Error message

ഡേറ്റാ ജേണലിസം, ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം, കോബ്രെ ഗൈഡ്

ഡേറ്റാ ജേണലിസം : പത്രപ്രവര്‍ത്തനത്തില്‍ ഡേറ്റായുടെ പ്രാധാന്യം വ്യക്തമാക്കുന്ന വെബ്‌സൈറ്റാണ് http://datadr-ivenjournalism.net/. യൂറോപ്യന്‍ ജേണലിസം സെന്ററിന്റെ വളരെ പ്രചാരം നേടിയ ഡേറ്റാ ജേണലിസം പ്രൊജക്ടിന്റെ സംരംഭമാണിത്. ലോകമെമ്പാടും ഡേറ്റാ ജേണലിസത്തിന്റെ പ്രചാരണം, ഡേറ്റാ ജേണലിസത്തില്‍ സ്‌പെഷലൈസ് ചെയ്യുന്നവരുടെ നെറ്റ്‌വര്‍ക്കിംഗ്, ഡേറ്റാ ജേണലിസത്തിന്റെ മികവ് വര്‍ധിപ്പിക്കല്‍ എന്നിവയാണ് ഈ സൈറ്റ് ലക്ഷ്യമിടുന്നത്. ട്രെയ്‌നിംഗ് കോഴ്‌സുകള്‍, ഓണ്‍ലൈന്‍ റിസോഴ്‌സുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയിലൂടെ ഇതിനു പ്രചാരണം നല്‍കുകയാണ് സൈറ്റിന്റെ ലക്ഷ്യം. ഡേറ്റാ ജേണലിസം ഹാന്‍ഡ്ബുക്ക്, സ്‌കൂള്‍ ഓഫ് ഡേറ്റാ ജേണലിസം, ഡേറ്റാ ജേണലിസം കോഴ്‌സ് എന്നിവയെക്കുറിച്ച് ഈ സൈറ്റില്‍ നിന്നു മനസിലാക്കാം. ഡേറ്റാ ജേണലിസത്തിന്റെ  'ബൈബിളാ'ണ് ഡേറ്റാ ജേണലിസം ഹാന്‍ഡ് ബുക്ക്. ഇത് സൈറ്റില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.സ്‌കൂള്‍ ഓഫ് ഡേറ്റാ ജേണലിസം ഇറ്റലിയിലെ പെറുഗിയയില്‍ എല്ലാ വര്‍ഷവും ചേരുന്ന ഡേറ്റാ ജേണലിസം കോണ്‍ഫറന്‍സ് ആണ്. ഡേറ്റാ ജേണലിസത്തിലെ നൂതന പ്രവണതകള്‍, പുതിയ സോഫ്റ്റ് വെയറുകള്‍, വെല്ലുവിളികള്‍, പുതിയ പദ്ധതികള്‍ എന്നിവ ഇതില്‍ ചര്‍ച്ച ചെയ്യുന്നു. ഡേറ്റാ ജേണലിസം കോഴ്‌സ് അഞ്ചാഴ്ച നീളുന്ന സൗജന്യ കോഴ്‌സ് ആണ്. ഇതില്‍ സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.സൈറ്റിലെ ന്യൂസ് ആന്‍ഡ് അനലൈസിസ് വിഭാഗത്തില്‍ ധാരാളം പുതിയ വിവരങ്ങളടങ്ങുന്ന ലേഖനങ്ങള്‍ കണ്ടെത്താം. പുതിയ സാങ്കേതിക വിദ്യകള്‍, പ്രവണതകള്‍, പ്രൊജക്ടുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിലുണ്ട്. റിസോഴ്‌സസ് വിഭാഗമാണ് വളരെ പ്രയോജനപ്രദമായ മറ്റൊരു വിഭാഗം. ഇതിലും പത്രപ്രവര്‍ത്തകര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ കണ്ടെത്താം.

ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം
അന്വേഷണാത്മക പത്രപ്രവര്‍ത്തന രംഗത്ത് ബ്രിട്ടനില്‍ 2010ല്‍ ഉദയം കൊണ്ട സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ വെബ്‌സൈറ്റാണ് http://www.thebureauinvestigates.com. മൂന്നു വര്‍ഷങ്ങളില്‍ ബ്യൂറോ നടത്തിയ എല്ലാ അന്വേഷണങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ വെബ്‌സൈറ്റിലുണ്ട്. ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ സൗജന്യമായി പുനപ്രസിദ്ധീകരിക്കാം.വലിയ ഫൗണ്ടേഷനുകളുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന  ലാഭേച്ഛയില്ലാത്ത പത്രപ്രവര്‍ത്തന സ്ഥാപനങ്ങള്‍ അമേരിക്കയില്‍ ധാരാളമുണ്ടെങ്കിലും ബ്രിട്ടനില്‍ കുറവാണ്. ഇത്തരത്തിലുള്ള അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണ് ബ്യൂറോ. ലണ്ടന്‍ സിറ്റി യൂണിവേഴ്‌സിറ്റിയാണ് ആസ്ഥാനം. ബി.ബി.സി., ചാനല്‍ ഫോര്‍, അല്‍ ജസീറ തുടങ്ങിയ ചാനലുകളും ബ്രിട്ടനിലെ നിരവധി പത്രങ്ങളും ബ്യൂറോയുമായി സഹകരിക്കുന്നു.പാകിസ്താന്‍, യെമന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ്. ഡ്രോണ്‍ ആക്രമണങ്ങള്‍, ലോബിയിംഗ് സ്ഥാപനങ്ങള്‍ സര്‍ക്കാരുകള്‍ക്ക് മേല്‍ ചുമത്തുന്ന സ്വാധീനങ്ങള്‍, ബ്രിട്ടനിലെ ഹൗസിംഗ് മേഖലയിലെ പ്രതിസന്ധി, പോലീസ് കസ്റ്റഡിയിലെ മരണങ്ങള്‍ എന്നിങ്ങനെ ധാരാളം അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റേതടക്കം നിരവധി അവാര്‍ഡുകള്‍ ഈ റിപ്പോര്‍ട്ടുകള്‍ നേടിയിട്ടുണ്ട്.

കോബ്രെ ഗൈഡ്
മികച്ച ന്യൂസ് ഡോക്യുമെന്ററികള്‍ മാത്രം അവതരിപ്പിക്കുന്ന വെബ്‌സൈറ്റാണ് http://kobreguide.com. യുട്യൂബ്, മെറ്റാകഫേ തുടങ്ങിയ സൈറ്റുകള്‍ എല്ലാ മേഖലയിലെയും വീഡിയോകള്‍ വിതരണം ചെയ്യുമ്പോള്‍ ഇതില്‍ മുന്‍നിര വാര്‍ത്താ ചാനലുകളും വാര്‍ത്താ ഏജന്‍സികളും തയാറാക്കിയ ന്യൂസ് ഫീച്ചര്‍ വീഡിയോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. സാധാരണഗതിയില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന വാര്‍ത്താ വീഡിയോകള്‍ ഇതിലൂടെ കാണാനാവും.ഏറ്റവും ജനപ്രിയം എന്നതിനു പകരം പ്രഫഷണല്‍ പത്രപ്രവര്‍ത്തകര്‍ തെരഞ്ഞെടുക്കുന്നവയാണ് ഇതിലെ വീഡിയോകള്‍. ന്യൂസ് സ്‌റ്റോറികളോ പ്രതിദിന വാര്‍ത്തകളോ അല്ല, ന്യൂസ് ഫീച്ചറുകളാണ് ഇതിലെ വീഡിയോകളിലൂടെ കാണാനാവുക. ഡോക്യുമെന്ററികളും വീഡിയോ/ഓഡിയോ സ്ലൈഡ് ഷോകളും സൈറ്റില്‍ കാണാം. അമേരിക്കയിലെ പ്രമുഖരായ ആറു പത്രപ്രവര്‍ത്തകരാണ് സൈറ്റിനു നേതൃത്വം കൊടുക്കുന്നത്.ഉള്ളടക്കം എളുപ്പത്തില്‍ കണ്ടെത്താവുന്ന സംവിധാനമാണ് ഇതില്‍. ചാനലുകളുടെയോ വിഷയങ്ങളുടെയോ അടിസ്ഥാനത്തില്‍ വീഡിയോകള്‍ കണ്ടെത്താം. വിഷ്വല്‍ ജേണലിസം സംബന്ധിച്ച ചിന്തകള്‍, ലേഖനങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവയടങ്ങിയ ബ്ലോഗും സൈറ്റിലുണ്ട്.