച്ചു. ഫിറോസ് ഗാന്ധി ഓഫീസില്‍ വന്നപ്പോള്‍ ആ വാചകം ചലപതി അദ്ദേഹത്തിന് കാട്ടിക്കൊടുത്തു. പണ്ഡിറ്റ്ജി എഴുതിയതാണ് ആ വാചകമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ഫിറോസ് ഗാന്ധി പറഞ്ഞു. ഫിറോസ് ഗാന്ധി പോയി കഴിഞ്ഞപ്പോള്‍ ശങ്കരന്‍കുട്ടി ശബ്ദം താഴ്ത്തി ചലപതിറാവുവിനോട് രഹസ്യമായി ചോദിച്ചു: ''ആ പോയ വ്യക്തി മഹാത്മാഗാന്ധിയുടെ ബന്ധുവാണോ?''
''അല്ല, അദ്ദേഹം അടുത്തു തന്നെ നെഹ്‌റുവിന്റെ ബന്ധുവാകും.''- ചലപതിറാവു പറഞ്ഞു.
''അതെങ്ങനെ?''- കുട്ടിയുടെ ജിജ്ഞാസ.
''ഇന്ദുവിന്റെ പ്രതിശ്രുതവരനാണ് ഫിറോസ്.''- ചലപതിറാവു വെളിപ്പെടുത്തി.
അപ്പോള്‍ ഒരു കാര്‍ട്ടൂണിന്റെ ആശയം മനസ്സില്‍ രൂപപ്പെട്ടെങ്കിലും നാഷണല്‍ ഹെറാള്‍ഡില്‍ അത് പ്രസിദ്ധീകരിക്കാനാവില്ലല്ലോ എന്ന തിരിച്ചറിവില്‍ കുട്ടി സ്വയം ശാസിച്ച് ശാന്തനായി. എങ്കിലും ചലപതിറാവുവിനോട് ആ ആശയം പങ്കുവച്ചു. അദ്ദേഹത്തിന് ചിരി വന്നില്ല. പകരം വര്‍ഗ്ഗീയത ഉയര്‍ത്തുന്ന കൊടിയ ഭീഷണിയെ പരിഹസിച്ച് വരയ്ക്കാന്‍ ഉപദേശിച്ചു. അങ്ങനെ മുഹമ്മദാലി ജിന്ന മുസ്ലിം ലീഗിനെയും ശ്യാമപ്രസാദ് മുഖര്‍ജി ആര്‍.എസ്.എസ്സിനെയും തോളിലേറ്റി ഒരു തടിപ്പാലത്തിലൂടെ പുഴ കടക്കാന്‍ നടുക്കുവന്ന് അഭിമുഖമായി നിന്നു തര്‍ക്കിക്കുന്ന ഹാസ്യചിത്രം കുട്ടിവരച്ചു.
രണ്ടാം ലോകമഹായുദ്ധം ജപ്പാന്റെ മുന്നേറ്റത്തോടെ പുതിയൊരു വഴിത്തിരിവിലെത്തി. ബ്രിട്ടീഷ് പട്ടാളത്തിലേക്കും അല്ലാതെയും ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ തുറന്നുകിട്ടി. വിദ്യാസമ്പന്നര്‍ക്ക് അര്‍ഹമായ വേതനവും പദവിയും ലോപമില്ലാതെ ലഭിച്ചു. ബ്രിട്ടീഷ് ഭരണാധികാരികളുടെ താല്‍ക്കാലിക സൗജന്യങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്‌തെങ്കിലും ബഹുഭൂരിപക്ഷം യുവാക്കളെയും തടയാനാവില്ല. പഞ്ചാബിലെ പ്രമുഖനായ ഒരു കോണ്‍ഗ്രസ് നേതാവും ഡോക്ടറും ആയ വ്യക്തി ബ്രിട്ടീഷ് ആര്‍മിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായി. ശമ്പളത്തുകയുടെ കനം കണ്ടാണ് ദേശസ്‌നേഹം ഉപേക്ഷിച്ച് ഡോക്ടര്‍ കൂറുമാറിയത്. യുദ്ധം അമേരിക്കയെ ഒരു സമ്പന്ന രാഷ്ട്രമാക്കി മാറ്റി. ഇന്ത്യയിലെ സാധാരണക്കാരെ വലയില്‍ വീഴ്ത്താനുള്ള പ്രലോഭന തന്ത്രങ്ങളെല്ലാം ബ്രിട്ടീഷ് ഭരണാധികാരികള്‍ പയറ്റിക്കൊണ്ടിരുന്നു. നാഷണല്‍ ഹെറാള്‍ഡ് യുദ്ധത്തെ അപലപിച്ചും ബ്രിട്ടീഷ് താല്പര്യത്തിനായി ഇന്ത്യയെ ചൂഷണം ചെയ്യുന്നതിനെ എതിര്‍ത്തും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. സാമ്രാജ്യത്വവാദം ഊട്ടി ഉറപ്പിക്കുന്ന യുദ്ധനടപടികളെ രാജ്യത്തെ ബൗദ്ധിക സമൂഹം വിമര്‍ശിച്ചുകൊണ്ടിരുന്നു. പക്ഷേ, തൊഴിലന്വേഷകരും അരപ്പട്ടിണിക്കാരുമായ സാധാരണക്കാരെ സ്വാധീനിക്കാന്‍ ആദര്‍ശവാദങ്ങള്‍ സഹായിച്ചില്ല. ഒടുവില്‍ ഗാന്ധിജി ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടു പോകണമെന്ന അന്തിമ സമരം പ്രഖ്യാപിച്ചു. 1942 ആഗസ്റ്റ് ഒമ്പതാം തീയതി ആരംഭിച്ച 'ക്വിറ്റ് ഇന്ത്യ' സമരം നാഷണല്‍ ഹെറാള്‍ഡില്‍ എല്ലാവരുടെയും ഉറക്കം കെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളും ഗാന്ധിജിയും ജയിലിലായി. ഹെറാള്‍ഡ് ഒരു സ്‌പെഷ്യല്‍ എഡിഷന്‍ ഇറക്കി ദേശീയ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പിറ്റേദിവസം പത്രങ്ങള്‍ക്കെല്ലാം സെന്‍സര്‍ഷിപ്പ് ബാധകമാക്കി. നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരണം നിറുത്തി. എന്നിട്ടും ഹെറാള്‍ഡിന്റെ ഓഫീസ് റെയ്ഡ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പത്രാധിപന്മാരുടെ പാര്‍പ്പിടവും പത്രം ഓഫീസും പൊലീസ് ചവിട്ടിത്തേച്ചു. എഡിറ്റര്‍ രാമറാവു അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നതിനിടയില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്ന പൊലീസ് മേധാവിയോട് കയര്‍ത്തു. ''വിപ്ലവ രേഖകള്‍ വല്ലതും കണ്ടെത്തിയോ?'' എന്ന് പരിഹാസത്തോടെ അദ്ദേഹം ചോദിച്ചു. ''ഏറ്റവും വിപ്ലവാത്മകമായ കാര്യങ്ങളെല്ലാം ഇതാ, ഇതിനുള്ളിലാണിരിക്കുന്നത്. അതില്‍ ഒരു തരിമ്പുപോലും താങ്കള്‍ക്ക് എടുത്തുകൊണ്ടുപോകാനാവില്ല.'' എന്ന് പറഞ്ഞുകൊണ്ട് രാമറാവു, തന്റെ തല ചരിച്ച് പൊലീസ് ഓഫീസര്‍ക്ക് തൊട്ടുകാണിച്ചുകൊടുത്തു. പത്രമോഫീസില്‍ നിന്ന് ഒന്നും കണ്ടെത്താനാകാതെ പൊലീസ് സംഘം സ്ഥലം വിട്ടു. ചലപതിറാവു സഹപ്രവര്‍ത്തകരോട് അവരവരുടെ വീട്ടിലേക്കു മടങ്ങാന്‍ പറഞ്ഞു. അനിശ്ചിതത്വം അവസാനിക്കും വരെ ഡല്‍ഹിയില്‍ തങ്ങാമെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹവും ലക്‌നോ വിട്ടു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ചേര്‍ന്ന് സെന്‍സര്‍ഷിപ്പിന് വിധേയനായി പ്രവര്‍ത്തിച്ച ചലപതിറാവു ഗഹനമായ വായനയിലേക്ക് മടങ്ങി. ലോകയുദ്ധവും ക്വിറ്റ് ഇന്ത്യാ സമരവും സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാന്‍ മാര്‍ഗ്ഗമില്ല. ആന്ധ്രയിലെ 'ത്രിവേണി'യിലും പീപ്പിള്‍സ് വോയ്‌സിലും ലഭിച്ച പത്രപ്രവര്‍ത്തന പരിശീലനം ചെറുമാസികാ പ്രവര്‍ത്തനത്തിന് ഉപകരിക്കുമെന്ന ഉറപ്പില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ രഹസ്യപ്രസിദ്ധീകരണങ്ങളുമായി റാവു സഹകരിച്ചു. ലഘുലേഖകള്‍ നിര്‍മ്മിച്ചു പ്രചരിപ്പിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിലെ ജോലി ഇതിനെല്ലാം നല്ല മറയായിരുന്നു. പൊലീസിനാല്‍ പിടിക്കപ്പെടാതെ സ്വയം രക്ഷിക്കാന്‍ കഴിഞ്ഞത് അങ്ങനെയാണ്. 
യുദ്ധം കഴിഞ്ഞു. 1945 ല്‍ നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരണം പുനരാരംഭിച്ചു. ചലപതിറാവു ലക്‌നോയിലേക്കു മടങ്ങി. ഫിറോസ് ഗാന്ധി മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ മുഴുവന്‍ സമയവും ഹെറാള്‍ഡിന്റെ ഓഫീസില്‍ വന്നു കാര്യങ്ങള്‍ നിയന്ത്രിച്ചു. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ചലപതിറാവു  എഡിറ്റര്‍ ആയി ഉയര്‍ത്തപ്പെട്ടു. 'ഫ്രീഡം ഈസ് ഇന്‍ പെരിള്‍. ഡിഫെന്‍ഡ് ഇറ്റ് വിത്ത് ആള്‍ യുവര്‍ മൈറ്റ്.' എന്ന് ഹെറാള്‍ഡിന്റെ മാസ്റ്റ് ഹെഡ്ഡില്‍ അച്ചടിക്കാന്‍ ഇന്ദിരാഗാന്ധി നിര്‍ദേശിച്ചു. ഫിറോസുമായുള്ള ഇന്ദിരയുടെ വിവാഹം ഇതിനകം നടന്നു കഴിഞ്ഞിരുന്നു. ഇന്ത്യയ്ക്ക് സ്വയം ഭരണാവകാശം കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ വൈകാതെ അധികാരത്തില്‍ വന്നു.
ലക്‌നോ സര്‍വകലാശാല മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അക്കാലത്ത് ഉപരിപഠനത്തിന് ഒരു കുറുക്കു വഴിയായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളില്‍ നിന്ന് യുവാക്കള്‍ ലക്‌നോയില്‍ പഠിക്കാന്‍ എത്തിക്കൊണ്ടിരുന്നു. രണ്ടുവര്‍ഷം കൊണ്ട് ബി.എ ഡിഗ്രിയും എല്‍എല്‍ബി ഡിഗ്രിയിലും ഒരുമിച്ചെടുക്കാവുന്ന പഠനപദ്ധതി ലക്‌നോ സര്‍വകലാശാല ഒരുക്കിയിരുന്നു. ഏതാനും മലയാളി അധ്യാപകരും അന്നീ സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്നു. അങ്ങനെ പഠിക്കാനെത്തിയ പി. ബാലന്‍ എന്ന യുവാവ് നാഷണല്‍ ഹെറാള്‍ഡില്‍ ഒരു ദിവസം കയറിച്ചെന്നു. സര്‍വ്വകലാശാലയിലെ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ ഒരു വാര്‍ത്തകൊടുക്കണം. തിരുക്കൊച്ചിപോലെ അന്യരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളോട് അധികൃതര്‍ കാട്ടുന്ന വിവേചനം പൊതുശ്രദ്ധയില്‍ കൊണ്ടുവരണം. മെലിഞ്ഞു നീണ്ട ആ ചെറുപ്പക്കാരന്റെ ഭാഷയും വേഷവും  പെരുമാറ്റ രീതികളും ചലപതിറാവുവിന് ഇഷ്ടപ്പെട്ടു. വാര്‍ത്ത പ്രസിദ്ധീകരിച്ചതുകൊണ്ട് ഫീസ് നിരക്ക് കുറയുമെന്ന് തോന്നുന്നില്ലെന്ന് റാവു പറഞ്ഞു. കാരണം ഇംഗ്ലീഷുകാരാണ് സര്‍വകലാശാല ഭരണം നിയന്ത്രിക്കുന്നത്. അധ്യാപകരില്‍ ഏറെപ്പേരും വിദേശികള്‍. അതിനാല്‍ പഠനച്ചെലവ് താങ്ങാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ കണ്ടെത്തണം. പാര്‍ട്ട്‌ടൈം ജോലികള്‍ ചെയ്തു വരുമാനമുണ്ടാക്കാം. മിസ്റ്റര്‍ ബാലന് താല്പര്യമുണ്ടെങ്കില്‍ ഒഴിവു സമയങ്ങളില്‍ ഹെറാള്‍ഡില്‍ വന്ന് ജോലി ചെയ്യാം. ചലപതിറാവുവിന്റെ നിര്‍ദ്ദേശം ആ യുവാവ് സന്തോഷത്തോടെ സ്വീകരിച്ചു. പഠനം പൂര്‍ത്തിയാക്കിയശേഷം പി. ബാലന്‍ നാഷണല്‍ ഹെറാള്‍ഡില്‍ റാവുവിന്റെ ശിക്ഷണത്തില്‍ സബ് എഡിറ്ററായി തുടര്‍ന്നു.
പൊടുന്നനെ ഒരു ദിവസം ബാലനെ കാണാതായി. ആരോടും പറയാതെ അയാള്‍ ഹെറാള്‍ഡിലെ താമസസ്ഥലവും ഒഴിഞ്ഞുപോയി. നല്ലൊരു പത്രപ്രവര്‍ത്തകനാകാന്‍ പറ്റുന്ന തരത്തില്‍ ജോലിയില്‍ സാമര്‍ത്ഥ്യം പ്രകടിപ്പിച്ചു വരുമ്പോഴായിരുന്നു തിരോധാനം. ചലപതിറാവു എഴുതുന്നു: ''1947 ല്‍ കത്തിയെരിയുന്ന ഒരു വേനല്‍പകല്‍നേരത്ത് ഡല്‍ഹിയിലെ തെരുവിലൂടെ മുഷിഞ്ഞ വേഷത്തില്‍ ആ യുവാവ് നടന്നു നീങ്ങുന്നതു ഞാന്‍ കണ്ടു. മിസ്റ്റര്‍ ബാലന്‍ എന്ന് ഞാന്‍ ഉച്ചത്തില്‍ വിളിച്ചു. അയാള്‍ നിന്നു. ശബ്ദം വന്ന ഭാഗത്തേക്ക് നോക്കി. എന്നെ മനസ്സിലായതുപോലെ തോന്നി. ഞാന്‍ അടുത്തു ചെന്നു. അയാള്‍ കൂടുതല്‍ ശോഷിച്ചിരുന്നു. കണ്ണുകളുടെ തിളക്കം മാത്രം മങ്ങിയിട്ടില്ല. അവ കൂടുതല്‍ വിടര്‍ന്നതുപോലെ. എന്തുപറ്റി, താങ്കളിപ്പോള്‍ എവിടെയാണെന്ന എന്റെ അന്വേഷണങ്ങള്‍ക്ക് മിതമായ വാക്കുകളില്‍ മറുപടി. ലക്‌നോയില്‍ നിന്ന് വിട്ടശേഷം ഡല്‍ഹിയിലെത്തി മറ്റൊരു പത്രത്തില്‍ ബാലന്‍ കുറച്ചുനാള്‍ ജോലി ചെയ്തു. അവിടെ നിന്ന് ഒരുനാള്‍ ഋഷികേശിലേക്കു പോയി. സംസ്‌കൃതം പഠിച്ചു. വേദവും ഉപനിഷത്തും ഗ്രഹിച്ചു. ഡിവൈന്‍ ലൈഫ് സൊസൈറ്റിയില്‍ അംഗമായ അയാള്‍ തന്റെ പഴയ വിനോദ ശീലങ്ങള്‍ വെടിഞ്ഞു. സ്വാമി ശിവാനന്ദനയുടെ ശിഷ്യത്വം സ്വീകരിച്ചു.''
കുര്‍ത്തയും പൈജാമയും മാറ്റി പൂര്‍ണ്ണകാഷായ വേഷത്തിലേക്ക് മടങ്ങിയ ബാലന് തന്റെ ഗുരുസന്ന്യാസ ദീക്ഷ നല്‍കി. സ്വാമി ചിന്മയാനന്ദന്‍ എന്ന പേര് സ്വീകരിച്ചു. ലോകം മുഴുവന്‍ ശാഖകളോടെ ചിന്മയാമിഷന്‍ സ്ഥാപിച്ചത് തന്റെ പഴയ സഹപ്രവര്‍ത്തകന്‍ ബാലനാണെന്ന് അഭിമാനത്തോടെ റാവു അറിഞ്ഞു. കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ ഉറ്റസുഹൃത്തായിരുന്നു ബാലന്‍. സന്ന്യാസ പരിവര്‍ത്തന വാര്‍ത്തകേട്ടപ്പോള്‍ കുട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ''ഞാന്‍ വിശ്വസിക്കുന്നില്ല. ബാലനെ എനിക്കു നന്നായറിയാം. അവന്‍ പല വേഷവും അഭിനയിക്കും.'' കുട്ടിയുടെ നിരീക്ഷണം ബാലന്‍ സുദീര്‍ഘമായ തന്റെ ജീവിത ദൗത്യത്തിലൂടെ തെറ്റാണെന്ന് തെളിയിച്ചു എന്ന് ചലപതിറാവു എഴുതി.
നാഷണല്‍ ഹെറാള്‍ഡ് ദൈനംദിനം പുരോഗതിയിലേക്ക് കുതിച്ചു. ചലപതിറാവുവിന്റെ നേതൃത്വം പത്രത്തിന്റെ ഉള്ളടക്കത്തെ മേന്മയുറ്റതാക്കി. 1968 ല്‍ പത്രത്തിന്റെ ഡല്‍ഹി എഡിഷന്‍ ആരംഭിച്ചു. ബഹദൂര്‍ഷ സഫര്‍മാര്‍ഗ്ഗില്‍ ഹെറാള്‍ഡ് ഹൗസ് ഉണ്ടായി. 'നവജീവന്‍' എന്ന ഹിന്ദിപതിപ്പും 'ഖ്വാമി ആവാസ്' എന്ന ഉറുദുപതിപ്പും അവിടെ നിന്നിറങ്ങി. രാമറാവുവിനേക്കാള്‍ നെഹ്‌റുവിന് ഇഷ്ടം ചലപതിറാവുവിനെ ആയിരുന്നു. സര്‍ക്കാര്‍ സമിതികളിലും വിദേശപ്രതിനിധി സംഘങ്ങളിലും ചലപതിറാവു അംഗമായി. 1952 ല്‍ ചൈനയിലേക്കുള്ള ഗുഡ്‌വില്‍ മിഷന്‍ അംഗമെന്ന നിലയില്‍ പഞ്ചശീലതത്വങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ചലപതിറാവുവിന് പങ്കാളിത്തമുണ്ടായിരുന്നു. പ്രധാനമന്ത്രി നെഹ്‌റുവിന്റെ ചരിത്ര പ്രസിദ്ധമായ വിദേശയാത്ര 1955 ല്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. യു.എസ്.എസ്.ആര്‍, പോളണ്ട്, യുഗോസ്ലേവിയ എന്നീ രാജ്യങ്ങളിലേക്കുള്ള ആ പര്യടനം ഇന്ത്യയുടെ രാഷ്ട്രീയ നയരൂപീകരണത്തില്‍ സുപ്രധാന സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആ യാത്രയില്‍ പ്രധാനമന്ത്രിയെ അനുഗമിച്ച പ്രസ്സ് ഡെലിഗേഷന്റെ നേതൃത്വം ചലപതിറാവുവിനായിരുന്നു. 1958 ല്‍ യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം യൂണസ്‌കോയുടെ പ്രസ് എക്‌സപേര്‍ട്ട് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പത്രപ്രവര്‍ത്തകരുടെ തൊഴില്‍ സംഘടന 1950 ല്‍ രൂപംകൊണ്ടപ്പോള്‍ പ്രസിഡന്റായി ചലപതിറാവു വരുകയും അഞ്ചുകൊല്ലക്കാലം സംഘടനയെ നയിക്കുകയും ചെയ്തു. കെ. രാമറാവു ട്രയിനില്‍ നിന്ന് വീണ് അകാലത്തില്‍ മരണമടഞ്ഞു. നെഹ്‌റുവിന് ഇഷ്ടക്കേടുണ്ടായിരുന്നെങ്കിലും ഹെറാള്‍ഡിന്റെ മുഖപ്രസംഗങ്ങള്‍ പതിവായി അദ്ദേഹമാണ് എഴുതിപ്പോന്നിരുന്നത്. രാമറാവുവിനെക്കുറിച്ചുള്ള ചരമക്കുറിപ്പ് എഴുതിക്കൊണ്ട് മുഖപ്രസംഗം അടക്കം പ്രധാന ജോലികളുടെ മേല്‍നോട്ടം മുഴുവന്‍ ചലപതിറാവു ഏറ്റെടുത്തു. 1978 ല്‍ വിരമിക്കും വരെ നാഷണല്‍ ഹെറാള്‍ഡ് എന്നാല്‍ ചലപതിറാവു എന്നായിരുന്നു അര്‍ത്ഥം. പ്രധാനമന്ത്രി നെഹ്‌റുവിന്റെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ (1958 നവംബര്‍ 14) ചലപതിറാവു എഴുതി: ''ജവഹര്‍ലാല്‍ നെഹ്‌റുവിന് എഴുപതു തികഞ്ഞു. അദ്ദേഹത്തിന്റെ പ്രായം അളക്കേണ്ടത് കലണ്ടര്‍ വര്‍ഷങ്ങള്‍ കൊണ്ടല്ല. നെഹ്‌റുവില്‍ ജ്വലിക്കുന്ന ചൈതന്യത്തിന് പ്രായമില്ല. അദ്ദേഹത്തെ ചലിപ്പിക്കുന്ന ചിന്തകള്‍ എന്താണ്? ഗാന്ധിജിയെപ്പോലെ രഹസ്യങ്ങളുടെ ആവരണമിട്ട സ്വഭാവമല്ല അദ്ദേഹിന്റേത്. ജനങ്ങള്‍ക്കു മുന്നില്‍ നെഹ്‌റു തന്റെ ഹൃദയം തുറന്നിട്ടു. ഒരു ജീവചരിത്രകാരനും പുതുതായി കണ്ടുപിടിച്ചു വെളിപ്പെടുത്താന്‍ നെഹ്‌റുവില്‍ ഒന്നുമില്ല. അത്രയ്ക്ക് സുതാര്യമാണ് ആ വ്യക്തിത്വം...''
'ടുബി ഓര്‍ നോട്ട് ടുബി' എന്ന തലക്കെട്ടില്‍ ചലപതിറാവു എഴുതിയ മറ്റൊരു മുഖപ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്. ''കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിലുള്ള ചോദ്യം ഇതാണ്; ഒരുമിച്ചു നില്‍ക്കണോ ഭിന്നിച്ചു നില്‍ക്കണോ? നേതാക്കളുടെ വ്യക്തിപരമായ പരിഗണനകളനുസരിച്ചിരിക്കുന്നു ഇതിനുള്ള ഉത്തരം. കാരണം പലര്‍ക്കും ഇതൊരു അധികാരയുദ്ധമാണല്ലോ.'' 1969 ലെ പിളര്‍പ്പിനെത്തുടര്‍ന്ന് 'കോണ്‍ഗ്രസ് ആന്‍ഡ് ദ കോക്കസ്' എന്നൊരു മുഖപ്രസംഗമെഴുതി സംഘടനാ കോണ്‍ഗ്രസ് എന്ന നിജലിംഗപ്പാ വിഭാഗത്തെ റാവു കശക്കിയെറിഞ്ഞു. ''കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ സംഭവിച്ച കാര്യങ്ങള്‍ ഉടന്‍ തന്നെ പാര്‍ലമെന്റിനു പുറത്തും സംസ്ഥാന നിയമസഭകളിലും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് രണ്ട് പാര്‍ട്ടികളായി മാറുന്നതാണ്. ഒന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. മറ്റൊന്ന് ഇന്ത്യന്‍ നാഷണല്‍ കോക്കസ്.'' മൊറാര്‍ജി ദേശായിയും കൂട്ടരും അന്ന് ഇന്ദിരാഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ സാഹചര്യം പ്രവചനാത്മകവും പ്രതീകാത്മകവുമായി അവതരിപ്പിച്ച് പരിഹാസം സൃഷ്ടിക്കുന്ന നിരവധി രചനകള്‍ നാഷണല്‍ ഹെറാള്‍ഡില്‍ ചലപതിറാവു എഴുതിയിട്ടുണ്ട്. എങ്ങനെ നല്ലമുഖ പ്രസംഗം എഴുതാമെന്നതിന്റെ മികച്ച മാതൃകകളാണ് ചലപതിറാവുവിന്റെ രചനകള്‍.
പത്രപ്രവര്‍ത്തകര്‍ക്കിടയിലെ തത്വചിന്തകനായിരുന്നു ചലപതിറാവു എന്ന് ആഗ്ര, ആന്ധ്ര സര്‍വകലാശാലകള്‍ ബഹുമതി ബിരുദങ്ങള്‍ നല്‍കിയ വേളയില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. വെങ്കിടേശ്വര സര്‍വകലാശാല ഭരണഘടനയിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം പരിഗണിച്ച് നിയമത്തില്‍ ഡോക്ടറേറ്റ് നല്‍കി ബഹുമാനിച്ചു. 'ഗാന്ധി ആന്‍ഡ് നെഹ്‌റു' എന്ന ചലപതിറാവുവിന്റെ ഗ്രന്ഥം ആധുനിക ഇന്ത്യയുടെ നിര്‍മ്മാണ രഹസ്യങ്ങളുടെ ആന്തരിക ചരിത്രമാണ്. എസ്സേസ് ഓണ്‍ ഇന്ത്യന്‍ പ്രോബ്‌ളംസ്, ജേര്‍ണലിസം ആന്‍ഡ് പൊളിറ്റിക്‌സ്, ജവഹര്‍ലാല്‍ നെഹ്‌റു, ഗോവിന്ദ ബല്ലഭ പന്ത്- കാലവും ജീവിതവും എന്നീ കൃതികളും റാവു എഴുതിയിട്ടുണ്ട്. 'മാഗ്നസ് ആന്‍ഡ് മ്യൂസെസ്' എന്ന പേരില്‍ ചലപതിറാവുവിനെക്കുറിച്ച് ഹരീന്ദ്ര ശ്രീവാസ്തവ എഡിറ്റ് ചെയ്ത പുറത്തിറക്കിയ ഗ്രന്ഥം ആ മഹനീയ വ്യക്തിത്വത്തിന്റെ നാനാവശങ്ങള്‍ സമഗ്രമായി സ്പര്‍ശിക്കുന്നു. 'മാഗ്‌നസ്' എന്ന തൂലികാനാമം സ്വന്തം പേരിനേക്കാള്‍ പ്രശസ്തമാക്കിയശേഷമാണ് മണികൊണ്ട ചലപതിറാവു പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചത്. അദ്ദേഹം ഒഴിഞ്ഞശേഷം നാഷണല്‍ ഹെറാള്‍ഡിന് കഷ്ടകാലം ആയിരുന്നു. 1998 ലക്‌നോ ഓഫീസും സ്ഥലവും ജപ്തി ചെയ്തുപോയി. 2008 ല്‍ പത്രരംഗത്തെ സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ ഡല്‍ഹി എഡിഷനും നിലച്ചു. ടി.വി. വെങ്കിടാചലമായിരുന്നു ഒടുവിലത്തെ എഡിറ്റര്‍. പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയിലൂടെ ഹെറാള്‍ഡിനെ ഉയര്‍ത്താനുള്ള ശ്രമവും വിജയിച്ചില്ല. സുമന്‍ ദുംബെ, സാം പിത്രോഡ എന്നിവര്‍ ചേര്‍ന്ന് ഡല്‍ഹി ഹെറാള്‍ഡ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന യംഗ് ഇന്ത്യ കമ്പനിയുടെ മേല്‍നോട്ടത്തില്‍ പത്രം പുനപ്രസിദ്ധീകരിക്കാന്‍  2011 ല്‍ ഒരു വിഫലശ്രമം നടത്തി. കമ്പനി ഡയറക്ടര്‍മാരിലൊരാളായ രാഹുല്‍ഗാന്ധി അവരെ തടഞ്ഞു എന്നാണ് കേട്ടത്.
ചലപതിറാവുവിനെപ്പോലെ അര്‍പ്പണബോധമുള്ള ഒരു സമര്‍ത്ഥനായ എഴുത്തുകാരനെയും പത്രപ്രവര്‍ത്തകനെയും കണ്ടെത്താന്‍ ഇന്നത്തെ കാലത്ത് പ്രയാസമായിരിക്കും. നെഹ്‌റുവിന്റെ ചിന്തകളുടെ ചൈതന്യത്തില്‍ തിളങ്ങി വളര്‍ന്നുവന്ന ചലപതിറാവുവിന് സമാനനായ ഒരാള്‍ ഉണ്ടാകാത്തത് നമ്മുടെ പൊതുജീവിതത്തില്‍ നെഹ്‌റുവിനെപ്പോലാരാള്‍ ഇപ്പോള്‍ ഇല്ലാത്തതുപോലെ തന്നെയാണ്. ഇന്ദിരാഗാന്ധിയെക്കുറിച്ച് ചരമക്കുറിപ്പെഴുതാന്‍ കാത്തുനില്‍ക്കാതെ 1983 മാര്‍ച്ച് 25-ാം തീയതി ചലപതിറാവു പൊടുന്നനെ ജീവന്‍ വെടിഞ്ഞ് എങ്ങോ പറന്നുപോയി.

 

പി. സുജാതന്‍